Thursday, March 26, 2015

To my silence...

I pick up words
from nowhere...
letting it to get copied and
pasted into this white screen
in front of me...

I fall in love with them
with rolling tears
and with a hiding smile
both speaking
simultaneously...

my fingers tap on the keyboards
without being able to stop,
uncontrollably ...

but I struggle to make a sentence
retyping it again and again
as if working on some unknown language
which keeps vanishing from me...
like the waves wipe out
the words written on the sand pitch
repeatedly...

at last my fingers managed to stop
somewhere, somehow
but before I could read
it got deleted abruptly
just by a touch of my little finger
by mistake...

and
words are flying out of the sentences
one by one
unfolding their wings spread wide
to their sides each
in search of silence....

Tuesday, March 24, 2015

ഒരു 'സ്നേഹാ'പണം!

'ക്ഷമിക്കുക' എന്ന വാക്ക് ചില നേരത്ത്, ചില സന്ദർഭങ്ങളിൽ അതിന്റെ അർത്ഥങ്ങൾ മാറ്റിമറച്ച് നമ്മെ അമ്പരിപ്പിക്കും.
"ക്ഷമിക്കാൻ വേണ്ടി ക്ഷമ പറയൽ" അല്ലെങ്കിൽ "ക്ഷമിച്ചില്ലെങ്കിലും സാരമില്ല" എന്ന് വരുന്ന പരുക്കൻ അർത്ഥം, അതുമല്ലെങ്കിൽ "ക്ഷമിച്ചാലും ക്ഷമിച്ചില്ലെങ്കിലും തൽക്കാലം വേറെ വഴിയില്ല" എന്ന ചൊടിപ്പിക്കുന്ന നിസ്സംഗത, അങ്ങിന പലതിലേയ്ക്കും അതിന്റെ tone മാറ്റിമറയ്ക്കാം.
ക്ഷമ ചോദിയ്ക്കൽ ഏറ്റവും പ്രിയപ്പെട്ടവരോടാവുമ്പോൾ അതു നൽകുന്ന ഊഷ്മളത / ധാർമ്മികത ഒക്കെ ഒരു വശത്തുണ്ടെങ്കിൽ പോലും ക്ഷമ പറയണ്ടതായോ, ക്ഷമിയ്ക്കേണ്ടതായോ കരുതുകയേ ചെയ്യാത്ത ഒരു സന്ദർഭത്തിൽ, അത്തരം അർത്ഥങ്ങളൊയൊക്കെ സൂചിപ്പിയ്ക്കുന്ന ഒരു 'ക്ഷമ' ആകസ്മികമായി കടന്നുവരുമ്പോൾ അതൊരു വല്ലാത്ത നടുക്കമാണ്!
പിരിഞ്ഞുപോകുന്നയത്രയും വേദനയുണ്ടതിൽ. മുള്ളുകുത്തുന്ന മൂർച്ചയുണ്ടതിൽ. പരുഷം കലരുന്ന നോവിപ്പിക്കൽ ഉണ്ടതിൽ.

എന്നേ, ക്ഷമ ചോദിയ്ക്കേണ്ട, ക്ഷമിയ്ക്കേണ്ട അവസ്ഥ സംജാതമായി എന്നൊരന്ധാളിപ്പ്.
തരിപ്പ്,
പിന്നെ തകർന്നടിയൽ.

ശൂന്യം!

വാൽക്കഷ്ണം
ഒന്നും സാരമില്ല.
പക്ഷേ വെറും നിസ്സാരയായ ഞാൻ, എന്താണ് ക്ഷമിയ്ക്കേണ്ടത്?
ക്ഷമിയ്ക്കുന്നു എന്ന വാക്കിനെ മുമ്പെങ്ങുമില്ലാത്തവിധം
സ്നേഹം എന്ന വാക്കിലേയ്ക്കു പരാവർത്തനം ചെയ്താലോ?
എന്നിട്ട് വീണ്ടും തകർന്നടിയട്ടെ!


Sunday, March 15, 2015

മിണ്ടുന്ന 'മിണ്ടായ'കൾ...

മിണ്ടുവാൻ ഒന്നുമില്ല ബാക്കി
എന്നാലുള്ളിലുണ്ടൊരു പറ മിണ്ടാൻ.
മിണ്ടല്ലേ എന്നുള്ളു കേഴുന്തോറും
മിണ്ടുവാൻ തക്കം പാർക്കുന്ന മിണ്ടലുകൾ.

ഇല്ല, ഇനി മിണ്ടുകയില്ല ഞാൻ
ഒരുനാളിലൊരു വാക്കു വീണുകിട്ടും വരെ.
അന്നേ മിണ്ടൂ! അന്നേ ശബ്ദിയ്ക്കൂ.
അതുവരെയീ 'മിണ്ടായ'യിൽ
മിണ്ടാതിരുന്നോട്ടെ ഞാൻ.

മിണ്ടുന്ന നാളു വരുന്നയന്ന് മിണ്ടുവാൻ,
തുടച്ചുമിനുക്കി, തിളക്കം കൂട്ടി
എടുത്തുവെയ്ക്കുന്നുണ്ട് ഒരു വാക്കിനെ.
ഏറ്റവും പുതിയതായി, ഏറ്റവും ആദ്യമായി
ഏറ്റവും സ്ഫുടമായി അന്നതിനെ
എങ്ങിനെ മിണ്ടണമെന്ന്
ഈ മിണ്ടായയിലിരുന്നാലോചിയ്ക്കുന്നുണ്ട്.

എന്നിട്ട്
ഒന്നും മിണ്ടാനില്ലേ എന്ന ചോദ്യം കേൾക്കും വരെ
ഈ മിണ്ടായയുടെ സിമന്റു തേയ്ക്കാത്ത കല്ലു ചുമരിൽ ചാരി,
മിണ്ടായയുടെ ശബ്ദമില്ലാത്ത അകത്തളത്തിൽ,
മിണ്ടുവാൻ തക്കംപാർത്തിരിയ്ക്കുന്ന മിണ്ടലുകളെ
ഓരോന്നായി കഴുത്തു ഞെക്കിപ്പിടിച്ചു മിണ്ടമർത്തിയൊതുക്കി,
ഒരു മിണ്ടലിൽ നിന്നും മറ്റൊരു മിണ്ടായയിലേക്ക്
ദിവസവും മരിച്ചുവീണുകൊണ്ടിരിക്കും.






Thursday, March 12, 2015

എഴുതുയെഴുതി മോഹിപ്പിക്കണം
തുറന്നു തുറന്നു കാണിക്കണം
പറഞ്ഞുപറഞ്ഞ് മടുപ്പിക്കണം
സ്നേഹിച്ചു സ്നേഹിച്ച് കൊല്ലണം

Sunday, March 01, 2015

ചില നേരത്ത്

I

തൊടുത്തുവിട്ട വാക്കുകളെ തിരിച്ചെടുക്കാനാവില്ലല്ലോ
എന്നോർക്കുമ്പോൾ കമട്ടിവരുന്ന ആ കയ്പ്പുള്ള ഉമിനീരാണ്
പഴയ ബ്ലോഗ്പോസ്റ്റുകളേ വായിയ്ക്കുവാൻ തുനിയുമ്പോൾ
ഇറക്കിക്കളയുക. :(

ഒരുപാട് നിയന്ത്രിച്ച്, പിന്നെയും പിന്നെയും വേണ്ടെന്നുവെച്ച്
പണിതുയർത്തിക്കൊണ്ടുവരുന്ന, നമുക്കിടയിലെ മൗനഭിത്തിയാണ്
പെട്ടെന്നൊരു നിമിഷത്തെ ഓർമ്മക്കണ്ണീരിൽ നനഞ്ഞ്
ഒരുനൂറുവാക്കുകളിൻ ഒരായിരം കുമിളകളായി
നിനക്കുമുന്നിൽ ചിന്നിച്ചിതറുക.

ഇനിയുമരുത്, ഇനിയും ചെയ്യരുത്/പറയരുതെന്നാർക്കോ വേണ്ടി
ചേർത്തുറപ്പിച്ചിട്ടുള്ള
ചെയ്തികൾ/വാക്കുകൾ പിന്നെയും പിന്നെയും
അനുസരണയില്ലാതെ ആവർത്തിയ്ക്കപ്പെടുമ്പോഴാണ്
ഞാനെന്നിലെയെന്നെ ഉരച്ചുരച്ച് ചുവപ്പിച്ച, ചവിട്ടിയരച്ച,
ഒരു ചെമ്പരത്തിപ്പൂ എന്ന വ്യാജേന, എന്റെ ചങ്കു തുറന്നുകാണിക്കുക


II

മറന്നുപോയ ഈണം
പറഞ്ഞുതേഞ്ഞ വാക്ക്
മാറാല പിടിച്ച ലോകം
വിരസമായിത്തീരുന്ന ആവർത്തനപ്പട്ടിക.

ദൈവമൊന്നു കണ്ണടച്ചുപോയനേരത്ത്
ഇരുന്നുപഴകുവാൻ കൂട്ടാക്കാത്ത പ്രാണൻ
വഴിവിട്ട സഞ്ചാരം തുടങ്ങി.


III

ഒരു രാഗഞെരമ്പിലോടുന്ന സ്വരം പോലെ
ഒരു കാറ്റത്ത് താഴേയ്ക്കു പറന്നുവീഴുന്ന,
ഒരു തൂവലിലാലേഖനം ചെയ്ത പക്ഷിലോകം പോലെ,
അയത്നലളിതമായി, അത്രമേൽസുപരിചിതമായി
ഓരോ മിടിപ്പിലും ഇറ്റുന്ന ചോരത്തുള്ളികളുമായി
അങ്ങനെ തോന്നിയ ചില നേരങ്ങൾ ....

ഒരിക്കലും തീരുന്നതല്ലെന്നു തോന്നിച്ച നേരങ്ങൾ
ഒരിക്കലും മറക്കുവാനാവാത്തതെന്നും തോന്നിപ്പിച്ച ആ നേരം.
ഒടുവിൽ ഒന്നു തിരിഞ്ഞുനോക്കി പോരുമ്പോൾ
പകുതിയാക്കിവെച്ച സ്വപ്നം മടക്കിയതേപടി
കൂട്ടിലടക്കി തിരികെക്കൊണ്ടുവന്ന അതേ നേരം....