Tuesday, November 11, 2008

“അക്ഷരപ്പാട്ട്”

സൂവിന്റെ "അക്ഷരപ്പാട്ട്‌" പോസ്റ്റ്‌ വായിച്ചിരിയ്ക്കുല്ലോ. അതു വായിച്ചപ്പോൾ തുടങ്ങിയതാണിവിടേയും അക്ഷരങ്ങളോടി കളിയ്ക്കാൻ. എന്നാലതിനെയൊക്കെ പിടിച്ചിരുത്തി ഒരു പോസ്റ്റാക്കുക തന്നെ എന്നു കരുതി. ഒരു ശ്രമം മാത്രം.അങ്കണം പരക്കാന്‍ നീലിമ ചൊരിയുമൊര-
മ്പിളിയെക്കാട്ടി മാമൂട്ടുമൊരമ്മ തൻ
കയ്യിലെ പുഞ്ചിരിത്താരകമതാരെന്നോ?
അമ്പിളി പോലൊരു കുഞ്ഞു പപ്പടം!

ആകാശത്തിൽ അർക്കനുദിയ്ക്കുന്നേര-
ത്താലിൻ കൊമ്പത്താലിലകളി-
ലാരുംകാണാ, കാലിൻപെരുവിരലുണ്ടു
രസിയ്ക്കുമവൻ, ഒരു കള്ളത്തിരുമാലി!

ഇന്നലെയുണ്ടായൊരു തോൽവിയും തെറ്റും
നാളേയ്ക്കു ജയവും ശരിയുമാണെങ്കിൽ
ഇന്നിന്റെ ജയമിന്നോടെ തീരാനും
ശരി,എന്നേയ്ക്കും നിലകൊള്ളാനുമുള്ളതല്ലേ?

ഈശനെ വാഴ്ത്തിടുമ്പോഴായാലും
ഈരടി തീർത്തിടുമ്പോഴായാലും
ഈണത്തിലായിടുമ്പോൾ തന്നെ
ഈണമായൊഴുകിടുമീ വാഴ്‌വും.

ഉത്തരമില്ലെനിയ്ക്കൊന്നിനും
ഉത്തരം വേണ്ടെനിയ്ക്കൊന്നിനു-
മെന്നാലുമുത്തരം മുട്ടിയ്ക്കണമെനി-
യ്ക്കൊരുനാളുത്തരമില്ലാ ചോദ്യങ്ങളേ.

ഊണുകഴിച്ചിട്ടുറങ്ങിയെണീറ്റി-
ട്ടൂഞ്ഞാലാടിച്ചെന്നിട്ടാകാശം
തൊട്ടിറങ്ങിവരുന്നെന്നുണ്ണിയ്ക്കൊരു
നൂറൊരുനൂറുമ്മകൾ.

ഋഷിയുണ്ട്‌ ഋഷികേശമുണ്ട്‌
ഋഷ്യശൃംഘനുമുണ്ട്‌, പിന്നെ
തൃണാവർത്തനെന്നൊരസുരനുമുണ്ടെന്നാലും
ഋ എന്നതിനു കൃപയും ദൃഢതയുമുണ്ട്‌.

എനിയ്ക്കുണ്ടൊരു കൂമ്പാരം സന്തോഷവും ദുഃഖവും.
നിനക്കതു വെറും കൂമ്പാരങ്ങളാവുമ്പോൾ
എനിയ്ക്കൊന്ന് ഹൃദയം നിറയലും
മറ്റൊന്ന് നീറലുമാണ്‌.

ഏഴാംകടലിന്നക്കരെ നിന്നും
ഏഴുനിറരഥമേറിയെഴുന്നള്ളു-
ന്നേഴുമുഴംവില്ലിൻ കാന്തിയെഴുമൊരു
മാരിയ്ക്കഴകെന്ത്‌? ഏഴര പൊന്നഴക്‌!

ഐക്യമെന്നൊരു തോന്നലു വന്നാൽ
സാധ്യം ഏതുമെന്തും താങ്ങീടാൻ
ഐക്യത്തിലൊത്തുചേർന്നാൽ ജയമില്ല
പരാജയമില്ല, ഒരുമയുടെ ബലമേയുള്ളൂ.

ഒന്നിനുമല്ലാതെ ഒന്നും വേണ്ടാതെ
എങ്ങനെയുണ്ടായി വന്നു നീ
ഒന്നുമില്ലാത്ത ഞങ്ങൾക്കൊത്തുകൂടാ-
നിടം നൽകുവതു നീയെന്ന ഭൂമി.

ഓർത്തുവെയ്ക്കുവാനിത്തിരി
ഓർമ്മയിൽ പൂക്കുവതൊത്തിരി
ഓർമ്മിച്ചു മറക്കുവതിത്തിരി
ഓർമ്മിയ്ക്കാതോർക്കുന്നതൊത്തിരി.

ഔഷധമെന്നത്‌ വ്യാധിയകറ്റുമ്പോലെ
സ്നേഹമെന്നത്‌ ആധിയകറ്റും.
ആധിയെന്നത്‌ വ്യാധിയാണെങ്കിൽ
സ്നേഹമെന്നത്‌ ഔഷധവുമാകും.

അംബരം മുഴുവനായുണരും നേരം
അംബുജം നിറയേ വിരിയും നേരം
തംബുരു ശ്രുതി ചേർക്കുവാ-
നംഗുലീയമൊരുങ്ങും നേരമീ പ്രഭാതം.

അഃ ആ, ദാരാത്‌? ചൊല്ലിയണഞ്ഞൂ അമ്മാമൻ
ദെന്താ കാട്ടണ്‌? എന്നായി അമ്മമ്മ
കാലു കയ്യിലേന്തി മോണ കാട്ടി ചിരിതൂകവേ
വന്നെടുത്തു പൊന്തിച്ചു വട്ടംതിരിച്ചതച്ഛൻ.

പെറ്റ്രോൾ കഴിഞ്ഞു. വണ്ടി കിതച്ചുംകൊണ്ട്‌ പെറ്റ്രോൾ സ്റ്റേഷനു മുന്നിൽ നിൽപായി.
അവസാനായപ്പോഴേയ്ക്കും "ഒന്നു തീർന്നു തരോ എന്റെ പൊന്നക്ഷരങ്ങളേ..." ന്നു നിലവിളിച്ചു പോയി.
ഒരൽപം റിസേർവ്വുണ്ട്‌.

ഴ- ഴായെന്നാലെന്തൊരഴക്‌
മഴയ്ക്കഴക്‌, പുഴയ്ക്കഴക്‌
ഴായിന്നഴകു വഴിയുന്നതത്രേ
തമിഴെന്ന മൊഴിയ്ക്കുമഴക്‌.

ള-ളേ,ളേ തൊള്ളതുറക്കുമൊരു
പൈതലിന്നൊച്ചയിൽ മതി-
മറന്നക്ഷണമുള്ളം നിറഞ്ഞു
ചുരത്താനമൃതുള്ളോളത്രേ തള്ള!

റ-റായ്ക്കുണ്ടായീ ഒരു മോഹം.
സീതയുടെ 'രാ'മനാവാനും
കൃഷ്ണന്റെ 'രാ'ധയാവാനും. എളുപ്പല്ലേ?
ഉള്ളിലേയ്ക്കൊന്നു കോർത്താൽ പോരേ?

അവസാനത്തെ 'റ' ഒഴിച്ചുള്ളത്‌ സൂവിന്റെ കമന്റിൽ ഇട്ടതായിരുന്നു. 'റ' അവിടെ ഇടാൻ ഒരു മടി തോന്നി.കുറിപ്പുകൾ.

1)വരികൾ വേർത്തിരിയ്ക്കുന്നത്‌ ഏറ്റവും ശങ്കയോടെയാണ്‌ എഴുതിയത്‌. വൃത്താലങ്കാരങ്ങൾ ഒന്നുമറിയില്ല. വായിയ്ക്കുന്ന സുഖം നോക്കി ഒരു ധൈര്യത്തിൽ വേർത്തിരിച്ചുവെന്നേയുള്ളു. തെറ്റുകുറ്റങ്ങൾ പൊറുക്കുക.

2) സൂ വളരെ ലളിതമായാണെഴുതിയിരിയ്ക്കുന്നത്‌. ശരിയ്ക്കും കുട്ടിപ്പാട്ടുകൾ തന്നെ. ഒറ്റയിരുപ്പിനു എഴുതിയിട്ട പോലെ.

ഇപ്പൊ പഠിച്ച പാഠം - ലാളിത്യം ഒട്ടും എളുപ്പമല്ല എന്നു നന്നായി പഠിച്ചു.

3) സൂ എഴുതിയ വാക്കുകൾ എടുക്കാതെ, ഇതിൽ തന്നെ ആവർത്തനം വരാതെ എഴുതുക എന്നൊരു കൊച്ചു തീരുമാനത്തോടെയാണു തുടങ്ങിയത്‌. ഒരു ത്രില്ലിനു വേണ്ടി - ഒക്കെ വളരെ ഭംഗിയായി തെറ്റിച്ചിട്ടുണ്ട്‌.
എന്നാലും ഈ വ്യായാമം ആസ്വാദ്യമായിരുന്നു. അതിനാൽ സൂവിനൊരു നന്ദിയുടെ ഇസ്മെയിലി. :)

ഇപ്പൊ പഠിച്ച പാഠം - വായിയ്ക്കുന്ന പോലെ എളുപ്പല്ല എഴുതിയുണ്ടാക്കാൻ!

4) ഇതിലെ ചിലതൊക്കെ പാട്ടിൽ നിന്നും വായിച്ചതിൽ നിന്നുമുള്ള ഓർമ്മയിൽ വന്നതുമുണ്ട്‌. പിന്നെ കുറേ വായയ്ക്കു തോന്നിയതും.
'ഴ' എന്നത്‌, ശ്രീ.വൈരമുത്തുവിന്റെ രചനയിൽ ഒരു പാട്ടുണ്ട്‌- "കണ്ൺക്ക്‌ മയി അഴക്‌, കവിതൈയ്ക്ക്‌ പൊയി അഴക്‌" എന്നു തുടങ്ങി, ഒർക്കുന്നുണ്ടോ? A.R റഹ്മാന്റെ സംഗീതം.. അതാണ്‌ പ്രചോദനം.

അപ്പൊ ഇനിയാരൊക്കെയാ അക്ഷരപ്പാട്ടെഴുതുന്നത്‌? വേഗായിക്കോട്ടെ. അക്ഷരങ്ങളൊക്കെ ഒന്നിളകിമറിയട്ടെ.

5 comments:

വേണു venu said...

ഉത്തരമില്ലെനിയ്ക്കൊന്നിനും
ഉത്തരം വേണ്ടെനിയ്ക്കൊന്നിനു-
മെന്നാലുമുത്തരം മുട്ടിയ്ക്കണമെനി-
യ്ക്കൊരുനാളുത്തരമില്ലാ ചോദ്യങ്ങളേ.

കൊള്ളാമല്ലോ അക്ഷരപ്പാട്ടുകള്‍.:)

P.R said...

വേണൂ ജീ, കൊള്ളാമോ?
പോസ്റ്റാന്‍ ഒരു മടി ഉണ്ടായിരുന്നു. പിന്നെ ഒരു ധൈര്യത്തിനു പോസ്റ്റി എന്നു മാത്രം... :)

newnmedia said...
This comment has been removed by the author.
Haree | ഹരീ said...

:-)
'രസിയ്ക്കുമവന്‍, ഒരു കള്ളത്തിരുമാലി!' ഇതൊന്ന് ‘രസിയ്ക്കുമവനൊരു കള്ളത്തിരുമാലി’ എന്നു കൂട്ടിയെഴുതിയാലല്ലേ ചൊല്ലാനെളുപ്പം?

ഇതൊക്കെ ആരെങ്കിലുമൊക്കെ ചൊല്ലി ആഡിയോയായും പോസ്റ്റിയിരുന്നെങ്കില്‍ നന്നായേനേ...
--

P.R said...

ഹരി പറഞ്ഞപ്പോള്‍ അതു ശരിയാന്നു തോന്നുന്നു.
മാറ്റാം.
ആഡിയോ ആയി പോസ്റ്റല്‍.. ഇപ്പോഴും ഒരു വിദൂരമോഹമായി നിലനില്‍ക്കുകയാണ് എനിയ്ക്ക്!