Thursday, December 26, 2013

സ്വപ്നമേ....

കുറേ വിചാരവലകളും
നനുത്ത ഓർമ്മകൂടുകളും
മൊഴിയേതെന്നറിയാത്ത
നിറക്കാഴ്ചകളും
ഒറ്റയിഴ സൂചിയിൽ കോർത്ത്
മനസ്സിന്റെ പട്ടുതുണിയിൽ
ഉറക്കം താഴോട്ടും മേലോട്ടും
കുത്തിവലിച്ചു
തുന്നിയെടുക്കുന്ന
പട്ടുവസ്ത്രമായിരുന്ന സ്വപ്നം.

 ഉറക്കത്തിന്റെ രണ്ടു ശ്വാസങ്ങൾക്കിടയിലെ
സമയത്തിലതിനു
ചിറകുമുളച്ച് പറക്കുവാനൊരുങ്ങവേ
ഞാനതിനെന്റെ ഹൃദയം കടം കൊടുത്തു.

ഉറക്കം നെയ്തുനെയ്തെടുക്കുന്ന
നൂലുകൾക്കിടകളിൽ എന്റെ ഹൃദയം പിടച്ചു,
കണ്ണുകൾ അതിവേഗം ചലിച്ചു,
ശരീരമില്ലാതെയായി.
മനസ്സു പട്ടുവസ്ത്രത്തിൽ പറ്റിച്ചേർന്നു.

തൂവലു പോലൊരു സ്പർശം,
ഒപ്പം ചേർന്നു നിൽക്കുന്ന ഒരു സാന്നിദ്ധ്യം,
പതുക്കെ പൊക്കിയെടുത്ത് ഭൂമിയുടെ
മറ്റൊരു തീരത്ത് കൊണ്ടെയിട്ട്,
ആലിംഗനം ചെയ്യുന്നതിനിടെ
എപ്പൊഴോ ആ ഹൃദയത്തെ
എന്റെ നെഞ്ചിലേയ്ക്കെടുത്തു വെച്ചിരിയ്ക്കണം.

കണ്ണു തുറന്ന്
സ്വപ്നഹൃദയത്തിലേക്കു നടന്ന്
കണ്ണുമടച്ച്
സ്വപ്നമല്ലാത്ത ജീവിതത്തിലേയ്ക്കിറങ്ങിപ്പോന്നു.








..









3 comments:

സൗഗന്ധികം said...

നല്ല കവിതയാ. കവിതാ വിഭാഗത്തിലേക്ക്‌ പോസ്റ്റ്‌ ചെയ്യാത്തതെന്താ?

പുതുവത്സരാശം സകൾ....

ajith said...

സ്വപ്നം പോലെയൊരു സ്വപ്നം

ബൈജു മണിയങ്കാല said...

മരണം കാണുവാൻ ഏറ്റവും നല്ല ഒരു സ്വപ്നമാണ് സ്വന്തമാണെങ്കിൽ