Wednesday, December 30, 2009

പുതുവർഷസമ്മാനം.

ഇന്നലെ ഞാനും ചുമരിലെ കണ്ണാടിയും കുശലാന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുമ്പോൾ പെട്ടെന്ന് കണ്ണാടി എന്റെ മുടിയിഴകളെ നോക്കിക്കൊണ്ട്‌ പറഞ്ഞു-

"ഏയ്, ദാ നോക്കൂ! ഒരു വെള്ളിനൂൽ"

ഞാൻ കണ്ണാടിയുടെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി.
അതെ, ഒരു വെള്ളിനൂൽ.
എന്റെ വലതുഭാഗത്തെ നീണ്ടുകിടക്കുന്ന കറുത്ത മുടിയിഴകൾക്കിടയിൽ, അതേ നീളത്തിൽ അതൊളിച്ചുകളിയ്ക്കുന്നു. ഞാനതിനെ ഒറ്റ ഇഴയായെടുത്ത്‌ നോക്കി.
എനിയ്ക്കു സന്തോഷമായി.

ഞാൻ കണ്ണാടിയോടു പറഞ്ഞു-"ഹാവൂ, അവസാനം വന്നൂലോ, കുറേയായി കാത്തിരിപ്പു തുടങ്ങിയിട്ട്‌."

എന്നാലും അതിനു കൂട്ടായി വേറെയും വെള്ളിനൂലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് മുടിയിഴകളിലൂടെ പരതി നോക്കാൻ മറന്നില്ല.
പാവം അതൊറ്റയ്ക്കാണ്‌, ഇനിയും കൂട്ടുകാരായിട്ടില്ല.
ഞാനതിനെ വെറുതെവിട്ടു. വീണ്ടുമത്‌ ഒളിച്ചുകളിയ്ക്കുവാൻ തുടങ്ങി.

ഞാൻ കണ്ണാടിയെ നോക്കി ചിരിച്ചു.

അപ്പോഴാണ്‌ കണ്ണാടി ഒരു പുഞ്ചിരിയോടുകൂടി എന്നെ ഓർമ്മിപ്പിച്ചത്‌- "പുതുവർഷം"!

:)

എല്ലാ സുഹൃത്തുക്കൾക്കും ബ്ലോഗുകൾക്കും, നന്മയുടേയും സമാധാനത്തിന്റേയും
(വെള്ളിനൂലുകളുടേയും) പുതുവത്സരാശംസകൾ... :)

Friday, November 20, 2009

എന്റെ പ്രിയപ്പെട്ട ഈ സ്ലേറ്റിന്‌..

നിണ്ടൊരു അവധിക്കാലത്തിനു ശേഷം സ്ക്കൂളൊക്കെ തുറന്ന്, പുത്തൻ മണമുള്ള. തിളങ്ങുന്ന കറുകറുത്ത സ്ലേറ്റിൽ എഴുതാൻ തുടങ്ങുമ്പോഴുള്ള അതേ വിറയൽ, ഇപ്പോൾ.. ഉത്സാഹത്തോടെയെങ്കിലും.
ആദ്യത്തെ അക്ഷരം ഏതാവണം?
-എന്തായാലും ഭംഗിയിൽ വേണം.
എവിട്ന്നു തുടങ്ങണം?
-തുടങ്ങിയേ തീരൂ!
എങ്ങനെയാവണം?

(എഴുതിയും മായ്ചും, വീണ്ടുമെഴുതിയും, പിന്നെ പിന്നെയെന്ന് മാറ്റിവെയ്ക്കപ്പെട്ടും പതുക്കെ പതുക്കെ എന്റെ ഈ സ്ലേറ്റ് മങ്ങിത്തുടങ്ങിയപ്പോഴും, അക്ഷരങ്ങളൊക്കെ വിട്ടകന്നപ്പോളും, ഒളിഞ്ഞു നിന്നും പതുങ്ങിപ്പതുങ്ങിയും കൂട്ടുകാരെയൊക്കെ പോയിനോക്കുമ്പോഴും, ഒന്നുമുരിയാടാതെ മടങ്ങിപ്പോരുമ്പോഴും ഒരു രസമുണ്ടായിരുന്നു, നിശ്ശബ്ദമായി മാറിനിൽക്കുന്നതിന്റെ ഒരു സുഖം. ഒന്നെഴുതി അടുത്തതെന്തെന്നില്ലാതെ നിശ്ശബ്ദത പാലിയ്ക്കുന്നതിന്റെ സ്വാതന്ത്ര്യം തരുന്ന ഒരു തരം സുഖം. ഞനിവിടെ ഇല്ലേയില്ല എന്നു നടിയ്ക്കുന്നതിലെ ഒരു 'കള്ളസുഖം'.)

സുഖങ്ങളെയൊന്നും ഉപേക്ഷിച്ചിട്ടല്ല,

എന്നാലും എന്റെ ഏറ്റവും പ്രിയപ്പെട്ട ഈ സ്ലേറ്റിൽ,
എഴുതിവെച്ചതൊന്നും മാഞ്ഞുപോവാത്ത ഈ ഇരുണ്ട സ്ലേറ്റിൽ,
ഇപ്പോൾ ഒന്നു കുറിച്ചു വെയ്ക്കട്ടെ,
രണ്ടേരണ്ടു വരികൾ മാത്രം.

...........
...........

എനിയ്ക്കേറ്റവും പ്രിയപ്പെട്ട രണ്ടേ രണ്ടു വരികളാവണം അവ.
ഇവിടെ അതെന്റെ ശബ്ദമാകണം, സംഗീതമാകണം..
പിന്നെ
ഞാൻ മറന്നു പോയ,
എനിയ്ക്കിനിയുമോർത്തെടുക്കാനാവാത്ത,
എനിയ്ക്കു പ്രിയപ്പെട്ട ഒരു ഈണത്തിൽ അവരിവിടെ ഉണരണം.

അതിനു മുൻപായി,
എന്റെയുള്ളിൽ കൂടുകൂട്ടി, പറക്കമുറ്റി നിൽക്കുന്ന
മൗനത്തിന്റെ പക്ഷിക്കുഞ്ഞുങ്ങളെ ഇവിടെ പറത്തിവിട്ട്‌
ആ കുഞ്ഞു തൂവലുകൾ കൊണ്ട്
ഈ സ്ലേറ്റ്‌ ഞാനൊന്നു മിനുക്കിയെടുക്കട്ടെ!

Saturday, October 10, 2009

MSL




എന്തെഴുതിയാലും അതിനടുത്തെത്തുന്നില്ല, എത്ര ആലോചിച്ചിട്ടും അതുൾക്കൊള്ളാനാവുന്നില്ല..
അവിശ്വസനീയം!

ജ്യോനവന്‌ ആദരാഞ്ജലികൾ!

Saturday, May 09, 2009

യേശുദേവൻ

യേശു ദേവനാണോ? യേശുനെന്തിനാ വേദനിയ്ക്കുന്നത്‌?
അവൾക്കൊരുപാട്‌ സംശയങ്ങളുണ്ട്‌. പക്ഷേ ആരോടും ഇതുവരെ ചോദിച്ചിട്ടില്ല.

അവിടടുത്തുള്ള ഒരു പള്ളിയിലേയ്ക്കു ആഴ്ചതോറും അച്ഛന്റെയൊപ്പം പോകാൻ അവൾക്കു വലിയ ഇഷ്ടമായിരുന്നു. ചിലപ്പോൾ അനിയൻകുട്ടനും ഒപ്പം വരും. അവിടെയുള്ള പാവപ്പെട്ട കുട്ടികളെ ചികിത്സിയ്ക്കാനാണു അച്ഛൻ പോകാറുള്ളത്‌. ആ സമയത്ത്‌ അവളേയും അവളുടെ കുഞ്ഞനിയനേയും പള്ളിയ്ക്കടുത്തുള്ള ഒരു കൊച്ചു വീട്ടിലേയ്ക്കു അവിടത്തെ സിസ്റ്റർമാർ കൊണ്ടുപോകും. ആ വീടിന്റെ ചുവരുകളിൽ നിറയേ യേശുവിന്റെ ചിത്രങ്ങൾ ഉണ്ടാകും. കത്തിത്തീർന്ന മെഴുകുണ്ടാവും. അവർ നിറയേ കേക്കു കൊടുക്കും, മിഠായി കൊടുക്കും, ഇഷ്ടമുള്ളതൊക്കെ കൊടുക്കും. അമ്മയുടെ നോട്ടത്തെയൊന്നും പേടിയ്ക്കാതെ അച്ഛൻ വരുന്നവരെ ഇഷ്ടമുള്ളത്ര എന്തും വയറുനിറച്ച്‌ കഴിയ്ക്കാം. സിസ്റ്റർമാരുടെ ഇടയിൽ അവരുടെ വാത്സല്യഭാജനങ്ങളായി, കേന്ദ്രബിന്ദുക്കളായി അവിടങ്ങനെ കൂടുമ്പോൾ അവളും അനിയൻകുട്ടനും അഭിമാനപുളകിതരാകും.

പള്ളിയിൽ നിന്നും ആ കൊച്ചു വീട്ടിലേയ്ക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ ദൂരെ അകലേയ്ക്കു നോക്കിയാൽ നീല നിറത്തിലുള്ള വലിയ മലകൾ ഉയർന്നു നിൽക്കുന്നതു കാണാം. പരന്നു നീണ്ടു കിടക്കുന്ന സ്ഥലം കാണാം. സിസ്റ്റർമാരുടെ കൂടെ നടക്കുമ്പോൾ അവരുടെ ഒരു പ്രത്യേക മണം അവളുടെ മൂക്കിലുടെ അരിച്ചു കയറും. അവരുടെ അരയിൽ തൂങ്ങികിടക്കുന്ന വലിയ കുരിശുമാലയിൽ തൊട്ടുനോക്കാൻ തോന്നും. അവരുടെ നഗ്നമായി കിടക്കുന്ന കാതുകൾ തലയിലൂടെ ഇട്ടിരിയ്ക്കുന്ന തുണിയ്ക്കിടയിലുടെ കാണാനില്ലേന്ന് എല്ലാ പ്രാവശ്യവും അവൾ പ്രത്യേകം ശ്രദ്ധിയ്ക്കും. അവരുടെ കുപ്പായത്തിന്റെ ഇറക്കം കാൽപാദം തൊടാതെ കണങ്കാലിനു ലേശം മീതെ വരെ മാത്രം കിടക്കുന്നത്‌ അവൾ കൗതുകത്തോടെ നോക്കാറുണ്ട്‌. അവർക്കെല്ലാവർക്കും ഒരേ ശബ്ദം, ഒരേ ഭാഷ, ഒരേ സ്നേഹം എന്നവൾക്കു തോന്നും.

ഇടയ്ക്ക്‌ പള്ളിയിൽ പോയാൽ ഒരു കസേരയിലിരുന്ന് അച്ഛൻ ഓരോ കുട്ടികളേയായി സ്റ്റെതസ്കോപ്പ്‌ വെച്ചു പരിശോധിയ്ക്കുന്നത്‌ കാണാം. രണ്ടു ഭാഗത്തും ഇടവിട്ടിടവിട്ട്‌ നിറയേ വാതിലുകളുള്ള ആ നീണ്ട ഹാളിന്റെ അറ്റത്തേയ്ക്കവൾ നോക്കും. അവിടെ യേശു ചുവരിൽ തൂങ്ങിക്കിടക്കുന്നുണ്ടാവും. കയ്യിലും കാലിലും ചോരത്തുള്ളികൾ. ആ യേശുവുന്റെ മുമ്പിലിരുന്നാണ്‌ അച്ഛൻ കുട്ടികളെ നോക്കുക. കുരിശിൽ കിടക്കുന്ന യേശു എങ്ങനെ ദൈവമാവും എന്നു പലവട്ടം അവൾ സംശയിച്ചിട്ടുണ്ട്‌. യേശുവിനെ കാണുമ്പോഴൊക്കെ അവൾക്കു സങ്കടമാണു തോന്നുക. യേശുവിന്റെ മുഖത്ത്‌ വേദനയാണെന്നും തോന്നും. ദൈവങ്ങൾ എപ്പോഴും ചിരിയ്ക്കുകയല്ലേ ചെയ്യുക? നല്ല കുപ്പായമൊക്കെ ഇട്ട്‌ കണ്ണെഴുതി പൊട്ടു തൊട്ട്‌ ചിരിച്ചുകൊണ്ടു നിൽക്കുന്ന ദൈവങ്ങളെ കാണാൻ എന്തു ഭംഗിയാ എന്നവൾ ഓർക്കും.
എന്നാലും യേശുവിനേയും അവൾക്കു വലിയ ഇഷ്ടമായിരുന്നു. കുരിശു വരയ്ക്കാനും അവൾ ഇഷ്ടപ്പെട്ടിരുന്നു. അവളൊരിയ്ക്കൽ സ്കൂളിൽ ഒരുച്ചയ്ക്ക്‌ യേശുവിന്റെ സിനിമ കാണുകയുണ്ടായി. അന്ന് ആ സിനിമ കണ്ട്‌ അവളും കൂട്ടുകാരും എല്ലാവരും കരഞ്ഞു. അവളുടെ ശരീരം വേദന കൊണ്ടു പുളയുന്നതായി തോന്നി. അവളുടെ മനസ്സ്‌ അന്ന് ഒരുപാട്‌ വിഷമിച്ചു. അതിനു ശേഷമാണ്‌ യേശുവിനെ അവൾക്കു വലിയ ഇഷ്ടമായത്‌.

പക്ഷേ പിന്നെ പള്ളിയിൽ ചെല്ലുമ്പോഴൊക്കെ അവിടം മുഴുവൻ എന്തൊക്കെയോ അവൾക്കറിയാത്ത കഥകളുറങ്ങികിടപ്പുണ്ടെന്നു തോന്നുമവൾക്ക്‌. പള്ളിയിലെ നിശ്ശബ്ദത തെല്ലൊന്ന് അസ്വസ്ഥമാക്കാറുണ്ട്‌ അവളെ. പള്ളിയിരിയ്ക്കുന്ന പ്രദേശമാകെ ശാന്തമൂകമാണ്‌. മൂകതയിൽ ഉയർന്നുനിൽക്കുന്ന പള്ളിയിലേയ്ക്കു വന്നും പോയുമിരിയ്ക്കുന്ന സിസ്റ്റർമാർ നിശ്ശബ്ദതയുടെ മാലാഖമാരാണെന്ന് അവളറിയാതെ അവൾക്കു തോന്നും. സിസ്റ്റർമാരെ കാണുമ്പോൾ, അവരെല്ലാമറിഞ്ഞ്‌ ചിരിയ്ക്കുന്നതാണെന്നു തോന്നും. അവൾക്കവരോട്‌ ഇഷ്ടം തോന്നാറുണ്ടെന്നു മാത്രമേ അവൾക്കറിയൂ.

കുരിശിലെ യേശുവിനേക്കാളും ഉണ്ണിയേശുവിനെയാണു അവൾക്കു കൂടുതലിഷ്ടം. ഉണ്ണിയേശു ഉണ്ണിക്കണ്ണനെപ്പോലെയാണെന്നു തോന്നും. ഉണ്ണിയേശുവിനു വേദനയില്ല. ഉണ്ണിയേശു കാലിത്തൊഴുത്തിലാണു ജനിച്ചതെന്നവൾക്കറിയാം. ക്ലാസ്സിലെ സിനു ജോസഫിന്റെ വീട്ടിൽ ക്രിസ്ത്മസിനു സ്റ്റാർ തൂക്കുക മാത്രമല്ല ചെയ്യുക ത്രേ, വീടിനു മുന്നിൽ പുൽക്കൂടുണ്ടാക്കി, അതിൽ ഉണ്ണിയേശുവിനെ കിടത്തുകയും ചെയ്യുമത്രേ! അവൾക്കതു കാണാൻ വലിയ ആഗ്രഹമായിരുന്നു. അവളുടെ വീട്ടിലും ക്രിസ്ത്മസിനു ഉള്ളിൽബൾബു കത്തി ചെറിയ ചെറിയ സുഷിരങ്ങളിലൂടെ പ്രകാശം പരത്തുന്ന സ്റ്റാർ കെട്ടിത്തൂക്കാൻ വലിയ ആഗ്രഹമായിരുന്നു. എന്നാലുമത്‌ ആരോടും അവൾ പറഞ്ഞിരുന്നില്ല. ക്രിസ്ത്മസിന്റെ തലേന്നു രാത്രി ക്രിസ്ത്മസ്‌ അപ്പൂപ്പനും കൂട്ടുകാരും വരുന്നതു അവളും അനിയൻകുട്ടനും കാത്തിരിയ്ക്കാറുണ്ട്‌. ഓരോ വീടുകളിലായി കയറിയിറങ്ങി അവർ അവളുടെ വീട്ടിലുമെത്തും, പാട്ടു പാടിക്കൊണ്ട്‌. അപ്പോഴേയ്ക്കും അവർ ഉറങ്ങിക്കഴിയും. ഉറക്കച്ചടവോടെ അച്ഛനുമമ്മയോടൊപ്പം ക്രിസ്ത്മസ്‌ അപ്പൂപ്പനെ കാണുമ്പോൾ അപ്പൂപ്പൻ അവളുടേയും അനിയൻകുട്ടന്റേയും കയ്യിൽ ഇത്തിരിപോന്ന ജീരകമിഠായികൾ വെച്ചുകൊടുക്കാറുണ്ട്‌. ക്രിസ്ത്മസ്‌ അപ്പൂപ്പൻ വരുമ്പോൾ വരവേൽക്കാൻ ഒരു ക്രിസ്ത്മസ്‌ ട്രീ മിറ്റത്ത്‌ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആശിയ്ക്കാറുണ്ട്‌; ഓണത്തിനു മിറ്റത്ത്‌ പൂവിടുന്ന പോലെ. വിഷുവിനു മിറ്റത്ത്‌ പടക്കങ്ങൾ പൊട്ടിയ്ക്കുന്നപോലെ. ഓണവും വിഷുവും ഒക്കെ വന്നാൽ മുറ്റം എന്തു ഭംഗിയാവും എന്നവൾ ഇടയ്ക്കിടയ്ക്കു ആലോചിയ്ക്കാറുണ്ട്‌. ഓണവും വിഷുവും ഒക്കെ വരാൻ കുറേ ദിവസങ്ങൾ ഇനിയും കഴിയണമായിരിയ്ക്കും എന്നും ചിന്തിയ്ക്കും. ക്രിസ്ത്മസ്‌ വരാൻ അതിലും കുറേ ദിവസങ്ങൾ കഴിയണമായിരിയ്ക്കും എന്നും.

വിഷുവാണവൾക്കു കൂടുതൽ ഇഷ്ടം. കാരണം പടക്കം പൊട്ടിയ്ക്കാലോ. അതിലും കൂടുതൽ ഇഷ്ടം കമ്പിത്തിരിയോടും പൂത്തിരിയോടും, ചക്രത്തോടും തന്നെ. ഓലപ്പടക്കം, മാലപ്പടക്കം അതൊന്നും ഒട്ടും ഇഷ്ടമല്ല. അവളുടെ ചേച്ചിമാരൊക്കെ വലിയ ധൈര്യശാലികളാണു. അവർക്കൊക്കെ പൊട്ടുന്നവയോടും വലിയ ഇഷ്ടമാണു. ഓണത്തിനു പൂവിടാം, പക്ഷേ രാവിലെ പഴനുറുക്കും പപ്പടവുമാണു ഉണ്ടാവുക. അതവൾക്കു ഇഷ്ടമല്ല. പക്ഷേ ഓണത്തിനു പഴനുറുക്കേ ഉണ്ടാവൂ എന്നറിയാവുന്നതുകൊണ്ട്‌, അവൾ വാശിപിടിയ്ക്കാൻ പോവാറില്ല. വാശിപിടിച്ചാലും കാര്യമൊന്നുമില്ല എന്നു മാത്രമല്ല അമ്മ ദേഷ്യപ്പെടുമെന്നതും ഉറപ്പാണു. എന്നാലും അവൾ ഓണവും വിഷുവും ഒക്കെ വരാൻ എപ്പോഴും കാത്തിരിയ്ക്കാറുണ്ട്‌. സ്ക്കൂൾ അടയ്ക്കും, പുതിയ ഉടുപ്പുകൾ എല്ലാവരും തരും, പിന്നെ വീടിന്റെ മുറ്റം കാണാൻ നല്ല ഭംഗിയാവും, പഠിയ്ക്കണ്ട അതൊക്കെ അവൾക്കു വലിയ ഇഷ്ടമാണ്‌. സിനു ജോസഫിന്റെ വീട്ടിലും ക്രിസ്ത്മസ്‌ വരുമ്പോൾ അങ്ങനെയാവും എന്നവൾ ചിന്തിയ്ക്കാറുണ്ട്‌.

അവൾക്കും കുഞ്ഞനിയനും പക്ഷേ പായസത്തേക്കാളും, സദ്യയേക്കാളും ഒക്കെ കൂടുതൽ ഇഷ്ടമുള്ള വേറൊരു സാധനമുണ്ട്‌-കേക്ക്‌. ക്രിസ്ത്മസ്‌ വന്നാൽ ഒരുപാട്‌ കേക്കുകൾ അവളുടെ വീട്ടിലെത്താറുണ്ട്‌. പക്ഷേ അമ്മ കൊടുക്കന്നത്രയുമേ കഴിയ്ക്കാൻ പാടുള്ളു, കൂടുതൽ കഴിച്ചാൽ വയറു കേടുവരുമത്രേ! അമ്മ അങ്ങനെയാണ്‌ എല്ലാം കുറച്ചു കുറച്ചേ തരുള്ളൂ.
പിന്നെ ഇഷ്ടം മീനും, കോഴി ഇറച്ചിയും. അടുത്ത വീട്ടിലെ കുഞ്ഞിത്ത -ഫസലിന്റെ ഉമ്മ- ആണ്‌ അവളെ മീനും കോഴിയും ഒക്കെ കഴിയ്ക്കാൻ ശീലിപ്പിച്ചത്‌. പിന്നെ ക്ലാസ്സിലെ റസിയ ഇടയ്ക്കൊക്കെ അവൾക്കു മീൻ കൊടുക്കാറുണ്ട്‌. അവളുടെ അമ്മ അതൊന്നും വീട്ടിലുണ്ടാക്കാറില്ല, പക്ഷേ അച്ഛൻ അടുത്തു വന്നിരുന്ന്, എല്ലും മുള്ളും ഒക്കെ മാറ്റിക്കൊടുത്ത്‌ എല്ലാം കഴിയ്ക്കാൻപാകമാക്കി കൊടുക്കും. അമ്മയ്ക്കു എപ്പോഴും പേടിയാണ്‌, മുള്ളു തൊണ്ടയിൽ കുടുങ്ങിയാലോ, എല്ലു ഇറങ്ങിപ്പോയാലോ എന്നൊക്കെ. അമ്മ അതൊക്കെ ശ്രദ്ധിച്ചുകൊണ്ട്‌ കയ്യിലൊരു ഗ്ലാസ്സ്‌ വെള്ളവും പിടിച്ചുകൊണ്ട്‌, എന്നാൽ പ്ലേറ്റിലുള്ളതിലൊന്നിലും തൊടാതെ അവളുടേയും കുഞ്ഞനിയന്റേയും കൂടെയിരിയ്ക്കും.

ക്ലാസ്സിലെ സിനു ജോസഫാണ്‌ അവളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി. സിനു പൊട്ടു തൊടാറില്ല. പകരം നെറ്റിയിൽ സൂക്ഷിച്ചു നോക്കിയാൽ മാത്രം മനസ്സിലാക്കാൻ പറ്റുന്ന എണ്ണമയമുള്ള ഒരു കുരിശു വരച്ചിട്ടുണ്ടാവും. സിനുവിനു അഞ്ചു ചേച്ചിമാരും ഒരു ചേട്ടനും ഉണ്ട്‌. സിനു അമ്മയെ അമ്മച്ചീന്നും, അച്ഛനെ അപ്പച്ചൻ എന്നുമായിരുന്നു വിളിച്ചിരുന്നത്‌. സിനുവിന്റെ ചേച്ചിമാർക്കും ചേട്ടനുമൊക്കെ സിനുവിനെപ്പോലെ തന്നെ s-ൽ ആണ്‌ പേരുകൾ. അവരുടെയെല്ലാം പേരുകളവൾക്കു കാണാപാഠമായിരുന്നു. സിനുവിന്റെ വീട്ടിൽ എല്ലാവരും കൂടി എന്തു രസമായിരിയ്ക്കുമെന്നവൾ സങ്കൽപ്പിച്ചു നോക്കും. സിനുവും ചേച്ചിമാരും ചേട്ടനും, അമ്മച്ചിയും അപ്പച്ചനും എല്ലാവരും കൂടി ഞായറാഴ്ച പള്ളിയിൽ പോയി മുട്ടുകുത്തി നിന്ന് യേശുവിനെ നോക്കി കുരിശു വരയ്ക്കുന്നുണ്ടാവും എന്നവൾ എല്ലാ ഞായാറാഴചകളിലും വിചാരിയ്ക്കും.
സിനുവിന്റെ അമ്മച്ചി സിനുവിനെ മോളേ എന്നു വിളിയ്ക്കാറുണ്ട്‌. അവളുടെ അമ്മ അവളെ പേരു മാത്രമേ വിളിയ്ക്കു, അവളുടെ അമ്മ മാത്രമല്ല, വല്യമ്മയും എല്ലാവരും അങ്ങനെയാണ്‌. അതെന്താ അവരൊന്നും മക്കളെ, മോളേ എന്നും മോനേ എന്നുമൊക്കെ സിനുവിന്റമ്മച്ചിയെ പോലെ വിളിയ്ക്കാത്തത്‌, മടിയിലിരുത്തി കൊഞ്ചിയ്ക്കാത്തത്‌, കവിളിൽ എപ്പോഴും ഉമ്മയൊന്നും വെയ്ക്കാത്തത്‌, എന്നൊക്കെ അവൾ ഇടയ്ക്കു ആലോചിച്ചുനോക്കും.

സിനുവിന്റെ വീട്‌ കാണാൻ അവൾക്കെന്നും മോഹമായിരുന്നു. സിനുവിന്റെ വീട്‌ വലുതാണെന്നവൾ മനസ്സിലാക്കിയിട്ടുണ്ട്‌.സിനുവിന്റെ വീട്ടിലാണ്‌ അവളുടെ വീട്ടിലെക്കാളും മുൻപെ ടി.വി വാങ്ങിയത്‌. വീടിനു മുകളിലുണ്ടാവുന്ന ആന്റിന അവൾ മനസ്സിൽ സങ്കൽപ്പിച്ചു നോക്കും. ഒരിയ്ക്കൽ അവളച്ഛനോടു പറയുകതന്നെ ചെയ്തു. ടി.വി ഇല്ലെങ്കിലും സാരല്യ അച്ഛാ, ഒരു ആന്റിനയെങ്കിലും വീടിനു മുകളിൽ വെച്ചുപിടിപ്പിയ്ക്കാൻ.
അവളുടെ അച്ഛനും തൊട്ടപ്പുറത്ത്‌ പുതിയൊരു വീട്‌ വെയ്ക്കുന്നുണ്ട്‌. അതും വലുതാണ്‌. അച്ഛന്റെ ഒപ്പം വീടുപണി നടക്കുന്നേടത്തേയ്ക്ക്‌ അവളെന്നും പോകാറുണ്ട്‌. പുതിയ വീട്‌ അവൾക്കൊരുപാടിഷ്ടമായി. അവൾക്കവിടെ താമസിയ്ക്കാൻ ധൃതിയായിരിയ്ക്കുകയാണ്‌. നിലം അച്ഛൻ മൊസൈക്‌ ചെയ്യാൻ പോവാണത്രേ-അവൾക്കു സന്തോഷായി, സിനുവിന്റെ വീട്ടിലേയും നിലം മൊസൈക്കാണെന്നവൾ ഒരിയ്ക്കൽ പറഞ്ഞിട്ടുണ്ട്‌.

അങ്ങനെ ഒരു ദിവസം സ്ക്കൂളിൽ നിന്നും സിനുവിന്റെ വീട്ടിലേയ്ക്കു പോകാൻ തന്നെ അവളും കൂട്ടുകാരി സിന്ധു.ജി.യും കൂടി ഉറപ്പിച്ചു. സിനു അവരെ വിളിയ്ക്കുകയും ചെയ്തു.
വലിയൊരു പുഴ കടന്നു വേണം സിനുവിന്റെ വീട്ടിലെത്താൻ. നെല്ലിപ്പുഴ എന്നാണാ പുഴയുടെ പേര്‌. പുഴയ്ക്കരികിലാണ്‌ സ്ക്കൂൾ. പുഴ കടന്നു കഴിഞ്ഞാൽ കുറേ ദൂരം നടക്കണം. ആ ഭാഗത്ത്‌ പുഴയിൽ വെള്ളം കുറവേ ഉണ്ടാകൂ, സുഖമായി വെള്ളത്തിലൂടെ ഉരുളൻകല്ലുകളിൽ ചവുട്ടി നടക്കാം. സ്കൂൾ വിടുന്നതിനു മുൻപേ തിരിച്ചെത്താനായിരുന്നു പരിപാടി ഇട്ടത്‌.
അവർ സ്ക്കൂളിൽ നിന്നും നേരെ നടന്നു. സംസാരിച്ച്‌, നടന്നു നടന്ന് എത്രയായിട്ടും വീടെത്താത്തതു കണ്ട്‌ അവളൊന്നു സംശയിച്ചു, ഇനി സ്ക്കൂൾ വിടുന്നതിനു മുൻപ്‌ തിരിച്ചെത്താൻ പറ്റില്ലേ? എന്നാലും സിനുവിന്റെ വീടൊന്നു കാണാതെ ഇനി എന്തായാലും തിരിച്ചു പോണ്ട എന്നവൾ നിശ്ചയിച്ചു.

സിനുവിന്റെ വീട്‌ നല്ല ഭംഗിയായിരുന്നു കാണാൻ. പക്ഷേ അവൾ വിചാരിച്ചതിലും ഇരുട്ടു മുറികളായിരുന്നു കൂടുതലും. എന്നാൽ വീടിന്റെ ഉമ്മറത്തു തന്നെ അവളൊട്ടും പ്രതീക്ഷിയ്ക്കാത്തെ ഒരു ചിത്രം കണ്ടു. അവളെ വല്ലാതെ ആകർഷ്യ്ക്കുന്ന ഒരു ചിത്രം, നീണ്ടിട്ടൊരു ചില്ലുകൂട്ടിൽ വലിയൊരു ചിത്രം - വലിയൊരു മാതാവും, മാതാവിന്റെ മടിയിലൊരു ഉണ്ണിയേശുവും. അവൾക്കതു കണ്ടുകൊണ്ടിരിയ്ക്കാൻ തോന്നി. ആ ഉണ്ണിയേശുവിനു ശരിയ്ക്കും വീട്ടിലെ പൂജാമുറിയിലെ ഉണ്ണിക്കണ്ണന്റെ അതേ ഛായ. അവളതും നോക്കിനിന്നു കുറേ നേരം-ഈയുണ്ണിയേശുവിനെ കാണാൻ നല്ല രസമുണ്ട്‌.
സിനുവും സിന്ധുവും മുറ്റത്തു എന്തൊക്കെയോ കളിയ്ക്കുന്നുണ്ടായിരുന്നു. സിനുവിന്റെ അപ്പച്ചൻ വീട്ടിലില്ല. അമ്മച്ചി അടുക്കളയിലാണ്‌, കേക്ക്‌ എന്തായാലും സിനുവിന്റെ അമ്മച്ചി തരാതിരിയ്ക്കില്ല. ചേച്ചിമാരൊക്കെ വീട്ടിലുണ്ട്‌. സിനുവിന്റെ മൂത്ത ചേച്ചിയ കാണാൻ നല്ല ഭംഗിയുണ്ടെന്നു തോന്നി അവൾക്ക്‌. ആ വീടും വലിയ തോട്ടവും എല്ലാം കണ്ട്‌, അവൾക്കു തിരിച്ചു പോകാനേ തോന്നിയില്ല, അവളുടെ വീടും ഇവിടെയായിരുന്നെങ്കിൽ എന്നോർത്തു കൊണ്ട്‌ അവൾ മിണ്ടാതെ വീടിനുള്ളിൽ അലങ്കരിയ്ക്കാൻ വെച്ചിട്ടുള്ള ഓരോ സാധനങ്ങളേയും നോക്കിക്കൊണ്ട്‌ ഉമ്മറത്തുള്ള വലിയ സോഫയിൽ ഒറ്റയ്ക്കിരുന്നു.

പെട്ടെന്നാണവൾക്കു ഓർമ്മ വന്നത്‌, തന്റെ കൊച്ചനുജൻ സ്ക്കൂൾ ബസ്സിൽ കേറിയിട്ടുണ്ടാകുമോ എന്ന്. എന്നും അവൻ കേറിയിട്ടില്ലേ, എന്നു നോക്കാറുള്ളതാണ്‌. അവൻ ചെറിയ ക്ലാസ്സിലായതുകൊണ്ട്‌ നേരത്തെ തന്നെ ബസ്സിൽ കയറിയിട്ടുണ്ടാവും. ആദ്യത്തെ ദിവസം അവൻ കുറേ നേരം അവളുടെ ക്ലാസ്സിനു മുന്നിൽ ജനാലയിൂടെ അവളേയും നോക്കി, ഒറ്റയ്ക്കു കാത്തു നിന്നിരുന്നു. അന്നവൾക്ക്‌ ക്ലാസ്സിൽ എടുക്കുന്നതൊന്നും ശ്രദ്ധിയ്ക്കാൻ കഴിഞ്ഞില്ല. അവൾക്കു അനിയനെ ക്ലാസ്സിലേയ്ക്കു കൊണ്ടുവന്ന് തന്റെ ഒപ്പം ഇരുത്തണമെന്നു തോന്നി, പക്ഷേ ടീച്ചറോടു പറയാൻ പേടി തോന്നി.
ഇപ്പോൾ അവളുടെ ഹൃദയം മിടിയ്ക്കാൻ തുടങ്ങി. അവൻ ക്ലാസ്സിൽ ഒറ്റയ്ക്കിരിയ്ക്കുകയാവുമോ? ടീച്ചർ അവനെ കാണാതിരിയ്ക്കുമോ? അവൻ ബാഗും മടിയിൽ വെച്ച്‌ ക്ലാസിലെങ്ങാനും ഉറങ്ങിപ്പോകുമോ? അവൾക്കു സ്ക്കൂളിലെത്താൻ ധൃതിയായി. ബസ്സിൽ നിന്നും അവനെ ഇറക്കിയ ശേഷമേ താൻ ഇറങ്ങാറുള്ളു. അവനൊന്നും അറിയില്ല. ബസ്സിൽ അവൻ ഉറങ്ങാറുണ്ട്‌. അവൻ ചെറിയ കുട്ടിയാണ്‌. ചോറുപാത്രം തുറക്കുമ്പോളുണ്ടാവുന്ന മോരിന്റെ മണം കേട്ടാൽ ഛർദ്ദിയ്ക്കും. ഫ്ലാസ്ക്കിലെ പാലിന്റെ മണം കേട്ടാലും ഓക്കാനിയ്ക്കും. അമ്മ അതുകൊണ്ട്‌ ഇപ്പോളവന്‌ മോരും പാലുമൊന്നും കൊടുത്തയയ്ക്കാറില്ല എന്നു പറയുന്നതു കേട്ടിട്ടുണ്ട്‌. സ്ക്കൂളിൽ വന്നുകഴിഞ്ഞാൽ അവൻ പാവമാണ്‌. പക്ഷേ വീട്ടിൽ അവൻ മഹാവികൃതിയാണ്‌. അവളെ കുറേ ഉപദ്രവിയ്ക്കും, ചിലപ്പോൾ അടിയ്ക്കും, ഇടിയ്ക്കും, അച്ഛന്റെ മുറിയിൽ പോയി ആവശ്യമില്ലാത്തതൊക്കെ വലിച്ചിടും, ശ്രധിച്ചില്ലെങ്കിൽ മരുന്നൊക്കെയെടുത്ത്‌ കുടിയ്ക്കും. അവൻ അടുക്കളയിലേയ്ക്കു വരാതിരിയ്ക്കുവാൻ അമ്മ അടുക്കളവാതിലിൽ അപ്പുആശാരിയോടു പറഞ്ഞ്‌ ഒരു 'അത്താണി' പിടിപ്പിച്ചു വെച്ചിട്ടുണ്ട്‌. അവൻ അടുക്കളയിലെത്തിയാൽ കിണറ്റിലേയ്ക്കു കയ്യിൽകിട്ടിയതൊക്കെ വലിച്ചെറിയും. അവിടെം ഇവിടെം ഒക്കെ മൂത്രമൊഴിയ്ക്കും.
അമ്മയുടെ തൊട്ടടുത്ത്‌ ഒരു കുഞ്ഞുവാവയായി അവൻ കിടന്നിരുന്നത്‌ ഇപ്പോഴും അവൾക്കോർമ്മയുണ്ട്‌. അവനെ അവൾക്കെടുക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു, അത്രയ്ക്കു തടിച്ചിട്ടായിരുന്നു അവൻ. അവനുണരുമ്പോൾ അവന്റെ തൂക്ക്‌ ആട്ടുന്ന ജോലി അവൾക്കായിരുന്നു. അമ്മ പാടുന്ന പാട്ടൊക്കെ ഓർത്തെടുത്ത്‌ അവനു പാടിക്കൊടുത്തിരുന്നു അവൾ. അവന്റെ കഴുത്തിൽ ആലിലയിൽ കാലിന്റെ പെരുവിരൽ കുടിച്ചു കിടക്കുന്ന ഉണ്ണിക്കണ്ണന്റെ ലോക്കറ്റുള്ള ഒരു മണിമാല ഇട്ടുകൊടുത്തിട്ടുണ്ടായിരുന്നു അമ്മ.

സിനുവിന്റെ അമ്മ കേക്കും ബിസ്ക്കറ്റും ഒക്കെ തന്നു. ടി.വി ഓൺ ചെയ്തു. പക്ഷേ ഒന്നും കഴിയ്ക്കാൻ തോന്നുന്നില്ല. ടി.വി യും കാണാൻ തോന്നുന്നില്ല. അവൾക്കെങ്ങനെയെങ്കിലും സ്ക്കൂളിൽ തിരിച്ചെത്താൻ ധൃതിയായി. അവളൊരു കഷ്ണം കേക്ക്‌ കയ്യിൽ തന്നെ പിടിച്ചു. എല്ലാവരും ടി.വിയിൽ നോക്കിയിരിയ്ക്കുകയാണ്‌. സിനു അവളുടെ അമ്മച്ചിടെ മടിയിൽ കയറിയിരിയ്ക്കുന്നു. അമ്മച്ചി അവളുടെ തലമുടിയിൽ തലോടിക്കൊണ്ടിരിയ്ക്കുന്നു. സിന്ധു കേക്കും ബിസ്ക്കറ്റുമൊക്കെ എടുത്തു കഴിയ്ക്കുന്നുണ്ട്‌. അവൾക്കവിടെ നിന്നും ഓടിപ്പോകാൻ തോന്നി. അനിയൻകുട്ടൻ സ്ക്കൂൾബസ്സിൽ കയറിയിട്ടുണ്ടാവില്ലേ എന്നോർത്തിട്ട്‌ അവൾക്കിരുപ്പൊറയ്ക്കാതെയായി. അവസാനം ഒരുകണക്കിന്‌ സിനുവിന്റെ വീട്ടിൽ നിന്നുമിറങ്ങി സ്ക്കൂളിലേയ്ക്കു നടക്കാൻ തുടങ്ങി. വഴിയിൽ സിന്ധുവിനൊടു പറഞ്ഞു-അപ്പോൾ അവളും ആകെ പരിഭ്രമിച്ചിരിയ്ക്കുകയാണ്‌. അവളുടെ സംശയം സ്ക്കൂൾ ബസ്സെങ്ങാനും പോയിട്ടുണ്ടാകുമോ എന്നായിരുന്നു. പിന്നീടൊന്നും ആലോചിച്ചില്ല, ഓടി. കിതച്ചുകൊണ്ടോടി. പുഴയിലുടെ ഓടി. ഓടിയും നടന്നും അവസാനം സ്ക്കൂളിലെത്തിയപ്പോൾ അവർക്കു രണ്ടുപേർക്കും വല്ലാതെ പേടി തോന്നി. ക്ലാസ്സുകളൊക്കെ അടച്ചിട്ടിരിയ്ക്കുന്നു. സ്ക്കൂളിനു ചുറ്റും പാടമായതു കൊണ്ട്‌, എല്ലാം ഒഴിഞ്ഞു നിശബ്ദമായി കിടക്കുന്നു. ഒരു കുന്നും കൂടി കയറി വേണം സ്ക്കൂൾ ബസ്‌ നിൽക്കുന്നിടത്തേയ്ക്കെത്താൻ. അവർ രണ്ടു പേരും ഒന്നും സംസാരിച്ചില്ല. അവർ ഒഴിഞ്ഞ ക്ലാസ്‌ വരാന്തയിലൂടെ പേടിച്ചു പേടിച്ചു നടന്നു. കുന്നു കയറി. ബസ്സു കിടക്കേണ്ട സ്ഥലം ഒഴിഞ്ഞു കിടക്കുന്നു. ഹൃദയമിടിപ്പ്‌ വർദ്ധിച്ചു വന്നു. എന്തു ചെയ്യണമെന്നൊരു നിശ്ചയവുമില്ല. ബസ്സ്‌ പോയിരിയ്ക്കുന്നു! ഇനിയെങ്ങനെ വീട്ടിലെത്തും? സ്ക്കൂളിൽ ആരുമില്ല. ഒഴിഞ്ഞുകിടക്കുന്ന പാടത്ത്‌ സ്ക്കൂൾ നെടുന്നനെ നിൽക്കുന്നത്‌ കുന്നുമ്പുറത്ത്ന്ന് നോക്കിയാൽ കാണാം.


സിന്ധു പറഞ്ഞു-നമുക്കു നടക്കാം. അവൾ വഴിയെല്ലാം ഓർത്തുവെച്ചു. ശരി നടക്കുക തന്നെ. അവൾ കുഞ്ഞനുജനെ പറ്റിയോർത്തു. അമ്മയെ പറ്റിയൊർത്തു. അച്ഛനോ? വീട്ടിലെത്തിയാലത്തെ സ്ഥിതി... അവൾ കയ്യിലെ കേക്കിന്റെ കഷ്ണം അപ്പോഴും സൂക്ഷിച്ചു വെച്ചിരുന്നു.
അവരുടെ നടത്തത്തിന്റെ വേഗത കൂടി. ഹൃദയം ശക്തിയായി മിടിച്ചുകൊണ്ടിരുന്നു. തൊണ്ടയിൽ എന്തോ കുരുങ്ങിക്കിടന്ന് വല്ലാതെ വേദനിപ്പിച്ചു. കാലുകൾ വിറച്ചിട്ട്‌ മുൻപോട്ട്‌ നീങ്ങുന്നില്ല.
അവസാനം പകുതിയായപ്പോൾ അവരുടെ സ്ക്കൂൾ ബസ്സിലെ സുരേഷേട്ടൻ വരുന്നതു കണ്ടു. ഒന്നും മിണ്ടാതെ സുരേഷേട്ടന്റെ കൂടെ ഓട്ടോറിക്ഷയിൽ കയറി വീട്ടിൽ വന്നിറങ്ങി. സുരേഷേട്ടൻ "ദെവിടേർന്നു?"? എന്നു ചോദിച്ചു. വീട്ടിൽ വന്നിറങ്ങിയപ്പോൾ മുന്നിലുണ്ട്‌ അനിയൻകുട്ടൻ യൂണിഫോമൊക്കെ ഊരി, ഒരു ട്രൗസർ മാത്രമിട്ട്‌ അവളേയും കാത്തു നിൽക്കുന്നു.
"ഓപ്പളെന്താ ബസ്സിൽ വരാഞ്ഞ്‌"? അവനൊരൊറ്റ ചോദ്യം. "എല്ലാവരും കൊറേ നേരം തെരഞ്ഞു ഓപ്പോളെ".

അവൾക്കൊന്നും പറയാൻ പറ്റിയില്ല. അച്ഛനുണ്ട്‌ ഓടി വരുന്നു. അമ്മ എവിടെ? അനിയന്റെ ശബ്ദം പിന്നിൽ നിന്നും-"അമ്മ ഇല്ലാത്തത്‌ നന്നായി. അല്ലെങ്കിൽ ഇപ്പോൾ ഓപ്പൾക്കു നല്ല അടി കിട്ട്യേനേ." ആരോടും ഒന്നും മിണ്ടിയില്ല. സങ്കടം പൊട്ടിയൊഴുകി. സുരേഷേട്ടൻ അച്ഛനോട്‌ എന്തൊക്കെയോ സംസാരിയ്ക്കുന്നതു കേട്ടു.കയ്യിലെ കേക്കിന്റെ കഷ്ണം എവിടെയോ വീണു പോയിരുന്നു.

അന്നു രാത്രി ജനാലച്ചോട്ടിൽ, കൊതുവലയ്ക്കുള്ളിൽ അനിയൻകുട്ടന്റെ കൂടെ കിടന്നുറങ്ങുമ്പോൾ അവളൊരു സ്വപ്നം കണ്ടു. യേശൂനെ. വലിയൊരു ആലിലയിൽ നിറഞ്ഞുനിൽക്കുന്ന യേശു. യേശു ചിരിയ്ക്കുന്നുമുണ്ടായിരുന്നു, ഉണ്ണിക്കണ്ണനെ പോലെ. യേശൂനപ്പോൾ വേദനിയ്ക്കുന്നുണ്ടായിരുന്നില്ല.

Saturday, May 02, 2009

റാണിയക്ക

ഒന്നാലോചിച്ചാൽ ഇന്നു ലോകത്തു കണ്ടുവരുന്ന ഒട്ടുമിക്ക സംഭവവികാസങ്ങളും (യുദ്ധം പ്രത്യേകിച്ചും) പണ്ടു മുതൽക്കു തന്നെ (പണ്ട്‌ എന്നു പറഞ്ഞാൽ, ചരിത്രം എന്നും പുരാണം എന്നുമൊക്കെ വായിച്ചെടുക്കാം.) നിലനിന്നിട്ടുള്ളതും ഇപ്പോഴും തുടർന്നുകൊണ്ടിരിയ്ക്കുന്നതുമായ സംഭവവികാസങ്ങളല്ലേ?

അതുകൊണ്ടു തന്നെ ഒരു 'സമത്വസുന്ദരഭൂമി' എന്ന വ്യാമോഹം ഒന്നും ഒട്ടുമില്ല. സത്യമുണ്ടെങ്കിൽ അപ്പുറത്ത്‌ അസത്യം ഉണ്ടാവും, സമാധാനം ഉണ്ടെങ്കിൽ ഇപ്പുറത്ത്‌ സംഘർഷം ഉണ്ടായിരിയ്ക്കും, ധർമ്മമുണ്ടോ തീർച്ചയായും അധർമ്മവും മറുപുറത്ത്‌ ഉണ്ടായിരിയ്ക്കും, ഉറപ്പ്‌.

എന്നാൽ ഒന്നുണ്ട്‌.
ഇതിനെ കുറിച്ചൊന്നും വ്യാകുലപ്പെടാത്ത/അറിയാത്ത വെറും ജനങ്ങൾ-ഈയൊരു വിഭാഗം അന്നും ഇന്നും ഒരുപോലെയാവും. അവർക്കിടയിൽ ജാതി/മത/വർഗ്ഗഭേദതമോ, എന്റെ രാജ്യം/നിന്റെ രാജ്യം എന്ന അവകാശ/അധികാര തർക്കങ്ങളോ, രാഷ്ട്രീയേച്ഛകളോ അഥവാ രാഷ്ട്രീയം തന്നെയോ ഒന്നുമുണ്ടാകുന്നില്ല. അന്നന്നത്തെ ഭക്ഷണം കഴിച്ച്‌ കുട്ടികളെ പട്ടിണി കിടത്താതെ സുഖമായി ജീവിച്ചുപോകണം എന്നതിൽ കവിഞ്ഞൊന്നും അവരൊന്നും പ്രതീക്ഷിയ്ക്കുന്നുണ്ടാവില്ല. എന്റെ സുഹൃദ്‌വലയങ്ങളിൽ നിന്നു തന്നെ എനിയ്ക്കതു തോന്നാറുണ്ട്‌. പ്രതീക്ഷിയ്ക്കുന്നുണ്ടെങ്കിൽ തന്നെ അതൊരിത്തിരി മനഃസമാധാനം മാത്രമാവും.

ഒരു ദിവസം എന്റെ അടുത്ത വില്ലയിൽ താമസിയ്ക്കുന്ന "റാണി അക്ക" എന്നെ വിളിച്ചു പറഞ്ഞു, ശ്രീലങ്കയിലുള്ള അവരുടെ പട്ടാളത്തിലായിരുന്ന അനിയൻ യുദ്ധത്തിൽ മരിച്ചു പോയെന്ന്. മരിച്ച്‌ ദിവസങ്ങൾ കഴിഞ്ഞാണ്‌ അവരറിയുന്നത്‌. ആ വാർത്ത തെറ്റാകണേയെന്നു പ്രാർത്ഥിച്ചുകൊണ്ടിരിയ്ക്കുന്ന അവരെ 'രണ്ടും കൽപിച്ച്‌' ഞാൻ കാണാൻ ചെന്നു. യുദ്ധത്തിനെ കുറിച്ച്‌ അവരൊരക്ഷരം പറഞ്ഞില്ല, അവരുടെ വീട്ടുമുറ്റത്ത്‌ വാഴക്കൂമ്പു പോലുള്ള ഓരോ സാധനം വീണുകിട്ടുമ്പോൾ ഉടനെ പോലീസിനെ അറിയിയ്ക്കുക എന്നത്‌ ശീലിച്ചുപോയ അവർക്കു യുദ്ധം എന്നതും ഒരു ശീലമായിതന്നെ മാറിയിട്ടുണ്ടാവും. അവരെ മരണവിവരം അറിയിച്ച അമ്മാമൻ അവരോട്‌ "പെരുമപ്പെടുവാൻ" പറഞ്ഞുവത്രേ. എന്ത്‌ പെരുമ? എന്നവർ തിരിച്ചു ചോദിയ്ക്കുന്നു. മരണവിവരം അറിഞ്ഞ ശേഷം അവരുടെ അമ്മയെ വിളിയ്ക്കാൻ ശക്തിയില്ലാതെ നിൽക്കുന്ന അവരോട്‌ ഒന്നും പറയാനില്ലാതെ ഇറങ്ങിവരുമ്പോൾ അവരുടെ കറുത്തു കനത്ത മുഖം ശ്രീലങ്കയിലെ യഥാർത്ഥസ്ഥിതി എന്തായിരിയ്ക്കാം എന്നൊന്നു ഊഹിച്ചുനോക്കാൻ പ്രേരിപ്പിച്ചു. ഞാനിറങ്ങിവരുമ്പോൾ അവരുടെ അയൽപ്പക്കമായ ഒരു 'സിംഗള' വനിത അവരുടെ അടുത്തേയ്ക്കു പോകുന്നു, സിംഗളത്തിൽ അവർ തമ്മിൽ സംസാരിയ്ക്കുന്നതും കേട്ടു. (അതേതായാലും യുദ്ധത്തെ കുറിച്ചായിരുന്നില്ല!)
ഈ റാണി അക്കയുടെ താത്ത (മുത്തച്ഛൻ) പണ്ട്‌ ഒരു 'ജഗജില്ലി ആയിരുന്നൂത്രേ. ആ തലമുറ അന്ന് ഭാരതത്തിലായിരുന്നു. അദ്ദേഹം ആദ്യം മധുരയിൽ നിന്നും ഒരു വിവാഹം ചെയ്തു, അതിനു ശേഷം ചിദമ്പരത്തിൽ നിന്നും മറ്റൊരു വിവാഹം ചെയ്ത്‌ ആദ്യഭാര്യയെ ഉപേക്ഷിച്ച മട്ടിൽ ശ്രീലങ്കയിലേയ്ക്കു കടന്നുകളഞ്ഞുവത്രേ. അങ്ങനെയാണ്‌ റാണി അക്കയുടെ തലമുറ 'ശ്രീലങ്കക്കാർ'ആയത്‌. പിന്നീട്‌ വഷങ്ങൾക്കു ശേഷം ഈ താത്തയ്ക്ക്‌ ഇന്ത്യയിൽ വരണമെന്നും മധുരയിൽ എല്ലാവരേയും കൊണ്ടുപോയി ആദ്യബന്ധുക്കളുമായി ഒരു കൂടിക്കാഴ്ച വേണമെന്നും അങ്ങനെ ബന്ധങ്ങൾ വികസിപ്പിയ്ക്കണമെന്നുമൊക്കെ മോഹിച്ച്‌ യാത്രയ്ക്കു തയ്യാറെടുക്കുന്നതിനിടെ പെട്ടെന്നൊരു ദിവസം അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചു പോയത്രേ. റാണി അക്ക പറയുന്നു-ഇന്ത്യയിൽ, മധുരയിൽ എവിടെയോ അവരൊക്കെയുണ്ടെന്നറിയാം, പേരുമറിയില്ല, അഡ്രസ്സുമറിയില്ല. അത്രയെയുള്ളു ഇപ്പോൾ ഇന്ത്യയുമായുള്ള ബന്ധം.
അവർ ഭാരതീയ-തമിഴർ ആണ്‌. അവരുടെ തമിഴ്‌ കേൾക്കുമ്പോൾ ഒരു 'ഭാരതീയ' ആണെന്നേ തോന്നാറുള്ളൂ.
അവരന്ന് കുട്ടിക്കാലങ്ങളെ കുറിച്ചു പറഞ്ഞു. അവരും അനിയനും കൂടിയുള്ള ആ കാലം-ശ്രീലങ്കയിലുള്ള അവരുടെ കുട്ടിക്കാലം.
ജൂണിലവർ 10 ദിവസത്തേയ്ക്ക്‌ ശ്രീലങ്കയിലേയ്ക്കു പോകാൻ തീരുമാനിച്ചിരിയ്ക്കുന്നത്‌ അവരുടെ ചില വസ്തുക്കളൊക്കെ അവിടത്തെ സുരക്ഷിതത്വത്തെ സംശയിച്ച്‌ ഇങ്ങോട്ട്‌ കൊണ്ടുവരാനാണ്‌. പിന്നെ അവരുടെ അനിയന്റെ ഭാര്യയേയും മക്കളേയും കാണണം. ഇവിടേയും എത്രകാലം എന്നാലോചിയ്ക്കാതെയല്ല, എന്നാലും വസ്തുക്കൾ നഷ്ടമാവരുതല്ലോ. അതുവരേ മാത്രമേ ഇപ്പോൾ ചിന്തിയ്ക്കാനാവു എന്നവർ പറയാതെ പറയുന്നു.

പറഞ്ഞുവന്നത്‌,
അവരെപ്പോലെയുള്ള ഈ 'വെറും' ജനങ്ങൾ പണ്ടും ഇപ്പോഴും ചോദിയ്ക്കുന്ന ചോദ്യം ഒരുപക്ഷെ ഒന്നുതന്നെയായിരിയ്ക്കും.
അപ്പോൾ യുദ്ധങ്ങൾ ആർക്കു വേണ്ടിയാണ്‌ രൂപപ്പെടുന്നത്‌? എന്തിനു വേണ്ടിയാണ്‌? അതുകൊണ്ടുണ്ടാവുന്ന ഗുണഫലങ്ങൾ എന്തൊക്കെയാണ്‌? ആർക്കാണ്‌ ലാഭം? നഷ്ടം?

എല്ലാവരേയുംപോലെ ജീവിച്ചവർ, ജീവിയ്ക്കാനാഗ്രഹിയ്ക്കുന്നവർ എല്ലാം നഷ്ടപ്പെട്ട്‌ അനാഥരായി, അവിടേയുമില്ല, ഇവിടേയുമില്ല എന്ന രീതിയിൽ ജീവൻ പണയം വെച്ച്‌ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്‌ കാണാൻ എന്തായാലും വയ്യ!

Tuesday, April 28, 2009

"പ്രവേശനം"

അതത്രമേൽ സാധാരണമാണ്‌
ഒരുപക്ഷേ, സർവ്വസാധാരണം എന്നുപോലും പറയാം.
പുറം തോടിനെ ഭേദിച്ച്‌
ഒന്നുമല്ലായ്കയുടെ നിറവിലേയ്ക്കു
പ്രവേശിയ്ക്കുന്നതിനു മുമ്പേ
അവസാനിപ്പിയ്ക്കേണ്ടി വരുന്ന
ആ ബാക്കി ഒന്നുണ്ടല്ലോ, അത്‌.
ആ നേർത്ത ഒരു ശ്വാസം
ഒരു സീത്ക്കാരം.

അത്‌,
ചെവി കൂർപ്പിച്ച്‌ കണ്ണുകളടച്ചുപിടിച്ചാൽ,
ഉറച്ചുപോകുന്ന തിരമാലയിലേയ്ക്കു
ചേരുന്ന ഒരു ജലകണമെന്നു തോന്നാം.
അല്ലെങ്കിൽ
തണുത്തുറയുന്ന അഗ്നിനാളത്തിലേയ്ക്കു
ചേരുന്ന ഒരു തീപ്പൊരി.

അപ്പോഴാവും
അതിന്റെ
കണ്ണുകളടച്ചുതുറക്കുന്നത്രയും ലാഘവത്വം
അത്രമേൽ
അസാധാരണം കൂടിയാവുന്നത്‌.
ആ അസാധാരണത്വം ഭയാനകമാകുന്നത്‌.
ആ ഭയം പിന്നീട്‌ വെറുമൊരു
ഓർമ്മപ്പെടുത്തലാവുന്നതും.

Tuesday, March 17, 2009

അടുക്കളയിലെ കൃഷി

കഴിഞ്ഞ ഒരു ആഴ്ചയിൽ അമൃതാ ടി.വി.യിലെ സഖി എന്ന പരിപാടിയിൽ, വെള്ളായനി കാർഷിക കൊളേജിലെ പ്രൊഫസറായ ശ്രീ. V.G.പത്മനാഭനുമായുള്ള ഒരു അഭിമുഖം ശ്രദ്ധിയ്ക്കാനിടയായി. സ്വന്തം വീട്ടിൽ ടെറസ്സു കൃഷി പരീക്ഷിച്ച്‌ നല്ല രീതിയിൽ തന്നെ വിജയം കൈവരിച്ച ഒരു 'കൃഷിക്കാരൻ' കൂടിയാണിദ്ദേഹം.

ടെറസ്‌ കൃഷി എന്ന ഒരാശയത്തോട്‌ തോന്നാറുള്ള ആകർഷണം, അതിനുപുറമേ ബ്ലോഗെന്ന അനുകൂലഘടകവും കൂടിചേർന്നപ്പോൾ ഈ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളൊന്നു കുറിച്ചുവെയ്ക്കണമെന്നു തോന്നി. കുട്ട്യോൾടെ പരീക്ഷാതിരക്കു കഴിഞ്ഞ്‌ പോസ്റ്റ്‌ ചെയ്യാൻ ഇപ്പോഴാണു സമയം കിട്ടിയത്‌.

അപ്പൊ തുടങ്ങാം ലേ..

പച്ചക്കറികൃഷിയുടെ പ്രസക്തി.

അദ്ദേഹം പറയുന്നു-
മുതിർന്ന ഒരാൾക്കു ഒരു ദിവസം ഏകദേശം 300ഗ്രാം പച്ചക്കറി ആവശ്യമാണ്‌.
അതായത്‌
120 ഗ്രാം ഇലക്കറികൾ - മുരിങ്ങ, ചീര, പയർ മുതലായവ.
80 ഗ്രാം കിഴങ്ങുവർഗ്ഗങ്ങൾ - മുട്ട, മരച്ചീനി, ചേന, ചേമ്പ്‌, കൂർക്ക, കാച്ചിൽ തുടങ്ങിയവ.
100 ഗ്രാം മറ്റു കായവർഗ്ഗപച്ചക്കറികൾ - വെണ്ട, വഴുതിന, കത്രിക്ക തുടങ്ങിയവ.

ഈയൊരു കണക്കു വെച്ചാൽ തന്നെ, ഒരു കുടുമ്പത്തിലേയ്ക്ക്‌ 300 ഗുണം 4-1 1/4 കിലോ പച്ചക്കറി ആവശ്യമായി വരുന്നു.
ഇവിടെയാണ്‌ ഓരോ കുടുമ്പവും അവനവന്റെ ആവശ്യത്തിനുള്ള പച്ചക്കറി കൃഷി ചെയ്യുക എന്ന ആശയത്തിനുള്ള പ്രസക്തി ഏറുന്നത്‌. നല്ല ഗുണനിവലവാരമുള്ള എല്ലാ തരത്തിലുള്ള പച്ചക്കറികളും നമ്മുടെ കൈപ്പാട്ടിൽ എളുപ്പത്തിൽ ലഭിയ്ക്കുന്നു എന്നത്‌ അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറികൾ ഇറക്കുമതി ചെയ്യേണ്ടി വരുന്ന കേരളത്തിൽ ഒട്ടും ചെറിയ കാര്യമാകുന്നില്ല. അതും മണ്ണില്ലാത്തവർക്കു ടെറസ്സിൽ പോലും ചെറിയതോതിലെങ്കിലും കൃഷി ചെയ്യാമെന്നതു വലിയൊരാശ്വാസം തന്നെയാണു.
കൃഷി ചെയ്യണമെന്ന ഒരു തോന്നൽ വന്നാൽ പിന്നെ സത്യത്തിൽ ഏതുതരം പച്ചക്കറിയും, വളപ്പില്ലാത്ത വീടുകളിൽ പോലും അതിന്റെ ടെറസിൽ തന്നെ ചെയ്യാവുന്നതാണ്‌. പടരുന്നവ പോലും കയർ കെട്ടിക്കൊടുത്തോ, ഓല വെട്ടിയിട്ടു കൊടുത്തോ ഒരു ടെറസ്സിൽ ധാരാളം വളർത്താവുന്നതാണെന്നു പറയുന്നു അദ്ദേഹം.



ടെറസ്സിൽ കൃഷി എങ്ങനെ, എന്തൊക്കെ.

പ്രധാനമായും ചെറിയ ഒരു ടെറസുള്ളവർക്കു പോലും ചെയ്യാവുന്ന കൃഷിയാണ്‌ ഇഞ്ചി, വാഴ, പപ്പായ, കറിവേപ്പില മുതലായവ. ഇവ ചെടിച്ചട്ടിയിലും ചെയ്യാവുന്നതേയുള്ളൂ.
കൂടാതെ മേൽ പ്രതിപാദിച്ച എല്ലാത്തരം പച്ചക്കറികളും ടെറസ്സിൽ കൃഷി ചെയ്യാം.
മാത്രമല്ല, പച്ചക്കറി കൃഷി എല്ലായ്പ്പോഴും (എല്ലാ കാലങ്ങളിലും) ചെയ്യാവുന്ന ഒന്നാണ്‌. മട്ടുപാവിൽ കീടശല്യം താരതമ്യേന കുറവായിരിയ്ക്കുകയും ചെയ്യും. നടൽവസ്തു അടുത്തുള്ള എല്ലാ അഗ്രികൾചറൽ കോളേജുകളിലും ലഭ്യമാണ്‌.
പ്ലാസ്റ്റിക്‌ ചാക്കുകളിൽ അതായത്‌ വളചാക്ക്‌, സിമന്റ്‌ ചാക്കു തുടങ്ങിയവയിൽ ടെറസ്സിൽ കൃഷി ചെയ്യുന്നത്‌ എളുപ്പമാണ്‌. എലി ശല്യം കുറഞ്ഞുകിട്ടും, മാത്രമല്ല താഴെ സുഷിരങ്ങൾ ആവശ്യമായിവരുന്നില്ല, വെള്ളം താനേ ഊർന്നു പോകും. നേരെമറിച്ച്‌ പോളിത്തീൻ കവറുകളിൽ സുഷിരങ്ങൾ ആവശ്യമാണുതാനും. ചാക്കിൽ കിഴങ്ങുവർഗ്ഗങ്ങൾ നന്നായി വളരുമത്രേ.

ചാക്കിലെ കൃഷിയ്ക്കു ലഭിയ്ക്കുന്ന മറ്റൊരു സൗകര്യമാണ്‌, ചാക്കിന്റെ കാൽഭാഗം മണ്ണിട്ട്‌ പരത്തിയ ശേഷം, ചെടി വെച്ച്‌ ബാക്കി മുകളിലുള്ള കാൽ ഭാഗം മടക്കിവെയ്ക്കാം എന്നത്‌, ആവശ്യമുള്ളപ്പോൾ നിവർത്തിവെച്ചാൽ നല്ല തണലും ഇതു നൽകുന്നു.

ചെറിയ വിത്തുകളായ ചീര, മുളക്‌, തക്കാളി, വഴുതന, എന്നിവ പാകി മുളപ്പിയ്ക്കാം. വലിയ വിത്തുകളായ വെണ്ട, പയർ, പടവലം, പാവൽ എന്നിവ നേരിട്ടു നടാം.
ഒരു ചാക്കിൽ രണ്ടു ചെടി, രണ്ടു പോയിന്റുകളിലായി നടാം. സ്പെയർ എന്ന രീതിയിലാണ്‌ ഒരു ചാക്കിൽ രണ്ടെണ്ണം എന്നതിന്റെ ഉദ്ദേശ്ശം. ഒന്നു പിടിച്ചെല്ലെങ്കിൽ മറ്റതെടുക്കാം എന്നതു തന്നെ.
3 ആഴ്ച കഴിയുമ്പോൾ അതു പറിച്ചെടുത്ത്‌ വേറൊരു ചാക്കിലേയ്ക്കു മാറ്റി നടാം.

മണ്ണ് മിശ്രിതം തയ്യാറാക്കേണ്ടുന്ന വിധം :

ചാക്കിൽ ഏറ്റവും താഴെ മണ്ണു പരത്തുക. അതിലേയ്ക്കു കുറച്ച്‌ മണൽ ചേർത്താൽ നല്ല വായുസഞ്ചാരം ലഭിയ്ക്കും. കൂട്ടത്തിലേയ്ക്കു തൊണ്ടിന്റെ കഷ്ണങ്ങൾ, ചകിരി തുടങ്ങിയ വെള്ളം വലിച്ചെടുത്ത്‌ ഈർപ്പം നിലന്ര്ത്താൻ സഹായിയ്ക്കുന്ന തരത്തിലുള്ളവ ചേർക്കാം. 100ഗ്രാം വേപ്പും എള്ളുപൊടിയും ചേർക്കാം- ഫോസ്ഫറസിനായി.
പിന്നെ അഴുകിയ കമ്പോസ്റ്റ്‌, ചാണകപ്പൊടി എന്നിവയും ചേർക്കാം.
(ചാണകപ്പൊടിയ്ക്കു വില കൂടുമ്പോൾ രണ്ടുഭാഗം മണ്ണിലേയ്ക്കു ഒരു ഭാഗം മാത്രം ചാണകപ്പൊടി മതിയാവും)



വെള്ളം, വളം, ശുശ്രൂഷ.

സാധാരണയായി ചാക്കിലെ കൃഷിയ്ക്കു അരമഗ്‌, ഒരു മഗ്‌ വെള്ളം ധാരാളം മതി. അതിനായി പാത്രം കഴുകുന്ന വെള്ളം, കുളി വെള്ളം തുണി കഴുകുന്ന വെള്ളം എല്ലാം ഉപയോഗിയ്ക്കുന്നാവുന്നതാണ്‌. രാവിലെയും വൈകുന്നേരവും മുടങ്ങാതെ വെള്ളം ഒഴിയ്ക്കേണ്ടതാണ്‌. എന്നാൽ മണ്ൺ മിശ്രിതം, ചെടിയുടെ പ്രായം, കാലാവസ്ഥ എന്നിവയെയൊക്കെ ആശ്രയിച്ച്‌ വെള്ളത്തിന്റെ അളവു കൂട്ടുകയോ പരിമിതപ്പെടുത്തുകയോ ചെയ്യാവുന്നതാണ്‌. അത്‌ പ്രവൃത്തിപരിചയത്തിലൂടെ മനസ്സിലാക്കാവുന്നതു തന്നേയും.

വീട്ടിൽ കൃഷി ചെയ്യുമ്പോൾ നേരിടുന്ന ഒരു പ്രശ്നമാണ്‌, വീട്ടിൽ നിന്നും കുറച്ചു ദിവസം മാറിനിൽക്കേണ്ടി വരുമ്പോൾ ചെടികൾക്കെങ്ങനെ നന ലഭിയ്ക്കുമെന്നത്‌. അതിനദ്ദേഹം പറഞ്ഞ രസകരമായ ഒരു മറുപടി നോക്കൂ-
"കൃഷി എന്നത്‌ ചെയ്യുന്നയാൾക്കു മാത്രം സ്വന്തമായുള്ളതല്ല, അത്‌ അയൽപ്പക്കക്കാർക്കു കൂടി അനുഭവിയ്ക്കാൻ സാദ്ധ്യമാക്കി നോക്കൂ- ഈ പ്രശ്നം വളരെയെളുപ്പത്തിൽ പരിഹരിച്ചെടുക്കാം!"
:)

വെറൊന്നു കൂടിയുണ്ട്‌, പാൽക്കവറുകളിൽ വെള്ളം നിറച്ച്‌, സൂചി കൊണ്ട്‌ വളരെ ചെറിയ ദ്വാരമുണ്ടാക്കി (സൂചിമുനയോളം തന്നെ ചെറുത്‌) ചാക്കിനുള്ളിൽ നിക്ഷേപിച്ചാൽ രണ്ടു ദിവസം വരേയുള്ള നനയ്ക്കൽ സുഗമമായി നടക്കും. Drip irrigation അഥവാ തുള്ളിനനയെ അനുകരിച്ചു കൊണ്ടുള്ള ഒരു രീതി കൂടിയാണിത്‌.

ഇനി, പ്രധാനപ്പെട്ട മറ്റൊന്ന് ടെറസ്‌ കൃഷിയ്ക്ക്‌ രാസവളങ്ങൾ ഒരിയ്ക്കലും ഉപയോഗിയ്ക്കരുത്‌ എന്നുള്ളതാണ്‌. കാരണം കോൺക്രീറ്റ്‌ കെട്ടിടത്തിലെ സിമന്റും കമ്പിയുമായി അത്‌ പ്രതിപ്രവർത്തിനിടയാക്കുകയും ചോർച്ച, കമ്പി ദ്രവിയ്ക്കൽ മുതലായവ ഉണ്ടാവാൻ കാരണമാകുകയും ചെയ്യും.

വളമായി ജൈവവളം, മണ്ണിര ക്മ്പോസ്റ്റ്‌ ഉപയോഗിയ്ക്കാം.

അസോള എന്ന വെള്ളത്തിൽ പൊങ്ങികിടന്നു വളരുന്ന സസ്യം നല്ലൊരു വളമാണെന്നു പറയുന്നു അദ്ദേഹം. ഇതിൽ 4 ശതമാനത്തോളം നൈട്രജൻ, 3 ശതമാനത്തോളം പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്‌. ഇത്‌ ചട്ടിണി, ഉഴുന്നു വട, തോരൻ ഇവയിലൊക്കെ ചേർത്ത്‌ മനുഷ്യർക്കും കഴിയ്ക്കാനുമുപയോഗിയ്ക്കാം, അതുപോലെ കൊഴിയ്ക്കും മറ്റും തീറ്റിയ്ക്കുമുപയോഗിയ്ക്കാമെന്നു പറയുന്നു അദ്ദേഹം. അസോളയെ കുറിച്ച് ഇവിടെ ഒരു പോസ്റ്റുണ്ട്.
പിന്നെ പച്ചിലകൾ, വൃത്തിയാക്കി കിട്ടുന്ന ഉണക്കയിലകൾ എന്നിവയും വളമായി ഉപയോഗിയ്ക്കാം.
ചാരം ഇടുക എന്ന രീതിയിൽ അദ്ദേഹം പറയുന്നത്‌ ഒരു നുള്ളു മതിയാവും എന്നതാണ്‌- പൊട്ടാഷിനു നല്ലതാണ്‌ ചാരം.
ചാണകപ്പൊടി, കടലപ്പിണ്ണാക്ക്‌, തേങ്ങാപിണ്ണാക്ക്‌, കപ്പലണ്ടിപിണ്ണാക്ക്‌, വേപ്പും പിണ്ണാക്ക്‌ ഇതൊക്കെ നല്ല വളങ്ങളാണ്‌. വേപ്പും പിണ്ണാക്കിടുമ്പോൾ ഉറുമ്പിന്റെ ശല്യം കുറയുന്നു.

വളരെ ഫലവത്തായ മറ്റൊന്നാണ്‌ മണ്ണിരകമ്പോസ്റ്റ്‌.

ഒരടി ഉയരമുള്ള ഒരു പ്ലാസ്റ്റിക്‌ പാത്രത്തിൽ സുഷിരങ്ങളിട്ട്‌ ചകിരി കൊണ്ടടയ്ക്കുക. (പ്ലാസ്റ്റിക്‌ പാത്രം ഒരു വലിയ ബേസിൻ പോലുള്ള പരന്ന പാത്രത്തിൽ ഒരൽപം വെള്ളം നിറച്ച്‌, മൂന്നിഷ്ടിക വെച്ച്‌ അതിനുമുകളിൽ വെച്ചാൽ ഉറുമ്പു ശല്യം കുറഞ്ഞുകിട്ടും.) ഈർപ്പത്തിനായി ഒരൽപം മണൽ ചേർക്കുക. പിന്നീട്‌ ചകിരി ഞെക്കി അത്‌ ഒരു ബെഡ്ഡിംഗ്‌ ആക്കി വെച്ചുകൊടുത്ത്‌, ചാണകം വിതറി, ജൈവമാലിന്യങ്ങളായ ചപ്പുചവറുകൾ, പഴത്തൊലി, പച്ചക്കറി-ഫലവർഗ്ഗങ്ങളുടെ തൊലി, അവശിഷ്ടങ്ങൾ തുടങ്ങിയവ പരത്തി അതിനു മീതെ മണ്ണിരകളെ ഇട്ടുകൊടുക്കുക.
അതിനു ശേഷം പാത്രം ചാക്കോ അല്ലെങ്കിൽ കട്ടിയുള്ള തുണിയിട്ടോ മൂടി അടച്ചു വെയ്ക്കണം. ഇരുട്ടും ഈർപ്പവും മണ്ണിരയ്ക്കു വളരുവാൻ പറ്റിയ അനുകൂല ഘടകങ്ങളാകുന്നു.
പറ്റുമെങ്കിൽ ഒരു നെറ്റ്‌ (കമ്പിവല) ഇട്ടു കൊടുത്താൽ എലിശല്യവും കുറഞ്ഞുകിട്ടും.

അങ്ങിനെ ഏകദേശം ഒരു 45 ദിവസങ്ങൾ കൊണ്ട്‌ അവ പ്രവർത്തിച്ചു തുടങ്ങും.
മണ്ണിരകളെ അതാത്‌ ജില്ലകളിലെ കൃഷി വിഞ്ജാനകേന്ദ്രങ്ങളിൽ നിന്നും ലഭിയ്ക്കുന്നതാണ്‌.

ചെടി വളർന്നു തുടങ്ങുമ്പോൾ പ്രധാനമായി നേരിടേണ്ടി വരുന്ന മറ്റൊരു പ്രശ്നമാണ്‌ കീടങ്ങൾ വന്നുതുടങ്ങുന്നത്‌. കീട ശല്യത്തിനായി സ്പ്രേകൾ ഉണ്ടാക്കാം.

10 ലിറ്റർ വെള്ളത്തിലേയ്ക്കു ഒരു കിലോ പിണ്ണാക്ക്‌ ഒരു കലത്തിലിട്ട്‌ വെയ്ക്കുക. പുളിയ്ക്കുമ്പോൾ അതിന്റെ തെളിയെടുത്ത്‌ നേർപ്പിച്ച്‌ സ്പ്രേ ചെയ്യാം.

മരുന്നു തെളിയ്ക്കായി പുകയില കഷായം ഉണ്ടാക്കാം. ഇതിൽ നിക്കോട്ടിൻ കൂടുതലായിട്ടുണ്ടാകും.
ആദ്യം അരകിലോ പുകയില നാലര ലിറ്റർ വെള്ളത്തിലിട്ടു വെയ്ക്കുക. അതിനു ശേഷം 120 ഗ്രാം ബാർസോപ്‌ ചെറിയ കഷ്ണങ്ങളാക്കി അര ലിറ്റർ വെള്ളത്തിൽ ഇട്ടുവെയ്ക്കുക.
പിന്നീട്‌ പുകയില ഞെക്കിപ്പിഴിഞ്ഞെടുത്ത സത്തിലേയ്ക്കു സോപ്പുലായനിയും കൂട്ടി 6 ഇരട്ടി വെള്ളം ചേർത്ത്‌ സ്പ്രേ ചെയ്തു കൊടുക്കാം.

അതുപോലെ പത്തു ദിവസം കൂടുമ്പോൾ കഞ്ഞിവെള്ളം സ്പ്രേ ചെയ്തുകൊടുത്താൽ നല്ലതാണ്‌. കഞ്ഞിപ്പശയിൽ കീടങ്ങൾ ഒട്ടിപ്പിടിച്ച്‌ ഉണങ്ങി ചത്തു പോകാനിതു സഹായിയ്ക്കുന്നു.

അതുപോലെ പ്രാണികളെ ആകർഷിയ്ക്കാനുള്ള കെണികളുണ്ടാക്കി കൊല്ലാം.

കീടങ്ങളെ കുറിച്ചു പറയുമ്പോൾ, ഓരോ തരം പച്ചക്കറിയ്ക്കും ഓരോ തരം കീടമായിരിയ്ക്കും വന്നുതുടങ്ങുക, ഓരോ തരം ജൈവ വളവുമായിരിയ്ക്കും ഉപയോഗിയ്ക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഉദാഹരണത്തിന്‌ പയറിൽ പ്രധാനമായും കണ്ടുവരുന്ന ഒന്നാണ്‌, നീരൂറ്റി കുടിയ്ക്കുന്ന കറുത്ത മുഞ്ഞ എന്നു പറയുന്ന ഇനം കീടം. അതിന്റെ ലക്ഷണമായി എടുക്കാവുന്നത്‌, അവിടവിടെയായി ഉറുമ്പിൻ പറ്റങ്ങൾ കൂടിയിരിയ്ക്കുന്നതു കാണാം. സൂക്ഷിച്ചു നോക്കിയാൽ വെളുത്ത മുട്ടയേയും കാണാം. മുഞ്ഞക്കുഞ്ഞുങ്ങളെ ഒരു മഗ്ഗിൽ വെള്ളം നിറച്ച്‌ അതിലേയ്ക്കു തട്ടിയിട്ട്‌ നശിപ്പിയ്ക്കാവുന്നതാണ്‌. പുകയില കഷായവും ഇതിനു ഉത്തമമാണ്‌.

കൃഷിയോടനുബന്ധമായി അദ്ദേഹം ചെയ്തുവരുന്ന മറ്റൊന്നാണ്‌ കോഴിവളർത്തൽ, അല്ലെങ്കിൽ കാട വളർത്തൽ.
മുട്ട ലഭിയ്ക്കുന്നു എന്നതിനു പുറമേ അവയുടെ കാഷ്ടം വളമായുപയോഗിയ്ക്കാം, മാത്രമല്ല ചെടികളുലുണ്ടാകുന്ന കീടങ്ങളെ ഇവയ്ക്കു തീറ്റിയായികൊടുക്കാം.
മുട്ടക്കോഴിയ്ക്കു അദ്ദേഹം പറയുന്നത്‌ 2 1/2 ചതുരശ്ര അടി സ്ഥലം മതിയെന്നാണ്‌.
കാടപക്ഷികൾക്ക്‌ അദ്ദേഹം പറയുന്ന ഒരു ഗുണം 36 ദിവസം കൊണ്ടവ മുട്ടയിടുന്നു. അതുപോലെ ഒരു കാടമുട്ട അഞ്ചു കൊഴിമുട്ടയ്ക്കു തുല്യമാണത്രേ.

ഈ അഭിമുഖം ഇതോടു കൂടി അവസാനിയ്ക്കുന്നു.
ഇതിവിടെ പോസ്റ്റ്‌ ചെയ്തതിന്റെ ഉദ്ദേശം-ഒരു ചെറിയ വീട്ടിലെ കൃഷി/ടെറസ്‌ കൃഷി എന്നാലെന്ത്‌, ഏത്‌, എങ്ങനെ, എന്തിന്‌ എന്നൊക്കെ ഒരേകദേശ രൂപം പകരുക എന്നതുമാത്രമാണ്‌. ചെയ്യാം, ചെയ്യാവുന്നതേയുള്ളു എന്നത്‌ ഒന്നറിയിയ്ക്കുക. വ്യക്തിപരമായി എനിയ്ക്കീ അഭിമുഖം കണ്ടപ്പോൾ ശരിയ്ക്കുമൊരു പ്രചോദനമായിരുന്നു. അതു വായനക്കാരുമായി പങ്കുവെയ്ക്കുന്നു എന്നുമാത്രം.
(ഇത്‌ കൃഷിയെ കുറിച്ചുള്ള ഒരു ആധികാരിക ലേഖനമൊന്നുമല്ലാത്തതുകൊണ്ട്‌, കൂടുതൽ സംശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും അടുത്തുള്ള കൃഷി ഓഫീസുമായോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടവരേയൊ സമീപിയ്ക്കുക.)

ചില തോന്നലുകൾ.

ചാനലുകളിൽ പതിവായി വരുന്ന കൃഷിപരിപാടികളിൽ ധാരാളം പേർ അവനവനു പറ്റുന്ന രീതിയിൽ ടെറസിലും, വളപ്പിലുമൊക്കെയായി കൃഷി ചെയ്തു നല്ലൊരു വരുമാനമാർഗ്ഗം കൂടിയായി അതിനെ നിലനിർത്തിപ്പോരുന്നതു കാണാം. തീർച്ചയായും ഇതൊരാശ്വാസമാണെന്നതിനു പുറമേ താൽപര്യമുള്ളവർക്കു ഒരു പ്രചോദനം കൂടിയാകുന്നു.

കേരളത്തിൽ കണ്ടുവരുന്ന കൃഷിയിൽ മിയ്ക്കവരും (ടി.വിയിൽ ഞാൻ കണ്ടേടത്തോളം) ജൈവവളം തന്നെയാണുപയോഗിയ്ക്കുന്നത്‌. രാസവളത്തിൽ നിന്നും ജൈവവളത്തിലേയ്ക്കു മാറിവന്നവരും ധാരാളം. എന്നാൽ അന്യസംസ്ഥാനങ്ങളിൽ രാസവളങ്ങളും ധാരാളമായി ഉപയോഗിയ്ക്കുന്നുണ്ടെന്നതു ശ്രദ്ധിച്ചു. അതുപോലെത്തന്നെ നൂതന കാരിഷികോപകരണങ്ങളുപയോഗിയ്ക്കുന്നതിലും അവർ ശ്രദ്ധിയ്ക്കുന്നുണ്ടന്നു തോന്നി. (ഇതും ടി.വി മാത്രം കണ്ടതിൽ നിന്നുമുള്ള തോന്നൽ)

സത്യത്തിൽ രാസവളവും ജൈവ വളവും തമ്മിലുള്ള ഒരാശയക്കുഴപ്പത്തിലാണു ഞാൻ.
സൂപ്പർമാർക്കറ്റുകളിൽ ഫ്രഷായി പച്ചക്കറികളും ഫലങ്ങളും നിരനിരയായി കാണുമ്പോൾ ആകർഷണം കൊണ്ട്‌ എടുത്തുപോകാറുണ്ടെങ്കിലും, "അതിലെന്തൊക്കെയാണാവോ ഇനി ഉണ്ടാവുക" എന്നൊരാശങ്ക ഉപബോധമനസ്സിൽ നിന്നും വെറുതേ പൊങ്ങിവരാറുള്ളതു സത്യമാണ്‌. കുറേനേരം വെള്ളത്തിലൊക്കെയിട്ടു വെയ്ക്കും. നാട്ടിൽ കണ്ടു, ചൂടുവെള്ളത്തിൽ മഞ്ഞപ്പൊടിയൊക്കെ ഇട്ടു ആപ്പിൾ വെച്ചിരിയ്ക്കുന്നത്‌! ആ ആപ്പിളിന്റെ സ്വാദു മുഴുവനും പോയികിട്ടി. പക്ഷേ..

രാസവളം ഉപയോഗിയ്ക്കുന്നത്‌ പലപ്പോഴും ഫലങ്ങളുടെ/കായകളുടെ ഗുണമേന്മയും വലുപ്പവും നിറവും എല്ലാം കൂട്ടാൻ സഹായിയ്ക്കുമെന്നതുറപ്പാണ്‌. എന്നാൽ അതിന്റെ ദൂഷ്യഫലങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ രാസവളപ്രയോഗം ഉപയോഗിയ്ക്കുമ്പോൾ അതിന്റെ അളവിലും, തോതിലുമൊക്കെ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ തിർച്ചയായുമുണ്ടാകുമെന്നുതന്നെയാണ്‌ കരുതേണ്ടത്‌. പലപ്പൊഴും വ്യാപകമായ ഒരു വ്യവസായാടിസ്ഥാനത്തിൽ കൃഷി നടത്തുമ്പോൾ വലുപ്പവും, നിറവും, എണ്ണവുമൊക്കെ കണക്കിലെടുക്കേണ്ടി വരുമ്പോൾ (ഭൂരിഭാഗം) കൃഷിക്കാരനു രാസവളപ്രയോഗം കൂടാതെ കഴിയുന്നില്ല എന്നതിനാൽ (?) ഇതിനെക്കുറിച്ച്‌ (മണ്ണിന്റെ ഗുണമേന്മയെ ബാധിയ്ക്കുന്നുണ്ടോ, ഫലങ്ങൾ എത്രത്തോളം ദോഷകരമാണ്‌ തുടങ്ങിയ) കാര്യമായിതന്നെ ചിന്തിയ്ക്കേണ്ടതുണ്ടെന്നും ഇതിനെക്കുറിച്ച്‌ കൃഷിക്കാരനിലേയ്ക്കും ഉപഭോക്താക്കളിലേയ്ക്കും നല്ല വശങ്ങളും ചീത്തവശങ്ങളും ഒരുപോലെ എത്തിച്ചേരേണ്ടതുണ്ടെന്നും തോന്നുന്നു.

ഇതിനോടനുബന്ധിച്ചുള്ള ഒരു പോസ്റ്റ് നോക്കൂ.

അതുപോലെ ജൈവവളമുപയോഗിച്ച് ടണ്‍ കണക്കിനു പച്ചക്കറികളും ഫലങ്ങളും ഉത്പാദിപ്പിയ്ക്കുന്ന ഒരു കര്‍ഷകനെ ഇവിടെ കാണൂ..

നാട്ടിലിപ്പോഴും വീട്ടുമുറ്റത്തു വളരുന്ന ചേമ്പിന്റെ തണ്ട്‌, ചേനയില, വഴുതിന, പയർ, വെണ്ടക്ക, ചേന, കായ, മാങ്ങ, ചക്ക, കർമ്മൂസുംകായ (പപ്പായ) ഇരുമ്പാമ്പുളി, ഉണ്ണിപ്പിണ്ഡി, അതിന്റെ പൂവ്‌, പടുമുളയായി പോലും വളര്‍ന്നു വരുന്ന മത്തന്‍, കുമ്പളന്‍, വെള്ളരി ഒക്കെ വെച്ച്‌ കൂട്ടാനും ഉപ്പേരിയുമൊക്കെ വെയ്ക്കുന്ന വീടുകളുണ്ടാവും, അതൊന്നും ഇനിയും നമുക്കു കൈമോശം വന്നിട്ടില്ല എന്നുതന്നെയാണെന്റെ വിശ്വാസം. എണ്ണ ചൂടാവുമ്പോഴെയ്ക്കും ഓടിപ്പോയി മിറ്റത്ത്ന്ന് ഇത്തിരി കറിവേപ്പിലയും പച്ചമുളകും പൊട്ടിച്ചുകൊണ്ടുവരാനുണ്ടെങ്കില്‍ എന്തു രസായിരിയ്ക്കും!

എന്തൊക്കെയായാലും ഭക്ഷ്യസുരക്ഷ എന്നൊക്കെയുള്ള ഗൗരവമേറിയ വിഷയങ്ങളിലേയ്ക്കെത്തുന്നതിനു മുൻപേ, ഏറ്റവും ലളിതമായി ഒന്നു ചിന്തിയ്ക്കുമ്പോൾ, ഓരോ കുടുംബവും ഒരു ചെറിയ അടുക്കളത്തോട്ടം ഉണ്ടാക്കി അപ്പപ്പോളാവശ്യാനുസരണം പച്ചക്കറികൾ (കുറഞ്ഞത്‌ ഒരാഴചയ്ക്കുള്ളതെങ്കിലും) 'ഫ്രഷ്‌' ആയി കൈപ്പാട്ടിൽ നിന്നെടുത്ത്‌ ലവലേശം ആശങ്കയില്ലാതെ, വില കൊടുക്കാതെ പാകം ചെയ്യാനാവുന്നുവെന്നത് ഓരോ വീട്ടമ്മയ്ക്കും അതു ഭക്ഷിയ്ക്കുന്ന വീട്ടിലുള്ളവർക്കും എത്ര വലിയ കാര്യമായിരിയ്ക്കും!


ദാ നോക്കൂ ഒരു ടെറസ് കൃഷി
(കണ്ടിട്ടുള്ളവര്‍ ഇപ്പൊ‍ ഒന്നുകൂടി കാണൂ !)

പച്ചക്കറിയല്ലെങ്കിലും ടെറസ്സിലെ ‘പച്ചപ്പ്’ ഇവിടെ നോക്കൂ, ഇങ്ങനേയും തുടങ്ങിവെയ്ക്കാം.
(വല്യമ്മായി കമന്റില്‍ തന്ന ഈ ലിങ്ക് പോസ്റ്റിലേയ്ക്കു ച്ചേര്‍ക്കുന്നു. ഇനിയും ഇത്തരം ലിങ്കുകള്‍ക്കു സ്വാഗതം!) :)

വാല്‍കഷ്ണം-ഒറ്റനോട്ടത്തില്‍ കിട്ടിയതും ഓര്‍മ്മയില്‍ നിന്നും എടുത്തിട്ട ലിങ്കുകള്‍ മാത്രമാണിതൊക്കെ.

Saturday, February 21, 2009

അപ്പുറത്തെ അമ്മ

വിടരാറായി നിൽക്കുമൊരരുമയാം പൂമൊട്ടു പോൽ
ബേബീക്രീം മണമൂറിവരും നിന്നോമൽ പൂമുഖം
നീയെനിയ്ക്കുണ്ണിയാണെൻമണിപ്പൈതലേ!
നിന്നന്തരംഗം, നിൻ പാൽപ്പുഞ്ചിരി,
മിഴിയിലെ ഭാവം
ഇതുകൾക്കർത്ഥമെഴുതുവാനാരുള്ളൂ?

മുഖം മറച്ചു നിന്നമ്മചൊല്ലീ നിൻപേർ
"അഹമ്മദ്‌ മാലിക്‌".
അങ്ങുദൂരേ പാക്കിസ്ഥാനിലുണ്ടത്രേ
നിന്നേയിതുവരെ കാണാത്തൊരു
വല്യുമ്മായും വല്യുപ്പായും...

നിന്നെയെന്നുണ്ണിയായ്‌ നോക്കിയതിന്നു
സംതൃപ്തയായ്‌, സന്തോഷവതിയായ്‌ നിന്നമ്മ,
പകരംതരാനായടുപ്പത്തുവെച്ച
എനിയ്ക്കുള്ള വെജിറ്റബിൾ ബിരിയാണി
നീയറിഞ്ഞോ? അടീപ്പിടിച്ചു കരിഞ്ഞുപോയ്‌!

നിന്നെയെൻ കൈത്തണ്ടയിലേൽപിച്ചു
കുളിയ്ക്കാൻ പോണ നിന്നമ്മ.
എന്റെ മടിയിലുറങ്ങി സ്വപ്നംകണ്ടു
ചിരിയ്ക്കുന്ന നീ.

നിനക്കറിയുമോ?
നമുക്കുരണ്ടുപേർക്കുമിടയിൽ അങ്ങുദൂരേ
മുള്ളുവേലികെട്ടിനിർത്തിയിട്ടുണ്ടാരൊക്കെയോ...
കനലുപോലെരിയുന്ന നമ്മുടെ അതിർത്തികളേ
കാത്തുരക്ഷിയ്ക്കുന്നവർ നിൽപുണ്ടു, തോക്കുമായി...

നീ ഓർക്കുമോ?
നമ്മുടെ അരമതിലിന്നപ്പുറത്തുനിന്നും
നിന്നെയെനിയ്ക്കേൽപ്പിയ്ക്കാറുള്ള നിന്നമ്മയേ?
നീ മറക്കുമോ?
നിന്നമ്മയ്ക്കുമെനിയ്ക്കുമിടയിൽ
മറ്റൊരമ്മയായ്‌, നിന്നെത്താങ്ങിനിർത്തുന്ന
നമ്മുടെയീയരമതിലിൻ വീതിയേ?

നിനക്കറിയുമോ?
എനിയ്ക്കും നിനക്കുമിടയിലൊരു ചരിത്രമുറങ്ങിക്കിടപ്പുണ്ട്‌,
ചില തീവ്രമായ വാദങ്ങളും നിരത്തപ്പെടുന്നുണ്ട്‌
മുൻവിധികളുണ്ട്‌, വിലക്കുകളുണ്ട്‌

ഒരുവേള,
നാമൊരുനാളും കണ്ടുമുട്ടേണ്ടവരല്ലായിരിയ്ക്കുമോ?
ഒരുനാളും അറിയേണ്ടവരല്ലായിരിയ്ക്കുമോ?
എന്നെപ്പോലെ നിനക്കും തോന്നുന്നുവോ?
നിന്റെ 'ബാബ', "അസലാമു അലൈക്കും"
എന്നെന്നോടു പറയേണ്ടതല്ലായിരിയ്ക്കുമോ എന്ന്!

നീയെനിയ്ക്കുണ്ണിയാണെൻമണിപ്പൈതലേ!
നിന്നന്തരംഗം, നിൻ പാൽപ്പുഞ്ചിരി,
മിഴിയിലെ ഭാവം
ഇതുകൾക്കർത്ഥമെഴുതുവാനാരുള്ളൂ?

ഞാനറിയുന്നു...
ഞാനുച്ചരിപ്പതുപോൽ നിൻ നിഷ്ക്കളങ്കതയും
ഉച്ചരിയ്ക്കുന്നുണ്ടു
ഉള്ളിലുള്ളതെന്തിനേയോ തട്ടിയുണർത്തും
ചിരകാലപരിചിതരാം ആ രണ്ടു രാഷ്ട്രനാമങ്ങൾ!


നീണ്ടജുബ്ബയും പാളസാറുമായി, പരുക്കനായ
ആറടി-താടിക്കാരൻ ടാക്സിക്കാരന്റെ ദുശ്ചോദ്യങ്ങളേ,
രൂക്ഷതയേ, അവന്റെ ജിഞ്ജാസകളേ
മുൻവിധികളോടെ വെറുക്കുന്നവളാണു ഞാൻ...
അമർഷം അടക്കിപ്പിടിയ്ക്കുന്നവളാണു ഞാൻ...
അവയേ 'പച്ച'യെന്നു
മുദ്രകുത്തുന്നവളാണു ഞാൻ!

ഞാനശക്തയാണു, അധീരയാണു എൻ കുഞ്ഞേ!
നിന്നമ്മയുടെ വാക്കിലെ ബഹുമാനമെന്നെ
അദ്ഭുതപ്പെടുത്താറുള്ളത്‌ ചെറുതല്ല.
എനിയ്ക്കുചുറ്റും കറുത്ത വലയമാണു,
എനിയ്ക്കൊച്ചയില്ല,
എനിയ്ക്കു വേഗതയില്ല
ഞാനശക്തയാണു, അധീരയാണെൻകുഞ്ഞേ!

നീ നിഷ്ക്കളങ്കനാണു...
വിടരുന്ന മൊട്ടാണു...
സധൈര്യം നീ മുന്നേറീടുക,
നിന്നമ്മയേ സംരക്ഷിച്ചീടുക,
പിതാവിനേ സ്മരിച്ചീടുക,
കൂടപ്പിറപ്പുകളേ സ്നേഹിച്ചീടുക,
തിരികേ ചെന്നിടുമ്പോൾ
പ്രതീക്ഷകളോടേ കാത്തിരുന്നീടും നിൻ
വല്യുമ്മാനേ വാരിപ്പുണർന്നീടുക,
വല്യുപ്പാനേ നമസ്ക്കരിച്ചീടുക,
നിന്റെ മണ്ണിനേ ആദരിച്ചീടുക,
ലോകം നടുങ്ങുമാറുറക്കെച്ചൊല്ലീടുക-

-"നിന്റെയമ്മ ഒരു രാഷ്ട്രമാണെന്ന്!
അഞ്ചുനേരം നിഷ്ഠയോടെ നിസ്ക്കരിയ്ക്കുന്നവളാണെന്ന്
അതിർത്തികളിൽ വീതിയേറിയ അരമതിലുകളേ
കെട്ടിപ്പടുക്കുന്നവളാണെന്ന്
പ്രതീക്ഷകളോടെയെന്നും കാത്തിരിയ്ക്കുന്നവളാണെന്ന്."

അതിൻ പ്രതിധ്വനികളിൽ
ഈ പ്രപഞ്ചം നടുങ്ങീടേണം,
ഒച്ചകൾ നിശ്ശബ്ദരായീടേണം
അപവാദങ്ങൾ പോയിത്തുലഞ്ഞീടണം,
അന്ധകാരത്തിൻ വാതിലുകൾ തുറക്കപ്പെടേണം
നിന്റെ പ്രകാശം എങ്ങുമെങ്ങും പരക്കുമാറായിടേണം!

ഒന്നു പറയട്ടേ ഞാൻ?
എനിയ്ക്കു മറക്കുവാനാവില്ല,
അരമതിലിന്നപ്പുറം തിരിഞ്ഞിരിയ്ക്കും നിന്നമ്മയേയും
ഇപ്പുറം തിരിഞ്ഞിരിയ്ക്കുമെന്നേയും...
എനിയ്ക്കു മറക്കുവാനാവില്ല,
എന്റെ മുഖക്കുരുവിൽ മരുന്നു
പുരട്ടിത്തരും നിന്നമ്മയേ...

Thursday, January 22, 2009

അതൊക്കെ എനിയ്ക്കറിയാം!

എന്താ എന്നോടൊരു അകൽച്ച?
ഞാനെപ്പോഴും ഓർക്കുന്നില്ല എന്നതുകൊണ്ടാണോ?
അതോ ഞാനെപ്പോഴും തിരക്കിലായതുകൊണ്ടോ?

എന്നാപിന്നെ ഞാനങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിൽ
വെറുതെ ഒന്നു നോക്കുമ്പോഴൊക്കെ
എന്നോടെന്തിനാ എപ്പോഴും ഇങ്ങിനെ ചിരിച്ചുംകൊണ്ട്‌ നിൽക്കുന്നത്‌?

അകൽച്ചയുണ്ടെന്നു എനിയ്ക്കു മനസ്സിലായത്‌ എങ്ങനെയാ എന്നല്ലേ?
അതൊക്കെ എനിയ്ക്കറിയാം.

അതോണ്ടല്ലേ എനിയ്ക്കു ചെലപ്പോ കരയാൻ തോന്നുന്നത്‌?
ചിലപ്പോ പേടി വരുന്നത്‌?
പൊട്ടിച്ചിരിയ്ക്കുമ്പോ മറന്നു പോവുന്നത്‌?

തിരക്കുകളൊക്കെ ഒഴിഞ്ഞ്‌, കുറേ ദിവസം കഴിഞ്ഞ്‌
ഇന്നലെ വിളക്കു കൊളുത്തുമ്പോൾ
ഞാൻ കണ്ടു ട്ടൊ
ആ പുഞ്ചിരിയിൽ ഒരു പുഞ്ചിരി കൂടുതൽ!

Tuesday, January 20, 2009

ചിലന്തി

ചിന്തകൾക്കു ജീവൻ വെയ്ക്കുന്നത്‌
രാത്രികളിലാണ്‌.
വരിവരിയായി ഉള്ളറകളിൽ നിന്നും
പുറത്തെത്തി
അവ സമ്മേളിയ്ക്കുന്നു ഇരുട്ടത്ത്‌.

രാത്രിയായതുകൊണ്ടാവും
അവയ്ക്കു കറുത്ത നിറം കൈവരും.
ചുറ്റും വല തീർത്ത്‌
ഇരയെ കാത്തുകിടക്കുന്ന കറുത്ത
നിറമുള്ള ഒരു പടുകൂറ്റൻ ചിലന്തിയെ പോലെ!

ചിലവയ്ക്കു നടുവിൽ
അനേകം ചിലന്തിക്കുഞ്ഞുങ്ങളെ പേറുന്ന
വെളുത്ത മുട്ടയുണ്ടാകും,
മറ്റു ചിലത്‌ നിശ്ചലമായി
വലയിൽ പറ്റിയിരിയ്ക്കും, അസ്വസ്ഥതയോടെ..
ചിലതിനു ചിറകു മുളയ്ക്കും,
കൂടെയുറങ്ങുന്നവരിൽ നിന്നും ദൂര-
ദൂരങ്ങളിലേയ്ക്കു കൂട്ടി കൊണ്ടുപോകും.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന,
വലകളിൽ ചെന്നു വീഴാതിരിയ്ക്കാൻ പാടുപെടുന്ന
മനസ്സപ്പോൾ കാണുന്ന
സ്വപ്നമാണ്‌ ഉറക്കം.

വലകളിൽ കുരുങ്ങിയും ഞെരിഞ്ഞമർന്നും,
ചിലന്തിക്കുഞ്ഞുങ്ങൾ പൊട്ടിയൊലിച്ചും
പതുക്കെ ഉയർന്നുതാഴുന്ന നിശ്വാസങ്ങൾക്കിടയിൽ
കണ്ണു തുറന്ന് മലർക്കെ കിടക്കേണ്ടി വരും,
ഒരൽപം ഉറക്കത്തിനായി കാത്തുകാത്ത്‌..

മറ്റു ചിലപ്പോൾ,
ചിന്തകളും ഉറക്കവുമില്ലാത്ത ലോകത്തുള്ളവർ എത്ര ഭാഗ്യവാന്മാർ!
എന്നാലോചിച്ചു തീരും മുൻപേ
ഒരു നിമിഷം കൊണ്ട്‌ അവ രണ്ടും ഒന്നായി തീരുന്നു.
ചിറകുമുളയ്ക്കുന്നൊരു സ്വപ്നത്തിനു കീഴടങ്ങിക്കൊണ്ട്‌.

വലകളോരോന്നായി അഴിഞ്ഞു വീഴുന്നതും
ചിലന്തികൾ ഉള്ളറകളിലേയ്ക്കു ഉൾവലിയുന്നതും
ആരുമറിയാറില്ല,
ആഴങ്ങളിലേയ്ക്കു ഊളിയിട്ട്‌
കൂടുതൽ മുട്ടകളെ പൊട്ടിച്ചൊലിപ്പിയ്ക്കാൻ
അവ തന്ത്രപൂർവ്വം
തയ്യാറെടുക്കുന്നതും ആരും അറിയാറില്ല.