Sunday, December 29, 2013

ഇക്കഴിഞ്ഞ ജീവിതം

കഴിയാൻ പോകുന്ന ഈയൊരു വർഷത്തെ ജീവിതത്തെ കുറിച്ച് എന്തെങ്കിലും ചോദിക്കുകയാണെങ്കിൽ, സത്യത്തിൽ വാക്കുകളെ കൊണ്ട് പറഞ്ഞറിയിയ്ക്കാൻ ബുദ്ധിമുട്ടാണ്. 'ഇക്കഴിഞ്ഞുപോയ' ജീവിതത്തിനു പല പല അർത്ഥതലങ്ങളുണ്ട്, ഉത്തരങ്ങളുണ്ട്, ഉത്തരമില്ലായ്മകളുണ്ട്, വിശദീകരണങ്ങളുണ്ട്, അനുഭവതലങ്ങളുണ്ട്.

ചോദ്യങ്ങൾ ഒരുപക്ഷേ ഇങ്ങനെയൊക്കെ ആണെങ്കിൽ...
എങ്ങനെ ജീവിച്ചു?
എന്തിനു ജീവിച്ചു?
ആർക്കെല്ലാം വേണ്ടു ജീവിച്ചു?
എന്തെല്ലാം നേടി?
എന്തെല്ലാം നഷ്ടപ്പെട്ടു?
എന്തെല്ലാം അറിഞ്ഞു?

ഇതിനൊന്നും വ്യക്തമായ ഉത്തരമേ പക്കലില്ലാ, പക്ഷേ ചിലതെല്ലാം എത്ര വായിച്ചാലും, എത്ര ബുദ്ധിപരമായി കേട്ടും, കണ്ടും അറിഞ്ഞാലും അനുഭവതലത്തിലൂടെ അവയെയൊക്കെ അറിയുമ്പോഴേ 'അറിവ്' എന്നതിനും, 'അനുഭവം' എന്നതിനും അതിന്റെ അർത്ഥത്തിനുള്ള പൂർണ്ണത ലഭിയ്ക്കുന്നുള്ളു.

അങ്ങനെ നോക്കുമ്പോൾ ചെല തോന്നലുകൾ ....ചെല  random thoughts...

എന്തെല്ലാം നേടി?

'നേടി' എന്നു നമ്മൾ വിചാരിയ്ക്കുന്നവയൊക്കെ മടക്കി കൊടുക്കാനുള്ളവയാണ്.  അഥവാ കൊടുക്കുക എന്ന ഒരു ചെയ്തിയുടെ അനുഭവതലങ്ങളിലൂടെ, അതിന്റെ അനുഭവിച്ചറിയുന്ന അറിവിലൂടെ നാം യഥാർത്ഥത്തിൽ അതിനെ 'നേടുകയല്ല', സ്വന്തമാക്കുകയാണ് എന്നാലോചിച്ചു നോക്കിയിട്ടുണ്ടോ? അങ്ങനെ അനുഭവിച്ചിട്ടുണ്ടോ? സ്വന്തം എന്ന പദത്തെ എത്രത്തോളം തത്വചിന്തകൾ 'നിരർത്ഥകമാക്കുന്നുണ്ടോ' അത്രത്തോളം അതിന്റെ  മറുവശത്ത് ഈ ഭൂമിയിൽ ജീവിയ്ക്കുന്നിടത്തോളം, സ്വന്തമെന്ന പദത്തിന് ഒരു ജീവിതവുമായി കൂട്ടിച്ചേർത്തു വെയ്ക്കാവുന്ന ചില സൗന്ദര്യാംശങ്ങളുണ്ട്. കുറച്ചു കൂടി വ്യക്തമാക്കിയാൽ ജീവിക്കാനുള്ള വെളിച്ചമായി, ജീവിക്കാനുള്ള ഊർജ്ജമായി, ജീവിക്കണം എന്ന തോന്നലിനെ ഉത്തേജിപ്പിയ്ക്കുന്നതിനായി ഈ ഭൂമിയിൽ, ഈ മനസ്സിൽ സ്വന്തമായി ചിലതൊക്കെ ഉണ്ടെന്ന ആത്മവിശ്വാസം. ആ 'സ്വന്തം' സ്വന്തമല്ലെന്ന 'അറിവിൽ' തന്നെ, അറിഞ്ഞുകൊണ്ടു തന്നെ, സ്വന്തമെന്ന വികാരം ആ അറിവിൽ നിറഞ്ഞുതുളുമ്പുന്ന ഒരു ജീവിതത്തിന്റെ സൗന്ദര്യം. സ്വന്തമെന്നാൽ എന്താവാം എന്ന് ഒരു ജീവിതത്തിനു മാത്രം പറഞ്ഞുതരാനാവുന്ന ഒരസുലഭ അനുഭവതലമാണ്!

എന്തെല്ലാം അറിഞ്ഞു?
'അറിയുന്നു' എന്നു നാം വിചാരിയ്ക്കുന്നവയൊക്കെയും പലപ്പോഴും അറിയുന്നത് നിശ്ശബ്ദതയിലൂടെയാണ്, ശബ്ദത്തിലൂടെ അല്ല!
നിശ്ശബ്ദത ആയിരിയ്ക്കണം ഈ ലോകം കാതിൽ പറഞ്ഞുതരുന്ന ഒരു രഹസ്യം.  മൃഗങ്ങൾ 'നിശ്ശബ്ദരാണ്',  ചുരുങ്ങിയത് ഒരർത്ഥത്തിൽ മനുഷ്യന്റെ ശ്രവണശക്തിയുടെ പരിമിതിയിലെങ്കിലും. മൃഗങ്ങൾ അതുകൊണ്ടു തന്നെ പലപ്പോഴും ഒരേസമയം മനുഷ്യന്റെ അടിമയായും, ആക്രമിച്ചു കൊല്ലുന്ന അക്രമസ്വഭാവമുള്ളവയായും ആകുന്നു. 'അടിമ'യായി കഴിഞ്ഞാൽ അവ സ്നേഹിച്ചു കൊല്ലുന്നു, അത് മനുഷ്യനുമായി ഇണങ്ങിചേർന്നാൽ മനുഷ്യൻ അതിനോടു ചെയ്യുന്ന ഒരു പ്രവൃത്തിയേയും എതിർക്കാതെ, അനുസരിച്ച് എന്തും ചെയ്യാൻ തയ്യാറാവുന്ന passive mode -ൽ ആകുന്നു. അക്രമസ്വഭാവം വന്നാലുമതെ, മനുഷ്യനെ കൊല്ലുന്നു. ഇതു രണ്ടിനും ഇടയിലുള്ള ആശയവിനിമയം അവയ്ക്കു സാദ്ധ്യമാകുന്നില്ല, എന്നു നാം മനുഷ്യർ അവയെ നോക്കിക്കാണുന്നു. അതുകൊണ്ട് അവയുടെ 'നിശ്ശബ്ദത' നിരർത്ഥകങ്ങളായി മനുഷ്യനു അനുഭവപ്പെടുന്നു.

എന്നാൽ മനുഷ്യന്റെ നിശ്ശബ്ദത, പ്രകൃതിയുടെ നിശ്ശബ്ദത പലപ്പോഴും ഒരു മനുഷ്യജീവിതത്തിൽ അർത്ഥസമ്പുഷ്ടമാണ്. അതിൽ, ഈ ഭൂമിയിൽ ഏറ്റവും അധികം ഒരവയവം ഉപയോഗിച്ച് 'കമ്മ്യൂണിക്കേഷൻ' എന്ന പ്രവൃത്തി ശബ്ദത്തിലൂടെ, ഒരു പ്രത്യേക ഭാഷയിലൂടെ ശീലിച്ചെടുക്കുന്ന മനുഷ്യന്റെ നിശ്ശബ്ദത, മൗനം എന്നിവയ്ക്കൊക്കെ വല്ലാത്ത, അവിശ്വസനീയമാം വിധത്തിലുള്ള അർത്ഥതലങ്ങളാണ് പലപ്പോഴും കൈവരുന്നത്. പല 'അറിവുകളും' നിശ്ശബ്ദതയിലൂടെ നാം അറിയുന്നുണ്ട്. ബുദ്ധി പ്രവർത്തിച്ചു പ്രവർത്തിച്ച് തളരുമ്പോൾ ഒരു തുള്ളി നനവിറ്റിയ്ക്കുന്ന കുളിർമ്മയായി വരുന്ന മൗനവും അതിന്റെ അർത്ഥങ്ങളും.. Silence must be the most beautiful language a human can speak, എന്നും It can also be the 'worst' language a human can communicate through എന്നും രണ്ടും പറയാം... രണ്ടായാലും ചുരുക്കത്തിൽ the silence speaks! sometimes loudly! :)
ഈ ഭൂമിയിലെ മനുഷ്യരെല്ലാം ഒരുനാൾ നിശ്ശബ്ദരായിപ്പോയാൽ ... ഒന്നാലോചിച്ചുനോക്കു!ആ 'ശബ്ദം' കൊണ്ട് ഭൂമി രണ്ടായി പിളർന്നുപോയേനേ!

നഷ്ടം - നഷ്ടപ്പെടാൻ ഒന്നുമില്ല എന്നതാണ് സത്യം! അഥവാ നഷ്ടപ്പെട്ടു പോകുമോ എന്നു ഭയം ചിലപ്പോഴെങ്കിലും തോന്നുന്നവ, അവ ഒരിയ്ക്കലും നഷ്ടങ്ങളുടെ പട്ടികയിലേ വരില്ല. നഷ്ടപ്പെട്ടു പോകുന്നുവോ എന്നു തോന്നുന്നവ ഹൃദയത്തിനകത്ത് ഏറ്റവും തീവ്രതയിൽ നിക്ഷേപിക്കപ്പെട്ടവയായിരിയ്ക്കും. അതുകൊണ്ടു അവ നഷ്ടങ്ങൾ ആകുന്നില്ല. അവ എന്നും ഹൃദയത്തിൽ, ഓർമ്മകളിൽ ലാഭങ്ങൾ മാത്രമായി അങ്ങിനെ കിടന്നോളും. നഷ്ടങ്ങൾ എന്ന ഒരു പട്ടികയേ ഞാൻ മനഃപൂർവ്വം ഉണ്ടാക്കിയെടുക്കാനാഗ്രഹിയ്ക്കുന്നില്ല. കിട്ടിയതൊക്കെയും, അറിഞ്ഞതൊക്കെയും ലാഭങ്ങൾ മാത്രം! ഒന്നുമില്ലല്ലോയെന്നു ചിലപ്പോഴെങ്കിലും തോന്നിപ്പോകുന്ന ഈ ജീവിതിത്തിലാകെ പെറുക്കിയെടുക്കാൻ കിട്ടുന്നത് ഈ ലാഭം മാത്രം!

ആർക്കെല്ലാം വേണ്ടി ജീവിച്ചു?
ഇതൊരു വല്ലാത്ത ചോദ്യം. മനുഷ്യൻ ആർക്കെല്ലാം വേണ്ടി ജീവിയ്ക്കണം? പ്രത്യേകിച്ച് ഇവിടുത്തെ സാമൂഹ്യ പശ്ചാതലത്തിൽ, ഒരു സ്ത്രീ മറ്റുള്ളവർക്കു വേണ്ടി അവനവനെ മറന്ന്,  'ജീവിക്കുക' എന്ന ഒരു സങ്കല്പത്തിനു കിട്ടുന്ന 'മഹത്വം' ഉണ്ട്, പ്രത്യേകിച്ച് അമ്മ, ഭാര്യ, മകൾ, മരുമകൾ, എന്നീ ഒരുപാട് ബന്ധങ്ങളുടെ കെട്ടുപാടുകളും, ഉത്തരവാദിത്തങ്ങളും ഉള്ള റോളുകൾക്ക്. അങ്ങനെയുള്ള സ്ത്രീകളോട് ബഹുമാനമേ ഉള്ളു, പക്ഷേ അതൊക്കെ വ്യക്തിയധിഷ്ഠിതമായ സ്വഭാവം എന്നേ കാണുന്നുള്ളു. അത്തരം വ്യക്തിസ്വഭാവങ്ങളെ മുഴുവൻ കൂട്ടിച്ചേർത്തുവെച്ച് 'സ്ത്രീ' എന്നൊരു സങ്കല്പം ഉണ്ടാക്കിത്തീർക്കുമ്പോൾ പലപ്പോഴും അതിലൊക്കെ മിസ് ആയി പോകുന്നത് 'വ്യക്തി ഗുണങ്ങൾ' കൂടിയാണ്. ഓരോ വ്യക്തിയിലുമുള്ള unique എന്നു പറയാവുന്ന / കരുതപ്പെടുന്ന സ്വഭാവസവിശേഷതകൾ കൂടിയാണ്. വ്യക്തിയുടെ ആവിഷ്ക്കാര സ്വാതന്ത്ര്യങ്ങളാണ്. ഇത്തരം 'സങ്കല്പങ്ങളെ' അനാവശ്യമായി കൊട്ടിഘോഷിച്ച്, വാഴ്ത്തി വരുന്നതു എന്തിനാണെന്നിതു വരെ മനസ്സിലായിട്ടില്ല. എന്നിട്ടും അത്തരത്തിലുള്ള ഒരു സാമൂഹ്യ സങ്കല്പ ചിന്താഗതിയിൽ നിന്നും തീർത്തും പുറത്തുവരാനായിട്ടില്ല. എന്നിലെയെന്നെ സദാ അത്തരം സങ്കല്പനങ്ങളിലേക്ക് 'ഉയർത്തിക്കൊണ്ടുവരുവാനുള്ള' ത്വര - സംഘർഷം - അത് എന്നിലെന്നുമുണ്ട്. യുദ്ധം ചെയ്യാൻ വയ്യ, പ്രിയപ്പെട്ടവരെ, കൂടെയുള്ളവരെ ജാള്യതയിലകപ്പെടുത്താൻ വയ്യ.. കുന്തം! :-) :-)
എന്നാലും എനിക്കിപ്പൊ പറയാം, ഈ വർഷം ഞാൻ 'എനിക്കു' വേണ്ടി ജീവിച്ചിട്ടുണ്ട്. ചില നിമിഷങ്ങളിലെങ്കിലും!
..... യാത്ര ഇനിയും തുടരേണ്ടതുണ്ട് ....
വഴി നീണ്ടുകിടക്കുന്നു ....

വാസ്തവത്തിൽ അത്തരം 'നിമിഷങ്ങൾ' മുകളിലുള്ള വിശദീകരണങ്ങൾക്കൊക്കെയുള്ള ഒറ്റ വാക്കിലുള്ള ഉത്തരം  പോലുമാവും!

ഇനി ഏറ്റവും ആദ്യത്തെ രണ്ടു ചോദ്യങ്ങൾക്ക് ഒറ്റ മറുപടിയേ ഉള്ളു.

എന്തിനു ജീവിച്ചു? - ജനിച്ചതുകൊണ്ട് ജീവിച്ചു/ ജീവിയ്ക്കുന്നു. :-)
എങ്ങനെ ജീവിച്ചു? - ഒരു മനുഷ്യൻ, സ്ത്രീയായാലും പുരുഷനായാലും, സാധാരണയായി ഈ ഭൂമിയിൽ എങ്ങനെയൊക്കെ ജനിച്ചു ജീവിയ്ക്കുന്നുവോ ( പല ഘട്ടങ്ങളിലായി, പല പ്രാവശ്യം പോസറ്റീവിൽ നിന്നും നെഗറ്റീവിലേക്കും, നെഗറ്റീവിൽ നിന്നും പോസറ്റീവിലേയ്ക്കും, പോസറ്റീവിൽ നിന്നും പകുതി വന്ന്, നെഗറ്റീവിൽ നിന്നും മറ്റേ പകുതി വന്ന്, ന്യൂട്രലായും, മിഡിൽ പാത്തായും ഒക്കെ  ) അതുപോലെയൊക്കെ തന്നെ ജീവിച്ചു /ജീവിയ്ക്കുന്നു.  ഇപ്പൊ പോസറ്റീവും നെഗറ്റീവും ന്യൂട്രലും ഒക്കെ ഏതാണ്ട് ഒന്നുതന്നെ! :-)
ഹല്ലപിന്നെ!

:)


3 comments:

ajith said...

മുന്‍ കൂട്ടി എഴുതപ്പെട്ട തിരക്കഥയ്ക്കനുസരിച്ചാണ് ജീവിതം

ബൈജു മണിയങ്കാല said...

ജീവിതം പലതിന്റെയും ആകെ തുകയാണ് അവിടെ ജീവിതം നേട്ടവും കാലം നഷ്ടവും

P.R said...

അജിത് ജീ... ഈ തിരകഥാകൃത്ത് ആരാവോ, ലേ...

ബൈജു.. ജീവിതം എങ്ങനെയായാലും നേട്ടം തന്നെ.
പിന്നെ കാലത്തെ അങ്ങനെ നഷ്ടം എന്നു മാത്രം പറഞ്ഞ് വെറുതെ വിടാൻ ഉദ്ദേശ്ശിക്കുന്നില്ല, ജീവിതത്തെ യാതൊരു ദയാദാക്ഷിണ്യവും കൂടാതെ നേരിട്ട് വിശ്വാസവഞ്ചന നടത്തുന്ന ഒരു വഞ്ചകനാകുന്നു കാലം!
:-)