Thursday, October 24, 2013

മണ്ണിന്റെ ശരീരത്തിലേയ്ക്ക്....

ഒരുനാളൊരുനാളൊരു
വേനൽസ്സൂര്യന്റെയുച്ചച്ചൂടിന്നുരുക്കത്തിൽ
മൺതരിവിടവിലൂടിറ്റു വീണൊരു തുള്ളിയാൽ
ഞെട്ടിപ്പിടഞ്ഞു കൺപോള മെല്ലെത്തുറന്നപ്പോൾ,

കാലത്തിൻ പടുകുഴിയിലെങ്ങോ മിന്നിത്തിളങ്ങും
നിമിഷാർദ്ധങ്ങളിലെപ്പൊഴോ പറന്നുവന്നു,
സ്വന്തമെന്നാലെന്തെന്നെന്റെ തോളിലിരുന്നു
കഴുത്തിൽ കൊക്കുരുമ്മാതെ,
കാതിൽപ്പറഞ്ഞുതന്ന നിന്റെ
തൂവൽന്നിറത്തെയോർമ്മിച്ചു പോകുന്നുവോ ഞാൻ?

അതോ
നീയന്നു  വിരിച്ചിട്ട തണൽപ്പായയിൽ
അടർന്നുവീണൊരഞ്ചിതൾപ്പൂവിൻ ഗന്ധം
കണ്ണടച്ചോർത്തുനോക്കുന്നുവോ ഞാൻ?

നിന്നിലേയ്ക്കുമെന്നിലേയ്ക്കുമൊരേ ദൂരമാണെന്നു
നിന്റെ വഴിയോരങ്ങളെന്നോടു പറയാഞ്ഞിട്ടും
ശബ്ദത്തരി കൊണ്ടും, വാക്കിൻ മൂർച്ച കൊണ്ടും
ദൂരമളക്കാതെ നീയെന്നുമൊരറ്റത്തു, തിരിഞ്ഞുനിന്ന്
എന്നെയോർത്തെടുക്കുന്നതെങ്ങനെയാവുമെന്ന്,
നാമിരുന്നിരുന്ന രണ്ടിരുപ്പിടങ്ങൾക്കിടയിലെ
ദൂരം നോക്കിയാലോചിച്ചുപോയിരുന്നുവോ
അന്നു ഞാൻ?

നിന്റെ കാഴ്ചയെ ഞാൻ നോട്ടം കൊണ്ടു പിടിച്ചെടുത്തപ്പോൾ
നിന്റെ വിരൽത്തുമ്പുകളെന്നെ തൊട്ട പാടു മാഞ്ഞപ്പോൾ
നിന്റെ കവിളുകോരിയെടുത്തതിലെൻ ചുണ്ടു പതിയാതൊളിച്ചപ്പോൾ
നിന്റെ മുടിയിഴക്കരുത്തിലെൻ വിരൽ തട്ടാതെ പോയപ്പോൾ
നിന്റെ കൈപ്പുറത്തിലെൻപ്പുടവത്തുമ്പുരസാതെ മാറിയപ്പോൾ
എന്നെപ്പോലെ നീയുമന്നോർത്തിരുന്നുവോ
നാം തമ്മിൽ പരിചയമേയില്ലാത്തവരാകുന്നുവല്ലോയെന്ന്?
(അതോ
നാമെന്നേ പരിചയമുള്ളവരാകുന്നുവല്ലോയെന്നോ? )

******                       ******                          ******

നീയെഴുതിത്തീർക്കാത്ത കവിതക്കൂട്ടിൽ നിന്നുമൊരുവാക്കു
ഞാനെൻ നിഘണ്ടുവിലേയ്ക്കെടുത്തുവെച്ചിട്ടുണ്ടായിരുന്നു.
ഒരിയ്ക്കലും വായിച്ചു മുഴുവനാക്കാതെയാ വാക്കിനെ
കയ്യിൽത്തടഞ്ഞൊരു താളിലേയ്ക്കൊളിപ്പിച്ചുവെച്ചിരുന്നു.

നിനക്കുമെനിയ്ക്കുമിടയിലാ വാക്കില്ലാതെപോയെന്നു
ധരിച്ച്
വെയിലും മഴയും  പുണർന്നുവന്നീ മണ്ണിനെയുമ്മവെച്ചു
പുതുനാമ്പുകളെയുണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നു.
കാറ്റും വസന്തവും ഇളകിയാടീ മണ്ണിൽ
ഇലയും പൂവുമങ്ങിങ്ങായി നിറയേ കൊഴിച്ചിടുന്നു...

മണ്ണിന്നടിയിലെ മണ്ണിൻ സ്നേഹത്തുരുത്തുക്കളെത്തേടി
കണ്ണുകളടച്ചു, വളമാവാൻ ശരീരം മണ്ണിനു വിട്ടുകൊടുത്തു
നാമിപ്പൊഴും
ഹൃദയമില്ലാതെയടുത്തടുത്തു മലർന്നുകിടക്കുന്നു!

ഹൃദയമില്ലാത്ത നമ്മുടെ നെഞ്ചിൻകൂടിനുള്ളിലേയ്ക്കു
മണ്ണിന്റെ ശരീരത്തിലൂടെ ചൂടും തണുപ്പുമൊപ്പമൊലിച്ചിറങ്ങുന്നു...

ഒരേചൂടിലുമൊരേതണുപ്പിലുമൊന്നായിത്തീരുന്ന നമ്മുടെ
കണ്ണുനീർ
ഒരേ മണ്ണിന്റെ ശരീരത്തിലേയ്ക്കു മുളച്ചുപൊന്തുന്നു....

Tuesday, October 22, 2013

ദ്വീപുകളുടെ സാദ്ധ്യതകൾ

ആൾത്താമസമില്ലാത്ത
ദ്വീപുകളുടെ ഹൃദയസംഗീതം
ജലസാന്ദ്രതയിലൂടെ കേട്ടുകൊണ്ടാവണം
ഭൂമിയെന്നുമുറങ്ങുന്നത്.

ആ ഏകാന്തതകളുടെ മുകളിലുള്ള
മറ്റൊരു ഏകാന്തമായ ആകാശം നോക്കിയാവും
ഭൂമിയെന്നുമുറക്കമുണരുന്നതും.

ദ്വീപുകളിലെ ഏകാന്തതകളെന്നും
അവയ്ക്കു മാത്രം സ്വന്തമായുള്ളതാണ്,
വെളിച്ചത്തിനും ഇരുട്ടിനുമല്ലാതെ
മറ്റാർക്കും എളുപ്പത്തിൽ പ്രവേശനമില്ലെന്ന്
ദ്വീപുകളുടെ കരയിലേയ്ക്കു വന്നടിച്ചു കൊണ്ടിരിയ്ക്കുന്ന
തിരയൊച്ചകൾ നടത്തുന്ന ഒരു പ്രഖ്യാപനം പോലെ.

ദ്വീപുകൾ എന്നും ഒറ്റയ്ക്കു
മിടിച്ചുകൊണ്ടിരിയ്ക്കുന്ന
സമുദ്രത്തിന്റെ ഇടക്കാലാശ്വാസകേന്ദ്രങ്ങളാകുന്നു.
ആരും കാണാതെ അതിന്റെ തീരത്തുവന്ന്
തലതല്ലി ചത്തൊടുങ്ങുവാനുള്ള
അഭയകേന്ദ്രങ്ങളാകുന്നു.
ഒരുപക്ഷേ ഭൂമിയുടേയും...

ഭൂമി രചിച്ചിടുന്ന
ഭൂമിയുടെ തന്നെ ഒരാവിഷ്ക്കരണമായ
ദ്വീപുകൾ,
ഭൂമി കീറിയെടുത്തു ജലത്തിൽ വെയ്ക്കുന്ന
ഒരു ഹൃദയത്തുണ്ടാണെന്നു
സമുദ്രം അറിയുന്നുണ്ടാവുമോ?

പരാജയഭീതിയിലകപ്പെടുമ്പോൾ
ഭൂമിയ്ക്കുവേണ്ടി മാത്രം
മരത്തണലുകൾക്കിടകളിൽ വരച്ചിടുന്ന
വെയിലുകഷ്ണങ്ങളാണീ ദ്വീപുകളെന്ന്
സമുദ്രത്തിനാലോചിച്ചു നോക്കാനാവുമോ?

അഥവാ
ഭൂമിയെ എന്നും പുതിയതായി കാണുവാനുള്ള
കണ്ണുകളുണ്ടാവാനുള്ള ഒരു സാദ്ധ്യത ,
ഒരൊറ്റയാലിംഗനത്തിൽ ഭൂമിയുടെ കരയെ മുഴുവൻ
സ്വന്തമാക്കി ഇതര ലോകമുണ്ടാക്കുന്ന കെല്പിനുള്ള
മറ്റൊരു സാദ്ധ്യത
ഈ ഏകാന്തദ്വീപുകളോളം
വേറെയാർക്കാണുള്ളതെന്ന്
സമുദ്രം എപ്പൊഴെങ്കിലും നടുങ്ങുന്നുണ്ടാവുമോ?










Thursday, October 17, 2013

കണ്ണീരും കിനാവും

മനസ്സിന്റെ ഓരങ്ങളിൽ പൊടിയുന്ന
കണ്ണുനീർത്തുള്ളികൾക്കുള്ള സാന്ത്വനങ്ങളാണ്
ഒരു പകൽ‌മയക്കത്തിന്നോരത്ത് പൂക്കുന്ന
ചുണ്ടിൽ ചിരി വിരിയിച്ചെടുക്കുന്ന ഒരു പകൽക്കിനാവ്.

പകൽമയക്കത്തിനും പകൽക്കിനാവിനുമിടയിലെ
മനസ്സിന്റെ ഒളിച്ചോട്ടത്തിൽ
കണ്ണുനീരും കിനാവും കൂടി
ഉണ്ടാക്കിയെടുക്കുന്ന ഒരുടമ്പടിയാണിതു സത്യത്തിൽ!

കണ്ണുനീരിന്റെ ഇടനെഞ്ചിലേയ്ക്ക്
കിനാക്കളുടെ വാതിൽ തുറന്നു
പറന്നുവന്നിരിയ്ക്കുന്ന വർണ്ണശലഭങ്ങൾ
ധാരണയിലകപ്പെട്ട ഉടമ്പടിക്കരാർ.

ജീവിതം വിശ്രമിയ്ക്കാനെത്തുന്ന ചില ഇടവേളകളിൽ
ഇപ്പറഞ്ഞ കരാറിനെ നിസ്സഹായമാക്കി,
മയക്കം കിട്ടാതെ, കിനാവിന്റെ ശലഭങ്ങൾ
ചിറകുകരിഞ്ഞ് വീണുപോകുമ്പോഴാവാം
ചില നേരത്ത്
മനസ്സിന്റെ ഓരങ്ങളിൽ കണ്ണുനീർത്തുള്ളികൾ
ഇടനെഞ്ചു പൊട്ടി കുത്തിയൊലിച്ചിറങ്ങുന്നത്...

ഒലിച്ചുപോകുന്ന കണ്ണീരുപ്പുചാലിൽ
പൊന്തികിടന്നൊഴുകും
ചിലപ്പോൾ
ചുവന്ന നിറമുള്ള പൂവിതൾത്തുണ്ടുകൾ...

മറ്റു ചിലപ്പോൾ'
വെളിച്ചത്തിൽ തിളങ്ങുന്ന ഓർമ്മയുടെ കുപ്പിച്ചില്ലുകഷ്ണങ്ങൾ

അതുമല്ലെങ്കിൽ
കണ്ണീരുപ്പിൽ ലയിയ്ക്കാത്ത, അടഞ്ഞുതന്നെയിരിയ്ക്കുന്ന
വിലമതിവരാത്ത വെളുത്ത മുത്തുച്ചിപ്പികൾ.