ഞങ്ങളുടെ അപ്പച്ചന്‍.
ഒരു നീല ബോര്‍ഡിലെഴുതിവെച്ച "വൃന്ദാവനം" എന്ന പേര്.
അതിന്റെ പിന്നിലൊരു മൈലാഞ്ചി മരം.
ഉയരത്തിലൊരു മതില്‍.
ഉത്സവം.
കഥകളി.
നിറം മങ്ങാത്ത കുറേയേറെ വര്‍ണ്ണചിത്രങ്ങള്‍..
'ഞങ്ങളുടെ അപ്പച്ചന്‍' - ഞങ്ങളുടെയൊക്കെ മനസ്സിന്റെ കോണില്‍ ഇപ്പോഴും ജീവിയ്ക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട മുത്തച്ഛന്‍/അമ്മച്ഛന്‍ ആണ്.
എന്റെ നാലാം ക്ലാസ് വരെയുള്ള 'ഠ'വട്ടത്തിലൊതുങ്ങുന്നൊരു കാലഘട്ടം ഓര്‍മ്മിപ്പിയ്ക്കുന്ന ഞങ്ങളുടെ അപ്പച്ചനെ ഈ കുറിപ്പിലേയ്ക്കെങ്ങനെ കൊണ്ടുവരാനാവുമെന്ന് എനിയ്ക്കറിയില്ല.
എന്നാലുമെന്റെ കുടുംബാംഗങ്ങളാരുമറിയാതെ, എന്റെ ഓര്‍മ്മയും പിന്നെ കേട്ടറിഞ്ഞതും ഒക്കെ ചേര്‍ത്തു വെച്ച്, ഉള്ളിന്റെയുള്ളില്‍ നിന്നും അപ്പച്ചനെ പുറത്തെടുക്കാനൊരു ശ്രമം.
അതിനാദ്യം ബ്ലോഗിനൊരു സ്തുതി!
അപ്പച്ചനെ ആലോചിച്ചാല്‍ എന്റെ മനസ്സിലെത്തുന്ന പല രൂപങ്ങളിലൊന്ന് വൃന്ദാവനത്തില്‍, കോണി കയറിയ ഉടനെ വലതുഭാഗത്തുള്ള ഒരു ഇടുങ്ങിയ സ്ഥലത്ത്, സന്ധ്യയ്ക്ക് ജനാലയ്ക്കരികിലെ ഒരു ചാരുകസേരയിലിരുന്ന്, കത്തുകള്‍ വായിച്ച് "മറുപടിയെഴുത്തിനു" വേണ്ടി കുറേ അധിക സമയം ഇരിയ്ക്കുന്ന ഒരു രൂപമാണ്.
കോണി കയറി മുകളിലെത്തിയാലുടനെയുള്ള ജനാലയില്‍ നിന്നും നേരെ നോക്കിയാല്‍ വൈദ്യശാലയുടെ ചില ഭാഗങ്ങള്‍ കാണാം. താഴേയ്ക്ക് നോക്കിയാല്‍ മുന്‍പിലേയ്ക്കു ചെരിഞ്ഞു പോകുന്ന ഓടുകളെ കാണാം. സൈറന്‍ അടിയ്ക്കുന്ന ശബ്ദം വ്യക്തമായി കേള്‍ക്കാം.
അപ്പച്ചന്‍ പണ്ട് സ്വന്തം കയ്യക്ഷരത്തില്‍ രോഗികള്‍ക്ക് മറുപടി അയച്ചിരുന്നുവത്രേ. പക്ഷെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന്, പിന്നീട് അദ്ദേഹം മറുപടി "ഡിക്റ്റേറ്റ്" ചെയ്യുകയും അതെഴുതാന്‍ ആരെങ്കിലും വൈദ്യശാലയില്‍ നിന്നും വരുകയും ചെയ്തിരുന്നു. അങ്ങനെ ഡിക്റ്റേറ്റ് ചെയ്യുന്ന നേരത്ത് ഞങ്ങള്‍ കുട്ടികളോട് കര്‍ശനമായി അമ്മമ്മയും അമ്മയും മറ്റും ഒച്ചയുണ്ടാക്കരുതെന്ന് പറഞ്ഞിരുന്നു. ഒച്ചയില്ലാതെ താഴ്‌ന്ന സ്വരത്തില്‍, ഫാന്‍ കറങ്ങുന്ന തളത്തില്‍ പരസ്പരം കുശുകുശുത്തിരുന്ന ഞങ്ങളുടെ ഇടയിലേയ്ക്ക് അപ്പച്ചന്റെ പതിഞ്ഞ സ്വരത്തില്‍ നിര്‍ത്തി നിര്‍ത്തിയുള്ള പല ഭാഷക്കാരായ രോഗികള്‍ക്കുള്ള 'മറുപടികള്‍' വടിവൊത്ത് കനം തൂങ്ങി കിടന്നു.
അപ്പച്ചനെ ഓര്‍മ്മിയ്ക്കുമ്പോള്‍ വിട്ടു പോകാന്‍ പറ്റാത്ത മറ്റൊരു ഓര്‍മ്മയാണ് വൃന്ദാവനം. അവിടെയാണ് അപ്പച്ചനും അമ്മമ്മയും താമസിച്ചിരുന്നത്. അപ്പച്ചന്റെ മക്കളെല്ലാം ജനിച്ചത്. പേരക്കുട്ടികളില്‍ ഞാന്‍ വരെയുള്ളവര്‍ ജനിച്ചത്.
വൃന്ദാവനത്തിന്റെ ഭൂമിശാസ്ത്രം വിവരിയ്ക്കുക എളുപ്പമല്ല.അത്ര ഉള്‍പരപ്പായിരുന്നു അതിന്. എപ്പോഴും അടഞ്ഞു തന്നെ കിടക്കുന്ന കുറേ വാതിലുകള്‍ കാണാം. ഒരു മുറിയില്‍ നിന്നും മറ്റൊരു മുറിയിലേയ്ക്കു കടക്കാന്‍ അനുവദിയ്ക്കുന്ന വാതിലുകളുണ്ട്. തൃകോണാകൃതികളില്‍ വരച്ചു വെച്ചിട്ടുള്ള തറയുണ്ട്.
ഞങ്ങളുടെ അവധിക്കാലങ്ങള്‍ മിയ്ക്കതും വൃന്ദാവനത്തിന്റെ അങ്ങേ തലയ്ക്കുള്ള ഹാള്‍ മുതല്‍ ഇങ്ങേ തലയ്ക്കുള്ള അടുക്കള വരെ ഓടിനടന്ന് ആഘോഷിയ്ക്കപ്പെട്ടിരുന്നു. വീടിന്റെ പിന്‍ഭാഗത്ത് മൈലാഞ്ചിയുടെ വലിയൊരു മരമുണ്ടായിരുന്നു. ഞങ്ങളുടെ ഉച്ച നേരങ്ങള്‍ ആ മൈലാഞ്ചി മരത്തിനു ചുവട്ടില്‍ ചിലവഴിയ്ക്കപ്പെട്ടിരുന്നു. മൈലാഞ്ചി അരച്ചിട്ടിരുന്നു.
ഒരു കോണി കയറി മുകളിലെത്തിയാല്‍ പിന്നെ അങ്ങേയറ്റത്തേയ്ക്ക് വേറൊരു കോണിയിലുടെ ഇറങ്ങിചെല്ലാമായിരുന്നു, വേറൊരു ലോകത്തേയ്ക്ക്. അവിടത്തെ ഹാളിലെ റോഡിനൊട് അഭിമുഖമായി വരുന്ന ജനാലയ്ക്കലിരുന്നാല്‍ ഉത്സവക്കാലത്ത് രണ്ടാം ദിവസത്തെ വെളുപ്പാന്‍ കാലത്തുള്ള വെടിക്കെട്ട് നല്ലപോലെ കാണാം. അപ്പച്ചനും ഞങ്ങള്‍ക്കൊപ്പം വെടിക്കെട്ട് കാണാന്‍ ഹാളിലേയ്ക്കു വന്നിരുന്നിരുന്നു.പുറം ലോകത്തില്‍ നിന്നും വേര്‍പ്പെട്ടു നിന്ന്, മരുന്നുകളുടെ ഗന്ധം തങ്ങി നിര്‍ത്തി, ഞങ്ങളുടെ അമ്മമാരുടെ, അമ്മാമന്മാരുടെ ബാല്യ - കൗമാരകാലങ്ങള്‍ ചുമരുകളിലേന്തി, ഒരു പ്രത്യേക കാലാവസ്ഥ പകര്‍ന്നുതന്നിരുന്നു വൃന്ദാവനത്തിലെ ഓരോ മുറികളും, ജനാലകളും, കോണിപ്പടികള്‍ പോലും!
അപ്പച്ചന്‍ എങ്ങനെ 'അപ്പച്ചനായി' അറിയപ്പെട്ടു എന്നറിയാമോ?
അപ്പച്ചനു കുട്ടികളെ വളരെ ഇഷ്ടമായിരുന്നു.
ആദ്യമായി അപ്പച്ചനുണ്ടായ പേരക്കുട്ടിയ്ക്ക്, "അമ്മച്ഛാ.." എന്നു വിളിയ്ക്കാന്‍ പറഞ്ഞുകൊടുത്തപ്പോള്‍, എന്തു കൊണ്ടോ അവള്‍ വിളിച്ചു തുടങ്ങിയത് "അപ്പച്ചാ.." എന്നായിരുന്നുവത്രേ. അപ്പച്ചനതിഷ്ടമാവുകയും അതു മാറ്റം വരാതെ പിന്നീടുണ്ടായ പേരക്കുട്ടികളൊക്കെ ഏറ്റു വിളിയ്ക്കുകയും ചെയ്തുവെന്നാണ് കഥ.
അങ്ങനെ ഞങ്ങള്‍ക്ക് ഒരു അപ്പച്ചനെ കിട്ടി.
അപ്പച്ചന്‍ എന്ന വാക്ക് ആര് ഉച്ചരിയ്ക്കുമ്പോഴും അതിനു കൊടുക്കുന്ന രൂപം വേറെയാരുടേയുമല്ല ഇപ്പോഴും ഞങ്ങളുടെ മനസ്സില്‍. മുത്തശ്ശാ എന്നോ അമ്മച്ഛാ എന്നോ വിളിയ്ക്കാന്‍ തോന്നില്ല അപ്പച്ചനെ..
എന്നിട്ടും ഞങ്ങള്‍ സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത്, കൂട്ടുകാരോട് 'അപ്പച്ചന്‍' എന്നു സംബോധന ചെയ്യാനുള്ള ജാള്യത കൊണ്ട് മുത്തശ്ശന്‍ എന്നു ബുദ്ധിമുട്ടി പറഞ്ഞിരുന്നു. ആ സ്വഭാവം ഇപ്പോഴും എന്നെ പിന്‍തുടരാറുണ്ട്, പലപ്പോഴും. ഭര്‍ത്താവിന്റെ വീട്ടില്‍ പോയാല്‍ ഇപ്പോഴും നാവിന്‍തുമ്പത്തു നില്‍ക്കുന്ന 'അപ്പച്ചനെ' മായ്ച്ച്, അപ്പോഴത്തെ 'കാലാവസ്ഥയ്ക്കനുസരിച്ച്' മുത്തശ്ശന്‍, അമ്മച്ഛന്‍ എന്നൊക്കെ കഷ്ടപ്പെട്ടു പറയുന്ന എന്നോട് എനിയ്ക്കു തന്നെ ആശ്ചര്യം തോന്നാറുണ്ട്!
സ്വതവേ ശീലങ്ങള്‍ക്ക് വളരെ പ്രാധാന്യം കൊടുക്കാറുള്ള ഞങ്ങളുടെ കുടുംബത്തിലെ, "സ്ഥാനങ്ങള്‍ക്കനുസരിച്ചുള്ള അതാത് വിളിപ്പേരുകളുപയോഗിയ്ക്കേണ്ടതാകുന്നു" എന്ന ഒരു ശീലത്തെയാണ് ശരിയ്ക്കും ഈ 'അപ്പച്ചന്‍' വിളി മറികടന്നു പോയത്!.
എന്നിട്ടിപ്പോഴും എനിയ്ക്കു സംശയമാണ്, അപ്പോ അമ്മടെ അച്ഛനെ അമ്മച്ഛന്‍ ന്നാണോ മുത്തച്ഛന്‍ ന്നാണോ പറയാ?
അല്ലെങ്കിലും അപ്പച്ചന് പെങ്കുട്ട്യോളെ വല്യ ഇഷ്ടായിരുന്നു!
പെണ്‍മക്കളെയൊക്കെ അപ്പച്ചന്‍ മാത്രം വിളിയ്ക്കുന്ന പേരുകള്‍ കൗതുകകരങ്ങളായിരുന്നു.
മൂത്ത മകള്‍ ശ്രീദേവിയെ പതുക്കെ അമ്മൂ എന്നും, രണ്ടാമത്തെ മകള്‍ സതിയെ നീട്ടി "സാ.." എന്നും മൂന്നാമത്തെ മകള്‍ രുഗ്മിണിയെ കുറുക്കി "ഉം..." എന്നാണത്രേ വിളിച്ചിരുന്നത്!
പിന്നെ, ഇംബാന്‍ഡന്‍, ശുപ്പാണ്ടന്‍, അപ്പുഞ്ചു എന്നൊക്കെ ആണ്‍കുട്ടികള്‍ക്കുള്ള ചില പ്രത്യേക പേരുകള്‍ അപ്പച്ചന്റെ കയ്യിലുണ്ടായിരുന്നു. ഈ പേരുകള്‍ മാറി മാറി പെണ്‍മക്കള്‍ക്കിടയിലുള്ള ആണ്‍മക്കളേയും അപ്പച്ചന്‍ വിളിച്ചിട്ടുണ്ടാവും.
അതുപോലെ ഓരോ പേരക്കുട്ടികള്‍ക്കും ഓരോ പേരുകളുണ്ടാക്കിയിരുന്നു അപ്പച്ചന്‍. ഞങ്ങളെല്ലാ കുട്ടികളും അപ്പച്ചന് 'സ്പെഷ്യല്‍' ആയിരുന്നു.
അപ്പച്ചന്റെ ആദ്യത്തെ പേരക്കുട്ടിയെ "നരൂ.." എന്നു വിളിച്ചിരുന്നു.
പിന്നെ, തടിച്ചുരുണ്ട ഒരു 'ഗുണ്ടപ്പിയെ' "മത്തങ്ങേ.." എന്നു വിളിച്ചിരുന്നു.
ഞാനൊരു വാശിക്കാരിയായതു കൊണ്ട് എന്നെ "അപ്രീതി" എന്നു വിളിച്ചിരുന്നുവത്രേ അപ്പച്ചന്‍.
എന്റെ അനിയനെ "ഇംബാന്‍ഡന്‍" എന്നു വിളിച്ചിരുന്നു.
അപ്പച്ചന്റെ പേരക്കുട്ടികള്‍ ഇനിയും നീണ്ടു കിടക്കുന്നുണ്ടെങ്കിലും പെട്ടെന്നോര്‍മ്മ വരുന്ന പേരുകളിതൊക്കെയാണ്.
അപ്പച്ചനെ ഓര്‍മ്മിയ്ക്കുമ്പോള്‍ മനസ്സിലേയ്ക്കു വരുന്ന മറ്റൊന്നാണ് ഞങ്ങളോടു പറഞ്ഞിരുന്ന തമാശകളും, കഥകളും.കൈപത്തി മടക്കി വെച്ച്, ചെറുവിരല്‍ മാത്രം നിവര്‍ത്തിപിടിച്ച്, അപ്പച്ചന്‍ പാടും, മുകളിലേയ്ക്കു വായയും പൊളിച്ചു നില്‍ക്കുന്ന ഞങ്ങളെ നോക്കി - "അപ്പഴും പറഞ്ഞില്ലേ പോകണ്ടാ, പോകണ്ടാ ന്ന്..." ഞങ്ങള്‍ ചിരിയ്ക്കും.പിന്നെ പറയും ഒരാളെ നോക്കി, പെണ്‍കുട്ടിയാണെങ്കില്‍ - "യൂ ആറെ വേരു വേറി ഗുഡ് ഗുഡ് ബോയ്!" എന്ന്. ആണ്‍കുട്ടിയാണെങ്കില്‍ മറിച്ചും. അല്ലെങ്കില്‍ "യൂ ആറെ വേറി വേറി ബാഡ് ബാഡ് ഗേള്‍!" എന്ന്.
അതു കേട്ടാലും ഞങ്ങള്‍ ചിരിയ്ക്കും.
അപ്പച്ചന്റെ വെപ്പു പല്ലുകളായിരുന്നു. അതേതോ രീതിയില്‍ ഉയര്‍ത്തികാണിച്ച്, ഞങ്ങളെ പേടിപ്പിയ്ക്കാന്‍ ശ്രമിയ്ക്കും. അപ്പോഴും ഞങ്ങള്‍ ചിരിയ്ക്കും.
അപ്പച്ചനെ നല്ല ചന്ദനത്തിന്റെ വാസനയുണ്ടായിരുന്നു. അപ്പച്ചന്റെ കുളി കഴിഞ്ഞിറങ്ങിയാല്‍, മത്സരിച്ചു ഞങ്ങളോടിയിരുന്നു, കുളിമുറിയിലേയ്ക്ക്. കുളിമുറി നല്ല ചന്ദനത്തിന്റെ ഗന്ധത്തില്‍ കുളിച്ചു നില്‍ക്കുന്നുണ്ടാവും. നനഞ്ഞ നിലത്ത് കാല്‍ വെച്ച്, ഞങ്ങള്‍ വേണ്ടുവോളം അത് നുകര്‍ന്നെടുക്കും. പിന്നെ വെപ്രാളപ്പെട്ട് കുളിയ്ക്കും, അപ്പച്ചന്റെയൊപ്പം അമ്പലത്തില്‍ പോകാന്‍. അമ്പലത്തില്‍ പോവുമ്പോള്‍ ധാരാളം കഥകള്‍ പറയും അപ്പച്ചന്‍. അതൊന്നും ഓര്‍ക്കുന്നില്ലെങ്കിലും അപ്പച്ചന്റെ നനുത്ത ശബ്ദം കാതില്‍ വന്നു നിറയുന്നുണ്ട്. അപ്പച്ചന് അമ്പലത്തില്‍ പോകാന്‍ ധരിയ്ക്കാനായി "മെതിയടികള്‍" ഉപയോഗിച്ചിരുന്നു. അതില്‍ ബാലന്‍സ് ചെയ്ത് നടക്കുന്നത് ഞങ്ങള്‍ക്കൊക്കെ അത്ഭുതവും.
അപ്പച്ചനൊടെനിയ്ക്കു അന്നൊക്കെ ഇഷ്ടമായിരുന്നോ, സ്നേഹമായിരുന്നോന്ന് വ്യക്തമായറിയില്ല. എന്നാല്‍ പേടിയായിരുന്നോ ബഹുമാനമായിരുന്നോന്നും അറിയില്ല. അപ്പച്ചനെ ഒരിയ്ക്കല്‍ പോലും ഒന്നു തൊട്ടുനോക്കാനോ, എന്തെങ്കിലും മിണ്ടുവാനോ തുനിഞ്ഞിട്ടില്ലാത്ത എന്നെ ആകര്‍ഷിച്ചിരുന്നത് ഞങ്ങളോടുള്ള തമാശകളും, സുഗന്ധവും, വര്‍ത്തമാനങ്ങളുമാണ്. അപ്പച്ചനുമായി സ്വതന്ത്രമായി ഇടപഴകുന്ന എന്റെ വല്യമ്മമാരുടെ മക്കളേ നോക്കി നില്‍ക്കാറുള്ള ശീലമായിരുന്നു എനിയ്ക്ക്. കുറേ കാലങ്ങള്‍ക്കു ശേഷം, അപ്പച്ചന്‍ വീട്ടില്‍ വരുമ്പോള്‍ ചിലപ്പോള്‍ എന്നെ ചേര്‍ത്തു പിടിയ്ക്കാറുണ്ടായിരുന്നു. ആ വാസനയില്‍ എവിടേയും തൊടാതെ അപ്പച്ചന്റെ കൈകള്‍ക്കുള്ളില്‍ എന്തോ പറ്റിയതു പോലെ നിന്നിരുന്നു ഞാന്‍. ഒരിയ്ക്കല്‍ അപ്പച്ചന്റെ മുന്നിലൊരു കീര്‍ത്തനം പാടിയിട്ടുണ്ട്.
എന്നാല്‍ അച്ചടക്കത്തേയും ചിട്ടകളേയും ഗൗരവത്തോടെ കണ്ടിരുന്ന അപ്പച്ചന്‍ കുടുംബത്തില്‍ ചിലപ്പോഴൊക്കെ ഒരു ഗൗരവ സ്വഭാവം സൂക്ഷിച്ചിരുന്നു.
ഒരു കൂട്ടില്ലാതെ അപ്പച്ചന്റെ മുറിയിലേയ്ക്കു ഒന്നുമാലോചിയ്ക്കാതെ കയറിപ്പോകാന്‍ എനിയ്ക്കു ധൈര്യമുണ്ടായിരുന്നില്ല, ഇഷ്ടമായിരുന്നെങ്കിലും.
അപ്പച്ചന്‍ ഫോണില്‍ സംസാരിയ്ക്കുമ്പോള്‍, ഉച്ചയ്ക്ക് വിശ്രമിയ്ക്കുമ്പോള്‍ ഒക്കെ ആ ചുറ്റുവട്ടത്ത് ഒച്ചയുണ്ടാക്കരുതെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അപ്പച്ചന്റെ മേശപ്പുറത്തിരിയ്ക്കുന്ന സാധനങ്ങള്‍ തൊടാന്‍ പാടില്ല, ഊണു കഴിയ്ക്കുമ്പോള്‍ തലയ്ക്കു കൈ വെയ്ക്കാന്‍ പാടില്ല, കോണി കയറുമ്പോള്‍ ഉറക്കെ ശബ്ദമുണ്ടാക്കി കയറരുത്, ഒക്കെ ഞങ്ങള്‍ കൃത്യമായി അനുസരിച്ചു വന്നു.
എന്നാലും മേശപ്പുറത്തെ സാധനങ്ങളേയും, പേനകളേയും മറ്റും ആരും കാണാതെ ഒന്നു തൊട്ടു നോക്കും, തൊട്ടാല്‍ പൊട്ട്വോ.. എടുത്താല്‍ സ്ഥലം മാറ്‌വോ.. എന്ന ഭീതിയോടെ..
ചിട്ടയായ ഒരു ജീവിത ശൈലിയുണ്ടായിരുന്നു അപ്പച്ചന്. പക്ഷെ നിരന്തരം രോഗികളുടെ കൂടെ കഴിഞ്ഞിരുന്ന അദ്ദേഹത്തിനു സമയത്തിനാഹാരം കഴിയ്ക്കാനായിരുന്നില്ലെന്നു തോന്നുന്നു. എന്നാല്‍ മുടങ്ങാതെ ഡയറി എഴുതിയിരുന്നു. രാവിലെ ദിവസവും അടുത്തുള്ള വിശ്വംഭരന്റെ അമ്പലത്തില്‍ പോയിരുന്നു. ഒരു പത്തു പതിനൊന്നു മണി നേരത്ത് നടപ്പെരയില്‍ ഒരു കസേരയിലിരുന്ന്, മരുന്നുകളുടെ ഗുണനിലവാരം നോക്കിയിരുന്നു. ദിവസവും രാവിലേയും രാത്രിയും അദ്ദേഹത്തിന്റെ മുറിയില്‍ തൂക്കിയിട്ടിരുന്ന ധന്വന്തരിയുടെ ഫോട്ടോ നോക്കി തൊഴുതിരുന്നു. വെളുത്ത ഖദര്‍ ഷര്‍ട്ടും,മുണ്ടും സ്ഥിരം വേഷം. അമ്പലത്തിലേയ്ക്കു ഷര്‍ട്ടിടാതെ തോളത്തൊരു മുണ്ടിട്ട്, ഉടുത്തിരിയ്ക്കുന്ന മുണ്ടിന്റെ വലത്തേയറ്റം ഇടത്തേ കക്ഷത്തില്‍ തിരുകി ഉയരത്തിലുള്ള നടത്തമാണ് ഓര്‍മ്മയില്‍. വിശ്വംഭരനെ തൊഴുതു കഴിഞ്ഞാല്‍ അത്നടുത്തു തന്നെയുള്ള അദ്ദേഹത്തിന്റെ ഗുരുവിന്റെ പ്രതിമ വെച്ചിട്ടുള്ള ഒരു കൊച്ചു വള്ളിക്കുടില്‍ പോലൊരു സ്ഥലത്തും അദ്ദേഹം ദിവസവും പോയി തൊഴുതിരുന്നു. അത് ഞങ്ങളും പിന്നീടൊരു പതിവാക്കി. തലയിലും രോമങ്ങളുള്ള ചെവികളുടെ പിന്നിലും തെച്ചിപ്പൂക്കളുടേയും, തുളസിയുടേയും ബാക്കികളെ കാണാം. നെറ്റിയില്‍ എന്നും ചന്ദനം കൊണ്ടുള്ള വട്ടത്തിലുള്ള ചെറിയൊരു പൊട്ടും.അവധിക്കാലങ്ങളാണെങ്കില്‍ അമ്പലത്തിലേയ്ക്കു പോകുമ്പോള്‍, പിന്നാലെ പരിവാരങ്ങളായി ഞങ്ങളെല്ലാ "പിറുങ്ങിണികളും" ഉണ്ടാകും.
അപ്പച്ചന്‍ വൈദ്യം പഠിച്ചത് വളരെ ബുദ്ധിമുട്ടിയാണെന്നു കേട്ടിട്ടുണ്ട്. പരീക്ഷയ്ക്കു മാര്‍ക്ക് കുറയുമ്പോള്‍ അമ്മ എന്നെ ഓര്‍മിപ്പിയ്ക്കാറുള്ള, "സ്റ്റ്രീറ്റ് ലൈറ്റിന്റെ ചുവട്ടിലിരുന്നു പഠിയ്ക്കുന്ന അപ്പച്ചന്റെ മറ്റൊരു പഴയകാല 'രൂപം" കുറേ സങ്കല്‍പ്പിച്ചു നോക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാവും അപ്പച്ചനെ സ്നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ രോഗികള്‍ ഏറെയുണ്ടായിരുന്നതായിരുന്നതും. അപ്പച്ചന്റെ ജീവിതത്തിലെ പകുതി മുക്കാല്‍ ഭാഗവും ചിലവഴിച്ചത് നേര്‍സിംഗ് ഹോമിലും, മരുന്നുകള്‍ക്കൊപ്പവും ആയിരുന്നു. ഗര്‍ഭസ്ഥ സ്ത്രീകള്‍ക്ക് ഒരാറേഴു മാസമാവുമ്പോള്‍ കഴിയ്കാനുള്ള കഷായം അപ്പച്ചനുണ്ടാക്കിയതാണെന്ന് ഞാനാദ്യമായറിയുന്നത് അമ്മൂനെ ഗര്‍ഭമായിരിയ്ക്കുമ്പോഴായിരുന്നു. ഒരു സാന്ത്വനത്തിന്റെ ഭാഷയുണ്ടായിരുന്നു ആ ശബ്ദത്തിന്. സ്വന്തം നാട്ടിലെത്തിയാലും ധാരാളം പേര്‍ അപ്പച്ചനെ കാണാന്‍ വന്നിരുന്നു.
കാലം ചെല്ലുന്തോറും അപ്പച്ചന്റെ ആരോഗ്യം കുറഞ്ഞു വന്നു. ചെറുപ്രായത്തിലേ ഒരു പ്രമേഹ രോഗിയായിരുന്നു. രോഗം മൂര്‍ച്ഛിച്ച് ഒരിയ്ക്കല്‍ കാലിലെ തള്ളവിരല്‍ മുറിച്ചു മാറ്റപ്പെട്ടു. അതിനു ശേഷം അപ്പച്ചന്റെ പഴയ ഉത്സാഹമൊക്കെ പോയിരുന്നതായി ഓര്‍ക്കുന്നു. ക്ഷീണിച്ചു വരുന്ന ഒരു രൂപമായി പിന്നെ.. യാത്രയിലൊക്കെ നന്നായി ഉറങ്ങുമായിരുന്നു, വായ പൊളിച്ചു കൊണ്ട്. അതുവരെ എല്ലാ വര്‍ഷവും വിടാതെ പോയിരുന്ന ശബരിമല യാത്രയും നിര്‍ത്തി വെച്ചു. അപ്പച്ചന്റെ രസാവഹമായ ശരണം വിളികളെ പറ്റി കേട്ടിട്ടുണ്ട്. അപ്പപ്പോള്‍ അയ്യപ്പന് പര്യായങ്ങളുണ്ടാക്കി ഈണത്തില്‍ ശരണം വിളിച്ചിരുന്നുവത്രേ!
അപ്പച്ചനൊരു വൈദ്യനായതു കൊണ്ടോ, ഒരു ദീര്‍ഘകായനായതു കൊണ്ടോ അതുമല്ലെങ്കില്‍ മുത്തച്ഛനായതു കൊണ്ടോ,അപ്പച്ചന്‍ ഞങ്ങളുടെയൊക്കെ ഉള്ളിന്റെയുള്ളിലൊരു "ധൈര്യമായിരുന്നു" എന്നത് എനിയ്ക്കു മനസ്സിലായത് അന്നാണ്..
അപ്പച്ചനെല്ലാം അറിയാം, അപ്പച്ചനെ എല്ലാവര്‍ക്കും അറിയാം എന്നൊക്കെയൊരു തോന്നല്‍ പകര്‍ന്നു തന്നിരുന്ന ധൈര്യം.
1988 -ലെ ഒരിയ്ക്കലും മറക്കാത്ത ഒരു വിഷുവിന്റെ അന്ന്..
ഉത്സവക്കാലമായിരുന്നു. തലേന്ന് ഞങ്ങളെയൊക്കെ നിര്‍ബന്ധിച്ച് കഥകളി കാണാന്‍ പറഞ്ഞയച്ചു അപ്പച്ചന്‍. വെളുപ്പാന്‍കാലത്തെപ്പൊഴോ, ആരോ വന്നു ഞങ്ങളെ വിളിച്ചു കൊണ്ടു പോയി. മുകളില്‍ മുറിയിലെത്തിയപ്പോള്‍ കട്ടിലില്‍ വായ തുറന്നു കൊണ്ടു കിടന്നുറങ്ങുന്ന അപ്പച്ചനെ കണ്ട നല്ല ഓര്‍മ്മയുണ്ടെനിയ്ക്ക്.
ഞങ്ങളെല്ലാവരും ഒരുമിച്ച് ആ മുറിയില്‍ തൊട്ടപ്പുറത്തുള്ള അമ്മമ്മയുടെ കട്ടിലിലിരുന്നു.
എന്റെ അമ്മയും വല്യമ്മമാരും ഉറക്കെ കരയുന്നത് ഞാനാദ്യമായി കാണുകയായിരുന്നു.
അന്നെനിയ്ക്കു കരച്ചില്‍ വന്നില്ല. എനിയ്ക്കപ്പച്ചനോട് ഇഷ്ടമില്ലേ എന്നു സംശയിച്ചു.
അപ്പച്ചനെല്ലാം അറിയണ ആളല്ലേ, അതുകൊണ്ട് ഒരിയ്ക്കലും മരിയ്ക്കില്ല എന്നായിരുന്നു എന്റെ വിചാരം.
നടപ്പെരയില്‍ പുതച്ചു കിടക്കുന്ന അപ്പച്ചനെ വലം വെച്ചു നമസ്കരിയ്ക്കുമ്പോള്‍ അപ്പച്ചന്റെ വയറിലേയ്ക്ക് ഉയര്‍ന്നു താഴുന്നില്ലേയെന്ന് ഉറ്റുനോക്കി.
അപ്പോള്‍ എന്റെ അച്ഛന്റെ അച്ഛന്‍ - മുത്തച്ഛനും മരിച്ചു പോകുമോ എന്നു ചിന്തിച്ചു.
വിഷുവിന്റന്ന് പൊട്ടിയ്ക്കാന്‍ വെച്ചിരുന്ന പടക്കങ്ങളെ ഓര്‍ത്ത് "ഇനി നമുക്ക് പൊട്ടിയ്ക്കണ്ടാ ലേ .." എന്നു കൂടെയുള്ള അമ്മ്വേട്ത്യോട് പറയാന്‍ വന്നത് ഇറക്കിക്കളഞ്ഞു.
വൃന്ദാവനം ആള്‍ക്കൂട്ടം കൊണ്ടു നിറഞ്ഞു.
വൃന്ദാവനം ഞങ്ങളുടേതല്ലാതായി!
പിന്നീടുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ കുറേ അധികം കറുത്ത വലിയ ഉറുമ്പുകളെ കണ്ടു. വീടിന്റെ പല, പല ഭാഗത്തായി.. കുളിമുറിയിലും, എല്ലായിടത്തും. അതുപോലെ വര്‍ഷങ്ങളായി ദിവസവും തളത്തിലെ ചില്ലുകൊണ്ടടച്ച ഒരു ജനാലയില്‍ വന്നിരുന്നു കൊക്കു കൊണ്ട് ശബ്ദമുണ്ടാക്കാറുള്ള ഒരു കാക്കയേയും പിന്നീട് കാണപ്പെട്ടില്ല, ഈ 'സൂചനകളൊക്കെ' ആരൊക്കെയോ എന്തൊക്കെയോ പറയുന്നതു കേട്ട് ഞങ്ങള്‍ മരണത്തിന്റെ അടയാളങ്ങളായി കണ്ടു. ആദ്യമായി മരണം അനുഭവിപ്പിയ്ക്കുന്ന 'ഒഴിവ്' അറിഞ്ഞു. അപ്പച്ചന്റെ ഒഴിഞ്ഞു കിടക്കുന്ന മുറിയിലേയ്ക്ക് പിന്നെ കയറിചെല്ലാന്‍ തോന്നിയില്ല.
പിന്നീട്, ഞങ്ങള്‍ വൃന്ദാവനം വിടുകയായി എന്നറിഞ്ഞു. ഏകദേശമൊരു നാല്‍പ്പത് വര്‍ഷത്തെ ജീവിതത്തിനു ശേഷം വൃന്ദാവനത്തെ അതിന്റെ 'ഉടമസ്ഥന്' ഭദ്രമായി തിരിച്ചേല്‍പ്പിച്ച് അമ്മമ്മയും ഞങ്ങളോടൊപ്പം താമസിയ്ക്കാന്‍ വരികയാണെന്നു മനസ്സിലായി.
അങ്ങനെ വൃന്ദാവനവും അപ്പച്ചനെ പോലെ മനസ്സിലെന്നും മായാതെ കിടക്കുന്ന ഏടായി. കുറഞ്ഞത് ഞാന്‍ വരേയുള്ള അപ്പച്ചന്റെ പേരക്കുട്ടികള്‍ക്ക്.
എനിയ്ക്കു ശേഷം വന്നവര്‍ക്ക് അപ്പച്ചനെ കണ്ട ഓര്‍മ്മയുണ്ടാവുമോ?
അവസാന കാലത്ത് അദ്ദേഹം ക്ഷീണിതനായിരുന്നു. തമാശകളും കഥകളും പറയാതെയായിരുന്നു. ഏകാന്തനായി കാണപ്പെട്ടിരുന്നു.
അപ്പച്ചന് എല്ലാം അറിയാമായിരുന്നു..
ഇക്കഴിഞ്ഞ വിഷുവിന്റന്നും രാവിലെ എണിയ്ക്കുമ്പോള്‍ ഇരുപതു വര്‍ഷങ്ങള്‍ പിന്നിലേയ്ക്കു നിമിഷം കൊണ്ട് പോയി വന്നു.
ഒരുപക്ഷെ ഉറക്കെപ്പറയാതെ, പലയിടത്തായി ചിന്നിച്ചിതറിയ ഞങ്ങളെല്ലാവരും തന്നെ.
പണ്ടു പണ്ട്.. ഞങ്ങള്‍ക്കൊരു അപ്പച്ചനുണ്ടായിരുന്നു..
ഒരു വൃന്ദാവനമുണ്ടായിരുന്നു..
ഒരു മൈലാഞ്ചിമരമുണ്ടായിരുന്നു....
ഒരുത്സവക്കാലമുണ്ടായിരുന്നു..
മരുന്നുകള്‍ക്കൊക്കെ ഗന്ധമുണ്ടായിരുന്നു..
അപ്പച്ചന്‍ എന്റേയും അപ്പച്ചനായിരുന്നു..
അപ്പച്ചനെ എനിയ്ക്കും ഇഷ്ടായിരുന്നു..!
കുറിപ്പ്.
ഈ പോസ്റ്റിനോട് ചേര്‍ത്ത് ഇതു രണ്ടും വായിയ്ക്കാം.
1) Fragrant memories
2) Death - The ultimate reality

20 comments:
വല്യച്ഛന്‍ മാരേയും വല്യമ്മമാരേയും ഓര്‍ക്കാന്‍ അവരോടൊപ്പം ചിലവഴിച്ച ഒരു ചെറിയ കാലളവിനുപോലുമാകും.
അപ്പഛ്ന്റെ അപ്രീതിയ്ക്കു,
ആ സുഗന്ധമാറ്ന്ന,ആറ്ദ്രമായ സാന്നിദ്ധ്യം ഇപ്പോഴും, എപ്പോഴും അറിയുന്നു...
ആ ഓറ്മ്മകള്‍ പലയിടത്തായി ചിന്നിചിതറിയ നമ്മള്‍ക്കു പ്രചോദനമായി, ധൈര്യമായി..
ഒരുപാടു സ്നേഹത്തോടെ
അപ്പഛ്ന്റെ നരു
അഛണ്റ്റെ ഓര്‍മ്മകള്‍!മനസ്സിലെവിടെയൊക്കെയൊ തൊട്ടു.ഇത്തിരി നേരം ആ പഴയ കുട്ടിക്കാലത്തും,വൃന്ദാവനത്തിലുമൊക്കെയായിരുന്നു.'പല്ലും ചൊല്ലും' വൈകി വന്ന ആളായതിനാലാണത്രെ,ഞാന്‍ 'ഊം' ആയത്.
ഓര്‍മകള്‍ അമ്മൂന്റ്റെ കണ്ണു നനയിച്ചു. അവധിയ്ക്കു ബൊംബയില്‍ നിന്നു വരുമ്പൊള്‍ തിരൂര്‍ സ്റ്റേഷനില്‍ അച്ഛന്റെ അമ്മൂ വിളി ഇപ്പൊഴും കാതുകളില്‍ കേള്‍ക്കുന്നു.
വളരെ ടച്ചിങ്ങായ ഒരു പോസ്റ്റ്, ചേച്ചീ.
ഇതിലെ അപ്പച്ചനും അതു പോലെ വൃന്ദാവനവും എല്ലാം എന്റെ അമ്മയുടെ അച്ഛനോടും (ഞങ്ങള്‍ അച്ഛീച്ചന്‍ എന്നാണ് വിളിച്ചിരുന്നത്) അമ്മവീടിനോടും എല്ലാം വളരെ സാമ്യം പുലര്‍ത്തുന്നു എന്നതും ഒരു അതിശയമാകാം.
ഒപ്പം ഞങ്ങളുടെ അച്ഛീച്ചനും ആ നാട്ടിലെ പേരു കേട്ട ഒരു വൈദ്യനായിരുന്നു. അച്ചീച്ചന്റെ മുറിയില്‍ കയറാനും അവിടെയുള്ള സാധനങ്ങള്‍ തൊടാനുമൊന്നും ഇതു പോലെ തന്നെ ഞങ്ങള്‍ക്കും വിലക്കുണ്ടായിരുന്നു. എല്ലാം വീണ്ടും ഓര്‍ത്തു. തികച്ചും നൊസ്റ്റാള്‍ജിക്കായ ഒരു നല്ല പോസ്റ്റ്.
[അവസാനം ഞങ്ങളുടെ അച്ഛീച്ചനും 1991 ല്‍ യാത്രയായി. അതോടെ അമ്മൂമ്മയും മാമന്റെ വീട്ടിലേയ്ക്കു മാറി. ആ വലിയ വീട് ശൂന്യമായി. ഇന്ന് ആ വീട് അവിടെ ഉണ്ടെങ്കിലും അതിന്റെ അവസ്ഥ കണ്ടാല്‍ വിഷമം തോന്നും.]
കമന്‍റുവഴി വന്നതാണിവിടെ. ബുക്ക്മാര്‍ക്കാക്കുന്നു. ഇങ്ങനെ തിരക്കിട്ട് ഓഫീസിലിരുന്നു വായ്ച്ചാല്‍ ശരിയാകില്ല. എല്ലാ റിലേറ്റഡ് പോസ്റ്റുകളും വാായിച്ചിട്ടു സമാധാനമായി അഭിപ്രായമെഴുതാം.
നീളമേറിയ പോസ്റ്റായിരുന്നെങ്കിലും ഒട്ടും മുഷിഞ്ഞില്ല,ഇത്രയും നേരം ഞാനും വൃന്ദാവനത്തിലെ മുറികളില്‍ ഓടി ചാടി നടന്ന പോലെ :)
ഒപ്പോളേ,........ അപ്പച്ഛന്‍ ഇങ്ങിനെ ഒക്കെ ആയിരുന്നൂ എന്നു ഇപ്പോഴാണു അറിയുന്നത്. ഓരിക്കല്‍ പൊലും കണ്ട ഒോറ്‍മ്മയില്ലാത്ത, കേള്‍വിയിലൂടെ മാത്രം അറിഞ്ഞ ഒരാള്‍അതാണു എനിക്ക അപ്പ്പ്പച്ചന്‍. ആ അപ്പ്പ്പച്ചനെ അടുത്തറിയിപ്പിച്ച ഓപ്പ്പ്പളുടെ കുറിപ്പിനു അഭിവാദ്യങ്ങള്‍.
Apreethi
Excellent work, you have touched a cord among all of us who remember him...and a yearning among those who didnt..
I have so many memories of him too...holding his hands because he was too proud to use a walking stick, pressing his feet during his afternoon naps, standing behind him and pulling on the looong hair from his ears!!!
I am amazed at your memories of him. very well written indeed. I loved it...
Apachan's Appunju
ഇപ്പോഴാണു പോസ്റ്റുകള്‍ വായിച്ചതു്. എന്‍റെ അപ്പച്ചന്‍ എന്നു തലക്കെട്ടിടാതെ ‘ഞങ്ങളൂടെ അപ്പച്ചന്‍‘ എന്നെഴുതിയതിലെ ഔചിത്യം കമന്‍റുകളിലൂടെ കൂടുതല്‍ പ്രസക്തമായി. ചന്ദനത്തിന്‍റെ മണമുള്ള ഒരു മുത്തശ്ശി എനിയ്ക്കും ഉണ്ടായിരുന്നു. ( നല്ല കാലം വറപ്പോകത് എന്ന എന്‍റെ പോസ്റ്റിലെ പാട്ടിയില്‍ ഒരു ചെറിയ പരാമര്‍ശം ഊണ്ട്.)ആ ഫ്രാഗ്രന്‍സിന്‍റെ അനുഭവതലങ്ങള്‍ എനിയ്ക്കും മനസ്സിലാകും.
ആര്‍ജ്ജവമുള്ള സത്യ സന്ധമായ എഴുത്ത് എനിക്കു ഇഷ്ടമായി.ഈ അപ്പച്ചന്‍ നമ്മുടെയൊക്കെ സ്വന്തം വൃന്ദാവനങ്ങളിലെ എല്ലാമറിയാവുന്ന ആരെയൊക്കെയോ ഓര്‍മ്മിപ്പിക്കും.
നിങ്ങളുടെ അപ്പച്ചന്‍ ഓര്‍മ്മകളോടൊപ്പം ഒരു സംസ്കാരവും പങ്കു വച്ചെന്നു തോന്നും.(വൃന്ദാവനത്തിലെ ഇപ്പോഴത്തെ ഉടമസ്ഥനെക്കുറിച്ചു ഇതു പറയാമോ എന്നെനിയ്ക്കു അറിയില്ല.)
സിമ്പിളായ ഒരു പേഴ്സണല്‍ സ്റ്റയില്‍ ഉണ്ട് ഈ എഴുത്തിനു.
നന്നായി.
കോണി കയറി മുകളിലെത്തിയാലുടനെയുള്ള ജനാലയില്‍ നിന്നും നേരെ നോക്കിയാല്‍ കാണാവുന്ന വൈദ്യശാല. അവിടെ നിന്നും താഴേയ്ക്കു് നോക്കിയാല്‍ മുന്‍പിലേയ്ക്കു് ചെരിഞ്ഞു പോകുന്ന ഓടുകള്‍. വൃന്ദാവനത്തിലെ അങ്ങേ തലയ്ക്കുള്ള ഹാള്‍ മുതല്‍ ഇങ്ങേ തലയ്ക്കല്‍ ഉള്ള അടുക്കള. മൈലാഞ്ചി മരം. മെതിയടിയുടെ ശബ്ദം.
അപ്പച്ചനെ കാണാന്‍ കഴിയുന്നു. ശ്രീദേവിയും സതിയും രുഗ്മിണിയും അപ്രീതിയുമൊക്കെ ഓടി നടന്നതു സങ്കല്പിക്കാനാകുന്നു.
വളരെ ലളിതമായി മനസ്സിന്‍റെ കോണില്‍ മാഞ്ഞു പോകാതിരിക്കുന്ന ആ ചന്ദനത്തിന്‍റെ വാസന പങ്കുവച്ചതു് വളരെ ഇഷ്ടമായി.
ഓ.ടോ. പലയിടത്തായി ചിന്നി ചിതറിയ നിങ്ങളാര്‍ക്കെങ്കിലും പിന്നീടാഭാഗങ്ങളില്‍ പോകാന്‍ അവസരം ഉണ്ടായില്ലേ.:)
സത്യത്തില്‍ ഇത് പരിപൂര്‍ണ്ണമായും എനിയ്ക്കു വേണ്ടി തന്നെ എഴുതിയിട്ടൊരു പോസ്റ്റായിരുന്നു!
ഒന്നും വിട്ടു പോകാതെ എഴുതി വെയ്ക്കണമെന്ന തോന്നലിനു ആക്കം കൂടി, ഒരു പോസ്റ്റാക്കാനുള്ള ശക്തി ലഭിച്ചത് ഇപ്പോഴായി എന്നു മാത്രം.
എന്നാലും ഇത് ക്ഷമയോടെ വായിച്ച തറവാടീ, വല്യമ്മായീ..
വളരെ സന്തോഷം, നന്ദി.
ഇനി കാച്ചിക്കുറുക്കി എഴുതാന്‍
നിങ്ങളുടെ അടുത്ത് ഒരു ട്യൂഷന്‍ ക്ലാസിനു വരണോന്ന് കാര്യമായി ആലോചിയ്ക്കുന്നുണ്ട്, ട്ടൊ.. :)
ശ്രീ, ഹരിത്..
രണ്ടു പേരോടും വാക്കുകളില്ലെനിയ്ക്ക് പറയാന്‍.. നന്ദി എന്നല്ലാതെ..
ഹരിത്, പ്രോത്സാഹനങ്ങള്‍ സൂക്ഷിച്ചെടുത്തു വെയ്ക്കുന്നു..
വേണൂ ജീ, പതിവു പോലെ ... :)
ഞങ്ങളുടെ വെക്കേഷന്‍ ഒരേ കാലത്തു വരാതിരിയ്ക്കുന്നതു കൊണ്ടു ഒരുമിച്ചു കൂടല്‍ വളരെ കുറവാണ്. ഈ പോസ്റ്റ് എന്റെയല്ല, ഞങ്ങളൂടെ ആണ് സത്യത്തില്‍..
ആ ഭാഗത്തേയ്ക്കു പോവാറുണ്ടെങ്കിലും, വൃന്ദാവനത്തിനുള്ളിലേയ്ക്കു പിന്നെ കയറിയിട്ടില്ല!
വൃന്ദാവനം കുറച്ചു വ്യത്യാസങ്ങളോടെ ഇപ്പോഴും അവിടെ തന്നെയുണ്ട്.
നന്ദി, വേണൂ ജീ..
അയ്യോ ഇത് കാച്ചികുറുക്കണമെന്ന് ഞാന്‍ ഉദ്ദേശിച്ചില്ലേ.
മനസ്സില്‍നിന്ന് നേരിട്ടെഴുതുന്ന കുറിപ്പുകളിലെ വാക്കുകളെ നമുക്ക് നിയന്ത്രിക്കാനാവുമെന്ന് തോന്നുന്നില്ല,അതുകൊണ്ട് തന്നെയാണ് പോസ്റ്റിന്റെ നീളം അറിഞ്ഞേയില്ല എന്ന് ഞാന്‍ എഴുതിയതും.
ഹി,ഹി..
വല്യമ്മായീ, ഞാനതു വളരെ സന്തോഷത്തോടെയാണ് പറഞ്ഞത് ട്ടൊ.. :)
എനിയ്ക്കു ഇഷ്ടമാണ് നിങ്ങളുടെ രണ്ടു പേരുടേയും എഴുത്ത്. ഒരിത്തിരി അസൂയ, അതാ.. (ഹി,ഹി..)
വ്രുന്ദാവനത്തിലെ ചില ഓറ്മ്മകള്‍ ഇവിടെ ഉള്ള ഒരാള്‍ക്ക്കും ഉണ്ടു- അപ്പച്ചന്‍ ‘പപ്രച്ചന്‍’ എന്നു വിളിച്ചിരുന്ന് ഒരാള്‍...മുറ്റത്തു ഉണക്കാന്‍ ഇട്ടിരുന്ന പയര്‍/മറ്ത്തങ്കാളി കൊണ്ടാട്ടം,മുളകിന്റെ ഞെട്ടി അനിയന്റെ കൂടെ ക്കട്ടു തിന്നിരുന്നതും, വേലി മുറിച്ചു അപ്പുറത്തെ സ്കൂള്‍ മൈതാനത്തിലെക്ക്യു ചാടി ഇറങ്ങുംബോള്‍ കാല്‍മുട്ടു മുറിഞ്ഞതും ഒക്കെ ഓര്‍മ്മിക്കുന്ന ഒരാള്‍...
ഓ..ശരിയാ അങ്ങനെ ഒരാളും കൂടി ഉണ്ടല്ലോ, ലേ... :)
P.R,
appo jeevanode undalle :)
Happy new year
വല്യമ്മായീ! ദെങ്ങനെ കണ്ടുപിടിച്ചു? വലിയ സന്തോഷം തോന്നുന്നു ശരിയ്ക്കും!
ജീവനോടെ ഉണ്ടേ... എഴുതാനിരിയ്ക്കാനൊന്നും പറ്റുന്നില്ല, തിരക്കു കൂടി വരുന്നു, വായനയും കുറവ്..
വാവ എന്തു പറയുന്നു?
:)
ഈ പോസ്റ്റിലെ കമന്റ് സബ്സ്ക്രൈബ് ചെയ്തത് കൊണ്ട് അറിഞ്ഞതാ,ഇടക്കെപ്പോഴോ ഇവിടെ വന്ന് പോയിരുന്നു.മോനു നാളെ മൂന്ന് തികയും,ഇവിടെയിപ്പോ അവനാണ് ഭരണം :)
മടിയൊക്കെ മാറ്റി,തിരക്കിനിടയില്‍ ഇത്തിരി സമയം കണ്ടെത്തി പോസ്റ്റുമായി വേഗം വരണേ :)
Post a Comment