Wednesday, December 31, 2008

ഒരാല്‍മരം



മുടവനംകാവ്‌ അയ്യപ്പൻ.

“പതിന്നാലുദേശത്തിന്നാധാരമായ്‌ നിൽക്കും
പരമാത്മതത്വമേ പൊന്നയ്യപ്പനേ
മുടവനാംകാട്ടിലെ അണയാത്ത ദീപമായ്‌
മരുവുംചിദാനന്ദദിവ്യപ്രകാശമേ
ദേശത്തിൻ കാവലായ്‌ മനസ്സിന്റെ സാക്ഷിയായ്‌
ദേഹിയായ്‌ വർത്തിയ്ക്കും പരമാത്മതത്വമേ
അന്ധകാരത്തിൽ ഗതിമുട്ടി നിൽക്കവേ
ഒരു തരി വെട്ടം കനിഞ്ഞു നൽകീടണേ
ചിത്തത്തിലാശ പെരുകാതിരിയ്ക്കണേ
തത്വത്തിലാശയുണ്ടാവാൻ കനിയണേ
ജനിമൃതികളകന്നു പോയീടുവാൻ
പരമാത്മതത്വത്തിലലിയാൻ തുണയ്ക്കണേ“
-
അച്ഛൻ എഴുതിയ വരികളാണിത്‌.

മുടവനംകാവ്‌ എന്ന ഈ കാവ്‌, ഞങ്ങളുടെ കുടുംബ വീടിനടുത്തുള്ള ഒരു ചെറിയ കാവാണ്‌-ഒരു ചെറിയ അയ്യപ്പൻ കാവ്‌.

റോഡിൽ നിന്നും ഉള്ളിലേയ്ക്കു തിരിയുന്ന, ടാറിടാത്ത കരിങ്കല്ലുകൾ പതിച്ചു വെച്ചിരിയ്ക്കുന്ന ഒരു വഴിയാണ്‌ ഈ കാവിലേയ്ക്കു നയിയ്ക്കുന്നത്‌. കാവിന്റെ വശത്തു കൂടി അത്‌ ചെന്നവസാനിയ്ക്കുന്നത്‌ ഒരു വീടിന്റെ ഉമ്മറത്തേയ്ക്കാണ്‌. അതിനപ്പുറത്തേയ്ക്കു പിന്നെ വഴിയില്ല.

കാവ്‌ എന്നു കേൾക്കുമ്പോൾ തന്നെ അതിനോടൊപ്പം ചേർന്നു നിൽക്കുന്ന ഒരു ചിത്രം കൂടിയുണ്ട്‌.
അതിനു മുന്നിലുള്ള വലിയൊരു ആൽമരം. പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയൊരാൽമരം. വളരെ പഴക്കമുള്ളതുമായിരിയ്ക്കണം. കാവിനേക്കാളും ശരിയ്ക്കും ഓർമ്മ വരുക ഈ ആലിനേയാണ്‌. കാരണം അത്രയും ചെറിയ ഈ കാവിന്‌ ഒരു കാവൽ പോലെയാണീ വൻമരം അവിടെ നിലകൊള്ളുന്നത്‌.

മതിൽകെട്ടൊന്നുമില്ലാതെ, ഒരു ചതുരാകൃതിയിലുള്ള ഒരു ചെറിയ കെട്ടിടം-കെട്ടിടം എന്നു പോലും പറയാനാവില്ല, നാലു ചുമരാണ്‌ യഥാർത്ഥത്തിൽ ഈ കാവ്‌. തൊഴാൻ വരുമ്പോൾ ഈ ആലിന്റെ ചുവട്ടിലാണ്‌ ചെരുപ്പ്‌ അഴിച്ചു വെയ്ക്കുക. പൊതുവേ ശാന്തമായ ഈ അന്തരീക്ഷത്തിൽ, കാറ്റത്താടുന്ന ഈ ആലിലകളുടെ കലപില ശബ്ദം മാത്രമേ ഉണ്ടാകൂ. പൂജയും മറ്റുമൊന്നും അധികമില്ലാത്ത ഈ കാവിൽ തൊഴാൻ വരുന്നവർ തന്നെ ദുർലഭമാണ്‌. തിരക്ക്‌ തീരെയുണ്ടാവാറില്ല. താലപ്പൊലി സമയത്താണ്‌ ഇവിടേയ്ക്കു ആളുകൾ വരാറുള്ളത്‌. പിന്നെ എന്റെ ഓർമ്മയിൽ മലയ്ക്കു പോകുമ്പോൾ "കെട്ട്‌ നിറയ്ക്കൽ" ഈ കാവിൽ വെച്ച്‌ ചിലപ്പോഴൊക്കെ പതിവുണ്ടായിരുന്നു. പിന്നെ ഈ കാവിനു പിന്നിൽ താമസിയ്ക്കുന്ന വീട്ടിലെ ഒരു പെൺകുട്ടിയുടെ കല്യാണം നടത്തിയത്‌, ഈ കാവിൽ വെച്ചു തന്നെയായിരുന്നു എന്നു തോന്നുന്നു.
ഈ കാവിനോട്‌ ചേർന്നുതന്നെയാണ്‌ വല്യമ്മ താമസിയ്ക്കുന്നത്‌. വല്യമ്മയുടെ ടെറസ്സിൽ നിന്നും നോക്കിയാൽ ആ ആലിനെ ശരിയ്ക്കും അടുത്ത്‌ കാണാം. അതിന്റെ കാറ്റ്‌ കേൾക്കാം. അതിന്റെ വിശാലതയിൽ ബഹളം വെയ്ക്കുന്ന പക്ഷികളെ കാണാം. അത്‌ വിരിയ്ക്കുന്ന തണൽ കാണാം. തണലിൽ വീണു കിടക്കുന്ന പഴുത്തതും പച്ചയും ആയ ആലിലകളേയും കാണാം.

ആ ആലില്ലാതെ കാവ്‌ പൂര്‍ണ്ണമാകുന്നില്ല ഒരിയ്ക്കലും..

ഓർമ്മയില്ലേ, കാവാലം നാരായണ പണിയ്ക്കരുടെ ഒരു കവിത?
"ആലായാൽ തറ വേണം, അടുത്തൊരമ്പലം വേണം,
ആലിന്നു ചേർന്നൊരു കുളവും വേണം."

(പക്ഷേ അതിലേതാവും ശരി?!)



ആ കാവ്‌ ഇപ്പോൾ വലുതായിട്ടുണ്ട്‌. സ്ഥിരമായി പൂജയും, വഴിപാടുകളും, പ്രാർത്ഥനകളും വളരെ നല്ല രീതിയിൽ നടക്കുന്നുണ്ട്‌. ആളുകൾ ധാരാളം വന്നു തൊഴാറുണ്ട്‌. അയ്യപ്പന്‌ പണ്ടത്തെ നാലു ചുമരുകളിൽ നിന്നും നല്ല ഭംഗിയുള്ള ഒരു കൊച്ചു കെട്ടിടത്തിലേയ്ക്ക്‌ മോചനം കിട്ടിയിട്ടുണ്ട്‌. മതിൽക്കെട്ടുണ്ട്‌. റോഡരികിൽ "മുടവനംകാവ്‌" എന്നെഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്‌.

എന്നാലും ഇപ്പോൾ ആ കാവിനടുത്തെത്തുമ്പോൾ വല്ലാത്തൊരു ശൂന്യത.

കാവിന്റെ പുതിയ രൂപവും ഭാവവും, ഉയർച്ചയും, നല്ല കാര്യങ്ങളും മനസ്സ്‌ ഉൾക്കൊള്ളാൻ മടി കാണിയ്ക്കുന്നു,
പകരം
അച്ഛനെഴുതിയ വരികളിൽ ഒരു വൻ ആൽമരം നിറഞ്ഞു നിൽക്കുന്നതായി തോന്നിപ്പിയ്ക്കുന്നു.

ഇനിയും ചിതലരിയ്ക്കാത്ത ഒരു പഴഞ്ചൻ ചിത്രം കണക്കെ!


ഇന്നതൊരു പഴഞ്ചൻ ഓർമ്മയാണ്‌.. ആല്‍മരം നിന്നിരുന്നയിടം ശൂന്യമാണ്.
ഒരു ആൽത്തറയ്ക്കു വേണ്ടിയോ മറ്റോ അതിന്റെ വേരുകളൊന്ന് മുറിച്ചുമാറ്റപ്പെട്ടതോടെ, ആ ആൽമരം അന്ന് വലിയൊരു ശബ്ദത്തോടെ അതിന്റെ മണ്ണിലേയ്ക്കു തന്നെ പിൻവാങ്ങപ്പെട്ടു-അയ്യപ്പനു വേണ്ടി(?)

ഒരു വലിയ കഥയവസാനിയ്ക്കുന്നതു പോലെ..

ഒരു പഴഞ്ചൻ കഥയായി അവടവിടെ ചിലപ്പോൾ മണ്ണിന്നടിയിൽ അതിന്റെ വേരിന്റെ ബാക്കി കഷ്ണങ്ങൾ തപ്പിയാൽ കിട്ടേരിയ്ക്കും.

Saturday, November 29, 2008

വന്ദേഹം..

ജനാധിപത്യം?
സ്വാതന്ത്ര്യം?
അവകാശം?
രാഷ്ട്രീയം?
രാഷ്ട്രീയപ്രവർത്തനം?
തീവ്രവാദം?
മാധ്യമപ്രവർത്തനം? അതിന്റെ ധർമ്മം?
യുദ്ധധർമ്മം?
ഉള്ളിൽ എണ്ണമറ്റ ചോദ്യചിഹ്നങ്ങളുണ്ടാവുമ്പോഴും,

ഇപ്പോൾ കണ്ണിൽ നിറയാൻ ഒന്നേയുള്ളൂ-ദേശീയപതാകയിൽ പൊതിഞ്ഞ ധീര യോദ്ധാക്കൾ.
കാതിൽ നിറയുന്നതും ഒന്ന്-ഉയർന്നു പൊന്തുന്ന ദേശീയഗാനം.
അതിന്റെ മുഴുവൻ ഭാവവും ഹൃദയത്തിൽ വന്നു നിറയുന്നു!വേദനിപ്പിയ്ക്കുന്നു, നനയുന്നു.

ഉള്ളിൽ നിന്നും ചിലപ്പോൾ മാത്രം പുറത്തുവരാറുള്ള, 'ഒന്നായിമാറുന്ന' രണ്ടേരണ്ടു വാക്കുകൾ, ഇപ്പോൾ പുറത്തേയ്ക്ക്‌ അറിയാതെ വരുന്നു..
അമർ ജവാൻ. വന്ദേമാതരം.
ഇപ്പോൾ ഭാരതത്തിലെ ഓരോ പൗരന്റേയും ഒരേ ശബ്ദം, ഒരേ വാക്ക്‌.

ആദരാഞ്ജലികൾ. അശ്രുക്കൾ.
യുദ്ധത്തിൽ വീരമൃത്യു വരിച്ച ഓരോ യോദ്ധാവിനും. കൊല്ലപ്പെട്ട ഓരോ നിരപരാധികൾക്കും.

ഓരോ സൈനീകനും വന്ദനം.

Monday, November 24, 2008

Monday, November 17, 2008

ഒരു കുടം റോസാപ്പൂക്കള്‍.

ഇവിടത്തെ പഠന രീതി കുട്ടികളിൽ അവരുടെ സർഗ്ഗവാസനകൾ പുറത്തുകൊണ്ടുവരാൻ എളുപ്പമാക്കുന്ന തരത്തിലുള്ളതാണെന്നു തോന്നാറുണ്ട്‌. നാട്ടിൽ പണ്ടങ്ങനെയുണ്ടായിരുന്നില്ല. ഇപ്പോൾ ഒരുപക്ഷേ നാട്ടിൽ സി.ബി.എസ്‌.സി സ്ക്കൂളുകൾ കുടുതൽ വ്യാപകമായതോടെ പഠനരീതികളിലും മാറ്റങ്ങൾ സംഭവിച്ചിരിയ്ക്കാം.
ഇവരുടെയൊക്കെ നോട്ടു പുസ്തകങ്ങൾ കാണാൻ നല്ല ചന്തമാണ്‌. നിറയേ സ്റ്റിക്കറും, ചിത്രങ്ങളും ഒക്കെയായി, ഓരോ പാഠങ്ങൾ അവസാനിയ്ക്കുമ്പോഴും ആ പാഠത്തിന്റെ ചുരുക്കം ഒരു ചിത്രമായി കുട്ടികൾ വരച്ചു വെയ്ക്കും. ചിത്രം വരയ്ക്കാൻ പറ്റുമോ ഇല്ലയോ എന്നൊരു ശങ്കയേ ഇല്ലാതെ, ഡ്രോയിംഗിനൊരു പ്രത്യേകം പീര്യഡ്‌ ഇല്ലാതെ ക്ലാസിലെ എല്ലാ കുട്ടികളും വരയ്ക്കുന്നു. കെ.ജി. മുതൽക്കു തന്നെ കളറടിയിൽ തുടങ്ങി വർണ്ണങ്ങളുമായി കുട്ടികളെ പരിചയപ്പെടുത്തുന്നു. ചെറു ചെറു ചിത്രങ്ങളായി അവർ വരച്ചു തുടങ്ങുന്നു.
ചിത്രം വരയ്ക്കൽ മാത്രമല്ല, റ്റെക്സ്റ്റ്‌ ബുക്കിൽ അവസാനം കൊടുത്തിരിയ്ക്കുന്ന എക്സർസ്സൈസ്‌ നോക്കി, അതിലെ പരീക്ഷണങ്ങൾ ചെയ്തു നോക്കലും ഇവിടെ അമ്മൂന്‌ വലിയ താൽപര്യമാണ്‌. "റ്റീചർ പറഞ്ഞിട്ടുണ്ട്‌ ചെയ്യാൻ" എന്നാണവളുടെ ഭാഷ്യം. ടീചർ പറഞ്ഞാൽ പിന്നെ അപ്പീലില്ല.
എനിയ്ക്കാണെങ്കിലോ, വെള്ളം താഴത്ത്‌ ഒഴിയ്ക്കുമോ, മണ്ൺ അകത്തേയ്ക്കു കയറ്റുമോ, എന്നൊക്കെ ആധി പിടിച്ച്‌ അമ്മു "പരീക്ഷണങ്ങൾക്ക്‌" തെയ്യാറെടുക്കുമ്പോൾ ഹൃദയം മിടിയ്ക്കാൻ തുടങ്ങും.(എന്തൊരു നല്ല സപ്പോർടിംഗ്‌ അമ്മ!)
ഒരു ദിവസമുണ്ട്‌ അവൾ മുറ്റത്തുള്ള ചെടിയുടെ അരികെ നിന്ന്, അനീത്തികുട്ട്യേം വിളിച്ചു നിന്ന് പറഞ്ഞു കൊടുക്കുന്നു. നന്നായി ബ്രീത്‌ ചെയ്യാം നമുക്ക്‌, ചെടി നമുക്ക്‌ നിറയേ ഓക്സിജൻ തരുമെന്ന്. രണ്ടു പേരും അവിടെ നിന്ന് വലിയോ വലി!

എന്റെ ഓർമ്മയിൽ അവധിക്കാലങ്ങളിൽ പുസ്തകം നിറച്ച്‌ എന്തൊക്കെയോ വരച്ചു കൂട്ടിയിരുന്നതൊഴിച്ചാൽ എന്തെങ്കിലുമൊക്കെ പാഠിപ്പിനായി വരച്ചു തുടങ്ങിയത്‌ ഹൈസ്കൂളിലൊക്കെ എത്തിയിട്ടാണെന്നു തോന്നുന്നു. ഡ്രോയിംഗിനൊരു മാഷുണ്ടായിരുന്നു, തോമസ്‌ മാഷ്‌. മാഷ്‌ ബോർഡിൽ വരച്ചിരുന്നത്‌, പുസ്തകത്തിൽ വരച്ചു വെയ്ക്കും, അടച്ചു വെയ്ക്കും പിന്നെ അടുത്ത ഡ്രോയിംഗ്‌ പീര്യഡിലാണ്‌ അതൊന്ന് തുറന്നു നോക്കുന്നത്‌ - ഓ, ഈ ചിത്രം വരയലൊന്നും നമുക്ക്‌ പറഞ്ഞിട്ടുള്ളതല്ലല്ലോ എന്ന മട്ടിൽ.
അന്ന്, പാട്ട്‌ പീര്യഡ്‌, തുന്നൽ പീര്യഡ്‌, ഡ്രോയിംഗ്‌ പീര്യഡ്‌ തുടങ്ങിയവയൊക്കെ ടീച്ചറെ ശ്രദ്ധിയ്ക്കാതെ ക്ലാസ്സിൽ ഇഷ്ടം പോലെ ബഹളം വെയ്ക്കാനും, സംസാരിയ്ക്കാനും ഒക്കെ സ്വാതന്ത്ര്യമുള്ള പീര്യഡ്‌ എന്നർത്ഥത്തിലായിരുന്നു ഞങ്ങൾ കുട്ടികൾ പരിഗണിച്ചിരുന്നത്‌. ആ ടീച്ചർമ്മാരൊട്‌ ഞങ്ങൾക്കു തന്നെ സഹതാപമായിരുന്നു, പാവം ടീച്ചർ.. ടീച്ചറെ ആർക്കും ഒരു വിലയുമില്ല! എന്നു ഞങ്ങൾ തന്നെ തീരുമാനിച്ച്‌ അങ്ങൊഴുക്കിവിടുന്ന സഹതാപം! ഹൈസ്കൂളിലെത്തിയാൽ പിന്നെ ഈ പീര്യഡുകളൊന്നും ഇല്ല താനും.

ചിത്ര രചന എനിയ്ക്കിഷ്ടമാണ്‌ എന്നു തിരിച്ചറിയാൻ തുടങ്ങിയതു തന്നെ പ്രീഡിഗ്രി കാലത്തായിരുന്നു.
ഇവിടെ അമ്മു ഇപ്പോഴേ ആർട്ടിസ്റ്റ്‌ ആവാനാ മോഹം എന്നൊക്കെ പറഞ്ഞു നടക്കുന്നു. (അതിടയ്ക്കു ഡോക്ടറിലേയ്ക്കു പരിവർത്തനം ചെയ്യുകയെന്ന പതിവുമുണ്ട്‌)

അമ്മു എന്നാ വരച്ചു തുടങ്ങീത് എന്നോര്‍ക്കുന്നില്ല. ഏതായാലും മൂപ്പത്യാര്‍ ഞങ്ങളുടെ വീട്ടിലെ വാതിലുകള്‍ക്കും, അലമാറകള്‍ക്കും, ചുവരുകള്‍ക്കുമൊന്നും സ്വൈരം കൊടുക്കാതെ ഒരു പെന്‍സിലും കയ്യില്‍ പിടിച്ചു നടക്കുന്നത് കണ്ടപ്പൊഴാണ് എന്നാപിന്നെ ഡ്രോയിംഗ് ക്ലാസ്സിനു വിട്ടു കളയാമെന്നു തീരുമാനിച്ചത്. അങ്ങനെ പോയി തുടങ്ങി. സ്കൂള്ന്ന് വന്ന് ഊണും കഴിച്ച് ഒരു കുട്ടി പോണിറ്റെയിലൊക്കെ കെട്ടി, ഡ്രോയിംഗ് ബുക്കും, പെന്‍സിലുമൊക്കെ എടുത്ത് അച്ഛന്റെ പിന്നാലെ കാറില്‍ കയറി പൊക്കോളും. ആ നേരം കൃത്യമായി പറഞ്ഞാല്‍ ഞാനൊരു കോട്ടുവായയും വിട്ടിരിയ്ക്കുന്ന നേരം.

അമ്മു വരച്ച ഒരു ചിത്രം. പവര്‍ പഫ് ഗേള്‍സ് - ബ്ലോസം,ബബ്‌ള്‍സ്,ബട്ടര്‍കപ്.



ദാ ഇത് ഫ്ലെമിങ്കോ.



ഇത് ഹൌസ് ഇന്‍ വുഡ്സ് ആണത്രേ.



ഇതാണ് സാക്ഷാല്‍ അമ്മു! സൂക്ഷിച്ചു നോക്കൂ..




ദാ ഇനി ഇത്‌, അച്ഛനു കൊടുത്ത ഒരു പിറന്നാൾ ആശംസ.
അമ്മു രാവിലെ എണീറ്റു വരുമ്പോൾ അച്ഛനെ കാണുന്നത്‌ ഈ നിലയിലായതു കൊണ്ടാണോ എന്തോ, അച്ഛനിതാ അമ്മൂന്റെ വിരൽത്തുമ്പിൽ ഇങ്ങനെയൊരു രൂപത്തിൽ.



എന്നും അച്ഛാ, അമ്മേ എന്നു വിളിച്ച്‌ ബോറടിയാണ്‌, ഒരു ചെയ്‌ഞ്ചിന്‌ മമ്മീ, ഡാഡീ എന്നു വിളിയ്ക്കണം എന്നൊക്കെ അമ്മൂന്‌ തോന്നും. അപ്പൊ കിട്ടണ ചാൻസ്‌ വെറുതെ കളയില്ല. ഒറ്റ 'ഡി'-യിൽ ഡാഡീ എന്നൊരു കാച്ച് കാച്ചിയിട്ടുണ്ട്!


കമ്പൂട്ടറിൽ പെയിന്റിനേയും വെറുതെ വിടില്ലെന്നു വെച്ചാല്‍?.





പവർപഫ്‌ ഗേൾസ്‌ മർമൈഡ്‌ ആയാൽ ദാ ഇങ്ങനെയിരിയ്ക്കും.





നവമ്പർ 14-നു ഇവിടെ സ്കൂളിൽ ആഘോഷമൊക്കെയുണ്ടായി. കളർ ഡ്രസ്‌ ഇടാം, റ്റിഫിൻ ബോക്സ്‌ കൊണ്ടു പോണ്ട, ഷൂസ്‌ ഇടണ്ട, ബാഗ്‌ കൊണ്ടുപോണ്ട, വളയിടാം, മാലയിടാം, അങ്ങനെ കുറേ സ്വാതന്ത്ര്യം കിട്ടുന്ന ദിവസം. കൂടാതെ റ്റീച്ചര്‍ ചോകല്ലേറ്റ്സ് തരൂലോ എന്നും. (ഓ, അമ്മ തന്നില്യെങ്കീ എന്താ എന്നു ധ്വനി)എങ്ങനെ ആഘോഷമല്ലാതിരിയ്ക്കും? അന്ന് രാവിലെ വിളിച്ചയുടനെ ചാടിയെണീറ്റു, രണ്ടുപേരും. ഇന്നല്ലേ അമ്മേ ചിൽഡ്രൻസ്‌ ഡേ എന്നും ചോദിച്ചു കൊണ്ട്‌.






അവരുടെ സന്തൊഷം കണ്ട് അന്നു തന്നെ ഇത്‌ പോസ്റ്റ്‌ ചെയ്യാൻ വെച്ചതായിരുന്നു. പക്ഷേ ഡ്രാഫ്റ്റായി അതിവിടെ തന്നെ കിടന്നു.
ഏതായാലും ഈ വൈകിയ വേളയിൽ ചാച്ചാജീയ്ക്ക്‌ അമ്മൂന്റെ അമ്മയുടെ പഴയ ഒരു നോട്ടുപുസ്തകത്തിന്റെ ഏടിൽ നിന്നും ഒരു കുടം റോസാപ്പൂക്കൾ സമർപ്പിയ്ക്കാം. എന്താ?

Tuesday, November 11, 2008

“അക്ഷരപ്പാട്ട്”

സൂവിന്റെ "അക്ഷരപ്പാട്ട്‌" പോസ്റ്റ്‌ വായിച്ചിരിയ്ക്കുല്ലോ. അതു വായിച്ചപ്പോൾ തുടങ്ങിയതാണിവിടേയും അക്ഷരങ്ങളോടി കളിയ്ക്കാൻ. എന്നാലതിനെയൊക്കെ പിടിച്ചിരുത്തി ഒരു പോസ്റ്റാക്കുക തന്നെ എന്നു കരുതി. ഒരു ശ്രമം മാത്രം.



അങ്കണം പരക്കാന്‍ നീലിമ ചൊരിയുമൊര-
മ്പിളിയെക്കാട്ടി മാമൂട്ടുമൊരമ്മ തൻ
കയ്യിലെ പുഞ്ചിരിത്താരകമതാരെന്നോ?
അമ്പിളി പോലൊരു കുഞ്ഞു പപ്പടം!

ആകാശത്തിൽ അർക്കനുദിയ്ക്കുന്നേര-
ത്താലിൻ കൊമ്പത്താലിലകളി-
ലാരുംകാണാ, കാലിൻപെരുവിരലുണ്ടു
രസിയ്ക്കുമവൻ, ഒരു കള്ളത്തിരുമാലി!

ഇന്നലെയുണ്ടായൊരു തോൽവിയും തെറ്റും
നാളേയ്ക്കു ജയവും ശരിയുമാണെങ്കിൽ
ഇന്നിന്റെ ജയമിന്നോടെ തീരാനും
ശരി,എന്നേയ്ക്കും നിലകൊള്ളാനുമുള്ളതല്ലേ?

ഈശനെ വാഴ്ത്തിടുമ്പോഴായാലും
ഈരടി തീർത്തിടുമ്പോഴായാലും
ഈണത്തിലായിടുമ്പോൾ തന്നെ
ഈണമായൊഴുകിടുമീ വാഴ്‌വും.

ഉത്തരമില്ലെനിയ്ക്കൊന്നിനും
ഉത്തരം വേണ്ടെനിയ്ക്കൊന്നിനു-
മെന്നാലുമുത്തരം മുട്ടിയ്ക്കണമെനി-
യ്ക്കൊരുനാളുത്തരമില്ലാ ചോദ്യങ്ങളേ.

ഊണുകഴിച്ചിട്ടുറങ്ങിയെണീറ്റി-
ട്ടൂഞ്ഞാലാടിച്ചെന്നിട്ടാകാശം
തൊട്ടിറങ്ങിവരുന്നെന്നുണ്ണിയ്ക്കൊരു
നൂറൊരുനൂറുമ്മകൾ.

ഋഷിയുണ്ട്‌ ഋഷികേശമുണ്ട്‌
ഋഷ്യശൃംഘനുമുണ്ട്‌, പിന്നെ
തൃണാവർത്തനെന്നൊരസുരനുമുണ്ടെന്നാലും
ഋ എന്നതിനു കൃപയും ദൃഢതയുമുണ്ട്‌.

എനിയ്ക്കുണ്ടൊരു കൂമ്പാരം സന്തോഷവും ദുഃഖവും.
നിനക്കതു വെറും കൂമ്പാരങ്ങളാവുമ്പോൾ
എനിയ്ക്കൊന്ന് ഹൃദയം നിറയലും
മറ്റൊന്ന് നീറലുമാണ്‌.

ഏഴാംകടലിന്നക്കരെ നിന്നും
ഏഴുനിറരഥമേറിയെഴുന്നള്ളു-
ന്നേഴുമുഴംവില്ലിൻ കാന്തിയെഴുമൊരു
മാരിയ്ക്കഴകെന്ത്‌? ഏഴര പൊന്നഴക്‌!

ഐക്യമെന്നൊരു തോന്നലു വന്നാൽ
സാധ്യം ഏതുമെന്തും താങ്ങീടാൻ
ഐക്യത്തിലൊത്തുചേർന്നാൽ ജയമില്ല
പരാജയമില്ല, ഒരുമയുടെ ബലമേയുള്ളൂ.

ഒന്നിനുമല്ലാതെ ഒന്നും വേണ്ടാതെ
എങ്ങനെയുണ്ടായി വന്നു നീ
ഒന്നുമില്ലാത്ത ഞങ്ങൾക്കൊത്തുകൂടാ-
നിടം നൽകുവതു നീയെന്ന ഭൂമി.

ഓർത്തുവെയ്ക്കുവാനിത്തിരി
ഓർമ്മയിൽ പൂക്കുവതൊത്തിരി
ഓർമ്മിച്ചു മറക്കുവതിത്തിരി
ഓർമ്മിയ്ക്കാതോർക്കുന്നതൊത്തിരി.

ഔഷധമെന്നത്‌ വ്യാധിയകറ്റുമ്പോലെ
സ്നേഹമെന്നത്‌ ആധിയകറ്റും.
ആധിയെന്നത്‌ വ്യാധിയാണെങ്കിൽ
സ്നേഹമെന്നത്‌ ഔഷധവുമാകും.

അംബരം മുഴുവനായുണരും നേരം
അംബുജം നിറയേ വിരിയും നേരം
തംബുരു ശ്രുതി ചേർക്കുവാ-
നംഗുലീയമൊരുങ്ങും നേരമീ പ്രഭാതം.

അഃ ആ, ദാരാത്‌? ചൊല്ലിയണഞ്ഞൂ അമ്മാമൻ
ദെന്താ കാട്ടണ്‌? എന്നായി അമ്മമ്മ
കാലു കയ്യിലേന്തി മോണ കാട്ടി ചിരിതൂകവേ
വന്നെടുത്തു പൊന്തിച്ചു വട്ടംതിരിച്ചതച്ഛൻ.

പെറ്റ്രോൾ കഴിഞ്ഞു. വണ്ടി കിതച്ചുംകൊണ്ട്‌ പെറ്റ്രോൾ സ്റ്റേഷനു മുന്നിൽ നിൽപായി.
അവസാനായപ്പോഴേയ്ക്കും "ഒന്നു തീർന്നു തരോ എന്റെ പൊന്നക്ഷരങ്ങളേ..." ന്നു നിലവിളിച്ചു പോയി.
ഒരൽപം റിസേർവ്വുണ്ട്‌.

ഴ- ഴായെന്നാലെന്തൊരഴക്‌
മഴയ്ക്കഴക്‌, പുഴയ്ക്കഴക്‌
ഴായിന്നഴകു വഴിയുന്നതത്രേ
തമിഴെന്ന മൊഴിയ്ക്കുമഴക്‌.

ള-ളേ,ളേ തൊള്ളതുറക്കുമൊരു
പൈതലിന്നൊച്ചയിൽ മതി-
മറന്നക്ഷണമുള്ളം നിറഞ്ഞു
ചുരത്താനമൃതുള്ളോളത്രേ തള്ള!

റ-റായ്ക്കുണ്ടായീ ഒരു മോഹം.
സീതയുടെ 'രാ'മനാവാനും
കൃഷ്ണന്റെ 'രാ'ധയാവാനും. എളുപ്പല്ലേ?
ഉള്ളിലേയ്ക്കൊന്നു കോർത്താൽ പോരേ?

അവസാനത്തെ 'റ' ഒഴിച്ചുള്ളത്‌ സൂവിന്റെ കമന്റിൽ ഇട്ടതായിരുന്നു. 'റ' അവിടെ ഇടാൻ ഒരു മടി തോന്നി.



കുറിപ്പുകൾ.

1)വരികൾ വേർത്തിരിയ്ക്കുന്നത്‌ ഏറ്റവും ശങ്കയോടെയാണ്‌ എഴുതിയത്‌. വൃത്താലങ്കാരങ്ങൾ ഒന്നുമറിയില്ല. വായിയ്ക്കുന്ന സുഖം നോക്കി ഒരു ധൈര്യത്തിൽ വേർത്തിരിച്ചുവെന്നേയുള്ളു. തെറ്റുകുറ്റങ്ങൾ പൊറുക്കുക.

2) സൂ വളരെ ലളിതമായാണെഴുതിയിരിയ്ക്കുന്നത്‌. ശരിയ്ക്കും കുട്ടിപ്പാട്ടുകൾ തന്നെ. ഒറ്റയിരുപ്പിനു എഴുതിയിട്ട പോലെ.

ഇപ്പൊ പഠിച്ച പാഠം - ലാളിത്യം ഒട്ടും എളുപ്പമല്ല എന്നു നന്നായി പഠിച്ചു.

3) സൂ എഴുതിയ വാക്കുകൾ എടുക്കാതെ, ഇതിൽ തന്നെ ആവർത്തനം വരാതെ എഴുതുക എന്നൊരു കൊച്ചു തീരുമാനത്തോടെയാണു തുടങ്ങിയത്‌. ഒരു ത്രില്ലിനു വേണ്ടി - ഒക്കെ വളരെ ഭംഗിയായി തെറ്റിച്ചിട്ടുണ്ട്‌.
എന്നാലും ഈ വ്യായാമം ആസ്വാദ്യമായിരുന്നു. അതിനാൽ സൂവിനൊരു നന്ദിയുടെ ഇസ്മെയിലി. :)

ഇപ്പൊ പഠിച്ച പാഠം - വായിയ്ക്കുന്ന പോലെ എളുപ്പല്ല എഴുതിയുണ്ടാക്കാൻ!

4) ഇതിലെ ചിലതൊക്കെ പാട്ടിൽ നിന്നും വായിച്ചതിൽ നിന്നുമുള്ള ഓർമ്മയിൽ വന്നതുമുണ്ട്‌. പിന്നെ കുറേ വായയ്ക്കു തോന്നിയതും.
'ഴ' എന്നത്‌, ശ്രീ.വൈരമുത്തുവിന്റെ രചനയിൽ ഒരു പാട്ടുണ്ട്‌- "കണ്ൺക്ക്‌ മയി അഴക്‌, കവിതൈയ്ക്ക്‌ പൊയി അഴക്‌" എന്നു തുടങ്ങി, ഒർക്കുന്നുണ്ടോ? A.R റഹ്മാന്റെ സംഗീതം.. അതാണ്‌ പ്രചോദനം.

അപ്പൊ ഇനിയാരൊക്കെയാ അക്ഷരപ്പാട്ടെഴുതുന്നത്‌? വേഗായിക്കോട്ടെ. അക്ഷരങ്ങളൊക്കെ ഒന്നിളകിമറിയട്ടെ.

Saturday, November 08, 2008

കൊഴപ്പാവോ?

കുട്ടിക്കാലത്ത്‌ അമ്മേം കുട്ടീം കളിയ്ക്കാൻ എനിയ്ക്ക്‌ വല്യ ഇഷ്ടായിരുന്നു.
രണ്ടനിയന്മാരെ കിട്ടീപ്പോൾ ഞാനവോരോട്‌ പറയാറുണ്ടായിരുന്നു, ഞാനമ്മേം നിങ്ങളെന്റെ കുട്ട്യോളും ന്ന്..
അവർ രണ്ടു പേരും എന്റെ അപ്പുറത്തും ഇപ്പുറത്തുമിരുന്ന് കളിയ്ക്കുമ്പോ അമ്മേന്ന് വിളിയ്ക്കണേന്‌ പകരം അവരോർമ്മെല്യാതെ 'ഓപ്പളേ..' എന്നു തന്നെ വിളിച്ചപ്പോൾ കോണിച്ചോട്ടിലെ തുണി കൊണ്ടുണ്ടാക്കിയ ഞങ്ങളുടെ കളിവീടിനുള്ളിൽ പൊട്ടിച്ചിരികൾ ഉയർന്നു വന്നിരുന്നു. അപ്പോഴാണ്‌ ഓർമ്മയിൽ ഞാനാദ്യം അമ്മയാവുന്നത്‌!

പിന്നീടങ്ങോട്ട്‌ ഞാൻ പലപ്പോഴായി 'അമ്മ' ആയി.

ചെറ്യമ്മ, ഏട്ത്യേമ്മ, അമ്മായി, വല്യമ്മ.

പ്രസവിച്ച കുഞ്ഞുങ്ങളെ ശങ്ക കൂടാതെ ആദ്യമായി കയ്യിലെടുത്തോമനിച്ചത്‌ ഏട്തിമാരുടെ കുട്ടികളെയാണ്‌. അവർക്ക്‌ ഞാനാദ്യമായി ചെറിയമ്മയായി. അവർ വീട്ടിലേയ്ക്കു വരുമ്പോളൊക്കെ എടുത്ത്‌ കൊഞ്ചിച്ച്‌ നടക്കലായിരുന്നു പണി.

മദ്രാസിൽ പഠിയ്ക്കാൻ ചെന്നപ്പോൾ തമിഴ്‌ റ്റീച്ചേഴ്സ്‌ എന്നെ സംബോധന ചെയ്തതെങ്ങനെ ന്നോ? എന്നമ്മാ?

നാട്ടിൽ പോയപ്പോ അമ്മ ഛർദ്ദിയ്ക്കുമ്പോ മുതു ഉഴിഞ്ഞുകൊടുത്തും, അമ്മയ്ക്ക്‌ കഞ്ഞി വെച്ചു കൊടുത്തും, അനിയന്മാരേം അച്ഛനേം ഊട്ടിയും, എന്റെ വീട്ടിൽ ഞാൻ സ്വയം ഒരമ്മയായി ചമഞ്ഞു നടന്നു.
(വീട്ടിലെ കാര്യങ്ങൾ നടത്താൻ രണ്ടു ദിവസം തലങ്ങും വെലങ്ങും നടന്ന് എന്റെ കാലിൽ നീര്‌ വന്നു, രാത്രികളിൽ ക്ഷീണിച്ച്‌ വെളിച്ചാവോളം ബോധം കെട്ട്‌ കെടന്നൊറങ്ങി!)

പിന്നെ, നാഴികയ്ക്ക്‌ നാൽപത്‌ വട്ടം "അമ്മേ.." ന്ന് നീട്ടി വിളിയ്ക്കുന്ന വീട്ടിലെ രണ്ടു കുട്ട്യോള്‌..
എനിയ്ക്കു ചെലപ്പോ ദേഷ്യം വരും.
രണ്ടു പേരും കൂടി വഴക്കു കൂടുമ്പോൾ എന്റെ സ്വൈരമെല്ലാം നഷ്ടമാകുന്നതു പോലെ തോന്നും. രണ്ടു പേരേം പിടിച്ച്‌ മൂലയ്ക്കിരുത്തും ഞാൻ.
പനി പിടിച്ച്‌ ഒറക്കല്യാതെ ഇളം തൊണ്ട കീറിമുറിയ്ക്കുമാറ്‌ ചുമച്ച്‌ വശം കെടുന്നതു കാണുമ്പോൾ നെലോളിയും വരും.
സ്കൂൾ ബസ്സിൽ വാതിലിന്റെയടുത്തുള്ള സീറ്റിലിരുത്തുമ്പോൾ വെപ്രാളപ്പെടാതെ വയ്യ തന്നെ!
ഒരു കുത്തൊഴുക്ക് പോലെ.
അല്ല, കുട്ട്യോളെന്തു വിചാരിയ്ക്കും ന്ന്?

അമ്മ ആയീട്ടും
എല്ലാരും വായ നിറച്ച് പറയാറുള്ള, എഴുതാറുള്ള അമ്മയായില്ലെങ്കീ കൊഴപ്പാവോ ആവോ..

Tuesday, November 04, 2008

ഒരു നിമിഷം നിശ്ശബ്ദരാവൂ!

നിശ്ശബ്ദത ചിലപ്പോളെങ്കിലും ഒരനുഗ്രഹമാകുന്നില്ലേ?

ഒരു നിശ്ശബ്ദതയില്‍ നിന്നുമൂറി വരുന്ന സംഗീതം പോലെ
ഒരു നിശ്ശബ്ദതയില്‍ വിടര്‍ന്നു കൊഴിയുന്ന സ്വപ്നം പോലെ..
ദൈവം കനിഞ്ഞരുളുന്ന അതു പോലൊരു നിശ്ശബ്ദതയില്‍
രണ്ടു വെള്ളരിപ്രാവുകള്‍ ചിറകടിച്ചുയരുന്ന ഒച്ചയ്ക്കായി
തവിയ്ക്കുന്നുണ്ടാവും നമ്മുടെ ഈ ഭൂമി. അങ്ങനെ തോന്നുന്നില്ലേ?
ദൈവത്തോട്‌ മൗനപ്രാര്‍ത്ഥനയായി അപേക്ഷിയ്ക്കുന്നുണ്ടാവും അവള്‍.
ഒരു തരി നിശ്ശബ്ദതയ്ക്കായി..
അല്ലെങ്കില്‍ ഒരുപക്ഷെ ശവശരീരങ്ങളെ ഏറ്റുവാങ്ങി മുഴുഭ്രാന്തിലേയ്ക്കു വഴുതിവീഴുമായിരിയ്ക്കും അവള്‍.

ഈ ഭൂമി പിളര്‍ക്കുമാറ്‌ ആക്രോശിച്ച്
പൊട്ടിച്ചിതറുന്ന ബോംബുകളേ.. മിസയിലുകളേ..
വെടിയുണ്ടകളേ..
നിങ്ങള്‍ക്കു കേള്‍ക്കാനാവുമോ? കാണാനാവുമോ?
അഥവാ കേള്‍ക്കണമെന്നുണ്ടോ? കാണണമെന്നുണ്ടോ?

എങ്കില്‍
ഒരു നിമിഷം..
ഒരു നിമിഷം നിശ്ശബ്ദരാവൂ.
ഒരു നിമിഷം കാതു കൂര്‍പ്പിയ്ക്കൂ.

രക്തദാഹികളേ! നിങ്ങള്‍ക്കു പോലും അതു കേള്‍ക്കാം ആ നിശ്ശബ്ദതയില്‍.
തുടിയ്ക്കുന്ന വേദനകള്‍..
കാണാം ആ നിശ്ശബ്ദതയില്‍. ഉയര്‍ന്നു വരുന്ന ഒരു സ്വര്‍ഗ്ഗം.

ഒന്നു മാത്രം, അതു മാത്രേയുള്ളു പറയാന്‍, ചെയ്യാന്‍..

മനസ്സുണ്ടെങ്കി
ഒരു നിമിഷം നിശ്ശബ്ദരാവുക!

Thursday, October 16, 2008

ഒരു ചോദ്യം

അവന്‍ മുകളിലേയ്ക്കു നോക്കി, ആ കണ്ണുകളിലേയ്ക്ക്‌.

അയാളുടെ പുതിയൊരു നിറത്തിലുള്ള പാന്റില്‍ അവനേക്കാളും നീളമുള്ള കാലുകളോട്‌ അവന്‍ ചേര്‍ത്തു നിര്‍ത്തപ്പെട്ടു ഒരു നിമിഷം. അവന്റെ കുറ്റിമുടി അയാളുടെ അര മുറുക്കിയിട്ടുള്ള ബെല്‍റ്റിലെത്തുന്നില്ല.
ചുളിയാത്ത ഫുള്‍ സ്ലീവ്‌ കൈകളാല്‍ അവന്റെ മുഖം ഉയര്‍ത്തപ്പെട്ടപ്പോഴും, അവന്റെ കവിളില്‍ മീശ മറയ്ക്കുന്ന ചുണ്ടുകളാല്‍ വിറയ്ക്കുന്ന ഒരു ഉമ്മ പതിപ്പിച്ചപ്പോഴും അവന്‍ തിരിച്ചൊന്നും പറഞ്ഞില്ല. തല തിരിച്ചില്ല. ഉമ്മ കൊടുത്തില്ല.
ഒടുവില്‍ ഒരൊറ്റ പെട്ടി മാത്രമുള്ള ട്രോളി മുന്നിലേയ്ക്കുന്തി ഷര്‍ട്ടിന്റെ പോക്കറ്റില്‍ ടിക്കറ്റും പാസ്പോര്‍ട്ടും ഒരു പേനയും കുത്തനെ നിര്‍ത്തി വിമാനത്താവളമെന്ന കോണ്‍ക്രീറ്റ്‌ ഗുഹയിലേയ്ക്ക്‌ സാവധാനത്തിലയാള്‍ കയറിപോകുമ്പോള്‍ ആകാംക്ഷയോടെ അവന്‍ നോക്കി നിന്നു.
പക്ഷെ അവനു കരയാന്‍ തോന്നിയില്ല.

"അറിയോ? എന്റെ ഫ്രണ്ട്സ്‌ എല്ലാരും അവര്‌ടെ അച്ചന്മാരുടെ കൂടെയാ എപ്പഴും പൊറത്തു പോണ്‌. എനിയ്ക്ക്‌ മാത്രാ..
അച്ചനെന്തിനാ എന്നോടെപ്പഴും വരണ്ടാന്ന് പറയണത്‌?
കണ്ടോളൂ, അച്ചന്‍ ഫോണ്‍ ചെയ്യുമ്പോ ഞാന്‍നി മിണ്ടേല്യ. "

സന്ധ്യക്ക്‌ പഠിയ്ക്കാന്‍ പുസ്തകം തുറന്നപ്പോള്‍
തലേ ദിവസം എമര്‍ജന്‍സി ലാമ്പിന്റെ വെളിച്ചത്തില്‍ വൃത്തിയില്‍ പേരെഴുതി വെച്ചിട്ടുള്ള പെട്ടിയ്ക്കു മുകളിലിരുന്ന് എന്തൊക്കെയാ പറഞ്ഞത്ന്ന് അവനോര്‍മ്മ വന്നു.

അപ്പോഴാണ്‌
ഒരു മഴയത്ത്‌ അവനറിയാതെ എന്നാല്‍ അവനു മാത്രമായി വാങ്ങിക്കൊണ്ടുവന്ന സൈക്കിളോടിച്ച്‌ വീണുപൊട്ടിയ മുട്ടിലെ മുറിവ്‌ നീറാന്‍ തുടങ്ങിയത്‌.
മുന്‍പിലിരുന്ന പുസ്തകത്തിലെ അക്ഷരങ്ങള്‍ മുഴുവനും കണ്ണില്‍ കുതിര്‍ന്നത്‌.
കവിളത്തെ ഒരു ഉമ്മയില്‍ ഉപ്പുരസം കിനിഞ്ഞതും.

അച്ഛനെന്തേ ഒന്ന് തിരിഞ്ഞു നോക്കാഞ്ഞ്‌ എന്നെ?

Monday, October 13, 2008

ഓര്‍ത്തു പോയത്..

നീണ്ടൊരു അവധിക്കാലമധുരത്തിന്റെ ബാക്കിയില്‍ തൂങ്ങിയാടി മതിയായി. പൊടിയും മാറാലയും തട്ടി വെടിപ്പാക്കിയ അട്ടത്തേയ്ക്കു പെട്ടികള്‍ കേറ്റി വീട്‌ പഴയ പടിയിലാക്കിയെടുത്തു. പിന്നെ റംസാന്‍ മാസം കടന്നു പോയി. പെരുന്നാളവധിയും കഴിഞ്ഞു. ഇനിയെന്താ..
രാവിലെയുള്ള നടത്തം ഇനിയും തുടങ്ങിയിട്ടില്ല.
അല്ല, ഇരിയ്ക്കണോട്ത്ത്ന്നെണീറ്റ്‌ ഒരു പത്തടി നടക്കണോട്ത്തയ്ക്കങ്ക്ട്‌ വെയ്ക്കണ്ടേ?

വെറുതേ ഒരു മടി.

എന്നാലും ഇവിടത്തെ പ്രഭാത നടത്തം അധികമൊന്നും മുടങ്ങിപോവാറില്ല.
പൊള്ളുന്ന ചൂടില്‍ നല്ല പച്ച പുല്ലിന്റെ കുളിര്‍മ തരുന്ന ഒരിടം. ഇവിടെ സ്വതവേ കണ്ടുവരാറുള്ളതിലും കൂടുതല്‍ പക്ഷികളെ അപ്പോള്‍ കാണാം, മൈനകള്‍ ധാരാളം, കൊച്ചു കൊച്ചു കിളികള്‍ യഥേഷ്ടം, അപൂര്‍വം ചിലപ്പോള്‍ പണ്ടൊരിയ്ക്കല്‍ വല്യമ്മായിയെ പിറകില്‍ നിന്നും വിളിച്ച ഇവനേയും കണ്ടുമുട്ടും!
അവിടം രണ്ട്‌ റൗണ്ട്‌ നടക്കുക എന്നതാണ്‌ ഒരു കണക്കു വെച്ചിട്ടുള്ളത്‌, ഒരു റൗണ്ട്‌ നടക്കുമ്പോഴേയ്ക്കും വിയര്‍ത്തു തുടങ്ങും, പിന്നെ മടുക്കാന്‍ തുടങ്ങും, എങ്ങിനെയെങ്കിലും അവസാനിപ്പിച്ചോടാന്‍ തോന്നും. വീട്ടിലെത്തിക്കഴിഞ്ഞാല്‍ പക്ഷേ ഒരുത്സാഹതിമിര്‍പ്പാണ്‌.


ഇരുവശത്തും നീണ്ടു കിടക്കുന്ന റോഡാണ്‌, റോഡില്‍ ഓരോ തവണയും സിഗ്നല്‍ തുറന്നു വിട്ട്‌ ചീറിപ്പാഞ്ഞുവരുന്ന കാറുകളും, നടുക്കുള്ള പുല്‍ വിരിച്ച ഈ പച്ചപ്പായയില്‍ വരിയായി നില്‍ക്കുന്ന ഈന്തപ്പനകളും മറ്റു പേരറിയാത്ത മരങ്ങളും, രാത്രി മാത്രം നിറങ്ങളോടെ പ്രകാശിയ്ക്കുന്ന ചെറിയൊരു ഫൗണ്ടനും ഒക്കെയായി ഈയൊരു ഭാഗം നടക്കാന്‍ വേണ്ടിതന്നെ ഉണ്ടാക്കിയെടുത്തിട്ടുള്ളതാണോ എന്നു തോന്നിയ്ക്കും. അവിടെ കുട്ടികള്‍ക്കു കളിയ്ക്കാനുള്ള സാമഗ്രികളോ ഒരു പാര്‍ക്കിന്റെ അന്തരീക്ഷമോ ഒന്നുംതന്നെയില്ല. എതിര്‍ ദിശകളിലേയ്ക്കു നീണ്ടു കിടക്കുന്ന രണ്ടു റോഡുകളുടെ നടുക്കു ഒരു പ്രത്യേകതയുമില്ലാത്ത നീണ്ടിട്ടൊരു കഷ്ണം. നടക്കന്‍ പറ്റിയ ഇടമായിരുന്നിട്ടും ആ നേരത്ത്‌ ആരേയും കണ്ടുമുട്ടാത്തത്‌ എന്നെ ചിലപ്പോഴെങ്കിലും നിരാശപ്പെടുത്തിയിട്ടുണ്ട്‌.

ആ ഭാഗം കാമറായിലൊന്നു പകര്‍ത്തി വെയ്ക്കണമെന്നെനിയ്ക്ക്‌ എന്നും തോന്നും. നടക്കാനിറങ്ങുമ്പോള്‍ ക്യാമറ കയ്യില്‍ കരുതുവാന്‍ തോന്നുമില്ല.
എന്നാലും അതിനു പറ്റിയ ഭാഗത്തു നിന്നുള്ള പല തരത്തിലുള്ള കാഴ്ചകള്‍ പല കോണുകളിലൂടെ നോക്കി വെയ്ക്കുന്നത്‌ ഒരു പതിവായി. എന്നിട്ട്‌ അയ്യേ, ക്യാമറ എട്ക്കായ്‌രുന്നു എന്നൊരു ആത്മഗതത്തിനിടയില്‍ തന്നെ ഒന്നുമാവാതെ അവ പൊടുന്നനെ പൊലിഞ്ഞുപോകുന്നത്‌ കാണാം.
അവിടെ ആ നേരത്ത്‌ കാതില്‍ കാറുകള്‍ പറക്കുന്ന ശബ്ദവും, പക്ഷികളുടെ ചിലയ്ക്കലുകളും മാത്രമാവും.
അവിടവിടെയായി പുല്ലു വൃത്തിയാക്കിയും, ഫൗണ്ടനിലെ വെള്ളം മാറ്റിയും, ഈന്തപ്പനകളെ ശുശ്രൂഷിച്ചും ഒന്നോ രണ്ടോ പുരുഷപ്രജകള്‍ വിഹരിയ്ക്കുന്നുണ്ടാവും.
മരങ്ങള്‍ക്കിടയിലൂടെ തണല്‍ നോക്കി വേഗത്തില്‍ നടക്കും ഞാന്‍, ഒറ്റയ്ക്ക്‌. വിയര്‍ക്കുവോളം.
എന്റെ കൂട്ടുകാരിയില്ലാതെ..
അവളുണ്ടെങ്കിലും അവളുടെ വാ തോരാത്ത വര്‍ത്തമാനം കേള്‍ക്കാനാ എനിയ്ക്കിഷ്ടം, എനിയ്ക്കു സംസാരിയ്ക്കാന്‍ പ്രത്യേകിച്ചൊന്നും ഉണ്ടാവാറില്ല.. മൂളിക്കൊടുക്കാനല്ലാതെ.. രണ്ട്‌ റൗണ്ട്‌ തീരുമ്പോഴേയ്ക്കും അവളെന്റെ ഒരിത്തിരി പിന്നിലായിട്ടുണ്ടാകും, കിതച്ചു കിതച്ച്‌ അപ്പോഴും നിര്‍ത്താതെ സംസാരിച്ചു കൊണ്ട്‌..

ഇപ്പൊ ചില നേരത്ത്‌ വീട്ടില്‍ നിന്നെറങ്ങാന്‍ മടി, നടക്കാനും മടി. അവളെ വിളിച്ചപ്പോള്‍ അത്‌ പറയുകയും ചെയ്തു. ഫോണില്‍ കൂടി നനുത്തൊരു ചിരി കണ്ടു.

ആളുകള്‍ വേഗം നടന്ന്, കുട്ടികളോടി കളിച്ച്‌ വിയര്‍പ്പൊലിപ്പിയ്ക്കുന്ന സായാഹ്നങ്ങളേക്കാള്‍,
പക്ഷികള്‍ കൂടണയാന്‍ കലപില കൂട്ടുന്ന, വഴിവിളക്കുകളെരിയാനൊരുങ്ങുന്ന സന്ധ്യകളേക്കാള്‍,
പുല്ലിലേയ്ക്കൂര്‍ന്നു വീഴുന്ന പ്രഭാതങ്ങളേ..
നിങ്ങളെനിയ്ക്കെത്ര പ്രിയപ്പെട്ടവരാണ്‌ എന്നൊന്നോര്‍ത്തുപോയതേയില്ലാ..!

Saturday, June 21, 2008

കാത്തിരുപ്പ്

കാത്തിരുന്ന്, കാത്തിരുന്ന്..

ദിവസങ്ങള്‍ക്കപ്പുറത്തേയ്ക്ക്‌
ഇടയിലുള്ള ദിവസങ്ങളെ കണ്ടൂന്ന് നടിയ്ക്കാതെ
എടുത്തു ചാടാന്‍ കൊതിച്ച്‌,
മുന്‍പേ പോകാനുള്ളവര്‍ വേഗമൊന്നു പോയികിട്ടാന്‍
അക്ഷമയോടെ കാത്തു കാത്ത്‌,
അവസാനം ദാ നാളെ, മറ്റന്നാള്‍..
അല്ല ദാ എത്തി!! എത്തി!!
എന്നൊക്കെ പറയാറാവുമ്പോള്‍,
അടുക്കുമ്പോള്‍,
കെട്ടി വെയ്ക്കപ്പെടുന്ന പെട്ടികള്‍ക്കു മുന്നിലിരിയ്ക്കുമ്പോള്‍
വെറുതേയൊരു തോന്നല്‍..

കാത്തിരുപ്പ് തുടങ്ങിയന്നിലേയ്ക്കു തിരികെ ഓടിപ്പോകാന്‍..

ഒരവധിക്കാലം കൂടി ഇതാ കയ്യില്‍ നിന്നുമൂര്‍ന്നു വീഴാറായി നില്‍ക്കുന്നു!

*******************


അനീത്തികുട്ടി : അമ്മേ.. എപ്പഴാ ജൂണാവാ?
അമ്മ : ഇനീം ഒരു മാസം കൂടി കഴിഞ്ഞാല്‍..

അനീത്തി കുട്ടി ദിവസവും രാവിലെ സ്ക്കൂള്‍ യൂണിഫോം ഇടുമ്പോള്‍ ചോദിച്ചു തുടങ്ങി. അമ്മേ.. ഒരു മാസം കഴിഞ്ഞ്വോ?എപ്പഴാ ഒരു മാസം കഴിയാ?ഒരു മാസം കഴിഞ്ഞാ ജൂണ്‌ വര്വോ?

ഒടുക്കം അമ്മയുടേയും ക്ഷമ നെല്ലിപ്പടി കാണാന്‍ തുടങ്ങി. ജൂണാവാഞ്ഞിട്ട്‌.

അ.കു : അമ്മേ.. ഇപ്പൊ ജൂണായോ?
അമ്മ : ആയീലോ..

അ.കു : അയ്യോ, അപ്പൊ എന്താ നമ്മള്‌ നാട്ട്‌ല്‌ പൂവാത്ത്‌? വേഗം പൂവാ അല്ലെങ്കി ജൂണ്‌ കഴിഞ്ഞാലോ..

(അര നിമിഷം കൊണ്ട് അനീത്തികുട്ടീടെ കവിളുകള്‍ ചുകന്നു തുടുത്തു!)

Monday, June 09, 2008

കൈകള്‍ കോര്‍ക്കുന്നു.. Joining hands..

BLOGS IN BLACK !!!


Joining hands with injipennu in her fight against copyright violation, plagiarism, threat, abuse and cyber-stalking.
Also with all other bloggers who protest against this.

ഇഞ്ചിയോടും മറ്റു ബ്ലോഗ്ഗേര്‍സിനോടുമൊപ്പം ഞാനും കൈകള്‍ കോര്‍ക്കുന്നു..

Wednesday, June 04, 2008

Continues ..

Yes, the issue continues..
Read this post of the blogger InjipennuStealing, threat, cyber - stalking, abuse & what more?
also here in Malayalam.

I was shocked to see her post !



Also see here and here.

I support the bloggers in their protest against all the illegal activities of Kerals.com to the blogger injipennu and Malayalam bloggers.

Her post really disturbs..











Saturday, May 31, 2008

ഞാനും ചേരുന്നു.. Joining ..

Recently I came to know that the web site kerals.com has copied many posts from my fellow bloggers and simply pasted in their Malaylam section with out permission and then replied them rudely, impolite by e- mails when they contacted them to ask about this same matter. After that, whoever complained was banned from accessing the site.

I now express my strong objections to kerals.com for their content thefts, though none of my posts have been copied.
The bloggers had posted their stolen contents with screen shots and many others had shown
their strong objections against the copyright violation.

Anyway I understand that Kerals.com has now closed their Malayalam section and they have said sorry to a blogger too. also here.

But what i understand is , they have not yet publicly apologised or so.


Anyway I also feel we bloggers definitely have to speak loudly against these kind of copyright violations through our blogs - our strong media - which can defenitely be helpful for the legal actions or atleast to expose it in public - and also if need, we should take the legal actions if it continues like this, as this is not the first time for us, bloggers facing this kind of situation.

Following are some links.



link -1

link -2

link -3

link -4 -

link -5

link -6 - with few more links & details.

link -7 - again with more links & tips.

link -8 - Header forging.

link -9 - what all we can do?

link -10



This is not a complete list. only just put some which I did see now.

Once again,
the list does not complete with this.

Thursday, May 22, 2008

ഞങ്ങളുടെ അപ്പച്ചന്‍

ഞങ്ങളുടെ അപ്പച്ചന്‍.
ഒരു നീല ബോര്‍ഡിലെഴുതിവെച്ച "വൃന്ദാവനം" എന്ന പേര്‌.
അതിന്റെ പിന്നിലൊരു മൈലാഞ്ചി മരം.
ഉയരത്തിലൊരു മതില്‍.
ഉത്സവം.
കഥകളി.
നിറം മങ്ങാത്ത കുറേയേറെ വര്‍ണ്ണചിത്രങ്ങള്‍..

'ഞങ്ങളുടെ അപ്പച്ചന്‍' - ഞങ്ങളുടെയൊക്കെ മനസ്സിന്റെ കോണില്‍ ഇപ്പോഴും ജീവിയ്ക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട മുത്തച്ഛന്‍/അമ്മച്ഛന്‍ ആണ്‌.
എന്റെ നാലാം ക്ലാസ്‌ വരെയുള്ള 'ഠ'വട്ടത്തിലൊതുങ്ങുന്നൊരു കാലഘട്ടം ഓര്‍മ്മിപ്പിയ്ക്കുന്ന ഞങ്ങളുടെ അപ്പച്ചനെ ഈ കുറിപ്പിലേയ്ക്കെങ്ങനെ കൊണ്ടുവരാനാവുമെന്ന് എനിയ്ക്കറിയില്ല.

എന്നാലുമെന്റെ കുടുംബാംഗങ്ങളാരുമറിയാതെ, എന്റെ ഓര്‍മ്മയും പിന്നെ കേട്ടറിഞ്ഞതും ഒക്കെ ചേര്‍ത്തു വെച്ച്‌, ഉള്ളിന്റെയുള്ളില്‍ നിന്നും അപ്പച്ചനെ പുറത്തെടുക്കാനൊരു ശ്രമം.
അതിനാദ്യം ബ്ലോഗിനൊരു സ്തുതി!

അപ്പച്ചനെ ആലോചിച്ചാല്‍ എന്റെ മനസ്സിലെത്തുന്ന പല രൂപങ്ങളിലൊന്ന് വൃന്ദാവനത്തില്‍, കോണി കയറിയ ഉടനെ വലതുഭാഗത്തുള്ള ഒരു ഇടുങ്ങിയ സ്ഥലത്ത്‌, സന്ധ്യയ്ക്ക്‌ ജനാലയ്ക്കരികിലെ ഒരു ചാരുകസേരയിലിരുന്ന്, കത്തുകള്‍ വായിച്ച്‌ "മറുപടിയെഴുത്തിനു" വേണ്ടി കുറേ അധിക സമയം ഇരിയ്ക്കുന്ന ഒരു രൂപമാണ്‌.
കോണി കയറി മുകളിലെത്തിയാലുടനെയുള്ള ജനാലയില്‍ നിന്നും നേരെ നോക്കിയാല്‍ വൈദ്യശാലയുടെ ചില ഭാഗങ്ങള്‍ കാണാം. താഴേയ്ക്ക്‌ നോക്കിയാല്‍ മുന്‍പിലേയ്ക്കു ചെരിഞ്ഞു പോകുന്ന ഓടുകളെ കാണാം. സൈറന്‍ അടിയ്ക്കുന്ന ശബ്ദം വ്യക്തമായി കേള്‍ക്കാം.

അപ്പച്ചന്‍ പണ്ട്‌ സ്വന്തം കയ്യക്ഷരത്തില്‍ രോഗികള്‍ക്ക്‌ മറുപടി അയച്ചിരുന്നുവത്രേ. പക്ഷെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന്, പിന്നീട്‌ അദ്ദേഹം മറുപടി "ഡിക്റ്റേറ്റ്‌" ചെയ്യുകയും അതെഴുതാന്‍ ആരെങ്കിലും വൈദ്യശാലയില്‍ നിന്നും വരുകയും ചെയ്തിരുന്നു. അങ്ങനെ ഡിക്റ്റേറ്റ്‌ ചെയ്യുന്ന നേരത്ത്‌ ഞങ്ങള്‍ കുട്ടികളോട്‌ കര്‍ശനമായി അമ്മമ്മയും അമ്മയും മറ്റും ഒച്ചയുണ്ടാക്കരുതെന്ന് പറഞ്ഞിരുന്നു. ഒച്ചയില്ലാതെ താഴ്‌ന്ന സ്വരത്തില്‍, ഫാന്‍ കറങ്ങുന്ന തളത്തില്‍ പരസ്പരം കുശുകുശുത്തിരുന്ന ഞങ്ങളുടെ ഇടയിലേയ്ക്ക്‌ അപ്പച്ചന്റെ പതിഞ്ഞ സ്വരത്തില്‍ നിര്‍ത്തി നിര്‍ത്തിയുള്ള പല ഭാഷക്കാരായ രോഗികള്‍ക്കുള്ള 'മറുപടികള്‍' വടിവൊത്ത്‌ കനം തൂങ്ങി കിടന്നു.

അപ്പച്ചനെ ഓര്‍മ്മിയ്ക്കുമ്പോള്‍ വിട്ടു പോകാന്‍ പറ്റാത്ത മറ്റൊരു ഓര്‍മ്മയാണ്‌ വൃന്ദാവനം. അവിടെയാണ്‌ അപ്പച്ചനും അമ്മമ്മയും താമസിച്ചിരുന്നത്‌. അപ്പച്ചന്റെ മക്കളെല്ലാം ജനിച്ചത്‌. പേരക്കുട്ടികളില്‍ ഞാന്‍ വരെയുള്ളവര്‍ ജനിച്ചത്‌.
വൃന്ദാവനത്തിന്റെ ഭൂമിശാസ്ത്രം വിവരിയ്ക്കുക എളുപ്പമല്ല.അത്ര ഉള്‍പരപ്പായിരുന്നു അതിന്‌. എപ്പോഴും അടഞ്ഞു തന്നെ കിടക്കുന്ന കുറേ വാതിലുകള്‍ കാണാം. ഒരു മുറിയില്‍ നിന്നും മറ്റൊരു മുറിയിലേയ്ക്കു കടക്കാന്‍ അനുവദിയ്ക്കുന്ന വാതിലുകളുണ്ട്‌. തൃകോണാകൃതികളില്‍ വരച്ചു വെച്ചിട്ടുള്ള തറയുണ്ട്‌.

ഞങ്ങളുടെ അവധിക്കാലങ്ങള്‍ മിയ്ക്കതും വൃന്ദാവനത്തിന്റെ അങ്ങേ തലയ്ക്കുള്ള ഹാള്‍ മുതല്‍ ഇങ്ങേ തലയ്ക്കുള്ള അടുക്കള വരെ ഓടിനടന്ന് ആഘോഷിയ്ക്കപ്പെട്ടിരുന്നു. വീടിന്റെ പിന്‍ഭാഗത്ത്‌ മൈലാഞ്ചിയുടെ വലിയൊരു മരമുണ്ടായിരുന്നു. ഞങ്ങളുടെ ഉച്ച നേരങ്ങള്‍ ആ മൈലാഞ്ചി മരത്തിനു ചുവട്ടില്‍ ചിലവഴിയ്ക്കപ്പെട്ടിരുന്നു. മൈലാഞ്ചി അരച്ചിട്ടിരുന്നു.
ഒരു കോണി കയറി മുകളിലെത്തിയാല്‍ പിന്നെ അങ്ങേയറ്റത്തേയ്ക്ക്‌ വേറൊരു കോണിയിലുടെ ഇറങ്ങിചെല്ലാമായിരുന്നു, വേറൊരു ലോകത്തേയ്ക്ക്‌. അവിടത്തെ ഹാളിലെ റോഡിനൊട്‌ അഭിമുഖമായി വരുന്ന ജനാലയ്ക്കലിരുന്നാല്‍ ഉത്സവക്കാലത്ത്‌ രണ്ടാം ദിവസത്തെ വെളുപ്പാന്‍ കാലത്തുള്ള വെടിക്കെട്ട്‌ നല്ലപോലെ കാണാം. അപ്പച്ചനും ഞങ്ങള്‍ക്കൊപ്പം വെടിക്കെട്ട്‌ കാണാന്‍ ഹാളിലേയ്ക്കു വന്നിരുന്നിരുന്നു.പുറം ലോകത്തില്‍ നിന്നും വേര്‍പ്പെട്ടു നിന്ന്, മരുന്നുകളുടെ ഗന്ധം തങ്ങി നിര്‍ത്തി, ഞങ്ങളുടെ അമ്മമാരുടെ, അമ്മാമന്മാരുടെ ബാല്യ - കൗമാരകാലങ്ങള്‍ ചുമരുകളിലേന്തി, ഒരു പ്രത്യേക കാലാവസ്ഥ പകര്‍ന്നുതന്നിരുന്നു വൃന്ദാവനത്തിലെ ഓരോ മുറികളും, ജനാലകളും, കോണിപ്പടികള്‍ പോലും!

അപ്പച്ചന്‍ എങ്ങനെ 'അപ്പച്ചനായി' അറിയപ്പെട്ടു എന്നറിയാമോ?
അപ്പച്ചനു കുട്ടികളെ വളരെ ഇഷ്ടമായിരുന്നു.

ആദ്യമായി അപ്പച്ചനുണ്ടായ പേരക്കുട്ടിയ്ക്ക്‌, "അമ്മച്ഛാ.." എന്നു വിളിയ്ക്കാന്‍ പറഞ്ഞുകൊടുത്തപ്പോള്‍, എന്തു കൊണ്ടോ അവള്‍ വിളിച്ചു തുടങ്ങിയത്‌ "അപ്പച്ചാ.." എന്നായിരുന്നുവത്രേ. അപ്പച്ചനതിഷ്ടമാവുകയും അതു മാറ്റം വരാതെ പിന്നീടുണ്ടായ പേരക്കുട്ടികളൊക്കെ ഏറ്റു വിളിയ്ക്കുകയും ചെയ്തുവെന്നാണ്‌ കഥ.
അങ്ങനെ ഞങ്ങള്‍ക്ക് ഒരു അപ്പച്ചനെ കിട്ടി.
അപ്പച്ചന്‍ എന്ന വാക്ക്‌ ആര്‌ ഉച്ചരിയ്ക്കുമ്പോഴും അതിനു കൊടുക്കുന്ന രൂപം വേറെയാരുടേയുമല്ല ഇപ്പോഴും ഞങ്ങളുടെ മനസ്സില്‍. മുത്തശ്ശാ എന്നോ അമ്മച്ഛാ എന്നോ വിളിയ്ക്കാന്‍ തോന്നില്ല അപ്പച്ചനെ..
എന്നിട്ടും ഞങ്ങള്‍ സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത്‌, കൂട്ടുകാരോട്‌ 'അപ്പച്ചന്‍' എന്നു സംബോധന ചെയ്യാനുള്ള ജാള്യത കൊണ്ട്‌ മുത്തശ്ശന്‍ എന്നു ബുദ്ധിമുട്ടി പറഞ്ഞിരുന്നു. ആ സ്വഭാവം ഇപ്പോഴും എന്നെ പിന്‍തുടരാറുണ്ട്‌, പലപ്പോഴും. ഭര്‍ത്താവിന്റെ വീട്ടില്‍ പോയാല്‍ ഇപ്പോഴും നാവിന്‍തുമ്പത്തു നില്‍ക്കുന്ന 'അപ്പച്ചനെ' മായ്ച്ച്‌, അപ്പോഴത്തെ 'കാലാവസ്ഥയ്ക്കനുസരിച്ച്‌' മുത്തശ്ശന്‍, അമ്മച്ഛന്‍ എന്നൊക്കെ കഷ്ടപ്പെട്ടു പറയുന്ന എന്നോട്‌ എനിയ്ക്കു തന്നെ ആശ്ചര്യം തോന്നാറുണ്ട്‌!

സ്വതവേ ശീലങ്ങള്‍ക്ക്‌ വളരെ പ്രാധാന്യം കൊടുക്കാറുള്ള ഞങ്ങളുടെ കുടുംബത്തിലെ, "സ്ഥാനങ്ങള്‍ക്കനുസരിച്ചുള്ള അതാത്‌ വിളിപ്പേരുകളുപയോഗിയ്ക്കേണ്ടതാകുന്നു" എന്ന ഒരു ശീലത്തെയാണ്‌ ശരിയ്ക്കും ഈ 'അപ്പച്ചന്‍' വിളി മറികടന്നു പോയത്‌!.
എന്നിട്ടിപ്പോഴും എനിയ്ക്കു സംശയമാണ്‌, അപ്പോ അമ്മടെ അച്ഛനെ അമ്മച്ഛന്‍ ന്നാണോ മുത്തച്ഛന്‍ ന്നാണോ പറയാ?

അല്ലെങ്കിലും അപ്പച്ചന്‌ പെങ്കുട്ട്യോളെ വല്യ ഇഷ്ടായിരുന്നു!
പെണ്‍മക്കളെയൊക്കെ അപ്പച്ചന്‍ മാത്രം വിളിയ്ക്കുന്ന പേരുകള്‍ കൗതുകകരങ്ങളായിരുന്നു.
മൂത്ത മകള്‍ ശ്രീദേവിയെ പതുക്കെ അമ്മൂ എന്നും, രണ്ടാമത്തെ മകള്‍ സതിയെ നീട്ടി "സാ.." എന്നും മൂന്നാമത്തെ മകള്‍ രുഗ്മിണിയെ കുറുക്കി "ഉം..." എന്നാണത്രേ വിളിച്ചിരുന്നത്‌!
പിന്നെ, ഇംബാന്‍ഡന്‍, ശുപ്പാണ്ടന്‍, അപ്പുഞ്ചു എന്നൊക്കെ ആണ്‍കുട്ടികള്‍ക്കുള്ള ചില പ്രത്യേക പേരുകള്‍ അപ്പച്ചന്റെ കയ്യിലുണ്ടായിരുന്നു. ഈ പേരുകള്‍ മാറി മാറി പെണ്‍മക്കള്‍ക്കിടയിലുള്ള ആണ്‍മക്കളേയും അപ്പച്ചന്‍ വിളിച്ചിട്ടുണ്ടാവും.

അതുപോലെ ഓരോ പേരക്കുട്ടികള്‍ക്കും ഓരോ പേരുകളുണ്ടാക്കിയിരുന്നു അപ്പച്ചന്‍. ഞങ്ങളെല്ലാ കുട്ടികളും അപ്പച്ചന്‌ 'സ്പെഷ്യല്‍' ആയിരുന്നു.
അപ്പച്ചന്റെ ആദ്യത്തെ പേരക്കുട്ടിയെ "നരൂ.." എന്നു വിളിച്ചിരുന്നു.
പിന്നെ, തടിച്ചുരുണ്ട ഒരു 'ഗുണ്ടപ്പിയെ' "മത്തങ്ങേ.." എന്നു വിളിച്ചിരുന്നു.
ഞാനൊരു വാശിക്കാരിയായതു കൊണ്ട്‌ എന്നെ "അപ്രീതി" എന്നു വിളിച്ചിരുന്നുവത്രേ അപ്പച്ചന്‍.
എന്റെ അനിയനെ "ഇംബാന്‍ഡന്‍" എന്നു വിളിച്ചിരുന്നു.
അപ്പച്ചന്റെ പേരക്കുട്ടികള്‍ ഇനിയും നീണ്ടു കിടക്കുന്നുണ്ടെങ്കിലും പെട്ടെന്നോര്‍മ്മ വരുന്ന പേരുകളിതൊക്കെയാണ്‌.

അപ്പച്ചനെ ഓര്‍മ്മിയ്ക്കുമ്പോള്‍ മനസ്സിലേയ്ക്കു വരുന്ന മറ്റൊന്നാണ്‌ ഞങ്ങളോടു പറഞ്ഞിരുന്ന തമാശകളും, കഥകളും.കൈപത്തി മടക്കി വെച്ച്‌, ചെറുവിരല്‍ മാത്രം നിവര്‍ത്തിപിടിച്ച്‌, അപ്പച്ചന്‍ പാടും, മുകളിലേയ്ക്കു വായയും പൊളിച്ചു നില്‍ക്കുന്ന ഞങ്ങളെ നോക്കി - "അപ്പഴും പറഞ്ഞില്ലേ പോകണ്ടാ, പോകണ്ടാ ന്ന്..." ഞങ്ങള്‍ ചിരിയ്ക്കും.പിന്നെ പറയും ഒരാളെ നോക്കി, പെണ്‍കുട്ടിയാണെങ്കില്‍ - "യൂ ആറെ വേരു വേറി ഗുഡ്‌ ഗുഡ്‌ ബോയ്‌!" എന്ന്. ആണ്‍കുട്ടിയാണെങ്കില്‍ മറിച്ചും. അല്ലെങ്കില്‍ "യൂ ആറെ വേറി വേറി ബാഡ്‌ ബാഡ്‌ ഗേള്‍!" എന്ന്.
അതു കേട്ടാലും ഞങ്ങള്‍ ചിരിയ്ക്കും.
അപ്പച്ചന്റെ വെപ്പു പല്ലുകളായിരുന്നു. അതേതോ രീതിയില്‍ ഉയര്‍ത്തികാണിച്ച്‌, ഞങ്ങളെ പേടിപ്പിയ്ക്കാന്‍ ശ്രമിയ്ക്കും. അപ്പോഴും ഞങ്ങള്‍ ചിരിയ്ക്കും.

അപ്പച്ചനെ നല്ല ചന്ദനത്തിന്റെ വാസനയുണ്ടായിരുന്നു. അപ്പച്ചന്റെ കുളി കഴിഞ്ഞിറങ്ങിയാല്‍, മത്സരിച്ചു ഞങ്ങളോടിയിരുന്നു, കുളിമുറിയിലേയ്ക്ക്‌. കുളിമുറി നല്ല ചന്ദനത്തിന്റെ ഗന്ധത്തില്‍ കുളിച്ചു നില്‍ക്കുന്നുണ്ടാവും. നനഞ്ഞ നിലത്ത്‌ കാല്‍ വെച്ച്‌, ഞങ്ങള്‍ വേണ്ടുവോളം അത്‌ നുകര്‍ന്നെടുക്കും. പിന്നെ വെപ്രാളപ്പെട്ട്‌ കുളിയ്ക്കും, അപ്പച്ചന്റെയൊപ്പം അമ്പലത്തില്‍ പോകാന്‍. അമ്പലത്തില്‍ പോവുമ്പോള്‍ ധാരാളം കഥകള്‍ പറയും അപ്പച്ചന്‍. അതൊന്നും ഓര്‍ക്കുന്നില്ലെങ്കിലും അപ്പച്ചന്റെ നനുത്ത ശബ്ദം കാതില്‍ വന്നു നിറയുന്നുണ്ട്‌. അപ്പച്ചന്‌ അമ്പലത്തില്‍ പോകാന്‍ ധരിയ്ക്കാനായി "മെതിയടികള്‍" ഉപയോഗിച്ചിരുന്നു. അതില്‍ ബാലന്‍സ്‌ ചെയ്ത്‌ നടക്കുന്നത്‌ ഞങ്ങള്‍ക്കൊക്കെ അത്ഭുതവും.

അപ്പച്ചനൊടെനിയ്ക്കു അന്നൊക്കെ ഇഷ്ടമായിരുന്നോ, സ്നേഹമായിരുന്നോന്ന് വ്യക്തമായറിയില്ല. എന്നാല്‍ പേടിയായിരുന്നോ ബഹുമാനമായിരുന്നോന്നും അറിയില്ല. അപ്പച്ചനെ ഒരിയ്ക്കല്‍ പോലും ഒന്നു തൊട്ടുനോക്കാനോ, എന്തെങ്കിലും മിണ്ടുവാനോ തുനിഞ്ഞിട്ടില്ലാത്ത എന്നെ ആകര്‍ഷിച്ചിരുന്നത്‌ ഞങ്ങളോടുള്ള തമാശകളും, സുഗന്ധവും, വര്‍ത്തമാനങ്ങളുമാണ്‌. അപ്പച്ചനുമായി സ്വതന്ത്രമായി ഇടപഴകുന്ന എന്റെ വല്യമ്മമാരുടെ മക്കളേ നോക്കി നില്‍ക്കാറുള്ള ശീലമായിരുന്നു എനിയ്ക്ക്‌. കുറേ കാലങ്ങള്‍ക്കു ശേഷം, അപ്പച്ചന്‍ വീട്ടില്‍ വരുമ്പോള്‍ ചിലപ്പോള്‍ എന്നെ ചേര്‍ത്തു പിടിയ്ക്കാറുണ്ടായിരുന്നു. ആ വാസനയില്‍ എവിടേയും തൊടാതെ അപ്പച്ചന്റെ കൈകള്‍ക്കുള്ളില്‍ എന്തോ പറ്റിയതു പോലെ നിന്നിരുന്നു ഞാന്‍. ഒരിയ്ക്കല്‍ അപ്പച്ചന്റെ മുന്നിലൊരു കീര്‍ത്തനം പാടിയിട്ടുണ്ട്‌.

എന്നാല്‍ അച്ചടക്കത്തേയും ചിട്ടകളേയും ഗൗരവത്തോടെ കണ്ടിരുന്ന അപ്പച്ചന്‍ കുടുംബത്തില്‍ ചിലപ്പോഴൊക്കെ ഒരു ഗൗരവ സ്വഭാവം സൂക്ഷിച്ചിരുന്നു.
ഒരു കൂട്ടില്ലാതെ അപ്പച്ചന്റെ മുറിയിലേയ്ക്കു ഒന്നുമാലോചിയ്ക്കാതെ കയറിപ്പോകാന്‍ എനിയ്ക്കു ധൈര്യമുണ്ടായിരുന്നില്ല, ഇഷ്ടമായിരുന്നെങ്കിലും.
അപ്പച്ചന്‍ ഫോണില്‍ സംസാരിയ്ക്കുമ്പോള്‍, ഉച്ചയ്ക്ക്‌ വിശ്രമിയ്ക്കുമ്പോള്‍ ഒക്കെ ആ ചുറ്റുവട്ടത്ത്‌ ഒച്ചയുണ്ടാക്കരുതെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അപ്പച്ചന്റെ മേശപ്പുറത്തിരിയ്ക്കുന്ന സാധനങ്ങള്‍ തൊടാന്‍ പാടില്ല, ഊണു കഴിയ്ക്കുമ്പോള്‍ തലയ്ക്കു കൈ വെയ്ക്കാന്‍ പാടില്ല, കോണി കയറുമ്പോള്‍ ഉറക്കെ ശബ്ദമുണ്ടാക്കി കയറരുത്‌, ഒക്കെ ഞങ്ങള്‍ കൃത്യമായി അനുസരിച്ചു വന്നു.
എന്നാലും മേശപ്പുറത്തെ സാധനങ്ങളേയും, പേനകളേയും മറ്റും ആരും കാണാതെ ഒന്നു തൊട്ടു നോക്കും, തൊട്ടാല്‍ പൊട്ട്വോ.. എടുത്താല്‍ സ്ഥലം മാറ്‌വോ.. എന്ന ഭീതിയോടെ..

ചിട്ടയായ ഒരു ജീവിത ശൈലിയുണ്ടായിരുന്നു അപ്പച്ചന്‌. പക്ഷെ നിരന്തരം രോഗികളുടെ കൂടെ കഴിഞ്ഞിരുന്ന അദ്ദേഹത്തിനു സമയത്തിനാഹാരം കഴിയ്ക്കാനായിരുന്നില്ലെന്നു തോന്നുന്നു. എന്നാല്‍ മുടങ്ങാതെ ഡയറി എഴുതിയിരുന്നു. രാവിലെ ദിവസവും അടുത്തുള്ള വിശ്വംഭരന്റെ അമ്പലത്തില്‍ പോയിരുന്നു. ഒരു പത്തു പതിനൊന്നു മണി നേരത്ത്‌ നടപ്പെരയില്‍ ഒരു കസേരയിലിരുന്ന്, മരുന്നുകളുടെ ഗുണനിലവാരം നോക്കിയിരുന്നു. ദിവസവും രാവിലേയും രാത്രിയും അദ്ദേഹത്തിന്റെ മുറിയില്‍ തൂക്കിയിട്ടിരുന്ന ധന്വന്തരിയുടെ ഫോട്ടോ നോക്കി തൊഴുതിരുന്നു. വെളുത്ത ഖദര്‍ ഷര്‍ട്ടും,മുണ്ടും സ്ഥിരം വേഷം. അമ്പലത്തിലേയ്ക്കു ഷര്‍ട്ടിടാതെ തോളത്തൊരു മുണ്ടിട്ട്‌, ഉടുത്തിരിയ്ക്കുന്ന മുണ്ടിന്റെ വലത്തേയറ്റം ഇടത്തേ കക്ഷത്തില്‍ തിരുകി ഉയരത്തിലുള്ള നടത്തമാണ്‌ ഓര്‍മ്മയില്‍. വിശ്വംഭരനെ തൊഴുതു കഴിഞ്ഞാല്‍ അത്നടുത്തു തന്നെയുള്ള അദ്ദേഹത്തിന്റെ ഗുരുവിന്റെ പ്രതിമ വെച്ചിട്ടുള്ള ഒരു കൊച്ചു വള്ളിക്കുടില്‍ പോലൊരു സ്ഥലത്തും അദ്ദേഹം ദിവസവും പോയി തൊഴുതിരുന്നു. അത്‌ ഞങ്ങളും പിന്നീടൊരു പതിവാക്കി. തലയിലും രോമങ്ങളുള്ള ചെവികളുടെ പിന്നിലും തെച്ചിപ്പൂക്കളുടേയും, തുളസിയുടേയും ബാക്കികളെ കാണാം. നെറ്റിയില്‍ എന്നും ചന്ദനം കൊണ്ടുള്ള വട്ടത്തിലുള്ള ചെറിയൊരു പൊട്ടും.അവധിക്കാലങ്ങളാണെങ്കില്‍ അമ്പലത്തിലേയ്ക്കു പോകുമ്പോള്‍, പിന്നാലെ പരിവാരങ്ങളായി ഞങ്ങളെല്ലാ "പിറുങ്ങിണികളും" ഉണ്ടാകും.

അപ്പച്ചന്‍ വൈദ്യം പഠിച്ചത് വളരെ ബുദ്ധിമുട്ടിയാണെന്നു കേട്ടിട്ടുണ്ട്‌. പരീക്ഷയ്ക്കു മാര്‍ക്ക്‌ കുറയുമ്പോള്‍ അമ്മ എന്നെ ഓര്‍മിപ്പിയ്ക്കാറുള്ള, "സ്റ്റ്രീറ്റ്‌ ലൈറ്റിന്റെ ചുവട്ടിലിരുന്നു പഠിയ്ക്കുന്ന അപ്പച്ചന്റെ മറ്റൊരു പഴയകാല 'രൂപം" കുറേ സങ്കല്‍പ്പിച്ചു നോക്കിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെയാവും അപ്പച്ചനെ സ്നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ രോഗികള്‍ ഏറെയുണ്ടായിരുന്നതായിരുന്നതും. അപ്പച്ചന്റെ ജീവിതത്തിലെ പകുതി മുക്കാല്‍ ഭാഗവും ചിലവഴിച്ചത്‌ നേര്‍സിംഗ്‌ ഹോമിലും, മരുന്നുകള്‍ക്കൊപ്പവും ആയിരുന്നു. ഗര്‍ഭസ്ഥ സ്ത്രീകള്‍ക്ക്‌ ഒരാറേഴു മാസമാവുമ്പോള്‍ കഴിയ്കാനുള്ള കഷായം അപ്പച്ചനുണ്ടാക്കിയതാണെന്ന് ഞാനാദ്യമായറിയുന്നത്‌ അമ്മൂനെ ഗര്‍ഭമായിരിയ്ക്കുമ്പോഴായിരുന്നു. ഒരു സാന്ത്വനത്തിന്റെ ഭാഷയുണ്ടായിരുന്നു ആ ശബ്ദത്തിന്‌. സ്വന്തം നാട്ടിലെത്തിയാലും ധാരാളം പേര്‍ അപ്പച്ചനെ കാണാന്‍ വന്നിരുന്നു.

കാലം ചെല്ലുന്തോറും അപ്പച്ചന്റെ ആരോഗ്യം കുറഞ്ഞു വന്നു. ചെറുപ്രായത്തിലേ ഒരു പ്രമേഹ രോഗിയായിരുന്നു. രോഗം മൂര്‍ച്ഛിച്ച്‌ ഒരിയ്ക്കല്‍ കാലിലെ തള്ളവിരല്‍ മുറിച്ചു മാറ്റപ്പെട്ടു. അതിനു ശേഷം അപ്പച്ചന്റെ പഴയ ഉത്സാഹമൊക്കെ പോയിരുന്നതായി ഓര്‍ക്കുന്നു. ക്ഷീണിച്ചു വരുന്ന ഒരു രൂപമായി പിന്നെ.. യാത്രയിലൊക്കെ നന്നായി ഉറങ്ങുമായിരുന്നു, വായ പൊളിച്ചു കൊണ്ട്‌. അതുവരെ എല്ലാ വര്‍ഷവും വിടാതെ പോയിരുന്ന ശബരിമല യാത്രയും നിര്‍ത്തി വെച്ചു. അപ്പച്ചന്റെ രസാവഹമായ ശരണം വിളികളെ പറ്റി കേട്ടിട്ടുണ്ട്‌. അപ്പപ്പോള്‍ അയ്യപ്പന്‌ പര്യായങ്ങളുണ്ടാക്കി ഈണത്തില്‍ ശരണം വിളിച്ചിരുന്നുവത്രേ!

അപ്പച്ചനൊരു വൈദ്യനായതു കൊണ്ടോ, ഒരു ദീര്‍ഘകായനായതു കൊണ്ടോ അതുമല്ലെങ്കില്‍ മുത്തച്ഛനായതു കൊണ്ടോ,അപ്പച്ചന്‍ ഞങ്ങളുടെയൊക്കെ ഉള്ളിന്റെയുള്ളിലൊരു "ധൈര്യമായിരുന്നു" എന്നത്‌ എനിയ്ക്കു മനസ്സിലായത്‌ അന്നാണ്‌..
അപ്പച്ചനെല്ലാം അറിയാം, അപ്പച്ചനെ എല്ലാവര്‍ക്കും അറിയാം എന്നൊക്കെയൊരു തോന്നല്‍ പകര്‍ന്നു തന്നിരുന്ന ധൈര്യം.
1988 -ലെ ഒരിയ്ക്കലും മറക്കാത്ത ഒരു വിഷുവിന്റെ അന്ന്..
ഉത്സവക്കാലമായിരുന്നു. തലേന്ന് ഞങ്ങളെയൊക്കെ നിര്‍ബന്ധിച്ച്‌ കഥകളി കാണാന്‍ പറഞ്ഞയച്ചു അപ്പച്ചന്‍. വെളുപ്പാന്‍കാലത്തെപ്പൊഴോ, ആരോ വന്നു ഞങ്ങളെ വിളിച്ചു കൊണ്ടു പോയി. മുകളില്‍ മുറിയിലെത്തിയപ്പോള്‍ കട്ടിലില്‍ വായ തുറന്നു കൊണ്ടു കിടന്നുറങ്ങുന്ന അപ്പച്ചനെ കണ്ട നല്ല ഓര്‍മ്മയുണ്ടെനിയ്ക്ക്‌.
ഞങ്ങളെല്ലാവരും ഒരുമിച്ച്‌ ആ മുറിയില്‍ തൊട്ടപ്പുറത്തുള്ള അമ്മമ്മയുടെ കട്ടിലിലിരുന്നു.
എന്റെ അമ്മയും വല്യമ്മമാരും ഉറക്കെ കരയുന്നത്‌ ഞാനാദ്യമായി കാണുകയായിരുന്നു.
അന്നെനിയ്ക്കു കരച്ചില്‍ വന്നില്ല. എനിയ്ക്കപ്പച്ചനോട്‌ ഇഷ്ടമില്ലേ എന്നു സംശയിച്ചു.
അപ്പച്ചനെല്ലാം അറിയണ ആളല്ലേ, അതുകൊണ്ട്‌ ഒരിയ്ക്കലും മരിയ്ക്കില്ല എന്നായിരുന്നു എന്റെ വിചാരം.
നടപ്പെരയില്‍ പുതച്ചു കിടക്കുന്ന അപ്പച്ചനെ വലം വെച്ചു നമസ്കരിയ്ക്കുമ്പോള്‍ അപ്പച്ചന്റെ വയറിലേയ്ക്ക്‌ ഉയര്‍ന്നു താഴുന്നില്ലേയെന്ന് ഉറ്റുനോക്കി.
അപ്പോള്‍ എന്റെ അച്ഛന്റെ അച്ഛന്‍ - മുത്തച്ഛനും മരിച്ചു പോകുമോ എന്നു ചിന്തിച്ചു.
വിഷുവിന്റന്ന് പൊട്ടിയ്ക്കാന്‍ വെച്ചിരുന്ന പടക്കങ്ങളെ ഓര്‍ത്ത്‌ "ഇനി നമുക്ക്‌ പൊട്ടിയ്ക്കണ്ടാ ലേ .." എന്നു കൂടെയുള്ള അമ്മ്വേട്ത്യോട്‌ പറയാന്‍ വന്നത്‌ ഇറക്കിക്കളഞ്ഞു.
വൃന്ദാവനം ആള്‍ക്കൂട്ടം കൊണ്ടു നിറഞ്ഞു.
വൃന്ദാവനം ഞങ്ങളുടേതല്ലാതായി!

പിന്നീടുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ കുറേ അധികം കറുത്ത വലിയ ഉറുമ്പുകളെ കണ്ടു. വീടിന്റെ പല, പല ഭാഗത്തായി.. കുളിമുറിയിലും, എല്ലായിടത്തും. അതുപോലെ വര്‍ഷങ്ങളായി ദിവസവും തളത്തിലെ ചില്ലുകൊണ്ടടച്ച ഒരു ജനാലയില്‍ വന്നിരുന്നു കൊക്കു കൊണ്ട്‌ ശബ്ദമുണ്ടാക്കാറുള്ള ഒരു കാക്കയേയും പിന്നീട്‌ കാണപ്പെട്ടില്ല, ഈ 'സൂചനകളൊക്കെ' ആരൊക്കെയോ എന്തൊക്കെയോ പറയുന്നതു കേട്ട്‌ ഞങ്ങള്‍ മരണത്തിന്റെ അടയാളങ്ങളായി കണ്ടു. ആദ്യമായി മരണം അനുഭവിപ്പിയ്ക്കുന്ന 'ഒഴിവ്‌' അറിഞ്ഞു. അപ്പച്ചന്റെ ഒഴിഞ്ഞു കിടക്കുന്ന മുറിയിലേയ്ക്ക്‌ പിന്നെ കയറിചെല്ലാന്‍ തോന്നിയില്ല.

പിന്നീട്‌, ഞങ്ങള്‍ വൃന്ദാവനം വിടുകയായി എന്നറിഞ്ഞു. ഏകദേശമൊരു നാല്‍പ്പത്‌ വര്‍ഷത്തെ ജീവിതത്തിനു ശേഷം വൃന്ദാവനത്തെ അതിന്റെ 'ഉടമസ്ഥന്‌' ഭദ്രമായി തിരിച്ചേല്‍പ്പിച്ച്‌ അമ്മമ്മയും ഞങ്ങളോടൊപ്പം താമസിയ്ക്കാന്‍ വരികയാണെന്നു മനസ്സിലായി.

അങ്ങനെ വൃന്ദാവനവും അപ്പച്ചനെ പോലെ മനസ്സിലെന്നും മായാതെ കിടക്കുന്ന ഏടായി. കുറഞ്ഞത്‌ ഞാന്‍ വരേയുള്ള അപ്പച്ചന്റെ പേരക്കുട്ടികള്‍ക്ക്‌.
എനിയ്ക്കു ശേഷം വന്നവര്‍ക്ക്‌ അപ്പച്ചനെ കണ്ട ഓര്‍മ്മയുണ്ടാവുമോ?
അവസാന കാലത്ത്‌ അദ്ദേഹം ക്ഷീണിതനായിരുന്നു. തമാശകളും കഥകളും പറയാതെയായിരുന്നു. ഏകാന്തനായി കാണപ്പെട്ടിരുന്നു.
അപ്പച്ചന്‌ എല്ലാം അറിയാമായിരുന്നു..

ഇക്കഴിഞ്ഞ വിഷുവിന്റന്നും രാവിലെ എണിയ്ക്കുമ്പോള്‍ ഇരുപതു വര്‍ഷങ്ങള്‍ പിന്നിലേയ്ക്കു നിമിഷം കൊണ്ട്‌ പോയി വന്നു.
ഒരുപക്ഷെ ഉറക്കെപ്പറയാതെ, പലയിടത്തായി ചിന്നിച്ചിതറിയ ഞങ്ങളെല്ലാവരും തന്നെ.

പണ്ടു പണ്ട്‌.. ഞങ്ങള്‍ക്കൊരു അപ്പച്ചനുണ്ടായിരുന്നു..
ഒരു വൃന്ദാവനമുണ്ടായിരുന്നു..
ഒരു മൈലാഞ്ചിമരമുണ്ടായിരുന്നു....
ഒരുത്സവക്കാലമുണ്ടായിരുന്നു..
മരുന്നുകള്‍ക്കൊക്കെ ഗന്ധമുണ്ടായിരുന്നു..
അപ്പച്ചന്‍ എന്റേയും അപ്പച്ചനായിരുന്നു..
അപ്പച്ചനെ എനിയ്ക്കും ഇഷ്ടായിരുന്നു..!


കുറിപ്പ്.

ഈ പോസ്റ്റിനോട് ചേര്‍ത്ത് ഇതു രണ്ടും വായിയ്ക്കാം.

1) Fragrant memories
2) Death - The ultimate reality

Tuesday, May 06, 2008

ഒരു കുഞ്ഞു ശബ്ദം

ഞാന്‍ വായിയ്ക്കുകയായിരുന്നു. പല നിറങ്ങളില്‍, പല ഭാവങ്ങളില്‍ തിങ്ങിവിങ്ങിയടുക്കപ്പെട്ട നിറയേ അദ്ധ്യായങ്ങളുള്ള എന്റെ പുസ്തകം.

അതിവേഗം മുന്നോട്ട്‌ കുതിച്ചു പാഞ്ഞ്‌ കണ്‍വെട്ടത്തു നിന്നും മറഞ്ഞു പോകുന്ന വാഹനം. ഒരുമിച്ചാര്‍ത്തുല്ലസിച്ച്‌ യാത്ര ചെയ്തവരില്‍ ചിലര്‍ സമയത്തിറങ്ങി വഴികളില്‍ തെളിഞ്ഞു തുടങ്ങുന്ന, കുത്തനെ നില്‍ക്കുന്ന വഴിവിളക്കുകളായി രൂപാന്തരം പ്രാപിച്ച്‌, യാത്രക്കാര്‍ക്ക്‌ വഴികാണിച്ച്‌ ചിരിച്ചു സ്നേഹത്തോടെ യാത്രയാക്കുന്ന ഒരു രംഗം; ഒരു അദ്ധ്യായത്തില്‍.

വിളക്ക് പ്രകാശിയ്ക്കുന്നതാണ് ചിരിയെന്നും ഒളിമങ്ങാത്ത അതിന്റെ വെളിച്ചമാണു സ്നേഹമെന്നും, രാവു പകലൊരുപോലെ നനയാതെ, വിയര്‍ക്കാതെ യാത്രക്കാര്‍ക്കു വെളിച്ചമായി വര്‍ത്തിയ്ക്കാനുള്ള കരുത്താണു ഊര്‍ജ്ജമെന്നും പറയുന്ന മറ്റൊരു രംഗം, മറ്റൊരദ്ധ്യായത്തില്‍.

മഴയും മഞ്ഞും വേനലും തീര്‍ന്നു പോയാലും, പൂക്കാലമൊന്നും വന്നില്ലെങ്കിലും, കഴിഞ്ഞു പോയ വസന്തങ്ങളില്‍ വീണിരുന്ന പൂക്കളുടെ സൗരഭ്യം യാ‍ാത്രക്കാര്‍ക്ക് വെളിച്ചത്തിലൂറ്റുന്ന വഴിവിളക്കുകളാവാന്‍ വെമ്പുന്ന മനസ്സുകളെ കുറിച്ചും പറയുന്നുണ്ട്‌, ഇനിയുമേതോ ഒരദ്ധ്യായത്തില്‍.

വായന ചിലപ്പോഴൊക്കെ ഉറക്കത്തെ മോഷ്ടിച്ചെടുക്കാറുണ്ട്‌.

ഒരിയ്ക്കല്‍ ഉള്ളിലൊരു കുരുന്ന് മിടിയ്ക്കുന്നതറിഞ്ഞപ്പോള്‍..
പിന്നെപാലൂട്ടാന്‍ പലതവണ ഉണര്‍ന്നെണീറ്റിരിയ്ക്കുമ്പോള്‍..
പനിച്ചു ചുകന്നു തുടുക്കുന്ന കവിളിതളില്‍, കവിള്‍ ചേര്‍ക്കാനാഞ്ഞപ്പോള്‍ ..
നനഞ്ഞു തുടങ്ങുന്ന മടിയിലേയ്ക്കു നോക്കുമ്പോള്‍ ..



നല്ലൊരുറക്കം നഷ്ടപ്പെടുന്ന അന്നത്തെ ഏകാന്തതകളിലായിരുന്നു, "ആഹാ! എന്റെയൊപ്പവുമുണ്ടല്ലോ സൗരഭ്യമൂറുന്നൊരമ്മ!" എന്നാശ്വാസപ്പെടുന്ന ഏതോ ഒരു അദ്ധ്യായത്തിലെ വാചകമോര്‍മ്മയിലെത്തിയതും പിന്നെ പുസ്തകമടച്ചു വെച്ച്‌ ഞാനൊന്ന് സമാധാനമായി കിടന്നുറങ്ങിയതും.

മ്മമ്മേ ...................

Sunday, April 13, 2008

എന്റെ ചിരി

സ്വപ്നങ്ങള്‍.. സ്വപ്നങ്ങളേ, നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ..
ദാ ഇപ്പോ മനസ്സിലേയ്ക്കോടിയെത്തിയ ഒരു പാട്ട്‌.
അത്‌ മൂളിക്കൊണ്ട്‌ തന്നെ ടൈപ്‌ ചെയ്യുന്നു.

നാട്ടിലേയ്ക്കാണോ എന്നോര്‍മ്മയില്ല, ഫ്ലൈറ്റ്‌ കാത്തു നില്‍ക്കുകയാണ്‌. കൂടെ പരിചയമില്ലാത്ത കുറേ യാത്രക്കാരും.
ഒരു വിമാനം മുകളിലേയ്ക്ക്‌ വലിയൊരു ശബ്ദത്തോടെ ഉയര്‍ന്നു പൊങ്ങുകയും അതേ വേഗതയില്‍ താഴേയ്ക്കു കുത്തനെ പതിച്ച്‌ നിലത്തു മുട്ടി, ശ്വാസോച്ഛ്വാസം ഉയര്‍ന്നു പൊങ്ങി, കണ്ണു മുറുക്കിയടയ്ക്കാന്‍ ശ്രമിയ്ക്കുമ്പോഴേയ്ക്കും അതു പെട്ടെന്നു തന്നെ ഉയര്‍ന്നു പൊങ്ങുകയും ചെയ്യുന്നു. പിന്നെ ശാന്തമായി നിലത്ത്‌ ഇറങ്ങി അതിന്റെ പൈലറ്റ് വന്നു പറയുന്നു, അതൊരു ട്രയല്‍ മാത്രമായിരുന്നുവെന്ന്.

അതിലേയ്ക്ക്‌ എല്ലാവരും ധൃതി പിടിച്ചു കയറുന്നു. ജനലരികിലെ ഒരു സീറ്റില്‍ ഇരുന്നയുടനെ ചെറുമകളുടെ കരയുന്ന ശബ്ദം, അവളുടെ കവിളുകള്‍ ചുകന്ന്, നനയുന്നു. "എനിയ്ക്കമ്മേടെ അടുത്തിരിയ്ക്കണം.."
അവളെ പിടിച്ചു മടിയിലിരുത്തി എന്നാണ്‌ ഓര്‍മ്മ.
എത്രയോ താഴെ, കുറേയേറെ ഉയരത്തിലെത്തി ജനാലയിലൂടെ താഴേയ്ക്കു നോക്കുമ്പോള്‍ വിശാലമായൊരു പാടം, അതിനടുത്ത്‌ പുഴ, ഇപ്പുറത്ത്‌ പച്ച നിറത്തില്‍ വൃക്ഷങ്ങളെന്നു തോന്നിയ്ക്കുന്ന പച്ച നിറങ്ങള്‍.. ഇരിയ്ക്കുന്ന പേടകം മുകള്‍ ഭാഗം തുറന്നതായി. പെട്ടെന്ന് താഴേയ്ക്ക്‌ നിയന്ത്രണം വിട്ട്‌ പതിയ്ക്കുന്ന പൊലെ, വയറില്‍ ഒരാന്തല്‍.. സീറ്റില്‍ മുറുകെ പിടിച്ചു, അപ്പോ തന്നെ ഉയര്‍ന്നു പൊങ്ങുന്നു, അങ്ങനെ പല തവണ.. അത്‌ ഇന്ത്യയല്ലല്ലോ, വേറെ ഏതൊരു രാജ്യമാണെന്നും തോന്നി.
ഇറങ്ങിക്കഴിഞ്ഞ്‌ പൈലറ്റ്‌ നിസ്സംഗതയോടെ പറയുന്നു, ഇതും ഒരു ട്രയല്‍ ആയിരുന്നു എന്ന്.

പിന്നെ കേട്ടത്‌ ഒരു കുഞ്ഞിന്റെ കരച്ചില്‍. നിര്‍ത്താതെ വാവിട്ടു കരയുന്നു. കുറേ പേര്‍ ചുറ്റും കൂടി നിന്നതിനെ നോക്കുന്നു. ഒരു അഞ്ചാറുമാസം പ്രായമുണ്ടെന്നു തോന്നി. വേഗം ചെന്നതിനെ എടുത്തു. കൈകള്‍ക്കുള്ളീല്‍ ശരീരത്തോട്‌ ചേര്‍ന്നു കിടന്നപ്പോള്‍ കരച്ചില്‍ കുറഞ്ഞു വന്നു. അതിനെ കാലില്‍ കിടത്തി സ്പൂണ്‍ കൊണ്ടു കോരി ഭക്ഷണം കൊടുത്തു. അത്‌ നുണഞ്ഞു നക്കി കൈകാലുകള്‍ അടിച്ച്‌, മൂളി മൂളി കഴിയ്ക്കുന്നു. അതിനിടയില്‍ മടി മുഴുവനും നനഞ്ഞു. ഒന്നു മൂത്രമൊഴിപ്പിച്ചാല്‍ ഒരുപക്ഷേ അത്‌ ആദ്യമേ കരച്ചില്‍ നിര്‍ത്തിയേനെ എന്നപ്പോള്‍ തോന്നി. ഏതോ കിണറ്റിന്നരികില്‍ ചെന്ന് അതിനെ കഴുകിച്ചു, അതൊരാണ്‍കുട്ടിയായിരുന്നു. വൈകാതെ എന്റെ മടിയില്‍ കിടന്നതുറങ്ങി. അതിന്റെ അമ്മയെ തിരഞ്ഞു നോക്കി. ആരൊക്കെയോ പറഞ്ഞു അതിന്റെ അമ്മ അപ്പുറത്ത്‌ സംസാരിച്ചു നില്‍ക്കുകയാണെന്ന്. ചിലര്‍ പറഞ്ഞു ആ അമ്മ എന്തൊരു കെയര്‍ ലെസ്സ്‌ എന്ന്. മടിയില്‍ ശാന്തമായുറങ്ങുന്ന കുഞ്ഞുമായി അവിടെ തന്നെ ഇരുന്നു.

അലാമടിയ്ക്കുന്ന ശബ്ദം ദൂറെ നിന്നും കേള്‍ക്കാം. മനസ്സ്‌ ഓടിപ്പാഞ്ഞെത്തി ചാടിയെണീറ്റു.
സമയം കൃത്യം അഞ്ചേമുക്കാല്‍. അതായത്‌ അഞ്ചര മുതല്‍ അടിയ്ക്കുന്നുണ്ടാവണം അലാം.

കാപ്പിയുണ്ടാകുമ്പോള്‍ മനസ്സില്‍ വീണ്ടും ചിത്രങ്ങളുടെ റിവൈന്‍ഡ്‌. ഒന്നും മറന്നുപോയിട്ടില്ല. സാധാരണ ഇത്രയും ഓര്‍മ്മ നില്‍ക്കാറില്ലല്ലോ എന്നോര്‍ത്തു. വിമാനത്തിന്റെ കഥയാണ്‌ മനസ്സില്‍. കഴിഞ്ഞ തവണ നാട്ടില്‍ നിന്നും വരുമ്പോള്‍, വിമാനം വല്ലാതെ കുടുങ്ങിയതും, നിയന്ത്രണം വിട്ട്‌ താഴേയ്ക്ക്‌ ഒരു രണ്ടു മൂന്നു സെക്കന്റ്‌ വീഴുന്നതായും തോന്നിയിരുന്നു, സംശയത്തോടെ എന്റെ ഭര്‍ത്താവിന്റെ മുഖത്തേയ്ക്കു നോക്കി, പരിഭ്രാന്തിയൊന്നും കണ്ടില്ലെങ്കിലും അദ്ദേഹവും എന്റെ മുഖത്തേയ്ക്കു നോക്കി. ഞാന്‍ പിന്നിലേയ്ക്കു തിരിഞ്ഞു നോക്കി. മുഖങ്ങള്‍ അസ്വസ്ത്ഥമാകുന്നുണ്ടോ എന്ന്. മുന്നിലിരിയ്ക്കുന്ന, പാതി കര്‍ട്ടനിടയിലൂടെ എയര്‍ ഹോസ്റ്റസ്സു മാരേയും നോക്കി. അവര്‍ മിണ്ടാതെ ബെല്‍ട്ടിട്ട്‌, പരസ്പരം നോക്കാതെ ഇരിയ്ക്കുന്നു. എന്തുകൊണ്ടോ മനസ്സില്‍ ഒരു ഭയം വന്നു, ദൈവനാമം ചെല്ലാന്‍ തുടങ്ങി.. എന്റെ മുഖഭാവം പലരും ശ്രദ്ധിച്ചു കാണുമെന്നുറപ്പായിരുന്നു. എയര്‍ഹോസ്റ്റസുമാര്‍ ഒരു ചിരി കൈമാറിയപ്പോള്‍ അതെന്റെ മുഖഭാവം കണ്ടുകൊണ്ടു തന്നെ എന്നുറപ്പിച്ചു. വിമാനത്തിന്റെ കുടുക്കം കൂടുന്നതായി തോന്നി. ആരെങ്കിലും എന്തു വേണമെങ്കിലും വിചാരിച്ചോട്ടെ, ദൈവത്തെ വിളിയ്ക്കാതെ വയ്യെന്ന് തോന്നി. നാരായണനെ മനസ്സിലുറക്കെ വിളിച്ചു. പെട്ടെന്നാണ്‌ അനൗന്‍സ്‌മന്റ്‌ വന്നത്‌, "സോറി ഫോര്‍ ദ ഇന്‍കണ്‍വീന്യന്‍സ്‌" എന്നോ മറ്റോ. അത്‌ മനസ്സിലാക്കാന്‍ പോലും പരിഭ്രമം അനുവദിച്ചില്ല. മേഘങ്ങള്‍ക്കിടയില്‍ പെട്ട്‌ അല്‍പം റഫ്‌ ആയിപ്പോയി എന്നോ എന്തോ കാരണം പറഞ്ഞുവത്രേ!
ഈ കുന്ത്രാണ്ടം എങ്ങനെ ഈശ്വരാ മര്യാദയ്ക്ക് താഴത്തിറങ്ങുമെന്ന് പരിഭ്രമിച്ചു വശംകെട്ടത്‌..
ആദ്യമായി വിമാനത്തില്‍ കയറിയ അന്ന് ജനാലയ്ക്കലിരുന്നു കൊണ്ട്‌ അതിന്റെ ഭീമാകാരങ്ങളായ ചിറകുകളില്‍ അവിടെയവിടെയായി ചെറിയ ചെറിയ തുരുമ്പുകള്‍ കണ്ണില്‍ പെട്ടപ്പോള്‍, അറിയാതെ ദൈവമേ.. എന്നു വിളിച്ചു പോയത്‌ .. :)
വിമാനം പൊങ്ങുമ്പോഴും പിന്നെ ഇറങ്ങുമ്പോഴും എപ്പോഴും ഉണ്ടാവാറുള്ള ഒരു ഉള്‍ഭയം.
ജൂണായാല്‍ നാട്ടിലേയ്ക്കു പോകാറായല്ലോ എന്നും ഓര്‍ത്തു.

അമ്മൂനും അനീത്തികുട്ടിയ്ക്കും പാല്‍ ഗ്ലാസ്സിലാക്കി കൊടുക്കുമ്പോള്‍ അനീത്തികുട്ടി ചോദിച്ചു -"അമ്മേ .. അമ്മ എന്തിനാ വെറുതെ ചിരിയ്ക്കുന്നത്‌?"

അപ്പോഴാണ്‌ അതുവരെ ആ കൊച്ചു കുഞ്ഞിനെ പറ്റി ഓര്‍ത്തതേയില്ലല്ലോ എന്നോര്‍ത്തു പോയത്‌.

Thursday, April 03, 2008

മറന്നു പോകുന്നത്

ഒരു ഗാനം
സുഖത്തിനു മേല്‍ സുഖമാവാന്‍
ചിലപ്പോള്‍ എല്ലാം മറന്ന്
മരിച്ചു പാടും.

ചോര ഇറ്റിയ്ക്കും വരെ
ഒരു വാക്കിനെ
മരിച്ചെഴുതും,

ആകാശം മുട്ടി
കുത്തനെ നിര്‍ത്താന്‍
ഒരു രേഖയെ
മരിച്ചു വരയ്ക്കും.

മരിച്ചുമരിച്ച്‌
മറന്നു മറന്നങ്ങനെ..

ഒരു ചിന്തയുടെ വക്ക്‌..
അതിനിടയിലെ
ഒരു നിമിഷത്തിന്റെ പകുതി..

ദൈവമേ..
മരിച്ചുപോകാനെന്തെളുപ്പാ!

Monday, March 17, 2008

ഒരു കേസ്.

നാട്ടിലെ സകല 'ശരികളും തെറ്റുകളും' കൂടി സംഘടിച്ച്‌ മനുഷ്യര്‍ക്കെതിരെ ഒരു സമരജാഥ തുടങ്ങുവാന്‍ തീരുമാനമെടുത്തിരിയ്ക്കുകയാണ്‌. വേണ്ടി വന്നാല്‍ ഒരു കലാപത്തിനും ആഹ്വാനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

മനുഷ്യര്‍ക്ക്‌, അവര്‍ ആപേക്ഷികങ്ങളാണെന്നു ഏതോ പൊതുസമ്മേളനത്തില്‍ തുറന്നടിച്ച്‌, മനുഷ്യക്കൂട്ടങ്ങള്‍ അവരെ വളച്ചൊടിച്ച്‌ പീഢിപ്പിച്ചുവെന്നതാണ്‌ പരാതി -

"പാസ്റ്റ്‌ ഈസ്‌ പാസ്റ്റ്‌! ഇന്നത്തെ വ്യവസ്ഥിതിയില്‍ ശരികളേയും തെറ്റുകളേയും ആപേക്ഷികങ്ങളായേ കാണാനാവൂ, അവര്‍ക്ക്‌ വ്യക്തമായ സ്ഥാനമാനങ്ങള്‍ കൊടുക്കുന്നത്‌ കൂടുതല്‍ അപകടങ്ങള്‍ക്ക്‌ വഴി തെളിച്ചേക്കും, കലഹങ്ങളുണ്ടായേക്കും.“
"നിന്റെ ശരി എനിയ്ക്കു തെറ്റ്‌, എന്റെ ശരി നിനക്കു തെറ്റ്‌ അതായിരിയ്ക്കണം നമ്മുടെ മാനദണ്ഡം."
"ഇന്നിനു ഇന്നിന്റെ ശരിതെറ്റ്, നാളേയ്ക്കു നാളത്തെ ശരിതെറ്റ്, അതുകൊണ്ട്‌ ഭൂതകാലത്തെ മറന്ന് വര്‍ത്തമാനത്തില്‍ എല്ലാം ആപേക്ഷികങ്ങളാക്കി ജീവിയ്ക്കുക, ശരിതെറ്റുകളുടെ കടന്നാക്രമണങ്ങളെ കാറ്റില്‍ പറത്തുക, അവരുടെ സ്ഥാനമാനങ്ങളെ പിഴുതെറിയുക, അവരുടെ ഒച്ചപ്പാടിനെ ഒറ്റപ്പെടുത്തുക ...."

എന്നിങ്ങനെ തുടരുന്ന മനുഷ്യശബ്ദങ്ങള്‍ മരത്തിനു മുകളില്‍ പരസ്പരം പുറംതിരിഞ്ഞിരിയ്ക്കുന്ന ഉച്ചഭാഷിണിയിലൂടെ നാടു മുഴുവന്‍ മുഴങ്ങി കേട്ടു.

സമരം ശക്തിപ്പെട്ടു. ഏതു നിമിഷവും ഒരു കലാ‍പം പൊട്ടുപ്പുറപ്പെടാം.
ആ 'വന്‍പ്രതീക്ഷ' അമ്പേ പരജായപ്പെട്ടു. ലാത്തിചാര്‍ജ്ജ്‌ വെറേയും.
കള്ളവും ചതിയുമില്ലാതെ, പൊളിവചനങ്ങളൊന്നുമില്ലാതെ, മാനുഷരെല്ലാം ‘ഒരുപോലെയായിരുന്ന’ സമ്പല്‍സമൃദ്ധികളോടെ ഈ ഭൂമി കാത്തുസൂക്ഷിച്ചിരുന്ന ഒരു രാജാവിനെ ഓര്‍ത്ത്‌ ശരിതെറ്റുകള്‍ ഒന്നടങ്കം നെടുവീര്‍പ്പിട്ടു. അന്നത്തെ നാട്ടാര്‍ ചിന്തിയ്ക്കുന്നതൊക്കെ ഒന്നായിരുന്നു!

സഹിയ്ക്കാനാവാതെ അവരില്‍ ചിലര്‍ പ്രക്ഷുബ്ദ്ധരായി. ചിലര്‍ മോഹാലസ്യപ്പെട്ടു വീണു. ഒരു കൂടിയാലോചന നടന്നു. ഏതെങ്കിലുമൊരു മൃഗകോടതിയെ സമീപിയ്ക്കാന്‍ തീരുമാനമായി. മൃഗകോടതി നിഷ്പക്ഷതയോടെ ഹര്‍ജിക്കത്ത്‌ ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ അവസാനനിമിഷത്തില്‍ മനുഷ്യരുമായി ഒരേറ്റുമുട്ടലിനില്ലെന്ന് മൃഗങ്ങള്‍ മുഖത്തു നോക്കി പറഞ്ഞു കളഞ്ഞു.

അവര്‍ കയ്യൊഴിഞ്ഞ സ്ഥിതിയ്ക്ക്‌ പിന്നീട്‌ മനുഷ്യകോടതിയെ തന്നെ സമീപിയ്ക്കണ്ടി വന്നു. പറയണ്ടതില്ലല്ലോ, മനുഷ്യരുടെ വക്കീല്‍ അതിസമര്‍ത്ഥനായിരുന്നു. തുലാസും പിടിച്ച്‌ സുന്ദരിയായി കണ്ണുകള്‍ മൂടിക്കെട്ടി നിന്നിരുന്നൊരു സ്ത്രീയെ അപേക്ഷാഭാവത്തില്‍ ഒന്നു നോക്കിയതു പോലും തെറ്റാക്കി തെളിവു സഹിതം കോടതിയെ അയാള്‍ വിശ്വസിപ്പിച്ചു. തെറ്റുകള്‍ ദുഃഖിച്ചു തല താഴ്ത്തി. ശരികള്‍ പ്രതീക്ഷ കൈവെടിയാതെ നെടുന്നനെ നിന്നു.

നിര്‍ഭാഗ്യവശാല്‍ എല്ലാ തെളിവുകളും അവര്‍ക്കെതിരായിരുന്നു. അങ്ങനെ അവര്‍ തോറ്റുതുന്നം പാടി. ഗത്യന്തരമില്ലാതെ നാടുവിടാന്‍ തീരുമാനിച്ചു. ദിവസം നിശ്ചയിച്ചു.

അതിനുമുന്‍പേ ആരുടേയോ ഉപദേശപ്രകാരം ഇപ്പോളവര്‍ മനഃസാക്ഷികളുടെ കോടതിക്കുമുന്‍പാകെ ഒരപ്പീല്‍ സമര്‍പ്പിച്ചിരിയ്ക്കുകയാണ്‌.

Wednesday, March 12, 2008

സുന്ദരമീ ..

ദൈവം എഴുതുകയാണ്‌ കഥകള്‍.
വാചകങ്ങള്‍ ചേരുംപടി ചേര്‍ത്തും
വേണ്ടുന്ന വലുപ്പത്തില്, അളന്ന്
‍കുറുക്കിയും നീട്ടിയും തുടരുമ്പോള്‍,

അതിന്റെ ഗതിയോ ഒടുക്കമോ
നിയന്ത്രണാധീനമാകുന്നില്ല
എന്നിടത്താവും ഒരുപക്ഷേ
ദൈവം എഴുത്ത്‌ ആസ്വദിയ്ക്കുന്നതും,
കഥകള്‍ സുന്ദരമാകുന്നതും,
വായനക്കാര്‍ പകച്ചു നില്‍ക്കുന്നതും!

Thursday, February 28, 2008

കുട്ടികളുടെ കഥകള്‍ - 2

രണ്ട്.

കഥ പറയുമ്പോള്‍..
കുട്ടികളോട് എളുപ്പത്തില്‍ ആശയവിനിമയം നടത്താവുന്ന ഒരു ഭാഷയുണ്ട് കഥകള്‍ക്ക്. കുട്ടികളുടെ ഭാഷയാണ് കഥകള്‍ എന്നും തോന്നാറുണ്ട്.

കുട്ടികള്‍ അവരുടെ മനസ്സു തുറക്കണമെന്നും, സ്കൂളില്‍ നടക്കുന്ന കാര്യങ്ങള്‍ പങ്കു വെയ്ക്കണമെന്നും, അവരുടെ കൂട്ടുകാരെ പറ്റിയും ടീച്ചര്‍മാരെ പറ്റിയും ബസ് ഡ്രൈവറങ്കിള്‍നെ പറ്റിയുമെല്ലാം പറയണമെന്നും ആഗ്രഹിയ്ക്കാത്ത മാതാപിതാക്കന്മാരുണ്ടാകുമോ? മാത്രവുമല്ല അത്തരത്തിലുള്ള ആശയവിനിമയ സ്വാ‍തന്ത്ര്യം കുട്ടികള്‍ക്ക് അവശ്യം വേണം താനും.

പക്ഷേ, എങ്ങനെ? ഇവിടേയും അതിനു നല്ലൊരു മാ‍ര്‍ഗ്ഗമായി കഥകളെ ഉപയോഗപ്പെടുത്താം.

കഥ പറയുമ്പോള്‍ നമുക്കു വേണ്ടി ഒഴിച്ചിട്ടിരിയ്ക്കുന്ന ധാരാളം ഇടങ്ങളുണ്ടാവും, ഓരോരോ ആശയങ്ങള്‍ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്ന ഇടങ്ങള്‍. നാം പോലും മുന്‍പ് തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇടങ്ങള്‍. വ്യക്തിപരമായി, എന്നെ സംബന്ധിച്ചിടത്തോളം കഥ പറഞ്ഞു കൊടുക്കാന്‍ ഒരു ആവേശമാണെനിയ്ക്ക്. കാരണം കഥയിലെ ഒളിഞ്ഞിരിയ്ക്കുന്ന ആശയങ്ങളെ കണ്ടുപിടിയ്ക്കലാണ് എനിയ്ക്കുള്ള ഇന്ധനം. അതെങ്ങനെയൊക്കെ അമ്മൂന് മനസ്സിലാവുന്ന ഭാഷയില്‍ വിശദീകരിയ്ക്കാം എന്ന ചിന്ത. പിന്നെ അറിയാതെ എന്റെ ശബ്ദത്തിനു വരുന്ന ഭാവമാറ്റങ്ങള്‍. അമ്മൂന്റെ മുഖത്ത് മാറിമാറി വരുന്ന ഭാവങ്ങള്‍. അവള്‍ ചിരിയ്ക്കാറുണ്ട്, ചിലപ്പോള്‍ കണ്ണുകള്‍ നനയ്ക്കാറുണ്ട്. അതുമല്ലെങ്കില്‍ ചിലപ്പോളവള്‍ ചിന്തിയ്ക്കുന്നത് മുഖത്ത് കാണാം. അത്രയ്ക്കും നന്നായി കഥ പറഞ്ഞുപോയോ എന്നെനിയ്ക്കു തന്നെ എന്നോട് ആശ്ചര്യം തോന്നിപ്പിയ്ക്കുന്ന വിധത്തില്‍.

ഒരു ദിവസാന്ത്യത്തില്‍ അവളേറ്റവും ഔത്സുക്യത്തോടെ ഉറ്റുനോക്കുന്ന സമയം ഒരുപക്ഷേ രാത്രി ഉറങ്ങാന്‍ കിടക്കുന്ന സമയമായിരിയ്ക്കും എന്നെനിയ്ക്കു തോന്നിയിട്ടുണ്ട്. അതിനു ശേഷം അവള്‍ താനേ മനസ്സു തുറക്കാറുണ്ട്, സ്കൂളിലെ കാര്യങ്ങള്‍, ബസിലെ യാത്രകള്‍, കൂട്ടുകാരെ കുറിച്ച്, സംശയങ്ങള്‍.. ചിലപ്പോള്‍ അവളെപ്പോഴെങ്കിലും പറയാന്‍ വിട്ടു പോയ കാര്യങ്ങള്‍ വരെ ഓര്‍ത്തെടുത്ത് പറയാറുണ്ട്. അമ്മ, മകള്‍ എന്നീ ‘രാജ്യാതിര്‍ത്തികള്‍‘ വിട്ട്, എല്ലാം പരസ്പരം പങ്കു വെയ്ക്കുക എന്നൊരു മാനസികതലത്തില്‍ ഞങ്ങളെത്തി നില്‍ക്കുന്നത് ആ നേരത്തായിരിയ്ക്കും, അല്ലെങ്കില്‍ ആ നേരത്തേ പതിവുള്ളു എന്നതാവും ഒരു പരമസത്യം!

(എന്നാലും അവര്‍ ഓരോ മിനുറ്റിലേയും, സെക്കന്റിലേയും കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ തുറന്നു സംസാരിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുമ്പോള്‍ ഒരു പരിധിയൊക്കെ വെയ്ക്കുന്നതു നല്ലതായിരിയ്ക്കും!)


എന്തായാലും കഥകളോടുള്ള അഭിനിവേശം മൂലം എത്ര നിര്‍ബന്ധിച്ചാലും പതിനൊന്നുമണി ആവാതെ ഉറങ്ങാന്‍ തയ്യാറാവാത്ത അവളിപ്പോള്‍ ഒന്‍പത് മണിയാവുമ്പോഴേയ്ക്കും താനേ കിടക്കയില്‍ വന്നു കിടന്നു തുടങ്ങിയെന്നത് ഒരു ബോണസ് തന്നെയെന്നും പറയാതെ പോകുന്നില്ല.

അതുപോലെ മുന്‍‌പുള്ളവര്‍ ഉണ്ടാക്കി വെച്ചതോ, അല്ലെങ്കില്‍ സന്തര്‍ഭോചിതം ആയ കഥകള്‍ക്കൊപ്പം നമ്മുടെ കുട്ടിക്കാലങ്ങളും സ്കൂള്‍ ജീവിതങ്ങളും നാട്ടിലെ വീടും പരിസരങ്ങളും, മുത്തശ്ശനും മുത്തശ്ശിയും എല്ലാം ഒരു കഥയുടെ രൂപത്തില്‍ അവരുമായി സംവദിയ്ക്കാം.
നമ്മുടെ നാടിനെ കുറിച്ചുള്ള ഓര്‍മ്മകളും, ഗൃഹാതുരതകളും ഇന്നത്തെ തലമുറയ്ക്കു നല്‍കാവുന്ന ഒരു സ്വത്താണ്. അത് നമ്മുടെ നഷ്ടങ്ങളല്ല, പകരം നമ്മുടെ തന്നെ കുട്ടികള്‍ക്കു പകര്‍ന്നു കൊടുക്കാനുള്ള ഓരോരുത്തരുടേയും സ്വകാര്യ സമ്പത്തായി അതിനെ കാണാം. നമ്മുടെ സുഖദുഃഖങ്ങളും അനുഭവങ്ങളും അവരറിയുന്നതിലൂടെ, ഗ്രഹിയ്ക്കുന്നതിലൂടെ അവയ്ക്കു പുതുജീവന്‍ വെയ്ക്കുകയല്ലേ? അര്‍ത്ഥം വെയ്ക്കുകയല്ലേ? ഇങ്ങനെയൊന്നിതിനെ കണ്ടാല്‍?
നമ്മുടെ മകന് / മകള്‍ക്ക് നാളെ വഴിയരികില്‍ ഒരു തണല്‍മരം വെച്ചു പിടിപ്പിയ്ക്കണമെന്നൊരു തോന്നലെങ്കിലും ഉണ്ടായാല്‍.. ??? ഒന്നു സങ്കല്‍പ്പിച്ചു നോക്കാവുന്നതേയുള്ളു !

നാടിനെ കുറിച്ചവരറിയുക മാത്രമല്ല അതിലൂടെ സാദ്ധ്യമാകുന്നത്,
നാട്ടിലെത്തുമ്പോള്‍ അവിടത്തെ അന്തരീക്ഷവും ബന്ധുക്കളും ബന്ധങ്ങളും എല്ലാം പെട്ടെന്നു മനസ്സു കൊണ്ട് ബന്ധിപ്പിയ്ക്കാനവരെ അത് സഹായിയ്ക്കുന്നു. നാടിനോടും, അവിടത്തെ ജീവിതരീതികളോടുമുള്ള അപരിചിതത്വം കുറയാന്‍ വളരെയേറെ ഇത്തരം ‘അനുഭവകഥകള്‍ക്ക്’ സാധിയ്ക്കുന്നു. നാട്ടിലെ കാക്കേം പൂച്ചേം പശുവും, മണ്ണും ഒന്നുമിവിടില്ലല്ലോ എന്നു കുണ്ഠിതപ്പെടുന്നതിനു പകരം അതെല്ലാം കഥകളിലൂടെ നമുക്കിവിടിരുന്നു സസുഖം പരിചയപ്പെടുത്താം, അറിയിയ്ക്കാം. അതിനു ഫലമുണ്ടാകുമെന്നതിനു നൂറു ശതമാനം ഗാരണ്ടി ഈ പോസ്റ്റ് തരുന്നു ! “മക്കള്‍ക്ക് നാട് പിടിയ്ക്കുന്നില്ല“ എന്നും മറ്റുമുള്ള വേവലാതികളുടെ ആവശ്യമേയില്ല, നമ്മള്‍ രക്ഷിതാക്കള്‍ തന്നെയൊന്നു മനസ്സു വെയ്ക്കുകയാണെങ്കില്‍.

ജോലിയ്ക്കു പോകുക, ശമ്പളം വാങ്ങുക, ഭക്ഷണം പാചകം ചെയ്യുക, വസ്ത്രങ്ങള്‍ വാങ്ങുക, ഒരു വീടു വെയ്ക്കുക എന്നതിനൊക്കെ ജീവിതത്തില്‍ നാം കല്‍പിച്ചു കൊടുക്കുന്ന അതേ മുന്‍‌തൂക്കം, അല്ലെങ്കില്‍ അതില്‍ക്കൂടുതലോ നമ്മുടെ കുട്ടികള്‍ക്കൊപ്പമുള്ള, ദിവസവും ഒരല്പസമയത്തെ ആശയവിനിമയത്തിനും കൊടുക്കാം. ഒരുപക്ഷേ ഏത് സ്വര്‍ണ്ണത്തേക്കാളും, ഉന്നത വിദ്യാഭ്യാസത്തേക്കാളും കുട്ടികള്‍ക്കു വരും നാളുകളില്‍ ഗുണപ്രദമായേക്കാവുന്ന ഒരു കാര്യമാവുമെന്നു തന്നെയാണെന്റെ വിശ്വാസം. വ്യക്തിപരമായി, എന്റെ ജീവിതത്തില്‍ പ്രായോഗികമാക്കണമെന്ന് വളരെയേറെ ആഗ്രഹിയ്ക്കുന്ന ഒന്നാണിത്.
ഇപ്പോള്‍ വായനക്കാര്‍ക്കും അങ്ങനെ തോന്നുന്നില്ലേ?


ആത്മവിശ്വാസത്തിന്റെ ഉറവിടം.
ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ഈയൊരു കാര്യവും കൂടിയൊന്നു പങ്കു വെയ്ക്കണമെന്നു തോന്നി.

ആലോചിച്ചിട്ടുണ്ടോ? പണ്ടൊക്കെ ഈ “ആത്മവിശ്വാസം” 'self confidence‘ എന്ന പദത്തിനു ഇത്രകണ്ട് പ്രാധാന്യം കൊടുത്തിരുന്നതായി തോന്നുന്നില്ല.
ഇപ്പോളൊന്ന് ബാത്രൂമിന്റെ വാതില്‍ തുറക്കാന്‍ വരെ “കോണ്‍ഫിഡന്‍സ്“ ആവശ്യമെന്ന നിലയാണ്!

ഒന്നോര്‍ത്താല്‍ അന്നത്തെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിച്ചു പോകുവാനുള്ള ആത്മവിശ്വാസമൊക്കെ അന്ന് താനേ കുട്ടികളില്‍ ഉണ്ടായിരുന്നിരിയ്ക്കണം, കാരണം ഒന്ന്, കൂട്ടുകുടുമ്പ വ്യവസ്ഥിതി ആയിരുന്നതു കൊണ്ടാവാം. കുട്ടികളൊക്കെ സ്വയം പര്യാപ്തരായിക്കോളും തനിയേ. രക്ഷിതാക്കള്‍ക്ക് ഓരോന്നിനും കുട്ടികളേയും നോക്കി നടക്കാനൊന്നും നേരമുണ്ടായിരിയ്ക്കയില്ല.

രണ്ട്. മറ്റുള്ളവരുമായുള്ള ഇടപഴകല്‍ ധാരാളമുണ്ടായിരുന്നിരിയ്ക്കണം, എനിയ്ക്കു തോന്നുന്നത് അന്ന് ‘താരതമ്യ പഠനങ്ങള്‍ക്കുള്ള‘ സാദ്ധ്യതകള്‍ കുറവായിരുന്നു. പരസ്പര വിശ്വാസവും, സ്നേഹവും, സഹായസഹകരണങ്ങളും ഇന്നത്തേതിലും കൂടുതല്‍ അന്നത്തെ സമൂഹത്തില്‍ കാണപ്പെട്ടിരുന്നതു കൊണ്ട് സമീപവാസികളായ എല്ലാ (പൊതുവേ) കുട്ടികളും ഒരുപോലെ മുറ്റത്തോ സ്ക്കൂള്‍ ഗ്രൌണ്ടിലോ വീട്ടുവളപ്പുകളിലോ ഒക്കെ ഒരുമിച്ച് കളിച്ചും, അടിച്ചു പിരിഞ്ഞും വളര്‍ന്നു വന്നിരുന്നതു നമുക്കൊക്കെ അറിയാം. അവിടെയെല്ലാവരുമൊരുപോലെ, എന്നേയുള്ളു. അത്തരം അനുഭവങ്ങള്‍ കുട്ടികള്‍ക്ക് ഒരു തരം ‘എക്സ്പോഷര്‍‘ തന്നെയാണല്ലോ. അവരങ്ങിനെയൊക്കെ കളിച്ചു വളര്‍ന്ന്, പഠിച്ച് വലുതായി, ജോലി കണ്ടെത്തി സ്വന്തം കാലില്‍ നിന്നു തുടങ്ങുന്നു. (പൊതുവെ) വേറെ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ തന്നെ.

ഇന്നിപ്പോള്‍ സ്ഥിതി മാറി. നല്ല വിദ്യാഭ്യാസം, ജോലി, കരിയര്‍ ഒക്കെ വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു, അതിനെ കുറിച്ചെല്ലാവരും ബോധവാന്മാരായി മാറുന്നു.
പക്ഷെ, കുട്ടികള്‍ക്ക് പണ്ടത്തെ പോലെയുള്ള ‘എക്സ്പോഷര്‍’ ഇപ്പോള്‍ കിട്ടുന്നില്ല (പ്രത്യേകിച്ചും ഇവിടെ) എന്ന ആകുലത പൊതുവേ പറഞ്ഞു കേള്‍ക്കാം.

എന്നാല്‍ അതേ തരത്തിലല്ലെങ്കില്‍ പോലും ഇന്നത്തെ ജീവിത സാഹചര്യങ്ങള്‍ക്കനുസൃതമായ തരത്തില്‍, കുട്ടികള്‍‍ക്കു വേണ്ടുന്ന ‘എക്സ്പോഷര്‍’ എങ്ങിനെയൊക്കെ കൊടുക്കാമെന്നു ഇന്നിന്റെ മാതാപിതാക്കളായ നമുക്കൊന്നു ചിന്തിച്ചു നോക്കാവുന്നതേയുള്ളു, നഷ്ടങ്ങളെ എണ്ണിപ്പെറുക്കുന്നതിലും, പ്രതികൂല സാഹചര്യങ്ങളെ (എന്നു നമുക്കു തോന്നുന്ന) കുറിച്ചും, കുഞ്ഞുങ്ങള്‍ക്കു ബാല്യം നഷ്ടപ്പെടുന്നുവെന്നും മറ്റും കൂടുതല്‍ വ്യാകുലപ്പെടുന്നതിലും എന്തുകൊണ്ടും അഭികാമ്യം അതല്ലേ? തിരഞ്ഞു നോക്കിയാല്‍ ധാരാളം ഓപ്ഷന്‍സ് കണ്ടുപിടിയ്ക്കാവുന്നാതേയുള്ളു.

പക്ഷെ ഇപ്പോള്‍ പലപ്പോഴും ഈ ‘ടാലന്റ്‘ എന്ന വാക്ക് പല ആശയക്കുഴപ്പങ്ങള്‍ക്കും ഒരു പരിധി വരെ കാരണമാകാറുണ്ടെന്നു തോന്നിയിട്ടുണ്ട്, പ്രത്യേകിച്ചും കുട്ടികളില്‍. അതിന്റെ പേരില്‍ കുട്ടികളില്‍ ചെലുത്തപ്പെടുന്ന സമ്മര്‍ദ്ദങ്ങള്‍ ചില്ലറയൊന്നുമല്ല.

ചെറിയ, വളര്‍ന്നു വരുന്ന കുട്ടികളില്‍ ടാലന്റുള്ളവര്‍, ഇല്ലാത്തവര്‍ എന്ന വേര്‍തിരിവ് ആവശ്യമുണ്ടോ വാസ്തവത്തില്‍? കാരണം അവര്‍ക്കെല്ലാവര്‍ക്കും എന്തെല്ലാമോ പ്രകടിപ്പിയ്ക്കേണ്ടതുണ്ട് ശരിയ്ക്കും. അതിനുള്ള സാഹചര്യങ്ങളാണവര്‍ക്കാവശ്യം. അല്ലേ?
ടാലന്റ് എന്നൊന്നില്ലേയില്ല എന്നു ഉദ്ദേശ്ശിയ്ക്കുന്നില്ല. ‘ടാലന്റുള്ള‘ കുട്ടികള്‍ അരങ്ങേറുകയും മറ്റുള്ള കുട്ടികള്‍ കാഴ്ചക്കാരായി നില്‍ക്കുകയും ചെയ്യുക എന്നൊരവസ്ഥയുണ്ടല്ലോ, അങ്ങനെ കാഴ്ചക്കാരായി നില്‍ക്കുന്നവര്‍ക്കു കഴിവോ / സര്‍ഗ്ഗവാസനകളോ ഇല്ലെന്നതിനര്‍ത്ഥമാക്കേണ്ടതില്ല.
അതിനു സ്കൂളുകള്‍ക്ക് പരിമിതികളുണ്ടാവാം, പക്ഷേ കുട്ടികള്‍ക്കൊപ്പമുള്ള രക്ഷിതാക്കള്‍ക്ക് ഈ പ്രോത്സാഹനം എങ്ങനെ വേണമെങ്കിലും കൊടുക്കാവുന്നതേയുള്ളു.

ഇപ്പോള്‍, കഥകളുടെ കാര്യം തന്നെ എടുത്തു നോക്കിയാല്‍ കഥകള്‍ ചില്ലറ സ്വാധീനങ്ങളല്ല കുട്ടികളില്‍ ഉണ്ടാക്കുന്നത് വാസ്തവത്തില്‍. രണ്ടു ദിവസം അവര്‍ക്ക് കഥ നേരാംവണ്ണം പറഞ്ഞുകൊടുത്തു നോക്കൂ, മൂന്നാം ദിവസം അവരും തുടങ്ങും കഥ പറയാന്‍. പരസ്പര ബന്ധമില്ലാതെ, വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന മട്ടില്‍. അവരെ അത് മുഴുവനും പറയാന്‍ അനുവദിയ്ക്കാം..
എന്തൊക്കെയോ ചിത്രങ്ങള്‍ അവര്‍ മനസ്സില്‍ കാണുന്നു. അതെല്ലാം പ്രകടിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നു. അവരുടെ ഭാവന വളരട്ടെ. കാര്യങ്ങള്‍ Imagine ചെയ്യാന്‍ ശീലിയ്ക്കട്ടെ.

imagination.

(imagination- നെ കുറിച്ച് കൂടുതല്‍ വ്യക്തമാക്കണമെങ്കില്‍ ഒരു പോസ്റ്റിനുള്ള വകുപ്പുണ്ടെന്നു തോന്നുന്നു. അറിവുള്ളവരാണല്ലോ അതിനു കൂടുതല്‍ നല്ലത്.)

എഴുതാറായ കുട്ടികളാണെങ്കില്‍ അതെഴുതി വെയ്ക്കുവാന്‍ പ്രേരിപ്പിയ്ക്കാം. അതിനെ അഭിനന്ദിയ്ക്കാം. മനസ്സിലുള്ളത് എഴുതാനോ അല്ലെങ്കില്‍ കുറഞ്ഞത് അതു തിരിച്ചറിയാനോ എങ്കിലും അവരെ അത് സഹായിച്ചേക്കും. ഒരുപക്ഷേ അവരത് ഒരു ചിത്രത്തിന്റെ രൂപത്തില്‍ കടലാസിലേയ്ക്ക് പകര്‍ത്തിയെന്നും വരാം. എങ്കിലത് ചെയ്യട്ടെ.

കഥ പറഞ്ഞു കൊടുത്ത ഡോസ് കൂടിയിട്ടാണോ എന്നറിയില്ല, അമ്മൂന് ഇപ്രാവശ്യം ഫസ്റ്റടിച്ചത് “Story telling” – നായിരുന്നു! ഓരോ സന്ദര്‍ഭങ്ങളും വിട്ടു പോകാതെ കോര്‍ത്തിണക്കി വാചകങ്ങളുണ്ടാക്കി കഥ പറഞ്ഞു തുടങ്ങി അവളിപ്പോള്‍. അത്യാവശ്യം അതൊക്കെ പെറുക്കി പെറുക്കി എഴുതാനും വരയ്ക്കാനുമൊക്കെ ശീലിച്ചു തുടങ്ങി. ഇതുപൊലുള്ള സര്‍ഗ്ഗവാസനകള്‍, ഒരുമാതിരിപ്പെട്ട എല്ലാ കുട്ടികളിലുമുണ്ടാവും എന്ന് തന്നെയാണെന്റെ ഉറച്ച വിശ്വാസം. അത് സംഗീതമായാലും എഴുത്തായാലും ചിത്രം വരയ്ക്കലായാലും കളികളായാലും ഓരോന്നും ചെറുപ്പം മുതലേ പ്രോത്സാഹിപ്പിയ്ക്കുന്നതു കൊണ്ടുള്ള ഒരു ഗുണം, അവര്‍ താനേ ഇതില്‍ നിന്നുമൊക്കെ ‘ആത്മവിശ്വാസം’ നേടിയെടുക്കുന്നുണ്ട്.

പണ്ട് സ്ക്കൂളില്‍ ‘വര്‍ക് എക്സ്പീരിയന്‍സ്‘ എന്നൊരു പീര്യഡ് ഉണ്ടായിരുന്നു. അത്
പ്രയോജനപ്രദമായിത്തീര്‍ന്നിരുന്നുവോ ഇല്ലയോ, അതെന്തായാലും ആ പദമാണ് ഇവിടെ യഥാര്‍ത്ഥത്തില്‍ ഉദ്ദേശ്ശിയ്ക്കുന്നത്. ‘പ്രവൃത്തി പരിചയം‘ എന്ന അതിന്റെ അര്‍ത്ഥത്തിന് ഒരുപാട് വിലയുണ്ട്, ഗുണമുണ്ട്. അവര്‍ ചെയ്തു പരിചയിയ്ക്കട്ടെ.


ഓരോ പ്രാവശ്യവും സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി ആവശ്യാനുസരണം ചോക്ലേറ്റും ഐസ്ക്രീമും ടോയ്സും മേടിച്ചു കൊടുക്കുന്നതിനു പകരം അവരിങ്ങനെ എന്തെങ്കിലും ഉത്സാഹത്തൊടെ, സന്തോഷത്തോടെ ചെയ്യുമ്പോള്‍ ഓരോ ചോക്ലേറ്റോ ഐസ്ക്രീമോ അല്ലെങ്കില്‍ ടോയോ മേടിച്ചു കൊടുത്തു നോക്കൂ, അതുമെപ്പൊഴുമില്ലാതെ ഒരു സസ്പെന്‍സായി. മൂന്നു ഗുണങ്ങള്‍ ഗ്യാരണ്ടി.
പൈസ ലാഭം, ‘ചോക്ലേറ്റൈസ്ക്രീംടോയ്സ്’ അഡിക്ഷന്‍ കുറയല്‍, അതിനൊക്കെ പുറമേ നല്ലൊരു (ആപേക്ഷികം, ഒരുദാഹരണം പറഞ്ഞന്നേയുള്ളൂ. മനോധര്‍മ്മം പൊലെ ചെയ്യാം) പ്രോത്സാഹന മാര്‍ഗ്ഗവും !
ഇതൊന്നുമില്ലെങ്കിലും അവര്‍ക്കു മിനിമം ഒരു മൂന്നുമ്മയെങ്കിലും കൂടുതല്‍ കൊടുക്കൂ! അങ്ങനെ കൊടുക്കപ്പെടുന്ന ഉമ്മകള്‍ക്ക് മാധുര്യമേറും.

എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നും ‘ടാലന്റ്” ഉണ്ടോ ഇല്ലയോ എന്നൊന്നും നോക്കേണ്ടതില്ല, നേരെ മറിച്ച് കുട്ടികളെ എന്തും ചെയ്യാന്‍ അനുവദിയ്ക്കുക എന്നതിലാണ് കാര്യം എന്നു തോന്നാറുണ്ട്. ഇവിടെ കളികളും മറ്റും കുറവാണെന്നതു കൊണ്ട് റ്റി.വി യിലേയ്ക്കുള്ള താല്പര്യം കൂടാനുള്ള സാധ്യതകളും ഉണ്ടല്ലോ. അവരെ കഴിയുന്നത്ര ചെയ്യാനനുവദിയ്ക്കാം, ചെയ്യുന്നതിനെ അഭിനന്ദിയ്ക്കാം, പ്രോത്സാഹിപ്പിയ്ക്കാം, അത്രമാത്രം. ഒരു ഡ്രോയിംഗ് ബുക്കോ കളര്‍ ബുക്കോ കളര്‍ പെന്‍സിലുകളോ അല്ലെങ്കില്‍ കഥാ പുസ്തകങ്ങള്‍, കുത്തിക്കുറിയ്ക്കാനൊരു നോട്ടുപുസ്തകം, എന്തെങ്കിലും “കളക്റ്റ്” ചെയ്യാനൊരു ഫയല്‍, സ്പോര്‍ട്സ് അങ്ങനെ എന്തും. ഒന്നുമില്ലെങ്കില്‍ പാര്‍ക്കില്‍ കൊണ്ടുപോയി യഥേഷ്ടം കളിയ്ക്കാന്‍ അനുവദിയ്ക്കാം, അവരുടെ കൂട്ടുകാരായ മറ്റു കുട്ടികളേയും ഒപ്പം ചേര്‍ക്കാം. എന്തെങ്കിലുമൊക്കെ ചെയ്തു നോക്കൂ. റ്റി.വി. യല്ലാതെയുള്ള മറ്റു ഓപ്ഷന്‍സും ഇതിലുടെ അവര്‍ക്കു തുറന്നു കിട്ടുന്നു. തുടക്കത്തിലേ ഒരു മത്സരത്തിന്റേയോ, അല്ലെങ്കില്‍ ഒരു സ്റ്റേജിലരങ്ങേറുന്നതിന്റേയോ സമ്മര്‍ദ്ദങ്ങളില്ലാതെ, അവരെ സ്വതന്ത്രമായി ചെയ്യാന്‍ വിടുകയാണെങ്കില്‍? ഇത്തരത്തിലൊന്നു ചിന്തിയ്ക്കേണ്ടതാണെന്നു വിശ്വസിയ്ക്കുന്നു.


അതില്‍ നിന്നും അവര്‍ പതുക്കെ പതുക്കെ ആര്‍ജ്ജിയ്ക്കുന്ന ആത്മവിശ്വാസത്തെ കുറിച്ച് ഒന്നു ചിന്തിച്ചു നോക്കാം. ഈ സ്വരുക്കൂട്ടി വെച്ചിരിയ്ക്കുന്ന ആത്മവിശ്വാസം പിന്നീട് ഒരല്പമെങ്കിലും അവരെ സഹായിയ്ക്കില്ലേ? അവരുടെ വ്യക്തിത്വത്തെ സ്വാധീനിയ്ക്കില്ലേ?
കാരണം സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയല്ലാതെ പൂര്‍ണ്ണ സന്തോഷത്തോടെ / സ്വാതന്ത്ര്യത്തോടെ ആസ്വദിച്ചാണവര്‍ വരയ്ക്കുന്നത്, അല്ലെങ്കില്‍ എഴുതുന്നത്, പാടുന്നത്, ഓടുന്നത്. അതവര്‍ യഥേഷ്ടം ചെയ്യട്ടെ ആദ്യം, ചെയ്തു പരിചയിയ്ക്കട്ടെ. തുടര്‍ന്ന് സ്വാഭാവികമായ ഒരൊഴുക്കില്‍ അടുത്ത പടികളിലേയ്ക്ക് സഞ്ചരിയ്ക്കാവുന്നതേയുള്ളു.

അതുകൊണ്ട് എന്റെ കുട്ടിയ്ക്ക് ‘ടാ‍ലന്റ്’ ഉണ്ടോ ഇല്ലയോ എന്നൊന്നും സംശയിയ്ക്കേണ്ടതില്ല. അതീന്റെ പേരില്‍ കുട്ടിയെ കുറേയധികം ക്ലാസുകള്‍ക്കും മറ്റുമയച്ച്, കഷ്ടപ്പെടുത്തേണ്ടതുമില്ല. ഒന്നു ശ്രദ്ധ വെച്ചാല്‍ കുട്ടിയിലെ സര്‍ഗ്ഗവാസനകള്‍ / താല്പര്യങ്ങള്‍ പുറത്തു വന്നുകൊള്ളും. പിന്നെയതിനെ പ്രോത്സാഹിപ്പിയ്ക്കുകയേ വേണ്ടൂവെന്നാ‍ണെന്റെ തോന്നല്‍, ആത്മവിശ്വാസവും താനേ കൈവന്നു കൊള്ളും.

എന്തു തോന്നുന്നു?

(സ്റ്റേജിലരങ്ങേറുന്നതിനേയും മറ്റും എതിര്‍ക്കുകയല്ല, പക്ഷേ അതില്‍ നിന്നും സ്വാഭാവികമായും അച്ഛനമ്മമാര്‍ക്കും, കുട്ടികള്‍ക്കും ഒരുപൊലെയുണ്ടായേക്കാവുന്ന അമിതസമ്മര്‍ദ്ദങ്ങളും, പ്രശംസകളും, (പ്രശസ്തിയും) മറ്റും ഏതെങ്കിലും തരത്തില്‍ കൊച്ചുകുട്ടികളില്‍ ഒരു വിപരീത ഫലമുണ്ടാക്കരുതെന്നേ ഉദ്ദേശ്ശിച്ചുള്ളു. )


‘കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ പത്തു വഴികള്‍“ എന്നൊന്നും ഇതുവരെ കണ്ടിട്ടില്ല. അതിനങ്ങനെ പ്രത്യേകിച്ചൊരു വഴിയും ഉള്ളതായി അറിവില്ല. അതിനെല്ലാ ഘട്ടത്തിലും ഒരു ‘പ്രോസസ്’ നില മാത്രമേ സംജാതമാകുന്നുള്ളുവെന്നും തോന്നിയിട്ടുണ്ട്. ഓരോ ഘട്ടങ്ങളിലും പുതുത് പുതുത് കുട്ടികളോടൊപ്പം തന്നെ അമ്മയുമച്ഛനും പഠിച്ചു / മനസ്സിലാക്കി കൊണ്ടിരിയ്ക്കുന്ന ഒരു പ്രോസസ്. ഒരു കുട്ടിയെ പ്രസവിച്ചു കഴിഞ്ഞ നിമിഷം മുതല്‍ തുടങ്ങുന്ന ഒരു പ്രോസസ്. ഇതില്‍ ആത്യന്തികമായി ഇന്നത് ശരി, ഇന്നത് തെറ്റ് എന്നെങ്ങനെ പറയും?!

ഇപ്പോഴത്തെ കുട്ടികള്‍ പൊതുവേ ഭാവിയെ കുറിച്ചുള്ള വ്യക്തമായ ധാരണകളുള്ളവര്‍ തന്നെയാണ്. പഠിപ്പിന്റെ പ്രാധാന്യം മനസ്സിലാക്കുന്നവരുമായാണ് പൊതുവേ കാണപ്പെടുന്നതും. പണ്ട് ക്ലാസ്സുകളില്‍ നന്നായി പഠിയ്ക്കുന്നവര്‍, പഠിയ്ക്കാത്തവര്‍ എന്ന വേര്‍തിരിവ് നന്നായുണ്ടായിരുന്നു. ഇന്ന് ഒരുവിധം നല്ല മാര്‍ക്ക് സ്കോറ് ചെയ്യുന്നവരാണ് കൂടുതലും, ‘അംബീഷ്യസ്’ ആയ ഒരുപാടു പേരെ ഇന്നു കാണുവാന്‍ സാധിയ്ക്കും. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിയ്ക്കുന്നവര്‍ കഷ്ടപ്പെട്ടു തന്നെ കുട്ടികളെ പഠിപ്പിയ്ക്കാന്‍ മനസ്സു കാണിയ്ക്കുന്നുണ്ട്. അവര്‍ പഠിയ്ക്കുന്നുമുണ്ട്. പഠിപ്പിന്റെ ‘വില‘ അറിഞ്ഞു വളരുന്നവരാണിന്നത്തെ മിക്ക കുട്ടികളുമെന്നു തോന്നാറുണ്ട്. (വ്യക്തിപരം.)
പക്ഷേ, ഈയൊരു പരാക്രമങ്ങള്‍ക്കിടയില്‍ വളരെയധികം പ്രാധാന്യം കൊടുക്കേണ്ടുന്ന, ജീ‍വിതത്തിലെ മൂല്യാധിഷ്ഠിതങ്ങളായ വിചാരങ്ങളും, പ്രവൃത്തികളും ഒരിയ്ക്കലും വിസ്മരിയ്ക്കപ്പെട്ടു പോകരുത്, കുട്ടികളതറിയാതെ പോകരുത് എന്നത് പരമാര്‍ത്ഥമല്ലേ? മാനസീകാ‍രോഗ്യം, മറ്റെന്തിനേക്കാളും എന്നു തന്നെ പറയട്ടെ, പരമപ്രധാനം തന്നെയല്ലേ?

ഇവിടെ, ലേഖികയടക്കമുള്ള മാതാപിതാക്കള്‍ക്ക് അതിന്റെ വലുതായ ഉത്തരവാദിത്തം അവരവരുടേയും, പരോക്ഷമായി മറ്റു കുട്ടികളോണ്ടുമുണ്ടെന്നു ഇത്രയുമെഴുതി തീര്‍ന്നപ്പോള്‍ കൂടുതല്‍ തിരിച്ചറിയുകയാണ്, അതിനു വേണ്ടി സമയം കണ്ടെത്തേണ്ടതുണ്ടെന്നും മനസ്സിലാക്കുകയാണ്.
അതുകൊണ്ടുതന്നെ എല്ലാ അച്ഛനമ്മമാര്‍ക്കും അവരവരുടെ അനുഭവങ്ങളും, ചിന്തകളും ഇതുപോലെയല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പങ്കു വെയ്ക്കുവാന്‍ ഈയൊരു പോസ്റ്റ് പ്രേരണയാകണമെന്നാണ് ആഗ്രഹം. അതാണിതിന്റെ ഉദ്ദേശ്ശവും, നമ്മുടെ കുട്ടികള്‍ക്കു വേണ്ടി.

- തലക്കാലം അവസാനിപ്പിച്ചു.



അടിക്കുറിപ്പ്.



ഇങ്ങനെയൊരു പോസ്റ്റ് ഇടാന്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രേരണയായ കുറച്ച് പോസ്റ്റുകള്‍ ഉണ്ട്. എല്ലാം വായിച്ചു ചിന്തിച്ചപ്പോള്‍ വ്യക്തിപരമായ അനുഭവത്തിലൂടെ, ഇത്തിരി ചിന്തകള്‍ പങ്കുവെയ്ക്കണമെന്നു തോന്നി. ലിങ്കുകള്‍ ഇടാതിരിയ്ക്കുന്നില്ല.

1, 2, 3, 4

Sunday, February 24, 2008

കുട്ടികളുടെ കഥകള്‍ - 1

ഒന്ന്.

ഇപ്പോഴത്തെ കാലത്ത് കുട്ടികളേ ‘നേരാംവണ്ണം‘ വളര്‍ത്തിയെടുക്കുക എന്നാല്‍ സ്നേഹം, കര്‍ത്തവ്യം, എന്നതിനൊക്കെ മറികടന്ന്, അതൊരു വിഷമം പിടിച്ച പണി തന്നെയായി തീര്‍ന്നിരിയ്ക്കുന്നു. അങ്ങനെ കുറച്ചെങ്കിലും തോന്നിയിട്ടില്ലേ? പണ്ടത്തെ “ആ, കുട്ട്യോള് നന്നായാല്‍ നന്നായി, അല്ലെങ്കില്‍ വിധി!” എന്ന കാഴ്ചപാടൊക്കെ എന്നേ മണ്മറഞ്ഞു. ഇന്ന് മാതാപിതാക്കള്‍ മക്കള്‍ക്കായാണ് ജീവിയ്ക്കുന്നത് എന്നൊരു മട്ടിലേയ്ക്കു തന്നെ എത്തിപ്പെട്ടിട്ടുണ്ട്. ഇല്ലേ?

പക്ഷേ, മക്കള്‍ക്കായി ജീവിച്ചാല്‍ മാത്രം പോരല്ലോ, മക്കളെ ജീവിയ്ക്കാനും കൂടി പഠിപ്പിയ്ക്കണ്ടേ. അവിടെയാണ് മുന്‍പ് പറഞ്ഞ ‘വിഷമം പിടിച്ച പണി’ എന്നു തോന്നാറുണ്ടെനിയ്ക്ക്. പൊതുവേ ഈയുള്ളവളടക്കമുള്ള മാതാപിതാക്കള്‍ (പ്രത്യേകിച്ചും കേരളീയര്‍) തങ്ങളുടെ മക്കള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കണം, അവരെ പഠിപ്പിച്ച് വലുതാക്കണം നല്ല നിലയിലാക്കണം എന്നതിനൊക്കെ പുറമേ ‘എന്റെ മക്കളെ നേരാവണ്ണം ജീവിയ്ക്കാന്‍ പഠിപ്പിയ്ക്കണം‘ എന്നൊന്നും സാധാരണ ചിന്തിയ്ക്കാറു പതിവില്ല.അങ്ങനെ മക്കള്‍ സ്കൂളില്‍ എപ്ലസ് ഗ്രേഡും കിട്ടി, ഗോള്‍ഡ് മെഡലും കിട്ടി, വിദേശത്ത് ജോലിയും കിട്ടി, കല്യാണോം കഴിച്ചു, എന്നിട്ട് അമ്മേം അച്ഛനേം വിട്ട് സ്വന്തം കാലില്‍ ജീവിയ്ക്കാന്‍ തുടങ്ങുമ്പോഴാവും പ്രശ്നങ്ങളുടേയും പ്രതിസന്ധികളുടേയും കുത്തൊഴുക്കുകള്‍. അതിനൊക്കേയും പരിഹാരം കണ്ട് എല്ലാം ഒരുവിധത്തില്‍ ഒതുക്കി കൊണ്ടുവരുമ്പോഴേയ്ക്കും ചിലപ്പോള്‍ അമ്മേം അച്ഛനേം ഒന്നു തിരിഞ്ഞു നോക്കാനൊന്നും മക്കള്‍ക്ക് ഇട കിട്ടിയെന്നു വരില്ല. (സ്വാഭാവികം!) അച്ഛനമ്മമാര്‍ക്ക്, മക്കള്‍ക്ക് വേണ്ടി ജീവിച്ച് അവരിപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ലല്ലോ എന്ന ദുഃഖം ബാക്കി; മക്കള്‍ക്കോ? അവരവരുടെ പ്രശ്നങ്ങള്‍ തീര്‍ത്ത് മനഃസമാധാനത്തോടെ ജീവിയ്ക്കാനാവുന്നില്ലല്ലോ എന്ന വ്യസനവും. (അതും സ്വാഭാവികം!). ഇതിനര്‍ത്ഥം വിദ്യാഭ്യാസം ആവശ്യമേയില്ലാ എന്നല്ല, വിദ്യാഭ്യാസം മാത്രം പോരാ എന്നേ ഉദ്ദേശ്ശിയ്ക്കുന്നുള്ളു. കാരണം മുന്‍‌പറഞ്ഞയിടത്ത് സംഭവിയ്ക്കുന്നത് ആകെ ജീവിതം ഒരു നിരാശാസാഗരം, അല്ലെങ്കില്‍ ഒരസംതൃപ്തി വന്നു പെടുന്നു. അല്ലേ? ഈയൊരു രീതി ഇപ്പോള്‍ നിത്യക്കാഴ്ചയായി മാറിയിരിയ്ക്കുന്ന എത്രയോ സാഹചര്യങ്ങള്‍ നമുക്കു ചുറ്റും ധാരാളം കാണാം.

സ്കൂളിലെ / അക്കാഡമിക് തലത്തിലെ ഉന്നത വിദ്യാഭ്യാസം കൊണ്ടു മാത്രം ഒരു കുട്ടിയ്ക്ക്, ഭാവിയില്‍ അവനവനും മറ്റുള്ളവര്‍ക്കും ഒരുപോലെ സമാധാനം / സന്തോഷം നല്‍കിക്കൊണ്ട് ഒരു ‘ബാ‍ലന്‍സ്ഡ്‘ ജീവിതം നയിയ്ക്കാനാവുമോ? ജീവിതത്തെ ധൈര്യത്തോടെ അഭിമുഖീകരിയ്ക്കാനുള്ള പാഠങ്ങള്‍ എങ്ങനെ അവനെ / അവളെ പഠിപ്പിയ്ക്കും? മൂല്യങ്ങള്‍ എങ്ങനെ പകര്‍ന്നു കൊടുക്കും? ജീവിതത്തിന്റെ അനിശ്ചിതത്വത്തിനെ കുറിച്ചെങ്ങനെ ബോധവാന്മാരാക്കും? കുറഞ്ഞത് അതിനുള്ള ഒരു മനോഭാവമെങ്കിലും കുട്ടികളില്‍ എങ്ങനെ ഉണ്ടാക്കിയെടുക്കും?

വളരെ വിഷമം പിടിച്ച ചോദ്യമാണത്. ഒരു നൂറായിരം ഉത്തരങ്ങള്‍ എല്ലാ മാതാപിതാക്കള്‍ക്കും പറയാനുണ്ടാവും, ഓരോരുത്തരുടേയും അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി.കേവലം വ്യക്തിപരമായ എന്റെ പരിമിതമായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, അതിനൊക്കെ സഹായിയ്ക്കാമെന്ന് എനിയ്ക്കു തോന്നിയിട്ടുള്ള ഏറ്റവും ലളിതമായ ഒരു മാര്‍ഗ്ഗത്തെകുറിച്ച് പങ്കുവെയ്ക്കലാണീ പോസ്റ്റിന്റെ ഉദ്ദേശ്ശം. ഒരുപക്ഷേ എല്ലാവരും ചെയ്യുന്ന കാര്യമായിരിയ്ക്കാം, നിസ്സാരമെന്നു തോന്നിപ്പിയ്ക്കുന്നതുമായിരിയ്ക്കാം, എന്നാലും ഈ പോസ്റ്റ് കൊണ്ട് അതിനൊരു ഊന്നല്‍ കൊടുക്കണമെന്ന് ആഗ്രഹിയ്ക്കുന്നു.

ഒപ്പം ഒരു മുന്‍‌കൂര്‍ ജാമ്യവും.
വളരെ കുറഞ്ഞ കാലത്തെ അനുഭവത്തില്‍ ആലോചിച്ചു കൂട്ടിയിട്ടുള്ള കാര്യങ്ങള്‍, ജീവിതത്തില്‍ നടപ്പാക്കണമെന്ന് ആ‍ഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍, ഇതൊക്കെ പങ്കുവെയ്ക്കുക എന്നൊരു ഉദ്ദേശ്ശം മാത്രമായി ഈ പോസ്റ്റിനെ കാണുക.

സത്യത്തില്‍ ഇപ്പോഴത്തെ ഒരു ചുറ്റുപാടില്‍ കുട്ടികള്‍ക്ക് ‘മൂല്യങ്ങളെ‘ പറ്റി എങ്ങിനെ എളുപ്പത്തില്‍ പകര്‍ന്നു കൊടുക്കും, എന്നത് വലിയൊരു അദ്ധ്വാനമായി എനിയ്ക്കു വ്യക്തിപരമായി തോന്നിയിട്ടുണ്ട്. നുണ പറയരുത്, അന്യരെ ബഹുമാനിയ്ക്കണം, ജീവജാലങ്ങളോട് കരുണ വേണം, എന്നൊക്കെ ഒറ്റയിരുപ്പില്‍ പറഞ്ഞുകൊടുത്തോ, അടിച്ചു പേടിപ്പിച്ചോ അവരെ പറഞ്ഞു മനസ്സിലാക്കുക എളുപ്പവുമല്ല, അത് അഭികാമ്യവുമല്ല.

“ഓരോ മനുഷ്യരും ഓരോ രാജ്യമാണ്“ എന്ന ഈ പ്രയോഗമൊന്ന് തല്‍ക്കാലം കടമെടുക്കുകയാണെങ്കില്‍, ഓരോ മനുഷ്യകുട്ടികളും ഓരോ ചെറുനാട്ടുരാജ്യങ്ങള്‍ കൂടിയാണെന്നു വേറെ കൂട്ടിച്ചേര്‍ക്കുവാനെനിയ്ക്കു തോന്നുന്നു! അവരുടെ നേര്‍ത്ത അതിര്‍ത്തിവരമ്പുകള്‍ ലംഘിയ്ക്കപ്പെടുമ്പോള്‍, ഒച്ചയെടുക്കാനറിയാത്തവരാണവര്‍, നിഷ്കളങ്കരാണവര്‍.കുട്ടികള്‍ നമ്മുടെ വീട്ടിലേയ്ക്കു വരുന്ന അതിഥികളെ പൊലെയാണെന്നതും എവിടേയോ വായിച്ചത് ഇതോടു ചേര്‍ത്ത് വായിയ്ക്കാം.അല്ലാതെ, മാതാപിതാക്കളുടെ സ്വപ്നസാക്ഷാരങ്ങള്‍ക്കും ആഗ്രഹപൂര്‍ത്തീകരണങ്ങള്‍ക്കും വേണ്ടി എന്തിനേറെ, ഒരിയ്ക്കലും മതിവരാത്ത സ്നേഹം കൊണ്ട് മക്കളെ എക്കാലവും ചിറകിന്‍ കീഴില്‍ സംരക്ഷിച്ച് (protect) നിര്‍ത്താന്‍ കൂടിയും, പല വിധത്തില്‍ അമിത സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി ഉപയോഗിയ്ക്കപ്പെടുന്നവരാ‍വരുത് കുട്ടികള്‍ എന്നൊക്കെ പറയുന്നതിനെ കുറിച്ച് തീര്‍ച്ചയായും നാം ഇനിയും കൂടുതല്‍ ചിന്തിയ്ക്കേണ്ടതുണ്ട്. ഗൌരവപരമായി എടുക്കേണ്ടതുണ്ട്.

കുട്ടികളില്‍ രൂപം കൊള്ളുന്ന അവരുടെ തോന്നലുകള്‍ക്കും, ഇഷ്ടങ്ങള്‍ക്കും, താല്പര്യങ്ങള്‍ക്കും ചെറിയ ചെറിയ അറിവുകള്‍ക്കും അതര്‍ഹിയ്ക്കുന്ന ഒരു പ്രാധാന്യം തീര്‍ച്ചയായുമുണ്ടെന്ന് വിശ്വസിയ്ക്കുന്നു. അവയൊന്നും പരിഗണിയ്ക്കപ്പെടാതെ ലോകതത്വങ്ങളും, ശരിതെറ്റുകളും, അവരോട് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പിന്നാലെ നടന്ന് ഗുണദോഷിച്ചിട്ട് ഒരു കാര്യവുമില്ല എന്നതാണ് എന്റെ അനുഭവം. അതിനൊരു കാരണംഎത്ര ഉപദേശിച്ചാലും ദേഷ്യപ്പെട്ടാലും അവരുടെ താല്പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും തന്നെയാണവര്‍ മുന്‍‌ഗണന കൊടുക്കുന്നത്, നമ്മളെ പോലെ തന്നെ! അതുകൊണ്ടു തന്നെ അതര്‍ഹിയ്ക്കുന്ന പ്രാധാന്യം കൊടുക്കാതെ വയ്യ. അതിനനുസൃതമായ ഒരാശയവിനിമയ മാര്‍ഗ്ഗവും ഇല്ലാ‍ത്തെ വയ്യ.

എന്നാല്‍, “കുട്ട്യോളല്ലേ, തെറ്റൊക്കെ പറ്റും, പിടിവാശീം ഉണ്ടാവും, പോട്ടെ..” എന്ന് കാര്യമാക്കാതെ അലസിക്കളയുന്നതും കുഴപ്പമാണ്. കാരണം അവര്‍ക്കിന്ന് സ്വന്തമായി അറിവുകള്‍ നേടാനും, ആശയങ്ങള്‍ രൂപീകരിച്ചെടുക്കാനും ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്, സാഹചര്യങ്ങളുണ്ട്. എന്റെ അച്ഛനമ്മമാരെ പോലെയല്ല, കൂട്ടുകാരിയുടെ / കാരന്റെ അച്ഛനുമമ്മയും, അവരങ്ങനെ ചെയ്യുന്നുണ്ടല്ലോ അപ്പോളെന്തുകൊണ്ടെനിയ്ക്കും ചെയ്തുകൂടാ, എന്തുകൊണ്ടെന്റെ അച്ഛനമ്മമാരങ്ങിനെ ചെയ്യുന്നില്ല, തുടങ്ങിയ അനവധി താരമത്യ പഠനങ്ങളും ഭ്രമങ്ങളും സംശയങ്ങളും അതുകൊണ്ടുണ്ടാകുന്ന കൊച്ചു കൊച്ചു ആശയക്കുഴപ്പങ്ങളും ഒക്കെ അവരില്‍ താനേ ഉടലെടുക്കാവുന്ന സാദ്ധ്യതകളേറെയാണിപ്പോള്‍. അവ ഗൌരവപരമായി പരിഗണിയ്ക്കപ്പെടേണ്ടതും. അവയിലെ ‘വശപ്പിശകുകള്‍‘ കൊച്ചു മനസ്സുകള്‍ക്ക് വേര്‍തിരിച്ചറിയാനാവില്ല താനും. അവിടെയാണ് മാതാപിതാക്കള്‍ക്ക് സഹായം എത്തിയ്ക്കാന്‍ പറ്റുന്നതെന്നു തോന്നുന്നു.

ഇത്തരം കടമ്പകളൊക്കെ മറികടന്ന്, നേര്‍വഴി കാണിച്ചുകൊടുക്കുക എന്നത് ഒരു അടിച്ചേല്പിയ്ക്കലുകളില്ലാതെ, എന്നാല്‍ അവശ്യം വേണ്ടുന്ന അളവില്‍ എളുപ്പത്തില്‍ പകര്‍ന്നു കൊടുക്കണമെങ്കില്‍ എന്റെ അനുഭവത്തില്‍ ഏറ്റവും സംവേദനശക്തിയുള്ള (പല മാര്‍ഗ്ഗങ്ങളില്‍) ഒരു മാര്‍ഗ്ഗമാണ് – കഥകള്‍.

കുട്ടികള്‍ക്ക് ധാരാളം കഥകള്‍ പറഞ്ഞുകൊടുക്കുക എന്ന പണ്ടുമുതലേയുള്ള ആശയം. അതിന്റെ പ്രസക്തി ഇക്കാലത്ത് കൂടുന്നേയുള്ളു, ഒട്ടും കുറയുന്നില്ല എന്നാണെന്റെ വിശ്വാസം, അനുഭവം.

ഒരു കഥ കേള്‍ക്കുമ്പോള്‍ അതിന്റെ ആസ്വാദനം ഒരിയ്ക്കലും ലോകതത്വങ്ങളേയോ, ഗുണദോഷങ്ങളേയോ, ശരിതെറ്റുകളേയോ അല്ലെങ്കില്‍ അത് തരുന്ന ഒരു ഗുണപാഠത്തേയോ അടിസ്ഥാനപ്പെടുത്തി ആവില്ലെന്ന് വിശ്വസിയ്ക്കുന്നു. നേരെമറിച്ച്, “പണ്ട് പണ്ട്” എന്നോ “ഒരിയ്ക്കലൊരു രാജ്യത്ത്“എന്നോ, അതുമല്ലെങ്കില്‍ “പണ്ടൊരു കാട്ടില്‍“ എന്നോ അമ്മ / അച്ഛന്‍ വിശദമായി പറഞ്ഞുതുടങ്ങുമ്പോള്‍ കുട്ടിയ്ക്കു കിട്ടുന്ന ഒരു ആകാംക്ഷ, ആവേശം അത് പുരോഗമിയ്ക്കുന്ന വഴികള്‍, അതിലേയ്ക്ക് കയറി വരുന്ന കഥാപാത്രങ്ങള്‍, അത് നടക്കുന്ന സ്ഥലം, ഭൂപ്രകൃതി ഇതിനെയൊക്കെ അടിസ്ഥാനപ്പെടുത്തി, അമ്മയുടെ ചൂടു പിടിച്ച് കിടന്നുകൊണ്ട് അറിയാതെ തന്നെ കുട്ടി ഒരു ചിത്രം മനസ്സില്‍ വരച്ചുതീര്‍ക്കും. അതില്‍ ജീവിയ്ക്കും. അതിന് ലോജിക്ക് വേണ്ട, അര്‍ത്ഥം വേണ്ട, വെറുമൊരു കഥ മാത്രമായാല്‍ മതി. അതുകൊണടല്ലേ ‘ഫിക്ഷന്‍’ എന്നൊക്കെ ഉണ്ടായതും എക്കാലത്തും ആസ്വാദിയ്ക്കപ്പെടുന്നതും. കഥകളെ മനുഷ്യന്‍ സ്നേഹിയ്ക്കുന്നതും അതുകൊണ്ടൊക്കെ തന്നെയാവണം.

അതുകൊണ്ടുതന്നെ അതിന് (കഥയ്ക്ക്) എന്തൊക്കെ നല്കാനാവും (പ്രത്യേകിച്ച് കുട്ടികള്‍ക്ക്) എന്നതും വളരെയേറെ പ്രാധാന്യം അര്‍ഹിയ്ക്കുന്ന ഒന്നാണെന്ന് കരുതുന്നു.ഒരു നൂറ് ഉപദേശം നല്‍കിയാലോ, അല്ലെങ്കില്‍ അടിച്ച് പട്ടിണിയ്ക്കിട്ടാലോ, ഇതൊന്നും ചെയ്യാതിരുന്നാല്‍ കൂടിയോ, മനസ്സിലാക്കാനാവത്ത ഒരു ആശയം, ഒരൊറ്റ കഥയിലൂടേ ഒരു കുട്ടിയ്ക്ക് എളുപ്പത്തില്‍ കിട്ടുന്നുന്ട്. കഥ കേള്‍ക്കുമ്പോള്‍ അവന്‍/ള്‍ അതിലെ കഥാപാത്രങ്ങളായി മാറുന്നു. അതിലെ നൂലിഴ ബന്ധങ്ങളേയും, സന്ദര്‍ഭങ്ങളേയും, ബന്ധപ്പെടുത്തുന്ന മനസ്സിന്റെ ഏതൊക്കെയോ കണ്ണികള്‍ കഥയിലെ ആശയങ്ങളേയും തെറ്റുശരികളേയും മറ്റും എളുപ്പത്തില്‍ പിടിച്ചെടുക്കുന്നു. അത് മനസ്സില്‍ ഒരു ചിത്രമായി എക്കാലവും നിലനില്‍ക്കുന്നു എന്നിടത്താവാം കഥകള്‍ക്കുള്ള പ്രസക്തി.

എത്ര സമയക്കുറവുണ്ടെങ്കിലും രാത്രി ഉറങ്ങാറാകുമ്പോള്‍, സ്ക്കൂളിലേയും വീട്ടിലേയും പലവിധത്തിലുള്ള ‘ശിക്ഷണങ്ങള്‍ക്കു’ ശേഷം തളര്‍ന്നുറങ്ങാന്‍ കിടക്കുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ കൂടെ കിടന്ന് ഒരു കഥ പറഞ്ഞുകൊടുക്കാം നമുക്ക്. അച്ഛനമ്മമാരുടെ മക്കളോടുള്ള സ്നേഹമാണ് കഥകള്‍. അവരെല്ലാം തനിയേ മനസ്സിലാക്കും. കഥ എന്തു വേണമെങ്കിലും ആയിക്കോട്ടെ. കുട്ടികള്‍ക്ക് അതില്‍ നിന്നും കിട്ടുന്നത് ഒരു നൂറ് കാര്യങ്ങളാവും.
മനോധര്‍മ്മം പോലെ കഥ പറഞ്ഞാല്‍ പോലും ഒരു തെറ്റുമില്ലെന്ന് തോന്നുന്നു. ഉദാഹരണത്തിന് മഷിത്തണ്ട് എന്ന ബ്ലോഗിലെ ഈ കുട്ടികഥയൊന്ന് വായിച്ചു നോക്കൂ. അവസരോചിതമായി ഇത്തരം കഥകളും ഉണ്ടാക്കി പറയാവുന്നതേയുള്ളു. ഒരുള്‍ക്കാഴ്ചയ്ക്കും, പുനര്‍വിചിന്തനത്തിനും ഇതുകള്‍ സഹായിയ്ക്കുമെന്നതില്‍ സംശയമേതുമുണ്ടോ ?

ശ്രദ്ധിച്ചിട്ടുണ്ടോ? ഏതു കുട്ടിയും കഥ നല്‍കുന്ന നന്മയെ / സന്ദേശത്തെ ആവും കൂടുതല്‍ ആസ്വദിയ്ക്കുന്നത്. തിന്മ / അധര്‍മ്മം / ചതി / ചീത്ത ഇതെല്ലാം സ്വയം തിരിച്ചറിയാനുള്ള കെല്പ് അവരില്‍ സ്വയമേ ഉണ്ടെന്നല്ലേ അതിന്നര്‍ത്ഥം? വേറെന്താണതിന്റെ മനഃശാസ്ത്രം?

അല്ലെങ്കില്‍, തുന്നല്‍ക്കാരനും ആനയും കൂടിയുള്ള സൌഹൃദത്തിന്റെ കഥയില്‍ അവസാനം ആന തുന്നല്‍ക്കാരനേയും കടയേയും തുമ്പിക്കൈയ്യില്‍ നിറച്ചു വെച്ചിരുന്ന വെള്ളം കൊണ്ട് നനച്ചു കുളിപ്പിച്ചുവെന്ന് അവസാനിപ്പിയ്ക്കുമ്പോള്‍ കഥ കേള്‍ക്കുന്ന കുട്ടികള്‍ എന്തിനു പൊട്ടിച്ചിരിയ്ക്കണം?

അതുപോലെ, പുലി വരുന്നേ പുലി വരുന്നേ എന്ന് രണ്ടു പ്രാവശ്യം വെറുതേ കൂകിവിളിച്ച് രക്ഷിയ്ക്കാനോടിക്കൂടിയ ആള്‍ക്കാരെ പറ്റിച്ച ആട്ടിടയനെ, ശരിയ്ക്കും പുലി വന്ന് നിലവിളിച്ചപ്പോള്‍ ആരും സഹായിയ്ക്കാന്‍ പോയില്ല എന്നു പറയുന്നിടത്ത് കഥ കേള്‍ക്കുന്ന കുട്ടികള്‍ എന്തിനു ചിന്താധീനരാകണം?

അല്ലെങ്കില്‍, അവസാനം മരംവെട്ടുകാരന് ജലദേവത, സ്വര്‍ണ്ണ മഴുവും വെള്ളിമഴുവും പിന്നെ അയാളുടെ സ്വന്തം ഇരുമ്പു മഴുവും ചേര്‍ത്ത് മൂന്നു മഴുവും കൊടുത്തു എന്ന് പറയുന്നിടത്ത് കുട്ടികളെന്തിനു ചിന്തിയ്ക്കണം? അതോര്‍ത്തൊന്ന് പുഞ്ചിരിയ്ക്കണം?

ഒന്നും വേണ്ട, കുടത്തില്‍ കല്ല് നിറച്ച് വെള്ളം മുകളിലെത്തിച്ച് വെള്ളം കുടിച്ച് പറന്നു പോയ ആ കാക്കയോട് ഒരിത്തിരിയെങ്കിലും ആരാധന തോന്നാത്ത കുട്ടികളുണ്ടാവുമോ?

കഥകള്‍ക്കുള്ള പ്രത്യേകതയും ഇതുതന്നെയാവണം. അത് സംഭാവവികാ‍സങ്ങളെ ആഖ്യാനം ചെയ്യുകയാണ്. narrative ആണ്. അത് ‘സ്റ്റേറ്റ്മെന്റ്സ്’-നേക്കാള്‍ കൂടുതല്‍ ചിന്തിയ്ക്കാനുള്ള വകയാണ് നല്‍കുന്നത്. വ്യക്തമായ ഉദാഹരണങ്ങളോടെ ആശയങ്ങളും മറ്റും ഗ്രഹിച്ചെടുക്കാനാകുന്നു.ശരിതെറ്റുകളെ കുറിച്ചോ, ന്യായാന്യായങ്ങളെ കുറിച്ചോ, ധര്‍മ്മാധര്‍മ്മങ്ങളെ കുറിച്ചോ ഏറെ പറഞ്ഞ് കുട്ടികളെ മുഷിപ്പിയ്ക്കേണ്ടതില്ല, അല്ലെങ്കില്‍ കൂടുതല്‍ കുഴപ്പിയ്ക്കേണ്ടതില്ല. മാത്രവുമല്ല, അത്തരം ഉപദേശങ്ങള്‍ക്ക് ഒരിയ്ക്കലും കഥകള്‍ നല്‍കുന്ന ‘മാനങ്ങള്‍‘ ഉണ്ടാകുന്നില്ല. അത് തികച്ചും വ്യക്തിഗതങ്ങളായ വെറും ആശയങ്ങളും അഭിപ്രായങ്ങളും മാത്രമായി തന്നെ നിലനില്‍ക്കുന്നു (പലപ്പോഴും). കൂടാതെ ഇതെല്ലാം കേട്ട് കേട്ട് ഒരു മുഷിച്ചിലും വന്നു ചേരുന്നു. കഥകളാകുമ്പോള്‍ എക്കാലവും “interesting” ആയി മാറുന്നു. ചിന്തിയ്ക്കാനുള്ള ഇടങ്ങള്‍ (space) ലഭിയ്ക്കുന്നു. മുന്‍‌വിധികളില്ലാതെ അവര്‍ക്ക് സഞ്ചരിയ്ക്കേണ്ടുന്ന വഴി, അവര്‍ക്ക് സ്വയം കണ്ടെത്താന്‍ എളുപ്പമാക്കുന്നു.
വേണ്ടുന്ന രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍, കുട്ടികള്‍ക്ക് നേര്‍വഴിയിലൂടെ മുന്നോട്ട് സഞ്ചരിയ്ക്കാനുള്ള തുറന്ന വാതായനങ്ങളാകുന്നു കഥകള്‍ എന്നും പറയാം. ഇല്ലേ?

അടിക്കുറിപ്പ്.

1) പക്ഷേ കുട്ടികളെ നേര്‍വഴിയ്ക്ക് നടത്താന്‍ കഥകള്‍ക്കു മാത്രമേ കഴിയൂ എന്നൊരു സമര്‍ത്ഥനം ഒരിയ്ക്കലും ഈ പോസ്റ്റ് നടത്താനുദ്ദേശ്ശിയ്ക്കുന്നില്ലെന്നും പറയട്ടെ. ഉപദേശങ്ങളും മറ്റും തീര്‍ത്തും വേണ്ടെന്നും ഉദ്ദേശ്ശിയ്ക്കുന്നില്ല. അതിന് വേറെയും നിരവധി മാര്‍ഗ്ഗങ്ങളും, പ്രയോഗങ്ങളും ഉണ്ടാകാം. ഇത് വേറേയും അനുഭവസ്ഥരും മുതിര്‍ന്നവരും ഒക്കെ പറഞ്ഞിട്ടുള്ള ഒരു പരാമര്‍ശം മാത്രം. അതിനൊരു ഊന്നല്‍ മാത്രമായി ഇതിനെ കാണണമെന്നും ആഗ്രഹിയ്ക്കുന്നു. അല്ലെങ്കില്‍ കഥ പറയുന്നതിന്റെ ഗുണങ്ങളെ ഊന്നിപ്പറയല്‍ മാത്രമായി ഇതിനെ കാ‍ണുക.

2) ഒരു വക പോസ്റ്റ് ചെയ്തതായിരുന്നു. തനിമലയാളത്തില്‍ വന്നില്ലെന്നു തോന്നി ഒരു തവണ കൂടി പോസ്റ്റി നോക്കാമെന്നു വെച്ചു. ഇനിയും വന്നില്ലെങ്കില്‍ .. “പോനാല്‍ പോകട്ടും പോടാ..”

- തുടരും.

Saturday, January 26, 2008

ഒരിത്തിരി ഭാഗം..

അന്നൊക്കെ….

കുട്ടിക്കാലത്ത്, രാവിലെ എണീറ്റാല്‍ ആദ്യത്തെ കര്‍മ്മപരിപാടി, അരിയിടാനുള്ള ചെമ്പ് നിറയേ വെള്ളം കോരി നിറയ്ക്കലായിരുന്നു. പിന്നത്തെ ജോലി നാളികേരം ചെരകി വെയ്ക്കല്‍. അന്നന്നത്തെ ആവശ്യത്തിനുള്ളത്, ഒന്നോ അല്ലെങ്കില്‍ രണ്ടോ നാളികേരം. അതില്ലാത്ത നാളുകള്‍ ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം.

അന്നൊക്കെ, കാര്യകാരണ സഹിതം പ്രായം, കാലം ഒക്കെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയെടുത്താണ് ഓരോ പ്രവൃത്തികളും ശീലിച്ചു വന്നിരുന്നത്, അഥവ ശീലിപ്പിച്ചിരുന്നത് എന്നിപ്പോള്‍ മനസ്സിലാകുന്നു.

മോട്ടോര്‍ ഉണ്ടായിരുന്നിട്ടും വെള്ളം കോരിയിരുന്നതെന്തിനെന്നറിയാമോ?
കെണറ്റിലെ വെള്ളം അനങ്ങണം, അനക്കമില്ലാത്ത വെള്ളം നന്നല്ലാത്രേ.. മോട്ടറിട്ട് വെള്ളം ടാങ്കില്‍ അടിച്ചുകേറ്റിയാലൊന്നും കെണറ്റിലെ വെള്ളം അനങ്ങാന്‍ പോണില്ല.
അതിന് വെള്ളം കോരുക തന്നെ വേണമെന്ന്..
വെള്ളം കോരിക്കഴിഞ്ഞാല്‍, ഒരു കൊട്ടകോരിക നെറച്ച് വെള്ളം അവിടെ തന്നെ
വെയ്ക്കണം, അതൊഴിച്ചിടരുത് ത്രേ.. വെള്ളം കോരുന്നതിനും, കാര്യകാരണങ്ങളും ചിട്ടവട്ടങ്ങളും.


വേറെയൊന്നുള്ളത്, ഈ വെള്ളം കോരല്‍ കര്‍മ്മത്തിലേയ്ക്കെത്തുന്നത്, ഒരു ‘പ്രമോഷന്‍‘ കിട്ടലായിരുന്നു, ‘വലിയ കുട്ടി ആയി‘ എന്ന് മുതിര്‍ന്നവര്‍ അതോടെ അംഗീകരിച്ചു കഴിഞ്ഞു. ആ സുഖം എത്ര ചെമ്പ് വേണമെങ്കിലും, പാതാളം മുട്ടുന്ന കിണറ്റില്‍ നിന്നും വെള്ളം കോരി നിറയ്ക്കാനുള്ള കരുത്ത് സംഭരിച്ചു തന്നിരുന്നു.

അന്നത്തെ പ്രഭാതം ഓര്‍മ്മയില്‍, ആകാശവാണിയിലെ “വന്ദേമാതരം..”, പിന്നെ എം.എസ്സിന്റെ കരുത്തുറ്റ ശബ്ദം. അടുക്കളയിലെ നാളികേരം ചിരവുന്ന ശബ്ദവും, വെള്ളം കോരുന്ന തുടി തിരിയുന്ന ശബ്ദവും..
ഒരു മനുഷ്യശബ്ദമായി ആകെപ്പാടെ കേള്‍‍ക്കാവുന്നത്, തൈരു കലക്കുമ്പോഴും, കഷ്ണം നുറുക്കുമ്പോഴും അമ്മമ്മ നാമം ചൊല്ലുന്ന പതിഞ്ഞ ശബ്ദമായിരിയ്ക്കും.

അതൊക്കെ പോട്ടെ, പറയാന്‍ വന്നത് അതല്ല,
ആ നാളികേരം ചെരവല്‍ മാത്രം അത്ര സുഖമുള്ള ഏര്‍പ്പാടായിരുന്നില്ല. അന്നത്തെ ചിരവ എന്നത്, ഒരു നീണ്ട പലക, അതിന്റെയറ്റത്ത് ഘടിപ്പിച്ചിരിയ്ക്കുന്ന മൂര്‍ച്ചയുള്ള “ചിരകനാക്ക്” – അതിലാണ് ചിരവേണ്ടത്. പലക മേല്‍ കഷ്ടിച്ച് ഒന്ന് ഇരുന്നൂന്ന് വരുത്താനുള്ള സ്ഥലമേ ഉണ്ടാകൂ.. നോക്കണേ. ഒരു കഷ്ടപ്പാട്.

നാളികേര മുറിയുടെ വക്കില്‍ നിന്നും ചിരകി വന്നാല്‍ എളുപ്പത്തില്‍ ചെരവിത്തീര്‍ക്കാം. (നടുക്കില്‍ നിന്നും ചിരകി വന്നാലെന്തെങ്കിലും കുഴപ്പമുണ്ടാവുമോ എന്നറിയില്ല..) ആരോ അന്ന് പറഞ്ഞു തന്ന ഒരു ‘ടിപ്’ ആണ്.
എന്തായാലും ചെരവിശീലമാക്കാന്‍ കൊറേ ‘മുറിവ്’ത്യാഗം സഹിച്ചിട്ടുണ്ട് ഈ കരങ്ങള്‍ ! ആ പ്രശ്നം പരിഹരിയ്ക്കപ്പെട്ടിരുന്നത് ഒരു ഗ്ലാസ്സ് നാളികേരവെള്ളത്തിലൂടെയായിരുന്നുവെന്നത് ഒരു മധുരമുള്ള ഓര്‍മ്മയായി നാവിന്‍ തുമ്പില്‍ തങ്ങിനില്‍ക്കുന്നു.

അതങ്ങനെ ചെയ്തു പോന്നു, പിന്നെപിന്നെ ചെരവയില്‍ നിന്നുമെങ്ങനൊക്കെ രക്ഷപ്പെടാമെന്ന വഴികളാലോചിച്ചു നടക്കാന്‍ തുടങ്ങി.
നാളികേരത്തിനോട് പ്രത്യേകിച്ച് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല,
എങ്ങനെ? ഒരു കിണ്ണം നിറയേ, തുമ്പപ്പൂക്കള്‍ പോലെ, ചിരവിയ നാളികേരം .. ആരും ഒന്ന് നോക്കി പോവില്ലേ..
പിന്നെ, അടയുടെ ഉള്ളില്‍ ശര്‍ക്കരയില്‍ പൊതിഞ്ഞ നാളികേരം..
എന്തിന്.. അവീല്‍, കാളന്‍ ഇതിലൊക്കെ അരഞ്ഞു ചേര്‍ന്നു കിടക്കുന്ന (ക്ഷമിയ്ക്കുക, അവീലിന് അത്രേം അരയ്ണ്ട എന്നാണ് തല മൂത്തവരുടെ മതം.) നാളികേരത്തിന്റെ സ്വാദ് മറക്കാനാവുമോ?
അങ്ങനെ, വറന്ന്, കറുത്ത് കിടക്കുന്ന എരിശ്ശേരിയിലെ നാളികേരം മുതല്‍ നല്ല കട്ട ചട്ടിണിയിലുള്ള നാളികേരം വരെ…… ഹോ!
ഇല്ല, ഒരിയ്ക്കലും നാളികേരത്തിനോടൊരു എതിര്‍പ്പുമുണ്ടായിരുന്നില്ല, സത്യം!

പക്ഷെ, ഈ ചെരവല്‍ മാത്രം വയ്യ..

സത്യത്തില്‍ ഇവിടെ വന്നപ്പോള്‍ നാളികേരം ചെരവി തന്നെ കിട്ടുമെന്നത് കുറച്ചൊന്നുമല്ല ആശ്വാസം നല്‍കിയത്. ഈ ധാരാളിത്തത്തിനിടയില്‍ വീട്ടില ചെരവ വേണോ എന്നൊരു സംശയമേ ഉണ്ടായിരുന്നില്ല. ചെരവ വിസ്മൃതിയിലാണ്ടു പോയി. ചെരവാന്‍ കഷ്ടിച്ച് മറന്നിട്ടില്ലേരിയ്ക്കും.. അത്രതന്നെ.

അപ്പോ അതവിടെ നിക്കട്ടെ.

ഇന്നത്തെ സ്ഥിതി -

ഹൊ! കഞ്ഞീം മൊളോഷ്യോം, കാച്ചിയ മോരും ഒക്കെയായി മതിയായി.. വീട്ടിലെ എല്ലാവരുടേയും അസുഖ പരമ്പര കഴിഞ്ഞതോടെ, വായയ്ക്കു രുചിയായി എന്തെങ്കിലും തരണേ, എന്നെല്ലാവരും നോട്ടങ്ങളിലൂടേയും, ഭംഗ്യന്തരേണയുമൊക്കെ ദയനീയമായി അപേക്ഷാപ്രകടനങ്ങള്‍ നടത്തി തുടങ്ങി.
എന്നാല്‍ ശരി. ഒരു കാളനു വേണ്ട ലക്ഷണങ്ങളൊക്കെ തെളിഞ്ഞു വന്നു.
ചേന റെഡി, മോര് റെഡി, പച്ചമുളക്, ജീരകം എല്ലാം റെഡി. നാളികേരം മാത്രം ഗ്രോസറിയില്‍. കുറച്ച സമയത്തെ കാര്യമേയുള്ളു.
കുരുമുളക് അരച്ചു ചേര്‍ത്ത്, ചേനയും നാളികേരവും ചേര്‍ന്നു ഒരിരുണ്ട മഞ്ഞ നിറത്തില്‍, കടുകും കറിവേപ്പിലകളും ഇടകലര്‍ന്ന് കിടക്കുന്ന കാളന്റെ രൂപം..
വെള്ളമൂറി!

ഒട്ടും താമസിച്ചില്ല, പോയ പോലെ മടങ്ങിയെത്തി, ഗ്രോസറിയില്‍ നിന്നും.
കാളനു പകരം, രസവും പപ്പടവും ഊണുമേശയില്‍ നിരന്നു. കുറച്ചു ദിവസത്തേയ്ക്കു കൂടി ഇങ്ങനെയൊക്കെ തന്നെയാവുമെന്നൊരു മുന്നറിയിപ്പും,.
ചമ്മന്തിയില്ലെന്നും മറ്റുമുള്ള പരാതികള്‍ സ്വീകരിയ്ക്കുന്നതല്ല, എന്നൊരു മുന്‍‌കൂര്‍ജാമ്യ പ്രഖ്യാപനവും നടത്തി.

സംഗതി വേറെയൊന്നുമല്ല,

ഒരു നാളികേരത്തിന് അഞ്ചു ദിര്‍ഹംസ് പോലും! അതും ചെറുനാരങ്ങയോളം പോന്ന ഒന്നിന്..

തേങ്ങാ സ്റ്റോക്ക് ഉണ്ടെങ്കില്‍ തന്നെ, ചെരവിത്തരാന്‍ പറ്റില്ലെന്ന് ഗ്രോസറിക്കാരന്‍ ഉറപ്പിച്ചു പറഞ്ഞു. എലക്റ്റ്രിസിറ്റി മൊതലാവില്ലത്രേ..
പക്ഷെ, അദ്ദേഹം പരമാവധി സഹായസന്നദ്ധനായാണ് കാണപ്പെട്ടത്. വീട്ടിലൊരു ചെരവ ഉണ്ടെങ്കില്‍ എവിട്ന്നെങ്കിലും ഒരു നാളികേരം കൊണ്ടുവന്നു തരാമെന്നു വരെ ആ സഹോദരന്‍ മൊഴിഞ്ഞു. ഞാന്‍ തല കുനിച്ചു ചിന്താധീനയായി..


ഒരു രക്ഷയുമില്ല, അബുദാബിയില്‍ (മാത്രമല്ലാ, യു.എ.ഇ. മൊത്തം) നാളികേരത്തിന്റെ വില കുത്തനെ ഉയര്‍ന്നിരിയ്ക്കുന്നുവത്രേ! അങ്ങനെ അരിയ്ക്കും, ഇന്ത്യയില്‍ നിന്നും വരുന്ന പച്ചക്കറികള്‍ക്കും പുറമേ ശ്രീലങ്കന്‍ നാളികേരവും ചതിച്ചു!

എല്ലാം കേട്ട് അവസാനം,
“ഓ, അല്ലേലും ഈ തേങ്ങായിലൊക്കെയങ്ങ് അപ്പടി കൊളസ്റ്റ്രോളും കുണ്ടാമണ്ടികളുമൊക്കെയാ.. അല്ലേയ്, ഈ മൊളോഷ്യത്തിനും, മോരുകാച്ച്യതിനുമൊക്കെ എന്തുവാ ഒരു കൊറവ്? ഹല്ലപിന്നെ! .” എന്നൊരു ഭാവത്തില്‍ ഞാനിങ്ങിറങ്ങിപ്പോന്നു.
പഞ്ചതന്ത്രത്തിലെ ആ പഴയ കുറുക്കനു സ്തുതി.


ശരി, ഇനി അതെല്ലാം മറന്നേക്കൂ..

ഇപ്പോള്‍ ഒരു ആലോചനയിലാണ് ഞാന്‍.
2008 -ലേയ്ക്കുള്ള കര്‍മ്മപരിപാടികളില്‍ ഒന്നാമത്തേതാണ്,
ഒരിത്തിരി മണ്ണ് സംഘടിപ്പിയ്ക്കല്‍, പിന്നെ കറിവേപ്പിന്റെ തൈ, തുളസി, പച്ചമുളക്, പന്നികൂര്‍ക്കെല… കണ്ണില്‍ക്കണ്ടതൊക്കെ നട്ടുവളര്‍ത്തല്‍..

ഒരു ചട്ടിയില്‍ അമ്മു വെറുതെ കൊണ്ടിട്ട ഓറഞ്ച് കുരുക്കള്‍ അതാ ഒരു ദിവസം മുളച്ചു പൊന്തി വരുന്നു.. സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. അതായിരുന്നു തുടക്കം.
താമസിയ്ക്കുന്ന വില്ലയുടെ മുന്നില്‍ ഒരിത്തിരി സ്ഥലം ഞങ്ങള്‍ക്കുള്ള ഒരു മിറ്റമായി ഒഴിച്ചു തന്നിട്ടുണ്ട് വാച്ച്മാന്‍. സിമന്റിട്ട മിറ്റം.

ഇപ്പോള്‍, അതുകളുടെയൊപ്പം ഒരു തെങ്ങിന്‍ തൈ എന്നു കൂടി ചേര്‍ത്താലെന്താ പുളിയ്ക്കുമോ?
എന്ന് കാര്യമായി തന്നെ ആലോചിച്ചിരിയ്ക്കുകയാണ് ഞാന്‍.

ഇനി കാര്യം പറയാം, അതിനു മുന്‍പ്
അവസാനമായി, ഒന്നുകൂടി മുകളിലെഴുതിയതെല്ലാം മറക്കൂ !

ഒന്ന് ‘ഉപസംഹരിച്ചു‘ പറഞ്ഞാല്‍, കാര്യം ഇത്ര മാത്രം.

നാട്ടില്‍, ടെറസ്സില്‍ വരെ കൃഷി ചെയ്തു വരുന്നുണ്ടെന്ന സംഗതി അറിയാമോ നിങ്ങള്‍ക്ക്? ടെറസ്സില്‍ തെങ്ങടക്കം കുത്തനെ വളര്‍ന്ന് കൊലച്ച് നില്‍ക്കുന്നു, ടി.വി.യില്‍, ഹരിതഭാരതത്തില്‍..


വീടിന്റെ ടെറസ്സില്‍, അതാത് ചെടികള്‍ക്ക് / തൈയ്യുകള്‍ക്ക്, വേണ്ട ആഴത്തില്‍ ഇഷ്ടിക കൊണ്ട് തടം കെട്ടി, മണ്ണിട്ട് നിറച്ച് ചെടികളും, പച്ചക്കറികളും നട്ടുപിടിപ്പിയ്ക്കുക എന്ന ആശയം വളരെ അര്‍ത്ഥവത്തായി തോന്നി. താഴേയ്ക്ക് ചോര്‍ച്ചയില്ല, തെങ്ങ് വളര്‍ന്ന് വലുതായി എന്നതുകൊണ്ട് വീട് ഇടിഞ്ഞുപൊളിഞ്ഞ് വീണിട്ടുമില്ല. ആ ടെറസ്സില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാത്തതൊന്നുമുണ്ടായിരുന്നില്ല. രാവിലെ ആയാല്‍ ഭാര്യയും ഭര്‍ത്താവും കൂടി ടെറസ്സില്‍ കയറി , ഒരു കൊട്ട നിറയേ പച്ചക്കറിയും പറിച്ച് സുഖമായി ഇറങ്ങിപ്പോരുന്നു.

ഇതിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കില്‍, കാര്യമായി തന്നെ ചിന്തിയ്ക്കൂ, പ്രവര്‍ത്തിയ്ക്കൂ എന്നു മാത്രമേ ഈ പോസ്റ്റിനുദ്ദേശ്ശമുള്ളൂ..

നാട്ടില്‍ മാത്രമല്ല,
ഒരു ചാക്ക് മണ്ണിന് 10 ദിര്‍ഹംസ് (അബുദാബിയിലെ വില) കൊടുക്കാനായാല്‍, പിന്നെ മുതല്‍ക്കൂട്ടായി മനസ്സിന്റേയും സമയത്തിന്റേയും ഒരിത്തിരി ഭാഗം മതിയാവും, ഫ്ലാറ്റിലുള്ളവര്‍ക്ക് ഒരു ‘ബാല്‍കണി ക്ര്‌ഷിയെ’ (സ്ഥലമുണ്ടെങ്കില്‍) കുറിച്ചൊന്നു ചിന്തിയ്ക്കാന്‍.
ആരുകണ്ടു, കിട്ടിയതൊക്കെ ഭാണ്ഡത്തിലാക്കി, കച്ചയും മുറുക്കി നാട്ടിലെത്തുമ്പോള്‍, ഇനിയെന്ത് എന്നൊരു ചോദ്യചിഹ്നം ഉയരുമ്പോള്‍, ഒരു കൈകോട്ടും കൊണ്ട് നേരെ ടെറസ്സിലേയ്ക്ക് ധൈര്യമായി എന്തുകൊണ്ട് പൊയ്ക്കൂടാ? (ടെറസ്സുള്ളവര്‍, അല്ലാത്തവര്‍ നേരെ മണ്ണിലേയ്ക്കിറങ്ങി ചെല്ലുകായെന്നേ പറയാനുള്ളൂ..)

ഇനിയതും പോരെങ്കില്‍, ഉറപ്പ് തരുന്നു,
കുറഞ്ഞത് ഷാര്‍ജ-ദുബായ് ക്കാര്‍ക്ക്, അല്പമൊരു മനഃസുഖത്തിനെങ്കിലും പറ്റിയ ഒരു മറുമരുന്നാവും ഈ ചെടികളുമൊത്തുള്ള സഹവാസം.

വേറെയൊന്നുകൊണ്ടുമല്ല, അവിടത്തെ ട്രാഫിക് സിഗ്നലുകളുടെ അനുഗ്രഹകടാക്ഷങ്ങള്‍ക്കായി, റോഡില്‍ ഒന്നും രണ്ടും മണിക്കൂറ് നിന്നിടത്തു നില്‍ക്കുന്ന അവര്‍ക്കൊക്കെ ഓഫീസ് റ്റെന്‍ഷന്‍സിനു പുറമേ, ട്രാഫിക് സിഗ്നലുകളും ഒരുപാട് സമ്മര്‍ദ്ദങ്ങളും, മനമ്മടുപ്പും ഒക്കെ ദിവസവും രണ്ടു നേരം വെച്ച് വേണ്ടുവോളം ചൊരിയുന്നുണ്ട്.
ഇവരുടെ ജീവിതത്തിന്റെ പകുതി ഭാ‍ഗവും റോഡില്‍ തന്നെ.
മനസ്സിനും എന്തെങ്കിലുമൊക്കെയൊരു നീക്കിയിരുപ്പ് വേണ്ടേ..

ഏതായാലും ഇനിയുള്ള കാലം ഒരു ‘ടെറസ്സ് കൃഷിയെ’ കുറിച്ച് കൂടിയൊന്ന് ചിന്തിയ്ക്കാവുന്നതേയുള്ളു.. സമയത്തിന്റെ, മനസ്സിന്റെ, പിന്നെ ടെറസ്സിന്റെ / ബാല്‍ക്കണിയുടെ ഒരിത്തിരി ഭാഗം..
നമ്മുടെ സ്വന്തം മനസ്സിനു വേണ്ടി..
അത്രയും ആലോചിച്ചാല്‍ മതി. ബാക്കി തനിയേ വന്നുചേര്‍ന്നു കൊള്ളും.

ഭൂമാഫിയ, ഭൂമികയ്യേറ്റം, ഇട തൂര്‍ന്ന് പൊങ്ങിവരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍, തുടങ്ങിയ പദങ്ങള്‍ ഉപയോഗശൂന്യങ്ങളാകുന്ന (?) ഒരു കാലം വരുവോളം..


അടിക്കുറിപ്പുകള്‍:

1) കൊട്ടകോരിക - വെള്ളം കോരാനുപയോഗിയ്ക്കുന്ന ബക്കറ്റിനു അന്ന് പറഞ്ഞു കേട്ടിരുന്ന പേര്‍.

2) എം.എസ്സ് - M.S. സുബ്ബലക്ഷ്മി.


3) ഇവിടെ “Roof gardening" എന്ന പേരില്‍ മുകളില്‍ പറഞ്ഞ ടെറസ്സ് കൃഷിയ്ക്ക് സാമാനമായ ഒരു പരാമര്‍ശം കണ്ടു. ഇതില്‍ കൂടുതലൊന്നും എനിയ്ക്ക് എവിടേയും കണ്ടെത്താനായില്ലാ. എന്നാ‍ലുമിതിലെ പരാമര്‍ശങ്ങളും വാ‍യിച്ചു നോക്കാവുന്നതാണ്.

4) ഗ്രോസറിയില്‍ പോയി തേങ്ങയുടെ വീല അഞ്ചു ദിര്‍ഹം എന്ന് കേട്ടപ്പോഴത്തെ ഒരു മനസ്താപത്തില്‍ എഴുതിവെച്ചതായിരുന്നു ഈ പോസ്റ്റ്. ഇപ്പോളത് കുറഞ്ഞ്, നാല്, മൂന്ന് വരെയൊക്കെയായി.
എന്നാലും പോസ്റ്റുന്നുവെന്ന് മാ‍ത്രം.


4) വിലക്കയറ്റത്തിനെ കുറിച്ചു പറയുമ്പോള്‍ പോസ്റ്റ് വായിയ്ക്കാത്തവര്‍ എന്തായാലും വായിയ്ക്കൂ.


Wednesday, January 23, 2008

സ്നേഹിയ്ക്കുന്നത്..


ചിലര്‍ സ്നേഹിച്ചു തുടങ്ങിയിട്ടാണ്
പറയുന്നത്, ‘ഇഷ്ടമായി’ എന്നെങ്കിലും.
സ്നേഹം ഭ്രാന്താവുമ്പോള്‍ മാത്രം
ഗത്യന്തരമില്ലാതെ
“നിന്നെ ഞാന്‍ സ്നേഹിയ്ക്കുന്നു”വെന്നും
പറഞ്ഞൊപ്പിയ്ക്കുന്നു.
എന്നിട്ടവസാനം ഇക്കൂട്ടര്‍
സ്നേഹിച്ചങ്ങ് കൊല്ലും.


ചിലര്‍ക്കൊറ്റ സ്നേഹമേ ഉണ്ടാകൂ..
തുടക്കം മൊതല്‍ക്കേ,
ഭ്രാന്ത് പിടിച്ച ഒരൊറ്റ സ്നേഹം മാത്രം.
ഒരു ഭ്രാന്തന്‍ സ്നേഹം.

ഇനിയും ചിലര്‍
തലയും വാലുമില്ലാതെ,
മേലും കീഴും നോക്കാതെ
തലങ്ങും വിലങ്ങും കണ്ണുമടച്ചങ്ങ്
സ്നേഹിച്ചു കളയും.
അന്ധമായി.

വേറെയൊരു കൂട്ടരുണ്ട്.
സ്നേഹസാഗരം.
സ്നേഹിയ്ക്കുന്നുവെന്ന്
പറയാതെ, ഉച്ചരിയ്ക്കാതെ,
സ്വയമറിയുക പോലും ചെയ്യാതെ
ജീവശ്വാസമായി ജീവിച്ച്, മണ്ണോടു ചേര്‍ന്ന്,
ഒടുവില്‍ സ്നേഹം
മണ്ണിനു വളമാക്കി, പുല്‍നാമ്പുകളായി,
പ്രാണവായുവായി
വീണ്ടും കോരിച്ചൊരിയുന്നവര്‍.
പ്രകൃതിയായി, അമ്മയായി
.

അതിനെ മഹത്തായ സ്നേഹം എന്നു വിളിച്ചാല്‍ മതിയോ?









അടിക്കുറിപ്പ് :
‘പികാസ്സ‘യില്‍ നിന്നും കിട്ടിയ ഈ ‘മരത്തോ‍ട്’ വല്ലാത്ത ഒരു സ്നേഹം തോന്നി.
നിയന്ത്രണം വിട്ടു പോയി.

ചിത്രത്തിന് കടപ്പാട് : ഗൂഗ് ള്‍ പികാസ്സ.

Monday, January 21, 2008

മുല്ലപ്പൂവും കടലാസുപൂവും.

ഒരിയ്ക്കല്‍ ഒരു പൂന്തോട്ടത്തില്‍ ഒരു മുല്ലച്ചെടിയും കടലാസുപൂവ് ചെടിയും ഒരുമിച്ചു മുളച്ചു.
അവര്‍ രണ്ടു പേരും സുഹ്ര്‌ത്തുക്കളായി. ഇരുവരും, ദിനം പ്രതി തങ്ങള്‍ വളര്‍ച്ച വെയ്ക്കുന്നതും മേനിയില്‍ ഇലകളുണ്ടാവുന്നതും പരസ്പരം കണ്ടാനന്ദിച്ചു.
മുല്ലച്ചെടി തനിയ്ക്കായി ഒരുക്കിയിരിയ്ക്കുന്ന പന്തലില്‍ പടര്‍ന്ന് പന്തലിച്ചു. കടലാസു ചെടി നിറയേ ഇലകളുമായി തൂങ്ങി നില്‍ക്കുന്ന ചെറിയ കൊമ്പുകളോടെ തഴച്ചു വളര്‍ന്നു.
ഇരുവരും ഒരുപോലെ സൂര്യഭഗവാനെ ദിനവും ധ്യാനിച്ചു, ആരാധിച്ചു, പ്രണയിച്ചു.

അങ്ങനെയിരിയ്ക്കേ രണ്ടുപേരും ഒരേസമയത്തു തന്നെ പുഷ്പിയ്ക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി. രണ്ടു പേരും അവരവരുടെ പൂവുകളെ സ്വപ്നം കണ്ടു. ആകാംക്ഷയോടെ കാത്തിരുന്നു. പരസ്പരം സ്വപ്നങ്ങള്‍ പങ്കിട്ടു.

മുല്ല അവിടവിടെയായി മൊട്ടിട്ടു. കടലാസു ചെടിയില്‍ അങ്ങിങ്ങായി ചുകന്ന പൂക്കള്‍ ഉണ്ടായി.
പൂക്കള്‍ ഉണ്ടായിക്കഴിഞ്ഞപ്പോഴേയ്ക്കും, രണ്ടു പേരും മനസ്സുകൊണ്ട് പതുക്കെപ്പതുക്കെ അകലാന്‍ തുടങ്ങിയിരുന്നു. മിണ്ടാട്ടം തിരെ കുറഞ്ഞിരുന്നു.
മുല്ല തന്റെ വിരിഞ്ഞു വന്ന പൂക്കളെ താലോലിച്ച്, അവയുടെ സുഗന്ധം ആസ്വദിച്ച്, അഴക് നോക്കികണ്ട്, എല്ലാം മറന്നു നിന്നു.
കടലാസു ചെടി, തന്റെ പൂക്കളെ ദയനീയമായി നോക്കി. അവര്‍ക്കെന്തേ സുഗന്ധമില്ലാത്തതെന്ന് വ്യസനിച്ചു. അവര്‍ക്കെന്തേ മുല്ലയുടെയത്രേം അഴകില്ലെന്ന് നിരാശ പൂണ്ടു.
മുല്ല തല ഉയര്‍ത്തിപ്പിടിച്ചു നിന്നു. കടലാസു ചെടി തല താഴ്ത്തിയും നിന്നു.

ദിവസങ്ങള്‍ കടന്നു പോയി..
രണ്ടു ചെടികളിലേയും പൂക്കള്‍ വാടി കൊഴിഞ്ഞു വീണു.
എന്നിട്ടും ചെടികള്‍ക്ക് രണ്ടു പേര്‍ക്കും പരസ്പരം പഴയ പോലെ സംസാരിയ്ക്കാനായില്ല. മുല്ല കടലാസുചെടിയെ അവഗണിച്ചു. കടലാസു ചെടി മുല്ലയെ നോക്കി അസൂയ കൊണ്ടു.

അങ്ങനെയിരിയ്ക്കേ രണ്ടു പേരും വീണ്ടുമൊരുനാള്‍ സൂര്യഭഗവാന്റെ അനുഗ്രഹത്തോടെ പുഷ്പിയ്ക്കാനൊരുങ്ങി.
മുല്ലയ്ക്ക് പ്രാര്‍ത്ഥിച്ച പോലെ തന്നെ ഇലകള്‍ മറയ്ക്കുമാറ്‌ നിറയേ മൊട്ടിടാനായി. മുല്ലമൊട്ടുകള്‍ തോട്ടം മുഴുവന്‍ സുഗന്ധം പരത്തി. വഴിയില്‍ പോകുന്നവരെയൊക്കെ ആകര്‍ഷിച്ചു. മുല്ലച്ചെടി അത്യധികം സന്തോഷിച്ചു, അഭിമാനിച്ചു.
എന്നാല്‍ കടലാസു പൂവിന് പ്രാര്‍ത്ഥിച്ച പോലെ സുഗന്ധമുള്ള പൂക്കളെ പുഷ്പിയ്ക്കാനായില്ല. മുല്ലമൊട്ടിന്റെയത്രയും അഴക് അവയ്ക്കു കണ്ടെത്താനുമായില്ല.
ഇലകളെ മറച്ചു പൂത്തു നില്‍ക്കുന്ന, ഭംഗിയുള്ള അതിന്റെ ചുകന്ന പൂക്കളെ ആരും നോക്കിയതുമില്ല.

ഒരു സുപ്രഭാതത്തില്‍ ഒരു പറ്റം സ്ത്രീകള്‍ മുല്ലച്ചെടിയില്‍ ആക്ര്‌ഷ്ടരായി തോട്ടത്തിലേയ്ക്ക് വന്നു. പന്തലിച്ച മുല്ലയെ അവര്‍ പൊതിഞ്ഞു. എന്നിട്ട് മുല്ലമൊട്ടുകളെ ഇലകളോടെ കയ്യിലേന്തി വാസനിച്ചപ്പോള്‍ മുക്കുത്തിയിട്ട മൂക്കിന്റെയറ്റം അതില് സ്പര്‍ശിച്ചു. അവരുടെ ചുണ്ടുകള്‍ ഇലകളേയും. സുഗന്ധത്തില്‍
മോഹിതരായി അവരോരോ മൊട്ടുകളായി ഇറുക്കാന്‍ തുടങ്ങി.
അവര്‍ ആഞ്ഞ് കയ്യെത്തിച്ച് മൊട്ട് ഇറുക്കുമ്പോള്‍, മുല്ലവള്ളികള്‍ അവരുടെ കഴുത്ത് തൊട്ടു, മാറിലേയ്ക്ക് വീണു. എവിട്ന്നോ ഓടി വന്നൊരു കൊച്ചു പെണ്‍കുട്ടി മുല്ലയെ ഉമ്മ വെച്ചു.
കടലാസു ചെടിയ്ക്ക് അസൂയ തോന്നി. മനുഷ്യസ്പര്‍ശമേല്‍ക്കാനുള്ള വിധി തനിയ്ക്കില്ലെന്ന് ദുഃഖിച്ചു. തലയുയര്‍ത്തി അത് സൂര്യ ഭഗവാനെ മനം നൊന്ത് പ്രാര്‍ത്ഥിച്ചു.
“അടുത്ത ജന്മത്തിലെങ്കിലും ഒരു മുല്ലച്ചെടിയുടെ ജന്മമെടുക്കാനനുഗ്രഹിയ്ക്കണേ..“

അപ്പുറത്ത്, മുല്ലച്ചെടിയുടെ ഉള്ളം വേദന കൊണ്ട് പുളഞ്ഞു. അതിനകം ശൂന്യമായ തന്റെ മേനിയില്‍, ബാക്കിയിരിയ്ക്കുന്ന സുഗന്ധം അവളില്‍ നീറ്റലുണ്ടാക്കി. പുഷ്പിച്ചിടത്തു നിന്നും ചോര പൊടിഞ്ഞു.
അവള്‍ തല കുനിച്ചു. സൂര്യഭഗവാനെ മനംനൊന്ത് പ്രാര്‍ത്ഥിച്ചു,

“അടുത്ത ജന്മത്തില്‍ സുഗന്ധവും, അഴകുമില്ലാത്ത പൂക്കളെ പുഷ്പിയ്ക്കുന്നവളായി ജന്മം തരണേ..”

സൂര്യഭഗവാന്‍ ചിരിച്ചു.