Monday, October 08, 2012

പളുങ്കുമണി

രണ്ടു ഇമകള്‍ക്കിടയിലെ വെളുത്ത  അകലം നിറക്കുവാനെന്നോണം
ഇടയിലെ വരമ്പത്ത് പൂത്തുനിന്നുവത്രേ
ഒരുനാളൊരു പളുങ്കുമണി.

ആകാശം പ്രതിഫലിപ്പിക്കുന്ന
ചില്ലിന്റെ സുതാര്യതയില്‍
ഹൃത്തിലെ ചൂടു പറ്റിയ ഒരു പളുങ്കുമണി .

കവിളുകളിലേക്ക് ഉരുളാതെ
ഇമകളെ തൊടാതെ
ഉപ്പിന്റെ തരിയുള്ള ഒരിറ്റു തുള്ളി.

കണ്മഷി കലരാതെ നോക്കിയിട്ടും
ഇമവെട്ടി തകരാതെ നോക്കിയിട്ടും
കലക്കം തട്ടാത്ത, പോറല്‍ വീഴാത്ത
ഒരു  കണ്ണുനീര്‍ത്തുള്ളിയായി
കവിളുകളിലേക്കൂര്‍ന്നു വീണുവത്രേ
പൊടുന്നനെ അതൊരുനാള്‍.

ഇമകള്‍ നോക്കിനില്‍ക്കെ
ഞെട്ടറ്റു വീഴുന്നൊരു  പൂ പോലെ
അത് മണ്ണിലേക്കുരുണ്ട്  വീണ്
തകര്‍ന്നുടഞ്ഞു പോലും!

കണ്ണിമകള്‍ അതോര്‍ത്തോര്‍ത്ത് നനവില്‍ കുതിര്‍ന്നു നിന്നു  
കണ്ണുകള്‍ സഹിക്കവയ്യാതെ ചുടുനീരില്‍ മുങ്ങി നിവര്‍ന്നു
അടഞ്ഞു തുറന്നു

ഹൃദയം ചുവന്നു



3 comments:

അമ്മാച്ചു said...

നല്ല വരികള്‍ :-) പളുങ്കുമണിയെ മണ്ണിലേക്ക് പോഴിക്കാതിരിക്കാനുള്ള ഉറപ്പും കരുത്തും കണ്ണുകള്‍ക്കും ഹൃദയത്തിനും ലഭിക്കട്ടെ :-)

mansoor said...

ഹ്രുദ്യമായി അവതരിപ്പിച്ചു!!!
ആശംസകൾ!!! http://punnyarasool.blogspot.com/

ചീര I Cheera said...

നന്ദി അമ്മാച്ചു,മന്‍സൂര്‍