Saturday, December 23, 2017

ടെയ്ക്കോഫ് !

ഏതോ ഒരു പട്ടണത്തിലെ 
വിത്തു ശാലയിൽ
അടുത്തടുത്തിരുന്നിരുന്ന
കുപ്പികളിൽ
ഒരുമിച്ചു മുളച്ചുപൊന്താൻ പോകുന്ന
തൈകളെ കുറിച്ച്
ഒരൂഹം പോലുമില്ലാതെ
ഉറക്കങ്ങളിൽ കണ്ടുമുട്ടിയിരുന്ന നമ്മൾക്കിടയിൽ
കുത്തിത്തിരുപ്പുണ്ടാക്കി,
മാറ്റി നട്ട ചില
സമയകാല വൈറസുകളെ
നമുക്കിനി വെറുതെ വിടാം.
പകരം,
സമയകാല ബന്ധിതമായി
ഓടിപ്പാഞ്ഞെത്തുന്ന ഋതുക്കളെ
വകഞ്ഞു മാറ്റി,
ഇലകളെ പൊഴിച്ച് ,
ശിഖരങ്ങളെ കോർത്ത്
ഒരു ശൈത്യകാലത്ത്
നമുക്കാദ്യം മുതൽ തളിർത്തു തുടങ്ങാം.
ഒരു മഴക്കാലരാത്രി മുഴുവൻ
നനയാതെ ജീവിക്കാം.
ഒരുഷ്ണക്കാലത്ത് വിയർക്കാതെ
ഇലകളെ പൊഴിക്കാം.
പിന്നെ...
ഒരു കാറ്റുകാലത്ത് നമുക്ക്,
വേരോടെയുള്ള ഒരൊറ്റ ടെയ്ക് ഓഫിൽ
മറ്റൊരു ഉദിച്ചു പൊങ്ങുന്ന
വെയിൽക്കാലത്തിന്റെ റൺവേയിലേയ്ക്ക്
കണക്കുകൂട്ടൽ പിഴയ്ക്കാതെ
ഒന്നായി ലാൻഡ് ചെയ്യാം.

No comments: