Sunday, March 15, 2015

മിണ്ടുന്ന 'മിണ്ടായ'കൾ...

മിണ്ടുവാൻ ഒന്നുമില്ല ബാക്കി
എന്നാലുള്ളിലുണ്ടൊരു പറ മിണ്ടാൻ.
മിണ്ടല്ലേ എന്നുള്ളു കേഴുന്തോറും
മിണ്ടുവാൻ തക്കം പാർക്കുന്ന മിണ്ടലുകൾ.

ഇല്ല, ഇനി മിണ്ടുകയില്ല ഞാൻ
ഒരുനാളിലൊരു വാക്കു വീണുകിട്ടും വരെ.
അന്നേ മിണ്ടൂ! അന്നേ ശബ്ദിയ്ക്കൂ.
അതുവരെയീ 'മിണ്ടായ'യിൽ
മിണ്ടാതിരുന്നോട്ടെ ഞാൻ.

മിണ്ടുന്ന നാളു വരുന്നയന്ന് മിണ്ടുവാൻ,
തുടച്ചുമിനുക്കി, തിളക്കം കൂട്ടി
എടുത്തുവെയ്ക്കുന്നുണ്ട് ഒരു വാക്കിനെ.
ഏറ്റവും പുതിയതായി, ഏറ്റവും ആദ്യമായി
ഏറ്റവും സ്ഫുടമായി അന്നതിനെ
എങ്ങിനെ മിണ്ടണമെന്ന്
ഈ മിണ്ടായയിലിരുന്നാലോചിയ്ക്കുന്നുണ്ട്.

എന്നിട്ട്
ഒന്നും മിണ്ടാനില്ലേ എന്ന ചോദ്യം കേൾക്കും വരെ
ഈ മിണ്ടായയുടെ സിമന്റു തേയ്ക്കാത്ത കല്ലു ചുമരിൽ ചാരി,
മിണ്ടായയുടെ ശബ്ദമില്ലാത്ത അകത്തളത്തിൽ,
മിണ്ടുവാൻ തക്കംപാർത്തിരിയ്ക്കുന്ന മിണ്ടലുകളെ
ഓരോന്നായി കഴുത്തു ഞെക്കിപ്പിടിച്ചു മിണ്ടമർത്തിയൊതുക്കി,
ഒരു മിണ്ടലിൽ നിന്നും മറ്റൊരു മിണ്ടായയിലേക്ക്
ദിവസവും മരിച്ചുവീണുകൊണ്ടിരിക്കും.






5 comments:

ajith said...

മിണ്ടാനൊന്നുമില്ലേ എന്ന് കേള്‍ക്കുമ്പോള്‍ ഉള്ള മിണ്ടാട്ടവും മുട്ടിപ്പോകും

Shahid Ibrahim said...

ഞാൻ ഒന്നും മിണ്ടുന്നില്ലേ.....

ആശ said...

നല്ല വരിക

Ardra said...

മനസ്സിന്‍റെ അഗാദ്ധതയിൽ നിന്ന്
ചിന്തകള്‍ പിറന്നു വീഴുന്നു

വാക്കുകളായി ശബ്ദങ്ങളായി
ഉച്ചരിക്കപ്പെടുവാന്‍
ചുണ്ടുകൾക്ക് പിന്നിൽ
കാത്തു നില്ക്കുന്നു...

ഒന്നും മിണ്ടാതെ ഒന്നും പറയാതെ
ചുടു നിശ്വാസങ്ങളായി
അവ ആത്മാവിനുള്ളിൽ എരിഞ്ഞടങ്ങുന്നു...

ചീര I Cheera said...

ആർദ്രാ... എരിഞ്ഞടങ്ങാനാണ് വിധി പലപ്പോഴും! :(

അജിത്... മിണ്ടാനൊന്നുമില്ലേ എന്നൊന്നു കേൾക്കാനും ചിലപ്പോൾ തോന്നിപ്പോവും...