Monday, January 22, 2007

മുത്തശ്ശിയുടെ വര്‍ത്തമാനങ്ങള്‍

മുത്തശ്ശി വളരെ സുന്ദരിയാണ്‌. ചന്ദനത്തിന്റെ നിറവും മണവും ആണ്‌ മുത്തശ്ശിയ്ക്ക്‌, എപ്പോഴും സ്നേഹവാത്സല്ല്യങ്ങള്‍ തുളുമ്പി നില്‍ക്കുന്ന ഒരു മുഖവും. ആരേയും യാത്രയയയ്ക്കുമ്പോള്‍, കൈ പിടിച്ചു കൊണ്ട്‌, തന്റെ നിറയുന്ന മനസ്സ്‌ "ചെറുചൂടോടെ" കൈമാറുവാന്‍ മുത്തശ്ശി പ്രത്യേകം ശ്രദ്ധിയ്ക്കാറുണ്ട്‌.

പണ്ട്‌, ഈ മുത്തശ്ശി ഒരു ടീച്ചറായിരുന്നു. എല്ലാ കാര്യങ്ങളും, ഓടി നടന്ന് വേണ്ട പോലെ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു മുത്തശ്ശിയ്ക്ക്‌ എന്നു വിശ്വസിയ്ക്കാന്‍ ഇപ്പോള്‍ പ്രയാസം തോന്നും. കാരണം ഒരു വാക്കറിന്റെ സഹായമില്ലാതെ ഇപ്പോള്‍ നടക്കാന്‍ വയ്യ. എന്നാലും സംസാരത്തിന്‌ മാത്രം യാതൊരു കുറവും വരുത്തിയിട്ടില്ല മുത്തശ്ശി. വയസ്സ്‌ ഏകദേശം എണ്‍പതിനോട്‌ അടുത്തെങ്കിലും കുട്ടികള്‍, ചെറുപ്പക്കാര്‍, മുതിര്‍ന്നവര്‍, എന്നിങ്ങനെ പ്രായവ്യത്യാസം എന്നൊരു വേര്‍തിരിവില്ലാതെ, വിഷയങ്ങള്‍ക്ക്‌ യാതൊരു ക്ഷാമവും ഇല്ലാതെ ആരോടും എത്ര നേരം വേണമെങ്കിലും സംസാരിച്ചിരിയ്ക്കാന്‍ മുത്തശ്ശി തയ്യാറാണ്‌. പണ്ടത്തെ കാര്യങ്ങളും, മുത്തശ്ശന്റെ കാര്യങ്ങളും, മുത്തശ്ശിയുടെ അമ്മയുടെ കാര്യങ്ങളും, പണ്ട്‌ ജോലിയ്ക്കു പോകുവാനായി താമസിച്ചിരുന്ന മനയ്ക്കലെ കുഞ്ഞാത്തല്‍ടെ സ്നേഹത്തെ കുറിച്ചും അങ്ങിനെ ഇന്നത്‌ എന്നില്ല, മുത്തശ്ശി പറയുന്ന ഓരോന്നും, അവിടെ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും പോലും എകദേശം കാണാപാഠമായി തുടങ്ങിയത്രെ. അങ്ങിനെ പഴയ ആള്‍ക്കാരെയെല്ലാം സ്നേഹത്തോടെ ഓര്‍ത്ത്‌, കൂടെയുള്ളവരെ ഒരുപോലെ സ്നേഹിച്ച്‌, മക്കളുടെയും ചെറുമക്കളുടേയും അവരുടെ മക്കളുടേയും, ഫോണ്‍ വിളികളും വരവും കാത്ത്‌ കാത്ത്‌ അങ്ങിനെ ജീവിയ്ക്കുകയാണ്‌ ഈ മുത്തശ്ശി.


"അമ്മേ, എപ്പോഴും അമ്മയുടെ കൂടെയിരുന്നിങ്ങനെ സംസാരിച്ച്‌ ഇരുന്നാല്‍ മതിയൊ? കുടുംബത്തെ കാര്യങ്ങള്‍ ഒക്കെ നടത്തണ്ടെ?" മുത്തശ്ശിയുടെ മകള്‍ ശാന്തയുടെ ചോദ്യം.

" അതെ, അതു ശരിയാണ്‌. കുടുംബത്തെ കാര്യങ്ങളൊക്കെ ശരിയ്ക്കു നടക്കണം, പക്ഷെ, എനിയ്ക്കു ഒന്ന് എണീറ്റ്‌ ചെന്ന് സഹായിയ്ക്കാന്‍ പറ്റില്ലല്ലൊ. അപ്പൊ പിന്നെ ഇങ്ങനെ സംസാരിച്ചിരിയ്ക്കയല്ലാതെ വേറെ എന്താ ചീയാ?. എത്ര വര്‍ത്തമാനം പറഞ്ഞാലും എനിയ്ക്കു മതിയാവില്ല."

"എന്നാല്‍ ശരി, ഇന്ന് ഞാന്‍ അമ്മയുടെ കൂടെ സംസാരിച്ചിരിയ്ക്കാന്‍ തന്നെയാണ്‌ വന്നത്‌. അമ്മ വേണ്ട്വോളം സംസാരിച്ചോളു." ശാന്ത മുത്തശ്ശിയുടെ അടുത്തേയ്ക്ക്‌ നീങ്ങിയിരുന്നു.

മുത്തശ്ശിയ്ക്കു ഉത്സാഹമായി.

" അതാ, ആ വെലുപ്പില്‌ പഴയ ആല്‍ബങ്ങളുണ്ടല്ലൊ, അതിങ്ങ്ട്‌ എടുക്ക്‌" മുത്തശ്ശി മേശയുടെ അടിയിലേയ്ക്ക്‌ ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു."

"ഓ !, അപ്പോള്‍ ഇന്ന് പഴമ്പുരാണത്തില്‍ നിന്നു തന്നെയാണ്‌ തുടങ്ങുന്നത്‌, ല്ലെ.." ശാന്ത ഒരു ചെറു ചിരിയോടെ പറഞ്ഞു കൊണ്ട്‌, വെലുപ്പില്‍ നിന്നും പഴയ ആല്‍ബങ്ങളൊക്കെ എടുത്ത്‌ മുത്തശ്ശിയ്ക്കു കൊടുത്തു.

മുത്തശ്ശി ഓരോന്നായി മറിച്ചു തുടങ്ങി.

" ഇന്നിനി നെനക്ക്‌ പോണോ? ഇവിടെ തന്നെയങ്ക്ട്‌ കെടന്നൂടെ?.. രാമനെ വിളിച്ച്‌ ഒന്നു പറഞ്ഞാല്‍ പോരേ...'?

അതിന്‌ ശാന്തയുടെ ഉത്തരമൊന്നും മുത്തശ്ശിയ്ക്ക്‌ കിട്ടിയില്ല..

"ദേ, നോക്ക്‌, നീ എന്തു കരച്ചിലാ കരയണത്‌...ഞാന്‍ ഇഡ്ലി വായില്‍ തരാതെ മനയ്ക്കില്യ്ക്ക്‌ പോണേന്റെ ദേഷ്യമാണ്‌ നിനക്ക്‌."

കുറെ കണ്ടു പഴകിയതെങ്കിലും, കൗതുകം വിടാതെ, ശാന്ത ആല്‍ബത്തിലേയ്ക്ക്‌ നോക്കി. ഒരു ജെട്ടി മാത്രം ഇട്ടു കൊണ്ട്‌ വായ മുഴുവനും പൊളിച്ച്‌, താന്‍ നിന്നു കാറുകയാണ്‌.


"ഈശ്വരാ, നീ കരയണതും കണ്ടു കൊണ്ട്‌, എടനെഞ്ച്‌ പൊട്ടിയാണ്‌ ഓരോ തിങ്കളാഴ്ചയും ഞാന്‍ മനയ്ക്കില്യ്ക്ക്‌ പോയിരുന്നത്‌. ആ കാലമൊക്കെ എങ്ങനെ കഴിച്ചു കൂട്ടി എന്ന് എനിയ്ക്കന്നെ അറിയില്ല. ഓരോ ദിവസവും വിചാരിയ്ക്കും, നിന്റെ അച്ഛനോട്‌ പറയണം- ഈ സ്കൂളില്‍ പോക്കങ്ങ്ട്‌ നിര്‍ത്താന്‍ പൂവ്വാണ്‌, വയ്യ, നിന്നെ ഇങ്ങനെ പിരിഞ്ഞിരിയ്ക്കാന്‍, എന്നൊക്കെ. പക്ഷെ, എവിടെ, നിന്റെ അച്ഛനെ കണ്ടാല്‍ പിന്നെ, കഴിഞ്ഞു, ഒന്നും പറയാന്‍ നാവു പൊന്തില്ല. ദൂരെയാണെങ്കിലും എനിയ്ക്കു ഒരു ജോലി വാങ്ങി തരാന്‍ പാവം, എത്ര ബുദ്ധിമുട്ടീട്ട്ണ്ട്‌ എന്നതിന്‌ ഒരു കണക്കുമില്ല. പിന്നെ എങ്ങനെ പറയാന്‍ തോന്നും... അച്ഛന്‌ വലിയ സ്നേഹമായിരുന്നു എന്നോട്‌...സ്ത്രീകളും ജോലിയ്ക്കു പോണമെന്നു പറഞ്ഞ്‌, കൊറെ നിര്‍ബന്ധിച്ച്‌ എന്നെ കൊണ്ട്‌ ടി.ടി.സി എടുപ്പിച്ച്‌, ഒരു ജോലിയും വാങ്ങിച്ചു തന്നു. നിന്നേയും കുറെ നോക്കിയിട്ടുണ്ട്‌ അച്ഛന്‍"

"........."

"നീയ്‌ കേക്കണുണ്ടോ"?..

"ഉവ്വമ്മേ.. അമ്മ പറഞ്ഞോളൂ...'" മുത്തശ്ശിയുടെ അടുത്ത്‌ തന്നെയുള്ള കിടക്കയില്‍ കിടന്നു കൊണ്ട്‌ ശാന്ത പറഞ്ഞു.'

"നിന്റെ ആ കുഞ്ഞു ഫോട്ടൊ ഉണ്ടല്ലൊ, അത്‌ എപ്പോഴും എന്റെ ബാഗില്‍ ഉണ്ടാകും. എന്നും രാത്രി കിടക്കുമ്പോള്‍ അതെടുത്തു നോക്കും..കുറച്ചു നേരം കരയും. ഇനി ഒരാഴ്ച കഴിയണ്ടേ നിന്നെ ഒന്ന് കാണാന്‍..?'"

'"ഉം...''

"സ്ക്കൂളില്‍ ജോലി ശരിയായപ്പോള്‍ കുഞ്ഞാത്തല്‍ടെ അടുത്ത്‌ താമസത്തിനുള്ള ഏര്‍പ്പാട്‌ ആക്കിതന്നത്‌, അച്ഛന്റെ ഒരു കൂട്ടുകാരന്‍ തന്നെയായിരുന്നു. ദിവസവും ബസ്സില്‍ വന്നു പോകാനുള്ള ദൂരം അല്ല ഉള്ളൂ എന്ന് പറഞ്ഞ്‌, സ്കൂളിന്റെ അടുത്തു തന്നെയുള്ള, പരിചയത്തിലുള്ള ആ മനയ്ക്കല്‌ അദ്ദേഹം താമസത്തിനുള്ള സൗകര്യം ചെയ്തു തന്നു. അങ്ങനെ താമസം തുടങ്ങി. എന്തൊരു സ്നേഹായിരുന്നൂന്നറിയൊ ആ കുഞ്ഞാത്തല്‍ന്‌ എന്നോട്‌?.. ദാ..ഇന്നാളും കൂടി കുഞ്ഞാത്തല്‌ വിളിച്ചു കൊറേ സംസാരിച്ചു ന്നേ !...

".............. '

"ഓരോ വെള്ളിയാഴ്ചയും സന്ധ്യയ്ക്ക്‌, നിന്റെ അടുത്ത്‌ എത്തിയാല്‍ പിന്നെ രണ്ട്‌ ദിവസം പറന്നു പോകുന്നതു പോലെയായിരുന്നു.. തിങ്കളാഴ്ച രാവിലെ ബസ്സ്‌ പിടിച്ച്‌ മനയ്ക്കില്യ്ക്ക്‌..അങ്ങിനെ എത്ര കാലം..." അതൊക്കെ ആലോചിച്ചിരിയ്ക്കുമ്പോള്‍, ഇപ്പോള്‍ ഓടിനടക്കാന്‍ പറ്റാത്തേന്റെ സങ്കടം കൂടാണ്‌"..മുത്തശ്ശിയുടെ തൊണ്ട ഒന്നിടറി..

"...................."


"...................... !!

"ചേച്ചി !, ചേച്ചി!..." അനിയത്തി രാധയുടെ ശബ്ദം കേട്ട്‌ ശാന്ത ഞെട്ടി ഉണര്‍ന്നു !

"അവളേയ്‌, എന്റെ വര്‍ത്തമാനോം കേട്ട്‌ കേട്ട്‌, അന്‍...ങനെ നല്ല ഒറക്കത്തിലായി..." മുത്തശ്ശി ചിരിച്ചു കൊണ്ട്‌ രാധയോട്‌ പറഞ്ഞു.

ശാന്ത കൈ കൊണ്ട്‌ മുഖം തുടച്ച്‌ എണീറ്റിരുന്നു. എന്നിട്ട്‌ ചെറിയ ഒരു "നാണം" കലര്‍ന്ന ചിരിയോടെ പറഞ്ഞു.

'" ഹാവൂ !, എന്റമ്മെ.., ഒറങ്ങിപ്പോയത്‌ തീരെ അറിഞ്ഞില്ല...അതെയ്‌, ഇന്നലെ രാത്രി രണ്ട്‌ മണി വരെ പശൂന്റെ പെറലും കാത്ത്‌ തൊഴുത്തിലായിരുന്നു. അതിന്റെ ആലഭാലങ്ങള്‍ ഒക്കെ കഴിഞ്ഞ്‌ ആകെ ഒരിത്തിരി നേരം ഉറങ്ങിയെന്നു വരുത്തി, പുലര്‍ച്ചെ തന്നെ എണീറ്റു. നോക്കിയപ്പോള്‍ കറന്റ്‌ ഇല്ല, വെള്ളം കഴിഞ്ഞു, ആകെ ചിറ്റലായി. ഒരുവിധത്തില്‍ എല്ലാം തീര്‍ത്തു വെച്ചിട്ട്‌ ഇങ്ക്ട്‌ ഓടിയതാണ്‌- ഇന്ന്‌ നടന്നില്ലെങ്കില്‍ പിന്നേയും നീണ്ടാലൊ എന്നു വിചാരിച്ചിട്ട്‌. ഇനി ഏതായാലും ചെല്ലട്ടെ, അവിടെ അന്വേഷിയ്ക്കാന്‍ തുടങ്ങീട്ടുണ്ടാകും.. ഇനീപ്പൊ രാജീം കുട്ട്യോളും എല്ലാരും എത്തായീല്ല്യേ, ചക്ക ഇടീപ്പിച്ച്‌ വെച്ചിട്ടുണ്ടാകും - ചെന്നാ വര്‍ക്കലും, വരട്ടലുമായി പണി തുടങ്ങണം.. കരന്റ്‌ വന്ന്ണ്ടാവേരിയ്ക്കും..ഞാനെറങ്ങട്ടെ ട്ടൊ അമ്മേ... "

ശാന്ത ധൃതിയില്‍ ഹാന്റ്‌ ബാഗ്‌ തോളത്തിട്ട്‌ പോകാനൊരുങ്ങി.

"അല്ലെങ്കിലും ചേച്ചിയ്ക്ക്‌ ഒറങ്ങാന്‍ രണ്ട്‌ സെക്കന്റ്‌ കൂടി വേണ്ടല്ലൊ"... രാധ, ചേച്ചിയുടെ സാരി നേരെയാക്കി കൊടുത്തു കൊണ്ട്‌ കളിയാക്കി പറഞ്ഞു.'

" സാരല്ല്യട്യേ,.. എന്നാലും കൊറച്ച്‌ നേരം സംസാരിച്ചൂലൊ. അതുമതി. നീയൊറങ്ങീപ്പൊ, ഇനി ഒണത്തണ്ടാ എന്നു വിചാരിച്ചു ഞാന്‍ വിളിയ്ക്കാഞ്ഞതാണ്‌. ഞാനാ ആല്‍ബങ്ങള്‍ മുഴുവനും നോക്കിയങ്ങനെ ഇരുന്നു. ഇനി വേഗം പൊക്കൊ, അവിടെ രാമന്‍ അന്വേഷിയ്ക്കാന്‍ തുടങ്ങീട്ടുണ്ടാകും." മുത്തശ്ശി സ്നേഹത്തോടെ പറഞ്ഞു.

എത്ര പറഞ്ഞാലും തീരാത്ത വര്‍ത്തമാനങ്ങള്‍ മനസ്സില്‍ ഒരു കൂമ്പാരം കെട്ടി, ഗെയ്റ്റ്‌ കടന്ന് ശാന്ത കണ്ണില്‍ നിന്ന് മറയുന്നതും നോക്കി ജനാലയ്ക്കരികില്‍, വാക്കറില്‍ മുറുകെ പിടിച്ചു കൊണ്ട്‌ ആ മുത്തശ്ശിയങ്ങനെ നിന്നു.

15 comments:

P.R said...

പണ്ട്‌, ജീവിതയാത്രയുടെ ഒരു വഴിത്തിരിവില്‍, ഇതുപോലെയൊരു മുത്തശ്ശി എനിയ്ക്കൊരു കൊച്ചു സമ്മാനം തന്നു..ചെറിയ ഒരു ലേഡീസ്‌ വാച്ചായിരുന്നു അത്‌.

[അക്ഷരതെറ്റുകള്‍ക്ക്‌ ക്ഷമ ചോതിയ്ക്കുന്നു.. some mistakes occured while posting.]

സു | Su said...

മുത്തശ്ശിയുടെ സ്നേഹം, പി ആറിന്റെ വരികളിലൂടെ.

വല്യമ്മായി said...

നന്ദി പി.ആര്‍ എന്റെ വെല്ലിമ്മയുടെ ഓര്‍മ്മകള്‍ തിരികെ തന്നതിന്.നല്ല കഥ.

Anonymous said...

ഞാനെന്റെ മുത്തശ്ശിയെ ഓറ്ത്തുപോയി.
ഇനീം എഴുതു ഇതുപോലെ ഒരുപാട്..
:),ആമി.

ബിന്ദു said...

നല്ല രസായിരുന്നു മുത്തശ്ശിയുടെ വര്‍ത്തമാനം കേള്‍ക്കാന്‍. എനിക്കല്ലെങ്കിലും ഇഷ്ടാ മുത്തശ്ശിമാരെ.:)

സഞ്ചാരി said...

അണുകുടുംബമായി കഴിയുന്നവര്‍ക്കു കിട്ടാത്ത് ഭാഗ്യം.
മുത്തശ്ശി ഒരുപാട് കഥ പറഞ്ഞിട്ടെന്നെ ഉറക്കിയിട്ടുണ്ട്.

ഇത്തിരിവെട്ടം|Ithiri said...

ഇന്ന് വംശമറ്റുപോവുന്ന വര്‍ഗ്ഗമായിരിക്കുന്നു മുത്തശ്ശിമാരും മുത്തശ്ശന്മാരും. ചാരുകസേരയോട് ചേര്‍ന്ന് നിന്ന് കഥ കേള്‍ക്കുന്ന തലമുറയും...

നല്ല ഓര്‍മ്മകള്‍.

പ്രിയംവദ said...

സ്നേഹമുള്ള പരാതിയില്ലാത മുത്തശ്ശികള്‍ ഒരു ഭാഗ്യമാണു..

ശാലിനി said...

ചിരിക്കാന്‍ മാത്രമറിയാമായിരുന്ന, ഒരു പരാതിയുമില്ലായിരുന്ന എന്റെ വല്യമ്മച്ചിയെ ഓര്‍ത്തു.

നന്നായി എഴുതിയിരിക്കുന്നു.

P.R said...

ഇന്നലെ നെറ്റ് കണക്ഷന്‍ ഇല്ലാതെ ആകെ വിഷമത്തിലായിരുന്നു. കൂടാതെ “മൊഴിയ്ക്കും” എന്നോടൊരു പിണക്കം...
ഇന്നേയ്ക്ക് എല്ലാം ശരിയായി, ഇപ്പോള്‍ വെറുതെ ഒന്നു തുറന്നു നോക്കിയപ്പോള്‍...

സൂ, വല്ല്യമായീ, ആമീ, ബിന്ദൂ, സഞ്ചാരീ, ഇത്തിരീ, പ്രിയംവദേ, ശാലിനീ...

സൂ, ബ്ലൊഗ്ഗിന്റെ പേരു തിരുത്തിയിട്ടുണ്ട്. നന്ദി ട്ടൊ.

എല്ലാവരും വന്നതിനും വായിച്ചതിനും വളരെ വളരെ സന്തോഷം.
സ്നേഹത്തോടെ, പി.ആര്‍

ചേച്ചിയമ്മ said...

നന്നായി എഴുതിയിരിക്കുന്നു.
എന്റെ അമ്മമ്മയെ ഓര്‍ത്തുപോയി.എനിക്ക്‌ അമ്മമ്മയുടെ പഴമ്പുരാണങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടമായിരുന്നു.

P.R said...

ചേച്ചിയമ്മേ..
ഉദ്ദേശിച്ച ഭാവങള്‍ അങോട്ട് പര്‍ന്നു തരാന്‍ പറ്റിയെങ്കില്‍ വളരെ സന്തോഷം..
അമ്മമ്മമാരും പേരകുട്ടികളും തമ്മിലുള്ള ആത്മബന്ധം, വിലയേറിയതു തന്നെയാണു.
സ്നേഹം
പി.ആര്‍

G.Manu said...

അമ്മപ്പടവിനും അപ്പുറത്താണു മുത്തശ്ശിപ്പടവു..അമ്മപ്പടവ്‌ നമ്മള്‍ പൊളിച്ചു...
മുത്തശ്ശിപ്പടവിലേക്കു പുതുതായി വന്ന ഗര്‍ത്തത്തെ പുരാവസ്തു ഗവേഷകറ്‍ക്കും കൊടുത്തു.

jeevitharekhakal.blogspot.com

Antony Joseph said...

its nice to see a story like "Muthsiute varthamanagal" i had a grandmother just like that, she passed away last june., so i mis her badly when read that story.

chakkiyar said...

മൂന്ന് കഥകളും ഒന്നിനൊന്ന് മെച്ചം, എല്ലാം സ്വന്തം അനുഭവം ആണെന്ന് തോന്നുന്നല്ലോ. തുടര്‍ന്നും എഴുതുമല്ലോ