Monday, October 31, 2011

ശൈത്യം


ഈ വഴി ചെന്നവസാനിയ്ക്കുന്ന മുക്കിലുള്ള പള്ളിയുടെ
മാനത്തേയ്ക്കുയർന്നു നിൽക്കുന്ന മിനാറുകളുടെ
അപ്പുറത്തുനിന്നും
ഇന്നത്തെ ശക്തി ക്ഷയിച്ച വേനലിന്റെ പ്രഭാതം
എന്റെ തൊണ്ടയെ കീറിമുറിച്ചുകൊണ്ട്
ശൈത്യത്തിലേയ്ക്കു കടന്നുപോകുകയായിരുന്നു...

പോകുന്ന വഴിയ്ക്ക്
എന്റെ കുഞ്ഞുങ്ങളെ തഴുകാൻ
പ്രഭാതത്തിന്നയച്ചു കൊടുത്ത
കുളിർമയുള്ള കാറ്റ്
എന്റെ ശബ്ദം കട്ടെടുത്തു കടന്നുകളഞ്ഞു.

പള്ളിയ്ക്കു നേരെ മുൻപിലുള്ള
പച്ച വിരിച്ച ഉദ്യാനത്തിൽ പരക്കുന്ന പൊൻവെയിലിനപ്പുറം
മോഷ്ടാവിനെ ഒളിപ്പിച്ചുവെച്ച്
വിളികേൾക്കാതെ മറഞ്ഞുനിന്നിരുന്ന
ശൈത്യത്തിന്റെ മടിയിൽ,
തിരികെ വരാൻ മടിച്ച്
എന്റെ ശബ്ദം വിണ്ടുകീറി
ഉറഞ്ഞുകൂടി കിടന്നു.


എന്റെ മൌനം നിറയ്ക്കാൻ
വിരുന്നു വന്നിരുന്ന പ്രഭാതയീണങ്ങൾ
ഓരോന്നായി
ശബ്ദമില്ലാതെ മടങ്ങിപ്പോയി...

ഒന്നു നോക്കി, ധൃതിയിൽ മടങ്ങി
നാലു ചുവരുകൾക്കുള്ളിലെ ശൈത്യത്തിൽ
ഞാനും നിശ്ശബ്ദം
ഉറഞ്ഞുകൂടി



Thursday, October 13, 2011

എന്റെ പ്രണയം


ചിലപ്പോളെനിയ്ക്കു
പ്രണയത്തോടു വല്ലാത്തൊരു പ്രണയമാണ്.

പലപ്പോഴും എന്നിലുള്ള പ്രണയം
വിട്ട ഭാഗം പൂരിപ്പിയ്ക്കപ്പെടാതെ പോകുന്ന
അപൂർണ്ണവാചകങ്ങളായി മാഞ്ഞുപോകുകയാണു പതിവ്.

പ്രണയിയ്ക്കാത്തവരായാരുണ്ടെന്ന ചോദ്യത്തോടെന്നും എനിയ്ക്കു
ഒരു സംശയം കലർന്ന അദ്ഭുതമായിരുന്നു. ഒരു യഥാർത്ഥ പ്രണയം എങ്ങനെയാവും?

പക്ഷെ ഞാനും പ്രണയിയ്ക്കുന്നുണ്ടെന്നുള്ളത് ഉറപ്പ്.
നിറഞ്ഞുകത്തുന്ന ഒരു ചിരാതിൽ നിന്നും എണ്ണ ഇറ്റുവീഴും പോലെ
ചിലപ്പോൾ എന്റെ പ്രണയച്ചിരാതിൽ നിന്നും സ്നേഹം ഇറ്റുവീഴാറുണ്ട്.

ചിലപ്പോൾ നിസ്സംഗയായി നിൽക്കുന്ന ഒരു മുൾച്ചെടിയുടെ പ്രണയം പോലെ ഞാൻ പ്രണയിയ്ക്കാറുണ്ട്.
മറ്റു ചിലപ്പോൾ ശാഖകൾ തലങ്ങും വിലങ്ങും പടർത്തി, വെയിലത്തും മഴയത്തും ഒരുപോലെ ദൃഢനിശ്ചയത്തോടെ കാത്തുനിൽക്കുന്ന ഒരു വടവൃക്ഷം പോലെ...

ചില നേരത്ത്, ഒരു കാമുകൻ സ്വകാര്യമായി കാമുകിയുടെ മൂർദ്ധാവിൽ അടക്കിപ്പിടിച്ചു ചുംബിയ്ക്കുമ്പോൾ
തോന്നാവുന്ന, പലരും കൂക്കിയാർത്തുവിളിയ്ക്കാറുള്ള പുറമേയ്ക്കു “പൈങ്കിളി” എന്ന വിളിപ്പേരിലറിയപ്പെടുന്ന പ്രണയം പോലെ.

അതുമല്ലെങ്കിൽ കഥകളിലും, സിനിമകളിലും കാണാറുള്ള വിരഹിണികളായ നായികമാർക്കുണ്ടാകുന്ന
വീർപ്പുമുട്ടൽ പോലെ...

നിങ്ങൾക്കറിയാമോ? ഇന്നലെ ഞാൻ കുറേ ചിത്രങ്ങളെയാണു പ്രണയിച്ചത്.
അതിലെ നിറക്കൂട്ടുകളും, മുഖങ്ങളും എന്റെ കണ്ണുകളെയല്ല, എന്റെ ഹൃദയത്തെയാണാകർഷിച്ചത്.
അതിൽ നിന്നും പ്രവഹിച്ചിരുന്ന വൈകാരികതലങ്ങൾ എന്റെ മനസ്സിന്റെ കോണുകളിലേയ്ക്കാണ് പടർന്നുപന്തലിച്ചത്. എന്റെ വിരൽത്തുമ്പുകളെ അവ നിശ്ശബ്ദമാക്കിക്കളഞ്ഞു.

ഇന്നു ഞാനെന്നിൽ നിന്നും പുറത്തു ചാടുന്ന ഈ അക്ഷരങ്ങളെ പ്രണയിയ്ക്കുന്നു. അക്ഷരങ്ങൾ ചേർന്നുണ്ടാകുന്ന വാക്കുകളെന്നെയാണോ, എന്നിലെ കല്ലും മണ്ണും നിറഞ്ഞ ഊടുവഴികൾ ആ വാക്കുകളെയാണോ തേടിപ്പിടിച്ചു പ്രണയിയ്ക്കുന്നതെന്ന് എനിയ്ക്കു തീർത്തുപറയാനാവില്ല.

നാളെ ഒരുപക്ഷേ ഞാനീ വീട്ടിലെ ഏകാന്തതകളെ പ്രണയിയ്ക്കുമായിരിയ്ക്കും. ഏകാന്തതകളെന്നെയും!

നേരെചൊവ്വെ പറഞ്ഞു ഫലിപ്പിയ്ക്കാനാവാത്ത ഒരുനൂറ് പ്രണയകലഹങ്ങളുടെ പ്രിയപ്പെട്ട പ്രണയിനിയാവുന്നു ഞാൻ.

- അതെ. ഞാനും പ്രണയത്തിലാണ്...




Tuesday, July 05, 2011

പുഴയും ആകാശവും


കൊട്ടിയടഞ്ഞുപോയ കിളിവാതിലുകളൊക്കെ ഒരുനാൾ മലർക്കെ തുറക്കപ്പെട്ടു.

ആകാശം പതുക്കെ കയറി വന്നു
ജനാലയിലൂടൂറി വരുന്നൊരീണം പോലെ.
പുഴകൾ ഇരമ്പി വന്നു
അകലെ ഇരമ്പിയടുക്കുന്നൊരു തീവണ്ടി പോലെ.

അടിത്തട്ടിലടിഞ്ഞുകൂടി കിടന്ന വാക്കുകളിൽ
വെളിച്ചം ചിതറി വീണു.
ഭാരമേറിയവ ഭാരമൊട്ടുമില്ലാതെ പൊന്തി വന്നു.
മൂർച്ചകൂടിയവ മിനുസപ്പെട്ടു.
ചിലത് ഒലിച്ചുപോയി.

മേഘങ്ങളും പുഴയിലെ കല്ലുകളും
കഥകൾ ചുരത്തി. ചാ‍യക്കൂട്ടുകളിൽ കലക്കി മറിച്ചു.

വഴി തെറ്റാതൊഴുകുന്ന പുഴയുടേയും
തൊടാൻ തരാതെ നീലിച്ചു കിടക്കുന്നൊരാകാശത്തിന്റേയും
നടുക്ക്
വാക്കുകൾ കൌതുകത്തോടെ നോക്കിനിന്നു
-
പുഴകൾ ഒഴുകുന്നു, ആകാശം അതിശയിച്ചു നിൽക്കുന്നു!



Tuesday, June 28, 2011

സംഗീതം

ശ്വസിച്ചുച്ഛ്വസിച്ച് ശ്വാസം ശ്രുതി ചേരുമ്പോൾ
സ്വപ്നം കണ്ടെടുക്കുന്നൊരു കവിതയായ്
പുലരിയുടെ ഗീതത്തിലേയ്ക്കു
ഉണർന്നെണീയ്ക്കുന്ന
ഉറക്കം



Wednesday, June 22, 2011

നടത്തം

പ്രകാശപൂരിതങ്ങളായ തെരുവു വിളക്കുകളുടെ ചുവട്ടിൽ ശാന്തമായുറങ്ങുന്ന നഗരം.
ഉണർത്താതെ ഞാൻ നടന്നു.

രാവിന്റെ ഉള്ളിൽ നിന്നും
ഇന്നത്തെ കൊച്ചുപ്രഭാതവും പൊടുന്നനെ
എന്റെ കൈകളിലേയ്ക്കു പെറ്റുവീണു.

ഞാൻ കണ്ടുനിൽക്കേ
എന്റെ കൈകളിൽ കിടന്നത് തുരുതുരാ വളർന്നു.
എന്റെ കൈകളിലൊതുങ്ങാതെ അതിന്റെ പ്രകാശമെമ്പാടും പരന്നു.
അത് വെയിലിന്റെ ചൂടിനോടു ചേരുന്നതും നോക്കി ഞാൻ നിന്നു,
ഒരു നിഴൽ പറ്റി.

എന്റെ ഒഴിഞ്ഞ കൈകളിൽ വിയർപ്പു പൊടിഞ്ഞിരുന്നു.

Friday, June 03, 2011

ഒരുച്ചമയക്കം

എങ്ങു നിന്നോ വന്നൊരു ചെറുമയക്കം
എപ്പൊഴോ എന്നേയും കൊണ്ടങ്ങു കടന്നുകളഞ്ഞു.

എന്റെ ചലനമറ്റു
വെളിച്ചം പാതിവഴിയിൽ മാഞ്ഞുപോയി.
മറവികളുണർന്നു പൊങ്ങി
ഉയരത്തിലേയ്ക്കങ്ങ് പറന്നുയർന്നു.

ഇനിയൊരു തിരിച്ചുവരവില്ലെന്നോണം
പറന്നു പറന്നങ്ങനെ....
വായുവിൽ തങ്ങിനിന്ന്...
ശ്വാസമടക്കിപ്പിടിച്ച്... പിടി വിട്ട്... തെന്നി തെന്നി...
ഒരു നിമിഷത്തിന്റെ അറ്റത്ത്...

പക്ഷേ,

സാവധാനം താണുപൊങ്ങുന്ന എന്റെ നെഞ്ചിൻ‌കൂടിനുള്ളിൽ
ഉണ്ടായിരുന്നിരിയ്ക്കണം,
ബാക്കിവന്ന
എന്നിലെ ഭദ്രമായ ജീവന്റെ തുടിപ്പുകൾ!
-
വെളിച്ചത്തിന്റെ ഒരു കീറ് വീണ്ടുമാരോ
മറക്കാതെ കണ്ണിലേയ്ക്കെറിഞ്ഞുതന്നിരിയ്ക്കുന്നു!

Friday, May 20, 2011

ജീവിതം നെയ്തെടുക്കപ്പെടുന്നത്
ദിവസങ്ങൾ കൊണ്ടാണോ?
സ്നേഹം കൊണ്ടാണോ?
ഓർമ്മകൾ കൊണ്ടാണോ?

അതോ മരണം കൊണ്ടോ?!

ഓർമ്മകളുടെ കൂടുകളിലേയ്ക്കു തള്ളിവിടാൻ ഇനിയും കഴിഞ്ഞിട്ടില്ലാത്ത ഞങ്ങളുടെ ചെറിയ അമ്മായി ഞങ്ങളെ വിട്ടുപിരിഞ്ഞ് ഒരു വർഷം തികയ്ക്കുന്ന ഈ മെയ് 20-നെ കണ്ണുനീരിൽ കുതിർത്തെടുക്കട്ടെ!
-
അവന്റെ ദുഃഖം! 


Monday, May 16, 2011

ചൂട്


പൊള്ളുന്ന ചൂടത്ത്, ചൂടുള്ള കാറ്റത്ത്
വറ്റിയുണങ്ങുന്ന ഓർമ്മകൾ.
വരണ്ടുണങ്ങി
വിണ്ടുകീറുന്ന ഒരു ഹൃദയം.

അതിൽ
ചുട്ടു നീറുന്ന വേദന.
അതിന്റെ
ഉള്ളു തുളയ്ക്കുന്ന പിടച്ചിൽ.

ആ പിടച്ചിലിൽ
വറ്റാത്ത കിണർ പോലെ
നിറഞ്ഞുകൊണ്ടിരിയ്ക്കുന്ന
ചുടുനീരിന്റെ ചൂടിൽ
മെഴുകുപോലുരുകിയൊലിയ്ക്കുന്ന
കനലു പോലുള്ള രണ്ടു കണ്ണുകൾ!



Monday, May 02, 2011

മുറ്റം



നനഞ്ഞ മിറ്റത്ത് വെയിലു പൂക്കുന്ന മണം
വെയിലിന്റെ ചൂടിനു പൂ പരത്തുന്ന മണം

Tuesday, April 26, 2011

വലകൾ

പൂത്തു തുടങ്ങുന്ന മരത്തിൽ നിന്നും തൂങ്ങുന്ന
വെള്ളിനൂലുകൾ കൊണ്ടു നെയ്തെടുക്കുന്ന
ഉടമസ്ഥനില്ലാത്ത വലകൾ

വെയിലത്തു തിളങ്ങുന്ന നേർത്ത വെള്ളിനൂലുകൾ
വെള്ളിവട്ടങ്ങൾക്കുള്ളിൽ തൂങ്ങുന്ന ചുകന്ന പുഴുക്കൾ
വലകൾ ശരീരത്തെ പൊതിയുമ്പോൾ തൊലിപ്പുറത്ത് വല്ലാത്ത പശപശപ്പ്
പൂവിന്റെ കുത്തുന്ന മണം

ഒരു മുറ്റം മുഴുവൻ ഇറങ്ങിയിറങ്ങി വരുന്ന വലകൾ

Wednesday, April 13, 2011

ഒഴുക്ക്


കലപില കൂട്ടുന്ന രണ്ടു കൊച്ചു സന്തോഷങ്ങൾക്കു നടുവിൽ,
രണ്ടു സീറ്റുകൾ കൂടിച്ചേരുന്ന യോജിപ്പിൽ
തണുപ്പ് ഇരച്ചു കയറുന്ന ഇരുത്തം.

കറുത്ത ജനാലച്ചില്ലിലൂടെ
വെയിലു തട്ടാത്ത കാഴ്ചകൾ
പിന്നോട്ടൊഴുകിക്കൊണ്ടേയിരുന്നു...
നിശ്ശബ്ദം.



 


ചിത്രത്തിനു കടപ്പാട് 
http://www.bfg-global.com/portal/top10/english/news_images/2010-08-153586424420_f33544afc8.jpg 



Wednesday, April 06, 2011


ഒരു ഉണർവ്വിന്റെ അറ്റത്ത് നിന്നും
ഒരു സ്വപ്നത്തിന്റെ തുമ്പിലേയ്ക്ക്
ഉറക്കം
തൂങ്ങി നിൽക്കുന്നു

Thursday, March 31, 2011

തുടക്കം

പുഴു തിന്നുതീർക്കുന്ന ഇലകളിൽ
മൂർച്ചയെത്താത്ത ഇളം മുള്ളുകളുടെ കൂർപ്പിൽ
വിടരാറായ ഇതളുകൾക്കുള്ളിൽ
മഞ്ഞുതുള്ളികളായി തുടങ്ങുന്നുണ്ട്
എന്നും ഒരു ലോകം

Wednesday, March 30, 2011

ജനാലയിലൂ‍ടെ

അങ്ങു മേലേ വിരിച്ചിട്ടിരിയ്ക്കുന്ന നീല പരവതാനിയിൽ
നിറയേ ഇലകളും കൊമ്പുകളും കുത്തിവരച്ചിട്ടിരിയ്ക്കുന്നു









അല്ല
ഒരു കാറ്റിൽ പറന്നു വീഴാറായി നിൽക്കുന്നു...




Sunday, March 27, 2011

കയർ


ഏണിപ്പടികൾക്കിടയിലൂടെ ചുറ്റിപ്പിണഞ്ഞ്
അറ്റം ഒരു തല കടക്കാൻ പാകത്തിൽ വലയമാക്കി
നിലം തൊടാതെ ആടിക്കളിയ്ക്കുന്നുണ്ട്...
വലിച്ചുമുറുക്കപ്പെടാവുന്ന ഒരു കയർ.

ഒരു മുഴം
ചുകന്ന കയർ!

Sunday, March 13, 2011

ട്രാഫിക്


തുടർന്നോളാൻ അനുവാദം നൽകുന്ന പച്ചയ്ക്കും
നിർത്തൂ! എന്നാജ്ഞാപിയ്ക്കുന്ന ചുകപ്പിനും
ഇടയിൽ ഉതിരുന്ന
ഒഴുക്കിന്റെ മഞ്ഞനിശ്വാസങ്ങൾ...

Thursday, March 10, 2011

ഒരു ശ്വാസം...

ഉരുവംകൊണ്ടപാടെ ചത്തൊടുങ്ങിക്കൊണ്ടിരിയ്ക്കുന്ന ചിന്തകളുടെ
ഇല്ലാത്ത വലയങ്ങളിൽ കുരുങ്ങി
എന്റെ ശ്വാസം നിലച്ചുപോയ്!


Sunday, March 06, 2011

ചെവി കേൾക്കുന്നത്


1
മുറുക്ക് കടിയ്ക്കുന്ന കറുമുറ ശബ്ദം
മിഠായിയെ അലിയിപ്പിയ്ക്കുമ്പോൾ നാവുതട്ടുന്ന ശബ്ദം
എന്റെ ചെവി അതസഹനീയതയോടെ കാർന്നു തിന്നുന്നു.

2
പൊടി ഉയർത്തി അടിയ്ക്കുന്ന തണുത്ത കാറ്റ്.
എന്റെ മറച്ചുവെയ്ക്കാത്ത ചെവിയിലൂടെ
ചോദിയ്ക്കാതെ കടന്ന്
തൊണ്ടയെ തൊട്ട്, പൊടി നിറച്ച്
അതിന്റെ തണുപ്പ്
മറുചെവിയിലൂടെ അരികുതട്ടി കടന്നുപോകുന്നു.
ചോദിയ്ക്കാതെ...

(തൊപ്പിയിടാതെ ചിരിച്ചുകൊണ്ടെന്റെ മകൾ
കാറ്റിന്റെ തണുപ്പിലേയ്ക്ക്
എന്റെ വിരലിന്റെ പിടിവിട്ടോടുന്നു... )


3
പാടാതെ സൂക്ഷിച്ചുവെച്ച ഒരു പാട്ടിന്റെ ശകലം
ആരുടേയോ ശബ്ദത്തിൽ
എന്റെ ചെവിയിലൂടെ അക്ഷരങ്ങളില്ലാതെ പുറത്തുവരുന്നു...


വാൽകഷ്ണം-
പാടാതെ എടുത്തുവെച്ചിരുന്ന എന്റെ ശബ്ദം
കളഞ്ഞുകിട്ടിയ വരികളുമായി
എന്റെ ചെവിയിൽ തിരിച്ചെത്തുന്നു...

:) 



Wednesday, March 02, 2011

(നി)ശബ്ദം


കാഴ്ചകൾ അടർന്നുവന്നു.
ശബ്ദങ്ങൾ കൂമ്പി നിന്നു.
നിമിഷങ്ങളുരുകിയുറഞ്ഞു.
അക്ഷരങ്ങൾ കൊഴിഞ്ഞുവീണു!



Tuesday, March 01, 2011

പോക്ക്

തുറന്നുവച്ച വലിയൊരു കുങ്കുമചെപ്പിലേയ്ക്കു പകലിന്റെ വെളിച്ചം മെല്ലെ ചാഞ്ഞു വീണു.
കുങ്കുമത്തിന്റെ നിറമാകെ പരന്നു.



Sunday, February 27, 2011

നുറുങ്ങ്


മഞ്ഞിന്റെ പുതപ്പിൽ നിന്നും വേഗത്തിലുണർത്തി മറഞ്ഞുപോകുന്ന രാവിന്റെ മടിയിലേയ്ക്കു മെല്ലെ മെല്ലെ വീണ്ടുമുറക്കി കിടത്തുന്ന പ്രഭാതം...


Thursday, February 24, 2011

ബാക്കിപത്രങ്ങൾ

ഭാരം താങ്ങിത്താങ്ങി അടി തേഞ്ഞു പോകുന്ന ഒരു വാക്കർ,
കാ‍ലം അടിച്ചേൽ‌പ്പിച്ച മുതുവിന്റെ കൂനൽ,
ആരോ എപ്പൊഴോ സമ്മാനിച്ച, തോളോളം എത്തുന്ന രണ്ടു സ്വർണ്ണ വളകൾ,
വെളുത്ത മുടിനാരുകളുടെ ഇടയിൽ മാറാല പിടിച്ച കുറേ ഓർമ്മക്കെട്ടുകൾ,
തുടങ്ങിയതിലേയ്ക്കു തന്നെ വീണ്ടും തിരിച്ചെത്തിക്കൊണ്ടിരിയ്ക്കുന്ന കുറേ നാമങ്ങൾ,

എപ്പോഴും ചിരിയ്ക്കാൻ പുറപ്പെട്ടുനിൽക്കുന്ന ഒളി മങ്ങിയ ഒരു മുഖവും,
ആരേയും ആകർഷിച്ചെടുക്കാൻ വെമ്പുന്ന ഭാവവും,
ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടതെന്ന ഭാവമേയില്ലാത്ത അതിലെ കണ്ണുകളും.

പിന്നെ പത്തുപന്ത്രണ്ടു കുഞ്ഞുവായകളിലേയ്ക്ക് തിരുകി,
ചുരത്തി മതിവരാതെ
ഇറക്കം പോരാത്ത ജാക്കറ്റിൽ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന
ആർക്കും വേണ്ടാത്ത
രണ്ടു വലിയ ഭാരങ്ങൾ ബാക്കിയും!



Tuesday, February 22, 2011

ഒരു നിമിഷം...

അതാ ഒരു ജെറ്റ് അലറിവിളിച്ച്
മാനത്തെ കുത്തിക്കീറി മുകളിലേയ്ക്ക് കുതിച്ചുപായുന്നു!
മാനം വന്നുവീണ്
ഇളകികളിയ്ക്കുന്ന ഇലകൾക്കിടയിൽ
നീലക്കഷ്ണങ്ങളായി സസൂക്ഷ്മം
അടുക്കിവെയ്ക്കപ്പെട്ടിരിയ്ക്കുകയായിരുന്നു,
വെറും ഒരു ജനാലയ്ക്കപ്പുറം!



Sunday, February 20, 2011

മടുപ്പ്

എന്നും ഒരേപോലെ കാണുന്ന ഒരേ നിലം.
തലങ്ങും വിലങ്ങും
ചവിട്ടുകൊണ്ടു കിടക്കുന്ന മുഷിഞ്ഞ നിലം.
അതിൽ ചിന്നിച്ചിതറി കിടക്കുന്ന മൊസൈക്കിന്റെ കല്ലുകൾ.
പോരാതെ തുറന്നുവെച്ച പുസ്തകങ്ങളും, കൂട്ടാന്റെ കറയും, കടലാസുകഷ്ണങ്ങളും
പിന്നെ പൊടിയും
കണ്ണിനുകാണാത്ത ചെരുപ്പിലെ മണ്ണും.

എന്നും കാണുന്ന ഒരേ നിലം.

Saturday, February 19, 2011

ഓർമ്മകൾ

അശ്രദ്ധയോടെ അടർത്തിയെടുത്ത നിമിഷങ്ങളെ
ഒന്നിച്ചുചേർക്കുമ്പോൾ
താളുകളിൽ നിന്നും താളുകളിലേയ്ക്കു
പിടിവിട്ടുപോകുന്ന ഒരായിരം ചിത്രങ്ങൾ.

Monday, February 14, 2011

ശിശിരം



പൊഴിയ്ക്കുകയാണ്‌
ഞാനെന്റെയീ മുഴുവൻ ഇലച്ചാർത്തുകളെ.

മഞ്ഞിന്റെ പുതപ്പിൽ,
ശീതക്കാറ്റിൽ
നഗ്നയായ്
ഒരുനാൾ വന്നെത്തുമെന്ന്
കാത്തുനില്ക്കാൻ.


അതെ!
പൊഴിയ്ക്കുകയാണീ വഴിയോരങ്ങളിൽ
വസന്തമേ!
നിനക്കുമാത്രമായ്
ഞാനെന്റെയീ മുഴുവൻ നിറങ്ങളെ!
എന്റെ ജീവന്റെ ജീവനുകളെ...

Note
ചിത്രങ്ങൾക്കു കടപ്പാട് - എന്റെ സഹോദരന്‌.

Sunday, January 16, 2011

ഒരു ജനാലച്ചിത്രം!

കട്ടിലിനോടു ചേർന്ന ജനാലയിലൂടെ അകത്തേയ്ക്കു പരക്കുന്ന സ്വർണ്ണവെളിച്ചത്തിൽ അവളപ്പോഴും തുണ്ടു കടലാസുകളിൽ നിറയേ ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നു.
തോളറ്റം കിടക്കുന്ന, എണ്ണ തൊടാത്ത ചെമ്പൻ മുടിയുമായി വെളുത്ത ഷെമ്മീസിട്ട് വളകളില്ലാത്ത ഒഴിഞ്ഞ കൈകൾ കൊണ്ട് അവൾ കുന്നും പുഴയും മലയും പൂക്കളും മഴവില്ലും പൂമ്പാറ്റകളും ഒക്കെ വരയ്ക്കും. തോന്നുന്നതെല്ലാം വരയ്ക്കും. അതിനൊക്കെ തോന്നുന്ന നിറങ്ങൾ കൊടുക്കും.

എന്നിട്ട് വെയിൽ മങ്ങിയാൽ അവൾ ജനാലയിലൂടെ പുറത്തേയ്ക്കു നോക്കും. ജനാലക്കമ്പി കടിച്ചുപിടിയ്ക്കും. മാലയിടാത്ത കഴുത്തു പൊക്കി മുകളിലേയ്ക്കു നോക്കും. കമ്പിച്ചതുരങ്ങളിലൂടെ വെള്ളനിറമുള്ള ആകാശത്ത് കറുത്ത മേഘച്ചീന്തുകൾ നീങ്ങുന്നത് നോക്കിയിരിയ്ക്കും. പിന്നെ ചിറകു വീശാതെ വട്ടമിട്ടു പറക്കുന്ന പരുന്തിനെ നോക്കും. അവൾ ചെറുവിരൽ കടിച്ചുകൊണ്ടിരിയ്ക്കും.

പിന്നെ കട്ടിലിൽ നീലനിറത്തിലുള്ള വലിയ പൂക്കളുള്ള വിരിയിൽ പതുക്കെ കിടക്കും. അവളുടെ മുഖം പനി കൊണ്ട് തുടുത്തിരിയ്ക്കും. കണ്ണുകൾ വാടിയിരിയ്ക്കും. ഹൃദയമിടിപ്പ് വർദ്ധിച്ചിരിയ്ക്കും.

എന്നാലും കമിഴ്ന്നു കിടന്ന്, തല ചായ്ച് പിന്നെയും അവൾ വരയ്ക്കും.
വരയ്ക്കുന്ന ചിത്രം ഏന്തിവലിഞ്ഞ് ജനാലക്കമ്പിയിലൂടെ പുറത്തേയ്ക്കു കാണിയ്ക്കും. ചിത്രങ്ങളോരോന്നായി കടലാസിൽ നിന്നും പറന്ന്, മിറ്റം മുഴുവൻ കുന്നും മലയും പൂക്കളും പുഴയും മഴവില്ലും നിറയും. അവയെല്ലാം അവൾക്കു മാത്രമുള്ള ഭാഷയിലവളോട് വർത്തമാനം പറയും. അവൾ ചിരിയ്ക്കും.

അവർക്കേ അവളുടെ ഭാഷ അറിയൂ... അവൾക്കേ അവർ പറയുന്നതു മനസ്സിലാവൂ...
അവരുടെ ശബ്ദം മാത്രമേ അവൾക്കു കേൾക്കാനാവൂ...


വീണ്ടും അവളുടെ മുഖം പനി കൊണ്ട് തുടുക്കും. കണ്ണുകൾ വാടും.

എന്നാലും പിന്നേയുമവൾ വരയ്ക്കും ചിത്രം. കോലു പോലുള്ള രണ്ടു കയ്യും, രണ്ടു കാലും, വട്ടത്തിലൊരു തലയും. ഒന്ന് മീശ വെച്ച് ഉയരത്തിൽ, പിന്നൊന്ന് പുള്ളികളുള്ള സാരി ചുറ്റി, അതിനടുത്ത് ഇനിയൊന്ന് പകുതി ഉയരത്തിൽ ബർമൂഡയും ടീഷർട്ടുമിട്ട് കുറ്റിമുടിയിൽ, അതിനു തൊട്ടടുത്ത് കൈപിടിച്ചുകൊണ്ട് സ്കേർട്ടിട്ട് രണ്ടു ഭാഗത്തും പോണിടെയിൽ കെട്ടി ഏറ്റവും ചെറുത്...
ആ ചിത്രമവൾ നിറങ്ങളിൽ മുക്കി തലയിണയ്ക്കടിയിൽ എടുത്തുവെയ്ക്കും.

രാത്രിയായാൽ അവൾക്കിഷ്ടം കിടന്നുകൊണ്ട് ജനാലക്കമ്പികൾക്കിടയിലൂടെ ആകാശത്തിലുള്ളത്രയും നക്ഷത്രങ്ങളെ എണ്ണിനോക്കാനാണ്‌.
അവൾക്കു ശരിയ്ക്കും എണ്ണാനറിയുമോ ആവോ... എന്നാലും എണ്ണും, എന്നിട്ട് പനി കൊണ്ട് കണ്ണുനീരൊലിയ്ക്കും.

അവസാനം എണ്ണിയെണ്ണി തീരാതെ അവളറിയാതെ അവളുടെ കണ്ണുകൾക്കു പനിയുടെ ക്ഷീണം താങ്ങാനാവാതെ പതുക്കെ പതുക്കെ, തോളറ്റം മുടിയുള്ള തല കിടക്കയിലേയ്ക്കു ചാഞ്ഞുവീഴും.

അപ്പോൾ നിലാവത്ത് അവൾ വരച്ച ചിത്രങ്ങളൊക്കെ ഉണർന്നു വന്ന് അവൾക്കു താരാട്ടുപാടി കൊടുക്കും. അവർക്കേ അവൾ കേൾക്കുന്ന ശബ്ദമുണ്ടാക്കാനറിയൂ. അവൾക്കേ അവരുടെ ശബ്ദം കേൾക്കാനാവൂ.
പിന്നെ ആകാശത്തു നിന്നും ചന്ദ്രനും, നക്ഷത്രങ്ങളായ നക്ഷത്രങ്ങളൊക്കെയും ഇറങ്ങി വന്ന് ജനാലവാതിലിന്റെ ചില്ലിൽ ഒരു ചെറിയ ആകാശമുണ്ടാക്കും. ജനാലയുടെ കമ്പികളിൽ നിലാവിന്റെ തണുപ്പു തട്ടിയ ഈർപ്പം തുള്ളികളായി വീഴാറായി നില്ക്കും.

അവൾ ഉറക്കത്തിലേയ്ക്കു വഴുതി വഴുതി വീഴും. ശ്വാസോച്ഛ്വാസം ഉച്ചത്തിലാവും.
അവളുടെ ഉള്ളിലെ പുറത്തുവരാത്ത ശബ്ദം അവൾ കാണുന്ന ഒരു സ്വപ്നമാവും.
ആ സ്വപ്നത്തിൽ അവളിൽ തുടിയ്ക്കുന്ന ഭാഷ ചിത്രങ്ങളുള്ള വർണ്ണശലഭങ്ങളായി പാറിനടക്കും.
അപ്പോൾ ശബ്ദങ്ങൾ അവളെ കാണും! മൊഴികളവളെ കേൾക്കും!

അപ്പോഴേയ്ക്കും കൊച്ചു മുടിയിഴകൾ തുടുക്കുന്ന മുഖത്തേയ്ക്കു പാറിവീണിട്ടുണ്ടാകും.
അവളുടെ ഷെമ്മീസ് മുട്ടിനുമീതെ കേറി, നീലനിറത്തിലുള്ള വലിയ പൂക്കളുള്ള വിരിയിൽ, അവളുടെ തണുത്തുപോയ കാലുകൾ നീണ്ടുകിടക്കുന്നുണ്ടാകും, പുതയ്ക്കാതെ.
കിടക്ക നിറച്ചും തുണ്ടുകടലാസുകൾ പല നിറങ്ങളിൽ ചിതറിയിരിയ്ക്കും.

ആ നേരത്ത് ആ തണുത്ത ജനാലക്കമ്പികൾക്കിടയിലൂടെ അകത്തേയ്ക്കു നോക്കുകയാണെങ്കിൽ കാണാം
അടഞ്ഞുകിടക്കുന്ന കണ്ണുകളിൽ നിന്നും, ജനാലക്കമ്പിയുടെ നിഴൽ പതിയ്ക്കുന്ന കവിളിലേയ്ക്കപ്പോഴും ഒലിയ്ക്കുന്ന, നീലവെളിച്ചത്തിൽ ശബ്ദമില്ലാതെ തിളങ്ങുന്ന നക്ഷത്രമണിമുത്തുകളേ...

പൊള്ളുന്ന പനിയിലും ഉതിരുന്ന നക്ഷത്രമണിമുത്തുകളേ.
ശബ്ദമില്ലാത്ത, ഭാഷയില്ലാത്ത, നീലവെളിച്ചത്തിൽ തിളങ്ങുന്ന പളുങ്കുമണികളേ.
അവളുടെ കണ്ണുനീരിനെ...