Sunday, March 01, 2015

ചില നേരത്ത്

I

തൊടുത്തുവിട്ട വാക്കുകളെ തിരിച്ചെടുക്കാനാവില്ലല്ലോ
എന്നോർക്കുമ്പോൾ കമട്ടിവരുന്ന ആ കയ്പ്പുള്ള ഉമിനീരാണ്
പഴയ ബ്ലോഗ്പോസ്റ്റുകളേ വായിയ്ക്കുവാൻ തുനിയുമ്പോൾ
ഇറക്കിക്കളയുക. :(

ഒരുപാട് നിയന്ത്രിച്ച്, പിന്നെയും പിന്നെയും വേണ്ടെന്നുവെച്ച്
പണിതുയർത്തിക്കൊണ്ടുവരുന്ന, നമുക്കിടയിലെ മൗനഭിത്തിയാണ്
പെട്ടെന്നൊരു നിമിഷത്തെ ഓർമ്മക്കണ്ണീരിൽ നനഞ്ഞ്
ഒരുനൂറുവാക്കുകളിൻ ഒരായിരം കുമിളകളായി
നിനക്കുമുന്നിൽ ചിന്നിച്ചിതറുക.

ഇനിയുമരുത്, ഇനിയും ചെയ്യരുത്/പറയരുതെന്നാർക്കോ വേണ്ടി
ചേർത്തുറപ്പിച്ചിട്ടുള്ള
ചെയ്തികൾ/വാക്കുകൾ പിന്നെയും പിന്നെയും
അനുസരണയില്ലാതെ ആവർത്തിയ്ക്കപ്പെടുമ്പോഴാണ്
ഞാനെന്നിലെയെന്നെ ഉരച്ചുരച്ച് ചുവപ്പിച്ച, ചവിട്ടിയരച്ച,
ഒരു ചെമ്പരത്തിപ്പൂ എന്ന വ്യാജേന, എന്റെ ചങ്കു തുറന്നുകാണിക്കുക


II

മറന്നുപോയ ഈണം
പറഞ്ഞുതേഞ്ഞ വാക്ക്
മാറാല പിടിച്ച ലോകം
വിരസമായിത്തീരുന്ന ആവർത്തനപ്പട്ടിക.

ദൈവമൊന്നു കണ്ണടച്ചുപോയനേരത്ത്
ഇരുന്നുപഴകുവാൻ കൂട്ടാക്കാത്ത പ്രാണൻ
വഴിവിട്ട സഞ്ചാരം തുടങ്ങി.


III

ഒരു രാഗഞെരമ്പിലോടുന്ന സ്വരം പോലെ
ഒരു കാറ്റത്ത് താഴേയ്ക്കു പറന്നുവീഴുന്ന,
ഒരു തൂവലിലാലേഖനം ചെയ്ത പക്ഷിലോകം പോലെ,
അയത്നലളിതമായി, അത്രമേൽസുപരിചിതമായി
ഓരോ മിടിപ്പിലും ഇറ്റുന്ന ചോരത്തുള്ളികളുമായി
അങ്ങനെ തോന്നിയ ചില നേരങ്ങൾ ....

ഒരിക്കലും തീരുന്നതല്ലെന്നു തോന്നിച്ച നേരങ്ങൾ
ഒരിക്കലും മറക്കുവാനാവാത്തതെന്നും തോന്നിപ്പിച്ച ആ നേരം.
ഒടുവിൽ ഒന്നു തിരിഞ്ഞുനോക്കി പോരുമ്പോൾ
പകുതിയാക്കിവെച്ച സ്വപ്നം മടക്കിയതേപടി
കൂട്ടിലടക്കി തിരികെക്കൊണ്ടുവന്ന അതേ നേരം....










2 comments:

ആശ said...

നന്നായിരിക്കുന്നു ആശംസകൾ

ajith said...

വായിച്ചു, ആശംസകള്‍