Saturday, December 23, 2017

എന്റെ ചെണ്ടുമല്ലിപ്പൂക്കൾ...

ഏതു തരം സംഗീതമാണ് ചെവിയിൽ തിരുകണ്ടത് എന്നാലോചിച്ചാലോചിച്ച് പതുക്കെ കണ്ണടഞ്ഞു പോയി...
അപ്പോഴുണ്ട് ആകാശത്ത് പറവകളെ പോലെ മനുഷ്യക്കൂട്ടങ്ങൾ ഇങ്ങിനെ ചിറകു വിരിച്ച് പറക്കുന്നു. ചിലർ മുങ്ങാംകുഴിയൊക്കെ ഇടുന്നു. ചിലർ ഒന്നിച്ചു പറക്കുന്നു. ചിലർ തനിയേ, ഒറ്റതിരിഞ്ഞ്. ചിലർ ചിറകുകൾ തമ്മിൽ തൊട്ടും തൊടാതെയും. ആ ആകാശത്തോട് വല്ലാത്ത ഒരു ആകർഷണം. ഏതാകാശമാണത് ? അതോ ഇനി ഒരു പുഴയാണോ? എന്തായാലും വലിച്ചടുപ്പിക്കുന്ന ഒരു വല്ലാത്ത ലോകം! ഏറെ പരിചിതം എന്നു തോന്നുന്ന ലോകം. ഐ ബിലോങ്ങ് ദേർ എന്ന് തോന്നിപ്പിക്കുന്ന ലോകം. അങ്ങിനെ ഓരോ മനുഷ്യനും തോന്നുന്നുണ്ടാവുമോ? അപ്പോഴേയ്ക്കും ഓരോരുത്തരായി ആ ഓടുന്ന ബസ്സിൽ നിന്നും, ഉറങ്ങിക്കൊണ്ട്, പുറം കാഴ്ച നോക്കിയിരിയ്ക്കേ, മൊബൈലിൽ നോക്കുമ്പോൾ ഒക്കെ, അതേയവസ്ഥയിൽ മുകളിലേയ്ക്ക പൊങ്ങിപ്പൊങ്ങി പോകുന്നു. ആകാശത്തിലേയ്ക്ക് പറക്കുവാനോ, പുഴയിൽ നീന്തുവാനോ ആയിരിയ്ക്കണം. എന്റെ ആ ഊഴവും കാത്ത് കൊതിയോടെ ബസ്സിൽ കണ്ണുകളടച്ച്, ശൂന്യമായി ഞാനുമിരിക്കുന്നു...
അപ്പോഴാണ് ഫ്രില്ലുള്ള കുട്ടിക്കുപ്പായമിട്ട കുറേ സ്വപ്നങ്ങൾ, ചെണ്ടുമല്ലിപ്പൂക്കൾ ചിതറി വീഴുന്ന പോലെ ബസ്സിൽ നിന്നുമിറങ്ങി നടപ്പു തുടങ്ങിയത്. അവരെ നോക്കി ഞാനിരുന്നു. യൂണിഫോമില്ലാത്ത നഴ്സറിക്കുട്ടികളെ പോലെ അവർ ചിരിച്ചും കരഞ്ഞും തോന്നിയതെല്ലാം ചെയ്തും നടക്കുകയാണ്‌.
എന്റെ ഒരു സ്വപ്നത്തെ അപ്പോൾ ഞാനുമോർത്തു... അവർക്കിടയിൽ അതിനെ തിരഞ്ഞു. എന്നിൽ നിന്നുമടർത്തി മാറ്റി, അതിന്റെ കയ്യിൽ അമർത്തിപ്പിടിച്ച ഒരു രാത്രിയെ എനിക്കു തിരിച്ചു വേണമായിരുന്നു... കനം വെയ്ക്കുന്ന നെഞ്ചിനെ ഞാനൊരു പാട്ടിന്റെ വഴിയിലേയ്ക്കു പെട്ടെന്ന് തിരിച്ചുവിട്ടു.
സ്വപ്നങ്ങളിറങ്ങിപ്പോയ ബസ്സിനുള്ളിലെ നിശ്ശബ്ദതയിൽ എ.സി. യുടെ തണുപ്പും ഒച്ചയും ശരീരത്തിലേയ്ക്ക് ഇരച്ചു കയറുന്നുണ്ട്. ഇതൊന്നുമറിയാതെ ഐ ലവ് ഫിലിപ്പൈൻസ് എന്നെഴുതിയ ടീ ഷർട്ടിട്ട പെൺകുട്ടി പുരികം ഭംഗി കൂട്ടുന്നുണ്ട്. തൊട്ടപ്പുറത്ത് ജോലിയ്ക്ക് പോകുന്ന, വഴിയിലെ അര മണിക്കൂർ മയക്കത്തിലേയ്ക്ക് വീണു പോയ സൽവാറിട്ട മറ്റൊരു സ്ത്രീയുണ്ട്. നനവ് തട്ടാത്ത അവരുടെ ചുരുണ്ട മുടിയിരുളുകൾക്കിടയിൽ, ഇഴചേർന്ന് ഒറ്റയാവുന്ന അനേകരുണ്ട് , പലരുണ്ട്. അവരുടെ കൈ വിരലുകളുടെ അനക്കങ്ങൾക്ക് കുതിച്ചു പായുന്ന വേഗതയുണ്ട്. നിശ്ചലമായ കൈകൾ രണ്ടിനുമിടയിലേയ്ക്ക് ഉൾവലിയുന്ന ഒരു കടലുണ്ട്.
അതിനപ്പുറത്തെ സീറ്റിൽ ബ്രിട്ടീഷ് ഇംഗ്ളീഷ് സംസാരിക്കുന്ന ഒരമ്മയും മകളും ( ആവണം ) ഇരിക്കുന്നു. അതിനും പുറകിലേയ്ക്ക് പോകുന്തോറും ഒരു അച്ഛനും, അച്ഛനെ പറ്റിപ്പിടിച്ച് ഉറങ്ങുന്ന ഒരു കുട്ടിയും (ആവണം ) ഒറ്റയ്ക്ക് മറ്റൊരു ലോകം പണിയുന്നുണ്ട്. അതിനടുത്ത സീറ്റുകൾ എല്ലാം ഏതാണ്ട് ആളൊഴിഞ്ഞ രാഷ്ട്രങ്ങളായി, ഒരു ഭൂപടം പോലെ അടയാളങ്ങൾ മാത്രമായി കിടപ്പാണ്. മനുഷ്യരാൽ തിങ്ങി നിറഞ്ഞിരുന്ന ബസ്സായിരുന്നു അതെന്നോർക്കണം! ഏറ്റവും പുറകിൽ അറ്റത്ത് താടി തടവി കൊണ്ടൊരാൾ അപ്പോഴേയ്ക്കുമൊരു ഒറ്റത്തുരുത്തായി കഴിഞ്ഞിരുന്നു.
ചില്ലു ജനാലയിലൂടെ ഉരുണ്ടിറങ്ങുന്ന തുള്ളികൾ പുറം കാഴ്ചകളെ ഒന്നാകെ ഈർപ്പത്തിലാഴ്ത്തിക്കഴിഞ്ഞിരിക്കുന്നു. എന്നും ഇറങ്ങുന്ന സ്റ്റോപ്പിൽ രണ്ടും കൽപ്പിച്ച് ഞാനിറങ്ങുക തന്നെ ചെയ്തു.
പുറത്ത് അപ്പോൾ കത്തുന്ന വെയിലായിരുന്നു...
ഇറങ്ങിയ സ്റ്റോപ് മാറിപ്പോയിരുന്നു...
കണക്കു കൂട്ടി തീരുമാനിച്ച സമയം തെറ്റിപ്പോയിരുന്നു...
സന്ദർഭങ്ങൾ തമ്മിൽ തമ്മിൽ പിണഞ്ഞു പോയിരുന്നു...
മഴയും വെയിലും ഒരുമിച്ച് ഓടിക്കളഞ്ഞിരുന്നു...
പുറകിലേയ്ക്ക് തിരിഞ്ഞു നോക്കിയപ്പോൾ, ഫ്രില്ലുള്ള കുട്ടിക്കുപ്പായമിട്ട, ചെണ്ടുമല്ലിപ്പൂക്കളെ കൊണ്ട് ഇറുക്കിക്കെട്ടിയ നീളമുള്ള മാലകൾ പോലെ, ആ കുറേ സ്വപ്നങ്ങൾ ബസ്സിലേയ്ക്ക് തിരിച്ചു കയറുന്നു...
ഒന്നും ആലോചിക്കാതെ എന്റെ രാത്രികളെ ഞാനവർക്ക് സമ്മാനങ്ങളായി എറിഞ്ഞുകൊടുത്തു.

No comments: