Sunday, October 28, 2007

വാര്‍ത്തകള്‍ക്കു നാണമത്രേ...

വാര്‍ത്തകള്‍ക്കു നാണമത്രേ, വാക്കിലെത്തുവാന്‍!...

എന്തൊക്കെയോ കൊണ്ട്‌..

അവയ്ക്ക്‌ ഭയമുണ്ട്‌ പോലും വാക്കിലെത്താന്‍...
വിറച്ചു കൊണ്ട്‌, വേച്ചു വേച്ച്‌ എങ്ങാനുമെ-
ത്തിയാല്‍ തന്നെ, ഉപയോഗിച്ചു മുഷിഞ്ഞ വിഴുപ്പു-
ഭാണ്ഡങ്ങളുടെ ഭാരം താങ്ങി, അര്‍ത്ഥങ്ങളുടഞ്ഞു പോയാലോ?

പിന്നെയോ...

അവയ്ക്കു ലജ്ജയുമുണ്ട്‌ പോലും വാക്കിലെത്താന്‍...
ഇനി വാക്കിലെത്തി, അര്‍ത്ഥവും പേറി, മുന്നിലെങ്ങാനും
നിരന്നുപോയാല്‍, വേദനകളും, ദുഃഖങ്ങളും 'വെറും'
വാക്കുകള്‍ മാത്രമായി കൊഴിഞ്ഞു വീണു പോയാലോ?

ഹൃദയമെന്ന വാക്കിന്‍ തുടിപ്പ്‌ പരിഹസിച്ചാലോ?
മനസ്സെന്ന വാക്കിന്നാത്മാവ്‌ പേടിച്ചോടിയാലോ?
മരണമെന്ന വാക്കിന്‍ ജീവനൊഴിഞ്ഞു പോയാലോ?
വെളിച്ചം കൊണ്ടു വരുന്ന വാക്കുകള്‍ അകന്നു നിന്നാലോ?

അതിലുമേറെയായി,

സ്വാര്‍ത്ഥതകളും, അഹങ്കാരങ്ങളും, ദുരാഗ്രഹങ്ങളും
പലവിധ മാനാഭിമാനങ്ങളുമെന്നുവേണ്ട, സാക്ഷാല്‍
'പാതകങ്ങളുമടക്കം', സകല ദുഷ്പേരും വീണ വാക്കുകള്‍
പോലും തിരിഞ്ഞു നിന്ന് കൊഞ്ഞനം കാണിച്ചെന്ന്!

അതുകൊണ്ടൊക്കെയാവാം,

വാര്‍ത്തകള്‍ക്കു നാണമത്രേ, വാക്കിലെത്തുവാന്‍...
എന്നിട്ട്‌, സാരിയുമുടുത്തൊരാ നാരീമണിതന്‍ നാവിന്‍-
തുമ്പിലും, വലിയ താളിലും, ഉടയാടകളില്ലാതെ,
വാക്കുകള്‍ക്കുമപ്പുറത്തെങ്ങോ
നാണിച്ചു നില്‍ക്കുന്നത്രേ വാര്‍ത്തകള്‍...

ഹാ! വാര്‍ത്തകള്‍ക്കു പോലും നാണം!

8 comments:

ശ്രീ said...

“ഹൃദയമെന്ന വാക്കിന്‍ തുടിപ്പ്‌ പരിഹസിച്ചാലോ?
മനസ്സെന്ന വാക്കിന്നാത്മാവ്‌ പേടിച്ചോടിയാലോ?
മരണമെന്ന വാക്കിന്‍ ജീവനൊഴിഞ്ഞു പോയാലോ?
വെളിച്ചം കൊണ്ടു വരുന്ന വാക്കുകള്‍ അകന്നു നിന്നാലോ?”

ചേച്ചീ...

ചില കാര്യങ്ങളങ്ങനെ ആയിരിക്കും. വാക്കുകളാക്കിയാല്‍‌ ശരിയാകാതെ അങ്ങനെ....

പ്രയാസി said...

വാര്‍ത്തകള്‍ക്കു നാണമത്രേ, വാക്കിലെത്തുവാന്‍!...
ച്യേച്ചീ.. കൊള്ളാം
ഇനി ഒരു കൂടപ്പിറപ്പുകൂടി വരാനുണ്ട്,
അവനും വലിയ നാണക്കാരനാ...:)

വേണു venu said...

വാക്കുകളില്ലാത്ത നിശബ്ദമായ വാര്‍ത്തകളാരറിയുന്നു.
അറിയപ്പെടാത്ത വാര്‍ത്തകള്‍‍ എന്നും ഉണ്ടായിരുന്നു. വാക്കുകള്‍‍ നാണിച്ചു നിന്നതിനാല്‍‍ അതു് വാര്‍ത്തകളല്ലാതെ പോയതാവാം.അറിയപ്പെടാതെ പോയ മനുഷ്യരെപ്പോലെ വാര്‍ത്തകളും.:)

സഹയാത്രികന്‍ said...

ചേച്ച്യേ...

“വാര്‍ത്തകള്‍ക്കു നാണമത്രേ, വാക്കിലെത്തുവാന്‍...
എന്നിട്ട്‌, സാരിയുമുടുത്തൊരാ നാരീമണിതന്‍ നാവിന്‍-
തുമ്പിലും, വലിയ താളിലും, ഉടയാടകളില്ലാതെ,
വാക്കുകള്‍ക്കുമപ്പുറത്തെങ്ങോ
നാണിച്ചു നില്‍ക്കുന്നത്രേ വാര്‍ത്തകള്‍...“

സമ്പൂര്‍ണ്ണ വിമര്‍ശനമാണെന്ന് തോന്നുന്നു...

എന്തായാലും നന്ന്... നന്നായി
:)

ഓ:ടോ: ടാ പ്രയാസി... ഞാ വന്നൂറാ...
:)

മയൂര said...

:)

സു | Su said...

വാക്കുകള്‍ തേച്ചുമിനുക്കി വാര്‍ത്തയുണ്ടാക്കട്ടെ. പിന്നെ നാണിക്കേണ്ടല്ലോ.

ഏ.ആര്‍. നജീം said...

:))

ഗിരീഷ്‌ എ എസ്‌ said...

നന്നായിരിക്കുന്നു
ശരിയാണീ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം...
അഭിനന്ദനങ്ങള്‍...