Thursday, November 22, 2012

ഒരു നഗരം പറഞ്ഞ കഥ.

ഒരു കഥയായി പിറന്നു ജീവിച്ച പകുതിയില്‍, വഴിതെറ്റി മറ്റേതോ കഥയിലേയ്ക്ക്  പുറം തിരിഞ്ഞു നടക്കുന്ന  ഒരാള്‍...
അയാള്‍ നടക്കുകയാണ്, നേരം വൈകിയുള്ള നടത്തം.

കുട്ടിക്കാലം മുതലേ മറ്റുള്ളവരാല്‍  എടുത്തു പറയപ്പെടുന്ന അയാളുടെ ഒരു പ്രകൃതമാണീ നേരം വൈകല്‍. വൈകി മാത്രം പുറപ്പെടുക, വൈകിയ നേരത്ത് എത്തിച്ചേരുക എന്നത് അയാളിപ്പോഴും അതുപോലെ തുടര്‍ന്നു വരുന്നുവെന്ന് പൊതുജനമതം.
അയാളീ ഭൂമിയിലേയ്ക്കു പിറന്നു വീണത്‌  പക്ഷെ ഈ  പ്രകൃതത്തിനു വിപരീതമായി നിശ്ചിത സമയത്തിനു മുമ്പേ ആയിരുന്നു. മാതാവിന് പ്രസവ വേദന എന്തെന്നറിയുന്നതിനു മുമ്പേ അയാള്‍  അവരുടെ ഉദരത്തില്‍ നിന്നും പുറത്തു വന്നു കളഞ്ഞു. അയാളുടെ അമ്മ എന്നുമെന്നും ഓര്‍മ്മിപ്പിയ്ക്കാറുള്ളതാണ്, തെല്ലൊരു അത്ഭുതത്തോടെ 8 മാസത്തില്‍ പ്രസവിച്ച  പുത്രനെ ജീവപായമില്ലാതെ  കയ്യില്‍ കിട്ടിയ കഥ. അതുകൊണ്ട് അയാള്‍ക്കീ പൊതുജനാഭിപ്രായങ്ങളോടൊന്നും വലിയ പ്രതിപത്തി ഇല്ല.

അയാളെന്നും നടക്കും. ചിലപ്പോള്‍ കിലോമീറ്ററുകളോളം, ചിലപ്പോള്‍ പകുതി, ചില ദിവസങ്ങളില്‍ നഗര കാഴ്ചകള്‍ കണ്ടുകൊണ്ട്. നഗരത്തിന്റെ നിയന്ത്രണം വിട്ട പോക്കിനെ കുറിച്ചോ, അനുദിനം പെരുകി വരുന്ന ജനങ്ങളേയും, അവരുടെ അടങ്ങാമോഹങ്ങളെയും, ആകാശം മുട്ടുന്ന സ്വപ്നങ്ങളെയും, അവര്‍ക്ക് കൂടയാനുള്ള അനേകായിരം കോണ്ക്രീറ്റ് കൂടാരങ്ങളെയും പേറി , വയറുന്തി, ഇടുപ്പ് കൈ കൊണ്ട് താങ്ങി, നീളം എത്താത്ത നൈറ്റിയുമിട്ട് നില്‍ക്കുന്ന നഗരത്തിന്റെ ക്ഷീണിതാവസ്ഥയെ കുറിച്ചോ, നഗരം വിസര്‍ജ്ജിയ്ക്കുന്ന മാലിന്യങ്ങളെ നീക്കാന്‍ ബുദ്ധിമുട്ടുന്ന നഗരസഭയെ കുറിച്ചോ,  നഗരം തിരക്കുകളില്‍ നിന്നും തിരക്കുകളിലെയ്ക്ക് പാഞ്ഞു പോകുന്നതിനിടെ ബന്ധങ്ങള്‍ ആടിയുലഞ്ഞു പോകുന്നുവെന്നും മറ്റുമുള്ള ഒന്നിനെകുറിച്ചുമോ വേവലാതിപ്പെടാതെ രാത്രിയിലെ വെറും തെരുവു വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന നഗരച്ചന്തം ആവോളം ആസ്വദിയ്ക്കാനുള്ള ഒരു മനസ്സുണ്ട് അയാള്‍ക്ക്‌.

കാരണം ആ നഗരവും അയാളും തമ്മില്‍ അഭേദ്യമായ ഒരു ബന്ധം കൂടിയുണ്ട്. ആ നഗരത്തിന്റെ സന്തതി ആണയാള്‍. നഗരത്തിന്റെ സന്തതി എന്നാല്‍, നഗരത്തിലേയ്ക്ക് ജനിച്ചു വീണ്, നഗരം പഠിപ്പിച്ചത് പഠിച്ചും, നഗരത്തില്‍ കളിച്ചു വളര്‍ന്നും, നഗരത്തിലെ ആകാശവും നക്ഷത്രങ്ങളെയും കണ്ടും, നഗരക്കഥകള്‍ കേട്ടും, നഗരസ്വപ്നങ്ങള്‍ കണ്ടും വളര്‍ന്നു വന്ന അയാള്‍ക്ക് നഗരം കൊടുത്തതായിരുന്നു, രഹസ്യങ്ങള്‍ പിടിമുറുക്കി തുടങ്ങിയ അയാളുടെ ഈ  ജീവിതം.

 "നഗരമേ... നീയെനിയ്ക്കാര് ?" എന്നയാള്‍ ചില രാത്രികളില്‍ ഒറ്റയ്ക്ക് ഇങ്ങനെ നടക്കാനിറങ്ങുമ്പോള്‍, രാത്രി തണുപ്പിലും തിരക്കേറിയ തെരുവുകളോടും, രാത്രികളില്‍ അട്ടഹസിച്ചു കൊണ്ടാഞ്ഞടുക്കുന്ന  ബീച്ചിലെ തിരമാലകളോടും, രാത്രി വെളിച്ചത്തില്‍ നനഞ്ഞു നഗ്നയായി നില്‍ക്കുന്ന ഉദ്യാനങ്ങളോടും അയാള്‍ ചോദിയ്ക്കാറുണ്ട്. അതിനൊരുത്തരമെന്നോണം  സ്വെറ്ററിടാതെ നഗരത്തിലേയ്ക്ക്  നടന്നു പോകാറുള്ള രാത്രികളില്‍ അയാളുടെ മീശയില്ലാത്ത മുഖത്തെയും, രോമങ്ങളില്ലാത്ത തുടുത്ത നെഞ്ചിനെയും ആ നഗരം തണുത്ത കാറ്റു കൊണ്ട് പുല്‍കാറുണ്ട്.

അയാളുടെ നടത്തം അയാള്‍ ആരോഗ്യം സംരക്ഷിക്കുക എന്ന ചട്ടക്കൂട്ടിലെയ്ക്ക് ഒതുക്കാറില്ല. അയാള്‍ക്കത് ഒരു നേരമ്പോക്ക് കൂടിയാണ്. കോളേജു കഴിഞ്ഞെത്തിയാലത്തെ  ഒരു നേരമ്പോക്ക്, അല്ലെങ്കില്‍ അമ്മയുടെ സ്നേഹസംരക്ഷണലാളനകളുടെ പിടിവലികളില്‍ നിന്നുമുള്ള ഒരു ഇടവേള, അല്ലെങ്കില്‍ സുഹൃത്തുക്കളുടെ പതിവ്  കേന്ദ്രങ്ങളില്‍ നിന്നും ഒരു മാറിനടപ്പ്, അച്ഛനില്‍ നിന്നും സഹോദരന്മാരില്‍ നിന്നുമുള്ള ഒഴിഞ്ഞുപോക്ക്, അങ്ങനെ അയാളുടെ ഈ നേരമ്പോക്കിനെ  പ്രത്യേകിച്ചൊരു ചട്ടക്കൂടില്‍ പ്രതിഷ്ഠിയ്ക്കാന്‍ മിനക്കെട്ടിട്ടില്ല. അയാളത് മുടങ്ങാതെ ചെയ്യുന്നു, ചെയ്തു കൊണ്ടെയിരിയ്ക്കുന്നു അത്രമാത്രം.

അങ്ങനെ അന്നത്തെ ഒട്ടും ആയാസമില്ലാത ഒരു പതിവു നടത്തത്തില്‍, പതിവില്ലാത്ത ഒരു കാഴ്ചയിലെയ്ക്ക് അയാളുടെ ദൃഷ്ടി പതിഞ്ഞു. ഒരു ചിത്രകാരനെ അയാള്‍ കണ്ടുമുട്ടി.
നഗരത്തിന്റെ വക്കത്ത് വിശാലതയിലേയ്ക്ക് പരന്നു  കിടക്കുന്ന നീല നിറമുള്ള ബീച്ചുണ്ട്. ബീച്ചില്‍ തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ മണലില്‍  ഒരു കസേരയും മേശയും ഇട്ടിട്ടുണ്ട്. എതിര്‍വശത്തുള്ള കസേരയില്‍ ഒരു യുവതി. ചുറ്റും ചുറുച്ചുറുക്കുള്ള യുവതീയുവാക്കള്‍. അങ്ങിങ്ങായി പ്ലാസ്റിക് ബാഗുകളും, കപ്പലണ്ടി പൊതിഞ്ഞ കടലാസുകളും യഥേഷ്ടം പാറിപ്പറക്കുന്നു. കാല്‍പ്പാടുകള്‍ തിരിഞ്ഞും മറിഞ്ഞും കുഴികളുണ്ടാക്കിയ അഴുക്കു പിടിച്ച കടലിന്റെ മണല്പായയില്‍   അങ്ങിങ്ങായി തെരുവ് പട്ടികളുടെ വിസര്‍ജ്ജ്യവസ്തുക്കളും കാണാം.
മുന്നിലിരിയ്ക്കുന്ന രൂപത്തെ അതേപടി കടലാസിലേയ്ക്ക് വെറുമൊരു പെന്‍സില്‍ കൊണ്ടുമാത്രം പകര്‍ത്തി വെയ്ക്കുന്ന ഒരു ചിത്രകാരന്‍. അടുത്തുള്ള ഒരു ബോര്‍ഡില്‍ എഴുതി വെച്ചിരിയ്ക്കുന്നു. "പോര്‍ട്രേറ്റുകള്‍ വരച്ചു കൊടുക്കപ്പെടും (50 രൂപ)"
കടലിന്റെ ഉപ്പു പതിപ്പിച്ച കനമുള്ള കാറ്റ് കരയെ പറ്റിപ്പിടിച്ചുകൊണ്ടു അമര്‍ന്നു വീശുന്നുണ്ട്.


ഒരു പൂരത്തിന്റെ തിരക്കും ബഹളവും അനുഭവപ്പെടുന്ന ആ വാരാന്ത്യ ദിനത്തില്‍, ഇരുന്ന ഇരുപ്പില്‍ എത്ര പെട്ടെന്നാണയാള്‍  ഒരു പേപ്പറിന്റെ  ശൂന്യതയില്‍ നിന്നും ജീവന്‍ തുടിയ്ക്കുന്ന അതേ മുഖം സൃഷ്ടിചെടുക്കുന്നത്! ആ ചിത്രകാരന്റെ ഓരോ ചിത്രങ്ങളും അവിടെ കൂടിയിരിയ്ക്കുന്ന ആളുകളെയും, അയാളെയും , അതിലുമോക്കെയേറെ ചിത്രം വരയ്ക്കാന്‍ ഇരുന്നുകൊടുക്കുന്ന യുവതീയുവാക്കളെയും വിസ്മയിപ്പിച്ചു കൊണ്ടിരുന്നു. പെന്‍സിലിന്റെ കറുത്ത അടയാളങ്ങള്‍ ചിത്രകാരന്റെ വിരലുകളെ അപ്പാടെ കറുപ്പിച്ചിട്ടുണ്ട്. ചിത്രകാരന്റെ ഓരോ വരയും , കുറിയും ആ പേപ്പറിലെ കൃത്യം സ്ഥാനങ്ങളില്‍ കൃത്യം അളന്നു മുറിച്ച വരകളായി മാറിക്കൊണ്ടിരുന്നു. അതുവരെയും കൈ കൊണ്ട് തൊട്ടിട്ടില്ലാത്ത ഒരു ഇറെയ്സര്‍ അയാളുടെ തൊട്ടടുത്തു ഉപയോഗശൂന്യമായി കിടപ്പുണ്ട്.

ചിത്രകാരന്റെ മുന്നില്‍ ഇരിയ്ക്കുന്ന യുവതിയുടെ മുഖം അയാളുടെ പേപ്പറിന്റെ നടു ഭാഗത്ത്‌ നിന്നും ഉടലെടുത്തു കൊണ്ടിരിയ്ക്കയാണ്. യുവതിയുടെ ശിരസ്സില്‍ നിന്നും താഴേയ്ക്ക് ഊര്‍ന്നിറങ്ങി വരുന്ന അവരുടെ നീളന്‍ തലമുടിയിഴകള്‍, അവരുടെ കട്ടിയുള്ള ചതുരാകൃതിയിലുള്ള  കണ്ണട, അല്പം വളഞ്ഞു പക്ഷികൊക്കു പോലെയുള്ള  മൂക്ക്, അവരുടെ തുടുത് അല്പം പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന ചുണ്ടുകള്‍, കറുത്ത കഴുത്തില്‍ നിന്നും വേറിട്ടു  നില്‍ക്കുന്ന അവരുടെ ടീ ഷര്‍ട്ടിന്റെ പച്ച നിറം. ഒതുക്കത്തില്‍ ഒട്ടും ആഭാസകരമല്ലാതെ ഒരു  ശരീരഭാഗം മാത്രമായി ചേര്‍ന്ന് നില്‍ക്കുന്ന മാറിടങ്ങള്‍, വാഴ തണ്ട് പോലെ മെലിഞ്ഞുരുണ്ട ഒഴിഞ്ഞ കൈകള്‍, അതിനും താഴെയുള്ള ശരീര ഭാഗങ്ങള്‍ മുന്നിലിരിയ്ക്കുന്ന മേശയുടെ അടി ഭാഗത്തെയ്ക്ക് മറഞ്ഞുപോയിരിയ്ക്കുന്നു. അവളുടെ ശരീരഭംഗിയ്ക്കു, ഉള്ളിലെ ഞരമ്പുകളെ അനക്കാറുള്ള, പേരു പോലും അറിയാത്ത കോളേജിലെ ഒരു ജീന്‍സുകാരി പെണ്‍കുട്ടിയുടേതുമായി നല്ല സാദൃശ്യമുണ്ടെന്നയാള്‍ പെട്ടെന്ന് തന്നെ അയാള്‍ തിരിച്ചറിഞ്ഞു.

ആ നഗരത്തില്‍ ഇങ്ങനെയൊരു ചിത്രകാരനെ അയാളിത് വരെ കണ്ടിട്ടില്ല. ഇയാള്‍ ഇതെപ്പോള്‍ ഇവിടെ ഇരിപ്പുറപ്പിച്ചു? എവിടെ നിന്നും വന്നു? തീരെ പരിചിതമല്ലാത്ത ആ ചിത്രകാരന്റെ മുഖഭാവം അത്രയേറെ ഗൌരവവും അതിലുമേറെ ശ്രദ്ധയും കൂടിക്കലര്‍ന്നതായിരുന്നു.

അതെ! നഗരം അത്ഭുതങ്ങളെ സമ്മാനിയ്ക്കുന്നവളാണ്. അങ്ങനെയുള്ള അത്ഭുതങ്ങളെ സൂക്ഷിയ്ക്കുന്ന ഒരു നഗരം തന്നെ ഇതും. ഈ ചിത്രകാരനും ഒരത്ഭുതം!
നഗരത്തിന്റെ സന്തതിയായ അയാളുടെ ജീവിതത്തില്‍ അത്ഭുതങ്ങളെ ഇല്ല, അല്ലെങ്കില്‍ അത്ഭുതങ്ങള്‍ മാത്രമേ ഉള്ളു!
ആ ചിത്രങ്ങള്‍ അയാളെ അനുനിമിഷം വിസ്മയിപ്പിച്ചു കൊണ്ടിരുന്നു. ചിത്രകാരന്റെ വിരലുകള്‍ അത്രമേല്‍ സൂക്ഷ്മതയോടെ  ചലിയ്ക്കുന്നത് അയാള്‍ ശ്വാസമടക്കി നോക്കി നിന്നു. അയാളുടെ വിരലിന്‍ തുമ്പില്‍ ചിത്രങ്ങള്‍ സ്ത്രീയും പുരുഷനുമായി വേര്‍തിരിയുന്ന ആ മനോഹരമായ കാഴ്ച അയാളെ ആവേശഭരിതനാക്കി കൊണ്ടിരുന്നു. സ്ത്രീയും പുരുഷനുമായി പിറന്നു വീഴുന്ന ചിത്രങ്ങള്‍ , ചിരിച്ചു കൊണ്ട് ജീവിതത്തിലേയ്ക്കു കടന്നു വരുന്നതായി അയാള്‍ സങ്കല്‍പ്പിച്ചു.
ആ വിരലുകളുടെ മാന്ത്രികതയെ അയാളാവോളം പുകഴ്ത്തി. സ്ത്രീ പുരുഷന്മാരെ വെവ്വേറെ ശരീരഭാഷകളായി  ഉരുവാക്കുന്ന രചനാരഹസ്യങ്ങളെ കുറിച്ച് അയാള്‍ ചിന്താധീനനായി .

ഇതേ നഗരക്കാഴ്ച്ചകളുടെ ലഹരി ആവോളം നുകര്‍ന്നെടുക്കാനുള്ള ഉന്മാദാവസ്ഥയിലായിരുന്നു കുറച്ചു മുമ്പ് വരെയെങ്കില്‍, ഇന്നതിന്റെ വശ്യത ആസ്വദിയ്ക്കാനാണ് തോന്നുന്നത്, അയാള്‍ ചിന്തിയ്ക്കുകയാണ്.
 കൂട്ടുകാരുമൊത്ത്‌ ആര്‍ത്തുല്ലസിച്ചു, രാത്രികളില്‍  ബൈക്കിന്റെ വേഗതകളില്‍ ഉന്മാദം കൊണ്ടും, ഇരുട്ടുവോളം കാത്തുകാത്ത് ഏതെങ്കിലും മതിലിന്റെ അരികു പറ്റി രഹസ്യമായി ഒത്തൊരുമിച്ച് ഒരു കുപ്പി പൊട്ടിയ്ക്കുന്ന ആവേശത്തിലാറാടിയും, ലഹരികള്‍ നുണഞ്ഞും, രഹസ്യങ്ങളെ അന്വേഷിച്ചും, അനുഭൂതികള്‍ പലതു നല്‍കിയ,  ഈ നഗരത്തിലെ ഹര്‍ഷോന്മാദകാലങ്ങള്‍ തൊട്ടു പിന്നിലിപ്പൊഴും തിമര്‍ത്തു പെയ്തു തോര്‍ന്ന ഒരു മഴ പോലെ  തെളിച്ചത്തില്‍ നില്‍ക്കുന്നുണ്ട്.

പണ്ട് ചിന്തിച്ചിരുന്ന പോലെയല്ല അയാളുടെ ഇപ്പോഴത്തെ ചിന്തകള്‍. പണ്ടത്തെ വിഷയങ്ങളല്ല ഇപ്പോഴത്തെ വിഷയങ്ങള്‍. ഇന്ന് ചിന്തിയ്ക്കുന്നതില്‍ പലതും  പണ്ടത്തെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളല്ലേ എന്നയാള്‍ക്ക് തോന്നാറുണ്ട്. വേറെ പലതുകള്‍ പുതിയ ചോദ്യങ്ങളും. കാണുന്ന കാഴ്ച്ചകള്‍ക്കൊക്കെ ഒരു മാറ്റം വന്നു തുടങ്ങിയിരിയ്ക്കുന്നു.

അയാള്‍ ചുറ്റും അലസമായി കണ്ണോടിച്ചു.

വാരാന്ത്യ ദിനത്തില്‍ യുവതീ യുവാക്കള്‍ ആഘോഷഭാവങ്ങളിലാണ്. കൈകള്‍ കോര്‍ത്ത്‌ പിടിച്ചും, പരസ്പരം സ്നേഹം കൈമാറിയും, അതുവരെയുള്ള ജോലിദിവസങ്ങളിലെ ക്ഷീണവും, സമ്മര്‍ദ്ദങ്ങളും പരമാവധി അലസതയിലേയ്ക്ക് തുറന്നു വിടാനുള്ള ഒരുക്കങ്ങളിലാണ്.

 അയാളന്നു മറ്റൊരു പ്രത്യേക കാര്യത്തിനു കൂടിയാണ് നടക്കാന്‍ ഇറങ്ങിയിരിയ്ക്കുന്നത് സത്യത്തില്‍, അത് പതിവുനടത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും. സമയം നിശ്ചയിച്ചിട്ടുണ്ട്, രാത്രി 10 മണിയ്ക്ക്. ഏറ്റവും അടുത്തതെന്ന് പറയാവുന്ന ഒരു കൂട്ടുകാരനെ കാണണം. കാണ്ടാല്‍ മാത്രം പോരാ, അയാളുടെ ഉള്ളില്‍ കുറച്ചു കാലമായി ഉറഞ്ഞു കൂടിയിട്ടുള്ള ചില രഹസ്യങ്ങള്‍ - അത് ഇന്ന് വെളിപ്പെടുത്താന്‍ പോകയാണ്. വെളിപ്പെടുത്തി കഴിഞ്ഞാല്‍ ഒരുപക്ഷെ ഇന്നുമുതല്‍ താന്‍ 'താനല്ലാതെ' ആയേക്കാം, പല തരത്തിലുള്ള വ്യത്യാസങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചു തുടങ്ങിയേക്കാം എന്നൊക്കെ അയാള്‍ ഭയത്തോടെ ആലോചിയ്ക്കുന്നുണ്ട്. പക്ഷെ, പറയണം, പറഞ്ഞെ പറ്റു. ഇല്ലെങ്കില്‍ വല്ല ഹൃദയാഘാതം വന്നു എല്ലാം അവസാനിച്ചേക്കും. അമ്മ ദുഃഖിയ്ക്കും. ഇനി ഇപ്പൊ അങ്ങനെ ഒന്നും സംഭവിച്ചില്ലെങ്കില്‍ തന്നെ ഈ രഹസ്യങ്ങള്‍ ഒരു നാള്‍ ലോകത്തിനു മുന്നില്‍ വെളിവാകും, അന്നും അമ്മ ദുഃഖിയ്ക്കുമായിരിയ്ക്കാം, ദുഃഖിക്കാതെ തനിയ്ക്കൊപ്പം നിന്നേക്കാം, ഏതായാലും അതില്‍ ഒരുവേള ദുഃഖിയ്ക്കാതെയുമിരിയ്ക്കാം എന്ന സാദ്ധ്യത കൂടി ഒളിഞ്ഞു  കിടപ്പുണ്ടല്ലോ. അതുകൊണ്ടാണയാള്‍ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ ആകാം എന്നാ തീരുമാനത്തിലെത്തിയത്.

ഹാ! എത്ര നിര്‍ഭാഗ്യകരം! 
നഗരം അത്ഭുതങ്ങള്‍ക്കൊപ്പം ചില നേരത്ത്  നിഗൂതകളെയും സമ്മാനിയ്ക്കും.

പ്രധാന റോഡുകളെ തമ്മില്‍ ബന്ധിപ്പിയ്ക്കുന്ന നഗരത്തിനുള്ളിലെ  ചില ഊടുവഴികളില്‍, തൊട്ടു തൊട്ടു നില്‍ക്കുന്ന, സാധനങ്ങള്‍ പുറത്തേയ്ക്ക് ചാടി നില്‍ക്കുന്ന കടകളുടെ ഓരങ്ങളില്‍, സിനിമാ തീയറ്ററുകളില്‍, ബസ് സ്റ്റാന്റുകളില്‍, നഗരവീഥികള്‍ ഉച്ചതിലുണ്ടാക്കുന്ന ഒച്ചപ്പാടുകളില്‍ നിഗൂതതകള്‍ പതുങ്ങിയിരുപ്പുണ്ടാവും. എല്ലാം അയാള്‍ക്കു  ശീലം.
നഗരമുഖം  മുതല്‍ നഗരാന്ത്യം വരെ, നഗരമദ്ധ്യം മുതല്‍ അതിന്റെ  ചുറ്റിലുമുള്ള നഗരച്ചുഴികള്‍ വരെ- അവന്‍ സഞ്ചരിയ്ക്കാത്ത നഗരവീഥികളില്ല, കാണാത്ത നഗരവിസ്മയങ്ങളില്ല, അറിയാത്ത നഗരവസന്തങ്ങളില്ല. അങ്ങനെയുള്ള ഒരു നിഗൂതയിലേയ്ക്കു കൂപ്പുകുത്തി  വീണു കൊണ്ടിരിയ്ക്കുകയാണയാള്‍. പേടിപ്പിയ്ക്കുന്ന  നിഗൂഢത. അറപ്പുണ്ടാക്കുന്ന നിഗൂഢത. വെറുക്കപ്പെടുന്ന സത്യങ്ങളുടെ  നിഗൂഢത.
.

അയാള്‍ ഒരു നിമിഷം സംശയിച്ചു. കുറച്ചു നേരം അങ്കലാപ്പിലായി. ലജ്ജ തോന്നി. വിചാരിച്ചതെന്തോ അത് വേണ്ടെന്നു വെച്ച്, ചിത്രകാരനെ കൂടെ കൂടെ തിരിഞ്ഞു നോക്കി കൊണ്ട്,
തല കുനിച്ചു, മാറി ഇരുട്ടത്ത്‌ ആള്‍പെരുമാറ്റം അധികമില്ലാത്ത മണല്‍പരപ്പില്‍ പോയി കടലിന്നഭിമുഖമായി അയാള്‍ ചെരിഞ്ഞു കിടന്നു.

എത്ര നേരം ആ കിടപ്പ് തുടര്‍ന്നുവെന്നു അയാള്‍ അറിഞ്ഞില്ല. രാത്രി ഏറെ ചെന്നിരുന്നു.
തിരമാലകളുടെ ശബ്ദവും, മാനത്തെ ഉദിച്ചു നില്‍ക്കുന്ന പൌര്‍ണമിയും, മാത്രമേ ഇപ്പോള്‍ കണ്മുന്നിലുള്ളൂ . യുവതീ യുവാക്കളും, ചിത്രകാരനും,  തിരക്കും ബഹളവുമെല്ലാം രാത്രിയാഘോഷങ്ങളിലേയ്ക്കിത്ര വേഗം കൂടണഞ്ഞുവോ? അയാളുടെ  കണ്ണുകള്‍ പതിയെ അടഞ്ഞു.
തിരമാലകള്‍ മാത്രം അലറിവിളിയ്ക്കുന്നുണ്ട്. തീരം ചെറുത്തു നില്‍ക്കുന്നുണ്ട്.

പൊടുന്നനെ ആരോ അയാളെ  വിളിച്ചുണര്‍ത്തിയ പോലൊരു തോന്നല്‍. അയാള്‍ സൂക്ഷിച്ചു നോക്കി. തൊട്ടടുത്ത്‌ ഒരു രൂപം . മുഖത്ത് വല്ലാത്ത ഒരാകര്‍ഷണം. കണ്ണുകളില്‍ കനിവിന്റെ തിളക്കം.
പരുപരുത്ത  തൊലിപ്പുറം.കരുത്താര്‍ന്ന ഒരു പുരുഷന്റെതെന്നു തോന്നിപ്പിയ്ക്കുന്ന  കൈകാലുകള്‍,  എന്നാല്‍ അഴക്‌ വിരിയിയ്ക്കുന്ന, നിലാവൊളി വിതറുന്ന, ഒരു മന്ദസ്മിതം മിന്നിത്തിളങ്ങുന്ന മുഖം. ഇരുണ്ട നിറമുള്ള വെണ്ണ പോലെ മിനുമിനുത്ത നെറ്റി മേല്‍ ചുരുളഴിഞ്ഞു വീഴുന്ന മുടിച്ചുരുളുകള്‍. എന്നാല്‍ മുഖാകൃതിയ്ക്ക്  അപ്പോഴും എവിടെയോ അനുപാതത്തില്‍ വന്ന  ചില പിശകുകള്‍.  പൌരുഷവും സ്ത്രീത്വവും  മാറി മാറി ഒളിമിന്നുന്ന ഒരു മുഖം.
ശരീരം മുഴുവന്‍ വെള്ള തുണി കൊണ്ട് പുതച്ചിരുന്നെങ്കിലും ശ്വാസ ഗതിയ്ക്കനുസരിച്ചു ഉയര്‍ന്നു പൊങ്ങുന്ന മാറിടങ്ങളെ അയാള്‍ അറപ്പോടെ കണ്ടു.

അയാള്‍ വിശ്വാസം വരാതെ മണല്‍പ്പുറത്തു എഴുനേറ്റിരുന്നു. തൊട്ടടുത്ത്‌ തന്നെ  ആ രൂപവും ഇരുന്നു. അയാള്‍ ഒരല്പം ഭയത്തോടെ ചുറ്റും നോക്കി. കാതുകള്‍ ആളനക്കം പിടിച്ചെടുക്കാന്‍ പാടുപെട്ടു. തിരമാലകളുടെ അലര്‍ച്ച മാത്രം അയാളുടെ കാതുകളില്‍ വന്നലച്ചുകൊണ്ടിരുന്നു. അയാളുടെ ഞരമ്പുകളില്‍ വീണ്ടും നഗരനിഗൂതകളുടെ ചിന്തകള്‍ അറ്റം കൂര്‍ത്ത നാമ്പുകളായി ഉള്ളില്‍ തലപൊക്കി തുടങ്ങി.

പെട്ടെന്ന്  ആ രൂപം തന്റെ ബലിഷ്ഠങ്ങളായ കരങ്ങള്‍ കൊണ്ട് അയാളെ വാരിയെടുത്ത്, മടിയില്‍ കിടത്തി. നെറ്റിയില്‍ ചുംബിച്ചു. മുടി പിന്നിലേയ്ക്ക് വാരിയൊതുക്കി. അയാളുടെ സിരകളിലൂടെ രക്തം വാര്‍ന്നൊഴുകി. ഉദ്വേഗം കൊണ്ട് അയാളുടെ ശരീരഭാഗങ്ങള്‍  അനിയന്ത്രിതമായി  വിറച്ചു തുടങ്ങി. അയാളുടെ ഉള്ളില്‍ എന്തെല്ലാമോ വെമ്പലുകള്‍ തിരപോട്ടിയോഴുകി.

പക്ഷെ അയാള്‍ നോക്കിനില്‍ക്കെ, വിസ്മയത്തിലാഴ്ത്തി കൊണ്ട് ആ രൂപത്തിനു സുന്ദരങ്ങളായ, നേര്‍ത്ത തൂവലുകളുള്ള, വെളുത്ത നിറമുള്ള  ചിറകുകള്‍ മുളച്ചു പൊന്തി.
മുടിയിഴകള്‍ക്ക്‌ സ്വര്‍ണ്ണനിറം കൈവന്നു.
മുഖത്ത്  ഇതുവരെ കാണാത്ത, അറിയാത്ത വെളിച്ചം പ്രകാശിച്ചു. അതില്‍ നിന്നും ഉള്ളു തൊടുന്ന കനിവിന്റെ  ഉറവകള്‍ പൊട്ടിയൊഴുകുന്നുണ്ടായിരുന്നു. ആ രൂപം അയാളെ മാറോടണയ്ക്കുവാന്‍ മുന്നിലെയ്ക്കായുകയാണ്. ഉള്ളിലെ  മൃദുലതയെ ഉണര്‍ത്തി വിടുന്ന അതിന്റെ  പരുക്കത്തരത്തിനുള്ളില്‍ അയാളൊരു നിമിഷം ഒരു തൂവല് പോലെ ഭാരമില്ലാതെ കിടന്നു. സ്നേഹകണങ്ങള്‍ സ്ഫുരിയ്ക്കുന്ന ഒരു സ്നേഹമയൂഖമായി ആ രൂപം അയാളെ വലയം ചെയ്തു.

എല്ലാം നിമിഷ നേരത്തേയ്ക്ക് മാത്രമോ എന്ന് അന്തിച്ചു നില്‍ക്കും മുന്നേ അയാള്‍ കണ്ണ് തുറന്നു. അയാള്‍ നെഞ്ചിന്‍ കൂട് തകരും വിധം കിതയ്ക്കുന്നുണ്ടായിരുന്നു. ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു

ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം പഴയപടി. ചിത്രകാരന്‍ ചിത്രം വരയ്ക്കുന്നുണ്ട്, യുവതീയുവാക്കള്‍ കൈകോര്‍ത്തു നടക്കുന്നുണ്ട്. പ്ലാസ്റ്റിക് ബാഗുകള്‍ പാറി നടക്കുന്നുണ്ട്. തിരമാലകള്‍ ശക്തിയോടെ അലറി വിളിയ്ക്കുന്നുണ്ട്.
അയാള്‍ക്ക്‌ വീണ്ടും ലജ്ജ തോന്നി.
കരുത്ത് മുഴുവന്‍ അസ്ഥികളില്‍ നിന്നും ചോര്‍ന്നിറങ്ങി കടലില്‍ ലയിച്ചു.

ദൈവം സ്ത്രീയോ പുരുഷനോ? അയാളുടെ മനസ്സ് ആക്രോശിച്ചു.
പ്രപഞ്ചം ഉത്തരം കൊടുക്കാതെ നിശ്ശബ്ദമായി നിലകൊണ്ടു.

ശരീരനിര്‍മ്മിതിയിലെ ചില തെറ്റിപ്പോയ ഒറ്റവരകളെ , ചേരുംപടി ചേരാതെ പോയ  ചില കൂട്ടുവരകളെ , ശ്രദ്ധിയ്ക്കാതെ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയ, ഉപയോഗശൂനയമായ  വരകളെ മറച്ചുപിടിയ്ക്കുവാന്‍ അയാള്‍ ശ്രമിച്ചു. ഒരെത്തും പിടിയും കിട്ടാത്ത തരത്തില്‍ ഇവയുടെ ശരിയായ വരകള്‍ തന്റെ ശരീരത്തിലെവിടെയോ  ഗുപ്തമാക്കി വെച്ചിരിയ്ക്കുന്ന ചിത്രകാരന്‍ ആരെന്നയാള്‍ക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അയാള്‍ തന്റെ ശരീരത്തെ അപ്പോള്‍ വെറുത്തു. ചിത്രമെന്തെന്നറിഞ്ഞുകൂടാത്ത ചിത്രകാരനെ ശപിച്ചു.

അയാളുടെ ശക്തി ചോര്‍ന്നുപോയ വിറയ്ക്കുന്ന കാലടികള്‍ മുന്നോട്ടു മുന്നോട്ടു നീങ്ങിക്കൊണ്ടെയിരുന്നു. നഗരം അയാള്‍ക്ക്‌ പിന്നില്‍ ഇരുട്ടില്‍ ലയിച്ചു കൊണ്ടിരുന്നു. അയാളുടെ ശരീരത്തില്‍ നിന്നും വസ്ത്രങ്ങള്‍ ഓരോന്നായി കൊഴിഞ്ഞു വീണു. ഉയര്‍ന്നുവരുന്ന തിരമാലകള്‍, വൈകാതെ വന്ന ഒരു വേലിയേറ്റത്തിന്‍റെ അകമ്പടിയോടെ അയാളുടെ നഗ്നമായ ശരീരത്തെ  ഗാഡമായി ആലിംഗനം ചെയ്തു. ആ സ്നേഹം അയാളെ ശ്വാസം മുട്ടിച്ചു. തിരമാലകള്‍ അയാളെ നഗരത്തില്‍ നിന്നും പൊക്കിയെടുത്തു കടലിന്റെ കയ്യിലേയ്ക്കു കൊടുത്തു. രാത്രിയില്‍ വെളിച്ചം തരുന്ന ഭൂമിയുടെ ഒരേ ഒരു ഉപഗ്രഹത്തെ സാക്ഷി നിര്‍ത്തി കടല്‍ അയാളെ ഏറ്റുവാങ്ങി. നഗരത്തിന്റെ കയ്യില്‍ നിന്നും ഉയര്‍ന്നു പൊന്തുന്ന തിരമാലകളാല്‍ കടലിന്റെ മടിത്തട്ടിലേയ്ക്ക് അയാള്‍ ആരുമറിയാതെ കൈമാറ്റം ചെയ്യപ്പെട്ടു.
നിശ്ചിതസമയത്തിന് മുമ്പേ...

സ്ത്രീയോ പുരുഷനോ എന്നു തിരിച്ചറിയാനാവാത്തനിലയില്‍ പാതിവരഞ്ഞു തീര്‍ത്ത  ഒരു മുഖചിത്രം, നൂല്  പൊട്ടിയ പട്ടം പോലെ കാറ്റത്ത്‌ അലക്ഷ്യമായി പാറിപ്പറന്നു. തിരകള്‍ നനയിച്ച കുതിര്‍ന്ന മണലില്‍ അത് സാവധാനം വന്നുവീണ്  ഒട്ടിക്കിടന്നു.

ആ രാത്രിയില്‍  നഗരത്തിന്റെ ചന്തം അഴിഞ്ഞുവീണു.

4 comments:

ajith said...

ഒന്നു വായിച്ചു
വീണ്ടും ഒന്നുകൂടെ ശ്രദ്ധയോടെ വായിക്കണം

ശ്രീ said...

പതിവില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ കഥയാണല്ലോ ചേച്ചീ...


ക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍ !

-സു‍-|Sunil said...
This comment has been removed by the author.
-സു‍-|Sunil said...

Dear P.R,
I am an admin of kathakalipadam.com. Please visit http://www.kathakalipadam.com/index.php/en/online-radio#.USXU6DfpwyU
If you can embed this radio in your blog, Please do it. It may help us :)You may see an embedded radion in my blog vayanasala.blogspot.com