Sunday, February 24, 2008

കുട്ടികളുടെ കഥകള്‍ - 1

ഒന്ന്.

ഇപ്പോഴത്തെ കാലത്ത് കുട്ടികളേ ‘നേരാംവണ്ണം‘ വളര്‍ത്തിയെടുക്കുക എന്നാല്‍ സ്നേഹം, കര്‍ത്തവ്യം, എന്നതിനൊക്കെ മറികടന്ന്, അതൊരു വിഷമം പിടിച്ച പണി തന്നെയായി തീര്‍ന്നിരിയ്ക്കുന്നു. അങ്ങനെ കുറച്ചെങ്കിലും തോന്നിയിട്ടില്ലേ? പണ്ടത്തെ “ആ, കുട്ട്യോള് നന്നായാല്‍ നന്നായി, അല്ലെങ്കില്‍ വിധി!” എന്ന കാഴ്ചപാടൊക്കെ എന്നേ മണ്മറഞ്ഞു. ഇന്ന് മാതാപിതാക്കള്‍ മക്കള്‍ക്കായാണ് ജീവിയ്ക്കുന്നത് എന്നൊരു മട്ടിലേയ്ക്കു തന്നെ എത്തിപ്പെട്ടിട്ടുണ്ട്. ഇല്ലേ?

പക്ഷേ, മക്കള്‍ക്കായി ജീവിച്ചാല്‍ മാത്രം പോരല്ലോ, മക്കളെ ജീവിയ്ക്കാനും കൂടി പഠിപ്പിയ്ക്കണ്ടേ. അവിടെയാണ് മുന്‍പ് പറഞ്ഞ ‘വിഷമം പിടിച്ച പണി’ എന്നു തോന്നാറുണ്ടെനിയ്ക്ക്. പൊതുവേ ഈയുള്ളവളടക്കമുള്ള മാതാപിതാക്കള്‍ (പ്രത്യേകിച്ചും കേരളീയര്‍) തങ്ങളുടെ മക്കള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കണം, അവരെ പഠിപ്പിച്ച് വലുതാക്കണം നല്ല നിലയിലാക്കണം എന്നതിനൊക്കെ പുറമേ ‘എന്റെ മക്കളെ നേരാവണ്ണം ജീവിയ്ക്കാന്‍ പഠിപ്പിയ്ക്കണം‘ എന്നൊന്നും സാധാരണ ചിന്തിയ്ക്കാറു പതിവില്ല.അങ്ങനെ മക്കള്‍ സ്കൂളില്‍ എപ്ലസ് ഗ്രേഡും കിട്ടി, ഗോള്‍ഡ് മെഡലും കിട്ടി, വിദേശത്ത് ജോലിയും കിട്ടി, കല്യാണോം കഴിച്ചു, എന്നിട്ട് അമ്മേം അച്ഛനേം വിട്ട് സ്വന്തം കാലില്‍ ജീവിയ്ക്കാന്‍ തുടങ്ങുമ്പോഴാവും പ്രശ്നങ്ങളുടേയും പ്രതിസന്ധികളുടേയും കുത്തൊഴുക്കുകള്‍. അതിനൊക്കേയും പരിഹാരം കണ്ട് എല്ലാം ഒരുവിധത്തില്‍ ഒതുക്കി കൊണ്ടുവരുമ്പോഴേയ്ക്കും ചിലപ്പോള്‍ അമ്മേം അച്ഛനേം ഒന്നു തിരിഞ്ഞു നോക്കാനൊന്നും മക്കള്‍ക്ക് ഇട കിട്ടിയെന്നു വരില്ല. (സ്വാഭാവികം!) അച്ഛനമ്മമാര്‍ക്ക്, മക്കള്‍ക്ക് വേണ്ടി ജീവിച്ച് അവരിപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ലല്ലോ എന്ന ദുഃഖം ബാക്കി; മക്കള്‍ക്കോ? അവരവരുടെ പ്രശ്നങ്ങള്‍ തീര്‍ത്ത് മനഃസമാധാനത്തോടെ ജീവിയ്ക്കാനാവുന്നില്ലല്ലോ എന്ന വ്യസനവും. (അതും സ്വാഭാവികം!). ഇതിനര്‍ത്ഥം വിദ്യാഭ്യാസം ആവശ്യമേയില്ലാ എന്നല്ല, വിദ്യാഭ്യാസം മാത്രം പോരാ എന്നേ ഉദ്ദേശ്ശിയ്ക്കുന്നുള്ളു. കാരണം മുന്‍‌പറഞ്ഞയിടത്ത് സംഭവിയ്ക്കുന്നത് ആകെ ജീവിതം ഒരു നിരാശാസാഗരം, അല്ലെങ്കില്‍ ഒരസംതൃപ്തി വന്നു പെടുന്നു. അല്ലേ? ഈയൊരു രീതി ഇപ്പോള്‍ നിത്യക്കാഴ്ചയായി മാറിയിരിയ്ക്കുന്ന എത്രയോ സാഹചര്യങ്ങള്‍ നമുക്കു ചുറ്റും ധാരാളം കാണാം.

സ്കൂളിലെ / അക്കാഡമിക് തലത്തിലെ ഉന്നത വിദ്യാഭ്യാസം കൊണ്ടു മാത്രം ഒരു കുട്ടിയ്ക്ക്, ഭാവിയില്‍ അവനവനും മറ്റുള്ളവര്‍ക്കും ഒരുപോലെ സമാധാനം / സന്തോഷം നല്‍കിക്കൊണ്ട് ഒരു ‘ബാ‍ലന്‍സ്ഡ്‘ ജീവിതം നയിയ്ക്കാനാവുമോ? ജീവിതത്തെ ധൈര്യത്തോടെ അഭിമുഖീകരിയ്ക്കാനുള്ള പാഠങ്ങള്‍ എങ്ങനെ അവനെ / അവളെ പഠിപ്പിയ്ക്കും? മൂല്യങ്ങള്‍ എങ്ങനെ പകര്‍ന്നു കൊടുക്കും? ജീവിതത്തിന്റെ അനിശ്ചിതത്വത്തിനെ കുറിച്ചെങ്ങനെ ബോധവാന്മാരാക്കും? കുറഞ്ഞത് അതിനുള്ള ഒരു മനോഭാവമെങ്കിലും കുട്ടികളില്‍ എങ്ങനെ ഉണ്ടാക്കിയെടുക്കും?

വളരെ വിഷമം പിടിച്ച ചോദ്യമാണത്. ഒരു നൂറായിരം ഉത്തരങ്ങള്‍ എല്ലാ മാതാപിതാക്കള്‍ക്കും പറയാനുണ്ടാവും, ഓരോരുത്തരുടേയും അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി.കേവലം വ്യക്തിപരമായ എന്റെ പരിമിതമായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, അതിനൊക്കെ സഹായിയ്ക്കാമെന്ന് എനിയ്ക്കു തോന്നിയിട്ടുള്ള ഏറ്റവും ലളിതമായ ഒരു മാര്‍ഗ്ഗത്തെകുറിച്ച് പങ്കുവെയ്ക്കലാണീ പോസ്റ്റിന്റെ ഉദ്ദേശ്ശം. ഒരുപക്ഷേ എല്ലാവരും ചെയ്യുന്ന കാര്യമായിരിയ്ക്കാം, നിസ്സാരമെന്നു തോന്നിപ്പിയ്ക്കുന്നതുമായിരിയ്ക്കാം, എന്നാലും ഈ പോസ്റ്റ് കൊണ്ട് അതിനൊരു ഊന്നല്‍ കൊടുക്കണമെന്ന് ആഗ്രഹിയ്ക്കുന്നു.

ഒപ്പം ഒരു മുന്‍‌കൂര്‍ ജാമ്യവും.
വളരെ കുറഞ്ഞ കാലത്തെ അനുഭവത്തില്‍ ആലോചിച്ചു കൂട്ടിയിട്ടുള്ള കാര്യങ്ങള്‍, ജീവിതത്തില്‍ നടപ്പാക്കണമെന്ന് ആ‍ഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍, ഇതൊക്കെ പങ്കുവെയ്ക്കുക എന്നൊരു ഉദ്ദേശ്ശം മാത്രമായി ഈ പോസ്റ്റിനെ കാണുക.

സത്യത്തില്‍ ഇപ്പോഴത്തെ ഒരു ചുറ്റുപാടില്‍ കുട്ടികള്‍ക്ക് ‘മൂല്യങ്ങളെ‘ പറ്റി എങ്ങിനെ എളുപ്പത്തില്‍ പകര്‍ന്നു കൊടുക്കും, എന്നത് വലിയൊരു അദ്ധ്വാനമായി എനിയ്ക്കു വ്യക്തിപരമായി തോന്നിയിട്ടുണ്ട്. നുണ പറയരുത്, അന്യരെ ബഹുമാനിയ്ക്കണം, ജീവജാലങ്ങളോട് കരുണ വേണം, എന്നൊക്കെ ഒറ്റയിരുപ്പില്‍ പറഞ്ഞുകൊടുത്തോ, അടിച്ചു പേടിപ്പിച്ചോ അവരെ പറഞ്ഞു മനസ്സിലാക്കുക എളുപ്പവുമല്ല, അത് അഭികാമ്യവുമല്ല.

“ഓരോ മനുഷ്യരും ഓരോ രാജ്യമാണ്“ എന്ന ഈ പ്രയോഗമൊന്ന് തല്‍ക്കാലം കടമെടുക്കുകയാണെങ്കില്‍, ഓരോ മനുഷ്യകുട്ടികളും ഓരോ ചെറുനാട്ടുരാജ്യങ്ങള്‍ കൂടിയാണെന്നു വേറെ കൂട്ടിച്ചേര്‍ക്കുവാനെനിയ്ക്കു തോന്നുന്നു! അവരുടെ നേര്‍ത്ത അതിര്‍ത്തിവരമ്പുകള്‍ ലംഘിയ്ക്കപ്പെടുമ്പോള്‍, ഒച്ചയെടുക്കാനറിയാത്തവരാണവര്‍, നിഷ്കളങ്കരാണവര്‍.കുട്ടികള്‍ നമ്മുടെ വീട്ടിലേയ്ക്കു വരുന്ന അതിഥികളെ പൊലെയാണെന്നതും എവിടേയോ വായിച്ചത് ഇതോടു ചേര്‍ത്ത് വായിയ്ക്കാം.അല്ലാതെ, മാതാപിതാക്കളുടെ സ്വപ്നസാക്ഷാരങ്ങള്‍ക്കും ആഗ്രഹപൂര്‍ത്തീകരണങ്ങള്‍ക്കും വേണ്ടി എന്തിനേറെ, ഒരിയ്ക്കലും മതിവരാത്ത സ്നേഹം കൊണ്ട് മക്കളെ എക്കാലവും ചിറകിന്‍ കീഴില്‍ സംരക്ഷിച്ച് (protect) നിര്‍ത്താന്‍ കൂടിയും, പല വിധത്തില്‍ അമിത സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി ഉപയോഗിയ്ക്കപ്പെടുന്നവരാ‍വരുത് കുട്ടികള്‍ എന്നൊക്കെ പറയുന്നതിനെ കുറിച്ച് തീര്‍ച്ചയായും നാം ഇനിയും കൂടുതല്‍ ചിന്തിയ്ക്കേണ്ടതുണ്ട്. ഗൌരവപരമായി എടുക്കേണ്ടതുണ്ട്.

കുട്ടികളില്‍ രൂപം കൊള്ളുന്ന അവരുടെ തോന്നലുകള്‍ക്കും, ഇഷ്ടങ്ങള്‍ക്കും, താല്പര്യങ്ങള്‍ക്കും ചെറിയ ചെറിയ അറിവുകള്‍ക്കും അതര്‍ഹിയ്ക്കുന്ന ഒരു പ്രാധാന്യം തീര്‍ച്ചയായുമുണ്ടെന്ന് വിശ്വസിയ്ക്കുന്നു. അവയൊന്നും പരിഗണിയ്ക്കപ്പെടാതെ ലോകതത്വങ്ങളും, ശരിതെറ്റുകളും, അവരോട് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പിന്നാലെ നടന്ന് ഗുണദോഷിച്ചിട്ട് ഒരു കാര്യവുമില്ല എന്നതാണ് എന്റെ അനുഭവം. അതിനൊരു കാരണംഎത്ര ഉപദേശിച്ചാലും ദേഷ്യപ്പെട്ടാലും അവരുടെ താല്പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും തന്നെയാണവര്‍ മുന്‍‌ഗണന കൊടുക്കുന്നത്, നമ്മളെ പോലെ തന്നെ! അതുകൊണ്ടു തന്നെ അതര്‍ഹിയ്ക്കുന്ന പ്രാധാന്യം കൊടുക്കാതെ വയ്യ. അതിനനുസൃതമായ ഒരാശയവിനിമയ മാര്‍ഗ്ഗവും ഇല്ലാ‍ത്തെ വയ്യ.

എന്നാല്‍, “കുട്ട്യോളല്ലേ, തെറ്റൊക്കെ പറ്റും, പിടിവാശീം ഉണ്ടാവും, പോട്ടെ..” എന്ന് കാര്യമാക്കാതെ അലസിക്കളയുന്നതും കുഴപ്പമാണ്. കാരണം അവര്‍ക്കിന്ന് സ്വന്തമായി അറിവുകള്‍ നേടാനും, ആശയങ്ങള്‍ രൂപീകരിച്ചെടുക്കാനും ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്, സാഹചര്യങ്ങളുണ്ട്. എന്റെ അച്ഛനമ്മമാരെ പോലെയല്ല, കൂട്ടുകാരിയുടെ / കാരന്റെ അച്ഛനുമമ്മയും, അവരങ്ങനെ ചെയ്യുന്നുണ്ടല്ലോ അപ്പോളെന്തുകൊണ്ടെനിയ്ക്കും ചെയ്തുകൂടാ, എന്തുകൊണ്ടെന്റെ അച്ഛനമ്മമാരങ്ങിനെ ചെയ്യുന്നില്ല, തുടങ്ങിയ അനവധി താരമത്യ പഠനങ്ങളും ഭ്രമങ്ങളും സംശയങ്ങളും അതുകൊണ്ടുണ്ടാകുന്ന കൊച്ചു കൊച്ചു ആശയക്കുഴപ്പങ്ങളും ഒക്കെ അവരില്‍ താനേ ഉടലെടുക്കാവുന്ന സാദ്ധ്യതകളേറെയാണിപ്പോള്‍. അവ ഗൌരവപരമായി പരിഗണിയ്ക്കപ്പെടേണ്ടതും. അവയിലെ ‘വശപ്പിശകുകള്‍‘ കൊച്ചു മനസ്സുകള്‍ക്ക് വേര്‍തിരിച്ചറിയാനാവില്ല താനും. അവിടെയാണ് മാതാപിതാക്കള്‍ക്ക് സഹായം എത്തിയ്ക്കാന്‍ പറ്റുന്നതെന്നു തോന്നുന്നു.

ഇത്തരം കടമ്പകളൊക്കെ മറികടന്ന്, നേര്‍വഴി കാണിച്ചുകൊടുക്കുക എന്നത് ഒരു അടിച്ചേല്പിയ്ക്കലുകളില്ലാതെ, എന്നാല്‍ അവശ്യം വേണ്ടുന്ന അളവില്‍ എളുപ്പത്തില്‍ പകര്‍ന്നു കൊടുക്കണമെങ്കില്‍ എന്റെ അനുഭവത്തില്‍ ഏറ്റവും സംവേദനശക്തിയുള്ള (പല മാര്‍ഗ്ഗങ്ങളില്‍) ഒരു മാര്‍ഗ്ഗമാണ് – കഥകള്‍.

കുട്ടികള്‍ക്ക് ധാരാളം കഥകള്‍ പറഞ്ഞുകൊടുക്കുക എന്ന പണ്ടുമുതലേയുള്ള ആശയം. അതിന്റെ പ്രസക്തി ഇക്കാലത്ത് കൂടുന്നേയുള്ളു, ഒട്ടും കുറയുന്നില്ല എന്നാണെന്റെ വിശ്വാസം, അനുഭവം.

ഒരു കഥ കേള്‍ക്കുമ്പോള്‍ അതിന്റെ ആസ്വാദനം ഒരിയ്ക്കലും ലോകതത്വങ്ങളേയോ, ഗുണദോഷങ്ങളേയോ, ശരിതെറ്റുകളേയോ അല്ലെങ്കില്‍ അത് തരുന്ന ഒരു ഗുണപാഠത്തേയോ അടിസ്ഥാനപ്പെടുത്തി ആവില്ലെന്ന് വിശ്വസിയ്ക്കുന്നു. നേരെമറിച്ച്, “പണ്ട് പണ്ട്” എന്നോ “ഒരിയ്ക്കലൊരു രാജ്യത്ത്“എന്നോ, അതുമല്ലെങ്കില്‍ “പണ്ടൊരു കാട്ടില്‍“ എന്നോ അമ്മ / അച്ഛന്‍ വിശദമായി പറഞ്ഞുതുടങ്ങുമ്പോള്‍ കുട്ടിയ്ക്കു കിട്ടുന്ന ഒരു ആകാംക്ഷ, ആവേശം അത് പുരോഗമിയ്ക്കുന്ന വഴികള്‍, അതിലേയ്ക്ക് കയറി വരുന്ന കഥാപാത്രങ്ങള്‍, അത് നടക്കുന്ന സ്ഥലം, ഭൂപ്രകൃതി ഇതിനെയൊക്കെ അടിസ്ഥാനപ്പെടുത്തി, അമ്മയുടെ ചൂടു പിടിച്ച് കിടന്നുകൊണ്ട് അറിയാതെ തന്നെ കുട്ടി ഒരു ചിത്രം മനസ്സില്‍ വരച്ചുതീര്‍ക്കും. അതില്‍ ജീവിയ്ക്കും. അതിന് ലോജിക്ക് വേണ്ട, അര്‍ത്ഥം വേണ്ട, വെറുമൊരു കഥ മാത്രമായാല്‍ മതി. അതുകൊണടല്ലേ ‘ഫിക്ഷന്‍’ എന്നൊക്കെ ഉണ്ടായതും എക്കാലത്തും ആസ്വാദിയ്ക്കപ്പെടുന്നതും. കഥകളെ മനുഷ്യന്‍ സ്നേഹിയ്ക്കുന്നതും അതുകൊണ്ടൊക്കെ തന്നെയാവണം.

അതുകൊണ്ടുതന്നെ അതിന് (കഥയ്ക്ക്) എന്തൊക്കെ നല്കാനാവും (പ്രത്യേകിച്ച് കുട്ടികള്‍ക്ക്) എന്നതും വളരെയേറെ പ്രാധാന്യം അര്‍ഹിയ്ക്കുന്ന ഒന്നാണെന്ന് കരുതുന്നു.ഒരു നൂറ് ഉപദേശം നല്‍കിയാലോ, അല്ലെങ്കില്‍ അടിച്ച് പട്ടിണിയ്ക്കിട്ടാലോ, ഇതൊന്നും ചെയ്യാതിരുന്നാല്‍ കൂടിയോ, മനസ്സിലാക്കാനാവത്ത ഒരു ആശയം, ഒരൊറ്റ കഥയിലൂടേ ഒരു കുട്ടിയ്ക്ക് എളുപ്പത്തില്‍ കിട്ടുന്നുന്ട്. കഥ കേള്‍ക്കുമ്പോള്‍ അവന്‍/ള്‍ അതിലെ കഥാപാത്രങ്ങളായി മാറുന്നു. അതിലെ നൂലിഴ ബന്ധങ്ങളേയും, സന്ദര്‍ഭങ്ങളേയും, ബന്ധപ്പെടുത്തുന്ന മനസ്സിന്റെ ഏതൊക്കെയോ കണ്ണികള്‍ കഥയിലെ ആശയങ്ങളേയും തെറ്റുശരികളേയും മറ്റും എളുപ്പത്തില്‍ പിടിച്ചെടുക്കുന്നു. അത് മനസ്സില്‍ ഒരു ചിത്രമായി എക്കാലവും നിലനില്‍ക്കുന്നു എന്നിടത്താവാം കഥകള്‍ക്കുള്ള പ്രസക്തി.

എത്ര സമയക്കുറവുണ്ടെങ്കിലും രാത്രി ഉറങ്ങാറാകുമ്പോള്‍, സ്ക്കൂളിലേയും വീട്ടിലേയും പലവിധത്തിലുള്ള ‘ശിക്ഷണങ്ങള്‍ക്കു’ ശേഷം തളര്‍ന്നുറങ്ങാന്‍ കിടക്കുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ കൂടെ കിടന്ന് ഒരു കഥ പറഞ്ഞുകൊടുക്കാം നമുക്ക്. അച്ഛനമ്മമാരുടെ മക്കളോടുള്ള സ്നേഹമാണ് കഥകള്‍. അവരെല്ലാം തനിയേ മനസ്സിലാക്കും. കഥ എന്തു വേണമെങ്കിലും ആയിക്കോട്ടെ. കുട്ടികള്‍ക്ക് അതില്‍ നിന്നും കിട്ടുന്നത് ഒരു നൂറ് കാര്യങ്ങളാവും.
മനോധര്‍മ്മം പോലെ കഥ പറഞ്ഞാല്‍ പോലും ഒരു തെറ്റുമില്ലെന്ന് തോന്നുന്നു. ഉദാഹരണത്തിന് മഷിത്തണ്ട് എന്ന ബ്ലോഗിലെ ഈ കുട്ടികഥയൊന്ന് വായിച്ചു നോക്കൂ. അവസരോചിതമായി ഇത്തരം കഥകളും ഉണ്ടാക്കി പറയാവുന്നതേയുള്ളു. ഒരുള്‍ക്കാഴ്ചയ്ക്കും, പുനര്‍വിചിന്തനത്തിനും ഇതുകള്‍ സഹായിയ്ക്കുമെന്നതില്‍ സംശയമേതുമുണ്ടോ ?

ശ്രദ്ധിച്ചിട്ടുണ്ടോ? ഏതു കുട്ടിയും കഥ നല്‍കുന്ന നന്മയെ / സന്ദേശത്തെ ആവും കൂടുതല്‍ ആസ്വദിയ്ക്കുന്നത്. തിന്മ / അധര്‍മ്മം / ചതി / ചീത്ത ഇതെല്ലാം സ്വയം തിരിച്ചറിയാനുള്ള കെല്പ് അവരില്‍ സ്വയമേ ഉണ്ടെന്നല്ലേ അതിന്നര്‍ത്ഥം? വേറെന്താണതിന്റെ മനഃശാസ്ത്രം?

അല്ലെങ്കില്‍, തുന്നല്‍ക്കാരനും ആനയും കൂടിയുള്ള സൌഹൃദത്തിന്റെ കഥയില്‍ അവസാനം ആന തുന്നല്‍ക്കാരനേയും കടയേയും തുമ്പിക്കൈയ്യില്‍ നിറച്ചു വെച്ചിരുന്ന വെള്ളം കൊണ്ട് നനച്ചു കുളിപ്പിച്ചുവെന്ന് അവസാനിപ്പിയ്ക്കുമ്പോള്‍ കഥ കേള്‍ക്കുന്ന കുട്ടികള്‍ എന്തിനു പൊട്ടിച്ചിരിയ്ക്കണം?

അതുപോലെ, പുലി വരുന്നേ പുലി വരുന്നേ എന്ന് രണ്ടു പ്രാവശ്യം വെറുതേ കൂകിവിളിച്ച് രക്ഷിയ്ക്കാനോടിക്കൂടിയ ആള്‍ക്കാരെ പറ്റിച്ച ആട്ടിടയനെ, ശരിയ്ക്കും പുലി വന്ന് നിലവിളിച്ചപ്പോള്‍ ആരും സഹായിയ്ക്കാന്‍ പോയില്ല എന്നു പറയുന്നിടത്ത് കഥ കേള്‍ക്കുന്ന കുട്ടികള്‍ എന്തിനു ചിന്താധീനരാകണം?

അല്ലെങ്കില്‍, അവസാനം മരംവെട്ടുകാരന് ജലദേവത, സ്വര്‍ണ്ണ മഴുവും വെള്ളിമഴുവും പിന്നെ അയാളുടെ സ്വന്തം ഇരുമ്പു മഴുവും ചേര്‍ത്ത് മൂന്നു മഴുവും കൊടുത്തു എന്ന് പറയുന്നിടത്ത് കുട്ടികളെന്തിനു ചിന്തിയ്ക്കണം? അതോര്‍ത്തൊന്ന് പുഞ്ചിരിയ്ക്കണം?

ഒന്നും വേണ്ട, കുടത്തില്‍ കല്ല് നിറച്ച് വെള്ളം മുകളിലെത്തിച്ച് വെള്ളം കുടിച്ച് പറന്നു പോയ ആ കാക്കയോട് ഒരിത്തിരിയെങ്കിലും ആരാധന തോന്നാത്ത കുട്ടികളുണ്ടാവുമോ?

കഥകള്‍ക്കുള്ള പ്രത്യേകതയും ഇതുതന്നെയാവണം. അത് സംഭാവവികാ‍സങ്ങളെ ആഖ്യാനം ചെയ്യുകയാണ്. narrative ആണ്. അത് ‘സ്റ്റേറ്റ്മെന്റ്സ്’-നേക്കാള്‍ കൂടുതല്‍ ചിന്തിയ്ക്കാനുള്ള വകയാണ് നല്‍കുന്നത്. വ്യക്തമായ ഉദാഹരണങ്ങളോടെ ആശയങ്ങളും മറ്റും ഗ്രഹിച്ചെടുക്കാനാകുന്നു.ശരിതെറ്റുകളെ കുറിച്ചോ, ന്യായാന്യായങ്ങളെ കുറിച്ചോ, ധര്‍മ്മാധര്‍മ്മങ്ങളെ കുറിച്ചോ ഏറെ പറഞ്ഞ് കുട്ടികളെ മുഷിപ്പിയ്ക്കേണ്ടതില്ല, അല്ലെങ്കില്‍ കൂടുതല്‍ കുഴപ്പിയ്ക്കേണ്ടതില്ല. മാത്രവുമല്ല, അത്തരം ഉപദേശങ്ങള്‍ക്ക് ഒരിയ്ക്കലും കഥകള്‍ നല്‍കുന്ന ‘മാനങ്ങള്‍‘ ഉണ്ടാകുന്നില്ല. അത് തികച്ചും വ്യക്തിഗതങ്ങളായ വെറും ആശയങ്ങളും അഭിപ്രായങ്ങളും മാത്രമായി തന്നെ നിലനില്‍ക്കുന്നു (പലപ്പോഴും). കൂടാതെ ഇതെല്ലാം കേട്ട് കേട്ട് ഒരു മുഷിച്ചിലും വന്നു ചേരുന്നു. കഥകളാകുമ്പോള്‍ എക്കാലവും “interesting” ആയി മാറുന്നു. ചിന്തിയ്ക്കാനുള്ള ഇടങ്ങള്‍ (space) ലഭിയ്ക്കുന്നു. മുന്‍‌വിധികളില്ലാതെ അവര്‍ക്ക് സഞ്ചരിയ്ക്കേണ്ടുന്ന വഴി, അവര്‍ക്ക് സ്വയം കണ്ടെത്താന്‍ എളുപ്പമാക്കുന്നു.
വേണ്ടുന്ന രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍, കുട്ടികള്‍ക്ക് നേര്‍വഴിയിലൂടെ മുന്നോട്ട് സഞ്ചരിയ്ക്കാനുള്ള തുറന്ന വാതായനങ്ങളാകുന്നു കഥകള്‍ എന്നും പറയാം. ഇല്ലേ?

അടിക്കുറിപ്പ്.

1) പക്ഷേ കുട്ടികളെ നേര്‍വഴിയ്ക്ക് നടത്താന്‍ കഥകള്‍ക്കു മാത്രമേ കഴിയൂ എന്നൊരു സമര്‍ത്ഥനം ഒരിയ്ക്കലും ഈ പോസ്റ്റ് നടത്താനുദ്ദേശ്ശിയ്ക്കുന്നില്ലെന്നും പറയട്ടെ. ഉപദേശങ്ങളും മറ്റും തീര്‍ത്തും വേണ്ടെന്നും ഉദ്ദേശ്ശിയ്ക്കുന്നില്ല. അതിന് വേറെയും നിരവധി മാര്‍ഗ്ഗങ്ങളും, പ്രയോഗങ്ങളും ഉണ്ടാകാം. ഇത് വേറേയും അനുഭവസ്ഥരും മുതിര്‍ന്നവരും ഒക്കെ പറഞ്ഞിട്ടുള്ള ഒരു പരാമര്‍ശം മാത്രം. അതിനൊരു ഊന്നല്‍ മാത്രമായി ഇതിനെ കാണണമെന്നും ആഗ്രഹിയ്ക്കുന്നു. അല്ലെങ്കില്‍ കഥ പറയുന്നതിന്റെ ഗുണങ്ങളെ ഊന്നിപ്പറയല്‍ മാത്രമായി ഇതിനെ കാ‍ണുക.

2) ഒരു വക പോസ്റ്റ് ചെയ്തതായിരുന്നു. തനിമലയാളത്തില്‍ വന്നില്ലെന്നു തോന്നി ഒരു തവണ കൂടി പോസ്റ്റി നോക്കാമെന്നു വെച്ചു. ഇനിയും വന്നില്ലെങ്കില്‍ .. “പോനാല്‍ പോകട്ടും പോടാ..”

- തുടരും.

6 comments:

അപ്പു said...

പീ.ആര്‍ അവസരോചിതമായ പോസ്റ്റ്. കുട്ടികള്‍ക്ക് കഥകള്‍ പോലെ എളുപ്പം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ പറ്റിയ ഒരു മാധ്യമം ഇല്ലതന്നെ. ഒരു ഉദാഹരണം പറയാം. കളിക്കുടുക്കയില്‍ അപ്പുവും ദൊപ്പുവും എന്നൊരു ചിത്രകഥയുണ്ട്. അപ്പു നല്ല കുട്ടി, ദൊപ്പു ചീത്തക്കുട്ടി... സ്വാഭാവികമായും കേള്‍വിക്കാരായ കുട്ടികള്‍ അപ്പുമാരാവാനും ഇഷ്ടപ്പെടുക. ഈ അപ്പുവിനെയും ദൊപ്പുവിനെയും ഉപയോഗിച്ച്, കുട്ടികള്‍ അനുസരണക്കേടു കാണിക്കുന്ന ഏതു സിറ്റുവേഷനേയും ഭംഗിയായി അവതരിപ്പിക്കാം. മഷിത്തണ്ടില്‍ ഇതേ കഥ ഒന്നവതരിപ്പിക്കണം എനുണ്ട്. കളിക്കുടുക്ക കോപ്പിറൈറ്റുമായി വരുമോ എന്തോ!!!!

ഉപാസന || Upasana said...

കുട്ടികളെ എങ്ങനെ വളര്‍ത്തിയെടുക്കണമെന്ന് ചേച്ചിക്ക് നന്നായി അറിയാം.

ആശംസകള്‍
:-)
ഉപാസന

P.R said...

അപ്പൂ
മഷിത്തണ്ട് നല്ലൊരു “സംരംഭം” തന്നെയാണ്. ശരിയാ, അതിപ്പോഴാണോര്‍ത്തത്. കളിക്കുടുക്ക ഇവിടെ കിട്ടാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ? ഏതായാലും ആ കഥകളും ഇടൂ മഷിത്തണ്ടില്‍.
ഹ,ഹ.. ഈ ഉദ്ദേശ്ശശുദ്ധി, ഉദ്ദേശ്ശശുദ്ധി എന്നൊന്നുണ്ടല്ലോ, അതുമതി ന്നേ..
ഉപാസനേ,
അങ്ങനെ പറയല്ലേ, ഇവിടെ തുടങ്ങിയിട്ടേ ഉള്ളു. ഇനിയും അങ്ങനെ നീണ്ട് കെടക്കല്ലേ...
:)

ശ്രീ said...

ചേച്ചീ...
ഗ്രേറ്റ്. നല്ല ചിന്ത തന്നെ. എല്ലാ മാതാപിതാക്കളും വായിച്ചിരിയ്ക്കേണ്ട പോസ്റ്റ് തന്നെ. ഈ സംരംഭത്തിന് ആശംസകള്‍ ചേച്ചീ. ഇത്തരം ചിന്തകള്‍ ഇനിയും പങ്കു വയ്ക്കൂ...
കഥകള്‍ കേള്‍ക്കാനിഷ്ടമില്ലാത്ത കൊച്ചു കുട്ടികളുണ്ടാകുമോ? കുഞ്ഞച്ഛന്റെ(അച്ഛന്റെ അനുജന്റെ) മകള്‍ക്ക് വേണ്ടി എത്ര കുട്ടിക്കഥകളാണോ ഞാനും ഉണ്ടാക്കി പറഞ്ഞിരിയ്ക്കുന്നത്... (കാരണം ഞാനെപ്പോഴും കഥ പറയുകയും വേണം, പറയുന്നതൊക്കെ അവള്‍ കേട്ടിട്ടുമുണ്ടാകും)
:)

അപ്പു said...

പീആര്‍, കളിക്കുടുക്ക ഇവിടെ കിട്ടുന്നുണ്ടല്ലോ. മനോരമ പത്ര ഏജന്റിനോടു പറയൂ. വീട്ടിലെത്തിക്കും.

വേണു venu said...

കഥകള്ക്കു് തീര്‍ച്ചയായും കുഞ്ഞോളങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. സമയമില്ലാ ലോകത്ത് അതിനും സമയമില്ലാതാകുന്ന അവസ്ഥയാണിന്നു്.
ഇന്നലെ ഞാന്‍ കണ്ടൊരു ബോര്‍ഡു്.
ഒരു കടയില്‍ ...

समइचो नहिम मा बाप को कूडा, वक्त बनाएगा तुमेम भि बूढा ।


അമ്മയേയും അച്ഛ്നേയും വെയിസ്റ്റ് ബാസ്ക്കറ്റിലേയ്ക്കെറിയും മുന്നേ ഓര്‍ക്കുക, കാലം നിനക്കും വാര്ദ്ധക്യം സമ്മാനിക്കും.
പുതിയ തലമുറയ്ക്കു് മറക്കാതിരിക്കാന്‍.

പോസ്റ്റിഷ്ടപ്പെട്ടു പി.ആറേ.:)