Tuesday, April 28, 2009

"പ്രവേശനം"

അതത്രമേൽ സാധാരണമാണ്‌
ഒരുപക്ഷേ, സർവ്വസാധാരണം എന്നുപോലും പറയാം.
പുറം തോടിനെ ഭേദിച്ച്‌
ഒന്നുമല്ലായ്കയുടെ നിറവിലേയ്ക്കു
പ്രവേശിയ്ക്കുന്നതിനു മുമ്പേ
അവസാനിപ്പിയ്ക്കേണ്ടി വരുന്ന
ആ ബാക്കി ഒന്നുണ്ടല്ലോ, അത്‌.
ആ നേർത്ത ഒരു ശ്വാസം
ഒരു സീത്ക്കാരം.

അത്‌,
ചെവി കൂർപ്പിച്ച്‌ കണ്ണുകളടച്ചുപിടിച്ചാൽ,
ഉറച്ചുപോകുന്ന തിരമാലയിലേയ്ക്കു
ചേരുന്ന ഒരു ജലകണമെന്നു തോന്നാം.
അല്ലെങ്കിൽ
തണുത്തുറയുന്ന അഗ്നിനാളത്തിലേയ്ക്കു
ചേരുന്ന ഒരു തീപ്പൊരി.

അപ്പോഴാവും
അതിന്റെ
കണ്ണുകളടച്ചുതുറക്കുന്നത്രയും ലാഘവത്വം
അത്രമേൽ
അസാധാരണം കൂടിയാവുന്നത്‌.
ആ അസാധാരണത്വം ഭയാനകമാകുന്നത്‌.
ആ ഭയം പിന്നീട്‌ വെറുമൊരു
ഓർമ്മപ്പെടുത്തലാവുന്നതും.

2 comments:

ശ്രീ said...

പക്ഷേ, അത് സര്‍വ്വ സാധാരണമെങ്കിലും, ഭയാനകം അല്ലെങ്കില്‍ അസ്വസ്ഥജനകമായ ഒരു ഓര്‍മ്മ തന്നെയാണ് പിന്നീട് എപ്പോഴും...

ചീര I Cheera said...

sree!