അച്ച്യുതന്‍ മാഷ് മേശപ്പുറത്തു നിന്നും കണ്ണട എടുത്ത്, മുഖത്ത് വെച്ചു കൊണ്ട്, കലണ്ടറിലേയ്ക്ക് സൂക്ഷിച്ചു നോക്കി. വ്യാഴാഴ്ച - പതിനഞ്ചാം തിയ്യതി - പൂരൂരുട്ടാതി നക്ഷത്രം-
"ഓ, പൂരൂരുട്ടാതിയാണല്ലോ...അപ്പോ ഇന്നാണ് പിറന്നാള്..." അച്ച്യുതന്‍ മാഷ് ഓര്‍ത്തു.
അദ്ദേഹം ഉമ്മറത്തുള്ള ചാരുകസേരയില്‍ ചാരിയിരുന്നു. കാലുകള്‍ കസേരയുടെ നീണ്ട കൈകളിലേയ്ക്ക് പതുക്കെ വെച്ചു കൊടുത്തു. മുഖത്തു നിന്നും കണ്ണട ഊരിമാറ്റി.
"നേര്‍ത്തെ നോക്കീര്‌ന്നൂച്ചാല്‍ എന്തെങ്കിലുമൊരു വഴിപാട് കഴിപ്പിയ്ക്കാമായിരുന്നു...ആ.. ഇനീപ്പോ സാരല്യ".. രണ്ട് വിരലുകള്‍ കൊണ്ട് കണ്ണുകള്‍ തിരുമ്മി അദ്ദേഹം ഒരു ആത്മഗതം നടത്തി.
പുറത്ത്, പതുക്കെ വീശുന്ന കാറ്റ് ശരീരത്തെ തഴുകുന്നത് അദ്ദേഹം അറിയുന്നുണ്ടായിരുന്നു. മുറ്റത്ത് കൊഴിഞ്ഞു കിടക്കുന്ന കരിയിലകള്‍ ബഹളം വെച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പാറി കളിച്ചു കൊണ്ടിരുന്നു. വളരെ നാളുകള്‍ക്കു ശേഷം, പുതുമഴ കൊണ്ട് വാരിപ്പുണര്‍ന്ന്, ഭൂമിയെ നനവിന്റെ കുളിരില്‍ പൊതിയുവാന്‍ ആകാശം ഇരുണ്ടു കൂടി തയ്യാറെടുപ്പു തുടങ്ങിയിരുന്നു. അച്ച്യുതന്‍ മാഷ് ചിന്തയിലാണ്ടിരിയ്ക്കുകയാണ്.
ഈ അച്ച്യുതന്‍ മാഷ് ആ നാട്ടിലെ തന്നെ ഒരു സ്കൂളിലെ മാഷായിരുന്നു, പിന്നീട് ഹെഡ് മാഷായി കുറച്ചു കാലം, പിന്നീട് ഒരു അഞ്ചാറ് വര്‍ഷം മുന്‍പ് ജോലിയില്‍ നിന്നും വിരമിച്ച്, ഇപ്പോള്‍ ഒറ്റയ്ക്ക് വിശ്രമ ജിവിതം നയിയ്ക്കുന്ന ഒരു റിടൈര്‍ഡ് അദ്ധ്യാപകനാണ്. സ്കൂളിലെ കുട്ടികള്‍ക്കും, ഒപ്പമുള്ളവര്‍ക്കും, ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. ഉയരത്തില്‍ മെലിഞ്ഞു നീണ്ട ശരീരവും, വലത്തോട്ട് ചെരിച്ചു ചീകി വെച്ചിട്ടുള്ള മുടിയുടെ ഇടത് ഭാഗത്തേയ്ക്ക് കയറി നില്‍ക്കുന്ന ഒരു കഷണ്ടിയും, നീണ്ട മുഖവും, വളഞ്ഞ മൂക്കും, ഒക്കെയാവും മാഷെ കാണുമ്പോള്‍ ഒറ്റനോട്ടത്തില്‍ കണ്ണില്‍ പെടുന്നത്. ഒരു കറുത്ത കണ്ണടയും വെച്ച്, വെളുത്ത ഷര്‍ട്ടുമിട്ട്, മുണ്ടിന്റെ വലത്തേയറ്റം ഇടത്തേ കക്ഷത്തില്‍ തിരുകി, തലയുയര്‍ത്തി പിടിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ നടത്തം. മറച്ചു വെയ്ക്കാന്‍ ഒന്നുമില്ലെന്ന് ആര്‍ക്കും തോന്നുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസാര ശൈലി. ഉച്ചത്തിലുള്ള അദ്ദേഹത്തിന്റെ ശബ്ദം അകലെ നിന്നു തന്നെ കേള്‍ക്കുമായിരുന്നു. വഴിയില്‍ കണ്ടു മുട്ടുന്ന ആരോടും ഇലാസ്റ്റിക് പോലെ നീളുന്ന ഒരു ചിരിയോടു കൂടി, ഒരു ചെറിയ കുശലം വലിയ ശബ്ദത്തില്‍ ചോതിച്ചേ അദ്ദേഹം നടന്നു പോകൂ.
അദ്ദേഹത്തിന്റെ ഭാര്യ സുഭദ്രാമ്മ മരിച്ചിട്ട് ഏകദേശം പത്ത് പന്ത്രണ്ട് വര്‍ഷങ്ങളായി. ഒരു മകള്‍ ശ്രീജ ഇപ്പോള്‍ കല്യാണം കഴിഞ്ഞ്, ഭര്‍ത്താവും ഒരു കുട്ടിയുമായി വിദേശത്ത് ജീവിയ്ക്കുന്നു. മകളുടെ കല്യാണത്തിനു ശേഷം, മാഷ് ഒരു ഏകാന്ത വാസത്തില്‍ തന്നെയാണ്. ബന്ധുക്കളെന്നു പറയാന്‍ പ്രത്യേകിച്ചാരുമില്ലാത്ത അദ്ദേഹത്തിന്, എന്തിനും ഏതിനും വിളിച്ചാല്‍ ഓടിയെത്തുന്ന നാട്ടുകാരുടെ സ്നേഹമാണ് ഇതുവരെ സമ്പാദിച്ച ആകെയുള്ള സ്വത്ത്.
അങ്ങിനെ, തറവാട്ടില്‍ ഇപ്പോള്‍ കൂട്ടായി, പറമ്പിലെ തെങ്ങും, പ്ലാവും, മാവും പിന്നെ കുറച്ച് ചെടികളും, അല്‍പം പച്ചക്കറി കൃഷിയും ഒക്കെ തന്നെ. അവയെ അദ്ദേഹം പൊന്നു പോലെ നോക്കിയും, സ്നേഹിച്ചും തന്റെ മനസ്സിന്റെ ഉന്മേഷം ഏകാന്തതയുടെ മടുപ്പില്‍ ചോര്‍ന്നു പോകാതെ ശ്രദ്ധിയ്ക്കുന്നു; ഒപ്പം ഒരു അദ്ധ്യാപകന്റെ നിഷ്കര്‍ഷയോടു കൂടിയ ജീവിത ശൈലിയും അദ്ദേഹത്തിനെ അതിനു സഹായിയ്ക്കുന്നു. ആ മരങ്ങള്‍ തറവാട്ടു മുറ്റത്ത് തന്നെ തലയും ഉയര്‍ത്തി പിടിച്ച് ഒരു കാവലെന്നോണം നില്‍ക്കുന്നത് കാണുമ്പോള്‍, അദ്ദേഹത്തിനിപ്പോള്‍ ഒരു താങ്ങും തണലും ആയി അവര്‍ മാത്രമാണുള്ളത് എന്ന ഒരു നാട്യം ആ നില്‍പിലുണ്ടോ എന്ന് ആരുമൊന്ന് സംശയിച്ചു പോകും !
പക്ഷെ, അന്ന് അദ്ദേഹത്തിനെന്തു കൊണ്ടോ ഒന്നിനും ഉത്സാഹം തോന്നുന്നുണ്ടായിരുന്നില്ല. വല്ലാത്ത ഒരു നിശ്ശബ്ദത തനിയ്ക്കു ചുറ്റും തളം കെട്ടി നില്‍ക്കുന്ന പോലെ.. അതിലെവിടെയൊ നേര്‍ത്തു വരുന്ന ഒരു തേങ്ങല്‍ കേള്‍ക്കാം. ഇതുവരെ ഇല്ലാത്ത എന്തോക്കെയോ അനാവശ്യ ആധികള്‍.. ആ നിശ്ശബ്ദതയിലെ തേങ്ങല്‍ മനസ്സിനെ കൂടുതല്‍ അസ്വസ്ഥമാക്കുന്നുണ്ടെന്ന് അദ്ദേഹത്തിനു തോന്നി.
"ഞാനെറങ്ങട്ടെ മാഷെ..കഞ്ഞിയൊക്കെ നെരെയാക്കി വെച്ചിട്ടുണ്ട്. പപ്പടവും കാച്ചീട്ടുണ്ട്. പിന്നെ അങ്ങേ തൊടീന്ന് കിട്ടിയ ഇത്തിരി മാങ്ങ ഉപ്പിലിട്ടു വെച്ചിട്ടുണ്ട്. ന്നാ ഞാനിനി പോയിട്ടു മറ്റന്നാള്‍ വരാം."
പാറൂട്ടി ഒരു പൊതിയും കയ്യില്‍ പിടിച്ചു കൊണ്ട് മുറ്റത്തേയ്ക്കിറങ്ങി.
സുഭദ്രാമ്മ ഉള്ളപ്പോള്‍ സഹായത്തിനു നിന്നിരുന്ന സ്ത്രീയാണ് പാറൂട്ടി. എന്തിനും ഏതിനും ഒരു മടിയും പറയാതെ ഓടി വന്നിരുന്നു അവര്‍. ഇപ്പോള്‍, എപ്പോഴെങ്കിലും ഒന്ന് വന്ന് അടിച്ചു വാരി തുടച്ച്, എല്ലാം വെടിപ്പാക്കി വെയ്ക്കും, അങ്ങിനെ വന്ന ദിവസം എന്തെങ്കിലും മാഷ്ക്ക് വെച്ചുണ്ടാക്കി കൊടുക്കും. മാഷ് ആവശ്യപ്പെടാതെ തന്നെ..
മാഷ് ചിന്തയില്‍ നിന്നും ഉണര്‍ന്ന്, പെട്ടെന്നെന്തോ ഓര്‍ത്ത പോലെ മുണ്ടിന്റെ തലപ്പത്ത് നിന്നും ഒരു പത്ത് രൂപ നോട്ടെടുത്ത് നീട്ടി കൊണ്ട് പറഞ്ഞു."അതേയ് പാറൂട്ടീ...പോകുന്ന വഴിയ്ക്കെയ്, ആ നമ്പീശന്‍ കുട്ടിയെ കണ്ടാല്‍, ഇതു കൊടുത്തിട്ട് ഒരു പുഷ്പാഞ്ചലി കഴിപ്പിയ്ക്കാന്‍ ഒന്നു പറഞ്ഞോളൂ ട്ടൊ.. എന്റെ പേരും നാളും തന്നെയങ്ക്ട് പറഞ്ഞാല്‍ മതി.
"അതെന്താ ഇന്ന് വിശേഷം?"
"ഏയ്, കാര്യായിട്ടൊന്നൂല്യ, എന്റെ പിറന്നാളാണിന്ന്"...
"അതാ പ്പൊ നന്നായേ !...പാറൂട്ടി, താടിയ്ക്ക് കൈ കൊടുത്തു കൊണ്ട് തുടര്‍ന്നു...
" ഒരു വാക്കു പറയായിരുന്നില്ല്യെ.. ഞാന്‍ എന്തെങ്കിലും ഒന്ന് വെച്ച്ണ്ടാക്ക്യേര്‍ന്നു.."
"അതൊന്നും സാരല്യ പാറൂട്ട്യെ.. അവള്‍ പോയേ പിന്നെ, പിറന്നാള് എന്നൊന്നു ഉണ്ടായിട്ടില്യ,.. അല്ല, അല്ലെങ്കിലും എനിയ്ക്കീ ആഘോഷങ്ങള്‍ക്കൊന്നും വല്ല്യ താല്‍പര്യം ഇല്യാച്ചോളു... പിന്നേ ശ്രീജ ഉള്ളപ്പോള്‍ എന്തെങ്കിലും പേരിന് ചെയ്തേര്‍ന്നൂന്ന് മാത്രം.. ഇനീപ്പൊ ആരാള്ളത്..."
മാഷ് ഒന്നു നിര്‍ത്തിയിട്ട് പറഞ്ഞു - "ഇതിപ്പോ അറുപതാമത്തെ ആവും.. അതോണ്ടാ ഒരു പുഷ്പാഞ്ചലി ആയിക്കോട്ടേന്ന് വിചാരിച്ചത്"
"കഷ്ടം !, ഒരു പിടി ചോറെങ്കിലും വെയ്ക്കായിരുന്നു ട്ടൊ.." പാറൂട്ടി പിറുപിറുത്തു കൊണ്ട് നടന്നകന്നു.
മാഷ് വീണ്ടും ചാരു കസേരയില്‍ ചാരിയിരുന്നു. കണ്ണുകളടച്ചു.
പകല്‍ വെളിച്ചം ഇരുണ്ടു തുടങ്ങി, അദ്ദേഹത്തിന്റെ മനസ്സും...
കോരിച്ചൊരിയുവാന്‍ ആകാശം വെമ്പി നില്‍ക്കുന്നു..
ഗെയ്റ്റ് തുറക്കുന്ന ശബ്ദം കേട്ട് അദ്ദേഹം വീണ്ടും കണ്ണു തുറന്ന് മുന്നിലേയ്ക്കാഞ്ഞ് എത്തി നോക്കി.
പോസ്റ്റ് മാന്‍ ഗോപി കയ്യില്‍ ഒരു കവറുമായി നടന്നു വരുന്നു...
"മാഷേ.., ഒരു കത്തുണ്ടല്ലൊ..മകള്‍ടേന്നാ തോന്നുന്നത്, അക്കരേന്നാ..." ഗോപി കവര്‍ നീട്ടി കൊണ്ട് പറഞ്ഞു.
അദ്ദേഹം ചിരിച്ചു കൊണ്ട്, "ഗോപ്യേയ്, സുഖല്ലെ...കൊറേ ആയീല്ലൊ, ഈ വഴിയ്ക്കൊക്കെ ഒന്നു കണ്ടിട്ട്.. അച്ഛനും അമ്മയ്ക്കും വിശേഷിച്ചൊന്നൂല്യലോ ല്ലേ'..?
"ഇല്യ..കത്ത് ണ്ടെങ്കിലല്ലെ ഞാന്‍ വരണ്ടൂ... നല്ലൊരു മഴയ്ക്കുള്ള കോളുണ്ട്... പോട്ടെ മാഷെ.." ഗോപി ധൃതി പിടിച്ച് നടന്നകന്നു.
"ഈ ഫോണിലിങ്ങനെ ധൃതി പിടിച്ച് അവിടേം ഇവിടേം തൊടാതെയുള്ള വര്‍ത്തമാനല്ലാതെ, അവള്‍ടെ ഒരു കത്ത് വായിച്ചിട്ട് എത്ര കാലായി.." അദ്ദേഹം ഉത്സാഹത്തോടെ കവര്‍ പൊട്ടിച്ചു.
ഭംഗിയുള്ള റോസാപ്പൂക്കള്‍ പതിച്ചു വെച്ചിരിയ്ക്കുന്ന ഒരു കാര്‍ഡ് കവറില്‍ നിന്നും മാഷ് വലിച്ചെടുത്തു. തെല്ലൊരു അമ്പരപ്പോടെ, അതിനുള്ളില്‍ എഴുതിയിരുയ്ക്കുന്നത് വായിച്ചു.
"പ്രിയപ്പെട്ട ഞങ്ങളുടെ അച്ഛന് അറുപതാം പിറന്നാള്‍ ആശംസകള്‍ ! എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേര്‍ന്നു കൊണ്ട് സദാ സ്നേഹത്തോടെ, സ്വന്തം മകള്‍ ശ്രീജ, മുരളി, അനു."
അദ്ദേഹത്തിന്റെ ശരീരം അപ്പോള്‍ വീശിയ കാറ്റില്‍ കോരിത്തരിച്ചു. ഒപ്പമുള്ള കത്തിനുള്ളില്‍, അവരുടെ ഒരു ചെറിയ കുടുംബ ഫോട്ടൊ വെച്ചിരിയ്ക്കുന്നു.. അനുക്കുട്ടി ശ്രീജയുടെ കുട്ടിക്കാലത്തെ തനി പകര്‍പ്പു തന്നെയെന്നദ്ദേഹത്തിനു തോന്നി. ശ്രീജയും മുരളിയും നന്നായിരിയ്ക്കുന്നു. ഫോട്ടോയില്‍ കാണുമ്പോള്‍ , അവര്‍ തൊട്ടടുത്ത് തന്നെയുള്ള പോലെ.. അനുക്കുട്ടിയുടെ കണ്ണുകള്‍ "മുത്തശ്ശാ..." എന്ന് നീട്ടി വിളിയ്ക്കുന്നു..
തലയ്ക്കു മുകളില്‍ ശക്തിയോടെ മഴത്തുള്ളികള്‍ ഓട്ടിന്‍ പുറത്ത് വീണ് ശബ്ദമുണ്ടാക്കി. പൊടുന്നനെ മഴ കോരിച്ചൊരിഞ്ഞു.
മാഷ് പതുക്കെ കസേരയിലേയ്ക്ക് ചാരി. അദ്ദേഹത്തിന്റെ മുഖത്തു നിന്നും ഭാവങ്ങള്‍ അകന്നു നിന്നു. ഉള്ളിലെല്ലാം തണുത്തുറഞ്ഞിരുന്നു. കാര്‍ഡിനൊപ്പമുള്ള കത്ത് എന്തുകൊണ്ടോ അദ്ദേഹം അപ്പോള്‍ വായിച്ചില്ല.. പകരം, കാര്‍ഡ് ചേര്‍ത്തുപിടിച്ച് ആശംസാ വചനങ്ങള്‍ വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരുന്നു. പിന്നെ, മഴത്തുള്ളികള്‍ പൊടി പൊടിയായി വീണ്, മിനുസമാര്‍ന്ന കാര്‍ഡിലെ നീല നിറമുള്ള മഷി പരത്തി, എഴുത്ത് പരന്ന് പരന്ന് പോകുന്നത് തടയാതെ അദ്ദേഹം കാര്‍ഡും ഫോട്ടോയും നെഞ്ചോട് ചേര്‍ത്തു വെച്ച് ചാരിയിരുന്ന് കണ്ണുകളടച്ചു.
കോരിച്ചൊരിയുന്ന മഴയുടെ ശബ്ദം മാത്രം മുഴങ്ങുന്ന ആ തറവാട്ടുമ്മറത്ത്, ഇരുളുന്ന പകല്‍ വെളിച്ചത്തില്‍, എഴുത്തും ഫോട്ടോയും നെഞ്ചോട് ചേര്‍ത്ത് ഒറ്റയ്ക്കിരിയ്ക്കുന്ന അദ്ദേഹത്തെ നോക്കി, പുറത്ത് നനഞ്ഞു നില്‍ക്കുന്ന മരങ്ങള്‍, പതുക്കെ ആടി.. കൊമ്പുകളെ ആട്ടി ഇലകളെ ചലിപ്പിച്ചു.. ഏതോ ഒരു സാന്ത്വനത്തിന്റെ പുഞ്ചിരി പൊഴിയ്ക്കുന്ന പോലെ.. താങ്ങും തണലുമാണെന്ന നാട്യത്തില്‍..
കണ്ണുകളടച്ച്, ഒന്നുമറിയാതെ ചാരുകസേരയില്‍ ചാരിയിരിയ്ക്കുകയായിരുന്നു ആ അച്ഛനപ്പോഴും...
16 comments:
എവിടേയോ ഉള്ള ഒരച്ഛന്‍ ഒറ്റയ്ക്ക് ചാരുകസേരയില്‍ , വലിയൊരു തറവാടിന്റെ ഉമ്മറത്ത്... ഭാവങളില്ലാതെ..
മനസ്സില്‍ തോന്നിയ ഈ അച്ഛന്റെ ചിത്രം ഒന്നു എഴുതി നോക്കി...
അച്ഛന്റെ ചിത്രം ശരിക്കും കണ്ടു. പലരുടേയും ചിത്രമാണത്. ഇവിടെ സ്നേഹിക്കാന്‍, ഓര്‍മ്മിക്കാന്‍ ആളുണ്ട്. അതുപോലും ഇല്ലാത്ത എത്രയോ ആള്‍ക്കാര്‍ ജീവിതം തീര്‍ത്ത് പോകുന്നു.
നന്നായി എഴുതിയിട്ടുണ്ട്.
വളരെ വിഷമവും തോന്നി.
'അച്ഛന്റെ ചിത്രം' അറിയാതെ മനസ്സിന്റെ ഏതോ ഒരു കോണില്‍ ഒരു വിങ്ങലുയര്‍ത്തി.. എന്റെ അച്ഛനും ഇതുപോലെ..ദൂരെ ഞങ്ങളെയും കാത്ത്..
നന്നായി എഴുതിയിരിക്കുന്നു.
ആ അച്ഛന്റെ മുഖം മനസ്സില്‍ പതിഞ്ഞു.
നൊമ്പരപ്പെടുത്തിക്കളഞ്ഞു.
നല്ല എഴുത്ത്.
വളരെ ഭംഗിയായി ആ അച്ഛന്റെ ചിത്രം പതിപ്പിക്കുവാന്‍ കഴിഞ്ഞു.നന്നായി
കുറച്ചുനേരത്തേക്ക് ആ അച്ഛന്റെ കൂടെയായിരുന്നതുപോലെ.
നല്ല കൈയ്യടക്കത്തോടെ വരച്ചു കാട്ടി, ഒറ്റപ്പെടലിന്റെ നൊമ്പരം......അഭിനന്ദനങ്ങള്‍
pr,
നല്ലോരു സണ്‍ഡേയില്‍ വിഷാദമുണര്‍ത്തി ഈ കഥ.
ഞാന്‍ എന്നെ കുറേ വര്‍ഷങ്ങള്‍ക്കു ശേഷം സ്ക്റീനില്‍ കാണുന്നതോ, എന്തോ ഒക്കെ ഒന്നു സങ്കല്പിച്ചപ്പോള്‍....വിഷമൈക്കുന്നു.
അച്ഛനെ നന്നായി ചിത്രീകരിച്ചിരിക്കുന്നു.
സൂ..പതിവു പോലെ ആദ്യം തന്നെ കണ്ടതില്‍ വളരെ സന്തോഷമുണ്ട് ട്ടൊ..
ശരിയാണ്..എന്റെ അച്ഛന്റെ ഷഷ്ഠിപൂര്‍ത്തി ആയിരുന്നു, ഈയിടെ..ഞാനും ഒരു കാര്‍ഡ് ഉണ്ടാക്കി അയച്ചു, അമ്പലത്തില്‍ ഒന്നു പോയി..
പിന്നെ തോന്നി, അവിടെ അച്ഛന് എല്ലാവരും കൂടെ ഉണ്ടല്ലൊ എന്നു ഞാന്‍ സമാധാനിയ്ക്കുകയല്ലെ വേണ്ടത് എന്ന്..അങിനെ എഴുതിയതായിരുന്നു ഇത്..
സാരംഗീ..നന്ദി..
കമന്റ് വായിച്ചപ്പോള്‍ എനിയ്ക്കും..
ആ അച്ഛനു വേണ്ടി നമുക്കു പ്രാര്‍ത്ഥിയ്ക്കാം..
ചേച്ചിയമ്മേ..ആ പറഞത് എനിയ്ക്ക് വല്ലാത്ത oru "inspiration" തരുന്നുണ്ട് ട്ടൊ..വളരെ സന്തോഷം.
അച്ചൂസ്..,സതീശ്..,ശാലിനീ..,sandoz..,
എല്ലാവര്‍ക്കും നന്ദിയും എന്റെ നിറയെ സന്തോഷവും..
വേണൂ..വാസ്തവം തന്നെ..!
അ ഒരു അവസ്ഥയിലേയ്ക്ക് എത്തുമ്പോഴേയ്ക്കും ഒരു തയ്യാറെടുപ്പ് ഇപ്പോള്‍ തന്നെ ആവശ്യമല്ലേ എന്നും ചിലപ്പോള്‍ തോന്നാറുന്ട്..
വന്നതില്‍ വളരെ സന്തോഷമുണ്ട്.
സ്നേഹം പി.ആര്‍
സ്നേഹസമ്പന്നനായ ഒരു അച്ഛന്റെ ചിത്രം തന്നെ.നല്ല എഴുത്ത്....
അരീക്കോടന്‍..
വായിച്ചു എന്നറിഞതില്‍ വളരെ സന്തോഷം..
PR,
kathha vaLare ishTamaayi ennaRiyikkaTTe.
iTakkOrO paattum aaykkooTe?
P.R. ജീ...
ഇതു വായിക്കാന്‍ കുറെ വൈകി. ചന്ദ്രകാന്തം ചേച്ചി വഴിയാണ്‍ ഇങ്ങെത്തിയത്.ഈ അച്ഛന്റെ കഥ വളരെ ഇഷ്ടമായി. നമ്മുടെ നാട്ടില്‍ തന്നെ ഇതു പോലെ ഒത്തിരി അച്ഛന്‍മാരും അമ്മമാരും ഉണ്ടെന്നത് ഒരു സത്യം തന്നെ ആണ്‍.
അച്യുതന്‍ മാഷെ പറ്റിയുള്ള വിവരണം വളരെ നന്നായിരുന്നു. ആളെ നേരില്‍ കാണുന്നതു പോലെ തോന്നി, വായിച്ചു കഴിഞ്ഞപ്പോള്‍...
അഭിനന്ദനങ്ങള്‍!
പല മാഷന്‍മാരെയും ഓര്‍ത്തു
ഞാനും വൈകി പോയോ ഇതു കാണുവാന്‍...?
അച്ഛന്റെ ചിത്രം ഒരുപാടിഷ്ട്ടമായി.
മറക്കാതെ അച്ഛനു കാര്‍ഡ് ഉണ്ടാക്കി അയച്ചുവല്ലേ...മൈലുകള്‍ക്കകലെ ഇരിക്കുന്ന മകളുടെ കാര്‍ഡും കത്തുകളും കൈയില്‍ കിട്ടുമ്പൊള്‍ ആ അച്ഛനെത്ര സന്തോഷിച്ചിട്ടുണ്ടാകും?
Post a Comment