Sunday, January 12, 2014

സത്യം

എങ്ങുനിന്നോ എന്നില്ലാതെ എന്തിൽ നിന്നോ
ഉത്ഭവിക്കുന്ന ഒരു കുത്തൊഴുക്ക്.
കുത്തിയൊഴുകലിനിടെ നിർമ്മിക്കപ്പെടുന്ന
ചില ബിംബങ്ങൾ, ധ്വനികൾ, ശബ്ദങ്ങൾ...
സ്വപ്നങ്ങൾ, മോഹങ്ങൾ, കേൾക്കലുകൾ, പറയലുകൾ...

ഇടതൂർത്തി ഒളിഞ്ഞും തെളിഞ്ഞും, ഒതുങ്ങിപ്പരന്നും ഉരുവം കൊള്ളുന്ന,
ഒളിവെട്ടുന്ന കാഴ്ചകൾ, വിചാരങ്ങൾ, കൗതുകങ്ങൾ,
പ്രതിഫലനങ്ങൾ, കൈമാറലുകൾ, കണ്ടെടുക്കലുകൾ.

ചിലപ്പോൾ പൊളിച്ചടുക്കലുകൾ...
അതുമല്ലെങ്കിൽ ഒരുവേള, ആളുയരത്തിൽ കാടുകയറിയ പൊന്തകളെ വെട്ടിത്തെളിച്ചും , ഉറച്ചുപോയ പാറക്കെട്ടുകളെ തുരന്നുണ്ടാക്കിയും, പൊള്ളുന്ന വെയിലത്ത് മറയില്ലാതെ, ഉഷ്ണക്കാറ്റിൽ പല്ലിളിച്ചു നിൽക്കുന്ന അവസ്ഥയിലകപ്പെട്ടും, പാതിവഴിയിലിട്ടോടുവാൻ നിർബന്ധിക്കുന്ന ഒരസംതൃപ്തയാത്ര സമ്മാനിക്കുന്ന മുറുക്കുയിറുക്കങ്ങൾ...

ഇതിനിടെ വഴിയിലുടനീളം ഉള്ളിലമർന്നു പടിയുന്ന വേദന.
വേദനയിലുരുകി, ഒടുവിൽ കണ്ടെടുക്കുന്ന നേര്!
അതിന്റെ പൊരുൾ.
ആനന്ദം...

ശില്പിയുടെ വേദന ഉരുക്കിയെടുത്ത ശില്പത്തിനകത്തെ സത്യം!

Thursday, January 09, 2014

കഷ്ടപ്പാട്! :)

സ്നേഹമെന്നാൽ ആനയാണ്, ചേനയാണ്, മാങ്ങാത്തൊലിയാണ് എന്നൊക്കെ വിചാരിച്ചും വിശ്വസിച്ചും നടന്നിരുന്ന കാലമുണ്ടായിരുന്നു.
ഈ നിമിഷം നെഞ്ചിൻകൂടിന്റെ അടിത്തട്ടിലെവിടെയോ, ഏതെങ്കിലും വിധത്തിൽ ഒന്നു പ്രകടിപ്പിക്കാൻ പിടഞ്ഞുകൊണ്ടിരിയ്ക്കുന്ന, വാക്കുകൾക്കു ചെന്നെത്താനാവാത്ത നിസ്സഹായതെയേന്തുന്ന, എന്നാൽ സന്തോഷം തരുന്ന, ഒപ്പം മനുഷ്യഹൃദയത്തെ കീറിമുറിക്കുന്ന, ഉരുക്കുന്ന വിലപ്പെട്ട എന്തോ ഒന്നിനെ കഷ്ടപ്പെട്ടു പറഞ്ഞുഫലിപ്പിക്കാനാണ് ഇപ്പൊ 'സ്നേഹം' എന്നൊരു വാക്കിനെ ഉപയോഗിയ്ക്കുന്നത്.

Tuesday, January 07, 2014

ഒരു പ്രാവിനെ സ്വതന്ത്രമായി കൈകളിൽ നിന്നും ആകാശത്തിലേയ്ക്കു പടർത്തിവിടുമ്പോൾ ഉണ്ടാവുന്ന സന്തോഷമുണ്ട്. ഉയരങ്ങളിലേയ്ക്ക്, സ്വാതന്ത്ര്യത്തിലേയ്ക്ക് ഒന്നിനെ തുറന്നുവിടുമ്പോൾ തോന്നുന്ന സന്തോഷം. യഥാർത്ഥത്തിൽ 'സ്നേഹം"!.
പക്ഷേ അപ്പോഴും എന്നന്നേക്കുമായി
ബാക്കിയുണ്ടാവും കൈകളിൽ, വിരലുകൾക്കിടയിൽ പറന്നുപോകുന്ന പ്രാവിൻ ചിറകുകളുടെ പിടച്ചിൽ...
കയ്യിൽക്കിടന്നു പിടയുന്ന സ്നേഹം...

Sunday, January 05, 2014

ഒരില, ഒരാകാശം.
അങ്ങ്...
അങ്ങകലെ നിന്നും
ഒരു മേഘത്തുളയിലൂടൊലിച്ചിറങ്ങി
വരുന്നൊരു വെയിലിൻ സ്തൂപത്തിൽ
ആരുമറിയാതെ ഒരാകാശം പാളിനോക്കാറുണ്ടെപ്പൊഴും.

ഇങ്ങ്... ഇങ്ങടുത്ത്
മണ്ണിൽ
നിറം പുതുക്കിക്കൊണ്ടിരിയ്ക്കുന്ന തളിരിലകൾക്ക്
ആ പാളിനോട്ടം തന്നെ ധാരാളമായിരുന്നു.

ഇളം ചൂടു വിരലായി,
കണ്ണെത്താദൂരത്തു നിന്നും
ആകാശവെളിച്ചം
വന്നു തൊടുമ്പോൾ 
അത് ഇലയ്ക്കൊരു നിമിഷത്തെ വളർച്ചയായിരുന്നു..
ഒരു ദിവസത്തെ സമാധാനമായിരുന്നു.

രാത്രികളിൽ
ആകാശം തന്നെയാണതുമെന്നറിയാതെ
നിലാവിന്റെ തലോടലുകളിൽ മയങ്ങി
ഇലകളായ ഇലകളൊക്കെയും
കൂമ്പി, വെയിലിനെ കാത്തുകാത്തു
തണുക്കുന്ന മണ്ണിലേയ്ക്കു നോക്കിനിൽക്കും.

അപ്പോളാകാശത്തേയ്ക്കു നോക്കിയാൽ
ആകാശം ഇലയിലേയ്ക്കു പ്രതിഫലിപ്പിയ്ക്കാറുള്ള
കടുംനീലനിറം മുഴുവൻ ഇരുട്ടിലാണ്ടുപോയിരിയ്ക്കും,
ഇരുളിന്റെയാഴങ്ങളിലേയ്ക്കാ മോഹിപ്പിയ്ക്കുന്ന
നീലനിറം, കറുത്തുപോയിരിയ്ക്കും.

പുതുമഴയ്ക്കായുള്ള കാത്തിരിപ്പുകളിലൊക്കെ
ഇലയ്ക്കും ആകാശത്തിനും
ഹൃദയം സൂക്ഷിച്ചു വെയ്ക്കാനുള്ള
ഇടനെഞ്ചാണ് ഭൂമി.

ഹൃദയങ്ങളുടെ വേദന
പൂവുകളായി വിരിഞ്ഞു ചിരി തൂകുന്ന,
അവരുടെ ഋതു -
ഭൂമിയിലെ വസന്തം!

ഇരുണ്ടും വെളുത്തും
പെയ്തും
ആകാശം അങ്ങകലെ..
കടുത്ത നീലയിൽ ദൂരെ...

ഇരുളിലും വെളിച്ചത്തും
പിന്നെ പെയ്തുതോരുമ്പോഴും
മണ്ണിലേയ്ക്കടർന്നു വീഴുന്നത്
ഇലകളിൽ പറ്റുന്ന ആകാശവെളിച്ചം,
ആകാശനീലം.

Thursday, January 02, 2014

thistle (കാരമുള്ള് )

Missing somebody is not just that one misses someone so badly, so intensely,

or not just that for the awareness of the fact that one is too far away from the other, without having a single near possibility of even to think of being together,

or not even it is as simple as that one just loves somebody, cares for somebody for nothing, for not expecting anything in return,

but

I think, there can be only one possible reason behind the hurt feeling and the pain of missing somebody,
that is actually
when you know from each and every fraction of seconds,
from each of your breath,
simply you realize the depth and pain
of the other person's missing of you!

-
..tears..


ശൂന്യമെന്ന ശബ്ദം

ശൂന്യമെന്നു തോന്നുന്നയിടങ്ങളെല്ലാം
സമയങ്ങളെല്ലാം
യാഥാർത്ഥത്തിൽ ശൂന്യമേയാകുന്നില്ല,
അവിടം മുഴുവൻ വറ്റിപ്പോയ ഓർമ്മകളുടെ സുഗന്ധമുണ്ടാവും,
നിറഞ്ഞു വരുന്ന സ്വപ്നവെളിച്ചമുണ്ടാകും,
വിചാരവികാരങ്ങളുടെ ഒച്ചപ്പാടുണ്ടാകും,
തൊട്ടുപിന്നിലുണ്ടെന്നു തോന്നിപ്പിക്കുന്ന നിഴലാട്ടങ്ങളുണ്ടാവും.
പ്രണയങ്ങളുണ്ടാവും.

ഒന്നുമില്ലെങ്കിലും
ജീവന്റെ മറുപുറമായ മരണത്തിന്റെ
ഒളിസ്സാന്നിദ്ധ്യമെങ്കിലുമുണ്ടാവും.

ശൂന്യം എന്ന ശബ്ദമുണ്ടാക്കുന്ന
ശൂന്യതയോളം
ശൂന്യത
ശരിയ്ക്കും ഇല്ലന്നേ!