Saturday, April 06, 2013

എന്റെ കണ്ണാ!



കണ്ണനെന്ന പദത്തിന് സ്ത്രീകൾ കൽപ്പിച്ചിരിയ്ക്കുന്ന അർത്ഥം സ്നേഹമെന്നാവുമോ? അതേക്കുറിച്ചറിവില്ല. മാത്രവുമല്ല സ്ത്രീകളും കുട്ടിക്കണ്ണനും തമ്മിലുള്ള ബന്ധം ഒരുതരം ആവർത്തനവിരസതയാണുണ്ടാക്കാറുള്ളത്. ഒരു പരമബോറൻ നാടകം!


പക്ഷേ...
ആ പദത്തിന് നെഞ്ചോടു ചേർക്കുന്ന ഒരടുപ്പം കിട്ടുന്നു, സ്വാതന്ത്ര്യം, അവകാശം ഒക്കെ കൂട്ടിക്കിട്ടുന്നു.

Tuesday, April 02, 2013

വീണുകിട്ടിയ ഒരു വിസ്മയം.

തുറന്നു വെച്ചൊരു സ്നേഹാകാശത്തിൻ ചോട്ടിൽ
സ്നേഹമഴ കൊണ്ടു നനഞ്ഞു കുതിരുമ്പോൾ
അറിയാതെ, മെല്ലെയെപ്പൊഴോ
ഒരു സ്നേഹക്കുട നീട്ടിയ,
എന്റെ വിസ്മയം.
നമ്മുടെ വിസ്മയം.

സൂചിമുനകളാകുന്ന മൗനമൂർച്ചകൾ,
അതിലും മുന കൂർത്ത കണ്ണുനീർത്തുള്ളികൾ
അര നിമിഷം കൊണ്ടു കുട്ടികളാക്കുന്ന
സ്നേഹപ്പൊതികളാം കളിയുമ്മകൾ,
ഒരേ നിമിഷം, ഒരേ മിടിപ്പിൽ, ഒരേപോലെ
കൈമാറുന്ന വിചാരകൗതുകങ്ങൾ...
ഒന്നിച്ചലിഞ്ഞലിഞ്ഞുപോകുന്ന
ഒരേ വിസ്മയം, ഒരേ ഹൃദയം.

വിസ്മയങ്ങളെല്ലാം കൂട്ടിവെച്ചൊരുനാൾ,
അതിന്റെ വാലിൽ തൂങ്ങിയാടി,
നമുക്കും പറക്കണം, സ്നേഹത്തൂവലുകളൊതുക്കി
ഒരേ ജനാലയിലൂടെ, ഒരേ ചില്ലയിലേയ്ക്ക്.
ഒരേ മണമള്ളൊരു കുട്ടിക്കുപ്പായം തേടി,
ഒരേ ഏകാന്തതയുടെയൊരു പനിപ്പടവു തേടി...

അവിടെ ഇന്നുമുണ്ടാവണം
എങ്ങനെയോ 

കാലംമാറി, വയറുമാറി
ഒരേ നാളിൽ ജനിച്ചുവീണ
ഒന്നിച്ചു കരഞ്ഞു ചിരിയ്ക്കുന്നൊരു
വള്ളി ട്രൗസറിട്ട അനിയനും
വെളുത്ത ഷെമ്മീസിട്ട ഒരു ഓപ്പോളും!

ലോകം തന്നെയൊരു കോമാളിയായിത്തീരുന്ന,
ഈ സ്നേഹമൗനത്തിൽ കൂപ്പുകുത്തിവീണ്,
നമ്മെ വന്നു വിസ്മയിപ്പിയ്ക്കാറുള്ള
ഈ വിസ്മയം എപ്പൊഴെങ്കിലുമൊന്നു
മൂക്കത്തു വിരൽ വെച്ച്
വിസ്മയിച്ചൊടുങ്ങട്ടെ!
ഹൃദയം നൊന്തു നീറട്ടെ!
തലതല്ലി ചത്തുമലയ്ക്കട്ടെ!

എന്നിട്ടെന്നും നമുക്കായ്
വിസ്മയം പതിവിൽക്കൂടുതൽ വിസ്മയിയ്ക്കും.
വെളിച്ചം പതിവിലേറെ വെളിച്ചവും കൊണ്ടുവരും.
സ്നേഹം എന്നുമെന്നും സ്നേഹിയ്ക്കും...