Wednesday, November 18, 2015

‘’Brinda - The idea’’!

ടി.ബൃന്ദ എന്ന സംഗീതഞ്ജ കേരളത്തിൽ എത്രത്തോളം അറിയപ്പെട്ടിരുന്നു എന്നറിയില്ല. ചെന്നൈയിൽ പി.ജി. ക്ക് ചേര്ന്ന ശേഷം ടി.ബൃന്ദയുടെ ശിഷ്യ കൂടി ആയിരുന്ന പ്രൊ.റീത രാജൻ ആയിരുന്നു അന്ന് മ്യൂസിക് ഡിപാർട്മെന്റിന്റെ ഹെഡ്. റീതാ mam-ന്റെ ക്ലാസ് അന്നും ഇന്നും ഏറ്റവും ഓർത്ത് വെയ്ക്കുന്ന ക്ലാസ് ആണ്. എന്റെ തൊണ്ടയ്ക്ക് ഒരിക്കലും വഴങ്ങാനായിട്ടില്ലാത്ത ഒരു ശൈലി! അത്രമാത്രമായിരുന്നു അന്ന് റീതmaam-ന്റെ ക്ലാസ് എനിക്ക്. mamനെ കുറിച്ച് കൂടുതൽ പിന്നീടാണു അറിയുന്നതും, അവരുടെ സംഗീതപശ്ചാത്തലത്തെ കുറിച്ച് മനസ്സിലാക്കുന്നതും. അന്ന് കേട്ട പേരുകളാണ് വീണ ധനമ്മാൾ, ടി.ബൃന്ദ, ടി.മുക്ത. റീതmam ഞങ്ങൾക്ക് പദങ്ങളുടേയും ജാവളികളുടേയും തേവാരങ്ങളുടേയും ഒക്കെ ഒരു വൊക്കാബുലറി ആയിരുന്നു. അതിന്റെ 'ഉറവിടം' എവിടെ നിന്നാണെന്നറിയുമായിരുന്നില്ലെങ്കിലും. നമുക്ക് മനസ്സിലാവാത്ത(എന്നു വിചാരിക്കുന്ന), ‘അടുത്തു ചെല്ലാൻ പോലും ആവാത്ത’ ഏതൊന്നും നമുക്ക് ''ഡിവൈൻ'' ആണ്, ഉയരങ്ങളിൽ പ്രതിഷ്ഠിക്കുന്ന ഒന്നാണ്, അങ്ങിനെയാണു അപ്രാപ്യമായി തോന്നുന്ന ഏതൊരു സങ്കല്പത്തിനു പിന്നിലെ മൈൻഡ് സെറ്റ്. എനിക്കെന്നും റീത mam അതായിരുന്നു. അവരുടെ ക്ലാസ്സിൽ പാടാൻ ഞാനിഷ്ടപ്പെട്ടിരുന്നില്ല. കേള്ക്കാനായിരുന്നു ഇഷ്ടം. മനോധര്മ്മ ക്ലാസുകളിൽ അവർ ഒരു സംഗതിയോ, ഒരു പ്രയോഗമോ ഒന്നും പുതിയത് പാടിയിരുന്നില്ല. പക്ഷേ വളരെ ശാന്തമായി, ഗ്രേയ്സ്ഫുൾ ആയി ഒഴുകുന്ന പുഴയുടെ തെളിഞ്ഞ വെള്ളത്തിന്റെ അടിയിൽ നിന്നും കണ്ടെടുക്കുന്ന വെള്ളാരങ്കല്ലുകൾ, മുത്തുമണികൾ പോലെയായിരുന്നു അവരുടെ ഓരോ പ്രയോഗങ്ങളും അതാത് സമയങ്ങളിൽ കൃത്യമായി വന്നു വീണീരുന്നത്.അതാത് സമയങ്ങളിൽ, കൃത്യമായി മേഘങ്ങളിൽ നിന്നും പുറത്ത് വരുന്ന വെയിൽവെളിച്ചത്തിൽ അവ തെളിഞ്ഞ വെള്ളത്തിനടിയിൽ കിടന്ന് തിളങ്ങും, ആ നിമിഷത്തിനു അത് മാണിക്യമോ, വൈരമോ എന്തും ആവാം.
ഒരു ധൃതിയുമില്ലാത്ത സംഗീതം. ആഹാ.. എന്ന് ഒരു തവണയെങ്കിലും പറയാത്ത ഒരു ക്ലാസ് എനിക്കൊർമ്മയില്ല. ഒട്ടും ആകര്ഷകമായ ഒരു ശബ്ദമായിരുന്നില്ല അവരുടേത്, സംഗതികൾ എങ്ങിനെയാണു പാടുന്നത് എന്ന് നൊട്ടെയ്റ്റ് ചെയ്യാൻ പോയിട്ട്, കേട്ട് ആവര്ത്തിക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. സംഗതി പുതിയതായിരുന്നില്ല, പക്ഷേ ആ ആവിഷ്ക്കരണം പുതിയതായിരുന്നു. ഒരിക്കലും സംഗതികളുടെ വൈവിദ്ധ്യം കൊണ്ടോ, അതിന്റെ സ്പീഡ് കൊണ്ടോ മാജിക് കാണിക്കുന്ന ശൈലിയേ ആയിരുന്നില്ല. മാജിക് അതിലായിരുന്നില്ല എന്നുമാത്രം. ശുദ്ധസാവേരിയിലെ ''ദാരിനി തെലുസു..", തൊടിയിലെ ''ഗജവദന" (എട്ടയപ്പ മഹാരാജ) പ്രത്യേകിച്ച് അതിലെ ചിട്ടസ്വരം, പിന്നെ ഹിന്ദോളം, (മാമവത് ശ്രീ) ഇതൊക്കെ ഇത്രയും സാവധാനത്തിൽ അതുവരെ ഞാൻ കേട്ടിരുന്നില്ല. ഏറ്റവും മനസ്സില് തങ്ങി നില്ക്കുന്ന ക്ലാസ് ഒന്ന്, യദുകുലകാംബോജി ക്ലാസും (ഒരു തേവാരം), പിന്നെ മറ്റൊന്ന് രീതിഗൗളയുടെ മറ്റൊരു ക്ലാസും. ഒരു വരി പാടിയാൽ അതിൽ സംഗതികളുടെ എണ്ണത്തേക്കാൾ കൂടുതൽ പാടുന്ന സംഗതികൾക്ക്, അതിലെ ഗമകത്തിനു കൊടുക്കുന്ന ഊന്നലുകൾ, ശബ്ദവിന്യാസം കൊണ്ടും, കാലപ്രമാണം കൊണ്ടും കൈവരുന്ന ആഴം ആയിരുന്നു. രാഗലക്ഷണം കൂടി അറിഞ്ഞിരുന്നാൽ വഴി പിന്തുടരാൻ കുറച്ചു കൂടി എളുപ്പമാക്കും. ഏകദേശം കഥകളി സംഗീതത്തിൽ മാടമ്പി ആശാൻ എങ്ങിനെ ഓരോ രാഗങ്ങൾക്കും അതിന്റെ പ്രയോഗ ലക്ഷണത്തിനും അപ്പുറമായി ചില പ്രയോഗങ്ങളെ പാടിവെയ്ക്കുന്നുവോ ഏതാണ്ടതിനു സമാനമായിരുന്നു പലപ്പോഴും യദുകുലകാംബോജിയും, രീതിഗൗളയും ഒക്കെ. പ്രാചീനം എന്നോ, സമീപകാലങ്ങളിൽ അധികം കേട്ട് ശീലം ഇല്ലാത്തതെന്നോ, എന്നൊക്കെ പറയാവുന്ന എന്നാൽ രാഗലക്ഷണങ്ങളിൽ നിന്നും വ്യതിചലിക്കാത്ത പ്രയോഗങ്ങൾ ആയിരുന്നു അവരുടെ ശൈലിയിലെ ഏറ്റവും വലിയ സവിശേഷത. പാടുന്ന കാലം വ്യത്യാസപ്പെട്ടിരിക്കും, അതുകൊണ്ടു കൂടി തോന്നുന്നതാവാം. കാലപ്രമാണം കൃത്യമായി നിലനിർത്തി പാടുന്നതിൽ അതിവിദഗ്ദ്ധയായിരുന്നു അവർ. താനം പാടുന്നതിൽ അതിനിപുണയും. ഇരിക്കുന്ന ക്ലാസ് മുറിയിൽ അവർ താനം പാടുമ്പോൾ താനം മുറിയാകെ മുഴങ്ങും. വീണയിലെ ശബ്ദം പോലെ. അതുപോലെ രാഗങ്ങളുടെ കംപാരിറ്റീവ് സ്റ്റഡി ക്ലാസുകൾ ആയിരുന്നു ഏറ്റവും അമൂല്യമായത് . ബേഗഡ, മുഖാരി, സഹാന അങ്ങിനെയുള്ള രാഗങ്ങൾ പാടികേൾക്കാനായിട്ടുണ്ട്. നിമിഷം കൊണ്ട് അടുത്തടുത്ത രാഗങ്ങളെ ചെറിയ പ്രയോഗവ്യത്യാസം കാണിച്ചു തന്നുകൊണ്ട് മിന്നൽ പോലെ രാഗത്തിന്റെ ഫ്ലേവറുകൾ മാറി മാറി വരുന്നത് വിസ്മയിപ്പിച്ചിട്ടുണ്ട്. അത്രയധികം രാഗങ്ങളുടെ കോറിൽ നിന്നുകൊണ്ട്, രാഗങ്ങൾക്കകത്തു നിന്നുകൊണ്ട് പാടാൻ, വിശദീകരിക്കുവാൻ റീത mam നാവുമായിരുന്നു. ഇന്ന് ബൃന്ദ- മുക്ത കച്ചേരി ക്ലിപ്പുകൾ കേൾക്കുമ്പോൾ റീതmam ന്റെ ശബ്ദത്തിന്റെ, ശൈലിയുടെ, സങ്കീർണ്ണം എന്ന് പുറമേ തോന്നിപ്പിക്കുന്ന അകത്തുള്ള തെളിമയുടെ, ലാളിത്യത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നു മനസ്സിലാക്കാനാവുന്നുണ്ട്. ഭൈരവി അടതാള വർണ്ണം ഞങ്ങളെ കൊണ്ട് നാലു കള ചൌക്കത്തിൽ പാടിപ്പിച്ചിരുന്നത്, തിസ്രം പാടിപ്പിച്ച് ക്ഷീണിച്ച് 0 എനര്ജിയിലെത്തി, കോളേജിൽ നിന്നും തിരിച്ച് ബസിലെ തിരക്കിൽ, ഭൈരവി മൂളിമൂളി അവസാനം ഇഴഞ്ഞിഴഞ്ഞ് ബസ് താമസ സ്ഥലത്തെത്തുമ്പോൾ വെസ്റ്റ്‌ മാംബലത്തെ വഴിവക്കിലുള്ള ഒരു കുട്ടി ഷോപ്പിൽ നിന്നും ചൂടോടെ ഉഴുന്ന വടയും, പരിപ്പ് വടയും ഒരുമിച്ചു വാങ്ങി, വെസ്റ്റ്‌ മാംബലത്തിലെ പാട്ടി/ താത്തമാരുടെ തൊട്ട് തലയിൽ വെക്കലുകളെ ആസ്വദിച്ച്, ആ പ്രദേശം മുഴുവൻ അവർക്ക് സ്വന്തമാണെന്ന അഹങ്കാരത്തോടെ, സ്വൈര വിഹാരം നടത്തിയിരുന്ന, നെറ്റിയിൽ പൊട്ടൊക്കെ തൊട്ടുള്ള, വലിയ കൊമ്പുകളുള്ള ഗോ മാതാക്കളെ പേടിച്ച് , അവയുടെ കണ്മുന്നിൽ പെടാതെ ഒഴിഞ്ഞു മാറി നടന്ന്, ഒടുവിൽ താമസിക്കുന്ന സ്ഥലത്തെത്തി വിശപ്പടക്കിയിരുന്നത്... ഹാവൂ! ഇന്നത്തെ ഗുസ്തി കഴിഞ്ഞൂലോ, ഇനി നാളെയല്ലേ വേണ്ടൂ എന്ന് ഭൈരവിയിൽ നിന്നും താല്ക്കാലിക മോചനം നേടിയിരുന്നത്... പരീക്ഷ വരെ അത് ഒരു പേടിസ്വപ്നം ആയിരുന്നു. പരീക്ഷക്കു ഒരുവിധത്തിൽ തെറ്റാതെ പാടിപ്പോന്നത് എങ്ങിനെയെന്ന് എനിക്ക് പോലും ഇപ്പൊ ഓർമ്മയില്ല. റീതmam ആയിരുന്നു ടി.ബൃന്ദയിലേയ്കെത്തിചേരാൻ എനിക്ക് കിട്ടിയ ആദ്യ ചുവട്. ഇന്ന് എസ്.സൗമ്യ പാടുമ്പോൾ ഒക്കെ ഞാനോർക്കാരുള്ളത് റീതmam നെ ആണ്. അവരുടെ ശബ്ദത്തെ ആണ്. ചിത്രവീണ രവി കിരന്റെ ഒരു യദുകുലകാംബോജി യൂ റ്റ്യൂബ് ലിങ്കിലുണ്ട്. അതിലെ കയ്യടക്കം, രാഗത്തിന്റെ എസ്സെന്സ് കേൾക്കുമ്പോൾ തോന്നിപ്പോകും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഈ ഗുണം ബൃന്ദാ ശൈലിയുടെ സ്വാധീനമാണോ എന്ന്. 

ഇന്നിപ്പോൾ ഈ ക്ലിപ് (ചുവടെ കൊടുത്തിട്ടുണ്ട് ) കണ്ടപ്പോൾ ഓർത്തതും റീതാmamനെ ആയിരുന്നു. The Brinda repertory എന്നതാണ് ഈ ക്ലിപ്പിന്റെ ടൈറ്റിൽ. The Brinda repertory എന്നതിലൂടെ ഉദ്ദേശിക്കുന്നത് ആ സംഗീതം, പാരമ്പര്യം കൂടുതൽ ആസ്വാദകരിലേയ്ക്കും, സംഗീതഞ്ജരിലേയ്ക്കും, വിദ്യാർത്ഥികളിലേയ്ക്കും എത്തിക്കുക എന്നത് തന്നെയാണു. അതിനായി ഈ അക്കാഡമി ബൃന്ദ ശൈലിയുടെ ''സിംബൽ'' ആയ ''ക്ലാസിക്കൽ'' എന്നാ മൂല്യം വിടാതെ കുട്ടികളെ പഠിപ്പിക്കുക, ലക്ചറുകൾ, വർക്ക് ഷോപ്പുകൾ, കച്ചേരികൾ ഒക്കെ സംഘടിപ്പിക്കാനും ഉദ്ദേശ്ശിക്കുന്നു. രാജമാർഗ്ഗം കോണ്‍സേർട് സീരീസ് എന്ന് ഗൗരവമുള്ള കലാകാരീകലാകാർനമാർക്കു കച്ചേരി അവതരിപ്പിക്കാനുള്ള ഒരു പ്ലാറ്റ്ഫോം ഒരുക്കുകയും ചെയ്യുന്നു. എല്ലാവർഷവും ഒരു ആർട്ടിസ്റ്റിനെ തിരഞ്ഞെടുത്ത് ആദരിക്കുകയും ചെയ്യാൻ ഉദ്ദേശ്ശിക്കുന്നു. ഈ സംരംഭത്തിന്റെ ഉത്ഘാടന വേളയുടെ വീഡിയോ ആണ് ചുവടെയുള്ള യൂ റ്റ്യൂബ് ലിങ്ക്.
വിദ്വാൻ നെയ്വേലി സന്താനഗോപാലൻ സർ അടക്കം പലരും ഈ ക്ലിപ്പിൽ സംസാരിക്കുന്നുണ്ട്. എല്ലാവരുടേയും പേരെടുത്തു പറയുന്നില്ല. ടി.എം.കെയും ഇതിൽ സംസാരിക്കുന്നുണ്ട്. ബൃന്ദയുടെ സംഗീതത്തെ എക്കാലത്തും പ്രതിനിധീകരിക്കുന്ന ചില പദങ്ങൾ ഉണ്ട്, ഈ പദങ്ങളെ കൂടാതെ ബൃന്ദ സംഗീതത്തെ വാക്കുകൾ കൊണ്ട് വിവരിക്കുക അപൂർണമാവും എന്ന് തോന്നിപ്പിക്കുന്നവയാണവയൊക്കെയും. സമ്പ്രദായം, ചൗക്കം, ശുദ്ധം, ക്രിയേറ്റിവിറ്റി തുടങ്ങി.... കൂടാതെ മേൽ സൂചിപ്പിച്ച പോലെ, ഒരു കൂട്ടം ജ്ഞാനസ്ഥരിലേയ്കു മാത്രം ഒതുങ്ങി നില്ക്കുന്ന എന്ന് കരുതപ്പെടുന്ന , ഒരു ചെയ്മ്ബറിലേയ്ക്ക് ഒതുക്കി വെച്ച് അതിന്റെ ''മഹത്വം'' കാത്തുസൂക്ഷിച്ച് ഉയരങ്ങളിൽ പ്രതിഷ്ഠിക്കുന്നതാണ് ബൃന്ദയുടെ സംഗീതം. അങ്ങിനെയാണു ചെയ്തുപോരുന്നതും. ടി.എം.കെയുടെ പ്രഭാഷണം ഈ ചിന്തകളെയൊക്കെ മറ്റൊരു കോണിൽ കൂടി തൊട്ടു പോകുന്നുണ്ട്, വളരെ ''വിനയ ''ഭാവത്തോടു കൂടി തന്നെ, എന്നാൽ വളരെ ഉറച്ച, വ്യക്തതയുള്ള, തെളിവാർന്ന ധൈര്യത്തോടെയുള്ള ഒരു പത്തു മിനിറ്റ് പ്രഭാഷണം. അദ്ദേഹം പറയുന്നതിനെ എല്ലാവരും സ്വീകരിക്കുകയും ചെയ്തു എന്നതിന് തെളിവായി കയ്യടിക്കുന്ന ശബ്ദം കേൾക്കാം. അതിൽ തീർച്ചയായും വ്യക്തിപരമായി എനിക്ക് സന്തോഷം തോന്നി. (ടി.എം.കെ യെ എടുത്ത് പരാമർശിക്കുവാൻ കാരണം, അതായിരുന്നു തോട് പ്രവോക്കിങ്ങ് എന്ന് തോന്നിയ പ്രഭാഷണം.) ടി.ബൃന്ദ എന്ന ‘’ഐഡിയ’’ നിലനിർത്താനാണ് ടി.എം.കെ പറയുന്നത്. അവരുടെ സംഗീതം ഒരു ചെയ്മബർ സദസ്സിലൊതുങ്ങാതെ എല്ലാവര്ക്കും കേള്ക്കാൻ ആവും വിധം പുറത്തേയ്ക്ക് വ്യാപരിക്കണമെന്ന ടി.എം.കെയുടെ അഭിപ്രായങ്ങളോട് കൈകോർത്തു കൊണ്ട്, റീതാ mamനെ പോലെ പുറത്തറിയപ്പെടാതെ മറഞ്ഞിരിക്കുന്ന അങ്ങിങ്ങായി ജീവിച്ചിരിക്കുന്നവരായ പ്രത്യേകിച്ച്, കർണ്ണാടക സംഗീതത്തിന്റെ വളർച്ചയുടെ കാലഘട്ടത്തിൽ ഒരു mile stone ആയി പറയാവുന്ന വീണ ധനമ്മാൾ ശൈലിയെ അതുപോലെ കൊണ്ടുനടക്കുന്ന പല സംഗീതഞ്ജരേയും ഓര്ത്ത് കൊണ്ട്... ടി.എം.കെ സൂചിപ്പിക്കുന്ന പോലെ സംഗീതത്തിലെ ''കലയെ'' കണ്ടെടുക്കാൻ ഏറ്റവും ഉത്തമമായ ഒരു മാർഗ്ഗം അല്ലെങ്കിൽ ഒരു Idea ആകുന്ന ബൃന്ദയുടെ സംഗീതം പുറത്തെയ്ക്ക് ഇനിയും വ്യാപരിക്കാൻ, എല്ലാവരിലേയ്ക്കും ഒരുപോലെ എത്തിച്ചേരാൻ ഈ സംരംഭത്തിനു കഴിയട്ടെയെന്നും ആശംസിക്കുന്നു... (ഈ നോടിലെ ടൈറ്റിലിനോട് കടപ്പാട് ടി.എം.കൃഷ്ണക്കു തന്നെ. ) ഒരു മുഖാരി https://www.youtube.com/watch?v=k-k... The Brinda Repetory https://www.youtube.com/watch?v=PZe...

1 comment:

ബൈജു മണിയങ്കാല said...

സംഗീതത്തെ കുറിച്ച് ഒന്നുമറിയില്ലെങ്കിലും മുഴുവനും വായിച്ചു
ഒരു പോസിടിവ് എനർജി ഒഴുക്കോടെ ഫീൽ ചെയ്തു