Wednesday, December 30, 2009

പുതുവർഷസമ്മാനം.

ഇന്നലെ ഞാനും ചുമരിലെ കണ്ണാടിയും കുശലാന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുമ്പോൾ പെട്ടെന്ന് കണ്ണാടി എന്റെ മുടിയിഴകളെ നോക്കിക്കൊണ്ട്‌ പറഞ്ഞു-

"ഏയ്, ദാ നോക്കൂ! ഒരു വെള്ളിനൂൽ"

ഞാൻ കണ്ണാടിയുടെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി.
അതെ, ഒരു വെള്ളിനൂൽ.
എന്റെ വലതുഭാഗത്തെ നീണ്ടുകിടക്കുന്ന കറുത്ത മുടിയിഴകൾക്കിടയിൽ, അതേ നീളത്തിൽ അതൊളിച്ചുകളിയ്ക്കുന്നു. ഞാനതിനെ ഒറ്റ ഇഴയായെടുത്ത്‌ നോക്കി.
എനിയ്ക്കു സന്തോഷമായി.

ഞാൻ കണ്ണാടിയോടു പറഞ്ഞു-"ഹാവൂ, അവസാനം വന്നൂലോ, കുറേയായി കാത്തിരിപ്പു തുടങ്ങിയിട്ട്‌."

എന്നാലും അതിനു കൂട്ടായി വേറെയും വെള്ളിനൂലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് മുടിയിഴകളിലൂടെ പരതി നോക്കാൻ മറന്നില്ല.
പാവം അതൊറ്റയ്ക്കാണ്‌, ഇനിയും കൂട്ടുകാരായിട്ടില്ല.
ഞാനതിനെ വെറുതെവിട്ടു. വീണ്ടുമത്‌ ഒളിച്ചുകളിയ്ക്കുവാൻ തുടങ്ങി.

ഞാൻ കണ്ണാടിയെ നോക്കി ചിരിച്ചു.

അപ്പോഴാണ്‌ കണ്ണാടി ഒരു പുഞ്ചിരിയോടുകൂടി എന്നെ ഓർമ്മിപ്പിച്ചത്‌- "പുതുവർഷം"!

:)

എല്ലാ സുഹൃത്തുക്കൾക്കും ബ്ലോഗുകൾക്കും, നന്മയുടേയും സമാധാനത്തിന്റേയും
(വെള്ളിനൂലുകളുടേയും) പുതുവത്സരാശംസകൾ... :)

8 comments:

തറവാടി said...

എനിക്ക് നേരിട്ടറിയുന്ന ഒരാള്‍ ഇതുപോലെ ഒളിഞ്ഞിരിക്കുന്ന ഒരു വെള്ളിനൂലിനെ വരവേറ്റത് വലിയ സന്തോഷത്തോടെയൊന്നുമല്ല. ഓ ഒന്നല്ലെ!, എന്നാശ്വസിച്ച് വീണ്ടും തപ്പിയപ്പോല്‍ ദാ കിടക്കുന്നു അവിടവിടം ഓരോന്ന്.ആളെ ചോദിക്കരുത് പറയൂല്ല വേണേല്‍ തൊട്ട് കാണിക്കാം.

ഏയ് വെള്ളനൂല്‍ പ്രായത്തിന്റെ ലക്ഷണമെന്നാരാ പറഞ്ഞെ? അതൊക്കെ കെട്ട് കഥകള്‍ , കൂട്ടുകരില്ലെന്ന് കരുതി ദുഖിക്കരുത് അതൊക്കെ അവര്‍ സ്വയം കണ്ട് പിടിച്ചുകൊള്ളും ;)

വളരെ നല്ല , ഐശ്വര്യപൂര്‍ണ്ണമായ, സന്തോഷത്തിന്റെ നല്ലൊരു പുതുവര്‍ഷം നേരുന്നു :)

സു | Su said...

വെള്ളിനൂലിനെ ഇഷ്ടമില്ലെങ്കിൽ ചോപ്പിക്കൂ. അല്ലെങ്കിൽത്തന്നെ അതൊക്കെ കാലം കളറടിക്കുന്നതല്ലേ. പുത്തൻ വർഷം വരുന്നൂ, വെള്ളിയെങ്കിൽ വെള്ളി എന്നും പറഞ്ഞ് സന്തോഷിക്കൂ.

സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥന.

സ്നേഹം. :)

P.R said...

തറവാടീ..
ആളെ വളരെ നന്നായി മനസ്സിലായി. :)
ഏയ്, ഒന്നിന്റേയും ലക്ഷണമാവുമോയെന്ന സംശയമേ... ഇല്ല.
നല്ലൊരു പുതുവർഷം അങ്ങോട്ടും നേരട്ടേ!

സൂ.. ഏയ്, ഇഷ്ടക്കേടൊന്നുമില്ല, അവിടെ തന്നെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. സ്നേഹത്തോടെ..
:)

ഉപാസന || Upasana said...

happy new year....

Tharavaadi :-)

Upasana

ശ്രീ said...

വെള്ളിനൂലുകളെ എത്രമാത്രം എത്ര കാലത്തേയ്ക്ക് ഒളിപ്പിയ്ക്കാനാകും അല്ലേ ചേച്ചീ...

പ്രായം കൂടുന്നതില്‍ വിഷമിയ്ക്കുന്നവര്‍ക്കല്ലേ അതിന്റെ ആവശ്യമുള്ളൂ...

നല്ലൊരു പുതുവര്‍ഷം ആശംസിയ്ക്കുന്നു. :)

P.R said...

ഹാപ്പി ന്യൂ ഇയർ അങ്ങോട്ടും ഉപാസനേ..

അതന്നെ ശ്രീ.. ഈ പ്രായം, പ്രായം എന്നത് അല്ലെങ്കിലും കൂടാനുള്ളതാണല്ലോ.
എന്നാലും താഴെ ഒരു ബ്രാക്കറ്റ് കീടക്കട്ടെ.

(വേറെയൊന്നുമല്ല, വെള്ളിനൂലുകൾ തലമുടിയിലൊരു സംസ്ഥാനസമ്മേളനം തന്നെയെങ്ങാനും തുടങ്ങിവെച്ചാൽ, ഇപ്പറയുന്ന ഞാനും അപ്പൊ എന്തൊക്കെ ചെയ്യുമെന്ന് ഇപ്പൊ ഒരുറപ്പ് തരാൻ പറ്റില്ല ട്ടൊ!)
ഹി.ഹി.. :)).

Rare Rose said...

കുഞ്ഞന്‍ പുതുവര്‍ഷപ്പോസ്റ്റ് ഇഷ്ടായി ചേച്ചീ.സന്തോഷം നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു.:)
ഒന്നോ രണ്ടോ ആണെങ്കില്‍ വെള്ളിനൂലുകള്‍ കറുപ്പിനഴക്,വെളുപ്പിനഴക് പാടി അവിടിരുന്നോട്ടെ അല്ലേ.:)

P.R said...

നന്ദി റെയർ റോസ്,
പുതുവത്സരാശംസകൾ അങ്ങോട്ടും നേരുന്നു.