Thursday, September 04, 2014

അന്നത്തെ മഴ...

തിക്കിത്തിരക്കി വരുന്ന ആൾക്കൂട്ടത്തിനിടയിലും, ഒരു വിവാഹാഘോഷത്തിന്റെ ബഹളങ്ങൾക്കുള്ളിലും ഒരു ഹോൾ മുഴുവനും പരക്കുന്ന ശൂന്യത. ചില കണ്ണുകളെങ്കിലും അപ്പപ്പോൾ പെട്ടെന്നു വന്നുചേരുന്ന ഒരോർമ്മയുടെ മിന്നൽപ്പിണരുകളിൽ നിറഞ്ഞുതുളുമ്പിയിരുന്നു.. ചില തൊണ്ടകളെങ്കിലും കനത്തുപോയിരുന്നു.. ചില ചുണ്ടുകളെങ്കിലും വിതുമ്പിപ്പോയിരുന്നു... പലരുടേയും ഓർമ്മകളിൽ ഒരു മുഖം , ഒരേയൊരു മുഖം, തടുത്തുനിർത്താനാവാത്തവിധത്തിൽ ഒളിമിന്നിയിരുന്നിരിക്കണം.. ചിലരെങ്കിലും ആരും കാണാതെ തിരക്കുകൾ ഒഴിയുമ്പോൾ തലയിണയിലോ, കുളിമുറിയിലോ ഒക്കെ ഒറ്റക്ക് ഓർമ്മത്തുരുത്തുകളിൽ അകപ്പെട്ട്, നൊന്തു നീറിയിരിക്കണം.

അന്നു രാത്രിയിൽ മാനത്തു വിരിച്ചിട്ട നക്ഷത്രപ്പരവതാനിയിൽ നിന്നും ഒരു നക്ഷത്രം എന്തായാലും ആ മുറിയിലെ ലൈറ്റ് അണയുന്നുവോ എന്നും നോക്കി, ആ മുറിജനാലയിലേക്കു നോക്കി മിന്നിത്തിളങ്ങിയിട്ടുണ്ടാവും. ഒരു വേള വർഷങ്ങൾക്കു മുൻപേ ഇതുപോലെ ഒരു രാത്രിയെ, ഒരു ചെറു പുഞ്ചിരിയെ ചുണ്ടിന്റെ ഒരു കോണിൽ തിരുകിവെച്ച്, ആ നക്ഷത്രം ഓർത്തെടുത്തിട്ടുണ്ടാവും?

വിവാഹങ്ങൾ ആഘോഷങ്ങളാണ്, എന്നും അതങ്ങിനെയാണ്. വധുവും വരനും ഒരുനൂറു സ്വപ്നങ്ങളും കൂട്ടിവെച്ച് ഒരേ ജീവിതപ്പാതയിലേക്കു കൈകൾകോർത്ത് പടവുകളോരോന്നായി കയറിത്തുടങ്ങുമ്പോൾ കൂടെ നിന്ന് ആർപ്പു വിളിച്ചും, കളി പറഞ്ഞും, അനുഗ്രഹാശിസ്സുകളുമായും ഒക്കെ ഒരു കൂട്ടം പിന്നിലുണ്ടാവും. ആ കൂട്ടത്തിൽ ഏറ്റവും, സന്തോഷം കൊണ്ടെങ്കിലും, ഏറ്റവും വ്യാകുലരാകുന്ന രണ്ടു മുഖങ്ങളാവും അച്ഛനമ്മമാരുടേത്... മക്കളുടെ വിവാഹദിവസം അച്ഛനമ്മമാർക്ക് പല പ്രകാരത്തിലുള്ള വികാരത്തള്ളിച്ചകൾ സമ്മാനിക്കുന്ന ഒരു ദിനമായിരിക്കണം. മകൻ/മകൾ ജനിച്ച ദിവസം മുതൽ അന്നു വരെയുള്ള ഓരോന്നും അവർ മനഃപ്പൂർവ്വം മനസ്സിന്റെ ഒരു കോണിലേക്കു ചുരുട്ടികൂട്ടിവെക്കുമായിരിക്കും. പകരം മനസ്സിൽ നിറയുന്ന അനുഗ്രഹപ്രാർത്ഥനകളായിരിക്കും. സ്വന്തം ജീവിതം അതേ പോലെ മക്കളിൽ കണ്ടുതുടങ്ങുന്ന ജീവിതത്തിന്റെ രണ്ടാമത്തെ കാലഘട്ടത്തിലേക്ക് അച്ഛനും അമ്മയും കൈകോർത്ത് യാത്ര തുടങ്ങുന്ന ദിനം കൂടി അന്നായിരിക്കണം.

എന്നാൽ അവരിലൊരാളുടെ നഷ്ടം, കൈ കോർക്കാൻ കൂടെയാളില്ലാതെ പോകുന്നത് അന്ന് വല്ലാതെ തിരിച്ചറിയപ്പെട്ടുകൊണ്ടിരിക്കും.. നഷ്ടത്തിന്റെ വില ആ ദിനത്തിലെ ഓരോ കുഞ്ഞുകുഞ്ഞുകാര്യങ്ങളിലും അറിഞ്ഞുകൊണ്ടിരിക്കും, നോവിച്ചുകൊണ്ടിരിക്കും. എല്ലാവരും നഷ്ടത്തെ ഓർത്ത് ദുഃഖിച്ചിരിക്കാതെ പരമാവധി സന്തോഷം നിറച്ചുവെക്കാൻ പണിപെട്ടുകൊണ്ടിരിക്കും.
അതെ! വിവാഹം സന്തോഷിക്കുവാനുള്ളതാണ് എന്നു സ്വയം ഓരോരുത്തരും ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും. ഓരോ ചിരിയിലും, ഓരോ ആർപ്പുവിളിയിലും ആ തീരാനഷ്ടത്തെ ഓർമ്മിച്ചുകൊണ്ടിരിക്കും. അങ്ങിനെ നഷ്ടമുണ്ടാക്കുന്ന ശൂന്യത പതുക്കെ പതുക്കെ പരന്നുവ്യാപിക്കും.

അതുകൊണ്ടൊക്കെ ആവും. അന്നത്തെ സൂര്യനൊറ്റക്ക് ഉദിച്ചുനിൽക്കാനാവാത്തതുകൊണ്ടാവും, അന്ന് മുഴുവൻ മഴയായിരുന്നു.....
മഴ നനച്ച ഈറനണിഞ്ഞ ഒരു വിവാഹമായിരുന്നു അത്.




3 comments:

ajith said...

:)

NV said...

Do check the last 2 comments...

NV said...

at the rememberance site...