Tuesday, May 13, 2014

എന്തരോ എന്തോ!


ഒരു വ്യക്തിയുടെ ജീവിതത്തിലെ നിർണ്ണായക ഘട്ടത്തിൽ എടുത്ത ഒരു ഡിസിഷൻ. ലെറ്റ് ഇറ്റ് ബി എനിതിങ്. അത് ആ വ്യക്തിയുടെ സ്വകാര്യതയും കൂടിയാണ്. പ്രൈവസിയിലേക്കുള്ള കടന്നുകയറ്റങ്ങൾ 'സെലിബ്രിറ്റികൾ' ആണെന്നുള്ളതുകൊണ്ട് ന്യായീകരിക്കാനൊന്നും ആവില്ല. മിനിമം ആ ബോധമെങ്കിലും അന്യന്റെ ജീവിതത്തെ കുറിച്ചു കമന്റുകൾ പറയുന്നവർക്കുണ്ടാവണം എന്നേ തോന്നുന്നുള്ളു.
ജീവിതത്തിൽ മനുഷ്യനു ഏറ്റവും പ്രധാനമായ ഒരു കാര്യമാണ് അവരവരുടെ സ്വകാര്യത. ഏതു മനുഷ്യനും സ്വന്തം ജീവിതത്തിലെ ഏറ്റവും സുപ്രധാനനിമിഷങ്ങളിലെല്ലാം , അതെന്തോ ആവട്ടെ, ദുഃഖമോ സന്തോഷമോ എന്തുമായിക്കോട്ടെ, അകത്തു സൂക്ഷിച്ചുവെക്കാനുള്ള ചില സ്വകാര്യതകൾ ഉണ്ടാകും.

മേയ് 16 ആണത്രേ മഞ്ജുവാര്യർ സ്വന്തം ജീവിതത്തിൽ എടുത്ത ഒരു തീരുമാനം ശരിയോ തെറ്റോ എന്നു പ്രവചിക്കുന്ന ദിനം! ഈ സിനിമയുടെ വിജയപരാജയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണോ മഞ്ജുവിന്റെ വ്യക്തിജീവിതത്തിലെടുത്ത ഒരു 'തീരുമാനം' ശരിയോ തെറ്റോ എന്നു നിശ്ചയിക്കുന്നത്! അതും ഇതും തമ്മിൽ എന്തു ബന്ധം? ഇനിപ്പൊ, ഇതുപ്രകാരം അവരെടുത്ത തീരുമാനം തെറ്റായിരുന്നൂന്ന് തെളിഞ്ഞാൽ, ബാക്കി ജീവിതം മുഴുവൻ പരാജയം ആണെന്നാണോ അതിനർത്ഥം? 16-ലെ പകലിനായി മലയാളികളെന്തിനാ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നത്? മലയാളികളാണോ അവരുടെ ജീവിതം കാത്തുസൂക്ഷിക്കുന്നത്? അവരെ വെറുതെ വിടു, പ്ലീസ്... അവരഭിനയിക്കുകയോ, അഭിനയിക്കാതിരിക്കുകയോ ചെയ്യട്ടെ. അഭിനയിച്ചത് നന്നാവാതെയിരിക്കാനുള്ള അവകാശവും അവർക്കുണ്ട്. ഇനിയെങ്കിലും 'മലയാളത്തിന്റെ പ്രിയപ്പെട്ട മഞ്ജുവാര്യർ', ' എന്തിന്റെയോ ഐശ്വര്യം' എന്നു തുടങ്ങിയുള്ള ടിപ്പിക്കൽ മലയാളി ലേബലുകളിൽ നിന്നും അവർക്കു മോചനം ഉണ്ടാവട്ടെ! അവരവർക്കിഷ്ടമുള്ളപോലെ ജീവിക്കട്ടെ, പ്രവർത്തിക്കട്ടെ!
അതിനു പകരം എന്തിനിങ്ങനെ മറ്റൊരാളുടെ ജീവിതത്തെ മുൾമുനയിൽ നിർത്തിയാഘോഷിക്കണം?



Video Courtesy - PrimeGlitzMedia

No comments: