Tuesday, May 06, 2008

ഒരു കുഞ്ഞു ശബ്ദം

ഞാന്‍ വായിയ്ക്കുകയായിരുന്നു. പല നിറങ്ങളില്‍, പല ഭാവങ്ങളില്‍ തിങ്ങിവിങ്ങിയടുക്കപ്പെട്ട നിറയേ അദ്ധ്യായങ്ങളുള്ള എന്റെ പുസ്തകം.

അതിവേഗം മുന്നോട്ട്‌ കുതിച്ചു പാഞ്ഞ്‌ കണ്‍വെട്ടത്തു നിന്നും മറഞ്ഞു പോകുന്ന വാഹനം. ഒരുമിച്ചാര്‍ത്തുല്ലസിച്ച്‌ യാത്ര ചെയ്തവരില്‍ ചിലര്‍ സമയത്തിറങ്ങി വഴികളില്‍ തെളിഞ്ഞു തുടങ്ങുന്ന, കുത്തനെ നില്‍ക്കുന്ന വഴിവിളക്കുകളായി രൂപാന്തരം പ്രാപിച്ച്‌, യാത്രക്കാര്‍ക്ക്‌ വഴികാണിച്ച്‌ ചിരിച്ചു സ്നേഹത്തോടെ യാത്രയാക്കുന്ന ഒരു രംഗം; ഒരു അദ്ധ്യായത്തില്‍.

വിളക്ക് പ്രകാശിയ്ക്കുന്നതാണ് ചിരിയെന്നും ഒളിമങ്ങാത്ത അതിന്റെ വെളിച്ചമാണു സ്നേഹമെന്നും, രാവു പകലൊരുപോലെ നനയാതെ, വിയര്‍ക്കാതെ യാത്രക്കാര്‍ക്കു വെളിച്ചമായി വര്‍ത്തിയ്ക്കാനുള്ള കരുത്താണു ഊര്‍ജ്ജമെന്നും പറയുന്ന മറ്റൊരു രംഗം, മറ്റൊരദ്ധ്യായത്തില്‍.

മഴയും മഞ്ഞും വേനലും തീര്‍ന്നു പോയാലും, പൂക്കാലമൊന്നും വന്നില്ലെങ്കിലും, കഴിഞ്ഞു പോയ വസന്തങ്ങളില്‍ വീണിരുന്ന പൂക്കളുടെ സൗരഭ്യം യാ‍ാത്രക്കാര്‍ക്ക് വെളിച്ചത്തിലൂറ്റുന്ന വഴിവിളക്കുകളാവാന്‍ വെമ്പുന്ന മനസ്സുകളെ കുറിച്ചും പറയുന്നുണ്ട്‌, ഇനിയുമേതോ ഒരദ്ധ്യായത്തില്‍.

വായന ചിലപ്പോഴൊക്കെ ഉറക്കത്തെ മോഷ്ടിച്ചെടുക്കാറുണ്ട്‌.

ഒരിയ്ക്കല്‍ ഉള്ളിലൊരു കുരുന്ന് മിടിയ്ക്കുന്നതറിഞ്ഞപ്പോള്‍..
പിന്നെപാലൂട്ടാന്‍ പലതവണ ഉണര്‍ന്നെണീറ്റിരിയ്ക്കുമ്പോള്‍..
പനിച്ചു ചുകന്നു തുടുക്കുന്ന കവിളിതളില്‍, കവിള്‍ ചേര്‍ക്കാനാഞ്ഞപ്പോള്‍ ..
നനഞ്ഞു തുടങ്ങുന്ന മടിയിലേയ്ക്കു നോക്കുമ്പോള്‍ ..നല്ലൊരുറക്കം നഷ്ടപ്പെടുന്ന അന്നത്തെ ഏകാന്തതകളിലായിരുന്നു, "ആഹാ! എന്റെയൊപ്പവുമുണ്ടല്ലോ സൗരഭ്യമൂറുന്നൊരമ്മ!" എന്നാശ്വാസപ്പെടുന്ന ഏതോ ഒരു അദ്ധ്യായത്തിലെ വാചകമോര്‍മ്മയിലെത്തിയതും പിന്നെ പുസ്തകമടച്ചു വെച്ച്‌ ഞാനൊന്ന് സമാധാനമായി കിടന്നുറങ്ങിയതും.

മ്മമ്മേ ...................

12 comments:

വല്യമ്മായി said...

രാത്രി കരച്ചിലു കേട്ട് ഉറക്കം പോയ ദേഷ്യത്തോടെ എഴുന്നേറ്റ് പാല്‍ കൊടുക്കാന്‍ തുടങ്ങുമ്പോള്‍ ചെലപ്പോ പാല് കുടിക്കാതെ അവന്‍ ചിരിക്കും,ഒരു പുസ്തകത്തിനോ ഒരു രാത്രിയിലോ എന്തിന് ജീവിതത്തിലെ മറ്റെന്തിനും പകരം വെക്കാന്‍ കഴിയാത്ത ചിരി :)

സു | Su said...

:)

നന്ദു said...

ഉറക്കം വരാതിരിക്കുന്ന രാത്രികളിൽ വേഗം ഉറങ്ങാനും ചില പുസ്തകങ്ങൾ വായിച്ചാൽ പറ്റും!.. :)

അവസാനത്തെ നാലുവരി എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല!!.അതിത്തിരി ദീർഘമായിപ്പോയതുകൊണ്ടാവും?.

lakshmy said...

ഉറക്കം തരുന്ന ഓര്‍മ്മകളുള്ളവര്‍ ഭാഗ്യവാന്മാര്‍/ഭാഗ്യവതികള്‍

P.R said...

അല്ല നന്ദൂ, അതേയ്
വായിച്ചതിന്റെ പ്രശ്നമല്ല ട്ടൊ, മനസ്സില്‍ തോന്നിയത് നേരാംവണ്ണം എഴുതാനറിയാത്തേന്റെ കുഴപ്പം. :)
നോക്കട്ടെ, ഇത്തിരി കൂടി മാറ്റി എഴുതാന്‍ പറ്റ്വോന്ന്.
വല്യമ്മായീ, സൂ, ലക്ഷ്മീ...
നല്ലൊരു സ്മൈലി ദാ... :)

smitha adharsh said...

ശരിക്കും ഇതെല്ലാം നേരിട്ടു അനുഭവിച്ചത്...അതുകൊണ്ട് തന്നെ ഈ വരികള്‍ക്ക് ഭംഗിയേരി...

സാദിഖ്‌ മുന്നൂര്‌ said...

വായന ഉറക്കെ മോഷ്ടിക്കാറുണ്ടെന്ന പ്രയോഗം ഇഷ്ടമായി. നന്നായി എഴുതുന്നുണ്ടല്ലോ......

സാദിഖ്‌ മുന്നൂര്‌ said...

വായന ഉറക്കം മോഷ്ടിക്കാറുണ്ടെന്ന പ്രയോഗം ഇഷ്ടമായി. നന്നായി എഴുതുന്നുണ്ടല്ലോ......

Inji Pennu said...

ഓഫ് :
പാറയില്‍ ചിരട്ട ഉരസുന്ന പോലെയുള്ള ശബ്ദത്തില്‍ ഘോരഘോരം തമാശകള്‍ പൊട്ടിയ്ക്കുന്ന രണ്ടനിയന്മാരുള്ളവള്‍

:) ഭാഗ്യവതി! :)

ശ്രീ said...

അവസാനം എനിയ്ക്കും ശരിയ്ക്കു മനസ്സിലായില്ല. പക്ഷേ ചേച്ചിയുടെ എഴുത്തിന്റെ ശൈലി പതിവു പോലെ മനോഹരം.

P.R said...

സ്മിതാ സന്തോഷായി...:)
സാദിഖ്, നന്ദി ട്ടൊ,

ഇഞ്ചീ, അതിന്റെ കാര്യൊന്നും പറയണ്ട..
രണ്ടാമത്തോന്‍ അവതരിയ്ക്കാന്‍ പോവുമ്പോ കുറേ പ്രാര്‍ത്ഥിച്ചിരുന്നത് ഒരനീത്തികുട്ട്യേ തരണീന്നായിരുന്നു, അടീം,ഇടീം ഇനീം വാങ്ങാന്‍ വയ്യാന്നും പറഞ്ഞു. പോയി നോക്കുമ്പോള്‍ അമ്മടെ അടുത്ത് ഒരു കുട്ടി ചെക്കന്‍ കിടക്കുന്നു!
ഭാഗ്യാണല്ലേ? :)

ശ്രീ, പ്രോത്സാഹനത്തിനു വളരെ നന്ദി ട്ടോ, ഒട്ടും കുറയ്ക്കണ്ട, ഇനീം തന്നോളൂ... :)

P.R said...

വല്യമ്മായീ, വാവയ്ക്കൊരുമ്മ!
നേര്‍ത്തെ തരാന്‍ മറന്നു..