Saturday, May 24, 2014

മഞ്ജുവാര്യർ ചിന്തിപ്പിക്കുന്നുണ്ട്...

" മഞ്ജുവാര്യരുടെ ഈ തിരിച്ചുവരവ് കേരളത്തിലെ സ്ത്രീസമൂഹം രണ്ടുകയ്യും നീട്ടി സ്വീകരിക്കും. അറിഞ്ഞോ അറിയാതെയോ ഉള്ള ഓരോ സ്ത്രീയുടേയും സമൂഹത്തോടുള്ള ഉറക്കെയുള്ള ഒരു 'സ്വാതന്ത്ര്യപ്രഖ്യാപനം" ആണത്! അതെന്താണെന്നു സമൂഹത്തിനു മനസ്സിലാവനമെങ്കിൽ കുറച്ചു ബുദ്ധിമുട്ടാണു.
A flower is a flower not because of its looks,
not because of its colour, flesh..
But because of the plant..
because of life..
ഈ സമൂഹത്തിൽ ഒരു സ്ത്രീ സ്ത്രീ ആവുന്നത് സ്വന്തം ജീവിതത്തിൽ നിന്നുമാണു, ജീവിതാനുഭവങ്ങളിൽ നിന്നുമാണു! മുപ്പതു വയസ്സിനപ്പുറമാവും ഇത്തരമൊരു സിസ്റ്റത്തിൽ സ്ത്രീ ജീവിച്ചുതുടങ്ങുന്നതു തന്നെ, ഒരു സാധാരണ മലയാളിവനിത സ്വത്വബോധത്തെ കുറിച്ചു ആലോചിച്ചു തുടങ്ങുന്നതു തന്നെ. മഞ്ജുവിന്റെ തിരിച്ചുവരവല്ല ഇത്, വെരി ഫസ്റ്റ് എൻട്രിയാണിത് എന്നേ ഞാൻ പറയു!!!
ഓരോ സ്ത്രീയും സ്വ്ന്തം ജീവിതവുമായി ഏതെങ്കിലുമൊക്കെ തരത്തിൽ റിലേറ്റ് ചെയ്ത് ആ സിനിമയെയോ, മഞ്ജുവിന്റെ 'തിരിച്ചുവരവിനേയോ' മനസ്സാ സ്വിക്കരിക്കുന്നുണ്ടെങ്കിൽ അത് ഒരു യാഥാർത്ഥ്യമായി അംഗീകരിച്ചേ മതിയാവൂ! 

ഇനി സിനിമയെ കുറിച്ച്... (പ്രസ്തുത സിനിമ കണ്ടിട്ടില്ല)
മലയാള സിനിമയിൽ മഞ്ജുവാര്യർ എന്നല്ല, ഒരു നടിക്കും അതിസൂക്ഷ്മതലത്തിലുള്ള  തന്റെ അഭിനയപാടവം കാണിക്കാനുള്ള അവസരം ഇതുവരേയും ലഭിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. മഞ്ജുവാര്യരുടെ അഭിനയസൂക്ഷ്മതകളോ, അവരുടെ അഭിനയത്തിലെ തന്മയത്വമോ ഒക്കെ ഏറെ തെളിയിക്കപ്പെട്ടതൊക്കെ തന്നെയാണു, പക്ഷേ അതൊക്കെ സൂപർഫിഷ്യൽ ലെവലിലേ ആയിട്ടുള്ളു എന്നു തന്നെ പറയേണ്ടി വരും. 
ഏതെങ്കിലും സിനിമയെ (പ്രത്യേകിച്ചും സ്ത്രീപക്ഷം എന്നു പറയാവുന്നവയെ) സമൂഹം രണ്ടുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ, ഏതാണ്ട് ഉറപ്പിക്കാം അത് പുരുഷവീക്ഷണത്തിലുള്ള സിനിമയേ ആവുകയുള്ള്ഉ എന്ന്. :) അതിന്റെ ഉസ്താദ് ആയിരുന്നു ജനപ്രിയ സംവിധായകൻ പത്മരാജൻ! പത്മരാജന്റെ കൊട്ടിഘോഷിക്കപ്പെട്ട പല സിനിമകളും വ്യക്തമയ പുരുഷവീക്ഷണം, പുരുഷമേധാവിത്വത്തെ അംഗീകരിക്കുന്ന സാമൂഹ്യബോധത്തോടെയുള്ള വീക്ഷണങ്ങളെ തന്നെ എടുത്തുകാട്ടുന്നതവ തന്നെയായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങൾ തന്നെയാവും നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളും, തൂവനത്തുമ്പികളും! തിങ്കളാഴ്ച നല്ല ദിവസ്അം എന്ന സിനിമയിൽ കവിയൂർപ്പൊന്നമ്മ മുതൽ കുക്കുപരമേശ്വര അവതരിപ്പിക്കുന്ന സ്ത്രീ കഥാപാത്രം വരെ പുരുഷനാഗ്രഹിക്കുന്ന തരത്തിലുള്ള സ്ത്രീകഥാപാത്രങ്ങൾ തന്നെയാണു സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്! തൂവാനത്തുമ്പികളിൽ സുമലതയെന്ന നടിയുടെ മുഖത്തെ/ ശരീരത്തിലെ ഭംഗിയുള്ള ഫീചേർസ് മഴയുടെ കാല്പനികതയും കൂട്ടിച്ചേർത്ത് അവതരിപ്പിച്ചു എന്നല്ലാതെ, പുരുഷന്റെ വീക്ഷണം അല്ലാതെ അതിൽ വേറെയൊന്നുമില്ല! നടിക്കഭിനയിക്കാൻ ഒന്നുമില്ല അതിൽ. എന്നാൽ മലയാളി സമൂഹം സ്ത്രീകൾ ക്ലരയേ പോലെ ആവാനും, പുരുഷൻ ക്ലാരയെ പോലെയൊരുത്തിയെ കിട്ടാനും ഉള്ളിൽ ചിലപ്പോഴെങ്കിലും ആഗ്രഹിച്ചിരുന്നിരിക്കും! ഗൃഹാതുരത്വം നിറഞ്ഞുകവിയുന്ന, പ്രണയത്തിന്റെ കാല്പനികതകളെന്നു സ്വപ്നം കണ്ട് ഓരോ സ്ത്രീയുടേയും പുരുഷന്റേയും സ്വകാര്യതകളിലേക്കു ആ സിനിമ കയറിച്ചെന്നെങ്കിൽ അത് തീർച്ചയായും ഒരു 'സ്ത്രീപക്ഷ' സിനിമയായതുകൊണ്ടോ, അതിലെ നടി അഭിനയിച്ചുപൊലിപ്പിച്ചതുകൊണ്ടോ അല്ലെന്നുറപ്പിക്കാം! :)

നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളും വ്യത്യസ്ഥമല്ല. ബലാൽസംഗത്തിന്നിരയാകപ്പെട്ട സ്ത്രീയെ കല്യാണം കഴിക്കാൻ തയ്യാറാവുന്ന പുരുഷൻ എന്ന 'സന്ദേശം' അടങ്ങുന്ന ഒരു കഥ മെനഞ്ഞെടുത്തതു മുതൽ, അങ്ങിനെയൊരു കാമുകനെ , പ്രണയിതാവിനെ ലഭിച്ചതിൽ, അതു കാണുന്ന സ്ത്രീപ്രേക്ഷകർക്കൊക്കെ  ശാരിയുടെ 'മഹാഭാഗ്യമായി' 'മോഹൻലാലിനെ' തോന്നിപ്പിക്കുന്ന തരത്തിൽ കെട്ടിപ്പടുത്ത ശാരിയുടെ കഥാപാത്രം വരെ അടിമുടി പുരുഷവീക്ഷണമേ അതിലുള്ളു.
അങ്ങിനെ ആലോചിക്കുമ്പോൾ എം.ടിയുടെ തിരക്കഥകളിലെ ചില സീമയുടെ ഒക്കെ സ്ത്രീകഥാപാത്രങ്ങളേയും ശക്തമായ സ്ത്രീകഥാപാത്രങ്ങളായി പ്രത്യക്ഷത്തിൽ വരുന്നതായി ഓർക്കാം. ഭരതന്റെ ചിലവയും. പക്ഷേ ഇതിലൊന്നും സ്ത്രീക്കു സൂഖ്മമായി അഭിനയിച്ചു ഫലിപ്പിക്കാനൊന്നും ഒന്നുമുള്ളതായി തോന്നുന്നില്ല.

അതുകൊണ്ട് കേവലം മഞ്ജുവാര്യരുടെ അഭിനയപാടവം ഒന്നുകൊണ്ടുമാത്രമാവില്ല അവരെ ജനപ്രിയയാക്കുന്നത്, മലയാളത്തിന്റെ ഐശ്വര്യം നിറഞ്ഞമുഖത്തോടുകൂടിയ നീളൻ മുടിയുള്ള, ചന്ദനപ്പൊട്ടുള്ള ഈ അംബലവാസിക്കുട്ടിയെ ഇഷ്ടപ്പെടുന്നതിൽ കൃത്യമായ സാമൂഹ്യകണ്ടീഷനിംഗുകൾക്കും, രാഷ്ട്രീയപരിതസ്ഥിതികൾക്കും പങ്കുണ്ടാവണം! 
അതുകൊണ്ടൊക്കെ ആവണം 'മലയാളത്തിന്റെ സ്വന്തം നായികയുടെ നിർണ്ണായകമായ' ഒരു ദിവസമായ മേയ് 16 ജീവിതത്തിൽ അവരെടുത്ത ഏറ്റവും വ്യക്തിപരമായ ഒരു തീരുമാനം ശരിയാണോ തെറ്റാണോ എന്നു പ്രവചിക്കുന്ന ദിവസമായി മാറിയത്. ആ സിനിമയുടെ റിലീസിന്റെ അന്ന് അവരുടെ സ്വകാര്യ ജീവിതത്തിന്റെ ആകത്തുക തന്നെ ശരിയോ തെറ്റോ എന്നു നിശ്ചയിക്കപ്പെടുന്ന, മലയാളികൾ ഒന്നടങ്കം മുൾമുനയിൽ നിന്നിരുന്ന ദിവസമയി മാറുന്ന തലത്തോളമെത്തുന്നത്. ഇന്ത്യൻ മഹാരാജ്യത്തെന്തു സംഭവിച്ചാലും മലയാളി ഹൃദയമിടിപ്പോടെ കാത്തുനിന്നിരുന്ന ഒരു ദിവസമായി മാറിയത്. ഈ സിനിമയെങ്ങാനും വിജയിക്കാതെ പോയാൽ അവരുടെ വ്യക്തിജീവിതത്തിലെ ഒരു തീരുമാനം മുഴുവൻ തെറ്റായിപ്പോയിരുന്നേനെ എന്ന ഭാഷ്യങ്ങളിലായിപ്പോയത്! ആ അഭിനേത്രിയുടെ സ്വകാര്യജീവിതത്തെകുറിച്ചെന്തും കമന്റ് ചെയ്യാനുള്ള അവകാശമുള്ള മലയാളി സമൂഹത്തിന്റെ ആ സ്നേഹസമ്പന്നതയെ, ആ നെഞ്ചിടിപ്പിനെ വാർത്താമാദ്ധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നത്.  

പിന്നെ... പാസ്റ്റ് ഈസ് പാസ്റ്റ്, നൗ വാട് എന്നാണല്ലോ പുതിയ ഇന്ത്യൻ രാഷ്ട്രീയം തന്നെ! പോസറ്റീവായി കാണുകയെന്നാണല്ലോ ഭാരതീയപാരമ്പര്യം! സോ ഇനി വരാൻപോകുന്ന നാളുകളിലും, പോയ നാളുകളിലും 'സ്ത്രീപക്ഷസിനിമകളെ' കൊണ്ട് തട്ടിത്തടഞ്ഞു നടക്കാൻ വയ്യാത്ത മലയാള സിനിമയിൽ ഈ അഭിനേത്രിക്ക് സ്വന്തം ടാലന്റ് പുറത്തെടുക്കാനുള്ള ശക്തമായ, പൂർവ്വാധികമായ സാദ്ധ്യതകളുണ്ടാവട്ടെ എന്നാശംസിക്കാനേ കഴിയൂ! അവർക്കുവേണ്ടിയെങ്കിലും മലയാളസിനിമയിൽ സ്ത്രീതിർക്കഥാകൃത്തുകൾ, സ്ത്രീസംവിധായകർ ഒക്കെ ഉണ്ടായിവരണേയെന്നും വെറുതെ സ്വപ്നം കാണുകയും ചെയ്യുകയേ നിവർത്തിയുള്ളു!

സിനിമയെന്ന കലയുടെ സാങ്കേതികവശങ്ങൾ അത്രയൊന്നും അറിയാത്ത ഞാൻ, ഇനി സിനിമയെന്നാൽ എന്തെന്നും, അത് കൃത്യം സിനിമാറ്റിക് ആയാണോ മലയാളസിനിമാസംവിധായകർ സമീപിക്കുന്നതെന്നും തിരിച്ചറിയാനായ ഒരു സാഹചര്യം ഈയിടെയാണുണ്ടായത്. അതു വെച്ചുനോക്കുമ്പോൾ മലയാളസിനിമകൾ ഒട്ടുമുക്കാലും സിനിമാചർച്ചകളിൽ ഓഫ്ടോപ്പിക്കായി മാറില്ലേ എന്നും തോന്നുന്നു എന്നതു സാന്ദർഭീകമായി പറഞ്ഞുപോകുന്ന വേറെ വിഷയം. :) :)

3 comments:

ശ്രീ said...

നല്ല അഭിപ്രായമാണ് പൊതുവേ...

P.R said...

അങ്ങിനെ തന്നെ ആവട്ടെ, ശ്രീ...

:)

ajith said...

കണ്ടില്ല.