Wednesday, February 14, 2007

എന്റെ സ്വപ്നം !

ഞാന്‍ ആശിയ്ക്കുന്നു...
എന്നിലെ എന്നെ മറന്നു കൊണ്ട്‌
ഭാരമില്ലാത്ത, സുതാര്യമേഘങ്ങള്‍ക്കൊപ്പം,
ഒന്നൊഴുകി നടക്കുവാന്‍..
കാര്‍മേഘങ്ങളുടെ കറുപ്പുനിറമില്ലാതെ,
മഴത്തുള്ളികളുടെ ഭാരം പേറാതെ..

ഞാന്‍ കൊതിയ്ക്കുന്നു...
എന്നിലെ എന്നെ മറന്നു കൊണ്ട്‌
ഇന്നിന്റെ നിമിഷങ്ങളില്‍
‍ഒന്ന് മുഴുകുവാന്‍..
ഇന്നലെയുടെ ബാക്കികളെ എണ്ണാതെ,
നാളേയ്ക്ക്‌ ഒന്നും ബാക്കി വെയ്ക്കാതെ..

ഞാന്‍ ആഗ്രഹിയ്ക്കുന്നു...
എന്നിലെ എന്നെ മറന്നു കൊണ്ട്‌
അകന്നു പോകുന്ന കണ്ണികളെ
ഒന്നു കൂട്ടിയിണക്കുവാന്‍..
പഴകിയ തുരുമ്പിനെ തിരഞ്ഞു പിടിയ്ക്കാതെ,
പുതിയ തുരുമ്പിനെ വരാനനുവദിയ്ക്കാതെ..

ഞാന്‍ ഇഷ്ടപ്പെടുന്നു...
എന്നിലെ എന്നെ മറന്നു കൊണ്ട്‌
മനസ്സിനെ ഒരു കണ്ണാടിയാക്കി
ഒന്നു സ്നേഹിയ്ക്കുവാന്‍..
കുറ്റബോധങ്ങളുടെ നീറ്റലുകളില്ലാതെ,
വൈരാഗ്യ വിദ്വേഷങ്ങളില്ലാതെ..

ഞാന്‍ അമ്പരന്നു,
എന്നിലെ എന്നെ മറക്കാന്‍
‍ആശിയ്ക്കുന്ന, കൊതിയ്ക്കുന്ന,
ആഗ്രഹിയ്ക്കുന്ന, ഇഷ്ടപ്പെടുന്ന
ഞാന്‍, പക്ഷെ എങ്ങനെ എന്നിലെയെന്നെ മറക്കും!!?
സ്ഥാനത്തും അസ്ഥാനത്തും
തല പൊക്കി ഉയര്‍ത്തെണീയ്ക്കുന്ന
എന്നിലെയെന്നെ മറക്കലത്ര എളുപ്പമാണോ?

എന്നിട്ടും ഞാന്‍
എപ്പോഴൊക്കെയോ, അറിയാതെ,
മനസ്സിനെ കണ്ണാടിയാക്കി സ്നേഹിച്ച്‌,
അകന്നു പോയ കണ്ണികളെ കൂട്ടിയിണക്കി,
ഇന്നിന്റെ നിമിഷങ്ങളില്‍ മുഴുകി,
എന്നിലെ എന്നെ മറന്ന്,
ഭാരമില്ലാത്ത, സുതാര്യമേഘങ്ങള്‍ക്കൊപ്പമങ്ങിനെ
ഒഴുകി നടക്കുന്ന ഒരു സുന്ദര സ്വപ്നം കാണുന്നു..

ഭാരമില്ലാതെ, സുതാര്യമായി ഒഴുകി നടക്കുന്ന ഒരു സുന്ദര സ്വപ്നം !

10 comments:

ചീര I Cheera said...

വെറുതെ..
പലപ്പോഴായി തോന്നാറുള്ള ചിലതുകളെ കുത്തിക്കുറിച്ചിട്ടു..

കണ്ണൂരാന്‍ - KANNURAN said...

നല്ല സ്വപ്നം...

കുറുമാന്‍ said...

ഭാരമില്ലാത്ത, സുതാര്യമേഘങ്ങള്‍ക്കൊപ്പമങ്ങിനെ
ഒഴുകി നടക്കുന്ന ഒരു സുന്ദര സ്വപ്നം കാണുന്നു..

സ്വപ്നം വളരെ നല്ല സ്വപ്നം. ഇനിയും കാണുന്ന സ്വപ്നങ്ങള്‍ എഴുതൂ. മാത്രമല്ല, സംഗീതത്തില്‍ ബിരുധാനന്തര ബിരുധം എടുത്തിട്ട് ഇങ്ങനെ ഇരുന്നാല്‍ മതിയോ? ഒന്നു രണ്ട്, മൂന്നാലഞ്ചാറു പാട്ട് പാടി റെക്കോര്‍ഡ് ചെയ്ത് ബ്ലോഗീലിടൂ :)

Unknown said...

‘എന്നിട്ടും ഞാന്‍
എപ്പോഴൊക്കെയോ, അറിയാതെ,
മനസ്സിനെ കണ്ണാടിയാക്കി സ്നേഹിച്ച്‌,
അകന്നു പോയ കണ്ണികളെ കൂട്ടിയിണക്കി,
ഇന്നിന്റെ നിമിഷങ്ങളില്‍ മുഴുകി,
എന്നിലെ എന്നെ മറന്ന്,
ഭാരമില്ലാത്ത, സുതാര്യമേഘങ്ങള്‍ക്കൊപ്പമങ്ങിനെ
ഒഴുകി നടക്കുന്ന ഒരു സുന്ദര സ്വപ്നം കാണുന്നു.‘

ആ സുന്ദര സ്വപ്നം കൂടെക്കൊണ്ടു നടക്കുന്ന കാലത്തോളം ജീവിതം അര്‍ത്ഥപൂര്‍ണ്ണമായിരിക്കും.

Anonymous said...

എന്തു സുന്ദരമായ സ്വപ്നം!
pr ..ഇതെന്റേം സ്വപ്നാണ്!..:ഇങ്ങനെയൊക്കെ ഒന്നു പറന്നു നടക്കാനും സ്നേഹിയ്ക്കാനും..ഒക്കെ…:)

ചീര I Cheera said...

കണ്ണൂരാന്‍.. വായിച്ചതില്‍ വളരെ സന്തോഷം.

കുറുമാന്‍.. അതിനിനിയും കുറേ ദൂരം പോകണമെന്നു തോന്നുന്നു..സമയക്കുരവു തന്നെ പ്രധാന കാരണം.. വായിച്ചതില്‍ വളരെ സന്തോഷമുണ്ട്.

പൊതുവാളേ.. അതെ, അതുകൊണ്ടു തന്നെയാവും ചിലപ്പോള്‍ അത് സ്വപ്നമായി അവശേഷിയ്ക്കുന്നത്!
വായിച്ചതില്‍ അതിയായ സന്തോഷമുണ്ട്.

ആമീ.. ഒരുപക്ഷെ, എല്ലാവരുടെ ഉള്ളിലും ഇതൊക്കെ തന്നെയാവും അല്ലേ.. ആമിയ്ക്കും എന്റെ, നിറഞ സന്തോഷം...

വെറുതെ, ചില വരികള്‍ ഓര്‍മ്മ വരുന്നു..
“സുന്ദര സ്വപ്നമേ, നീയെനിയ്ക്കേകിയ സ്വര്‍ണ്ണ ചിറകുകള്‍ വീശി..”

സ്നേഹം പി.ആ‍ര്‍.

Peelikkutty!!!!! said...

നല്ല സ്വപ്നം.സുന്ദര സ്വപ്നം.


പാട്ടു പാടി ബ്ലോഗിലിടൂ..പീആറെ..കേള്‍‌ക്കാനാളുണ്ട് :)

ചീര I Cheera said...

പീലിക്കുട്ടീ !!...
പ്രോത്സാഹനത്തിനു വളരെ നന്ദി..
എന്തായാലും ഒരു തവണ ഒന്നു പരീക്ഷിയ്ക്കണം എന്നുണ്ട്‌...എന്നാന്നറിയില്ല..
ഒപ്പം പോസ്റ്റ്‌ വായിച്ചതില്‍ വളരെ സന്തോഷവും അറിയിയ്ക്കുന്നു..

വന്നു പോയ എല്ലാവര്‍ക്കും എന്റെ നന്ദിയും നിറയെ സന്തോഷവും.

mumsy-മുംസി said...

നമ്മുടെയുള്ളിലെ നമ്മളാണ്‌ പ്രശ്നം..

Unknown said...

Yes