Friday, November 27, 2015

എം.എസ് തിരിച്ചറിയപ്പെടുന്നത് .- ടി.എം.കൃഷ്ണയുടെ ലേഖനം.

ഒരു പ്രബന്ധ രചന അല്ല, ( അതായത് താത്വിക അവലോകനം അല്ല എന്നാ പരിഹാസ പ്രയോഗത്തെ മനപൂർവ്വം ഒഴിവാക്കുന്നു, താത്വിക അവലോകനങ്ങളോട് യാതൊരു പുച്ഛവും ഇല്ലാത്തതുകൊണ്ട് :-) ) ന്നാലും തോന്നണ ത്തിരി കാര്യങ്ങൾ എഴുതിയിടാം ന്നൊരു തോന്നലിന്മേൽ എഴുതുന്നൂന്ന് മാത്രം. ടി.എം.കൃഷ്ണയുടെ എം.എസ് സുബ്ബുലക്ഷ്മിയുടെ ജീവിതം, സംഗീതം എന്നിവയെ ആധാരമാക്കിയുള്ള ലേഖനമാണ്. വീണ്ടും, ടി.എം.കെ എന്ന വ്യക്തി എന്നെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തി മാത്രമാണ് , അദ്ദേഹം നടത്തിയ നിരീക്ഷണങ്ങളിൽ മാത്രമാണ് എന്നോടെ ഫോക്കസ്. തപ്പാ നെനച്ക്കാതീങ്ക... :-) പ്രതീക്ഷിക്കാവുന്ന പോലെ തന്നെ, ഇന്നോളം എം.എസിനെ കുറിച്ച് പതുക്കെയും, സ്വകാര്യമായും, എഴുതപ്പെട്ടതും ഒക്കെയായ അവരുടെ കലാജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാര്യങ്ങളെ തന്നെയാണീ ലേഖനത്തിലും വിശദീകരിക്കുന്നത്. എന്താണു നിങ്ങൾ എം.എസ് എന്ന സ്ത്രീയെ കുറിച്ച് പുതുതായി എഴുതിയിരിക്കുന്നത് എന്നൊരു ഫെമിനിസ്റ്റിനു ചോദിക്കാം. അങ്ങേയറ്റം കാസ്റ്റീയസ്റ്റ് ആണെന്ന് വേണമെങ്കിൽ പതിവ് പോലെ, സാമൂഹികമായി ജാതിയെ അഡ്രസ് ചെയ്തു സംസാരിക്കുമ്പോൾ ഒക്കെ 'മുദ്ര' കുത്താറുള്ള പോലെ ഇവിടെയും ചോദിക്കാം, പാരമ്പര്യവാദികൾക്കു കുറച്ചെങ്കിലും ചൊടിച്ചെന്നിരിക്കാം ഇതുവരെ പരഞ്ഞുവെച്ചിട്ടുള്ള കാര്യങ്ങളിൽ നിന്നും വേറിട്ട നിങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും വാദിക്കാം. എന്നാൽ ഇതിൽ നിന്നുമൊക്കെ ഒരു വ്യത്യാസം ഈ ലേഖനത്തിൽ തീർച്ചയായും ഉണ്ട്. ലേഖകൻ തന്നെ ഒരു സംഗീതഞ്ജൻ ആയതുകൊണ്ടും, അതേ സംഗീതലോകത്തിന്റെ അകത്ത് ജനിച്ചു വളർന്നു, അതേ സംഗീതലോകത്ത് തൊഴില്പരമായി പ്രവർത്തിക്കുന്നതു കൊണ്ടും, ഇതിലെ നിരീക്ഷണങ്ങൾക്ക് വളരെയധികം പ്രസക്തി ഉണ്ട് എന്ന് തന്നെ കരുതുന്നു. കർണ്ണാടക സംഗീതലോകത്തെ വിമർശനാത്മകമായി നിരീക്ഷിക്കുക തന്നെയാണ് ലേഖനത്തിന്റെ വഴി. സാധാരണ ആരുമത്ര പറയാത്തതുകൊണ്ട് അതത്ര കേൾക്കാൻ സുഖമുള്ള വഴിയായിരിക്കാൻ സാദ്ധ്യത ഇല്ല. :-) എം.എസിന്റെ സംഗീതത്തെ, ഇതുവരെയുള്ള കർണ്ണാടക സംഗീത ചരിത്രത്തിൽ എവിടെയാണ് നിങ്ങൾ അടയാളപ്പെടുത്തുന്നതെന്ന ഒരു ചോദ്യം ഈ ലേഖനം കർണ്ണാടക സംഗീതലോകത്തോട് ഉയർത്തുന്നുണ്ട് , അതിനെ സാധൂകരിക്കുന്ന വിധത്തിലുള്ള നിരീക്ഷണങ്ങളെ മുഴുവൻ നിരത്തിവെച്ചു കൊണ്ട് തന്നെ. വളരെ പ്രസക്തമായ ഒരു ചോദ്യം തന്നെയാണതെന്ന് സമ്മതിക്കേണ്ടി വരും. ഇത് തന്നെയായിരിക്കണം മേൽ പറഞ്ഞവയ്ക്കെല്ലാമുള്ള ഉത്തരം എന്നും കരുതുന്നു. ആ ചോദ്യത്തിൽ തന്നെയുണ്ട് ഫെമിനിസം! അതുപോലെ ആ ചോദ്യം ഉയർത്തുന്ന വലിയൊരു രാഷ്ട്രീയം ഉണ്ട് - ദേവദാസീ സമ്പ്രദായത്തെ കുറിച്ചു പറയുമ്പോൾ, ലേഖകൻ നിരീക്ഷിക്കുന്ന അതിലെ നോണ്‍ - പാട്രിയാർക്കൽ ആയ, യാഥാസ്ഥിതികമല്ലാത്ത ജനാധിപത്യ പ്രവണതകളെ എടുത്തു പറയുന്നുണ്ട്, "അതുപോലെ ദേവദാസീഗൃഹങ്ങൾ പരിപോഷിപ്പിച്ച സംഗീതസൗന്ദര്യരസങ്ങളുടെ വിഭിന്നങ്ങളായ ആശയങ്ങളെ നാമിപ്പോൾ വിസ്മരിച്ച പോലെയാണ്, പക്ഷേ ആദ്യകാല എം.എസ് ഈ യാഥാർത്ഥ്ത്തെ ഓർമ്മപ്പെടുത്തുന്നു" എന്നും നിരീക്ഷിക്കുമ്പോൾ അതുയര്ത്തുന്ന രാഷ്ട്രീയം വലുതാണ്‌. ദേവദാസീ കുലജാതരായ കലാകാരീകലാകാർന്മാരുടെ കൂസലില്ലായ്മയും, (എം.എസിന്റെ ആദ്യകാല സംഗീതത്തെ പുരോഗമനവാദിയായ, സ്ത്രീവിമോചനവാദിയായ ഒരു യുവസംഗീതഞ്ജ എന്നാ തോന്നലുണ്ടാക്കും എന്ന് ലേഖകന നിരീക്ഷിക്കുന്നിടത്ത് ) ചൂഷ്ണങ്ങളിൽ നിന്നും സ്വയം സംരക്ഷിക്കാനെന്ന വണ്ണം അവർക്കുണ്ടാക്കിയെടുക്കുന്ന മനോധൈര്യവും, ആത്മവിശ്വാസവും ലേഖകന എടുത്തു പരയുന്നുണ്ട്. അത്തരമൊരു അന്തരീക്ഷത്തിൽ നിന്നും ചെന്നൈയിലേയ്ക്ക് എത്തിച്ചേർന്ന എം.എസ്, (ഇവിടെ എം.എസിന്റെ ആ തീരുമാനം എടുത്തതിനു പിന്നിലുള്ള മനോധൈര്യത്തെ പറ്റി പ്രത്യേകം പരയുന്നുണ്ട്.) ടി.സദാശിവവുമായുള്ള വിവാഹശേഷം രണ്ടു പേരുടെ ജീവിതഗതിയും മാറ്റിമറിച്ച ചെന്നൈ മൈലാപൂരിലെ പാറ്റ്രിയാർക്കൽ സമൂഹം, അത് പിന്നീടങ്ങോട്ട് എം.എസിന്റെ ജീവിതത്തെ, സംഗീതത്തെ മാറ്റിമറിച്ചിട്ടുള്ളത്, ആദ്യകാല എം.എസിന്റെ, "ദേവദാസീഗൃഹങ്ങൾ പരിപോഷിപ്പിച്ച സംഗീതസൗന്ദര്യരസങ്ങളുടെ വിഭിന്നങ്ങളായ ആശയങ്ങൾ" ഓർമ്മപ്പെടുത്തിയിരുന്ന സംഗീതത്തിൽ നിന്നും, പിന്നീട് അവർ വസ്ത്രം മുതൽ അവരുടെ വ്യക്തിപരമായ പ്രസന്റേഷൻ അടക്കം സംഗീതം വരെ, ശുദ്ധിയുടേയും, ഭക്തിയുടേയും നിർവ്വചനം എന്നപോലെ ഒരു മാതൃകാ ബ്രാഹ്മണ കുടുംബിനി യായി മാറിയത്, ഒരേ സമയം സിനിമാഭിനയവും, എല്ലാം തികഞ്ഞ ശുദ്ധിയോടു കൂടിയ, കുലീനയായ ബ്രാഹ്മണവനിത എന്ന രണ്ടു ഐഡന്റിറ്റിയും നിലനിർത്താനാവുന്ന ഒന്നാല്ലാത്ത്തത് കൊണ്ട് അഭിനയം ആദ്യം നിർത്തിച്ചത്, തീർത്തും സ്വതന്ത്രമായി സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു സംഗീതധാര ഒരു കല്ലറയ്ക്കുള്ളിൽ ഒതുങ്ങിപ്പോകേണ്ടി വന്നത് - ഇതുയർത്തിക്കാട്ടുന്ന വരേണ്യ സമൂഹത്തിൽ അന്തർലീനമായ പാറ്റ്രിയാർക്കി ഒരുവശത്ത്, ജാതിശ്രേണിയിൽ ഉന്നതരായി പരിഗണിക്കപ്പെടുന്ന ബ്രാഹ്മണിക് സിമ്പലായി ശുദ്ധിയും, ഭക്തിയും മറുവശത്ത്; അതിനിടയിൽ ദേവദാസീകുലജാതയായ ഒരു ''സ്ത്രീ'' എന്ന identityയ്ക്ക് സമൂഹത്തിൽ ''വ്യക്തി'' എന്ന നിലയിൽ നിന്നും ദൈവീകമായി മാറിക്കിട്ടേണ്ട ആവശ്യകത ടി.സദാശിവത്തിനു നല്ല ബോദ്ധ്യമുണ്ടായിരുന്നു. എം.എസിന്റെ തലയില ചൂടുന്ന മുല്ലപ്പൂവിനു പോലും ഇത്രയധികം പ്രാധാന്യം ടി.സദാശിവം കൊടുത്തിരുന്നത് മറ്റൊന്നും കൊണ്ടായിരുന്നില്ല. പിന്നീടങ്ങോട്ട് സകല ബ്രാഹ്മണ കുടുംബിനികളും എം.എസിന്റെ പെരുമാറ്റരീതികളെ, അവരുടെ മിതമായ സംഭാഷണങ്ങളെ, വസ്ത്രധാരണ രീതികളെ, ശരീര ചേഷ്ടകളെ പോലും അന്ധമായി പിൻപറ്റി തുടങ്ങിയത് സത്യത്തിൽ ഒരു വരേണ്യസമൂഹത്തെ ഉന്നതങ്ങളിൽ നിലനിർത്തിപ്പോരുന്ന അതിന്റെ ജാതിരാഷ്ട്രീയത്തിന്റെ കൂടി വിജയമായിരുന്നു. ഇതിനുമൊക്കെ അപ്പുറത്ത് നിങ്ങൾ എം.എസിന്റെ സംഗീതത്തെ എവിടെയാണ് സ്ഥാനപ്പെടുത്തുന്നത് എന്നതാണ് ആ വലിയ ചോദ്യം. തീർച്ചയായും എം.എസിന്റെ കാലിബർ, എം.എസിലെ കലാപരമായ കഴിവുകൾ, വ്യക്തിപരമായ ചില മനോധൈര്യങ്ങൾ, നിശ്ചയദാർഢ്യം തുടങ്ങിയ വ്യക്തിഗുനങ്ങളും കൊണ്ടു തന്നെയാണ്, അല്ലെങ്കിൽ അത്തരം ഗുനങ്ങളെ കൂടിയാണ് ടി.സദാശിവവും ഉപയോഗപ്പെടുത്തിയത്. അതില്ലായിരുന്നെങ്കിൽ ഇതൊന്നുമില്ല തന്നെ. എന്നാൽ ആ കഴിവുകളെ നിസ്സാരവല്ക്കരിക്കാതെ അവയെ ഓരോന്നും സന്ദർഭങ്ങൾ വെച്ച് നിരീക്ഷിച്ചു കൊണ്ടും, അതിസൂക്ഷ്മമായ വിലയിരുത്തലുകൾ കൊണ്ടും, എം.എസിന്റെ സംഗീതം ഒരു ജനാലയായി ഉപയോഗപ്പെടുത്തി അവരുടെ സ്ഥാനം കർണ്നാടകസംഗീതലോകത്ത് നിർണ്ണായകമാണെന്നു പരഞ്ഞുവെക്കുക തന്നെയാണീ ലേഖനം ചെയ്യുന്നത്. അവരുടെ സംഗീതമാകുന്ന ജനാലയിലൂടെ കിട്ടുന്ന വെളിച്ചത്തിലൂടെ ആണു ലേഖകന്റെ യാത്ര മുഴുവൻ. "അവർ എന്തായിരുന്നു? എന്താണവർ കണ്ടെത്തിയത്? ഞാനവരുടെ സംഗീതം കീറിമുറിച്ച് പരിശോധിച്ചിട്ടുണ്ട്. പുറമെയുള്ള എല്ലാ നിർമ്മിതികളും എത്ര പരിമിതമായാലും ശരി, ഒരിക്കൽ സംഗീതത്താൽ ഉൾക്കൊള്ളപ്പെട്ടു കഴിഞ്ഞാൽ ഒരു കലാകാരി / കലാകാരൻ അകത്തുനിന്നും ഒരു സ്വാതന്ത്ര്യം, സുതാര്യത ഒക്കെ കണ്ടെത്തുന്നു. അപ്പോൾ "ദൈവീകമായ എം.എസ്" എന്ന അനുഭവത്തിനപ്പുറം അവരിൽ ചിലതില്ലേ?" എന്ന് ലേഖകൻ ചോദിക്കുന്നു. "കർണ്ണാടക സംഗീത ലോകം എം.എസിന്റെ സംഗീതത്തെ ലളിതവൽക്കരിക്കുകയും, ഒന്നുകിൽ ദിവ്യത്വമുള്ളത്, അല്ലെങ്കിൽ സാധാരണമായത് എന്ന് രണ്ടിൽ ഏതെങ്കിലും ഒരു വിഭാഗത്തിലകപ്പെടുത്തുകയും ചെയ്തു. പക്ഷേ അവരുടെ സംഗീതം രണ്ടുമായിരുന്നു, കൂടാതെ അതിനു രണ്ടിനുമിടയിൽ നിലകൊള്ളുന്ന സകലതും ആയിരുന്നു." എന്ന് പറഞ്ഞുവെയ്ക്കുകയും ചെയ്യുന്നു. ഈ ലേഖനം വെറും ആവർത്തനമാണെന്ന് തോന്നിയവർക്ക് (അങ്ങിനെ തോന്നിയവരുണ്ടെന്ന് വിശ്വസിക്കുന്നു) അങ്ങിനെ തോന്നുന്നതിൽ കുറ്റം പറയാനില്ല. ജാതിവ്യവസ്ഥയുടെ, പുരുഷാധിപത്യത്തിന്റെ ഒക്കെ രാഷ്ട്രീയത്തിൽ നിന്ന് കൊണ്ട് ഒരു ''സ്ത്രീ'' സംഗീതത്തെ കൂടിയാണു ലേഖനം, ഗോഡ് ഫാദർ ആയി കണക്കാക്കപ്പെടുന്ന അരിയക്കുടി രാമാനുജയ്യങ്കാർക്കൊപ്പമോ, ജി.എൻ. ബാലസുബ്രഹ്മണ്യത്തിനൊപ്പമോ ഒക്കെ തുലനം ചെയ്യുന്നത്. അത് ചെന്ന് കൃത്യം തറയ്ക്കുക എവിടെയൊക്കെയാവുമെന്ന് പ്രത്യേകം പറയണ്ടതില്ലല്ലോ! എന്നാൽ മറുവശത്ത് പുരോഗമനവാദികളായ സ്ത്രീവിമോചനവാദികൾക്ക് ഇതിൽ ഒന്നും പുതുതായി തോന്നുന്നില്ലെങ്കിൽ, അതിനുള്ള കാരണം ഇതിലെ സംഗീതപരമായ നിരീക്ഷണങ്ങളെ കാണാനാവാത്തത്‌ കൊണ്ടാവാനേ തരമുള്ളൂ. കാരണം എം.എസിന്റെ സംഗീതം തന്നെയാണിതിന്റെ കാതൽ. ദിവ്യത്വത്തിനും,സാധാരണത്വത്തിനും ഇടയിൽ എവിടെയാണു എം.എസ് എന്ന അന്വേഷണമാണിതിന്റെ യാത്ര. എം.എസിന്റെ സംഗീതത്തെ അന്വേഷിച്ചുകൊണ്ടുള്ള യാത്ര വളരെ ചുരുക്കമേ ഉണ്ടായിട്ടുള്ളൂ, അതിനേ സാദ്ധ്യതയും ഉള്ളൂ. ലേഖനത്തിലേയ്ക്കുള്ള ലിങ്ക് : http://www.caravanmagazine.in/repor... PS : ഇത്തവണത്തെ ദേശാഭിമാനി വാരികയിൽ ഈ ലേഖനത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകൃതമായിട്ടുണ്ട്. അങ്ങിനെ ചെയ്യാനുള്ള അവസരം ലഭിച്ചതിൽ അത്യധികം ആഹ്ലാദിക്കുന്നു. ഇതിന്റെ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ പ്രത്യേകിച്ചും.

Wednesday, November 18, 2015

‘’Brinda - The idea’’!

ടി.ബൃന്ദ എന്ന സംഗീതഞ്ജ കേരളത്തിൽ എത്രത്തോളം അറിയപ്പെട്ടിരുന്നു എന്നറിയില്ല. ചെന്നൈയിൽ പി.ജി. ക്ക് ചേര്ന്ന ശേഷം ടി.ബൃന്ദയുടെ ശിഷ്യ കൂടി ആയിരുന്ന പ്രൊ.റീത രാജൻ ആയിരുന്നു അന്ന് മ്യൂസിക് ഡിപാർട്മെന്റിന്റെ ഹെഡ്. റീതാ mam-ന്റെ ക്ലാസ് അന്നും ഇന്നും ഏറ്റവും ഓർത്ത് വെയ്ക്കുന്ന ക്ലാസ് ആണ്. എന്റെ തൊണ്ടയ്ക്ക് ഒരിക്കലും വഴങ്ങാനായിട്ടില്ലാത്ത ഒരു ശൈലി! അത്രമാത്രമായിരുന്നു അന്ന് റീതmaam-ന്റെ ക്ലാസ് എനിക്ക്. mamനെ കുറിച്ച് കൂടുതൽ പിന്നീടാണു അറിയുന്നതും, അവരുടെ സംഗീതപശ്ചാത്തലത്തെ കുറിച്ച് മനസ്സിലാക്കുന്നതും. അന്ന് കേട്ട പേരുകളാണ് വീണ ധനമ്മാൾ, ടി.ബൃന്ദ, ടി.മുക്ത. റീതmam ഞങ്ങൾക്ക് പദങ്ങളുടേയും ജാവളികളുടേയും തേവാരങ്ങളുടേയും ഒക്കെ ഒരു വൊക്കാബുലറി ആയിരുന്നു. അതിന്റെ 'ഉറവിടം' എവിടെ നിന്നാണെന്നറിയുമായിരുന്നില്ലെങ്കിലും. നമുക്ക് മനസ്സിലാവാത്ത(എന്നു വിചാരിക്കുന്ന), ‘അടുത്തു ചെല്ലാൻ പോലും ആവാത്ത’ ഏതൊന്നും നമുക്ക് ''ഡിവൈൻ'' ആണ്, ഉയരങ്ങളിൽ പ്രതിഷ്ഠിക്കുന്ന ഒന്നാണ്, അങ്ങിനെയാണു അപ്രാപ്യമായി തോന്നുന്ന ഏതൊരു സങ്കല്പത്തിനു പിന്നിലെ മൈൻഡ് സെറ്റ്. എനിക്കെന്നും റീത mam അതായിരുന്നു. അവരുടെ ക്ലാസ്സിൽ പാടാൻ ഞാനിഷ്ടപ്പെട്ടിരുന്നില്ല. കേള്ക്കാനായിരുന്നു ഇഷ്ടം. മനോധര്മ്മ ക്ലാസുകളിൽ അവർ ഒരു സംഗതിയോ, ഒരു പ്രയോഗമോ ഒന്നും പുതിയത് പാടിയിരുന്നില്ല. പക്ഷേ വളരെ ശാന്തമായി, ഗ്രേയ്സ്ഫുൾ ആയി ഒഴുകുന്ന പുഴയുടെ തെളിഞ്ഞ വെള്ളത്തിന്റെ അടിയിൽ നിന്നും കണ്ടെടുക്കുന്ന വെള്ളാരങ്കല്ലുകൾ, മുത്തുമണികൾ പോലെയായിരുന്നു അവരുടെ ഓരോ പ്രയോഗങ്ങളും അതാത് സമയങ്ങളിൽ കൃത്യമായി വന്നു വീണീരുന്നത്.അതാത് സമയങ്ങളിൽ, കൃത്യമായി മേഘങ്ങളിൽ നിന്നും പുറത്ത് വരുന്ന വെയിൽവെളിച്ചത്തിൽ അവ തെളിഞ്ഞ വെള്ളത്തിനടിയിൽ കിടന്ന് തിളങ്ങും, ആ നിമിഷത്തിനു അത് മാണിക്യമോ, വൈരമോ എന്തും ആവാം.
ഒരു ധൃതിയുമില്ലാത്ത സംഗീതം. ആഹാ.. എന്ന് ഒരു തവണയെങ്കിലും പറയാത്ത ഒരു ക്ലാസ് എനിക്കൊർമ്മയില്ല. ഒട്ടും ആകര്ഷകമായ ഒരു ശബ്ദമായിരുന്നില്ല അവരുടേത്, സംഗതികൾ എങ്ങിനെയാണു പാടുന്നത് എന്ന് നൊട്ടെയ്റ്റ് ചെയ്യാൻ പോയിട്ട്, കേട്ട് ആവര്ത്തിക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. സംഗതി പുതിയതായിരുന്നില്ല, പക്ഷേ ആ ആവിഷ്ക്കരണം പുതിയതായിരുന്നു. ഒരിക്കലും സംഗതികളുടെ വൈവിദ്ധ്യം കൊണ്ടോ, അതിന്റെ സ്പീഡ് കൊണ്ടോ മാജിക് കാണിക്കുന്ന ശൈലിയേ ആയിരുന്നില്ല. മാജിക് അതിലായിരുന്നില്ല എന്നുമാത്രം. ശുദ്ധസാവേരിയിലെ ''ദാരിനി തെലുസു..", തൊടിയിലെ ''ഗജവദന" (എട്ടയപ്പ മഹാരാജ) പ്രത്യേകിച്ച് അതിലെ ചിട്ടസ്വരം, പിന്നെ ഹിന്ദോളം, (മാമവത് ശ്രീ) ഇതൊക്കെ ഇത്രയും സാവധാനത്തിൽ അതുവരെ ഞാൻ കേട്ടിരുന്നില്ല. ഏറ്റവും മനസ്സില് തങ്ങി നില്ക്കുന്ന ക്ലാസ് ഒന്ന്, യദുകുലകാംബോജി ക്ലാസും (ഒരു തേവാരം), പിന്നെ മറ്റൊന്ന് രീതിഗൗളയുടെ മറ്റൊരു ക്ലാസും. ഒരു വരി പാടിയാൽ അതിൽ സംഗതികളുടെ എണ്ണത്തേക്കാൾ കൂടുതൽ പാടുന്ന സംഗതികൾക്ക്, അതിലെ ഗമകത്തിനു കൊടുക്കുന്ന ഊന്നലുകൾ, ശബ്ദവിന്യാസം കൊണ്ടും, കാലപ്രമാണം കൊണ്ടും കൈവരുന്ന ആഴം ആയിരുന്നു. രാഗലക്ഷണം കൂടി അറിഞ്ഞിരുന്നാൽ വഴി പിന്തുടരാൻ കുറച്ചു കൂടി എളുപ്പമാക്കും. ഏകദേശം കഥകളി സംഗീതത്തിൽ മാടമ്പി ആശാൻ എങ്ങിനെ ഓരോ രാഗങ്ങൾക്കും അതിന്റെ പ്രയോഗ ലക്ഷണത്തിനും അപ്പുറമായി ചില പ്രയോഗങ്ങളെ പാടിവെയ്ക്കുന്നുവോ ഏതാണ്ടതിനു സമാനമായിരുന്നു പലപ്പോഴും യദുകുലകാംബോജിയും, രീതിഗൗളയും ഒക്കെ. പ്രാചീനം എന്നോ, സമീപകാലങ്ങളിൽ അധികം കേട്ട് ശീലം ഇല്ലാത്തതെന്നോ, എന്നൊക്കെ പറയാവുന്ന എന്നാൽ രാഗലക്ഷണങ്ങളിൽ നിന്നും വ്യതിചലിക്കാത്ത പ്രയോഗങ്ങൾ ആയിരുന്നു അവരുടെ ശൈലിയിലെ ഏറ്റവും വലിയ സവിശേഷത. പാടുന്ന കാലം വ്യത്യാസപ്പെട്ടിരിക്കും, അതുകൊണ്ടു കൂടി തോന്നുന്നതാവാം. കാലപ്രമാണം കൃത്യമായി നിലനിർത്തി പാടുന്നതിൽ അതിവിദഗ്ദ്ധയായിരുന്നു അവർ. താനം പാടുന്നതിൽ അതിനിപുണയും. ഇരിക്കുന്ന ക്ലാസ് മുറിയിൽ അവർ താനം പാടുമ്പോൾ താനം മുറിയാകെ മുഴങ്ങും. വീണയിലെ ശബ്ദം പോലെ. അതുപോലെ രാഗങ്ങളുടെ കംപാരിറ്റീവ് സ്റ്റഡി ക്ലാസുകൾ ആയിരുന്നു ഏറ്റവും അമൂല്യമായത് . ബേഗഡ, മുഖാരി, സഹാന അങ്ങിനെയുള്ള രാഗങ്ങൾ പാടികേൾക്കാനായിട്ടുണ്ട്. നിമിഷം കൊണ്ട് അടുത്തടുത്ത രാഗങ്ങളെ ചെറിയ പ്രയോഗവ്യത്യാസം കാണിച്ചു തന്നുകൊണ്ട് മിന്നൽ പോലെ രാഗത്തിന്റെ ഫ്ലേവറുകൾ മാറി മാറി വരുന്നത് വിസ്മയിപ്പിച്ചിട്ടുണ്ട്. അത്രയധികം രാഗങ്ങളുടെ കോറിൽ നിന്നുകൊണ്ട്, രാഗങ്ങൾക്കകത്തു നിന്നുകൊണ്ട് പാടാൻ, വിശദീകരിക്കുവാൻ റീത mam നാവുമായിരുന്നു. ഇന്ന് ബൃന്ദ- മുക്ത കച്ചേരി ക്ലിപ്പുകൾ കേൾക്കുമ്പോൾ റീതmam ന്റെ ശബ്ദത്തിന്റെ, ശൈലിയുടെ, സങ്കീർണ്ണം എന്ന് പുറമേ തോന്നിപ്പിക്കുന്ന അകത്തുള്ള തെളിമയുടെ, ലാളിത്യത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നു മനസ്സിലാക്കാനാവുന്നുണ്ട്. ഭൈരവി അടതാള വർണ്ണം ഞങ്ങളെ കൊണ്ട് നാലു കള ചൌക്കത്തിൽ പാടിപ്പിച്ചിരുന്നത്, തിസ്രം പാടിപ്പിച്ച് ക്ഷീണിച്ച് 0 എനര്ജിയിലെത്തി, കോളേജിൽ നിന്നും തിരിച്ച് ബസിലെ തിരക്കിൽ, ഭൈരവി മൂളിമൂളി അവസാനം ഇഴഞ്ഞിഴഞ്ഞ് ബസ് താമസ സ്ഥലത്തെത്തുമ്പോൾ വെസ്റ്റ്‌ മാംബലത്തെ വഴിവക്കിലുള്ള ഒരു കുട്ടി ഷോപ്പിൽ നിന്നും ചൂടോടെ ഉഴുന്ന വടയും, പരിപ്പ് വടയും ഒരുമിച്ചു വാങ്ങി, വെസ്റ്റ്‌ മാംബലത്തിലെ പാട്ടി/ താത്തമാരുടെ തൊട്ട് തലയിൽ വെക്കലുകളെ ആസ്വദിച്ച്, ആ പ്രദേശം മുഴുവൻ അവർക്ക് സ്വന്തമാണെന്ന അഹങ്കാരത്തോടെ, സ്വൈര വിഹാരം നടത്തിയിരുന്ന, നെറ്റിയിൽ പൊട്ടൊക്കെ തൊട്ടുള്ള, വലിയ കൊമ്പുകളുള്ള ഗോ മാതാക്കളെ പേടിച്ച് , അവയുടെ കണ്മുന്നിൽ പെടാതെ ഒഴിഞ്ഞു മാറി നടന്ന്, ഒടുവിൽ താമസിക്കുന്ന സ്ഥലത്തെത്തി വിശപ്പടക്കിയിരുന്നത്... ഹാവൂ! ഇന്നത്തെ ഗുസ്തി കഴിഞ്ഞൂലോ, ഇനി നാളെയല്ലേ വേണ്ടൂ എന്ന് ഭൈരവിയിൽ നിന്നും താല്ക്കാലിക മോചനം നേടിയിരുന്നത്... പരീക്ഷ വരെ അത് ഒരു പേടിസ്വപ്നം ആയിരുന്നു. പരീക്ഷക്കു ഒരുവിധത്തിൽ തെറ്റാതെ പാടിപ്പോന്നത് എങ്ങിനെയെന്ന് എനിക്ക് പോലും ഇപ്പൊ ഓർമ്മയില്ല. റീതmam ആയിരുന്നു ടി.ബൃന്ദയിലേയ്കെത്തിചേരാൻ എനിക്ക് കിട്ടിയ ആദ്യ ചുവട്. ഇന്ന് എസ്.സൗമ്യ പാടുമ്പോൾ ഒക്കെ ഞാനോർക്കാരുള്ളത് റീതmam നെ ആണ്. അവരുടെ ശബ്ദത്തെ ആണ്. ചിത്രവീണ രവി കിരന്റെ ഒരു യദുകുലകാംബോജി യൂ റ്റ്യൂബ് ലിങ്കിലുണ്ട്. അതിലെ കയ്യടക്കം, രാഗത്തിന്റെ എസ്സെന്സ് കേൾക്കുമ്പോൾ തോന്നിപ്പോകും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഈ ഗുണം ബൃന്ദാ ശൈലിയുടെ സ്വാധീനമാണോ എന്ന്. 

ഇന്നിപ്പോൾ ഈ ക്ലിപ് (ചുവടെ കൊടുത്തിട്ടുണ്ട് ) കണ്ടപ്പോൾ ഓർത്തതും റീതാmamനെ ആയിരുന്നു. The Brinda repertory എന്നതാണ് ഈ ക്ലിപ്പിന്റെ ടൈറ്റിൽ. The Brinda repertory എന്നതിലൂടെ ഉദ്ദേശിക്കുന്നത് ആ സംഗീതം, പാരമ്പര്യം കൂടുതൽ ആസ്വാദകരിലേയ്ക്കും, സംഗീതഞ്ജരിലേയ്ക്കും, വിദ്യാർത്ഥികളിലേയ്ക്കും എത്തിക്കുക എന്നത് തന്നെയാണു. അതിനായി ഈ അക്കാഡമി ബൃന്ദ ശൈലിയുടെ ''സിംബൽ'' ആയ ''ക്ലാസിക്കൽ'' എന്നാ മൂല്യം വിടാതെ കുട്ടികളെ പഠിപ്പിക്കുക, ലക്ചറുകൾ, വർക്ക് ഷോപ്പുകൾ, കച്ചേരികൾ ഒക്കെ സംഘടിപ്പിക്കാനും ഉദ്ദേശ്ശിക്കുന്നു. രാജമാർഗ്ഗം കോണ്‍സേർട് സീരീസ് എന്ന് ഗൗരവമുള്ള കലാകാരീകലാകാർനമാർക്കു കച്ചേരി അവതരിപ്പിക്കാനുള്ള ഒരു പ്ലാറ്റ്ഫോം ഒരുക്കുകയും ചെയ്യുന്നു. എല്ലാവർഷവും ഒരു ആർട്ടിസ്റ്റിനെ തിരഞ്ഞെടുത്ത് ആദരിക്കുകയും ചെയ്യാൻ ഉദ്ദേശ്ശിക്കുന്നു. ഈ സംരംഭത്തിന്റെ ഉത്ഘാടന വേളയുടെ വീഡിയോ ആണ് ചുവടെയുള്ള യൂ റ്റ്യൂബ് ലിങ്ക്.
വിദ്വാൻ നെയ്വേലി സന്താനഗോപാലൻ സർ അടക്കം പലരും ഈ ക്ലിപ്പിൽ സംസാരിക്കുന്നുണ്ട്. എല്ലാവരുടേയും പേരെടുത്തു പറയുന്നില്ല. ടി.എം.കെയും ഇതിൽ സംസാരിക്കുന്നുണ്ട്. ബൃന്ദയുടെ സംഗീതത്തെ എക്കാലത്തും പ്രതിനിധീകരിക്കുന്ന ചില പദങ്ങൾ ഉണ്ട്, ഈ പദങ്ങളെ കൂടാതെ ബൃന്ദ സംഗീതത്തെ വാക്കുകൾ കൊണ്ട് വിവരിക്കുക അപൂർണമാവും എന്ന് തോന്നിപ്പിക്കുന്നവയാണവയൊക്കെയും. സമ്പ്രദായം, ചൗക്കം, ശുദ്ധം, ക്രിയേറ്റിവിറ്റി തുടങ്ങി.... കൂടാതെ മേൽ സൂചിപ്പിച്ച പോലെ, ഒരു കൂട്ടം ജ്ഞാനസ്ഥരിലേയ്കു മാത്രം ഒതുങ്ങി നില്ക്കുന്ന എന്ന് കരുതപ്പെടുന്ന , ഒരു ചെയ്മ്ബറിലേയ്ക്ക് ഒതുക്കി വെച്ച് അതിന്റെ ''മഹത്വം'' കാത്തുസൂക്ഷിച്ച് ഉയരങ്ങളിൽ പ്രതിഷ്ഠിക്കുന്നതാണ് ബൃന്ദയുടെ സംഗീതം. അങ്ങിനെയാണു ചെയ്തുപോരുന്നതും. ടി.എം.കെയുടെ പ്രഭാഷണം ഈ ചിന്തകളെയൊക്കെ മറ്റൊരു കോണിൽ കൂടി തൊട്ടു പോകുന്നുണ്ട്, വളരെ ''വിനയ ''ഭാവത്തോടു കൂടി തന്നെ, എന്നാൽ വളരെ ഉറച്ച, വ്യക്തതയുള്ള, തെളിവാർന്ന ധൈര്യത്തോടെയുള്ള ഒരു പത്തു മിനിറ്റ് പ്രഭാഷണം. അദ്ദേഹം പറയുന്നതിനെ എല്ലാവരും സ്വീകരിക്കുകയും ചെയ്തു എന്നതിന് തെളിവായി കയ്യടിക്കുന്ന ശബ്ദം കേൾക്കാം. അതിൽ തീർച്ചയായും വ്യക്തിപരമായി എനിക്ക് സന്തോഷം തോന്നി. (ടി.എം.കെ യെ എടുത്ത് പരാമർശിക്കുവാൻ കാരണം, അതായിരുന്നു തോട് പ്രവോക്കിങ്ങ് എന്ന് തോന്നിയ പ്രഭാഷണം.) ടി.ബൃന്ദ എന്ന ‘’ഐഡിയ’’ നിലനിർത്താനാണ് ടി.എം.കെ പറയുന്നത്. അവരുടെ സംഗീതം ഒരു ചെയ്മബർ സദസ്സിലൊതുങ്ങാതെ എല്ലാവര്ക്കും കേള്ക്കാൻ ആവും വിധം പുറത്തേയ്ക്ക് വ്യാപരിക്കണമെന്ന ടി.എം.കെയുടെ അഭിപ്രായങ്ങളോട് കൈകോർത്തു കൊണ്ട്, റീതാ mamനെ പോലെ പുറത്തറിയപ്പെടാതെ മറഞ്ഞിരിക്കുന്ന അങ്ങിങ്ങായി ജീവിച്ചിരിക്കുന്നവരായ പ്രത്യേകിച്ച്, കർണ്ണാടക സംഗീതത്തിന്റെ വളർച്ചയുടെ കാലഘട്ടത്തിൽ ഒരു mile stone ആയി പറയാവുന്ന വീണ ധനമ്മാൾ ശൈലിയെ അതുപോലെ കൊണ്ടുനടക്കുന്ന പല സംഗീതഞ്ജരേയും ഓര്ത്ത് കൊണ്ട്... ടി.എം.കെ സൂചിപ്പിക്കുന്ന പോലെ സംഗീതത്തിലെ ''കലയെ'' കണ്ടെടുക്കാൻ ഏറ്റവും ഉത്തമമായ ഒരു മാർഗ്ഗം അല്ലെങ്കിൽ ഒരു Idea ആകുന്ന ബൃന്ദയുടെ സംഗീതം പുറത്തെയ്ക്ക് ഇനിയും വ്യാപരിക്കാൻ, എല്ലാവരിലേയ്ക്കും ഒരുപോലെ എത്തിച്ചേരാൻ ഈ സംരംഭത്തിനു കഴിയട്ടെയെന്നും ആശംസിക്കുന്നു... (ഈ നോടിലെ ടൈറ്റിലിനോട് കടപ്പാട് ടി.എം.കൃഷ്ണക്കു തന്നെ. ) ഒരു മുഖാരി https://www.youtube.com/watch?v=k-k... The Brinda Repetory https://www.youtube.com/watch?v=PZe...

Saturday, October 31, 2015

ഞാൻ കാത്തിരിക്കുകയാണ് ...

നക്ഷത്രമണികൾ വീണുമണ്ണടിയുന്ന രാവുകളേ ...
പകലുകൾ സമ്മാനിക്കുന്ന സ്വപ്നങ്ങളെ 
നിങ്ങൾ നിക്ഷേപിക്കുന്നതെവിടെയാണു ?
സ്വപ്നഭാരവും പേറി, ഒരു പൂമ്പാറ്റച്ചിറകിൽകയറി 
നിങ്ങളയച്ചു തന്നെ കാറ്റിലൂടെ പറന്നുവന്നാൽ 
എനിക്കവിടെയെത്താനാകുമോ? 

എന്നിട്ട് വീണ്ടും
അകലങ്ങളിലേയ്ക്കോടി മറഞ്ഞ് 
പകലുകളുടെ ഉദയത്തിലേയ്ക്കാണ്ടു പോകുന്ന
പകലുകളുടെ ഉദയത്തിലേയ്ക്ക്
തുളച്ചുകയറുന്ന, വ്യാപരിക്കുന്ന
പകലിലെ ഓരോ അണുവിലും ഒളിച്ചിരിക്കുന്ന 
നിങ്ങളോടൊപ്പം എന്നെയും കൂട്ടാമോ?

ഞാൻ കാത്തിരിക്കുകയാണ് ...


Wednesday, October 28, 2015

ചുകന്നു പോകുന്ന വീഥികൾ

താണിരിക്കണം, കടലാഴങ്ങളിൽ
മറഞ്ഞിരിക്കണം, മേഘപടലങ്ങളിൽ
കാത്തിരിക്കണം, രാവിന്നിരുൾപ്പാളികളിൽ
ഒളിച്ചിരിക്കണം, ഇരുളുമോർമ്മക്കൂടുകളിൽ

ചാടിയോടണം, സ്വപ്നങ്ങൾ ജീവിക്കുന്നയിടം വരെ
നീന്തിത്തിമർക്കണം, പുഴമിടിപ്പുകൾ കേൾക്കും വരെ
നെഞ്ചിൻഭാരമതടക്കിപ്പിടിച്ചകന്നു മാറണം, തേടിവിളികളരികിലെത്തും വരെ
മിണ്ടാട്ടമില്ലായ്മകളെ മിണ്ടിക്കണം, മിണ്ടിമരിക്കും വരെ.

ഈ ഭൂമിയിലെ വീഥികൾക്കിരുവശത്തുമുള്ള മരച്ചുവടുകളൊക്കെയും    
ചുകന്ന പൂക്കൾവീണു,
ചുകന്നുപോകുന്ന നാളെത്തും വരെ 
ഈ ജനാലച്ചില്ലുപാളികളെ തിടച്ചുമിനുക്കിവെക്കണം.
തുടച്ചുമിനുക്കിയ ജനാലവെളിച്ചത്തിൽ ആ ചുകന്ന പൂക്കളെ കാണണം. 
ആ ചുകന്ന പൂക്കളിന്മേൽ കറുത്തമുടികുടഞ്ഞിട്ടു
ഓരോ മരച്ചുവടുകളിൽ നിന്നുമുറങ്ങിയെഴുന്നേൽക്കണം. 
ചുകന്നുപോകുന്ന വീഥികളെ സ്വന്തമാക്കണം. 
അകലങ്ങളെ തമ്മിലടുപ്പിക്കുന്ന ചുകന്ന വീഥികളിലൂടൊറ്റക്ക് നടക്കണം. 
മോഹിക്കണം. മണക്കണം. ശ്വസിക്കണം.
ആവോളം മുകരണം.
വിരിഞ്ഞുമലരണം.Wednesday, April 08, 2015

സസ്യങ്ങളും മൃഗങ്ങളും

സസ്യങ്ങൾക്ക് വേദന അനുഭവിക്കാനാകുമോ ഇല്ലയോ എന്നൊരു ചോദ്യം കുറേ കാലമായി അലട്ടുന്ന ഒരു ചോദ്യം തന്നെയായിരുന്നു. പക്ഷേ ഇപ്പൊ എനിക്കു തോന്നുന്നത് അങ്ങിനെ മാത്രമല്ല, സസ്യങ്ങൾക്ക് വേദന ഉണ്ടാകുമോ ഇല്ലയോ എന്നതു മാത്രമാകുന്നില്ലല്ലോ ചോദ്യം എന്നും കൂടിയാകുന്നു. എന്തുകൊണ്ട് സസ്യങ്ങളെ ആഹാരത്തിനു വേണ്ടി ഉപയോഗിക്കുന്നത് ഒരു വലിയ പ്രശ്നമല്ലാതിരിക്കുകയും, മൃഗങ്ങളെ ആഹാരത്തിന് ഉപയോഗിക്കുന്നത് വലിയൊരു പ്രശ്നമായി തോന്നുകയും ചെയ്യുന്നു?

സസ്യങ്ങൾക്ക് വേദനിക്കുമോ എന്നതിനു കൃത്യമായ ഒരുത്തരം എന്റെ അറിവിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രണ്ടു തരത്തിലും പറഞ്ഞുകേട്ടിട്ടുണ്ട്, പക്ഷേ അതിന്റെ ശാസ്ത്രീയാടിസ്ഥാനം കൃത്യമായ അറിവില്ല. തലച്ചോറോ, നാഡീവ്യവസ്ഥയോ ഇല്ലാത്ത ജീവി എന്ന നിലക്ക് വേദന ഉണ്ടാവും എന്ന് തീർത്തു പറയാനും ആവുന്നില്ല. പക്ഷേ ഒരു ചോദ്യം ഉണ്ട്, വേദന ഇല്ലാ, (സസ്യങ്ങൾക്ക് വേദനിക്കുമെങ്കിൽ)‌ എന്നതുകൊണ്ട് സസ്യങ്ങളെ നാം ആഹാരത്തിനു വേണ്ടി ഉപയോഗിക്കുന്നതിൽ, മൃഗങ്ങളെ ഉപയോഗിയ്ക്കരുത് എന്നു പറയുന്ന അതേ ലോജിക് സസ്യങ്ങളുടെ കാര്യം വരുമ്പോൾ പ്രവർത്തിക്കാത്തതെന്തേ? അതിൽ Taken for granted ആവുന്നതെന്തേ? (ദയവു ചെയ്ത്, അതിന് സസ്യങ്ങളെ നാം 'വധിക്കുന്നില്ലല്ലോ' എന്നു മാത്രം പറയരുത്.)
ഇനി സസ്യങ്ങൾക്ക് വേദന അറിയാനാവുമെങ്കിൽ മൃഗങ്ങളോട് ചെയ്യുന്ന അതേ 'ക്രൂരത' തന്നെ സസ്യങ്ങളോടും നാം ചെയ്യുന്നുണ്ടെന്ന് ഉൾക്കൊള്ളാൻ ആവാത്തതെന്തേ?

അറിയാം ആദ്യത്തെ ഉത്തരം, അതാണ് പ്രകൃതിയുടെ ഡിസൈൻ എന്നായിരിക്കും. പരാഗണം നടക്കുന്നത് സസ്യങ്ങളിൽ ജീവജാലങ്ങളിലൂടെയാണ് എന്നാവും. അതായത് സസ്യങ്ങൾ പാകം ചെയ്യുന്ന ആഹാരം മറ്റ് ജീവജാലങ്ങൾക്കു കൂടിയും ഉപയോഗിക്കാൻ വേണ്ടിയാണ് എന്ന ഒരു യുക്തി. പക്ഷേ ഇതിലൊക്കെ മനുഷ്യൻ അവന്റെ സൗകര്യത്തിനു വേണ്ടി ഉണ്ടാക്കിയെടുക്കുന്ന ലോജിക്കുകളായേ തോന്നുന്നുള്ളു. പ്രകൃതി ഡിസൈൻ ചെയ്തത് അങ്ങിനെയാണെങ്കിൽ, മൃഗങ്ങളെ ഭക്ഷിക്കുക എന്നതും പ്രകൃതിയുടെ മറ്റൊരു ഡിസൈൻ തന്നെയാണ്. ഈ ഭൂമിയിൽ സസ്യങ്ങൾ ഒഴിച്ച് ബാക്കിയുള്ള ജീവജാലങ്ങളൊക്കെയും പരസ്പരം ഭക്ഷണത്തിനു വേണ്ടി ആശ്രയിയ്ക്കുന്നു എന്നതാണല്ലോ സിസ്റ്റം. ആ ഫുഡ് സൈക്കിൾ നോക്കിയാൽ ആത്യന്തികമായ എല്ലാവരും സസ്യങ്ങളെ തന്നെയാണുതാനും ആശ്രയിക്കുന്നത്. ഇതാണ് ഡിസൈൻ എന്നതുകൊണ്ട് സസ്യങ്ങളെ വേദനിപ്പിക്കുന്നില്ല എന്നോ, സസ്യങ്ങളെ നാം ദുരുപയോഗം ചെയ്യുന്നില്ലെന്നോ, മൃഗങ്ങളെ എന്നപോലെ തന്നെ സസ്യങ്ങളേയും നാം നമ്മുടെ സ്വാർത്ഥലാഭത്തിനു വേണ്ടി, നിലനില്പിനു വേണ്ടി ചൂഷണം ചെയ്യുന്നില്ലെന്നോ പറയാൻ എനിക്കു തോന്നുന്നില്ല. മൃഗത്തിനോട് തോന്നുന്ന അതേ 'കാരുണ്യം' എനിക്കു സസ്യങ്ങളോടും തോന്നുന്നുണ്ട്. ഭൂമിയിൽ ചെറിയ വേദന എന്നോ വലിയ വേദന എന്നോ ഉണ്ടെന്നു കരുതുന്നില്ല. വലിയ ക്രൂരത എന്നോ ചെറിയ ക്രൂരത എന്നോ ഉണ്ടെന്നും കരുതുന്നില്ല. നീതി എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെതന്നെയെന്നു വിശ്വസിക്കാനാണിഷ്ടവും. പ്രകടിപ്പിക്കുന്നില്ലെന്നു കരുതി, ചലിക്കുന്നില്ലെന്നു കരുതി സസ്യങ്ങൾക്കിതൊന്നും ബാധകമല്ലെന്നു കരുതാൻ എനിക്കു പറ്റുന്നില്ല. ഒരു സസ്യാഹാരി മറ്റൊരു ജീവിയേയും വേദനിപ്പിക്കുന്നില്ല എന്ന വിചാരം വെറുമൊരു ഹൈപ്പൊതിസിസ് മാത്രമാണെന്ന് തന്നെയാണെന്റെ തോന്നൽ.

ചുരുക്കത്തിൽ ഇത്രമാത്രം.

ഈയിടെ കേന്ദ്രസർക്കാർ മഹാരാഷ്ട്രയിൽ തുടങ്ങിവെച്ച ബീഫ് നിരോധനം എങ്ങിനെ നോക്കിയാലും ജനാധിപത്യവിരുദ്ധമായേ കാണാനാകുന്നുള്ളൂ. അതിൽ തീർച്ചയായും സവർണ്ണ/ജാതീയത നിലനിർത്തിപ്പോരുന്ന ഉച്ചനീചത്വങ്ങളുടെ രാഷ്ട്രീയം ഉണ്ട് താനും. പശുവെ തികച്ചും ഒരു 'പാരമ്പര്യ ചിഹ്നം' ആയി പരിഗണിക്കുന്നത് ഹിന്ദു മതത്തിലാണ്. അതും ഉയർന്ന ജാതിയിൽ പെട്ടവർ. തികച്ചും വ്യക്തിപരങ്ങളായ ചോയ്സ് ആവേണ്ട ഒരു ഭക്ഷണ പദാർത്ഥം ഒരു നാട്ടിൽ നിയമം വഴി നിരോധിക്കുക എന്നു പറയുമ്പോൾ അതിൽ ആ ഭക്ഷണ പദാർത്ഥം ഉപയോഗിക്കുന്ന പൗരന്മാരുടെ അവകാശ നിഷേധം തന്നെയാണ് പ്രകടമാവുന്നത്. ഇനി അതിലെ രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നില്ല. അത് മാറ്റിനിർത്തിയാലും, ഈ നിരോധനത്തെ ന്യായീകരിയ്ക്കുവാൻ, പലരും മൃഗങ്ങളോട് പ്രകടിപ്പിക്കുന്ന അതേ കാരുണ്യം, ധാർമ്മികബോധം അതേ അളവിൽ എനിക്കു സസ്യങ്ങളോടും തോന്നുന്നു. ഇവിടെ മുറ്റത്തെ കറിവേപ്പില തയ്യിൽ, പുതിയ തളിരുകൾ വരാൻ വേണ്ടി അപ്പപ്പോൾ കൊമ്പു മുറിച്ചു കൊടുക്കുമ്പോൾ, (കൊമ്പ് മുറിച്ചു 'കൊടുക്കുക' എന്നു പറയുമ്പോൾ തന്നെ അതിൽ നീതിനിരാസം ഉണ്ട്) മൃഗത്തോട് തോന്നുന്ന അതേ കാരുണ്യം എനിക്ക് ആ ചെടിയോടും തോന്നുന്നുണ്ട്. അറിയാതെ നഖമോ മറ്റോ കൊണ്ട് ചെടിയുടെ തണ്ട് ഒന്നു പോറി തൊലിൂരിഞ്ഞുവരുമ്പോൾ വരുന്ന നീര് കാണുമ്പോഴും എനിക്ക് അതേ വേദന തോന്നാറുണ്ട്. സസ്യങ്ങളെ നമുക്കനുയോജ്യമായ തരത്തിൽ, സസ്യാഹാരമാണു മാംസാഹാരത്തേക്കാൾ നമ്മുടെ ആരോഗ്യത്തിനു ഏറ്റവും ഗുണപ്രദം എന്ന യുക്തിയിലേയ്ക്ക് മാറ്റിയെടുത്ത്, സസ്യങ്ങളെ ഭക്ഷണത്തിനായി  ഉപയോഗിക്കുന്നതിൽ  അഭിമാനം കൊള്ളുന്നത് എനിക്കൊരിക്കലും മനസ്സിലാവുന്ന ഒരു ലോജിക് ആവുന്നില്ല.

തീർച്ചയായും സസ്യങ്ങളോട് അങ്ങിനെ തോന്നുന്നു എന്നത്, മൃഗങ്ങളെ വധിയ്ക്കുന്നു എന്നതിനൊരു ന്യായീകരണവുമല്ല, സമ്മതിയ്ക്കുന്നു. അപ്പോഴും ഒരു ചോദ്യം അവശേഷിയ്ക്കുന്നുണ്ട്. മനുഷ്യൻ പണ്ടുകാലം മുതലേ ഭക്ഷണത്തിനു വേണ്ടി സസ്യങ്ങളേയും മൃഗങ്ങളേയും ഒരുപോലെ ആശ്രയിച്ചിട്ടുണ്ട്, ആശ്രയിക്കുന്നുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും പല മാംസാഹാരങ്ങളും കഴിക്കുന്നവരുണ്ട്. ഇങ്ങിനെ ഒരു അവസ്ഥയിൽ പശുക്കളെ മാത്രം 'വധ'ത്തിൽ നിന്നും ഒഴിവാക്കുക എന്നതിൽ എന്താണ് ലോജിക്?  'മൃഗസ്നേഹം' കൊണ്ട് മാത്രമല്ല അതെന്ന് വ്യക്തമല്ലേ? അവിടേ തന്നെയാണ് പ്രാഥമികമായ വിയോജിപ്പ് വരുന്നതും.

ഒറ്റ കാര്യമേ എനിക്കു മനസ്സിലാക്കാൻ ആകുന്നുള്ളു. മനുഷ്യൻ omnivorous എന്ന ഗണത്തിൽ പെടുന്ന ജീവി ആണ്. ഉഭയാഹാരജീവി ആണ്. അതുകൊണ്ടാണല്ലോ ഏറ്റവും ലളിതമായി പറഞ്ഞാൽ മാംസം മനുഷ്യദഹനവ്യവസ്ഥയിൽ ദഹിച്ചുപോകുന്നതും.  മാംസം ഏറ്റവും ശുചിയായ അന്തരീക്ഷത്തിൽ, ഏറ്റവും ശുചിയായി കൈകാര്യം ചെയ്ത്, നല്ലവണ്ണം വേവിച്ച് ഭക്ഷിയ്ക്കുന്നതിൽ ആരോഗ്യത്തിനും കുഴപ്പങ്ങൾ സൃഷ്ടിക്കുന്നില്ല. മാംസാഹാരികൾക്ക് മാത്രമേ കൊളസ്റ്റ്രോൾ ഉണ്ടാവൂ എന്നൊന്നും ഇല്ല തന്നെ. ആരോഗ്യപരമായി , ഒരു ഡോക്റ്റരുടെ നിർദ്ദേശ്ശപ്രകാരം മാംസം ഒഴിവാക്കുകയോ ഉൾപ്പെടുത്തുകയോ ഒക്കെ വ്യക്തിക്ക് ചെയ്യാവുന്നതുമാണ്. ഇത്രമാത്രം. ആത്യന്തികമായി ഒരു വ്യക്തി സസ്യാഹാരി ആവണോ, മാംസം ഉപയോഗിക്കണോ, അതോ ഏതെങ്കിലും ഒന്നു മാത്രമാവണോ എന്നതെല്ലാം തീർത്തും വ്യക്തിപരമായ കാര്യങ്ങളാണ്. മാംസാഹാരം കഴിച്ചിരുന്ന ഞാൻ തന്നെ പിന്നീട് തീർത്തും സസ്യാഹാരി ആയത് എന്റെ വ്യക്തിപരമായ ഒരു ചോയ്സ് ആയിരുന്നു. അതിലാരും കൈകടത്തിയിട്ടില്ല. അത് എന്റെ മാത്രം ചോയ്സ് ആയിരുന്നു എന്ന പോലെ അത് അങ്ങിനെ തന്നെയാവണം മറ്റുള്ളവർക്കും എന്നും ഞാൻ വിശ്വസിക്കുന്നു.  അതിൽ അധികാരം കൈകടത്തുന്നതിനോടും, നിയമനിർമ്മാണം നടത്തുന്നതിനോടും ഒരിക്കലും യോജിക്കാനാവില്ല. മഹാരാഷ്ട്ര്യിലെയും അതിനെ തുടർന്ന് ഹരിയാനയിലേയും ബീഫ് നിരോധനത്തോട് ഈ പോസ്റ്റ് വഴി പ്രതിഷേധിക്കുക തന്നെ ചെയ്യുന്നു.

ഈ പോസ്റ്റ് 'കൊല്ലുക' എന്നതിനെ ന്യായീകരിയ്ക്കുന്ന പോസ്റ്റ് അല്ല. സസ്യാഹാരം കഴിക്കുക വഴി നാം മറ്റു ജീവജാലങ്ങളെ ഒന്നും ഉപദ്രവിക്കുന്നില്ല എന്ന അഭിമാനബോധം ഒരു വ്യാജാഭിമാനബോധമാണെന്ന് പറഞ്ഞുവെയ്ക്കുകയാണ് ഉദ്ദേശ്ശം. തീർച്ചയായും അതിലെ 'രാഷ്ട്രീയത്തേയും'. മനുഷ്യനു സസ്യങ്ങളേയോ മൃഗങ്ങളേയോ ഭക്ഷണത്തിനു വേണ്ടി ആശ്രയിയ്ക്കേണ്ടതുണ്ട്, ആയത് ഏതു വേണമെന്നത് ഓരോ വ്യക്തിയുടേയും ചോയ്സ് മാത്രം. അതിൽ ഒരു സസ്യാഹാരിയ്ക്ക് അഭിമാനിക്കതക്കതായോ, അല്ല മാംസാഹാരിയെ ഇകഴ്ത്തുന്നതരത്തിലുള്ളതായോ പ്രത്യേകിച്ചൊന്നും തന്നെയില്ല എന്നും വിശ്വസിയ്ക്കുന്നു.

ഉപസംഹാരം - ഞാനൊരു സസ്യാഹാരിയാണ്, അതിൽ ഒട്ടും അഭിമാനിക്കുന്നില്ല. അത് മാംസാഹാരികളോടുള്ള സഹജീവി ബഹുമാനം ഒരുവിധത്തിലും കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നുമില്ല.
I am not bothered about the food habits of another person. That is none of my business. That has got nothing to do with my life, food, and work!

Thursday, March 26, 2015

To my silence...

I pick up words
from nowhere...
letting it to get copied and
pasted into this white screen
in front of me...

I fall in love with them
with rolling tears
and with a hiding smile
both speaking
simultaneously...

my fingers tap on the keyboards
without being able to stop,
uncontrollably ...

but I struggle to make a sentence
retyping it again and again
as if working on some unknown language
which keeps vanishing from me...
like the waves wipe out
the words written on the sand pitch
repeatedly...

at last my fingers managed to stop
somewhere, somehow
but before I could read
it got deleted abruptly
just by a touch of my little finger
by mistake...

and
words are flying out of the sentences
one by one
unfolding their wings spread wide
to their sides each
in search of silence....

Tuesday, March 24, 2015

ഒരു 'സ്നേഹാ'പണം!

'ക്ഷമിക്കുക' എന്ന വാക്ക് ചില നേരത്ത്, ചില സന്ദർഭങ്ങളിൽ അതിന്റെ അർത്ഥങ്ങൾ മാറ്റിമറച്ച് നമ്മെ അമ്പരിപ്പിക്കും.
"ക്ഷമിക്കാൻ വേണ്ടി ക്ഷമ പറയൽ" അല്ലെങ്കിൽ "ക്ഷമിച്ചില്ലെങ്കിലും സാരമില്ല" എന്ന് വരുന്ന പരുക്കൻ അർത്ഥം, അതുമല്ലെങ്കിൽ "ക്ഷമിച്ചാലും ക്ഷമിച്ചില്ലെങ്കിലും തൽക്കാലം വേറെ വഴിയില്ല" എന്ന ചൊടിപ്പിക്കുന്ന നിസ്സംഗത, അങ്ങിന പലതിലേയ്ക്കും അതിന്റെ tone മാറ്റിമറയ്ക്കാം.
ക്ഷമ ചോദിയ്ക്കൽ ഏറ്റവും പ്രിയപ്പെട്ടവരോടാവുമ്പോൾ അതു നൽകുന്ന ഊഷ്മളത / ധാർമ്മികത ഒക്കെ ഒരു വശത്തുണ്ടെങ്കിൽ പോലും ക്ഷമ പറയണ്ടതായോ, ക്ഷമിയ്ക്കേണ്ടതായോ കരുതുകയേ ചെയ്യാത്ത ഒരു സന്ദർഭത്തിൽ, അത്തരം അർത്ഥങ്ങളൊയൊക്കെ സൂചിപ്പിയ്ക്കുന്ന ഒരു 'ക്ഷമ' ആകസ്മികമായി കടന്നുവരുമ്പോൾ അതൊരു വല്ലാത്ത നടുക്കമാണ്!
പിരിഞ്ഞുപോകുന്നയത്രയും വേദനയുണ്ടതിൽ. മുള്ളുകുത്തുന്ന മൂർച്ചയുണ്ടതിൽ. പരുഷം കലരുന്ന നോവിപ്പിക്കൽ ഉണ്ടതിൽ.

എന്നേ, ക്ഷമ ചോദിയ്ക്കേണ്ട, ക്ഷമിയ്ക്കേണ്ട അവസ്ഥ സംജാതമായി എന്നൊരന്ധാളിപ്പ്.
തരിപ്പ്,
പിന്നെ തകർന്നടിയൽ.

ശൂന്യം!

വാൽക്കഷ്ണം
ഒന്നും സാരമില്ല.
പക്ഷേ വെറും നിസ്സാരയായ ഞാൻ, എന്താണ് ക്ഷമിയ്ക്കേണ്ടത്?
ക്ഷമിയ്ക്കുന്നു എന്ന വാക്കിനെ മുമ്പെങ്ങുമില്ലാത്തവിധം
സ്നേഹം എന്ന വാക്കിലേയ്ക്കു പരാവർത്തനം ചെയ്താലോ?
എന്നിട്ട് വീണ്ടും തകർന്നടിയട്ടെ!


Sunday, March 15, 2015

മിണ്ടുന്ന 'മിണ്ടായ'കൾ...

മിണ്ടുവാൻ ഒന്നുമില്ല ബാക്കി
എന്നാലുള്ളിലുണ്ടൊരു പറ മിണ്ടാൻ.
മിണ്ടല്ലേ എന്നുള്ളു കേഴുന്തോറും
മിണ്ടുവാൻ തക്കം പാർക്കുന്ന മിണ്ടലുകൾ.

ഇല്ല, ഇനി മിണ്ടുകയില്ല ഞാൻ
ഒരുനാളിലൊരു വാക്കു വീണുകിട്ടും വരെ.
അന്നേ മിണ്ടൂ! അന്നേ ശബ്ദിയ്ക്കൂ.
അതുവരെയീ 'മിണ്ടായ'യിൽ
മിണ്ടാതിരുന്നോട്ടെ ഞാൻ.

മിണ്ടുന്ന നാളു വരുന്നയന്ന് മിണ്ടുവാൻ,
തുടച്ചുമിനുക്കി, തിളക്കം കൂട്ടി
എടുത്തുവെയ്ക്കുന്നുണ്ട് ഒരു വാക്കിനെ.
ഏറ്റവും പുതിയതായി, ഏറ്റവും ആദ്യമായി
ഏറ്റവും സ്ഫുടമായി അന്നതിനെ
എങ്ങിനെ മിണ്ടണമെന്ന്
ഈ മിണ്ടായയിലിരുന്നാലോചിയ്ക്കുന്നുണ്ട്.

എന്നിട്ട്
ഒന്നും മിണ്ടാനില്ലേ എന്ന ചോദ്യം കേൾക്കും വരെ
ഈ മിണ്ടായയുടെ സിമന്റു തേയ്ക്കാത്ത കല്ലു ചുമരിൽ ചാരി,
മിണ്ടായയുടെ ശബ്ദമില്ലാത്ത അകത്തളത്തിൽ,
മിണ്ടുവാൻ തക്കംപാർത്തിരിയ്ക്കുന്ന മിണ്ടലുകളെ
ഓരോന്നായി കഴുത്തു ഞെക്കിപ്പിടിച്ചു മിണ്ടമർത്തിയൊതുക്കി,
ഒരു മിണ്ടലിൽ നിന്നും മറ്റൊരു മിണ്ടായയിലേക്ക്
ദിവസവും മരിച്ചുവീണുകൊണ്ടിരിക്കും.


Thursday, March 12, 2015

എഴുതുയെഴുതി മോഹിപ്പിക്കണം
തുറന്നു തുറന്നു കാണിക്കണം
പറഞ്ഞുപറഞ്ഞ് മടുപ്പിക്കണം
സ്നേഹിച്ചു സ്നേഹിച്ച് കൊല്ലണം

Sunday, March 01, 2015

ചില നേരത്ത്

I

തൊടുത്തുവിട്ട വാക്കുകളെ തിരിച്ചെടുക്കാനാവില്ലല്ലോ
എന്നോർക്കുമ്പോൾ കമട്ടിവരുന്ന ആ കയ്പ്പുള്ള ഉമിനീരാണ്
പഴയ ബ്ലോഗ്പോസ്റ്റുകളേ വായിയ്ക്കുവാൻ തുനിയുമ്പോൾ
ഇറക്കിക്കളയുക. :(

ഒരുപാട് നിയന്ത്രിച്ച്, പിന്നെയും പിന്നെയും വേണ്ടെന്നുവെച്ച്
പണിതുയർത്തിക്കൊണ്ടുവരുന്ന, നമുക്കിടയിലെ മൗനഭിത്തിയാണ്
പെട്ടെന്നൊരു നിമിഷത്തെ ഓർമ്മക്കണ്ണീരിൽ നനഞ്ഞ്
ഒരുനൂറുവാക്കുകളിൻ ഒരായിരം കുമിളകളായി
നിനക്കുമുന്നിൽ ചിന്നിച്ചിതറുക.

ഇനിയുമരുത്, ഇനിയും ചെയ്യരുത്/പറയരുതെന്നാർക്കോ വേണ്ടി
ചേർത്തുറപ്പിച്ചിട്ടുള്ള
ചെയ്തികൾ/വാക്കുകൾ പിന്നെയും പിന്നെയും
അനുസരണയില്ലാതെ ആവർത്തിയ്ക്കപ്പെടുമ്പോഴാണ്
ഞാനെന്നിലെയെന്നെ ഉരച്ചുരച്ച് ചുവപ്പിച്ച, ചവിട്ടിയരച്ച,
ഒരു ചെമ്പരത്തിപ്പൂ എന്ന വ്യാജേന, എന്റെ ചങ്കു തുറന്നുകാണിക്കുക


II

മറന്നുപോയ ഈണം
പറഞ്ഞുതേഞ്ഞ വാക്ക്
മാറാല പിടിച്ച ലോകം
വിരസമായിത്തീരുന്ന ആവർത്തനപ്പട്ടിക.

ദൈവമൊന്നു കണ്ണടച്ചുപോയനേരത്ത്
ഇരുന്നുപഴകുവാൻ കൂട്ടാക്കാത്ത പ്രാണൻ
വഴിവിട്ട സഞ്ചാരം തുടങ്ങി.


III

ഒരു രാഗഞെരമ്പിലോടുന്ന സ്വരം പോലെ
ഒരു കാറ്റത്ത് താഴേയ്ക്കു പറന്നുവീഴുന്ന,
ഒരു തൂവലിലാലേഖനം ചെയ്ത പക്ഷിലോകം പോലെ,
അയത്നലളിതമായി, അത്രമേൽസുപരിചിതമായി
ഓരോ മിടിപ്പിലും ഇറ്റുന്ന ചോരത്തുള്ളികളുമായി
അങ്ങനെ തോന്നിയ ചില നേരങ്ങൾ ....

ഒരിക്കലും തീരുന്നതല്ലെന്നു തോന്നിച്ച നേരങ്ങൾ
ഒരിക്കലും മറക്കുവാനാവാത്തതെന്നും തോന്നിപ്പിച്ച ആ നേരം.
ഒടുവിൽ ഒന്നു തിരിഞ്ഞുനോക്കി പോരുമ്പോൾ
പകുതിയാക്കിവെച്ച സ്വപ്നം മടക്കിയതേപടി
കൂട്ടിലടക്കി തിരികെക്കൊണ്ടുവന്ന അതേ നേരം....


Tuesday, February 03, 2015

തൂക്കുപാലം

ഈ ലോകത്തിൽ ജീവിക്കുന്ന
എല്ലാവർക്കുമുണ്ടാവും, ഓരോ മനുഷ്യർക്കുമുണ്ടാവും
അടക്കിപ്പിടിച്ച സ്വന്തമായൊരു സമാന്തരാന്യലോകം.

രണ്ടു ലോകങ്ങളും കൂടി കൂട്ടിപ്പിണയാതെ
രണ്ടിലും കൂടി ഒരേ സമയത്ത് ജീവിക്കുവാൻ
ഈ മനുഷ്യജീവികൾ
ഇടയ്ക്ക് കെട്ടിയുണ്ടാക്കുന്ന തൂക്കുപാലത്തിന്റെ പേരാണ് ജീവിതം!

ചിലപ്പോഴൊക്കെ,
ആകാശത്തിൽ നിന്നും നേരെ
അദൃശ്യചങ്ങലകളാൽ കെട്ടിത്തൂങ്ങിക്കിടക്കുന്നോ
എന്ന് അതിശയിപ്പിക്കുന്ന,
രണ്ടു ഭാഗത്തും കൈവരികളില്ലാത്ത
അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്ന
തൂക്കുപാലത്തിലെ നടത്തത്തിനിടയിൽ
മനുഷ്യർ അങ്ങോട്ടുമിങ്ങോട്ടും പൊടുന്നനെ ആലിംഗനം ചെയ്യാറുണ്ട്,
നെഞ്ചു കലങ്ങി പൊട്ടിക്കരയാറുണ്ട്,
മഴവില്ലു പോലെ പുഞ്ചിരിക്കാറുണ്ട്,
നിലനില്പിനായി പൊരുതാറുണ്ട്,
മതിവരാതെ പ്രണയിയ്ക്കാറുണ്ട്,
പിന്നെ മരിച്ചു വീഴാറുണ്ട്.

ജീവിതമേ! നിന്നെ തൂക്കിക്കെട്ടിനിർത്തിയിരിയ്ക്കുന്ന
ആ അദൃശ്യ തൂക്കുകയറുകളെ ഞാൻ വിശ്വസിച്ചോട്ടെ?
എന്റെ ആ സമാന്തരാന്യ ലോകത്തേയ്ക്ക്
എന്നെങ്കിലുമെന്നെ നീയെത്തിക്കില്ലേ?

ഞാനിതാ... ഇവിടെ..ഇവിടെ നില്പുണ്ട്!
ഈ വക്കത്ത്..
മേഘക്കുഞ്ഞുങ്ങൾ അങ്ങിങ്ങായി പൊന്തിക്കിടക്കുന്ന
നിലം കാണാത്തത്രയും അഗാധതയിലേക്കു നോക്കി
ചുറ്റുമുള്ള പച്ചക്കാടിന്റെ വന്യതയിലേക്കു ആകർഷിയ്ക്കപ്പെട്ട്
രണ്ടു കൈകളും വിശാലമായി ഇരുഭാഗങ്ങളിലേക്കും നീട്ടിപ്പിടിച്ച്
എന്റെ ഹൃദയം മിടിയ്ക്കുന്ന മിടിപ്പിനെ കാതോർത്ത്...
കണ്ണടച്ച്,
ചിറകുവിരിച്ച്,
ഒറ്റയ്ക്ക്....