തുടക്കം
ഒരു നീലാകാശം.
അങ്ങുയരത്തില്‍ നിന്നും
നിലംപൊത്തി വീണ ഒരു വൃക്ഷത്തടിയ്ക്ക് ചുറ്റും
ചിതറിവീണ ശിഖരങ്ങള്‍ക്കടിയില്‍
ചതഞ്ഞുപോയ അനേകം കൂടുകള്‍ക്ക് നടുവില്‍
ഉയര്‍ന്നുപൊങ്ങുന്ന ചിറകടികള്‍ക്കൊടുവില്‍
ബാക്കിയാവുന്ന എണ്ണമറ്റ കുറേ തൂവലുകള്‍ ...
അവസാനം കടയ്ക്കല്‍
ഇളം മണ്ണില്‍
പിളര്‍ന്നു വരുന്ന വെളുത്തൊരു തോടിനുള്ളില്‍
ചോരച്ച ഒരു കൊക്കിന്‍ തുമ്പ് .
**** **** **** **** ****
ഇത്തിരിവെട്ടം പോലും കടക്കാത്ത
തണലു പറ്റി പറ്റി
ഈര്‍പ്പമേറിയ
ഒതുക്കം വന്ന മണ്ണില്‍
രോമങ്ങളുള്ള നെഞ്ചിന്‍കൂടിലേയ്ക്ക് ഊര്‍ന്നു വീഴുന്ന
വെളുത്ത താടിയുള്ള
പത്മാസനത്തിലെ ഒരു ഋഷിവര്യന്റെ കട്ടിയുള്ള ജടയ്ക്കു മുകളില്‍
പല ദിശകളിലേയ്ക്കും പടര്‍ന്നുനില്‍ക്കുന്ന ശിഖരങ്ങളിലെ
അനേകായിരം കലപില ചൊല്ലുന്ന ഇലകളുടെ മറവില്‍
നെയ്തു നെയ്തെടുത്ത ഒത്തിരിയൊത്തിരി കൂടുകളില്‍ പലതില്‍
തൊള്ള തുറക്കുന്ന ചോരനിറത്തിലുള്ള കുഞ്ഞുകൊക്കുകളിലേയ്ക്ക്
എങ്ങുനിന്നോ പറന്നുവന്ന് തീറ്റ തിരുകുന്ന അമ്മ കൊക്കുകള്‍.
വൃക്ഷതലപ്പത്തും
ഒടുക്കം
ഒരു നീലാകാശം .