Friday, December 22, 2017

ലാസ്യതരംഗിണി I Lasyatharangini UAE Chapter

2017  നവംബർ 10 - നു വെള്ളിയാഴ്ച ലാസ്യതരംഗിണി യു.എ.ഇ. ചാപ്റ്റർ അവതരിപ്പിച്ച  മോഹിനിയാട്ടം അരങ്ങിന്റെ രണ്ടാം ലക്കം കേരളാ സോഷ്യൽ സെന്ററിൽ ശ്രീമതി. വിനീതാ നെടുങ്ങാടിയുടെ അതീവ ഹൃദ്യമായ മോഹിനിയാട്ട കച്ചേരിയോടു കൂടി അബുദാബിയിൽ   അവസാനിച്ചു. അന്നേ  ദിവസം കലാമണ്ഡലം ലീലാമ്മ ടീച്ചറുടെ പേരിലുള്ള ആദ്യത്തെ അവാർഡ് വിനീത ടീച്ചർക്ക് ആദ്യമായി നൽകി ആദരിക്കുകയുമുണ്ടായി.
താൻ ചെയ്യുന്ന ഓരോ പ്രവർത്തിയും എന്തിനു വേണ്ടിയെന്നും, കലയുടെ സാദ്ധ്യതകളേയും, അതിന്റെ പരിമിതികളേയും ഒരേ സമയം തിരിച്ചറിഞ്ഞ്, താൻ കലയ്ക്കു വേണ്ടി നിലയുറപ്പിക്കേണ്ടത് എങ്ങിനെയാണെന്നും വളരെയേറെ വ്യക്തതയോടും സൂക്ഷ്മതയോടും കൂടി തികഞ്ഞ ബോദ്ധ്യത്തോടെ അരങ്ങത്തെത്തുന്ന ഒരു കലാകാരി മാത്രമല്ല, ഓരോ കാര്യങ്ങളും ക്ഷമയോടെ വിശദമായി കാണികളോട് ഹൃദ്യവും ലളിതവുമായ ഭാഷയിൽ സംവദിക്കാൻ പ്രത്യേക പാടവമുള്ള ഒരു വ്യക്തി കൂടിയാണ് വിനീത ടീച്ചർ എന്ന് ബോദ്ധ്യമാവുന്ന ഒരു ദിവസം കൂടിയായിരുന്നു അന്ന് അബുദാബിയിലെത്തിയവർക്ക്.
തന്റെ ആഹാര്യത്തിൽ വരുത്തിയ മാറ്റത്തെ കുറിച്ച് കാര്യകാരണ സഹിതം, യുക്തിഭദമായി, ചരിത്രത്തെ മുൻനിർത്തി വിശദീകരിച്ചു കൊണ്ടാണ് ടീച്ചർ ആരംഭിച്ചത്.
ടീച്ചർ അവതരിപ്പിച്ച “മുഖചാലം " ( കേരളീയ താളപദ്ധതിയിലെ താളങ്ങളിൽ ചിട്ടപ്പെടുത്തിയെടുത്ത ചൊൽക്കെട്ടിനു സമാനമായ നൃത്തൂപം. ചൊൽകെട്ട് കർണ്ണാടക സംഗീത പദ്ധതിയിലെ താളങ്ങളിലായിരിക്കും.) ടീച്ചറുടെ ഏറ്റവും മനോഹരമായ കലാസൃഷ്ടിയായി ഉറപ്പിച്ചു പറയാം. താളങ്ങൾ സാമാന്യമായി അക്ഷര കാലങ്ങൾ മാത്രമല്ലെന്നും, തളങ്ങളിലെ അംഗങ്ങൾക്കും വലിയ പ്രസക്തി ഉണ്ടെന്ന് പറഞ്ഞു ടീച്ചർ. സശബ്ദക്രിയയും നിശബ്ദ ക്രിയയും അംഗങ്ങളായി വരുന്ന താളങ്ങളെയും വേർതിരിച്ചറിയേണ്ടതുണ്ടെന്നും അവയ്ക്ക് തനതായ അസ്തിത്വം ഉണ്ടെന്നും ടീച്ചർ പറഞ്ഞു. പഞ്ചാരി താളത്തിലുള്ള ടീച്ചുടെ ഈ നൃത്തരൂപം മോഹിനിയാട്ടമെന്ന കലാരൂപത്തിന് വലിയൊരു മുതൽക്കൂട്ട് തന്നെയായിരിക്കും.
പിന്നീട് ടീച്ചർ അവതരിപ്പിച്ച ഇടശ്ശേരിയുടെ "പൂതപ്പാട്ട് “,  പിന്നെ കാവാലം നാരായണപ്പണിയ്ക്കരുടെ   "കറുകറെ കാർമുകിൽ “ തുടങ്ങിയ കാവ്യാവിഷ്‌ക്കാരങ്ങളുടെ, ടീച്ചർ രൂപപ്പെടുത്തിയെടുത്ത  നൃത്ത സൃഷ്ടികൾ, അതിലെ ആ കൃതികളുടെ തിരഞ്ഞെടുപ്പ് എല്ലാം എത്രത്തോളം കാവ്യമായ ഭാവനകൾ കൂടി ചേരുന്നതാണെന്ന് തോന്നിപ്പിച്ചു. കവിതയേയും നൃത്തത്തേയും രണ്ട് വിഭിന്നങ്ങളായ മാധ്യമങ്ങളെ കൂട്ടിച്ചേർക്കുമ്പോൾ ഉണ്ടാവുന്ന വെല്ലുവിളികൾ, വിമർശനങ്ങൾ എല്ലാം വിശദീകരിച്ചു കൊണ്ടാണ് ടീച്ചർ ആടിയത്. ക്ളാസിക്കൽ എന്ന സങ്കല്പത്തോട് ഒട്ടും ചേരാതെ നിൽക്കുന്നതാണ് പൂതപ്പാട്ടിലെ വരികൾ എന്ന വിമർശനങ്ങൾ ഉണ്ടായിരുന്നിട്ടും, അതിനെ, നൃത്താംശം ഒട്ടും ചോരാതെ, അതിനു വേണ്ട എഡിറ്റിംഗ് ചെയ്തും , ഭാവനയനുസരിച്ച് ചിലത് മൂലകൃതിയിൽ നിന്നും മാറി കൂട്ടിച്ചേർത്തും, കാണികൾ അനക്കമില്ലാതെ മുഴുവനും ഇരുന്ന് ആസ്വദിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ ടീച്ചർക്ക് നിഷ്പ്രയാസം സാധിച്ചു. ടീച്ചറുടെ നൃത്ത സൃഷ്ടികളും ഒരു കവിത പോലെ മനോഹരമായി തന്നെ നിലനിൽക്കുന്നുവെന്ന ഒരു അനുഭൂതി മനസ്സിൽ ബാക്കിയാക്കിയായിരിക്കണം അന്നെല്ലാവരും പിരിഞ്ഞത് .
കോട്ടക്കൽ മധുവിന് റയും മറ്റു പക്കവാദ്യസംഘങ്ങളുടെയും നേരിട്ടുള്ള സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെങ്കിലും ശബ്ദ രൂപത്തിൽ അവർ വലിയ ഒരു പങ്ക് വഹിച്ചിരുന്നു. മോഹിനിയാട്ടത്തിന്റെ നവ്യമായ ഒരനുഭവം പകർന്നു തന്ന വിനീത ടീച്ചർക്ക് അബുദാബിയിലെ കലാ സ്നേഹികളുടെ സ്നേഹാദരങ്ങൾ…

(പരിപാടിയോടനുബന്ധിച്ച്, എഫ്.ബി.യിൽ പോസ്റ്റ് ചെയ്യാനായി അന്ന്  എഴുതിയ ഒരു ചെറു കുറിപ്പ്. ഫോട്ടോ അന്നത്തെ പരിപാടിയുടേതല്ല, വിനീത നെടുങ്ങാടിയുടെ എഫ്.ബി. ടൈഎംലൈനിൽ നിന്നുമെടുത്തത്)  

No comments: