Saturday, November 29, 2008

വന്ദേഹം..

ജനാധിപത്യം?
സ്വാതന്ത്ര്യം?
അവകാശം?
രാഷ്ട്രീയം?
രാഷ്ട്രീയപ്രവർത്തനം?
തീവ്രവാദം?
മാധ്യമപ്രവർത്തനം? അതിന്റെ ധർമ്മം?
യുദ്ധധർമ്മം?
ഉള്ളിൽ എണ്ണമറ്റ ചോദ്യചിഹ്നങ്ങളുണ്ടാവുമ്പോഴും,

ഇപ്പോൾ കണ്ണിൽ നിറയാൻ ഒന്നേയുള്ളൂ-ദേശീയപതാകയിൽ പൊതിഞ്ഞ ധീര യോദ്ധാക്കൾ.
കാതിൽ നിറയുന്നതും ഒന്ന്-ഉയർന്നു പൊന്തുന്ന ദേശീയഗാനം.
അതിന്റെ മുഴുവൻ ഭാവവും ഹൃദയത്തിൽ വന്നു നിറയുന്നു!വേദനിപ്പിയ്ക്കുന്നു, നനയുന്നു.

ഉള്ളിൽ നിന്നും ചിലപ്പോൾ മാത്രം പുറത്തുവരാറുള്ള, 'ഒന്നായിമാറുന്ന' രണ്ടേരണ്ടു വാക്കുകൾ, ഇപ്പോൾ പുറത്തേയ്ക്ക്‌ അറിയാതെ വരുന്നു..
അമർ ജവാൻ. വന്ദേമാതരം.
ഇപ്പോൾ ഭാരതത്തിലെ ഓരോ പൗരന്റേയും ഒരേ ശബ്ദം, ഒരേ വാക്ക്‌.

ആദരാഞ്ജലികൾ. അശ്രുക്കൾ.
യുദ്ധത്തിൽ വീരമൃത്യു വരിച്ച ഓരോ യോദ്ധാവിനും. കൊല്ലപ്പെട്ട ഓരോ നിരപരാധികൾക്കും.

ഓരോ സൈനീകനും വന്ദനം.

Monday, November 17, 2008

ഒരു കുടം റോസാപ്പൂക്കള്‍.

ഇവിടത്തെ പഠന രീതി കുട്ടികളിൽ അവരുടെ സർഗ്ഗവാസനകൾ പുറത്തുകൊണ്ടുവരാൻ എളുപ്പമാക്കുന്ന തരത്തിലുള്ളതാണെന്നു തോന്നാറുണ്ട്‌. നാട്ടിൽ പണ്ടങ്ങനെയുണ്ടായിരുന്നില്ല. ഇപ്പോൾ ഒരുപക്ഷേ നാട്ടിൽ സി.ബി.എസ്‌.സി സ്ക്കൂളുകൾ കുടുതൽ വ്യാപകമായതോടെ പഠനരീതികളിലും മാറ്റങ്ങൾ സംഭവിച്ചിരിയ്ക്കാം.
ഇവരുടെയൊക്കെ നോട്ടു പുസ്തകങ്ങൾ കാണാൻ നല്ല ചന്തമാണ്‌. നിറയേ സ്റ്റിക്കറും, ചിത്രങ്ങളും ഒക്കെയായി, ഓരോ പാഠങ്ങൾ അവസാനിയ്ക്കുമ്പോഴും ആ പാഠത്തിന്റെ ചുരുക്കം ഒരു ചിത്രമായി കുട്ടികൾ വരച്ചു വെയ്ക്കും. ചിത്രം വരയ്ക്കാൻ പറ്റുമോ ഇല്ലയോ എന്നൊരു ശങ്കയേ ഇല്ലാതെ, ഡ്രോയിംഗിനൊരു പ്രത്യേകം പീര്യഡ്‌ ഇല്ലാതെ ക്ലാസിലെ എല്ലാ കുട്ടികളും വരയ്ക്കുന്നു. കെ.ജി. മുതൽക്കു തന്നെ കളറടിയിൽ തുടങ്ങി വർണ്ണങ്ങളുമായി കുട്ടികളെ പരിചയപ്പെടുത്തുന്നു. ചെറു ചെറു ചിത്രങ്ങളായി അവർ വരച്ചു തുടങ്ങുന്നു.
ചിത്രം വരയ്ക്കൽ മാത്രമല്ല, റ്റെക്സ്റ്റ്‌ ബുക്കിൽ അവസാനം കൊടുത്തിരിയ്ക്കുന്ന എക്സർസ്സൈസ്‌ നോക്കി, അതിലെ പരീക്ഷണങ്ങൾ ചെയ്തു നോക്കലും ഇവിടെ അമ്മൂന്‌ വലിയ താൽപര്യമാണ്‌. "റ്റീചർ പറഞ്ഞിട്ടുണ്ട്‌ ചെയ്യാൻ" എന്നാണവളുടെ ഭാഷ്യം. ടീചർ പറഞ്ഞാൽ പിന്നെ അപ്പീലില്ല.
എനിയ്ക്കാണെങ്കിലോ, വെള്ളം താഴത്ത്‌ ഒഴിയ്ക്കുമോ, മണ്ൺ അകത്തേയ്ക്കു കയറ്റുമോ, എന്നൊക്കെ ആധി പിടിച്ച്‌ അമ്മു "പരീക്ഷണങ്ങൾക്ക്‌" തെയ്യാറെടുക്കുമ്പോൾ ഹൃദയം മിടിയ്ക്കാൻ തുടങ്ങും.(എന്തൊരു നല്ല സപ്പോർടിംഗ്‌ അമ്മ!)
ഒരു ദിവസമുണ്ട്‌ അവൾ മുറ്റത്തുള്ള ചെടിയുടെ അരികെ നിന്ന്, അനീത്തികുട്ട്യേം വിളിച്ചു നിന്ന് പറഞ്ഞു കൊടുക്കുന്നു. നന്നായി ബ്രീത്‌ ചെയ്യാം നമുക്ക്‌, ചെടി നമുക്ക്‌ നിറയേ ഓക്സിജൻ തരുമെന്ന്. രണ്ടു പേരും അവിടെ നിന്ന് വലിയോ വലി!

എന്റെ ഓർമ്മയിൽ അവധിക്കാലങ്ങളിൽ പുസ്തകം നിറച്ച്‌ എന്തൊക്കെയോ വരച്ചു കൂട്ടിയിരുന്നതൊഴിച്ചാൽ എന്തെങ്കിലുമൊക്കെ പാഠിപ്പിനായി വരച്ചു തുടങ്ങിയത്‌ ഹൈസ്കൂളിലൊക്കെ എത്തിയിട്ടാണെന്നു തോന്നുന്നു. ഡ്രോയിംഗിനൊരു മാഷുണ്ടായിരുന്നു, തോമസ്‌ മാഷ്‌. മാഷ്‌ ബോർഡിൽ വരച്ചിരുന്നത്‌, പുസ്തകത്തിൽ വരച്ചു വെയ്ക്കും, അടച്ചു വെയ്ക്കും പിന്നെ അടുത്ത ഡ്രോയിംഗ്‌ പീര്യഡിലാണ്‌ അതൊന്ന് തുറന്നു നോക്കുന്നത്‌ - ഓ, ഈ ചിത്രം വരയലൊന്നും നമുക്ക്‌ പറഞ്ഞിട്ടുള്ളതല്ലല്ലോ എന്ന മട്ടിൽ.
അന്ന്, പാട്ട്‌ പീര്യഡ്‌, തുന്നൽ പീര്യഡ്‌, ഡ്രോയിംഗ്‌ പീര്യഡ്‌ തുടങ്ങിയവയൊക്കെ ടീച്ചറെ ശ്രദ്ധിയ്ക്കാതെ ക്ലാസ്സിൽ ഇഷ്ടം പോലെ ബഹളം വെയ്ക്കാനും, സംസാരിയ്ക്കാനും ഒക്കെ സ്വാതന്ത്ര്യമുള്ള പീര്യഡ്‌ എന്നർത്ഥത്തിലായിരുന്നു ഞങ്ങൾ കുട്ടികൾ പരിഗണിച്ചിരുന്നത്‌. ആ ടീച്ചർമ്മാരൊട്‌ ഞങ്ങൾക്കു തന്നെ സഹതാപമായിരുന്നു, പാവം ടീച്ചർ.. ടീച്ചറെ ആർക്കും ഒരു വിലയുമില്ല! എന്നു ഞങ്ങൾ തന്നെ തീരുമാനിച്ച്‌ അങ്ങൊഴുക്കിവിടുന്ന സഹതാപം! ഹൈസ്കൂളിലെത്തിയാൽ പിന്നെ ഈ പീര്യഡുകളൊന്നും ഇല്ല താനും.

ചിത്ര രചന എനിയ്ക്കിഷ്ടമാണ്‌ എന്നു തിരിച്ചറിയാൻ തുടങ്ങിയതു തന്നെ പ്രീഡിഗ്രി കാലത്തായിരുന്നു.
ഇവിടെ അമ്മു ഇപ്പോഴേ ആർട്ടിസ്റ്റ്‌ ആവാനാ മോഹം എന്നൊക്കെ പറഞ്ഞു നടക്കുന്നു. (അതിടയ്ക്കു ഡോക്ടറിലേയ്ക്കു പരിവർത്തനം ചെയ്യുകയെന്ന പതിവുമുണ്ട്‌)

അമ്മു എന്നാ വരച്ചു തുടങ്ങീത് എന്നോര്‍ക്കുന്നില്ല. ഏതായാലും മൂപ്പത്യാര്‍ ഞങ്ങളുടെ വീട്ടിലെ വാതിലുകള്‍ക്കും, അലമാറകള്‍ക്കും, ചുവരുകള്‍ക്കുമൊന്നും സ്വൈരം കൊടുക്കാതെ ഒരു പെന്‍സിലും കയ്യില്‍ പിടിച്ചു നടക്കുന്നത് കണ്ടപ്പൊഴാണ് എന്നാപിന്നെ ഡ്രോയിംഗ് ക്ലാസ്സിനു വിട്ടു കളയാമെന്നു തീരുമാനിച്ചത്. അങ്ങനെ പോയി തുടങ്ങി. സ്കൂള്ന്ന് വന്ന് ഊണും കഴിച്ച് ഒരു കുട്ടി പോണിറ്റെയിലൊക്കെ കെട്ടി, ഡ്രോയിംഗ് ബുക്കും, പെന്‍സിലുമൊക്കെ എടുത്ത് അച്ഛന്റെ പിന്നാലെ കാറില്‍ കയറി പൊക്കോളും. ആ നേരം കൃത്യമായി പറഞ്ഞാല്‍ ഞാനൊരു കോട്ടുവായയും വിട്ടിരിയ്ക്കുന്ന നേരം.

അമ്മു വരച്ച ഒരു ചിത്രം. പവര്‍ പഫ് ഗേള്‍സ് - ബ്ലോസം,ബബ്‌ള്‍സ്,ബട്ടര്‍കപ്.ദാ ഇത് ഫ്ലെമിങ്കോ.ഇത് ഹൌസ് ഇന്‍ വുഡ്സ് ആണത്രേ.ഇതാണ് സാക്ഷാല്‍ അമ്മു! സൂക്ഷിച്ചു നോക്കൂ..
ദാ ഇനി ഇത്‌, അച്ഛനു കൊടുത്ത ഒരു പിറന്നാൾ ആശംസ.
അമ്മു രാവിലെ എണീറ്റു വരുമ്പോൾ അച്ഛനെ കാണുന്നത്‌ ഈ നിലയിലായതു കൊണ്ടാണോ എന്തോ, അച്ഛനിതാ അമ്മൂന്റെ വിരൽത്തുമ്പിൽ ഇങ്ങനെയൊരു രൂപത്തിൽ.എന്നും അച്ഛാ, അമ്മേ എന്നു വിളിച്ച്‌ ബോറടിയാണ്‌, ഒരു ചെയ്‌ഞ്ചിന്‌ മമ്മീ, ഡാഡീ എന്നു വിളിയ്ക്കണം എന്നൊക്കെ അമ്മൂന്‌ തോന്നും. അപ്പൊ കിട്ടണ ചാൻസ്‌ വെറുതെ കളയില്ല. ഒറ്റ 'ഡി'-യിൽ ഡാഡീ എന്നൊരു കാച്ച് കാച്ചിയിട്ടുണ്ട്!


കമ്പൂട്ടറിൽ പെയിന്റിനേയും വെറുതെ വിടില്ലെന്നു വെച്ചാല്‍?.

പവർപഫ്‌ ഗേൾസ്‌ മർമൈഡ്‌ ആയാൽ ദാ ഇങ്ങനെയിരിയ്ക്കും.

നവമ്പർ 14-നു ഇവിടെ സ്കൂളിൽ ആഘോഷമൊക്കെയുണ്ടായി. കളർ ഡ്രസ്‌ ഇടാം, റ്റിഫിൻ ബോക്സ്‌ കൊണ്ടു പോണ്ട, ഷൂസ്‌ ഇടണ്ട, ബാഗ്‌ കൊണ്ടുപോണ്ട, വളയിടാം, മാലയിടാം, അങ്ങനെ കുറേ സ്വാതന്ത്ര്യം കിട്ടുന്ന ദിവസം. കൂടാതെ റ്റീച്ചര്‍ ചോകല്ലേറ്റ്സ് തരൂലോ എന്നും. (ഓ, അമ്മ തന്നില്യെങ്കീ എന്താ എന്നു ധ്വനി)എങ്ങനെ ആഘോഷമല്ലാതിരിയ്ക്കും? അന്ന് രാവിലെ വിളിച്ചയുടനെ ചാടിയെണീറ്റു, രണ്ടുപേരും. ഇന്നല്ലേ അമ്മേ ചിൽഡ്രൻസ്‌ ഡേ എന്നും ചോദിച്ചു കൊണ്ട്‌.


അവരുടെ സന്തൊഷം കണ്ട് അന്നു തന്നെ ഇത്‌ പോസ്റ്റ്‌ ചെയ്യാൻ വെച്ചതായിരുന്നു. പക്ഷേ ഡ്രാഫ്റ്റായി അതിവിടെ തന്നെ കിടന്നു.
ഏതായാലും ഈ വൈകിയ വേളയിൽ ചാച്ചാജീയ്ക്ക്‌ അമ്മൂന്റെ അമ്മയുടെ പഴയ ഒരു നോട്ടുപുസ്തകത്തിന്റെ ഏടിൽ നിന്നും ഒരു കുടം റോസാപ്പൂക്കൾ സമർപ്പിയ്ക്കാം. എന്താ?

Tuesday, November 11, 2008

“അക്ഷരപ്പാട്ട്”

സൂവിന്റെ "അക്ഷരപ്പാട്ട്‌" പോസ്റ്റ്‌ വായിച്ചിരിയ്ക്കുല്ലോ. അതു വായിച്ചപ്പോൾ തുടങ്ങിയതാണിവിടേയും അക്ഷരങ്ങളോടി കളിയ്ക്കാൻ. എന്നാലതിനെയൊക്കെ പിടിച്ചിരുത്തി ഒരു പോസ്റ്റാക്കുക തന്നെ എന്നു കരുതി. ഒരു ശ്രമം മാത്രം.അങ്കണം പരക്കാന്‍ നീലിമ ചൊരിയുമൊര-
മ്പിളിയെക്കാട്ടി മാമൂട്ടുമൊരമ്മ തൻ
കയ്യിലെ പുഞ്ചിരിത്താരകമതാരെന്നോ?
അമ്പിളി പോലൊരു കുഞ്ഞു പപ്പടം!

ആകാശത്തിൽ അർക്കനുദിയ്ക്കുന്നേര-
ത്താലിൻ കൊമ്പത്താലിലകളി-
ലാരുംകാണാ, കാലിൻപെരുവിരലുണ്ടു
രസിയ്ക്കുമവൻ, ഒരു കള്ളത്തിരുമാലി!

ഇന്നലെയുണ്ടായൊരു തോൽവിയും തെറ്റും
നാളേയ്ക്കു ജയവും ശരിയുമാണെങ്കിൽ
ഇന്നിന്റെ ജയമിന്നോടെ തീരാനും
ശരി,എന്നേയ്ക്കും നിലകൊള്ളാനുമുള്ളതല്ലേ?

ഈശനെ വാഴ്ത്തിടുമ്പോഴായാലും
ഈരടി തീർത്തിടുമ്പോഴായാലും
ഈണത്തിലായിടുമ്പോൾ തന്നെ
ഈണമായൊഴുകിടുമീ വാഴ്‌വും.

ഉത്തരമില്ലെനിയ്ക്കൊന്നിനും
ഉത്തരം വേണ്ടെനിയ്ക്കൊന്നിനു-
മെന്നാലുമുത്തരം മുട്ടിയ്ക്കണമെനി-
യ്ക്കൊരുനാളുത്തരമില്ലാ ചോദ്യങ്ങളേ.

ഊണുകഴിച്ചിട്ടുറങ്ങിയെണീറ്റി-
ട്ടൂഞ്ഞാലാടിച്ചെന്നിട്ടാകാശം
തൊട്ടിറങ്ങിവരുന്നെന്നുണ്ണിയ്ക്കൊരു
നൂറൊരുനൂറുമ്മകൾ.

ഋഷിയുണ്ട്‌ ഋഷികേശമുണ്ട്‌
ഋഷ്യശൃംഘനുമുണ്ട്‌, പിന്നെ
തൃണാവർത്തനെന്നൊരസുരനുമുണ്ടെന്നാലും
ഋ എന്നതിനു കൃപയും ദൃഢതയുമുണ്ട്‌.

എനിയ്ക്കുണ്ടൊരു കൂമ്പാരം സന്തോഷവും ദുഃഖവും.
നിനക്കതു വെറും കൂമ്പാരങ്ങളാവുമ്പോൾ
എനിയ്ക്കൊന്ന് ഹൃദയം നിറയലും
മറ്റൊന്ന് നീറലുമാണ്‌.

ഏഴാംകടലിന്നക്കരെ നിന്നും
ഏഴുനിറരഥമേറിയെഴുന്നള്ളു-
ന്നേഴുമുഴംവില്ലിൻ കാന്തിയെഴുമൊരു
മാരിയ്ക്കഴകെന്ത്‌? ഏഴര പൊന്നഴക്‌!

ഐക്യമെന്നൊരു തോന്നലു വന്നാൽ
സാധ്യം ഏതുമെന്തും താങ്ങീടാൻ
ഐക്യത്തിലൊത്തുചേർന്നാൽ ജയമില്ല
പരാജയമില്ല, ഒരുമയുടെ ബലമേയുള്ളൂ.

ഒന്നിനുമല്ലാതെ ഒന്നും വേണ്ടാതെ
എങ്ങനെയുണ്ടായി വന്നു നീ
ഒന്നുമില്ലാത്ത ഞങ്ങൾക്കൊത്തുകൂടാ-
നിടം നൽകുവതു നീയെന്ന ഭൂമി.

ഓർത്തുവെയ്ക്കുവാനിത്തിരി
ഓർമ്മയിൽ പൂക്കുവതൊത്തിരി
ഓർമ്മിച്ചു മറക്കുവതിത്തിരി
ഓർമ്മിയ്ക്കാതോർക്കുന്നതൊത്തിരി.

ഔഷധമെന്നത്‌ വ്യാധിയകറ്റുമ്പോലെ
സ്നേഹമെന്നത്‌ ആധിയകറ്റും.
ആധിയെന്നത്‌ വ്യാധിയാണെങ്കിൽ
സ്നേഹമെന്നത്‌ ഔഷധവുമാകും.

അംബരം മുഴുവനായുണരും നേരം
അംബുജം നിറയേ വിരിയും നേരം
തംബുരു ശ്രുതി ചേർക്കുവാ-
നംഗുലീയമൊരുങ്ങും നേരമീ പ്രഭാതം.

അഃ ആ, ദാരാത്‌? ചൊല്ലിയണഞ്ഞൂ അമ്മാമൻ
ദെന്താ കാട്ടണ്‌? എന്നായി അമ്മമ്മ
കാലു കയ്യിലേന്തി മോണ കാട്ടി ചിരിതൂകവേ
വന്നെടുത്തു പൊന്തിച്ചു വട്ടംതിരിച്ചതച്ഛൻ.

പെറ്റ്രോൾ കഴിഞ്ഞു. വണ്ടി കിതച്ചുംകൊണ്ട്‌ പെറ്റ്രോൾ സ്റ്റേഷനു മുന്നിൽ നിൽപായി.
അവസാനായപ്പോഴേയ്ക്കും "ഒന്നു തീർന്നു തരോ എന്റെ പൊന്നക്ഷരങ്ങളേ..." ന്നു നിലവിളിച്ചു പോയി.
ഒരൽപം റിസേർവ്വുണ്ട്‌.

ഴ- ഴായെന്നാലെന്തൊരഴക്‌
മഴയ്ക്കഴക്‌, പുഴയ്ക്കഴക്‌
ഴായിന്നഴകു വഴിയുന്നതത്രേ
തമിഴെന്ന മൊഴിയ്ക്കുമഴക്‌.

ള-ളേ,ളേ തൊള്ളതുറക്കുമൊരു
പൈതലിന്നൊച്ചയിൽ മതി-
മറന്നക്ഷണമുള്ളം നിറഞ്ഞു
ചുരത്താനമൃതുള്ളോളത്രേ തള്ള!

റ-റായ്ക്കുണ്ടായീ ഒരു മോഹം.
സീതയുടെ 'രാ'മനാവാനും
കൃഷ്ണന്റെ 'രാ'ധയാവാനും. എളുപ്പല്ലേ?
ഉള്ളിലേയ്ക്കൊന്നു കോർത്താൽ പോരേ?

അവസാനത്തെ 'റ' ഒഴിച്ചുള്ളത്‌ സൂവിന്റെ കമന്റിൽ ഇട്ടതായിരുന്നു. 'റ' അവിടെ ഇടാൻ ഒരു മടി തോന്നി.കുറിപ്പുകൾ.

1)വരികൾ വേർത്തിരിയ്ക്കുന്നത്‌ ഏറ്റവും ശങ്കയോടെയാണ്‌ എഴുതിയത്‌. വൃത്താലങ്കാരങ്ങൾ ഒന്നുമറിയില്ല. വായിയ്ക്കുന്ന സുഖം നോക്കി ഒരു ധൈര്യത്തിൽ വേർത്തിരിച്ചുവെന്നേയുള്ളു. തെറ്റുകുറ്റങ്ങൾ പൊറുക്കുക.

2) സൂ വളരെ ലളിതമായാണെഴുതിയിരിയ്ക്കുന്നത്‌. ശരിയ്ക്കും കുട്ടിപ്പാട്ടുകൾ തന്നെ. ഒറ്റയിരുപ്പിനു എഴുതിയിട്ട പോലെ.

ഇപ്പൊ പഠിച്ച പാഠം - ലാളിത്യം ഒട്ടും എളുപ്പമല്ല എന്നു നന്നായി പഠിച്ചു.

3) സൂ എഴുതിയ വാക്കുകൾ എടുക്കാതെ, ഇതിൽ തന്നെ ആവർത്തനം വരാതെ എഴുതുക എന്നൊരു കൊച്ചു തീരുമാനത്തോടെയാണു തുടങ്ങിയത്‌. ഒരു ത്രില്ലിനു വേണ്ടി - ഒക്കെ വളരെ ഭംഗിയായി തെറ്റിച്ചിട്ടുണ്ട്‌.
എന്നാലും ഈ വ്യായാമം ആസ്വാദ്യമായിരുന്നു. അതിനാൽ സൂവിനൊരു നന്ദിയുടെ ഇസ്മെയിലി. :)

ഇപ്പൊ പഠിച്ച പാഠം - വായിയ്ക്കുന്ന പോലെ എളുപ്പല്ല എഴുതിയുണ്ടാക്കാൻ!

4) ഇതിലെ ചിലതൊക്കെ പാട്ടിൽ നിന്നും വായിച്ചതിൽ നിന്നുമുള്ള ഓർമ്മയിൽ വന്നതുമുണ്ട്‌. പിന്നെ കുറേ വായയ്ക്കു തോന്നിയതും.
'ഴ' എന്നത്‌, ശ്രീ.വൈരമുത്തുവിന്റെ രചനയിൽ ഒരു പാട്ടുണ്ട്‌- "കണ്ൺക്ക്‌ മയി അഴക്‌, കവിതൈയ്ക്ക്‌ പൊയി അഴക്‌" എന്നു തുടങ്ങി, ഒർക്കുന്നുണ്ടോ? A.R റഹ്മാന്റെ സംഗീതം.. അതാണ്‌ പ്രചോദനം.

അപ്പൊ ഇനിയാരൊക്കെയാ അക്ഷരപ്പാട്ടെഴുതുന്നത്‌? വേഗായിക്കോട്ടെ. അക്ഷരങ്ങളൊക്കെ ഒന്നിളകിമറിയട്ടെ.

Saturday, November 08, 2008

കൊഴപ്പാവോ?

കുട്ടിക്കാലത്ത്‌ അമ്മേം കുട്ടീം കളിയ്ക്കാൻ എനിയ്ക്ക്‌ വല്യ ഇഷ്ടായിരുന്നു.
രണ്ടനിയന്മാരെ കിട്ടീപ്പോൾ ഞാനവോരോട്‌ പറയാറുണ്ടായിരുന്നു, ഞാനമ്മേം നിങ്ങളെന്റെ കുട്ട്യോളും ന്ന്..
അവർ രണ്ടു പേരും എന്റെ അപ്പുറത്തും ഇപ്പുറത്തുമിരുന്ന് കളിയ്ക്കുമ്പോ അമ്മേന്ന് വിളിയ്ക്കണേന്‌ പകരം അവരോർമ്മെല്യാതെ 'ഓപ്പളേ..' എന്നു തന്നെ വിളിച്ചപ്പോൾ കോണിച്ചോട്ടിലെ തുണി കൊണ്ടുണ്ടാക്കിയ ഞങ്ങളുടെ കളിവീടിനുള്ളിൽ പൊട്ടിച്ചിരികൾ ഉയർന്നു വന്നിരുന്നു. അപ്പോഴാണ്‌ ഓർമ്മയിൽ ഞാനാദ്യം അമ്മയാവുന്നത്‌!

പിന്നീടങ്ങോട്ട്‌ ഞാൻ പലപ്പോഴായി 'അമ്മ' ആയി.

ചെറ്യമ്മ, ഏട്ത്യേമ്മ, അമ്മായി, വല്യമ്മ.

പ്രസവിച്ച കുഞ്ഞുങ്ങളെ ശങ്ക കൂടാതെ ആദ്യമായി കയ്യിലെടുത്തോമനിച്ചത്‌ ഏട്തിമാരുടെ കുട്ടികളെയാണ്‌. അവർക്ക്‌ ഞാനാദ്യമായി ചെറിയമ്മയായി. അവർ വീട്ടിലേയ്ക്കു വരുമ്പോളൊക്കെ എടുത്ത്‌ കൊഞ്ചിച്ച്‌ നടക്കലായിരുന്നു പണി.

മദ്രാസിൽ പഠിയ്ക്കാൻ ചെന്നപ്പോൾ തമിഴ്‌ റ്റീച്ചേഴ്സ്‌ എന്നെ സംബോധന ചെയ്തതെങ്ങനെ ന്നോ? എന്നമ്മാ?

നാട്ടിൽ പോയപ്പോ അമ്മ ഛർദ്ദിയ്ക്കുമ്പോ മുതു ഉഴിഞ്ഞുകൊടുത്തും, അമ്മയ്ക്ക്‌ കഞ്ഞി വെച്ചു കൊടുത്തും, അനിയന്മാരേം അച്ഛനേം ഊട്ടിയും, എന്റെ വീട്ടിൽ ഞാൻ സ്വയം ഒരമ്മയായി ചമഞ്ഞു നടന്നു.
(വീട്ടിലെ കാര്യങ്ങൾ നടത്താൻ രണ്ടു ദിവസം തലങ്ങും വെലങ്ങും നടന്ന് എന്റെ കാലിൽ നീര്‌ വന്നു, രാത്രികളിൽ ക്ഷീണിച്ച്‌ വെളിച്ചാവോളം ബോധം കെട്ട്‌ കെടന്നൊറങ്ങി!)

പിന്നെ, നാഴികയ്ക്ക്‌ നാൽപത്‌ വട്ടം "അമ്മേ.." ന്ന് നീട്ടി വിളിയ്ക്കുന്ന വീട്ടിലെ രണ്ടു കുട്ട്യോള്‌..
എനിയ്ക്കു ചെലപ്പോ ദേഷ്യം വരും.
രണ്ടു പേരും കൂടി വഴക്കു കൂടുമ്പോൾ എന്റെ സ്വൈരമെല്ലാം നഷ്ടമാകുന്നതു പോലെ തോന്നും. രണ്ടു പേരേം പിടിച്ച്‌ മൂലയ്ക്കിരുത്തും ഞാൻ.
പനി പിടിച്ച്‌ ഒറക്കല്യാതെ ഇളം തൊണ്ട കീറിമുറിയ്ക്കുമാറ്‌ ചുമച്ച്‌ വശം കെടുന്നതു കാണുമ്പോൾ നെലോളിയും വരും.
സ്കൂൾ ബസ്സിൽ വാതിലിന്റെയടുത്തുള്ള സീറ്റിലിരുത്തുമ്പോൾ വെപ്രാളപ്പെടാതെ വയ്യ തന്നെ!
ഒരു കുത്തൊഴുക്ക് പോലെ.
അല്ല, കുട്ട്യോളെന്തു വിചാരിയ്ക്കും ന്ന്?

അമ്മ ആയീട്ടും
എല്ലാരും വായ നിറച്ച് പറയാറുള്ള, എഴുതാറുള്ള അമ്മയായില്ലെങ്കീ കൊഴപ്പാവോ ആവോ..

Tuesday, November 04, 2008

ഒരു നിമിഷം നിശ്ശബ്ദരാവൂ!

നിശ്ശബ്ദത ചിലപ്പോളെങ്കിലും ഒരനുഗ്രഹമാകുന്നില്ലേ?

ഒരു നിശ്ശബ്ദതയില്‍ നിന്നുമൂറി വരുന്ന സംഗീതം പോലെ
ഒരു നിശ്ശബ്ദതയില്‍ വിടര്‍ന്നു കൊഴിയുന്ന സ്വപ്നം പോലെ..
ദൈവം കനിഞ്ഞരുളുന്ന അതു പോലൊരു നിശ്ശബ്ദതയില്‍
രണ്ടു വെള്ളരിപ്രാവുകള്‍ ചിറകടിച്ചുയരുന്ന ഒച്ചയ്ക്കായി
തവിയ്ക്കുന്നുണ്ടാവും നമ്മുടെ ഈ ഭൂമി. അങ്ങനെ തോന്നുന്നില്ലേ?
ദൈവത്തോട്‌ മൗനപ്രാര്‍ത്ഥനയായി അപേക്ഷിയ്ക്കുന്നുണ്ടാവും അവള്‍.
ഒരു തരി നിശ്ശബ്ദതയ്ക്കായി..
അല്ലെങ്കില്‍ ഒരുപക്ഷെ ശവശരീരങ്ങളെ ഏറ്റുവാങ്ങി മുഴുഭ്രാന്തിലേയ്ക്കു വഴുതിവീഴുമായിരിയ്ക്കും അവള്‍.

ഈ ഭൂമി പിളര്‍ക്കുമാറ്‌ ആക്രോശിച്ച്
പൊട്ടിച്ചിതറുന്ന ബോംബുകളേ.. മിസയിലുകളേ..
വെടിയുണ്ടകളേ..
നിങ്ങള്‍ക്കു കേള്‍ക്കാനാവുമോ? കാണാനാവുമോ?
അഥവാ കേള്‍ക്കണമെന്നുണ്ടോ? കാണണമെന്നുണ്ടോ?

എങ്കില്‍
ഒരു നിമിഷം..
ഒരു നിമിഷം നിശ്ശബ്ദരാവൂ.
ഒരു നിമിഷം കാതു കൂര്‍പ്പിയ്ക്കൂ.

രക്തദാഹികളേ! നിങ്ങള്‍ക്കു പോലും അതു കേള്‍ക്കാം ആ നിശ്ശബ്ദതയില്‍.
തുടിയ്ക്കുന്ന വേദനകള്‍..
കാണാം ആ നിശ്ശബ്ദതയില്‍. ഉയര്‍ന്നു വരുന്ന ഒരു സ്വര്‍ഗ്ഗം.

ഒന്നു മാത്രം, അതു മാത്രേയുള്ളു പറയാന്‍, ചെയ്യാന്‍..

മനസ്സുണ്ടെങ്കി
ഒരു നിമിഷം നിശ്ശബ്ദരാവുക!