Monday, January 21, 2008

മുല്ലപ്പൂവും കടലാസുപൂവും.

ഒരിയ്ക്കല്‍ ഒരു പൂന്തോട്ടത്തില്‍ ഒരു മുല്ലച്ചെടിയും കടലാസുപൂവ് ചെടിയും ഒരുമിച്ചു മുളച്ചു.
അവര്‍ രണ്ടു പേരും സുഹ്ര്‌ത്തുക്കളായി. ഇരുവരും, ദിനം പ്രതി തങ്ങള്‍ വളര്‍ച്ച വെയ്ക്കുന്നതും മേനിയില്‍ ഇലകളുണ്ടാവുന്നതും പരസ്പരം കണ്ടാനന്ദിച്ചു.
മുല്ലച്ചെടി തനിയ്ക്കായി ഒരുക്കിയിരിയ്ക്കുന്ന പന്തലില്‍ പടര്‍ന്ന് പന്തലിച്ചു. കടലാസു ചെടി നിറയേ ഇലകളുമായി തൂങ്ങി നില്‍ക്കുന്ന ചെറിയ കൊമ്പുകളോടെ തഴച്ചു വളര്‍ന്നു.
ഇരുവരും ഒരുപോലെ സൂര്യഭഗവാനെ ദിനവും ധ്യാനിച്ചു, ആരാധിച്ചു, പ്രണയിച്ചു.

അങ്ങനെയിരിയ്ക്കേ രണ്ടുപേരും ഒരേസമയത്തു തന്നെ പുഷ്പിയ്ക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി. രണ്ടു പേരും അവരവരുടെ പൂവുകളെ സ്വപ്നം കണ്ടു. ആകാംക്ഷയോടെ കാത്തിരുന്നു. പരസ്പരം സ്വപ്നങ്ങള്‍ പങ്കിട്ടു.

മുല്ല അവിടവിടെയായി മൊട്ടിട്ടു. കടലാസു ചെടിയില്‍ അങ്ങിങ്ങായി ചുകന്ന പൂക്കള്‍ ഉണ്ടായി.
പൂക്കള്‍ ഉണ്ടായിക്കഴിഞ്ഞപ്പോഴേയ്ക്കും, രണ്ടു പേരും മനസ്സുകൊണ്ട് പതുക്കെപ്പതുക്കെ അകലാന്‍ തുടങ്ങിയിരുന്നു. മിണ്ടാട്ടം തിരെ കുറഞ്ഞിരുന്നു.
മുല്ല തന്റെ വിരിഞ്ഞു വന്ന പൂക്കളെ താലോലിച്ച്, അവയുടെ സുഗന്ധം ആസ്വദിച്ച്, അഴക് നോക്കികണ്ട്, എല്ലാം മറന്നു നിന്നു.
കടലാസു ചെടി, തന്റെ പൂക്കളെ ദയനീയമായി നോക്കി. അവര്‍ക്കെന്തേ സുഗന്ധമില്ലാത്തതെന്ന് വ്യസനിച്ചു. അവര്‍ക്കെന്തേ മുല്ലയുടെയത്രേം അഴകില്ലെന്ന് നിരാശ പൂണ്ടു.
മുല്ല തല ഉയര്‍ത്തിപ്പിടിച്ചു നിന്നു. കടലാസു ചെടി തല താഴ്ത്തിയും നിന്നു.

ദിവസങ്ങള്‍ കടന്നു പോയി..
രണ്ടു ചെടികളിലേയും പൂക്കള്‍ വാടി കൊഴിഞ്ഞു വീണു.
എന്നിട്ടും ചെടികള്‍ക്ക് രണ്ടു പേര്‍ക്കും പരസ്പരം പഴയ പോലെ സംസാരിയ്ക്കാനായില്ല. മുല്ല കടലാസുചെടിയെ അവഗണിച്ചു. കടലാസു ചെടി മുല്ലയെ നോക്കി അസൂയ കൊണ്ടു.

അങ്ങനെയിരിയ്ക്കേ രണ്ടു പേരും വീണ്ടുമൊരുനാള്‍ സൂര്യഭഗവാന്റെ അനുഗ്രഹത്തോടെ പുഷ്പിയ്ക്കാനൊരുങ്ങി.
മുല്ലയ്ക്ക് പ്രാര്‍ത്ഥിച്ച പോലെ തന്നെ ഇലകള്‍ മറയ്ക്കുമാറ്‌ നിറയേ മൊട്ടിടാനായി. മുല്ലമൊട്ടുകള്‍ തോട്ടം മുഴുവന്‍ സുഗന്ധം പരത്തി. വഴിയില്‍ പോകുന്നവരെയൊക്കെ ആകര്‍ഷിച്ചു. മുല്ലച്ചെടി അത്യധികം സന്തോഷിച്ചു, അഭിമാനിച്ചു.
എന്നാല്‍ കടലാസു പൂവിന് പ്രാര്‍ത്ഥിച്ച പോലെ സുഗന്ധമുള്ള പൂക്കളെ പുഷ്പിയ്ക്കാനായില്ല. മുല്ലമൊട്ടിന്റെയത്രയും അഴക് അവയ്ക്കു കണ്ടെത്താനുമായില്ല.
ഇലകളെ മറച്ചു പൂത്തു നില്‍ക്കുന്ന, ഭംഗിയുള്ള അതിന്റെ ചുകന്ന പൂക്കളെ ആരും നോക്കിയതുമില്ല.

ഒരു സുപ്രഭാതത്തില്‍ ഒരു പറ്റം സ്ത്രീകള്‍ മുല്ലച്ചെടിയില്‍ ആക്ര്‌ഷ്ടരായി തോട്ടത്തിലേയ്ക്ക് വന്നു. പന്തലിച്ച മുല്ലയെ അവര്‍ പൊതിഞ്ഞു. എന്നിട്ട് മുല്ലമൊട്ടുകളെ ഇലകളോടെ കയ്യിലേന്തി വാസനിച്ചപ്പോള്‍ മുക്കുത്തിയിട്ട മൂക്കിന്റെയറ്റം അതില് സ്പര്‍ശിച്ചു. അവരുടെ ചുണ്ടുകള്‍ ഇലകളേയും. സുഗന്ധത്തില്‍
മോഹിതരായി അവരോരോ മൊട്ടുകളായി ഇറുക്കാന്‍ തുടങ്ങി.
അവര്‍ ആഞ്ഞ് കയ്യെത്തിച്ച് മൊട്ട് ഇറുക്കുമ്പോള്‍, മുല്ലവള്ളികള്‍ അവരുടെ കഴുത്ത് തൊട്ടു, മാറിലേയ്ക്ക് വീണു. എവിട്ന്നോ ഓടി വന്നൊരു കൊച്ചു പെണ്‍കുട്ടി മുല്ലയെ ഉമ്മ വെച്ചു.
കടലാസു ചെടിയ്ക്ക് അസൂയ തോന്നി. മനുഷ്യസ്പര്‍ശമേല്‍ക്കാനുള്ള വിധി തനിയ്ക്കില്ലെന്ന് ദുഃഖിച്ചു. തലയുയര്‍ത്തി അത് സൂര്യ ഭഗവാനെ മനം നൊന്ത് പ്രാര്‍ത്ഥിച്ചു.
“അടുത്ത ജന്മത്തിലെങ്കിലും ഒരു മുല്ലച്ചെടിയുടെ ജന്മമെടുക്കാനനുഗ്രഹിയ്ക്കണേ..“

അപ്പുറത്ത്, മുല്ലച്ചെടിയുടെ ഉള്ളം വേദന കൊണ്ട് പുളഞ്ഞു. അതിനകം ശൂന്യമായ തന്റെ മേനിയില്‍, ബാക്കിയിരിയ്ക്കുന്ന സുഗന്ധം അവളില്‍ നീറ്റലുണ്ടാക്കി. പുഷ്പിച്ചിടത്തു നിന്നും ചോര പൊടിഞ്ഞു.
അവള്‍ തല കുനിച്ചു. സൂര്യഭഗവാനെ മനംനൊന്ത് പ്രാര്‍ത്ഥിച്ചു,

“അടുത്ത ജന്മത്തില്‍ സുഗന്ധവും, അഴകുമില്ലാത്ത പൂക്കളെ പുഷ്പിയ്ക്കുന്നവളായി ജന്മം തരണേ..”

സൂര്യഭഗവാന്‍ ചിരിച്ചു.

14 comments:

സാക്ഷരന്‍ said...

അഹങ്കാരം നന്നല്ലാ … മുല്ലപ്പൂവിനയാലും ….
നന്നായിരിക്കുന്നു

സാരംഗി said...

ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നതാണ്‌ എപ്പോഴും നന്ന്‌. നല്ല പോസ്റ്റ്.

Meenakshi said...

നല്ല കഥ. അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരപച്ച, മനുഷ്യമനസ്സിണ്റ്റെ ഒരു ചിത്രീകരണം കൂടിയായി മുല്ലയുടെയും, കടലാസ്‌ ചെടിയുടെയും ഈ കഥ. നല്ല ഭാവന. ഇനിയും ഇതുപോലെയുള്ള നല്ല കഥകള്‍ക്കായി കാത്തിരിക്കുന്നു

മിനീസ് said...

നല്ല ഭാവന. സിമ്പിളായ അവതരണം. നന്നായിട്ടുണ്ട്! :)

വാല്‍മീകി said...

കൊള്ളാം. നല്ല ആശയം. നന്നായി അവതരിപ്പിച്ചിരിക്കുന്നു.

സുല്‍ |Sul said...

നല്ല ആശയം. നന്നായി അവതരിപ്പിച്ചു. സാരോപദേശ കഥകളുടെ കൂട്ടത്തിലേക്ക്...
-സുല്‍

വേണു venu said...

നന്മകള്‍ക്ക് നൊമ്പരങ്ങള്‍ ഏറ്റു വാങ്ങാനുള്ള വിധി. ചരിത്രാതീത കാലം മുതല്‍ക്കേ കാണുന്ന ആ വലിയ സത്യവും ഈ കൊച്ചുകഥയില്‍ ഒളിഞ്ഞിരിപ്പില്ലേ.
ആശയ സമൃദ്ധമാണീ കൊച്ചു കഥ. ആശംസകള്‍.:)

ശ്രീ said...

നന്നായിരിയ്ക്കുന്നു, ചേച്ചീ...

ലളിതമായ, എന്നാല്‍‌ നല്ലൊരു ആശയം ഉള്‍‌ക്കൊള്ളുന്ന കഥ.
കിട്ടുന്നതില്‍‌ തൃപ്തി വരാതെ അസന്തുഷ്ടരായി ജീവിയ്ക്കുന്ന മനുഷ്യര്‍‌ എന്നെന്നും ഓര്‍‌ക്കേണ്ട ഗുണപാഠം!

ഉപാസന | Upasana said...

നല്ല ആശയമുള്ള പോസ്റ്റ്
ആശംസകള്‍
:)
ഉപാസന

P.R said...

സാക്ഷരന്‍, സാരംഗീ, മീനാക്ഷീ, മിനീസ്, വാല്‍മീകി, സുല്‍,
വേണൂജീ - വേണൂജിയുടെ കമന്റുകള്‍ എന്നും ഒരു ഊര്‍ജ്ജമാണ്. :)
ശ്രീയേ, ഉപാസനേ
എല്ലാവര്‍ക്കും നന്ദി, വളരെ സന്തോഷം..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

തൂലികയില്‍ പടരുന്ന പൂമൊട്ടുകള്‍ നന്നായിരിക്കുന്നൂ.
ഭാവനയുടെ തീരം കടല്‍ തീരംപോലെ സുന്ദരം..

മയൂര said...

ഉള്ളതുകൊണ്ട് ഓണം പോലെ...നല്ല പോസ്റ്റ്..:)

ഏ.ആര്‍. നജീം said...

ഒരു നല്ല ആശയം , വലിയ സത്യം രണ്ട് പൂച്ചെടികളിലൂടെ പറഞ്ഞവതരിപ്പിച്ചിരിക്കുന്നു... നന്നായി

P.R said...

സജീ, മയൂരാ, നജീം മാഷേ,
വളരെ സന്തോഷം ട്ടൊ.