Monday, October 31, 2011

ശൈത്യം


ഈ വഴി ചെന്നവസാനിയ്ക്കുന്ന മുക്കിലുള്ള പള്ളിയുടെ
മാനത്തേയ്ക്കുയർന്നു നിൽക്കുന്ന മിനാറുകളുടെ
അപ്പുറത്തുനിന്നും
ഇന്നത്തെ ശക്തി ക്ഷയിച്ച വേനലിന്റെ പ്രഭാതം
എന്റെ തൊണ്ടയെ കീറിമുറിച്ചുകൊണ്ട്
ശൈത്യത്തിലേയ്ക്കു കടന്നുപോകുകയായിരുന്നു...

പോകുന്ന വഴിയ്ക്ക്
എന്റെ കുഞ്ഞുങ്ങളെ തഴുകാൻ
പ്രഭാതത്തിന്നയച്ചു കൊടുത്ത
കുളിർമയുള്ള കാറ്റ്
എന്റെ ശബ്ദം കട്ടെടുത്തു കടന്നുകളഞ്ഞു.

പള്ളിയ്ക്കു നേരെ മുൻപിലുള്ള
പച്ച വിരിച്ച ഉദ്യാനത്തിൽ പരക്കുന്ന പൊൻവെയിലിനപ്പുറം
മോഷ്ടാവിനെ ഒളിപ്പിച്ചുവെച്ച്
വിളികേൾക്കാതെ മറഞ്ഞുനിന്നിരുന്ന
ശൈത്യത്തിന്റെ മടിയിൽ,
തിരികെ വരാൻ മടിച്ച്
എന്റെ ശബ്ദം വിണ്ടുകീറി
ഉറഞ്ഞുകൂടി കിടന്നു.


എന്റെ മൌനം നിറയ്ക്കാൻ
വിരുന്നു വന്നിരുന്ന പ്രഭാതയീണങ്ങൾ
ഓരോന്നായി
ശബ്ദമില്ലാതെ മടങ്ങിപ്പോയി...

ഒന്നു നോക്കി, ധൃതിയിൽ മടങ്ങി
നാലു ചുവരുകൾക്കുള്ളിലെ ശൈത്യത്തിൽ
ഞാനും നിശ്ശബ്ദം
ഉറഞ്ഞുകൂടിThursday, October 13, 2011

എന്റെ പ്രണയം


ചിലപ്പോളെനിയ്ക്കു
പ്രണയത്തോടു വല്ലാത്തൊരു പ്രണയമാണ്.

പലപ്പോഴും എന്നിലുള്ള പ്രണയം
വിട്ട ഭാഗം പൂരിപ്പിയ്ക്കപ്പെടാതെ പോകുന്ന
അപൂർണ്ണവാചകങ്ങളായി മാഞ്ഞുപോകുകയാണു പതിവ്.

പ്രണയിയ്ക്കാത്തവരായാരുണ്ടെന്ന ചോദ്യത്തോടെന്നും എനിയ്ക്കു
ഒരു സംശയം കലർന്ന അദ്ഭുതമായിരുന്നു. ഒരു യഥാർത്ഥ പ്രണയം എങ്ങനെയാവും?

പക്ഷെ ഞാനും പ്രണയിയ്ക്കുന്നുണ്ടെന്നുള്ളത് ഉറപ്പ്.
നിറഞ്ഞുകത്തുന്ന ഒരു ചിരാതിൽ നിന്നും എണ്ണ ഇറ്റുവീഴും പോലെ
ചിലപ്പോൾ എന്റെ പ്രണയച്ചിരാതിൽ നിന്നും സ്നേഹം ഇറ്റുവീഴാറുണ്ട്.

ചിലപ്പോൾ നിസ്സംഗയായി നിൽക്കുന്ന ഒരു മുൾച്ചെടിയുടെ പ്രണയം പോലെ ഞാൻ പ്രണയിയ്ക്കാറുണ്ട്.
മറ്റു ചിലപ്പോൾ ശാഖകൾ തലങ്ങും വിലങ്ങും പടർത്തി, വെയിലത്തും മഴയത്തും ഒരുപോലെ ദൃഢനിശ്ചയത്തോടെ കാത്തുനിൽക്കുന്ന ഒരു വടവൃക്ഷം പോലെ...

ചില നേരത്ത്, ഒരു കാമുകൻ സ്വകാര്യമായി കാമുകിയുടെ മൂർദ്ധാവിൽ അടക്കിപ്പിടിച്ചു ചുംബിയ്ക്കുമ്പോൾ
തോന്നാവുന്ന, പലരും കൂക്കിയാർത്തുവിളിയ്ക്കാറുള്ള പുറമേയ്ക്കു “പൈങ്കിളി” എന്ന വിളിപ്പേരിലറിയപ്പെടുന്ന പ്രണയം പോലെ.

അതുമല്ലെങ്കിൽ കഥകളിലും, സിനിമകളിലും കാണാറുള്ള വിരഹിണികളായ നായികമാർക്കുണ്ടാകുന്ന
വീർപ്പുമുട്ടൽ പോലെ...

നിങ്ങൾക്കറിയാമോ? ഇന്നലെ ഞാൻ കുറേ ചിത്രങ്ങളെയാണു പ്രണയിച്ചത്.
അതിലെ നിറക്കൂട്ടുകളും, മുഖങ്ങളും എന്റെ കണ്ണുകളെയല്ല, എന്റെ ഹൃദയത്തെയാണാകർഷിച്ചത്.
അതിൽ നിന്നും പ്രവഹിച്ചിരുന്ന വൈകാരികതലങ്ങൾ എന്റെ മനസ്സിന്റെ കോണുകളിലേയ്ക്കാണ് പടർന്നുപന്തലിച്ചത്. എന്റെ വിരൽത്തുമ്പുകളെ അവ നിശ്ശബ്ദമാക്കിക്കളഞ്ഞു.

ഇന്നു ഞാനെന്നിൽ നിന്നും പുറത്തു ചാടുന്ന ഈ അക്ഷരങ്ങളെ പ്രണയിയ്ക്കുന്നു. അക്ഷരങ്ങൾ ചേർന്നുണ്ടാകുന്ന വാക്കുകളെന്നെയാണോ, എന്നിലെ കല്ലും മണ്ണും നിറഞ്ഞ ഊടുവഴികൾ ആ വാക്കുകളെയാണോ തേടിപ്പിടിച്ചു പ്രണയിയ്ക്കുന്നതെന്ന് എനിയ്ക്കു തീർത്തുപറയാനാവില്ല.

നാളെ ഒരുപക്ഷേ ഞാനീ വീട്ടിലെ ഏകാന്തതകളെ പ്രണയിയ്ക്കുമായിരിയ്ക്കും. ഏകാന്തതകളെന്നെയും!

നേരെചൊവ്വെ പറഞ്ഞു ഫലിപ്പിയ്ക്കാനാവാത്ത ഒരുനൂറ് പ്രണയകലഹങ്ങളുടെ പ്രിയപ്പെട്ട പ്രണയിനിയാവുന്നു ഞാൻ.

- അതെ. ഞാനും പ്രണയത്തിലാണ്...