Sunday, April 13, 2008

എന്റെ ചിരി

സ്വപ്നങ്ങള്‍.. സ്വപ്നങ്ങളേ, നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ..
ദാ ഇപ്പോ മനസ്സിലേയ്ക്കോടിയെത്തിയ ഒരു പാട്ട്‌.
അത്‌ മൂളിക്കൊണ്ട്‌ തന്നെ ടൈപ്‌ ചെയ്യുന്നു.

നാട്ടിലേയ്ക്കാണോ എന്നോര്‍മ്മയില്ല, ഫ്ലൈറ്റ്‌ കാത്തു നില്‍ക്കുകയാണ്‌. കൂടെ പരിചയമില്ലാത്ത കുറേ യാത്രക്കാരും.
ഒരു വിമാനം മുകളിലേയ്ക്ക്‌ വലിയൊരു ശബ്ദത്തോടെ ഉയര്‍ന്നു പൊങ്ങുകയും അതേ വേഗതയില്‍ താഴേയ്ക്കു കുത്തനെ പതിച്ച്‌ നിലത്തു മുട്ടി, ശ്വാസോച്ഛ്വാസം ഉയര്‍ന്നു പൊങ്ങി, കണ്ണു മുറുക്കിയടയ്ക്കാന്‍ ശ്രമിയ്ക്കുമ്പോഴേയ്ക്കും അതു പെട്ടെന്നു തന്നെ ഉയര്‍ന്നു പൊങ്ങുകയും ചെയ്യുന്നു. പിന്നെ ശാന്തമായി നിലത്ത്‌ ഇറങ്ങി അതിന്റെ പൈലറ്റ് വന്നു പറയുന്നു, അതൊരു ട്രയല്‍ മാത്രമായിരുന്നുവെന്ന്.

അതിലേയ്ക്ക്‌ എല്ലാവരും ധൃതി പിടിച്ചു കയറുന്നു. ജനലരികിലെ ഒരു സീറ്റില്‍ ഇരുന്നയുടനെ ചെറുമകളുടെ കരയുന്ന ശബ്ദം, അവളുടെ കവിളുകള്‍ ചുകന്ന്, നനയുന്നു. "എനിയ്ക്കമ്മേടെ അടുത്തിരിയ്ക്കണം.."
അവളെ പിടിച്ചു മടിയിലിരുത്തി എന്നാണ്‌ ഓര്‍മ്മ.
എത്രയോ താഴെ, കുറേയേറെ ഉയരത്തിലെത്തി ജനാലയിലൂടെ താഴേയ്ക്കു നോക്കുമ്പോള്‍ വിശാലമായൊരു പാടം, അതിനടുത്ത്‌ പുഴ, ഇപ്പുറത്ത്‌ പച്ച നിറത്തില്‍ വൃക്ഷങ്ങളെന്നു തോന്നിയ്ക്കുന്ന പച്ച നിറങ്ങള്‍.. ഇരിയ്ക്കുന്ന പേടകം മുകള്‍ ഭാഗം തുറന്നതായി. പെട്ടെന്ന് താഴേയ്ക്ക്‌ നിയന്ത്രണം വിട്ട്‌ പതിയ്ക്കുന്ന പൊലെ, വയറില്‍ ഒരാന്തല്‍.. സീറ്റില്‍ മുറുകെ പിടിച്ചു, അപ്പോ തന്നെ ഉയര്‍ന്നു പൊങ്ങുന്നു, അങ്ങനെ പല തവണ.. അത്‌ ഇന്ത്യയല്ലല്ലോ, വേറെ ഏതൊരു രാജ്യമാണെന്നും തോന്നി.
ഇറങ്ങിക്കഴിഞ്ഞ്‌ പൈലറ്റ്‌ നിസ്സംഗതയോടെ പറയുന്നു, ഇതും ഒരു ട്രയല്‍ ആയിരുന്നു എന്ന്.

പിന്നെ കേട്ടത്‌ ഒരു കുഞ്ഞിന്റെ കരച്ചില്‍. നിര്‍ത്താതെ വാവിട്ടു കരയുന്നു. കുറേ പേര്‍ ചുറ്റും കൂടി നിന്നതിനെ നോക്കുന്നു. ഒരു അഞ്ചാറുമാസം പ്രായമുണ്ടെന്നു തോന്നി. വേഗം ചെന്നതിനെ എടുത്തു. കൈകള്‍ക്കുള്ളീല്‍ ശരീരത്തോട്‌ ചേര്‍ന്നു കിടന്നപ്പോള്‍ കരച്ചില്‍ കുറഞ്ഞു വന്നു. അതിനെ കാലില്‍ കിടത്തി സ്പൂണ്‍ കൊണ്ടു കോരി ഭക്ഷണം കൊടുത്തു. അത്‌ നുണഞ്ഞു നക്കി കൈകാലുകള്‍ അടിച്ച്‌, മൂളി മൂളി കഴിയ്ക്കുന്നു. അതിനിടയില്‍ മടി മുഴുവനും നനഞ്ഞു. ഒന്നു മൂത്രമൊഴിപ്പിച്ചാല്‍ ഒരുപക്ഷേ അത്‌ ആദ്യമേ കരച്ചില്‍ നിര്‍ത്തിയേനെ എന്നപ്പോള്‍ തോന്നി. ഏതോ കിണറ്റിന്നരികില്‍ ചെന്ന് അതിനെ കഴുകിച്ചു, അതൊരാണ്‍കുട്ടിയായിരുന്നു. വൈകാതെ എന്റെ മടിയില്‍ കിടന്നതുറങ്ങി. അതിന്റെ അമ്മയെ തിരഞ്ഞു നോക്കി. ആരൊക്കെയോ പറഞ്ഞു അതിന്റെ അമ്മ അപ്പുറത്ത്‌ സംസാരിച്ചു നില്‍ക്കുകയാണെന്ന്. ചിലര്‍ പറഞ്ഞു ആ അമ്മ എന്തൊരു കെയര്‍ ലെസ്സ്‌ എന്ന്. മടിയില്‍ ശാന്തമായുറങ്ങുന്ന കുഞ്ഞുമായി അവിടെ തന്നെ ഇരുന്നു.

അലാമടിയ്ക്കുന്ന ശബ്ദം ദൂറെ നിന്നും കേള്‍ക്കാം. മനസ്സ്‌ ഓടിപ്പാഞ്ഞെത്തി ചാടിയെണീറ്റു.
സമയം കൃത്യം അഞ്ചേമുക്കാല്‍. അതായത്‌ അഞ്ചര മുതല്‍ അടിയ്ക്കുന്നുണ്ടാവണം അലാം.

കാപ്പിയുണ്ടാകുമ്പോള്‍ മനസ്സില്‍ വീണ്ടും ചിത്രങ്ങളുടെ റിവൈന്‍ഡ്‌. ഒന്നും മറന്നുപോയിട്ടില്ല. സാധാരണ ഇത്രയും ഓര്‍മ്മ നില്‍ക്കാറില്ലല്ലോ എന്നോര്‍ത്തു. വിമാനത്തിന്റെ കഥയാണ്‌ മനസ്സില്‍. കഴിഞ്ഞ തവണ നാട്ടില്‍ നിന്നും വരുമ്പോള്‍, വിമാനം വല്ലാതെ കുടുങ്ങിയതും, നിയന്ത്രണം വിട്ട്‌ താഴേയ്ക്ക്‌ ഒരു രണ്ടു മൂന്നു സെക്കന്റ്‌ വീഴുന്നതായും തോന്നിയിരുന്നു, സംശയത്തോടെ എന്റെ ഭര്‍ത്താവിന്റെ മുഖത്തേയ്ക്കു നോക്കി, പരിഭ്രാന്തിയൊന്നും കണ്ടില്ലെങ്കിലും അദ്ദേഹവും എന്റെ മുഖത്തേയ്ക്കു നോക്കി. ഞാന്‍ പിന്നിലേയ്ക്കു തിരിഞ്ഞു നോക്കി. മുഖങ്ങള്‍ അസ്വസ്ത്ഥമാകുന്നുണ്ടോ എന്ന്. മുന്നിലിരിയ്ക്കുന്ന, പാതി കര്‍ട്ടനിടയിലൂടെ എയര്‍ ഹോസ്റ്റസ്സു മാരേയും നോക്കി. അവര്‍ മിണ്ടാതെ ബെല്‍ട്ടിട്ട്‌, പരസ്പരം നോക്കാതെ ഇരിയ്ക്കുന്നു. എന്തുകൊണ്ടോ മനസ്സില്‍ ഒരു ഭയം വന്നു, ദൈവനാമം ചെല്ലാന്‍ തുടങ്ങി.. എന്റെ മുഖഭാവം പലരും ശ്രദ്ധിച്ചു കാണുമെന്നുറപ്പായിരുന്നു. എയര്‍ഹോസ്റ്റസുമാര്‍ ഒരു ചിരി കൈമാറിയപ്പോള്‍ അതെന്റെ മുഖഭാവം കണ്ടുകൊണ്ടു തന്നെ എന്നുറപ്പിച്ചു. വിമാനത്തിന്റെ കുടുക്കം കൂടുന്നതായി തോന്നി. ആരെങ്കിലും എന്തു വേണമെങ്കിലും വിചാരിച്ചോട്ടെ, ദൈവത്തെ വിളിയ്ക്കാതെ വയ്യെന്ന് തോന്നി. നാരായണനെ മനസ്സിലുറക്കെ വിളിച്ചു. പെട്ടെന്നാണ്‌ അനൗന്‍സ്‌മന്റ്‌ വന്നത്‌, "സോറി ഫോര്‍ ദ ഇന്‍കണ്‍വീന്യന്‍സ്‌" എന്നോ മറ്റോ. അത്‌ മനസ്സിലാക്കാന്‍ പോലും പരിഭ്രമം അനുവദിച്ചില്ല. മേഘങ്ങള്‍ക്കിടയില്‍ പെട്ട്‌ അല്‍പം റഫ്‌ ആയിപ്പോയി എന്നോ എന്തോ കാരണം പറഞ്ഞുവത്രേ!
ഈ കുന്ത്രാണ്ടം എങ്ങനെ ഈശ്വരാ മര്യാദയ്ക്ക് താഴത്തിറങ്ങുമെന്ന് പരിഭ്രമിച്ചു വശംകെട്ടത്‌..
ആദ്യമായി വിമാനത്തില്‍ കയറിയ അന്ന് ജനാലയ്ക്കലിരുന്നു കൊണ്ട്‌ അതിന്റെ ഭീമാകാരങ്ങളായ ചിറകുകളില്‍ അവിടെയവിടെയായി ചെറിയ ചെറിയ തുരുമ്പുകള്‍ കണ്ണില്‍ പെട്ടപ്പോള്‍, അറിയാതെ ദൈവമേ.. എന്നു വിളിച്ചു പോയത്‌ .. :)
വിമാനം പൊങ്ങുമ്പോഴും പിന്നെ ഇറങ്ങുമ്പോഴും എപ്പോഴും ഉണ്ടാവാറുള്ള ഒരു ഉള്‍ഭയം.
ജൂണായാല്‍ നാട്ടിലേയ്ക്കു പോകാറായല്ലോ എന്നും ഓര്‍ത്തു.

അമ്മൂനും അനീത്തികുട്ടിയ്ക്കും പാല്‍ ഗ്ലാസ്സിലാക്കി കൊടുക്കുമ്പോള്‍ അനീത്തികുട്ടി ചോദിച്ചു -"അമ്മേ .. അമ്മ എന്തിനാ വെറുതെ ചിരിയ്ക്കുന്നത്‌?"

അപ്പോഴാണ്‌ അതുവരെ ആ കൊച്ചു കുഞ്ഞിനെ പറ്റി ഓര്‍ത്തതേയില്ലല്ലോ എന്നോര്‍ത്തു പോയത്‌.

9 comments:

ചീര I Cheera said...

ഇന്നലെ കണ്ടൊരു സ്വപ്നം മാത്രം!
:)

വല്യമ്മായി said...

:)

തറവാടി said...

സ്വപ്നം കൊള്ളാം , നമ്മുടെ നാട്ടിന്‍‌റ്റെ ഫ്ലൈറ്റില്‍ പോയാല്‍ ഇത്തരം സ്വപ്നങ്ങള്‍ കണ്ടില്ലെങ്കിലേ അദിശയമുള്ളു :)

ദിലീപ് വിശ്വനാഥ് said...

വളരെ ഉദ്ദ്വേഗത്തോടെ ആണ് വായിച്ചത്. മനുഷ്യര്‍ ഇങ്ങനെയും സ്വപ്നം കാണുമോ?

Minnu said...

wonderful....nannayirikkunnu

Raghu said...

Takeoff is optional but landing is mandatory –ഒരു പൈലററിനെ ആദ്യം പഠിപ്പിക്കുന്ന ആപ്തവാക്യം അതായത് ടേക് ഒഫ് മാറ്റി വയ്കാവുന്നതേ ഉളളൂ പക്ഷേ Landing ഒഴിവാക്കാനാവാത്തതാണെന്നു സാരം
ചിന്തിക്കാന് കഴിയുന്നവരുടേയെല്ലാം ഉളളില് വിമാന യാത്ര ഒരു നുറങു ഭയം തന്നേ ആരും പുറത്തു കാണിക്കാറില്ലെന്ന് മാത്രം (ഈ ഞാനും)
ഒരു നുറുങു കഥയിലേക്ക് ഇതിനേ സന്നിവേശിപ്പിച്ച രീതി അഭിനന്ദനാറ്ഹം
വിഷു ആശംസകള്
രഘു

സാരംഗി said...

ഹാവു! പേടിപ്പിച്ചളഞ്ഞു. വിഷു സമയത്ത് വല്ല കണിക്കൊന്നയോ സദ്യയോ ഒക്കെ സ്വപ്നം കണ്ടാല്‍ പോരെ പീയാറെ.. :)

ശ്രീ said...

ഞാനും വായിച്ചു തുടങ്ങിയപ്പോ ആദ്യമൊന്നു പേടിച്ചു. പിന്നെയാണ് സ്വപ്നമാണെന്നു മനസ്സിലായത്.

കുറച്ചു വൈകിയെങ്കിലും വിഷു ആശംസകള്‍... ചേച്ചീ.
:)

സു | Su said...

സ്വപ്നമായത് നന്നായി. ഇനി ജൂണില്‍ വരുമ്പോള്‍ സൂക്ഷിച്ചോളൂ. എന്നെ കാണില്ലേ വരുമ്പോള്‍? സ്വപ്നമല്ല, നേരിട്ട്.