Saturday, May 02, 2009

റാണിയക്ക

ഒന്നാലോചിച്ചാൽ ഇന്നു ലോകത്തു കണ്ടുവരുന്ന ഒട്ടുമിക്ക സംഭവവികാസങ്ങളും (യുദ്ധം പ്രത്യേകിച്ചും) പണ്ടു മുതൽക്കു തന്നെ (പണ്ട്‌ എന്നു പറഞ്ഞാൽ, ചരിത്രം എന്നും പുരാണം എന്നുമൊക്കെ വായിച്ചെടുക്കാം.) നിലനിന്നിട്ടുള്ളതും ഇപ്പോഴും തുടർന്നുകൊണ്ടിരിയ്ക്കുന്നതുമായ സംഭവവികാസങ്ങളല്ലേ?

അതുകൊണ്ടു തന്നെ ഒരു 'സമത്വസുന്ദരഭൂമി' എന്ന വ്യാമോഹം ഒന്നും ഒട്ടുമില്ല. സത്യമുണ്ടെങ്കിൽ അപ്പുറത്ത്‌ അസത്യം ഉണ്ടാവും, സമാധാനം ഉണ്ടെങ്കിൽ ഇപ്പുറത്ത്‌ സംഘർഷം ഉണ്ടായിരിയ്ക്കും, ധർമ്മമുണ്ടോ തീർച്ചയായും അധർമ്മവും മറുപുറത്ത്‌ ഉണ്ടായിരിയ്ക്കും, ഉറപ്പ്‌.

എന്നാൽ ഒന്നുണ്ട്‌.
ഇതിനെ കുറിച്ചൊന്നും വ്യാകുലപ്പെടാത്ത/അറിയാത്ത വെറും ജനങ്ങൾ-ഈയൊരു വിഭാഗം അന്നും ഇന്നും ഒരുപോലെയാവും. അവർക്കിടയിൽ ജാതി/മത/വർഗ്ഗഭേദതമോ, എന്റെ രാജ്യം/നിന്റെ രാജ്യം എന്ന അവകാശ/അധികാര തർക്കങ്ങളോ, രാഷ്ട്രീയേച്ഛകളോ അഥവാ രാഷ്ട്രീയം തന്നെയോ ഒന്നുമുണ്ടാകുന്നില്ല. അന്നന്നത്തെ ഭക്ഷണം കഴിച്ച്‌ കുട്ടികളെ പട്ടിണി കിടത്താതെ സുഖമായി ജീവിച്ചുപോകണം എന്നതിൽ കവിഞ്ഞൊന്നും അവരൊന്നും പ്രതീക്ഷിയ്ക്കുന്നുണ്ടാവില്ല. എന്റെ സുഹൃദ്‌വലയങ്ങളിൽ നിന്നു തന്നെ എനിയ്ക്കതു തോന്നാറുണ്ട്‌. പ്രതീക്ഷിയ്ക്കുന്നുണ്ടെങ്കിൽ തന്നെ അതൊരിത്തിരി മനഃസമാധാനം മാത്രമാവും.

ഒരു ദിവസം എന്റെ അടുത്ത വില്ലയിൽ താമസിയ്ക്കുന്ന "റാണി അക്ക" എന്നെ വിളിച്ചു പറഞ്ഞു, ശ്രീലങ്കയിലുള്ള അവരുടെ പട്ടാളത്തിലായിരുന്ന അനിയൻ യുദ്ധത്തിൽ മരിച്ചു പോയെന്ന്. മരിച്ച്‌ ദിവസങ്ങൾ കഴിഞ്ഞാണ്‌ അവരറിയുന്നത്‌. ആ വാർത്ത തെറ്റാകണേയെന്നു പ്രാർത്ഥിച്ചുകൊണ്ടിരിയ്ക്കുന്ന അവരെ 'രണ്ടും കൽപിച്ച്‌' ഞാൻ കാണാൻ ചെന്നു. യുദ്ധത്തിനെ കുറിച്ച്‌ അവരൊരക്ഷരം പറഞ്ഞില്ല, അവരുടെ വീട്ടുമുറ്റത്ത്‌ വാഴക്കൂമ്പു പോലുള്ള ഓരോ സാധനം വീണുകിട്ടുമ്പോൾ ഉടനെ പോലീസിനെ അറിയിയ്ക്കുക എന്നത്‌ ശീലിച്ചുപോയ അവർക്കു യുദ്ധം എന്നതും ഒരു ശീലമായിതന്നെ മാറിയിട്ടുണ്ടാവും. അവരെ മരണവിവരം അറിയിച്ച അമ്മാമൻ അവരോട്‌ "പെരുമപ്പെടുവാൻ" പറഞ്ഞുവത്രേ. എന്ത്‌ പെരുമ? എന്നവർ തിരിച്ചു ചോദിയ്ക്കുന്നു. മരണവിവരം അറിഞ്ഞ ശേഷം അവരുടെ അമ്മയെ വിളിയ്ക്കാൻ ശക്തിയില്ലാതെ നിൽക്കുന്ന അവരോട്‌ ഒന്നും പറയാനില്ലാതെ ഇറങ്ങിവരുമ്പോൾ അവരുടെ കറുത്തു കനത്ത മുഖം ശ്രീലങ്കയിലെ യഥാർത്ഥസ്ഥിതി എന്തായിരിയ്ക്കാം എന്നൊന്നു ഊഹിച്ചുനോക്കാൻ പ്രേരിപ്പിച്ചു. ഞാനിറങ്ങിവരുമ്പോൾ അവരുടെ അയൽപ്പക്കമായ ഒരു 'സിംഗള' വനിത അവരുടെ അടുത്തേയ്ക്കു പോകുന്നു, സിംഗളത്തിൽ അവർ തമ്മിൽ സംസാരിയ്ക്കുന്നതും കേട്ടു. (അതേതായാലും യുദ്ധത്തെ കുറിച്ചായിരുന്നില്ല!)
ഈ റാണി അക്കയുടെ താത്ത (മുത്തച്ഛൻ) പണ്ട്‌ ഒരു 'ജഗജില്ലി ആയിരുന്നൂത്രേ. ആ തലമുറ അന്ന് ഭാരതത്തിലായിരുന്നു. അദ്ദേഹം ആദ്യം മധുരയിൽ നിന്നും ഒരു വിവാഹം ചെയ്തു, അതിനു ശേഷം ചിദമ്പരത്തിൽ നിന്നും മറ്റൊരു വിവാഹം ചെയ്ത്‌ ആദ്യഭാര്യയെ ഉപേക്ഷിച്ച മട്ടിൽ ശ്രീലങ്കയിലേയ്ക്കു കടന്നുകളഞ്ഞുവത്രേ. അങ്ങനെയാണ്‌ റാണി അക്കയുടെ തലമുറ 'ശ്രീലങ്കക്കാർ'ആയത്‌. പിന്നീട്‌ വഷങ്ങൾക്കു ശേഷം ഈ താത്തയ്ക്ക്‌ ഇന്ത്യയിൽ വരണമെന്നും മധുരയിൽ എല്ലാവരേയും കൊണ്ടുപോയി ആദ്യബന്ധുക്കളുമായി ഒരു കൂടിക്കാഴ്ച വേണമെന്നും അങ്ങനെ ബന്ധങ്ങൾ വികസിപ്പിയ്ക്കണമെന്നുമൊക്കെ മോഹിച്ച്‌ യാത്രയ്ക്കു തയ്യാറെടുക്കുന്നതിനിടെ പെട്ടെന്നൊരു ദിവസം അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചു പോയത്രേ. റാണി അക്ക പറയുന്നു-ഇന്ത്യയിൽ, മധുരയിൽ എവിടെയോ അവരൊക്കെയുണ്ടെന്നറിയാം, പേരുമറിയില്ല, അഡ്രസ്സുമറിയില്ല. അത്രയെയുള്ളു ഇപ്പോൾ ഇന്ത്യയുമായുള്ള ബന്ധം.
അവർ ഭാരതീയ-തമിഴർ ആണ്‌. അവരുടെ തമിഴ്‌ കേൾക്കുമ്പോൾ ഒരു 'ഭാരതീയ' ആണെന്നേ തോന്നാറുള്ളൂ.
അവരന്ന് കുട്ടിക്കാലങ്ങളെ കുറിച്ചു പറഞ്ഞു. അവരും അനിയനും കൂടിയുള്ള ആ കാലം-ശ്രീലങ്കയിലുള്ള അവരുടെ കുട്ടിക്കാലം.
ജൂണിലവർ 10 ദിവസത്തേയ്ക്ക്‌ ശ്രീലങ്കയിലേയ്ക്കു പോകാൻ തീരുമാനിച്ചിരിയ്ക്കുന്നത്‌ അവരുടെ ചില വസ്തുക്കളൊക്കെ അവിടത്തെ സുരക്ഷിതത്വത്തെ സംശയിച്ച്‌ ഇങ്ങോട്ട്‌ കൊണ്ടുവരാനാണ്‌. പിന്നെ അവരുടെ അനിയന്റെ ഭാര്യയേയും മക്കളേയും കാണണം. ഇവിടേയും എത്രകാലം എന്നാലോചിയ്ക്കാതെയല്ല, എന്നാലും വസ്തുക്കൾ നഷ്ടമാവരുതല്ലോ. അതുവരേ മാത്രമേ ഇപ്പോൾ ചിന്തിയ്ക്കാനാവു എന്നവർ പറയാതെ പറയുന്നു.

പറഞ്ഞുവന്നത്‌,
അവരെപ്പോലെയുള്ള ഈ 'വെറും' ജനങ്ങൾ പണ്ടും ഇപ്പോഴും ചോദിയ്ക്കുന്ന ചോദ്യം ഒരുപക്ഷെ ഒന്നുതന്നെയായിരിയ്ക്കും.
അപ്പോൾ യുദ്ധങ്ങൾ ആർക്കു വേണ്ടിയാണ്‌ രൂപപ്പെടുന്നത്‌? എന്തിനു വേണ്ടിയാണ്‌? അതുകൊണ്ടുണ്ടാവുന്ന ഗുണഫലങ്ങൾ എന്തൊക്കെയാണ്‌? ആർക്കാണ്‌ ലാഭം? നഷ്ടം?

എല്ലാവരേയുംപോലെ ജീവിച്ചവർ, ജീവിയ്ക്കാനാഗ്രഹിയ്ക്കുന്നവർ എല്ലാം നഷ്ടപ്പെട്ട്‌ അനാഥരായി, അവിടേയുമില്ല, ഇവിടേയുമില്ല എന്ന രീതിയിൽ ജീവൻ പണയം വെച്ച്‌ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്‌ കാണാൻ എന്തായാലും വയ്യ!

2 comments:

ഹരിത് said...

"ഇവിടം ജീവിത സംഗ്രാമത്തിന്‍
ചുടലക്കളമോ, ചുടുനീര്‍ക്കുളമോ?”

ശ്രീ said...

റാണിയക്കയെ പോലെ ഉള്ളവര്‍ക്ക് ജീവിയ്ക്കുന്നതെവിടെയോ അത് തന്നെ നാട് എന്നതു പോലെ ആയിട്ടുണ്ടാകും...