Thursday, August 02, 2012

വല്ല്യമ്മ

വല്യമ്മ.

വല്യമ്മ എന്നു ഓർമ്മിയ്ക്കുമ്പോൾ തിടുക്കത്തില്‍ ഓടി വരുന്ന ഒരു ചിത്രം, വാതിൽ മുട്ടുമ്പോൾ, വേച്ചുവേച്ച് നടന്ന് വന്ന് ആരാവും? എന്ന ഭാവത്തില്‍ വാതിൽ തുറക്കുന്ന ക്ഷീണിച്ച ഒരു മുഖമാണ്.

അന്ന് വല്യമ്മ മരിച്ചു എന്ന വിവരം പറയുമ്പോൾ “അമ്മ“ ഒട്ടും വൈകാരികതയിൽ ആയിരുന്നില്ല സംസാരിച്ചിരുന്നത്. വന്നുകൊണ്ടിരിയ്ക്കുന്ന വിളികൾക്കുള്ള മറുപടികളൂടേയും, വിവരം വിളിച്ചു പറയുകയും, ബാക്കി ചെയ്യാനുള്ള കാര്യങ്ങളുടേയും ഉത്തരവാദിത്തങ്ങളുടെ തിരക്കിലായിരുന്നു അമ്മ.

ഈ അമ്മയും വല്യമ്മയും ഒരു ദേശത്തെ, ഒരേ കുടുമ്പത്തിലേയ്ക്കു ഒരിയ്ക്കൽ -ഏകദേശം പത്തമ്പത് വർഷങ്ങൾക്കു മുൻപ്- ആ കുടുംബത്തിലെ സഹോദരന്മാരുടെ ഓരോരുത്തര്‍ക്കുമുള്ള വധുമാരായി-  മൂത്ത സഹോദരന്റെ വധുവായി ആദ്യം ‘വല്ല്യമ്മയും‘, ഇളയ സഹോദരന്റെ വധുവായി  പിന്നീട് ‘അമ്മയും‘ - സമീപപ്രദേശങ്ങളില്‍ നിന്നും വന്നു കയറിയ സ്ത്രീകളാണ്.
പിന്നീടവർ രാപ്പകൽ അടുക്കളയിലും, പറമ്പിലുമൊക്കെ പണിയെടുത്തും, കുട്ടികളെ പ്രസവിച്ചും, അവരെ കുളിപ്പിച്ചും വളർത്തിയും, ഭർത്താവിന്റെ അമ്മയെ നോക്കിയും, ഭർത്താക്കന്മാരുടെ പിടിവാശികളെ കേട്ടും, അനുസരിച്ചും പതുക്കെ പതുക്കെ അതാതു കുടുംബങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത അവയവങ്ങളായി മാറുകയായിരുന്നു. ഒരു പത്തമ്പത് വര്‍ഷക്കാലം കൊണ്ട്  കുടുംബം കൂട്ടി ഘടിപ്പിച്ചെടുക്കുന്ന, തഴക്കം ചെന്ന കണ്ണികളായി അനായാസേന മാറി അവര്‍.

വിവാഹശേഷം ഭർതൃഗൃഹത്തിലെ ഓരോരുത്തരെയായി 'അമ്മ' പരിചയപ്പെടുത്തുമ്പോൾ, വല്യമ്മ അന്നവിടുത്തെ ഏറ്റവും ഊർജ്ജസ്വലയായ ഒരു സ്ത്രീയായാണ് ഞാന്‍ കാണുന്നത്. കുടുമ്പത്തിലെ എല്ലാവരുടേയും ഏട്ത്ത്യേമ്മയും, (മൂത്ത സഹോദരന്റെ ഭാര്യ) കുട്ടികൾക്കൊക്കെ  വല്യമ്മയും ആയ,  ഇരുണ്ട നിറത്തിൽ, ഒട്ടും നര ബാധിയ്ക്കാത്ത നീളത്തിൽ മുടിയുള്ള, (അതെപ്പോഴും കെട്ടിവെച്ചുകൊണ്ടേ കണ്ടിട്ടുള്ളു),  എന്തിനും അഭിപ്രായങ്ങളുള്ള, അതോടൊപ്പം പ്രതികരിയ്ക്കുകയും ചെയ്യുന്ന ഒരു സ്ത്രീ.
സാരിയുടുക്കുന്ന വല്ല്യമ്മയെ ഞാന്‍ കണ്ടിട്ടില്ല. എപ്പോഴും, അശ്രദ്ധമായി ഉടുക്കുന്ന, നേര്‍ത്ത കരയുള്ള മുണ്ടും വേഷ്ടിയുമാണ് വേഷം.
വിവാഹനാളില്‍ എന്തുകൊണ്ടോ എനിയ്ക്കു വല്യച്ഛനെ അന്ന് കാണാൻ സാധിച്ചിരുന്നില്ല. വല്യച്ഛൻ അന്ന് ഓടിനടക്കുന്ന കാലമാണ്. തിരക്കുകളിൽ നിന്നും തിരക്കുകളിലേയ്ക്ക്... കുറേയധികം ബന്ധങ്ങളും, സമൂഹത്തിൽ നിറയേ പരിചയങ്ങളും കാത്തുസൂക്ഷിച്ച് വെയ്ക്കുന്ന ഒരു സഞ്ചാരിയയാണ് ഞാൻ ആദ്യമായി,  അന്നത്തെ വെളുത്തു നെഞ്ചു വരെ നീളത്തില്‍ താടിയുള്ള, ആ വല്യച്ഛനെ പരിചയപ്പെടുന്നത്.

പിന്നീട് കുറെ കഴിഞ്ഞാണ് ഇവരെയൊക്കെ കുറച്ചെങ്കിലും അടുത്തറിയുന്നത്. അന്ന്, കൃത്യം ഓര്‍തെടുക്കാമെങ്കില്‍, അമ്മുവിന്റെ പ്രസവകാലത്ത്,  ദിവസവും രാവിലെ അമ്പലത്തിൽ നിന്നും വരുന്ന വഴി,  വല്യമ്മയുടെ അടുത്ത് കുറച്ചധികം സമയം തന്നെ ഞാൻ ചിലവഴിയ്ക്കാറുണ്ടായിരുന്നു. അക്കാലത്ത് അറുപതുകളുടെ തുടക്കങ്ങളില്‍ എത്തിനിന്നിരുന്ന വല്യമ്മ,  പുലർച്ചെ നാലു മണിയ്ക്കു തന്നെ എഴുന്നേറ്റ്,  തേവരേയും പിന്നെ ശാസ്താവിനെയും ഭഗവതിയെയും തൊഴുത് എല്ലാവിധ  വീട്ടുത്തരവാദിത്തങ്ങളും ചെയ്തു തീർത്ത്, എണ്ണമയമുള്ള മുടി മുകളിലേയ്ക്കു വെറുതെ കെട്ടിവെച്ച് നെറ്റിയിൽ ചന്ദനപ്പൊട്ടുമായി നിൽക്കുന്നുണ്ടാവും, തൊഴുത് ഞാനെത്തുമ്പോഴേയ്ക്കും.
ഒരുപക്ഷേ അന്നത്തെ വല്ല്യമ്മയുമായുള്ള വർത്തമാനങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നത് ഒരു കുടുമ്പത്തെ മുഴുവനുമായിരുന്നു. അതിന്റെ ഏണും കോണുമായിരുന്നു.

വല്യമ്മയുടെ സ്വന്തം മക്കളുടേയും, ‘അമ്മ‘യുടെ അന്നത്തെ ജീവിതത്തേയും, അമ്മയുടെ ‘മക്കളുടേയും‘  അവരുടെ കുട്ടിക്കാലങ്ങളെയും വല്യമ്മ ഓർത്തെടുക്കും. ദിവസവും.
വർത്തമാനം പതുക്കെ പതുക്കെ വല്ല്യമ്മയിൽ ആവേശം ഉണർത്തും. വല്ല്യമ്മയുടെ ശബ്ദം ഒരു നാടൻ തൃശ്ശൂർ ശൈലിയിൽ ആ വീട്ടിൽ മുഴങ്ങും. ആ മുഖത്തുനിന്നും വർത്തമാനങ്ങളിൽ നിന്നും സ്വന്തം ഇളയ പുത്രനോടുള്ള പ്രത്യേക വാത്സല്യം പലപ്പോഴായി എനിയ്ക്ക് വായിചെടുക്കാനായിട്ടുണ്ട്. .

അന്ന്‍, ഒരു പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ്,  അമ്മ സ്ക്കൂളിൽ ടീച്ചറായി ജോലി ചെയ്തിരുന്ന കാലം. ദൂരസ്ഥലങ്ങളിൽ പോയി ജോലി ചെയ്തിട്ടുണ്ട് കുറേ കാലം അമ്മ. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ കുട്ടികൾ എന്തു ചെയ്യുന്നുവെന്നോ,  അവരെ ശാസിയ്ക്കാനോ, ലാളിയ്ക്കാനോ അല്ലെങ്കിൽ അവർ ശരിയാം വണ്ണം പഠിയ്ക്കുന്നുണ്ടോ എന്നു നോക്കലും ആയിരുന്നില്ല, മറിച്ച് അമ്മയെ കാത്തിരുന്നിരുന്നത്, കുട്ടികള്‍ക്ക് പകരം വീട്ടിലെ അന്നന്നു ചെയ്തു തീര്‍ക്കാനുള്ള ജോലികളാരുന്നി.. അമ്മ അന്നും ഒരു പണിയിൽ നിന്നും മറ്റൊരു പണിയിലേയ്ക്കു നിരന്തരം ഒഴുകിക്കൊണ്ടിരിയ്ക്കുന്ന ഒരമ്മയായിരുന്നു, (അതു ഇന്നും അതെ.)
വല്ല്യമ്മയുടെ   സാന്നിദ്ധ്യം അവിടെ  തന്നെ ഉള്ളതുകൊണ്ടാവാം, വല്യമ്മയായിരുന്നു കുട്ടികളുടെ കളികളും, അതിലെ വഴക്കുകളുമെല്ലാം നേരിട്ടറിയുന്നതും, കാണുന്നതുമെല്ലാം. അതുകൊണ്ടുതന്നെ പ്രതികരിയ്ക്കാറുള്ളതും, ഇടപെടാറുള്ളതും വല്ല്യമ്മ തന്നെയായിരുന്നു. ഒരുപക്ഷേ അതെല്ലാം മറ്റാരേക്കാളും കൂടുതൽ ഓർത്തെടുക്കുന്നതും വല്യമ്മ തന്നെയാവും.                                                    

എന്നാല്‍ വല്ല്യംമയോട് അങ്ങോട്ടുള്ള എന്റെ ഒട്ടുമിക്ക സംഭാഷണങ്ങളും കൂടുതലായും ആരോഗ്യകാര്യങ്ങളിലും, പിന്നെ ഒട്ടും ആഴങ്ങളിലേയ്ക്കു കയറിചെല്ലാത്ത മുകൾ പരപ്പുകളിലും മാത്രം ഒതുങ്ങിനിന്നിരുന്നു. പ്രതികരണങ്ങളുടേയും, ഓർമ്മകളുടേയും, ആരോഗ്യവിഷമങ്ങളുടേയുമൊക്കെ വിവിധ കോണുകളിലേയ്ക്കു അറിയാതെ പരക്കുന്ന വല്യമ്മയുടെ ഏറിയും കുറഞ്ഞുമിരിയ്ക്കുന്ന വികാരസ്രോതസ്സുകളുടെ ഒരു കേൾവിക്കാരിയായി മാത്രമായി ഞാൻ നിന്നുകൊടുത്തിരുന്നു. അതിൽ കൂടുതലൊരു ബന്ധം സ്ഥാപിച്ചെടുക്കാനോ, കൂ‍ടുതൽ വിസ്തൃതികളിലേയ്ക്കു കടന്നു ചെല്ലാനോ എന്റെ ഭാഗത്തു നിന്നോ വല്യമ്മയുടെ ഭാഗത്തുനിന്നുമോ പ്രത്യേകിച്ചു ശ്രമങ്ങളോന്നും ഉണ്ടായിട്ടില്ല. എന്നാലും അവധിക്കാലങ്ങളിലെ കുറച്ചു ദിവസങ്ങളിൽ, വളരെ കുറച്ചു നേരങ്ങളിലെ മാത്രം കണ്ടുമുട്ടലുകളിൽ നിന്നും അല്ലെങ്കിൽ കുറച്ചു നേരങ്ങളിലെ പങ്കുവെയ്ക്കലുകളിൽ നിന്നും ഉടലെടുക്കാവുന്ന വളരെ സ്വാഭാവികമായ ഒരടുപ്പം...
ഭര്‍തൃകുടുംബത്തിലെ, അവരുടെയൊക്കെ വല്യമ്മ എന്ന ബന്ധം...                  
അതുമല്ലെങ്കില്‍ പത്തെഴുപതു വർഷക്കാലങ്ങളുടെ പലവിധ അനുഭവങ്ങളിലൂടെ കടന്നുപോയി, ഒടുക്കം ജീവിതത്തിനു ഒരവസാനം കണ്ടെത്തിയ സ്ത്രീജീവിതം!

കുട്ടികൾക്കു വേണ്ടിയും, ഭർത്താവിനു വേണ്ടിയും, അവനവനു വേണ്ടി കൂടിയും ജീവിച്ചു തീർത്ത്, നിസ്സാരമായ ഒരു വീഴ്ച എന്ന കാരണത്തിലൂടെ ജീവിതമെന്ന പുസ്തകം അടച്ചു വെയ്ക്കുമ്പോൾ, ഒരു ജീവിതം ബാക്കിവെയ്ക്കുന്നത് ഒരുപിടി ഓർമ്മകളും, കാതിലും കണ്ണിലുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന ശബ്ദരൂപങ്ങളും മാത്രമാണെന്നോർമ്മിയ്ക്കുകയാണ്. പലപ്പോഴും ഒരാളുടെ സാന്നിദ്ധ്യത്തേക്കാളും, അയാളുടെ അസാന്നിദ്ധ്യം അയാളെ കൂടുതൽ മനസ്സിലാക്കിപ്പിയ്ക്കുന്നു, ഓർമ്മിപ്പിയ്ക്കുന്നു, കൂടെയുണ്ടായിരുന്നെങ്കിൽ എന്നാശിപ്പിയ്ക്കുന്നു...  ഒരുപക്ഷേ മരിയ്ക്കുന്നത് യഥാ സമയങ്ങളിലായിരിയ്ക്കാമെങ്കിലും, മരണത്തെ മനസ്സിലാക്കുമ്പോഴേയ്ക്കും സമയം വളരെ വൈകിപ്പോയിരിയ്ക്കും.                                                
ഭാര്യ ആദ്യം യാത്രയാകുമ്പോൾ, പലപ്പോഴും ഒറ്റപ്പെടലുകളെ കണ്ടുമുട്ടി തുടങ്ങുന്ന ഒരാളായി വല്ല്യച്ഛൻ ഇനിയും മാറിയിട്ടില്ലെന്നാശിയ്ക്കാം.  വല്ല്യമ്മയും വല്ല്യച്ഛനുമായുള്ള ബന്ധം എന്തെന്ന്, അതിന്റെ അര്‍ത്ഥം എന്തെന്നും അവർ തന്നെ പരസ്പരം തിരിച്ചറിഞ്ഞത് ഒരുപക്ഷേ വല്ല്യമ്മയുടെ ഈ അവസാനകാലത്തായിരിയ്ക്കാം. വയ്യ എന്നു സ്വയമുറപ്പിച്ച്,  ഒട്ടും ഒരു രോഗബാധിതനൊന്നുമല്ലാതിരുന്നിട്ടും തീർത്തും കിടപ്പിലായിരുന്ന വല്ല്യച്ഛൻ, വല്ല്യമ്മ കിടപ്പിലായപ്പോൾ, പലപ്പോഴും കൂടെ ചെന്നിരിയ്ക്കാനും, എപ്പൊഴോ ഒരിയ്ക്കൽ വല്ല്യമ്മയ്ക്കു ഭക്ഷണം കൊടുക്കുക വരെ ഉണ്ടായി എന്നു ക്കേൾക്കുമ്പോൾ, വല്ല്യച്ചാന്റെ പഴയകാലങ്ങളിലെ കേട്ടുകേൾവിയിലെ രൂപം- എന്നും വീട്ടിലെത്തുമ്പോൾ ദേഷ്യം മൂക്കത്തുവന്നു നിൽക്കുന്ന ആ രൂപം- ഓര്‍ത്ത് പോകാതെ വയ്യ!
തിരക്കുകളിൽപ്പെട്ട് വല്ല്യച്ഛനും, വല്ല്യച്ഛനോടുള്ള പ്രതീക്ഷകൾക്കും, കുട്ടികളോടുള്ള ഉത്തരവാദിത്തങ്ങളിലും പെട്ട് ഉഴറിയിരുന്ന വല്ല്യമ്മയും, പണ്ടത്തെ കാലത്ത് സാധാരണമായിരുന്ന പ്രകടിപ്പിയ്ക്കപ്പെടാത്ത  ഭാര്യാഭര്‍താക്കന്മാര്‍ക്കിടയി ലുള്ള “ പരസ്പര സ്നേഹം“ ഉള്ളില്‍ കൊണ്ടുനടന്ന്, ഒടുവിൽ അത് തിരിച്ചറിയപ്പെടാൻ വൈകിപ്പോയോ എന്ന ഒരു സംശയം ബാക്കിവെച്ചിട്ടാണ് വല്ല്യമ്മ വാസ്തവത്തിൽ ഈ ലോകം വിട്ടുപോയത്  എന്ന് തോന്നുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.                                                                                               
എനിയ്ക്ക് വ്യക്തിപരമായി വല്ല്യമ്മയെ അറിയാവുന്ന ഭാഗങ്ങള്‍, വിവാഹ ശേഷം, അമ്പലങ്ങളിൽ ‘അമ്മ‘ കൊണ്ടുപോകുമ്പോൾ കൂട്ടു വന്നിരുന്ന വല്ല്യമ്മ, ഒട്ടും മറയില്ലാതെ സംസാരിച്ചിരുന്ന വല്ല്യമ്മ, അവധികാലങ്ങളിൽ കിട്ടാറുള്ള കുറച്ചു നേരത്തെ ഇടപെടലുകൾ,  ഇത്രയൊക്കെയെയുള്ളു.
ഇതുപോലെ ഒരിയ്ക്കൽ, അത്രയൊന്നും അടുത്തിടപെഴകിയിട്ടില്ലാത്ത വല്ല്യമ്മയെ കുറിച്ചിങ്ങനെയൊരു കുറിപ്പെഴുതുമെന്ന് ഒരിയ്ക്കലും വിചാരിച്ചതല്ല. അതുപോലെ തന്നെയാണ് വല്ല്യമ്മയുടെ വിയോഗവും. തൊട്ടു മീതെയുള്ള അമ്മിണി ഓപ്പോളുടെ മരണശേഷം , ഒരു തരം മരണഭീതി പാടെ  തളര്‍ത്തിക്കളഞ്ഞ വല്യച്ഛനും മുന്‍പേ ഉണ്ടായ വല്ല്യമ്മയുടെ ഈ വേര്‍പിരിയല്‍ തീത്തും അവിചാരിതമായിരുന്നു.

 വല്യമ്മ സ്വന്തം മക്കളെയും, പുതുക്കിപ്പണിത വീടിനെയും, വന്നുകയറിയ ദേശത്തെയും, തൊട്ടപ്പുറത്തെ  അമ്പലത്തെയും, വീടിനു ചേര്‍ന്നുതന്നെ നിലക്കുന്ന ആൽമരത്തെയും വിട്ടുപിരിഞ്ഞിട്ട് ഒരു കൊല്ലം!

വന്നുകയറിയ  ദേശത്ത് തന്നെ, വീട്ടുവളപ്പില്‍ ഉറങ്ങുന്ന വല്ല്യമ്മയുടെ അവസാനനാളുകളിലെ വേദനയുടെ നെടുവീര്‍പ്പുകള്‍ ആ  വീട്ടിലെ 'ഒരു മുറിയിലെ' ചുമരുകളില്‍ ഇപ്പോഴും ഉണ്ടാവണ്ടതാണ്...