Tuesday, October 23, 2012

തലക്കെട്ടില്ലാത്ത ചില വരികള്‍...

വര്‍ണ്ണനാതീതമെന്നു തന്നെ വിശേപ്പിക്കാവുന്ന ഒരു പടുകൂറ്റന്‍ വീടായിരുന്നു അത്.
എങ്കിലും ആ വീട് പുറമേക്ക് പ്രകടമാക്കുന്ന അതിന്റെ മാസ്മരിക സൌന്ദര്യം എന്നില്‍ ഒരു അന്ധാളിപ്പ് ഉണ്ടാക്കിയിരുന്നു. അത്തരം 'മാസ്മരികതകള്‍' എന്നിലെ സൌന്ദര്യാഭിരുചികളുമായി ഒത്തു പോകാറില്ല. മാത്രവുമല്ല ഇത്തരം അകര്‍ഷണങ്ങള്‍ക്ക് പിന്നില്‍ പ്രയോഗിക്കപ്പെടുന്ന ചിന്തകളെയും അഭിരുചികളെയും അഭിനന്ദിക്കാതെ വയ്യെങ്കിലും അതിന്റെ പിന്നിലെ  പ്രയത്നം എന്ന ഒരൊറ്റ ആലോചന എന്നെ ക്ഷീണിപ്പിചുവശം കെടുത്താറണ്ട്.
.
എന്നിട്ടും ഫ്ലാറ്റുകളിലെ ചതുരവടിവിലുള്ള  റൂമുകള്‍ക്ക് പകരം വിശാലമേറിയ മുറികളും, വെളിച്ചവും വായുവും യഥേഷ്ടം അനുവദിക്കുന്ന തരത്തിലുള്ള അതിന്റെ ഘടനയും എനിക്ക് ഏറെ ആകര്‍ഷകമായി തോന്നി. സന്തോഷത്തിന്റെ മിനുസമുള്ള കണങ്ങള്‍ ആ വീടിലെ തിളങ്ങുന്ന ടൈല്‍സ് പാകിയ നിലത്തു  തളം കെട്ടി നില്‍ക്കുന്നുണ്ട്. പല  നിറങ്ങളെ കൊണ്ട് വര്‍ണ്ണാഭമായ ചുവരുകള്‍ ആ വീടിന്റെ കഥ പറയുന്നുണ്ട്.
അത്യാകര്‍ഷങ്ങളായ നിറക്കൂട്ടുകളില്‍ തിരഞ്ഞെടുത്തു കൃത്യം സ്ഥാനങ്ങളില്‍ നിലത്തു  വിരിച്ചിട്ടുള്ള ചെറുതും വലുതുമായ കാര്‍പെറ്റുകള്‍ ആ വീടിന്റെ ഗരിമ വര്‍ദ്ധിപ്പിക്കുന്നുണ്ട്. .
മുന്‍പിലുള്ള ഹാളിലെ ചില്ലുവാതിലുകളുള്ള പടുകൂറ്റന്‍ വാതിലുകളിലൂടെ കാണാവുന്ന, പുറത്തു പച്ച വിരിച്ച പുല്‍മേട, അകത്തു നിന്നും വിസ്മയിപ്പിച്ചു കൊണ്ട് കണ്ണുകളെ ഒരു കാന്തിക ശക്തി പോലെ ആകര്‍ഷണത്തില്‍ പിടിച്ചു വലിക്കുന്നുണ്ട്.
ഓരോ മുക്കിലും മേശപ്പുറത്തും കോണുകളിലും, ചട്ടികളിലും ചില്ലുപാത്രങ്ങളിലുമായി തൂങ്ങിയും താണും നിവര്‍ന്നും നില്‍ക്കുന്ന മണി പ്ലാന്റുകളും മറ്റു ഇന്‍ഡോര്‍ പ്ലാന്റുകളും വല്ലാത്ത ഒരു നവീനഭാവം നല്‍കിക്കൊണ്ടങ്ങനെ പച്ചയായി അനങ്ങാതെ നില്പുണ്ട്.


പക്ഷെ, അന്ന് അങ്ങനെയായിരുന്നു.
അന്ന് അത് രണ്ടാമത്തെ പ്രാവശ്യമായിരുന്നു ഞാന്‍ ആ വീട്ടിലേക്കു പ്രവേശിക്കുന്നത്. ആള്‍ക്കൂട്ടങ്ങളുടെ ഇടയിലൂടെ എന്റെ സാരി ഒതുക്കി മാറ്റി ഒരുവിധത്തില്‍ കോണിപ്പടികളിലെത്തി പ്പെട്ടു. സുമുഖനായ ഒരു ചെറുപ്പക്കാരന്‍ എന്റെ അടുത്ത് വന്നു. അയാളുടെ തിളങ്ങുന്ന കണ്ണുകളില്‍ നിന്നും വിട്ടുമാറാത്ത  ഒരിളം വെയിലിന്റെ ശോഭ  പുഞ്ചിരിക്കാതെ എന്നോട് പറഞ്ഞു - "ചേച്ചി മുകളിലുണ്ട്. അങ്ങോട്ട്‌ ചെന്നോളൂ."
മിനുസമേറിയ പടികളോരോന്നായി കയറുമ്പോള്‍ മനസ്സിനെ പരമാവധി ഒഴിച്ചിടാന്‍ നോക്കി. മുകളിലെ തറയില്‍ നിന്നും ക്ലീനിംഗ് ഏജന്റ്റ് - ക്ലോറക്സിന്റെ രൂക്ഷ ഗന്ധം എന്റെ നാസികാദ്വാ രങ്ങളിലേക്ക് പടര്‍ന്നുകയറി. വിശാലമായ വരാന്ത പിന്നിട്ടു മുറിയിലേക്ക് കടന്നു ചെല്ലുമ്പോള്‍ കട്ടിലില്‍ ചാരിയിരിക്കുന്ന ചേച്ചി. ഒന്ന് നോക്കി ഒരു ചിരി വരുത്താനുള്ള ശ്രമം പരാജയപ്പെട്ട് വീണ്ടും കണ്ണുകള്‍ അടച്ചുകളഞ്ഞു ചേച്ചി. അടുത്തുള്ള ഒരു ചെറിയ സോഫയിലേക്ക് ഞാന്‍ യാന്ത്രികമായി ഇരുന്നു കൊടുത്തു. സാരി വീണ്ടും ഒതുക്കി. ഇനിയെന്ത്?
അവര്‍ക്കും എനിക്കും ഇടയില്‍ ഉണ്ടായതീരുന്ന, ഒരു മൂളിച്ച പോലെ തുടങ്ങി ഒരു ഗര്‍ജ്ജനമായിത്തീര്‍ന്ന കാതടച്ചു പോകുന്ന നിശ്ശബ്ദതയെ ഓരോ നിമിഷവും ഞാനറിഞ്ഞു കൊണ്ടിരുന്നു. ആ ഗര്‍ജ്ജനം എന്റെ ചെവികളില്‍ വന്നലച്ചു കൊണ്ടിരുന്നു. എന്റെ തോലിക്കടിയിലെ മജ്ജയും മാംസവും കൊത്തിനുറുക്കി അതാവോളം വലിച്ചെടുക്കുന്നുണ്ടായിരുന്നു. ചിരിപരിചിതയായ അവരുടെ മുന്നില്‍ നിന്നും എങ്ങനെ  രക്ഷപ്പെട്ടോടാം എന്നത് മാത്രമായിരുന്നു അപ്പോഴത്തെ എന്റെ ചിന്ത. അതിനു മുമ്പ് ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ഇതുപോലൊരു ഘട്ടം തരണം ചെയ്യേണ്ടി വന്നത് അപ്പോള്‍ ഓര്‍ത്തെടുത്തു. എ.സി യില്‍ നിന്നുമുള്ള തണുത്ത കാറ്റ് എന്റെ സാരിതലപ്പുകളെ അനക്കി കൊണ്ടിരുന്നു.

അത്തരം നിശബ്ദതയെ ഞാനെന്നും ഭയപ്പെട്ടിരുന്നു, രണ്ടു വ്യക്തികളുടെ ഇടയില്‍ രൂപപ്പെട്ടു വരുന്ന കല്ല്‌ പോലെ ഉറച്ചതും കൂര്‍പ്പും, മുനയും കുത്തി മുറിവേല്പിക്കുന്ന തരം നിശ്ശബ്ദതയെ. പതുക്കെ പതുക്കെ ഞാനവിടെ തന്നെ ഇരിക്കേണ്ടവളാണെന്ന ബോധം വീണ്ടെടുത്തു.
ആ നേരത്ത് ഞാന്‍  അവിടെയിരുന്നു ആലോചിച്ചു തുടങ്ങി, നിശ്ശബ്ദതയെ കുറിച്ച്.

നിശബ്ദതയെ ഒരു സംഗീതം പോലെ കൊണ്ടുനടക്കുന്ന ഒരു മനസ്സുണ്ട് എനിക്ക്. ചില ദിവസങ്ങളില്‍ അകത്തെ മറ്റെല്ലാ ശബ്ദങ്ങളെയും അകറ്റി നിര്‍ത്തി, അടുക്കളശബ്ദങ്ങളെ മാത്രം അകത്തേക്ക് അനുവദിച്ചു കൊണ്ട് ഞാന്‍ എന്റെ അടുക്കളയുടെ ജനാലകള്‍ ശബ്ദമില്ലാതെ തുറന്നു വെക്കാറുണ്ട്. മുകളിലെ ഫ്ലാറ്റില്‍ നിന്നും ഒരു റേഡിയോ ഗാനം ജനാലയിലൂടെ എന്റെ കാതുകളിലേക്ക് കയറിവരുന്നതും കാത്ത്. അവ എന്റെ നിശബ്ദതയിലേക്ക് കടന്നു വരുന്ന ഇമ്പമാര്‍ന്ന സംഗീതമാണ്.
ചില നേരത്തെ നിശ്ശബ്ദതകളില്‍ ഞാന്‍, എ.സി യുടെ തണുപ്പില്‍ തലയിണയിലേക്ക് നനഞ്ഞ മുടി നിവര്‍ത്തിയിട്ടു, ഒരു പുസ്തകത്തിന്റെ കൂട്ട് പിടച്ചു പുതപ്പിനുള്ളില്‍ നിന്നും  ഉറങ്ങിയെഴുന്നേല്‍ക്കുന്ന  സുഖം ആലോചിച്ചു നോക്കാറുണ്ട്.
യാത്രകളിലെ നിശ്ശബ്ദതകളെ ഏറെ ഇഷ്ടമാണെനിക്ക്. എന്തോ മറ്റുള്ളവര്‍ കലപില കൂട്ടുന്നത്‌ പോലും  ആ നേരത്ത് എന്നില്‍ ഈര്‍ഷ്യ ഉണ്ടാക്കിയിട്ടുണ്ട് . യാത്രാ വേളകള്‍ എനിക്ക് ആനന്ദിക്കാനുള്ളതാണ്. അവിടെ ശബ്ദം ആലോസരമാണ്.
പെട്ടെന്നൊരു  മഴ പെയ്തു തോര്ന്നുകിട്ടുന്ന മൂകതയെന്തി നില്‍ക്കുന്ന പോലൊരു  നിശ്ശബ്ദതയില്‍ ചില നേരത്ത് ഞാന്‍ അക്ഷരങ്ങളുടെ പതിഞ്ഞ  കാലൊച്ച കേട്ട് ഓടിപ്പോയി തുറന്നു വെച്ച ലാപ്ടോപ്പിന്റെ കീ പാഡില്‍ വിരലുകള്‍ ചാലിപ്പിക്കാറുണ്ട്.

അങ്ങനെ നിശ്ശബ്ദതയെ കുറിച്ച് ആലോചിച്ചു നിശ്ശബ്ദതയോടുള്ള പേടി ഒന്നടങ്ങിയെന്നു തോന്നിയപ്പോള്‍, ഞാനവരെ നോക്കി. മടിയില്‍ രുദ്രാക്ഷ മണികള്‍ ആയിരിക്കണം. മണികളോ രോന്നായി എണ്ണി എണ്ണി കണ്ണുകള്‍ പാതി അടച്ചു ചാരി കിടക്കുന്ന അവരോടു ഇനിയും എന്ത് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി.

ഞാനവരുടെ ഹൃദയ മിടിപ്പുകളെ കേള്‍ക്കുവാന്‍ ശ്രമിച്ചുനോക്കി. പകരം ഞരമ്പുകള്‍ പൊട്ടിപൊട്ടി പോകുന്ന ശബ്ദം എനിക്ക് കേള്‍ക്കുവാന്‍ കഴിഞ്ഞു. അവരുടെ കൈകള്‍ അപ്പോഴും ഓരോരോ മണികളെ  എണ്ണിയെണ്ണിക്കൊണ്ടിരുന്നു. മനസ്സിനുള്ളില്‍ എണ്ണിയാലോടുങ്ങാത്ത ഓര്‍മ്മകള്‍ പേറുന്ന  അനേകം മുത്തുകളുള്ള മാലകളെ ഓരോന്നായി എണ്ണിപ്പെറുക്കുന്നത്  എനിക്കറിയാന്‍ കഴിയുന്നുണ്ടായിരുന്നു. അവരുടെ ചുണ്ടുകള്‍ വിളറി വെളുത്തിരുന്നു. ഉണങ്ങി ഒട്ടിയിരുന്നു. നെഞ്ചു ഉയര്‍ന്നു  പൊങ്ങിയിരുന്നു. തുറന്ന കണ്ണുകള്‍ എനിക്ക് നേര്‍ വിപരീത ദിശയിലേയ്ക്ക് ലക്ഷ്യമില്ലാതെ നീട്ടിയിട്ടിരുന്നു.
ഒരു നിമിഷം...അവരുടെ തോളിലേക്ക് എന്റെ കൈകള്‍ വിറയലോടെ പതിഞ്ഞു. അവര്‍ നോക്കിയില്ല. അവരുടെ അടുത്തിരുന്നു. സമാധാന വാക്കുകള്‍ വെറും അര്‍ത്ഥമില്ലാത്ത ജല്പനങ്ങള്‍ മാത്രമായി മാറിയേക്കുമോ എന്നു തോന്നിയ ഉള്‍ഭയത്തിലെ തമാശ ഓര്‍ത്തുപോയി ഞാനപ്പോള്‍. മാറോടു ചേര്‍ത്ത് "ഇതാണ് യാഥാര്‍ത്ഥ്യം ചേച്ചീ" എന്ന് പച്ചയായി പറഞ്ഞാലോ എന്നും കടന്നു ചിന്തിച്ചു.
ഞാന്‍  എഴുന്നേറ്റു പതുക്കെ മുറിയില്‍ നിന്നും പുറത്തു കടന്നു. എന്റെ നെഞ്ചു കലങ്ങി മറിഞ്ഞു.

കോണിപ്പടിയിലേയ്ക്കുള്ള വിശാലമായ വരാന്തയില്‍ ബുദ്ധന്റെ മുഖം ചുവരില്‍ ശാന്തതയോടെ പുഞ്ചിരിക്കുന്നു. തൊട്ടടുത്തുള്ള ജനാലയിലൂടെ അകത്തെത്തുന്ന വെയിലിന്റെ ഒരു കഷ്ണം ബുദ്ധന്റെ കണ്ണുകളിലേയ്ക്കു  ചാഞ്ഞു വീഴുന്നു.


 താഴെ കൂടി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാന്‍ പുറത്തിറങ്ങി.
 ചേച്ചിയുടെ പച്ചകറി തോട്ടത്തിലേക്ക് ഒന്ന് കണ്ണോടിച്ചു. എല്ലാം വാടിക്കരിഞ്ഞു കാണുമെന്നു വിചാരിച്ച എന്റെ കണ്ണുകളിലേക്കു വിളഞ്ഞു നില്‍ക്കുന്ന പയറുകള്‍ ചിരിച്ചു കാണിച്ചു. തക്കാളി കുഞ്ഞുങ്ങള്‍ പച്ചനിറത്തില്‍ തൂങ്ങി നില്പുണ്ട്. പച്ചമുളകും കറിവേപ്പിലകളും തമ്മില്‍ തമ്മില്‍ കാറ്റിന്റെ അനക്കങ്ങളില്‍ തൊട്ടു തൊട്ടു നില്‍ക്കുന്നു. തൊട്ടപ്പുറത്തെ വഴുതിനയില്‍ അപ്പൊ കഴിഞ്ഞ നനയുടെ ബാക്കി വെള്ളത്തുള്ളികള്‍ ഇറ്റുവീഴുന്നുണ്ട്.  നന കഴിഞ്ഞു തിരിച്ചു പോകുന്ന, തലയില്‍ തൊപ്പിയിട്ട തോട്ടക്കാരനും.

ഞാന്‍ വെറുതെ അവിടെയുള്ള ഒരു  യൂക്കാലി മരത്തിലേക്ക് നോക്കി. അതില്‍ കാണാവുന്ന ദിക്കില്‍ അന്നൊരു കിളി ക്കൂടുണ്ടായിരുന്നു. രണ്ടു മുട്ടകളും. ഇന്ന് കൂട് ഒഴിഞ്ഞു കിടപ്പാണെന്ന് തോന്നിച്ചു. കിളിക്കുഞ്ഞുങ്ങള്‍ എങ്ങോ പറന്നു പോയിരിയ്ക്കാം. അമ്മക്കിളി അതിന്നടുത്ത് തന്നെ  ഒഴിഞ്ഞ കൂടും നോക്കി ഇരുപ്പുണ്ടാവുമെന്നു എനിക്ക് തോന്നി. എന്റെ സാരിയുടെ ഒതുങ്ങി നില്‍ക്കാത്ത  ഞൊറികളിലേക്ക് എവിടന്നൊക്കെയോ ഇലകള്‍ കൊഴിഞ്ഞു വീണു.

അതിനിടെ ഒന്നാകെ ചുട്ടുപഴുത്തു പോയ കാറിന്റെ ഉള്ളില്‍ ഗ്ലാസ്കളൊക്കെ തുറന്നിട്ട്‌ ചൂടിനുള്ളില്‍ ഇരുന്നു കുറച്ചുനേരം. പിന്നെ ഗ്ലാസ്സ് കയറ്റി എ. സി ഇട്ടു. ലാപ്ടോപ് പുറത്തെടുത്തു.  വെറുതെ തുറന്നു വെച്ചു. കുത്തിക്കുറിക്കുവാന്‍ ധൃതി കൂട്ടി തുടങ്ങിയിരിക്കുന്നു പിടയുന്ന വിരലുകള്‍. തുറന്നപ്പോള്‍ എന്നോ,  ഡ്രാഫ്റ്റില്‍ ഡിലീറ്റു ചെയ്യാതെ കിടന്നിരുന്ന ഏതാനും പോസ്റ്റുകള്‍... അതില്‍ തലക്കെട്ട്‌ തീരുമാനമാവാത്ത ഏതാനും ചില വരികള്‍.. അലസമായി ഒരു മൂലയില്‍ കിടക്കുന്ന അവകള്‍, മുമ്പ് പറഞ്ഞ ഏതോ മഴ തോര്‍ന്ന മൂകതയേന്തുന്ന നിശ്ശബ്ദതയില്‍ ടൈപ് ചെയ്തു വയ്ക്കപ്പെട്ടവയായിരുന്നു. അവയ്ക്കിപ്പോള്‍ ശബ്ദമുണ്ട്‌. അനക്കമുണ്ട്.
അതിങ്ങനെയായിരുന്നു.

A big tree.
An old grey tree, with dried skin.
tons of leaves 
tickling each other 
and giggling together,
with unseen bird-nests and chirping sounds.
 

A half-grown head with a small, tender beak,
spilled out of a broken egg
suddenly scattered all around,
down the shade,
upon the sprouted weeds.


And the mother still weeps...



ലാപ്ടോപ്  അടച്ചു.
മിററിലേക്ക്  ഒരു നോട്ടം നോക്കി. സണ്‍ ഗ്ലാസ് വെച്ച്, ബെല്‍റ്റ്‌ വലിച്ചിട്ടു. ഇനി യാത്രയുടെ   നിശ്ശബ്ദതയിലേക്ക് കലങ്ങി മറിയുന്ന മനസ്സിനെ വലിച്ചെറിയാം...
എന്നിട്ട് ദുഃഖങ്ങളെയും സന്തോഷങ്ങളെയും ഒരുപോലെ കാണുവാന്‍ ആഹ്വാനം ചെയ്യുന്ന തത്വചിന്താധാരകളെയും, സകലമാന പുസ്തകങ്ങളെയും, കെട്ടു  കെട്ടായി പുറംതള്ളുന്ന 'പോസറ്റീവ് വിചിന്തനങ്ങളെയും' തല്‍ക്കാലം പിഴുതെറിഞ്ഞു കളയാം. എന്നിട്ട് സമാധാനമായി, വെടിപ്പായി ഒന്ന് ദുഃഖിക്കട്ടെ! ഒന്ന് നൊന്തു ദുഃഖിക്കട്ടെ!

"ദുഃഖിക്കുന്ന സ്ത്രീപുരുഷ മനസ്സുകളേ...... നിങ്ങള്‍ ധൈര്യമായി ദുഃഖിക്കുവിന്‍, ആവോളം ദുഃഖം അനുഭവിപ്പിന്‍, നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്, ഇവിടെ ഒരു തത്വശാസ്ത്രവും നിങ്ങളുടെ ദുഃഖത്തിനെ എതിരിടാന്‍ പോകുന്നില്ല ! " എന്ന് ഉദ്ഘോഷിച്ചു കൊണ്ട്,  ഏതു പുല്‍മേടയും അതിശയിക്കുന്ന പച്ചപ്പുള്ള ആ പ്രദേശത്ത് നിന്നും,  രണ്ടു വശത്തും ചുകന്ന കാതിലകള്‍ പോലെ  പൂത്തു കുലകളായി തൂങ്ങികിടക്കുന്ന ചുകന്ന പൂക്കളുള്ള ചെമ്പൂമരങ്ങള്‍ നിരനിരയായി നില്‍ക്കുന്ന ഹൈവേയിലേക്ക് കയറി വന്ന ഒരു കാര്‍, നഗരം ലക്ഷ്യമാക്കി  ചീറി പായുന്ന മറ്റു വാഹനങ്ങളുടെ വേഗതയിലേക്ക് ലയിച്ചു ചേര്‍ന്നത് അന്നത്തെ ആ  വൈകിയ നേരത്ത് ആരും തന്നെ ശ്രദ്ധിച്ചു കാണില്ല...

4 comments:

വല്യമ്മായി said...

വായിച്ചു കഴിഞ്ഞപ്പോ ഒരു കനത്ത നിശബ്ദതയിലേക്ക് കൂപ്പ് കുത്തി എന്റെ മനസ്സും ,എഴുത്ത് ഉഗ്രനായി

Vineeth M said...

എവിടെയോ ഒരു നൊമ്പരം... നനായി ആശാനെ......

എനിക്കുമുണ്ടൊരു ബ്ലോഗ്‌...... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു....

ajith said...

ചേച്ചിക്കെന്തുപറ്റിയതായിരുന്നു?

ചീര I Cheera said...

അങ്ങനെ കൂടെ നടക്കാന്‍ കഴിഞ്ഞെങ്കില്‍ അതിലും മീതെ വേറെ എന്ത് സന്തോഷം വല്യമ്മായീ... :-)

വിനീത് വാവ, താങ്ക്യൂ ! :-)

ശ്രീ. അജിത്‌,
സത്യത്തില്‍ ഇത് എന്റെ "എഴുതാനുള്ള മോഹം" മാത്രമാണ്. എങ്ങനെ എഴുതാം, എന്തെഴുതാം എന്നുള്ള സംഘര്‍ഷം കൊണ്ടുനടന്നതിന്റെ ഫലം എന്നും പറയാം. :)
ചേച്ചിക്കെന്തു പറ്റിയെന്നതിനേക്കാള്‍, അങ്ങനെയൊരു സാഹചര്യത്തില്‍ ചെന്ന് പെടുമ്പോള്‍ ഉണ്ടാവാവുന്ന മനോവ്യാപാരങ്ങള്‍, (സാരിയുടുത്ത കഥാപാത്രത്തിന്റെ) അതെങ്ങനെ എഴുതി ഫലിപ്പിക്കാം എന്നതായിരുന്നു ശ്രമം. എന്തായാലും സൂചനകള്‍ മനഃപൂര്‍വ്വം നല്‍കിയിട്ടുണ്ടായിരുന്നു, ആ 'തലക്കെട്ടില്ലാത്ത വരികള്‍' പറയുന്നത് തന്നെയാണ് ഞാന്‍ ഉദ്ദേശിച്ച വലിയ സൂചന.(അത് ഏറ്റില്ലേ ആവോ... ) ;-)