കട്ടിലിനോടു ചേർന്ന ജനാലയിലൂടെ അകത്തേയ്ക്കു പരക്കുന്ന സ്വർണ്ണവെളിച്ചത്തിൽ അവളപ്പോഴും തുണ്ടു കടലാസുകളിൽ നിറയേ ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നു.
തോളറ്റം കിടക്കുന്ന, എണ്ണ തൊടാത്ത ചെമ്പൻ മുടിയുമായി വെളുത്ത ഷെമ്മീസിട്ട് വളകളില്ലാത്ത ഒഴിഞ്ഞ കൈകൾ കൊണ്ട് അവൾ കുന്നും പുഴയും മലയും പൂക്കളും മഴവില്ലും പൂമ്പാറ്റകളും ഒക്കെ വരയ്ക്കും. തോന്നുന്നതെല്ലാം വരയ്ക്കും. അതിനൊക്കെ തോന്നുന്ന നിറങ്ങൾ കൊടുക്കും.
എന്നിട്ട് വെയിൽ മങ്ങിയാൽ അവൾ ജനാലയിലൂടെ പുറത്തേയ്ക്കു നോക്കും. ജനാലക്കമ്പി കടിച്ചുപിടിയ്ക്കും. മാലയിടാത്ത കഴുത്തു പൊക്കി മുകളിലേയ്ക്കു നോക്കും. കമ്പിച്ചതുരങ്ങളിലൂടെ വെള്ളനിറമുള്ള ആകാശത്ത് കറുത്ത മേഘച്ചീന്തുകൾ നീങ്ങുന്നത് നോക്കിയിരിയ്ക്കും. പിന്നെ ചിറകു വീശാതെ വട്ടമിട്ടു പറക്കുന്ന പരുന്തിനെ നോക്കും. അവൾ ചെറുവിരൽ കടിച്ചുകൊണ്ടിരിയ്ക്കും.
പിന്നെ കട്ടിലിൽ നീലനിറത്തിലുള്ള വലിയ പൂക്കളുള്ള വിരിയിൽ പതുക്കെ കിടക്കും. അവളുടെ മുഖം പനി കൊണ്ട് തുടുത്തിരിയ്ക്കും. കണ്ണുകൾ വാടിയിരിയ്ക്കും. ഹൃദയമിടിപ്പ് വർദ്ധിച്ചിരിയ്ക്കും.
എന്നാലും കമിഴ്ന്നു കിടന്ന്, തല ചായ്ച് പിന്നെയും അവൾ വരയ്ക്കും.
വരയ്ക്കുന്ന ചിത്രം ഏന്തിവലിഞ്ഞ് ജനാലക്കമ്പിയിലൂടെ പുറത്തേയ്ക്കു കാണിയ്ക്കും. ചിത്രങ്ങളോരോന്നായി കടലാസിൽ നിന്നും പറന്ന്, മിറ്റം മുഴുവൻ കുന്നും മലയും പൂക്കളും പുഴയും മഴവില്ലും നിറയും. അവയെല്ലാം അവൾക്കു മാത്രമുള്ള ഭാഷയിലവളോട് വർത്തമാനം പറയും. അവൾ ചിരിയ്ക്കും.
അവർക്കേ അവളുടെ ഭാഷ അറിയൂ... അവൾക്കേ അവർ പറയുന്നതു മനസ്സിലാവൂ...
അവരുടെ ശബ്ദം മാത്രമേ അവൾക്കു കേൾക്കാനാവൂ...
വീണ്ടും അവളുടെ മുഖം പനി കൊണ്ട് തുടുക്കും. കണ്ണുകൾ വാടും.
എന്നാലും പിന്നേയുമവൾ വരയ്ക്കും ചിത്രം. കോലു പോലുള്ള രണ്ടു കയ്യും, രണ്ടു കാലും, വട്ടത്തിലൊരു തലയും. ഒന്ന് മീശ വെച്ച് ഉയരത്തിൽ, പിന്നൊന്ന് പുള്ളികളുള്ള സാരി ചുറ്റി, അതിനടുത്ത് ഇനിയൊന്ന് പകുതി ഉയരത്തിൽ ബർമൂഡയും ടീഷർട്ടുമിട്ട് കുറ്റിമുടിയിൽ, അതിനു തൊട്ടടുത്ത് കൈപിടിച്ചുകൊണ്ട് സ്കേർട്ടിട്ട് രണ്ടു ഭാഗത്തും പോണിടെയിൽ കെട്ടി ഏറ്റവും ചെറുത്...
ആ ചിത്രമവൾ നിറങ്ങളിൽ മുക്കി തലയിണയ്ക്കടിയിൽ എടുത്തുവെയ്ക്കും.
രാത്രിയായാൽ അവൾക്കിഷ്ടം കിടന്നുകൊണ്ട് ജനാലക്കമ്പികൾക്കിടയിലൂടെ ആകാശത്തിലുള്ളത്രയും നക്ഷത്രങ്ങളെ എണ്ണിനോക്കാനാണ്.
അവൾക്കു ശരിയ്ക്കും എണ്ണാനറിയുമോ ആവോ... എന്നാലും എണ്ണും, എന്നിട്ട് പനി കൊണ്ട് കണ്ണുനീരൊലിയ്ക്കും.
അവസാനം എണ്ണിയെണ്ണി തീരാതെ അവളറിയാതെ അവളുടെ കണ്ണുകൾക്കു പനിയുടെ ക്ഷീണം താങ്ങാനാവാതെ പതുക്കെ പതുക്കെ, തോളറ്റം മുടിയുള്ള തല കിടക്കയിലേയ്ക്കു ചാഞ്ഞുവീഴും.
അപ്പോൾ നിലാവത്ത് അവൾ വരച്ച ചിത്രങ്ങളൊക്കെ ഉണർന്നു വന്ന് അവൾക്കു താരാട്ടുപാടി കൊടുക്കും. അവർക്കേ അവൾ കേൾക്കുന്ന ശബ്ദമുണ്ടാക്കാനറിയൂ. അവൾക്കേ അവരുടെ ശബ്ദം കേൾക്കാനാവൂ.
പിന്നെ ആകാശത്തു നിന്നും ചന്ദ്രനും, നക്ഷത്രങ്ങളായ നക്ഷത്രങ്ങളൊക്കെയും ഇറങ്ങി വന്ന് ജനാലവാതിലിന്റെ ചില്ലിൽ ഒരു ചെറിയ ആകാശമുണ്ടാക്കും. ജനാലയുടെ കമ്പികളിൽ നിലാവിന്റെ തണുപ്പു തട്ടിയ ഈർപ്പം തുള്ളികളായി വീഴാറായി നില്ക്കും.
അവൾ ഉറക്കത്തിലേയ്ക്കു വഴുതി വഴുതി വീഴും. ശ്വാസോച്ഛ്വാസം ഉച്ചത്തിലാവും.
അവളുടെ ഉള്ളിലെ പുറത്തുവരാത്ത ശബ്ദം അവൾ കാണുന്ന ഒരു സ്വപ്നമാവും.
ആ സ്വപ്നത്തിൽ അവളിൽ തുടിയ്ക്കുന്ന ഭാഷ ചിത്രങ്ങളുള്ള വർണ്ണശലഭങ്ങളായി പാറിനടക്കും.
അപ്പോൾ ശബ്ദങ്ങൾ അവളെ കാണും! മൊഴികളവളെ കേൾക്കും!
അപ്പോഴേയ്ക്കും കൊച്ചു മുടിയിഴകൾ തുടുക്കുന്ന മുഖത്തേയ്ക്കു പാറിവീണിട്ടുണ്ടാകും.
അവളുടെ ഷെമ്മീസ് മുട്ടിനുമീതെ കേറി, നീലനിറത്തിലുള്ള വലിയ പൂക്കളുള്ള വിരിയിൽ, അവളുടെ തണുത്തുപോയ കാലുകൾ നീണ്ടുകിടക്കുന്നുണ്ടാകും, പുതയ്ക്കാതെ.
കിടക്ക നിറച്ചും തുണ്ടുകടലാസുകൾ പല നിറങ്ങളിൽ ചിതറിയിരിയ്ക്കും.
ആ നേരത്ത് ആ തണുത്ത ജനാലക്കമ്പികൾക്കിടയിലൂടെ അകത്തേയ്ക്കു നോക്കുകയാണെങ്കിൽ കാണാം
അടഞ്ഞുകിടക്കുന്ന കണ്ണുകളിൽ നിന്നും, ജനാലക്കമ്പിയുടെ നിഴൽ പതിയ്ക്കുന്ന കവിളിലേയ്ക്കപ്പോഴും ഒലിയ്ക്കുന്ന, നീലവെളിച്ചത്തിൽ ശബ്ദമില്ലാതെ തിളങ്ങുന്ന നക്ഷത്രമണിമുത്തുകളേ...
പൊള്ളുന്ന പനിയിലും ഉതിരുന്ന നക്ഷത്രമണിമുത്തുകളേ.
ശബ്ദമില്ലാത്ത, ഭാഷയില്ലാത്ത, നീലവെളിച്ചത്തിൽ തിളങ്ങുന്ന പളുങ്കുമണികളേ.
അവളുടെ കണ്ണുനീരിനെ...
6 comments:
വല്യമ്മായി തന്ന ഇൻസ്പിരേഷനിൽ കുത്തിക്കുറിച്ചിട്ട ഒരു പോസ്റ്റ്.
:)
പുതിയ പോസ്റ്റുകളൊക്കെ ഇന്നാണ് കണ്ടത്.തിരിച്ച് വരവ് ചെറിയ വരികളിലുടെയാണല്ലോ :)
വല്യമ്മായീ...
ഈ ലിങ്കൊന്നു നോക്കാമോ.
http://ariverofstones.blogspot.com/p/join-us.html
പിന്നെ http://writingourwayhome.ning.com/profiles/blogs/how-to-write-small-stones
ഇവിടേയും പോയി വായിച്ചു തുടങ്ങിയതിനു ശേഷം മലയാളത്തിൽ എഴുതിനോക്കാനൊരു കമ്പം, ഇപ്പൊ ഇതിൽ കുടുങ്ങി കിടക്കുകയാണ്, എങ്ങനെ കരകയറണമെന്ന് ഒരു വിവരവുമില്ല.. :-)
എത്രകാലം പോവുമെന്ന് നോക്കാം എന്നു വിചാരിച്ചിരിയ്ക്കുകയാണ്.
ആ ലിങ്ക് കണ്ടിരുന്നു,പക്ഷെ ഇംഗ്ലീഷില്‍ അല്ലാതെ അതില്‍ പങ്കെടുക്കാന്‍ പറ്റുമൊ? എന്തായാലും നന്നായി മിന്നായം പോലെ വരുന്ന് ചിന്തകള്‍ക്ക് പലതും നമ്മൊട് പറയാനുണ്ടാകും,മറന്ന് പോകാതെ കുറിച്ച് വെക്കുക :)
അതെ, അതിൽ പങ്കെടുക്കാൻ ഇംഗ്ലീഷിൽ തന്നെ വേണമെന്നുണ്ടാവും വല്യമ്മായീ.
എന്തായാലും ഇത് എഴുതുന്നതിൽ ഒരു ത്രിൽ ഉണ്ട്.. :-)
‘മറന്നുപോകാതെ കുറിച്ചിടാനുള്ള‘ ഒരു ത്രിൽ.
Post a Comment