Saturday, February 21, 2009

അപ്പുറത്തെ അമ്മ

വിടരാറായി നിൽക്കുമൊരരുമയാം പൂമൊട്ടു പോൽ
ബേബീക്രീം മണമൂറിവരും നിന്നോമൽ പൂമുഖം
നീയെനിയ്ക്കുണ്ണിയാണെൻമണിപ്പൈതലേ!
നിന്നന്തരംഗം, നിൻ പാൽപ്പുഞ്ചിരി,
മിഴിയിലെ ഭാവം
ഇതുകൾക്കർത്ഥമെഴുതുവാനാരുള്ളൂ?

മുഖം മറച്ചു നിന്നമ്മചൊല്ലീ നിൻപേർ
"അഹമ്മദ്‌ മാലിക്‌".
അങ്ങുദൂരേ പാക്കിസ്ഥാനിലുണ്ടത്രേ
നിന്നേയിതുവരെ കാണാത്തൊരു
വല്യുമ്മായും വല്യുപ്പായും...

നിന്നെയെന്നുണ്ണിയായ്‌ നോക്കിയതിന്നു
സംതൃപ്തയായ്‌, സന്തോഷവതിയായ്‌ നിന്നമ്മ,
പകരംതരാനായടുപ്പത്തുവെച്ച
എനിയ്ക്കുള്ള വെജിറ്റബിൾ ബിരിയാണി
നീയറിഞ്ഞോ? അടീപ്പിടിച്ചു കരിഞ്ഞുപോയ്‌!

നിന്നെയെൻ കൈത്തണ്ടയിലേൽപിച്ചു
കുളിയ്ക്കാൻ പോണ നിന്നമ്മ.
എന്റെ മടിയിലുറങ്ങി സ്വപ്നംകണ്ടു
ചിരിയ്ക്കുന്ന നീ.

നിനക്കറിയുമോ?
നമുക്കുരണ്ടുപേർക്കുമിടയിൽ അങ്ങുദൂരേ
മുള്ളുവേലികെട്ടിനിർത്തിയിട്ടുണ്ടാരൊക്കെയോ...
കനലുപോലെരിയുന്ന നമ്മുടെ അതിർത്തികളേ
കാത്തുരക്ഷിയ്ക്കുന്നവർ നിൽപുണ്ടു, തോക്കുമായി...

നീ ഓർക്കുമോ?
നമ്മുടെ അരമതിലിന്നപ്പുറത്തുനിന്നും
നിന്നെയെനിയ്ക്കേൽപ്പിയ്ക്കാറുള്ള നിന്നമ്മയേ?
നീ മറക്കുമോ?
നിന്നമ്മയ്ക്കുമെനിയ്ക്കുമിടയിൽ
മറ്റൊരമ്മയായ്‌, നിന്നെത്താങ്ങിനിർത്തുന്ന
നമ്മുടെയീയരമതിലിൻ വീതിയേ?

നിനക്കറിയുമോ?
എനിയ്ക്കും നിനക്കുമിടയിലൊരു ചരിത്രമുറങ്ങിക്കിടപ്പുണ്ട്‌,
ചില തീവ്രമായ വാദങ്ങളും നിരത്തപ്പെടുന്നുണ്ട്‌
മുൻവിധികളുണ്ട്‌, വിലക്കുകളുണ്ട്‌

ഒരുവേള,
നാമൊരുനാളും കണ്ടുമുട്ടേണ്ടവരല്ലായിരിയ്ക്കുമോ?
ഒരുനാളും അറിയേണ്ടവരല്ലായിരിയ്ക്കുമോ?
എന്നെപ്പോലെ നിനക്കും തോന്നുന്നുവോ?
നിന്റെ 'ബാബ', "അസലാമു അലൈക്കും"
എന്നെന്നോടു പറയേണ്ടതല്ലായിരിയ്ക്കുമോ എന്ന്!

നീയെനിയ്ക്കുണ്ണിയാണെൻമണിപ്പൈതലേ!
നിന്നന്തരംഗം, നിൻ പാൽപ്പുഞ്ചിരി,
മിഴിയിലെ ഭാവം
ഇതുകൾക്കർത്ഥമെഴുതുവാനാരുള്ളൂ?

ഞാനറിയുന്നു...
ഞാനുച്ചരിപ്പതുപോൽ നിൻ നിഷ്ക്കളങ്കതയും
ഉച്ചരിയ്ക്കുന്നുണ്ടു
ഉള്ളിലുള്ളതെന്തിനേയോ തട്ടിയുണർത്തും
ചിരകാലപരിചിതരാം ആ രണ്ടു രാഷ്ട്രനാമങ്ങൾ!


നീണ്ടജുബ്ബയും പാളസാറുമായി, പരുക്കനായ
ആറടി-താടിക്കാരൻ ടാക്സിക്കാരന്റെ ദുശ്ചോദ്യങ്ങളേ,
രൂക്ഷതയേ, അവന്റെ ജിഞ്ജാസകളേ
മുൻവിധികളോടെ വെറുക്കുന്നവളാണു ഞാൻ...
അമർഷം അടക്കിപ്പിടിയ്ക്കുന്നവളാണു ഞാൻ...
അവയേ 'പച്ച'യെന്നു
മുദ്രകുത്തുന്നവളാണു ഞാൻ!

ഞാനശക്തയാണു, അധീരയാണു എൻ കുഞ്ഞേ!
നിന്നമ്മയുടെ വാക്കിലെ ബഹുമാനമെന്നെ
അദ്ഭുതപ്പെടുത്താറുള്ളത്‌ ചെറുതല്ല.
എനിയ്ക്കുചുറ്റും കറുത്ത വലയമാണു,
എനിയ്ക്കൊച്ചയില്ല,
എനിയ്ക്കു വേഗതയില്ല
ഞാനശക്തയാണു, അധീരയാണെൻകുഞ്ഞേ!

നീ നിഷ്ക്കളങ്കനാണു...
വിടരുന്ന മൊട്ടാണു...
സധൈര്യം നീ മുന്നേറീടുക,
നിന്നമ്മയേ സംരക്ഷിച്ചീടുക,
പിതാവിനേ സ്മരിച്ചീടുക,
കൂടപ്പിറപ്പുകളേ സ്നേഹിച്ചീടുക,
തിരികേ ചെന്നിടുമ്പോൾ
പ്രതീക്ഷകളോടേ കാത്തിരുന്നീടും നിൻ
വല്യുമ്മാനേ വാരിപ്പുണർന്നീടുക,
വല്യുപ്പാനേ നമസ്ക്കരിച്ചീടുക,
നിന്റെ മണ്ണിനേ ആദരിച്ചീടുക,
ലോകം നടുങ്ങുമാറുറക്കെച്ചൊല്ലീടുക-

-"നിന്റെയമ്മ ഒരു രാഷ്ട്രമാണെന്ന്!
അഞ്ചുനേരം നിഷ്ഠയോടെ നിസ്ക്കരിയ്ക്കുന്നവളാണെന്ന്
അതിർത്തികളിൽ വീതിയേറിയ അരമതിലുകളേ
കെട്ടിപ്പടുക്കുന്നവളാണെന്ന്
പ്രതീക്ഷകളോടെയെന്നും കാത്തിരിയ്ക്കുന്നവളാണെന്ന്."

അതിൻ പ്രതിധ്വനികളിൽ
ഈ പ്രപഞ്ചം നടുങ്ങീടേണം,
ഒച്ചകൾ നിശ്ശബ്ദരായീടേണം
അപവാദങ്ങൾ പോയിത്തുലഞ്ഞീടണം,
അന്ധകാരത്തിൻ വാതിലുകൾ തുറക്കപ്പെടേണം
നിന്റെ പ്രകാശം എങ്ങുമെങ്ങും പരക്കുമാറായിടേണം!

ഒന്നു പറയട്ടേ ഞാൻ?
എനിയ്ക്കു മറക്കുവാനാവില്ല,
അരമതിലിന്നപ്പുറം തിരിഞ്ഞിരിയ്ക്കും നിന്നമ്മയേയും
ഇപ്പുറം തിരിഞ്ഞിരിയ്ക്കുമെന്നേയും...
എനിയ്ക്കു മറക്കുവാനാവില്ല,
എന്റെ മുഖക്കുരുവിൽ മരുന്നു
പുരട്ടിത്തരും നിന്നമ്മയേ...

16 comments:

വല്യമ്മായി said...

വരികള്‍ കുറച്ച് കൂടെ നന്നാക്കാമായിരുന്നു,പക്ഷെ ഇതെഴുതിയ ആ മനോനില മനസ്സിലാക്കാനാകുന്നുണ്ട്,അതിനൊരു സല്യൂട്ട് :)

തറവാടി said...

പി.ആറെ,

കവിതയായതിനാല്‍ :(
കഥയായിരുന്നെങ്കില്‍!

ചീര I Cheera said...

നന്ദി വല്യമ്മായീ ആ കമന്റിനു..
തോന്നിത്തുടങ്ങിയാല്‍ പിന്നെ എഴുതിയൊരൊറ്റ ‘പോസ്റ്റലാണ്‘.. നന്നാകലൊക്കെ ഒരു വഹ തന്നെ.. :)

തറവാടീ.. കമന്റെനിയ്ക്കു ഇഷ്ടപ്പെട്ടു. പക്ഷേ..
അതു വേണോ, ഇനിയൊരു “കദ” കൂടി താങ്ങാനുള്ള ശക്തി ഈ ബ്ലോഗിനുണ്ടോ എന്നാണു സംശയം..
(ഹി,ഹി..)
നന്ദി.

Rosy and Chacko said...

Hi all,

Would like to invite your attention to a posting on the blog (http://nattapiranthukal.blogspot.com/2008/09/blog-post_28.html) to which you had sent a comment. The author of the article (Dr. Rosy Thampy) sited in that blog has recently published a book. Though the article sighted in the blog is not included in the present book (which will be included in another book to be published shortly titled “Sthrina Athmeyatha”), has many pieces that reflect the varied dimensions of feminine spirituality. If you are interested, you are invited to visit the blog http://sahajeevanam.blogspot.com/ . The site is titled ‘Sahajeevanm’ and is intended to disseminate our (Rosy and my self, Chacko, her friend and associate) views on an alternate life values based on coexistence rather than completion, which of course is the essence of ‘feminine spirituality’. We haevnt gone much on our life philosophy, its live and vibrant in our thoughts and soul, but yet to take shape of a visually expressible idea. Sorry, for being so elaborate, the first few pages of the book “ Strhainathaude Athmabhashanagal” is posted on our blog. If those pages motivate you to read further please go on, or discard this message.


(For Sahajeevanam, Chacko. crose.blog@gmail.com)
I am not sure whether Rosy will be responding to your comments, but will certainly go through.

kps said...

പിയാറേ,
വല്ല്യമ്മായി പറഞ്ഞതുപോലെ വരികൾ ഇത്തിരികൂടി നന്നാക്കാമായിരുന്നു.ഈ എഴുതുമ്പഴക്കും 'post-ണതെന്തിനാ?തോന്നുമ്പോൾ ,മറക്കാതിരിക്കാൻ എഴുതിവച്ച്‌,പിന്നീട്‌ സമയം പോലെ വീണ്ടും വീണ്ടും വായിച്ച്‌,തെറ്റ്‌ തിരുത്തി,ഭങ്ങി കൂട്ടി..........ഇങ്ങിനെയൊക്കെയാണെന്നു തോന്നുന്നു അതിന്റെയൊരു മട്ട്‌.ഏതായാലും ആശയം നന്നായി.ചെറുപ്പക്കാരായ അമ്മമാർക്കൊക്കെ ഇങ്ങിനെ തോന്നി,അതു കുട്ടികളിലേക്കു പകർത്തിയാൽ,നാളെ ചിലരെങ്കിലും ആയുധമെടുക്കുന്നതിൽ നിന്നു പിന്തിരിഞ്ഞാൽ............അത്രയും നല്ലതല്ലേ?
ഇനിയെഴുതുമ്പോൾ തിർച്ചയായും നടെ പറഞ്ഞതു ശ്രദ്ധിക്കുമല്ലോ!

kps said...
This comment has been removed by the author.
kps said...
This comment has been removed by the author.
kps said...
This comment has been removed by the author.
kps said...
This comment has been removed by the author.
kps said...
This comment has been removed by the author.
kewlmallu said...

PR
I liked it very much.
But will the kid one day grow up into the same person that you are afraid of?
What will this bud flower into?
Of course that doesnt mean that you cant love this bud..

ചീര I Cheera said...

ശ്രീ കെ.പി.എസ്..
നന്ദി. തീര്‍ച്ചയായും ശ്രദ്ധിയ്ക്കാം.
(അയ്യോ, കമന്റ് കുറെയധികം വന്നുവീണുവല്ലൊ..)

kewlmallu..
നന്ദി, വായനയ്ക്ക്.
ഒരു ‘അരമതിലി‘നപ്പുറവും, ഇപ്പുറവുമുള്ള രണ്ട് അമ്മമാരുടെ സൌഹ്ര്ദം. അത്രയേ ഉദ്ദേശ്ശിച്ചിരുന്നുള്ളു, ബാക്കി വഴിയാലെ വന്നതാണ്.

ചീര I Cheera said...

പ്രിയ സഹജീവനം..
ഒരു തിരുത്ത്- പ്രസ്തുത പോസ്റ്റിലേയ്ക്ക് ഞാന്‍ കമന്റ് അയച്ചിട്ടില്ല എന്നത് ശ്രദ്ധിയ്ക്കുമല്ലോ..
നന്ദി.

ശ്രീ said...

ചേച്ചീ...

ആ അവസ്ഥ മനസ്സില്‍ കാണാന്‍ കഴിയുന്ന രീതിയില്‍ എഴുതിയിരിയ്ക്കുന്നതിനാല്‍ കവിതയാകണമെന്നോ കഥയാകണമെന്നോ നിര്‍ബന്ധം തോന്നിപ്പിച്ചില്ല.

ചീര I Cheera said...

നന്ദി ശ്രീ..
രണ്ടും ‘കണക്കാ’യതു കൊണ്ട് എഴുതിവരുമ്പോള്‍ ഉണ്ടാവുന്ന രൂപമാണ് എന്റെ ‘കഥ‘യും ‘കവിത‘യും!

smitha adharsh said...

നല്ല ചിന്ത...നന്നായി അവതരിപ്പിച്ചിരിക്കുന്നു.