Friday, November 27, 2015

എം.എസ് തിരിച്ചറിയപ്പെടുന്നത് .- ടി.എം.കൃഷ്ണയുടെ ലേഖനം.

ഒരു പ്രബന്ധ രചന അല്ല, ( അതായത് താത്വിക അവലോകനം അല്ല എന്നാ പരിഹാസ പ്രയോഗത്തെ മനപൂർവ്വം ഒഴിവാക്കുന്നു, താത്വിക അവലോകനങ്ങളോട് യാതൊരു പുച്ഛവും ഇല്ലാത്തതുകൊണ്ട് :-) ) ന്നാലും തോന്നണ ത്തിരി കാര്യങ്ങൾ എഴുതിയിടാം ന്നൊരു തോന്നലിന്മേൽ എഴുതുന്നൂന്ന് മാത്രം. ടി.എം.കൃഷ്ണയുടെ എം.എസ് സുബ്ബുലക്ഷ്മിയുടെ ജീവിതം, സംഗീതം എന്നിവയെ ആധാരമാക്കിയുള്ള ലേഖനമാണ്. വീണ്ടും, ടി.എം.കെ എന്ന വ്യക്തി എന്നെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തി മാത്രമാണ് , അദ്ദേഹം നടത്തിയ നിരീക്ഷണങ്ങളിൽ മാത്രമാണ് എന്നോടെ ഫോക്കസ്. തപ്പാ നെനച്ക്കാതീങ്ക... :-) പ്രതീക്ഷിക്കാവുന്ന പോലെ തന്നെ, ഇന്നോളം എം.എസിനെ കുറിച്ച് പതുക്കെയും, സ്വകാര്യമായും, എഴുതപ്പെട്ടതും ഒക്കെയായ അവരുടെ കലാജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാര്യങ്ങളെ തന്നെയാണീ ലേഖനത്തിലും വിശദീകരിക്കുന്നത്. എന്താണു നിങ്ങൾ എം.എസ് എന്ന സ്ത്രീയെ കുറിച്ച് പുതുതായി എഴുതിയിരിക്കുന്നത് എന്നൊരു ഫെമിനിസ്റ്റിനു ചോദിക്കാം. അങ്ങേയറ്റം കാസ്റ്റീയസ്റ്റ് ആണെന്ന് വേണമെങ്കിൽ പതിവ് പോലെ, സാമൂഹികമായി ജാതിയെ അഡ്രസ് ചെയ്തു സംസാരിക്കുമ്പോൾ ഒക്കെ 'മുദ്ര' കുത്താറുള്ള പോലെ ഇവിടെയും ചോദിക്കാം, പാരമ്പര്യവാദികൾക്കു കുറച്ചെങ്കിലും ചൊടിച്ചെന്നിരിക്കാം ഇതുവരെ പരഞ്ഞുവെച്ചിട്ടുള്ള കാര്യങ്ങളിൽ നിന്നും വേറിട്ട നിങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും വാദിക്കാം. എന്നാൽ ഇതിൽ നിന്നുമൊക്കെ ഒരു വ്യത്യാസം ഈ ലേഖനത്തിൽ തീർച്ചയായും ഉണ്ട്. ലേഖകൻ തന്നെ ഒരു സംഗീതഞ്ജൻ ആയതുകൊണ്ടും, അതേ സംഗീതലോകത്തിന്റെ അകത്ത് ജനിച്ചു വളർന്നു, അതേ സംഗീതലോകത്ത് തൊഴില്പരമായി പ്രവർത്തിക്കുന്നതു കൊണ്ടും, ഇതിലെ നിരീക്ഷണങ്ങൾക്ക് വളരെയധികം പ്രസക്തി ഉണ്ട് എന്ന് തന്നെ കരുതുന്നു. കർണ്ണാടക സംഗീതലോകത്തെ വിമർശനാത്മകമായി നിരീക്ഷിക്കുക തന്നെയാണ് ലേഖനത്തിന്റെ വഴി. സാധാരണ ആരുമത്ര പറയാത്തതുകൊണ്ട് അതത്ര കേൾക്കാൻ സുഖമുള്ള വഴിയായിരിക്കാൻ സാദ്ധ്യത ഇല്ല. :-) എം.എസിന്റെ സംഗീതത്തെ, ഇതുവരെയുള്ള കർണ്ണാടക സംഗീത ചരിത്രത്തിൽ എവിടെയാണ് നിങ്ങൾ അടയാളപ്പെടുത്തുന്നതെന്ന ഒരു ചോദ്യം ഈ ലേഖനം കർണ്ണാടക സംഗീതലോകത്തോട് ഉയർത്തുന്നുണ്ട് , അതിനെ സാധൂകരിക്കുന്ന വിധത്തിലുള്ള നിരീക്ഷണങ്ങളെ മുഴുവൻ നിരത്തിവെച്ചു കൊണ്ട് തന്നെ. വളരെ പ്രസക്തമായ ഒരു ചോദ്യം തന്നെയാണതെന്ന് സമ്മതിക്കേണ്ടി വരും. ഇത് തന്നെയായിരിക്കണം മേൽ പറഞ്ഞവയ്ക്കെല്ലാമുള്ള ഉത്തരം എന്നും കരുതുന്നു. ആ ചോദ്യത്തിൽ തന്നെയുണ്ട് ഫെമിനിസം! അതുപോലെ ആ ചോദ്യം ഉയർത്തുന്ന വലിയൊരു രാഷ്ട്രീയം ഉണ്ട് - ദേവദാസീ സമ്പ്രദായത്തെ കുറിച്ചു പറയുമ്പോൾ, ലേഖകൻ നിരീക്ഷിക്കുന്ന അതിലെ നോണ്‍ - പാട്രിയാർക്കൽ ആയ, യാഥാസ്ഥിതികമല്ലാത്ത ജനാധിപത്യ പ്രവണതകളെ എടുത്തു പറയുന്നുണ്ട്, "അതുപോലെ ദേവദാസീഗൃഹങ്ങൾ പരിപോഷിപ്പിച്ച സംഗീതസൗന്ദര്യരസങ്ങളുടെ വിഭിന്നങ്ങളായ ആശയങ്ങളെ നാമിപ്പോൾ വിസ്മരിച്ച പോലെയാണ്, പക്ഷേ ആദ്യകാല എം.എസ് ഈ യാഥാർത്ഥ്ത്തെ ഓർമ്മപ്പെടുത്തുന്നു" എന്നും നിരീക്ഷിക്കുമ്പോൾ അതുയര്ത്തുന്ന രാഷ്ട്രീയം വലുതാണ്‌. ദേവദാസീ കുലജാതരായ കലാകാരീകലാകാർന്മാരുടെ കൂസലില്ലായ്മയും, (എം.എസിന്റെ ആദ്യകാല സംഗീതത്തെ പുരോഗമനവാദിയായ, സ്ത്രീവിമോചനവാദിയായ ഒരു യുവസംഗീതഞ്ജ എന്നാ തോന്നലുണ്ടാക്കും എന്ന് ലേഖകന നിരീക്ഷിക്കുന്നിടത്ത് ) ചൂഷ്ണങ്ങളിൽ നിന്നും സ്വയം സംരക്ഷിക്കാനെന്ന വണ്ണം അവർക്കുണ്ടാക്കിയെടുക്കുന്ന മനോധൈര്യവും, ആത്മവിശ്വാസവും ലേഖകന എടുത്തു പരയുന്നുണ്ട്. അത്തരമൊരു അന്തരീക്ഷത്തിൽ നിന്നും ചെന്നൈയിലേയ്ക്ക് എത്തിച്ചേർന്ന എം.എസ്, (ഇവിടെ എം.എസിന്റെ ആ തീരുമാനം എടുത്തതിനു പിന്നിലുള്ള മനോധൈര്യത്തെ പറ്റി പ്രത്യേകം പരയുന്നുണ്ട്.) ടി.സദാശിവവുമായുള്ള വിവാഹശേഷം രണ്ടു പേരുടെ ജീവിതഗതിയും മാറ്റിമറിച്ച ചെന്നൈ മൈലാപൂരിലെ പാറ്റ്രിയാർക്കൽ സമൂഹം, അത് പിന്നീടങ്ങോട്ട് എം.എസിന്റെ ജീവിതത്തെ, സംഗീതത്തെ മാറ്റിമറിച്ചിട്ടുള്ളത്, ആദ്യകാല എം.എസിന്റെ, "ദേവദാസീഗൃഹങ്ങൾ പരിപോഷിപ്പിച്ച സംഗീതസൗന്ദര്യരസങ്ങളുടെ വിഭിന്നങ്ങളായ ആശയങ്ങൾ" ഓർമ്മപ്പെടുത്തിയിരുന്ന സംഗീതത്തിൽ നിന്നും, പിന്നീട് അവർ വസ്ത്രം മുതൽ അവരുടെ വ്യക്തിപരമായ പ്രസന്റേഷൻ അടക്കം സംഗീതം വരെ, ശുദ്ധിയുടേയും, ഭക്തിയുടേയും നിർവ്വചനം എന്നപോലെ ഒരു മാതൃകാ ബ്രാഹ്മണ കുടുംബിനി യായി മാറിയത്, ഒരേ സമയം സിനിമാഭിനയവും, എല്ലാം തികഞ്ഞ ശുദ്ധിയോടു കൂടിയ, കുലീനയായ ബ്രാഹ്മണവനിത എന്ന രണ്ടു ഐഡന്റിറ്റിയും നിലനിർത്താനാവുന്ന ഒന്നാല്ലാത്ത്തത് കൊണ്ട് അഭിനയം ആദ്യം നിർത്തിച്ചത്, തീർത്തും സ്വതന്ത്രമായി സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു സംഗീതധാര ഒരു കല്ലറയ്ക്കുള്ളിൽ ഒതുങ്ങിപ്പോകേണ്ടി വന്നത് - ഇതുയർത്തിക്കാട്ടുന്ന വരേണ്യ സമൂഹത്തിൽ അന്തർലീനമായ പാറ്റ്രിയാർക്കി ഒരുവശത്ത്, ജാതിശ്രേണിയിൽ ഉന്നതരായി പരിഗണിക്കപ്പെടുന്ന ബ്രാഹ്മണിക് സിമ്പലായി ശുദ്ധിയും, ഭക്തിയും മറുവശത്ത്; അതിനിടയിൽ ദേവദാസീകുലജാതയായ ഒരു ''സ്ത്രീ'' എന്ന identityയ്ക്ക് സമൂഹത്തിൽ ''വ്യക്തി'' എന്ന നിലയിൽ നിന്നും ദൈവീകമായി മാറിക്കിട്ടേണ്ട ആവശ്യകത ടി.സദാശിവത്തിനു നല്ല ബോദ്ധ്യമുണ്ടായിരുന്നു. എം.എസിന്റെ തലയില ചൂടുന്ന മുല്ലപ്പൂവിനു പോലും ഇത്രയധികം പ്രാധാന്യം ടി.സദാശിവം കൊടുത്തിരുന്നത് മറ്റൊന്നും കൊണ്ടായിരുന്നില്ല. പിന്നീടങ്ങോട്ട് സകല ബ്രാഹ്മണ കുടുംബിനികളും എം.എസിന്റെ പെരുമാറ്റരീതികളെ, അവരുടെ മിതമായ സംഭാഷണങ്ങളെ, വസ്ത്രധാരണ രീതികളെ, ശരീര ചേഷ്ടകളെ പോലും അന്ധമായി പിൻപറ്റി തുടങ്ങിയത് സത്യത്തിൽ ഒരു വരേണ്യസമൂഹത്തെ ഉന്നതങ്ങളിൽ നിലനിർത്തിപ്പോരുന്ന അതിന്റെ ജാതിരാഷ്ട്രീയത്തിന്റെ കൂടി വിജയമായിരുന്നു. ഇതിനുമൊക്കെ അപ്പുറത്ത് നിങ്ങൾ എം.എസിന്റെ സംഗീതത്തെ എവിടെയാണ് സ്ഥാനപ്പെടുത്തുന്നത് എന്നതാണ് ആ വലിയ ചോദ്യം. തീർച്ചയായും എം.എസിന്റെ കാലിബർ, എം.എസിലെ കലാപരമായ കഴിവുകൾ, വ്യക്തിപരമായ ചില മനോധൈര്യങ്ങൾ, നിശ്ചയദാർഢ്യം തുടങ്ങിയ വ്യക്തിഗുനങ്ങളും കൊണ്ടു തന്നെയാണ്, അല്ലെങ്കിൽ അത്തരം ഗുനങ്ങളെ കൂടിയാണ് ടി.സദാശിവവും ഉപയോഗപ്പെടുത്തിയത്. അതില്ലായിരുന്നെങ്കിൽ ഇതൊന്നുമില്ല തന്നെ. എന്നാൽ ആ കഴിവുകളെ നിസ്സാരവല്ക്കരിക്കാതെ അവയെ ഓരോന്നും സന്ദർഭങ്ങൾ വെച്ച് നിരീക്ഷിച്ചു കൊണ്ടും, അതിസൂക്ഷ്മമായ വിലയിരുത്തലുകൾ കൊണ്ടും, എം.എസിന്റെ സംഗീതം ഒരു ജനാലയായി ഉപയോഗപ്പെടുത്തി അവരുടെ സ്ഥാനം കർണ്നാടകസംഗീതലോകത്ത് നിർണ്ണായകമാണെന്നു പരഞ്ഞുവെക്കുക തന്നെയാണീ ലേഖനം ചെയ്യുന്നത്. അവരുടെ സംഗീതമാകുന്ന ജനാലയിലൂടെ കിട്ടുന്ന വെളിച്ചത്തിലൂടെ ആണു ലേഖകന്റെ യാത്ര മുഴുവൻ. "അവർ എന്തായിരുന്നു? എന്താണവർ കണ്ടെത്തിയത്? ഞാനവരുടെ സംഗീതം കീറിമുറിച്ച് പരിശോധിച്ചിട്ടുണ്ട്. പുറമെയുള്ള എല്ലാ നിർമ്മിതികളും എത്ര പരിമിതമായാലും ശരി, ഒരിക്കൽ സംഗീതത്താൽ ഉൾക്കൊള്ളപ്പെട്ടു കഴിഞ്ഞാൽ ഒരു കലാകാരി / കലാകാരൻ അകത്തുനിന്നും ഒരു സ്വാതന്ത്ര്യം, സുതാര്യത ഒക്കെ കണ്ടെത്തുന്നു. അപ്പോൾ "ദൈവീകമായ എം.എസ്" എന്ന അനുഭവത്തിനപ്പുറം അവരിൽ ചിലതില്ലേ?" എന്ന് ലേഖകൻ ചോദിക്കുന്നു. "കർണ്ണാടക സംഗീത ലോകം എം.എസിന്റെ സംഗീതത്തെ ലളിതവൽക്കരിക്കുകയും, ഒന്നുകിൽ ദിവ്യത്വമുള്ളത്, അല്ലെങ്കിൽ സാധാരണമായത് എന്ന് രണ്ടിൽ ഏതെങ്കിലും ഒരു വിഭാഗത്തിലകപ്പെടുത്തുകയും ചെയ്തു. പക്ഷേ അവരുടെ സംഗീതം രണ്ടുമായിരുന്നു, കൂടാതെ അതിനു രണ്ടിനുമിടയിൽ നിലകൊള്ളുന്ന സകലതും ആയിരുന്നു." എന്ന് പറഞ്ഞുവെയ്ക്കുകയും ചെയ്യുന്നു. ഈ ലേഖനം വെറും ആവർത്തനമാണെന്ന് തോന്നിയവർക്ക് (അങ്ങിനെ തോന്നിയവരുണ്ടെന്ന് വിശ്വസിക്കുന്നു) അങ്ങിനെ തോന്നുന്നതിൽ കുറ്റം പറയാനില്ല. ജാതിവ്യവസ്ഥയുടെ, പുരുഷാധിപത്യത്തിന്റെ ഒക്കെ രാഷ്ട്രീയത്തിൽ നിന്ന് കൊണ്ട് ഒരു ''സ്ത്രീ'' സംഗീതത്തെ കൂടിയാണു ലേഖനം, ഗോഡ് ഫാദർ ആയി കണക്കാക്കപ്പെടുന്ന അരിയക്കുടി രാമാനുജയ്യങ്കാർക്കൊപ്പമോ, ജി.എൻ. ബാലസുബ്രഹ്മണ്യത്തിനൊപ്പമോ ഒക്കെ തുലനം ചെയ്യുന്നത്. അത് ചെന്ന് കൃത്യം തറയ്ക്കുക എവിടെയൊക്കെയാവുമെന്ന് പ്രത്യേകം പറയണ്ടതില്ലല്ലോ! എന്നാൽ മറുവശത്ത് പുരോഗമനവാദികളായ സ്ത്രീവിമോചനവാദികൾക്ക് ഇതിൽ ഒന്നും പുതുതായി തോന്നുന്നില്ലെങ്കിൽ, അതിനുള്ള കാരണം ഇതിലെ സംഗീതപരമായ നിരീക്ഷണങ്ങളെ കാണാനാവാത്തത്‌ കൊണ്ടാവാനേ തരമുള്ളൂ. കാരണം എം.എസിന്റെ സംഗീതം തന്നെയാണിതിന്റെ കാതൽ. ദിവ്യത്വത്തിനും,സാധാരണത്വത്തിനും ഇടയിൽ എവിടെയാണു എം.എസ് എന്ന അന്വേഷണമാണിതിന്റെ യാത്ര. എം.എസിന്റെ സംഗീതത്തെ അന്വേഷിച്ചുകൊണ്ടുള്ള യാത്ര വളരെ ചുരുക്കമേ ഉണ്ടായിട്ടുള്ളൂ, അതിനേ സാദ്ധ്യതയും ഉള്ളൂ. ലേഖനത്തിലേയ്ക്കുള്ള ലിങ്ക് : http://www.caravanmagazine.in/repor... PS : ഇത്തവണത്തെ ദേശാഭിമാനി വാരികയിൽ ഈ ലേഖനത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകൃതമായിട്ടുണ്ട്. അങ്ങിനെ ചെയ്യാനുള്ള അവസരം ലഭിച്ചതിൽ അത്യധികം ആഹ്ലാദിക്കുന്നു. ഇതിന്റെ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ പ്രത്യേകിച്ചും.

2 comments:

ശ്രീ said...

കുറേ നാളു കൂടി വന്നതാണ് ചേച്ചീ...

പുതുവത്സരാശംസകള്‍!

ചീര I Cheera said...

New year wishes, Sree.... :-)
sukhamalle...?