Saturday, October 30, 2010

മിഴികൾക്കുമപ്പുറം

വെള്ളത്തിലേയ്ക്കു ചാഞ്ഞ് കൂമ്പി നില്ക്കുന്നൊരു മൊട്ടുപോലേയുള്ള,
അദ്ഭുതത്തിൽ പൊതിഞ്ഞ നിഷ്ക്കളങ്കതയിലേയ്ക്കു
വലിയ പീലികൾ ഇടയ്ക്കിടെ ഒരു വെഞ്ചാമരം കണക്കെ വീശി
അടഞ്ഞുതുറക്കുന്ന,
ഒന്നു നോക്കിയാൽ നൂറായിരം കഥകൾ പറയുന്ന,
തടാകം പോലെയുള്ള
ആ മിഴികൾ
ചില നേരത്ത് പറയുന്നതെന്താണ്‌?
നനവിൽ കുതിർന്ന ഓർമ്മകളാണോ?
തിങ്ങിവിങ്ങുന്ന ഏകാന്തതകളാണോ?
കലപില പറയാനോ, വിളിയ്ക്കാനോ, അരികെ ചെന്നൊന്നിരിയ്ക്കാനോ
ഒന്നും കഴിയുന്നില്ലെന്ന അറിവിന്റെ നിസ്സഹായതയാണോ?
അതോ തിരികെപ്പിടിച്ചെടുക്കാൻ വെമ്പുന്ന ആ വല്ലാത്തൊരു സാമീപ്യത്തെയാണോ?

ചിലനേരത്ത് അവ കണ്ടെത്താവുന്നതിനുമപ്പുറം പോയിനില്ക്കുന്നു.
കൂടെ നടന്നെത്താനാവാത്ത ആഴങ്ങളിലേയ്ക്കു കൂപ്പുകുത്തുന്നു...

എവിടെയാണത് വേദനിപ്പിയ്ക്കുന്നത്?

Sunday, October 17, 2010

‘അവന്റെ‘ ദുഃഖം

എന്നിലെ ദുഃഖം ഒരു തീക്കനൽ പോലെ
എന്നെ ചുട്ടുപൊള്ളിയ്ക്കുന്നുണ്ടായിരുന്നു.

ദുഃഖം എന്നെ ഭ്രാന്തമായി ചിന്തിപ്പിച്ചിരുന്നു.
നിലയില്ലാത്ത വെള്ളത്തിലേയ്ക്കു തള്ളി നടുക്കിയിരുന്നു.
ചതുപ്പുനിലത്തിലേയ്ക്കു താഴ്ത്തി താഴ്ത്തി ശ്വാസം മുട്ടിച്ചിരുന്നു.

എന്റെ ദുഃഖം എനിയ്ക്കു വലുതെന്നു പറയുന്നതെത്ര ശരി!

ദുഃഖത്തിന്‌ കറുപ്പുനിറമാണ്‌ പറഞ്ഞിരിയ്ക്കുന്നത്.
ഇരുട്ടിന്‌ ദുഃഖത്തിന്റെ ഒരു ഛായ ഉണ്ട്.
ഇരുട്ടിനേക്കാളും ആഴമുള്ള ദുഃഖമുണ്ട്-
വെളിച്ചത്തിന്റെ ഒരു കണം പോലും പ്രതീക്ഷയ്ക്കില്ലാത്തത്രയും
ആഴമുള്ളത്.
എവിടേയും എത്താത്തത്..

ആ ഇരുട്ടിനു കാലമാണു വെളിച്ചം.
എന്നെങ്കിലും വെളിച്ചത്തിന്റെ ഒരു തുണ്ട് കണ്ടുകിട്ടുമ്പോഴേയ്ക്കും
ദിവസങ്ങളും മാസങ്ങളും അനേകം പോയിമറഞ്ഞിരിയ്ക്കും.
വർഷങ്ങൾ തന്നേയും..

എന്നാലും ദുഃഖം അതിന്റെ കറുത്ത മുറിപ്പാടുകൾ എന്നെന്നേയ്ക്കുമായി അവശേഷിപ്പിയ്ക്കുന്നു.
മുറിപ്പാടുകൾ പലപ്പോഴായി വേദനിപ്പിയ്ക്കുന്നു..

ദുഃഖം അടങ്ങികിടക്കാത്ത ഒരു വേദനയാണ്‌.
ദൈവത്തിനും ദുഃഖം ഉണ്ടാവും.
നിമിഷനേരത്തേക്കെങ്കിലും ദുഃഖിച്ചില്ലെങ്കിൽ
ദൈവം ദൈവമാകുന്നില്ല.
അവൻ സ്വാന്തനമാകുന്നില്ല.

ദൈവം ഒരു ‘രക്ഷകനല്ല‘!
ഒരു സുഹൃത്താണ്‌. ആത്മമിത്രമാണ്‌.
ഭൂമിയിലുള്ളവരുടേയെല്ലാം സന്തോഷത്തിലും, ദുഃഖത്തിലും ഒരുപൊലെ പങ്കുചേരുന്ന ഒരു അറിവാണ്‌.
ഭൂമിയിലുള്ളവർക്കെല്ലാം ഒരുപോലെ വർഷിയ്ക്കപ്പെടുന്ന അനുഗ്രഹമാണ്‌.

എന്റെ ദുഃഖത്തിൽ ഞാനറിഞ്ഞത് ആ അറിവിനെയാണ്‌,
എന്നോടൊത്തു ദുഃഖിയ്ക്കുന്ന ആ സർവശക്തനെയാണ്‌!
”ദൈവമേ!“... എന്നു വിളിച്ചാൽ വിളികേൾക്കുന്ന ആ കരുണാമയനേയാണ്‌..
അവനാണെനിയ്ക്കു പ്രാർഥനാദൈവം.
എന്നും നീട്ടി വിളിയ്ക്കാനുള്ള,
എവിടെയെന്നില്ലാത്ത
ആരിലെന്നില്ലാത്ത ആ കൺകണ്ടദൈവം!

ഈ ദുഃഖം ‘അവന്റെ‘ കൂടി ദുഃഖമാണ്‌,
അതെ, ഇത് അവന്റെയും ദുഃഖമാണ്‌,
ഇത് അവനുള്ള ദുഃഖമാണ്‌.

Tuesday, February 09, 2010

കനൽ

കടലിനു വേണ്ടി അലകൾ
കരയോട്‌ നുരയായി കിന്നരിച്ചുകൊണ്ടേയിരുന്നു.

പൂവിനു വേണ്ടി കാറ്റ്‌
ചെടിയെ തഴുകി ഉമ്മവെച്ചുകൊണ്ടേയിരുന്നു.

മണ്ണിനു വേണ്ടി മരങ്ങൾ
ഭൂമിയെ വേരാഴ്ത്തി സ്നേഹിച്ചുകൊണ്ടേയിരുന്നു.

ആകാശത്തിനു വേണ്ടി മേഘം
വീണുടയാത്ത മഴത്തുള്ളികളെ ഉണ്ടാക്കിക്കൊണ്ടേയിരുന്നു.

എത്ര ജ്വലിച്ചുതീർത്തിട്ടും, എരിഞ്ഞുതീർത്തിട്ടും
പറഞ്ഞുതീരാത്ത,
അഗ്നിയോടുള്ള ആരുടേയോ പ്രണയവുമായി
കനൽ മാത്രം
ഒരുപിടി ചാരമായി ബാക്കി!

Thursday, January 07, 2010

സ്നേഹം ഉണ്ടാവുന്നത്‌

കണ്ടതാണ്‌ ഞാൻ
ആകാശത്തു നിന്നും താഴേയ്ക്കു നോക്കിയപ്പോൾ
എന്റെ രണ്ടു കണ്ണുകളിലേയ്ക്ക്‌
ഘോരശബ്ദത്തിൽ
ഭൂമി ഉരുണ്ടുരുണ്ട്‌ വരുന്നത്‌.
സകല പർവ്വതങ്ങളും, താഴ്‌വരകളും, സമുദ്രങ്ങളും എന്റെ കണ്ണുകളിൽ
നിറഞ്ഞു കവിഞ്ഞപ്പോൾ,
വനങ്ങളും, മൃഗങ്ങളും, മനുഷ്യരും, എന്റെ മനസ്സിനെ കവർന്നെടുത്തപ്പോൾ,
ശബ്ദങ്ങളും, വർണ്ണങ്ങളും, കാറ്റും, മഴയും, പുഴയും എന്റെ
ഹൃദയത്തെ തഴുകി ചേർത്തുവെച്ചപ്പോൾ,
കണ്ടതാണ്‌ ഞാൻ
നീലാകാശം ഭൂമിയിലേയ്ക്കു നിലംപൊത്തി വീഴുന്നത്‌.
ആ മടിത്തട്ടിലേയ്ക്കു ഞാൻ പൊടുന്നനെ പിറന്നു വീഴുന്നത്‌.
നീല നിറമുള്ള ഭൂമിയിൽ സ്നേഹം ഉണ്ടാവുന്നത്‌.