Tuesday, March 25, 2014

പുഴമനസ്സേ....

കടലേ... കടലേ...
എന്നാർത്തുവിളിച്ച്
ഒഴുകിവരുന്ന എന്റെ പുഴയേ....

നിന്റെ നെഞ്ചിൽ ആകാശത്തിന്റെ
നിശ്ശബ്ദത പ്രതിഫലിക്കുന്നതിനെ
നീ വിവർത്തനം ചെയ്യുന്നതെങ്ങിനെയാണ്?

നിന്റെ ഭാഷയേതാണ്?

നിന്റെ തൂലികയുടെ നിറമെന്താണ്?

കാലു വെച്ചാൽ, തൊട്ടാൽ
നിന്റെ അടിത്തട്ടിൽ തെളിഞ്ഞുകാണുന്ന
വെള്ളാരങ്കല്ലിന്നരികു കൊള്ളിക്കുന്ന
നിന്റെ  മൂർച്ചകളേ
മിനുസപ്പെടുത്തുന്ന നിന്റെ മന്ത്രമെന്താണ്?

കടൽ താണ്ടി
അങ്ങു ദൂരെ നിന്നും
ഒരു വിളി കാതിൽ വന്നുവീഴുന്നു
നിശ്ശബ്ദമായ്...

നിശ്ശബ്ദതയെത്രമേൽ
ശൂന്യതയാകുന്നുവോ
അത്രമേലത് കനം തൂങ്ങി
ഘനീഭവിച്ചതാകുന്നുവെന്നു നീ
പറഞ്ഞുതന്നില്ലായിരുന്നുവെങ്കിൽ....

നീയില്ലായിരുന്നുവെങ്കിൽ....

കടലേ... കടലേ...
എന്നാർത്തുവിളിച്ച്
ഒഴുകിവരുന്ന എന്റെ പുഴയോളമേ....

നിന്റെ ഒഴുക്കിന്റെ
ശക്തിപ്രപഞ്ചത്തിലേക്ക്
നിന്റെ അടിത്തട്ടിലേക്ക്
നിന്റെ ഏകാന്തതീരങ്ങളിലേക്ക്
ഞാനൊരു മുങ്ങാംകുഴിയിട്ടു വന്നോട്ടേ?

മഴ പെയ്യുമ്പോൾ
മഴത്തുള്ളികളേറ്റു നനയാതെ
നിന്റെ മേനിയെ ഞാൻ കാത്തുകൊള്ളാം!

കാറ്റു വരുമ്പോൾ
നിന്റെ കുഞ്ഞോളങ്ങളെ
മടിയിൽ വെച്ചു സംരക്ഷിച്ചുകൊള്ളാം!

ഒരു തോണി കരയിൽ നിന്നും
പുറപ്പെടുമ്പോൾ
അതു തുഴഞ്ഞു നിന്നെ വേദനിപ്പിക്കുമ്പോൾ
നിന്നെ ഞാൻ ചേർത്തുപിടിച്ചോളാം...

മലവെള്ളം വന്നു നിന്നെ
കലക്കിമറിച്ചിടുമ്പോൾ
എന്റെ പ്രാണൻ നിനക്കു തന്ന്
ഞാൻ മാറിനിന്നോളാം...

നിന്നിലേക്കെന്നെ വലിച്ചുതാഴ്ത്തുന്ന
നീ പറയാതെയെന്നോടു ചൊല്ലുന്ന
നിന്നിൽനിന്നും തെറിച്ചു വീഴുന്ന
ജലത്തുള്ളികളിലെ നിന്റെ ശ്വാസത്തെ
ഞാനെന്നുമെന്നുമറിയുന്നു.....
എന്നുമെന്നും കാതോർക്കുന്നു...
എന്നുമെപ്പോഴും തൊട്ടെടുക്കുന്നു...

നീയില്ലായിരുന്നുവെങ്കിൽ..
നീ പറഞ്ഞു തന്നില്ലായിരുന്നുവെങ്കിൽ...

കടലേ... കടലേ...
എന്നാർത്തുവിളിച്ച്
ഒഴുകിവരുന്ന എന്റെ പുഴമിടിപ്പേ....







Monday, March 24, 2014

മനോരാജ്യങ്ങൾ...

അമ്മു ഇങ്ങനെ മുടി പിന്നിലേക്കു പോണിടെയ്‌ൽ കെട്ടി, ഒരു ജീൻസ് പാന്റ് നൽകുന്ന ലാഘവത്തിൽ അവളുടെ പിങ്ക് കളർ സൈക്കിളെടുത്ത് സ്പീഡിൽ മുന്നിലേക്ക് ഓടിച്ചു പോകുന്ന കാഴ്ച എത്ര കണ്ടാലും എനിയ്ക്കു മതിവരില്ല! അവളെല്ലാം മറന്ന് സൈക്കിളിനെ എതിരെ നിന്നും അടിച്ചു വരുന്ന തണുത്ത കാറ്റിന്റെ ഉള്ളിലേയ്ക്കു ഓടിച്ചോടിച്ച് മെല്ലെ കൺവെട്ടത്തു നിന്നും മറയും. തിരിച്ചെത്തുമ്പോഴേയ്ക്കും കുഞ്ഞുമുടിച്ചുരുളുകളൊക്കെ കാറ്റ് പിന്നിൽ കെട്ടിവെയ്ക്കാനെടുത്ത ഹെയർ‌ബാൻഡിൽ നിന്നും പുറത്തെത്തിച്ചിട്ടുണ്ടാവും. അമ്മു അപ്പോളുള്ള വൈകുന്നേരത്തെ സൂര്യന്റെ പോക്കുവെയിലിൽ സുന്ദരിക്കുട്ടിയായിട്ടുണ്ടാവും.

അമ്മു നീന്തലും പഠിച്ചെടുത്തു, അവളുടെ അച്ഛന്റെ സഹായത്തോടെ തന്നെ. വെള്ളമെന്നാൽ അമ്മു സ്വയം മറന്ന് എത്ര നേരം വേണമെങ്കിലും ചിലവഴിയ്ക്കാൻ തയ്യാറാണ്.
നീന്തലും സൈക്കിളിങും.
ഇപ്പൊ പെട്ടെന്നൊരു മോഹം, ഇതുവരെ തോന്നാത്ത മോഹം... സൈക്കിളോടിച്ചു ഇഷ്ടം പോലെ 'ലോകം' ചുറ്റാനും, നീന്തി നീന്തി പുഴയിലോ കുളത്തിലോ വെള്ളത്തിന്റെ ആഴങ്ങളിലേയ്ക്ക് ഊളിയിട്ടു ചെല്ലാനും.
എവിടെ!
എന്തേ ഞാൻ കുട്ടീല് സൈക്കിളോടിയ്ക്കാൻ പഠിച്ചില്ല? എന്തേ നീന്താൻ പഠിച്ചില്ല?
ആ... അറിയില്ല.

സത്യം പറയാലോ, പെൺകുട്ടികൾ സൈക്കിളോടിയ്ക്കുന്നതിനു എന്തൊരു കൗതുകാന്നറിയോ? എന്തോ... സൈക്കിളിന്റെ പിടി വിട്ട് രണ്ടു കൈകളും രണ്ടു വശങ്ങളിലേയ്ക്കു നീട്ടി, സൈക്കിളിന്റെ ഒറ്റ സീറ്റിൽ, ഒരവലമ്പവുമില്ലാതെ, മുഖം കാറ്റിനെതിരെ മുന്നോട്ട് നീങ്ങുമ്പോൾ കണ്ണുകളടച്ച് പോകാനാവുന്ന ആ സ്റ്റേറ്റ്. ഇത്രയേറെ സ്വാതന്ത്ര്യം തരുന്ന വേറെ 'വാഹനം' ഏതുണ്ട്? :-) വേണമെങ്കിൽ മഴയും ഒന്നു ചാറിക്കോട്ടെ.
(പെണ്ണുങ്ങൾ വിമാനം ഓടിയ്ക്കുന്ന പൈലറ്റ് വരെയാകുന്നു, എന്നിട്ടാണോ ഈ സൈക്കിൾ എന്ന്ന്നും ചോദിച്ച് ഇതിന്റെ ഭംഗി കളയല്ലേ, പ്ലീസ്...)

അതുപോലെയാണ് എനിയ്ക്ക് ആണുങ്ങൾ അടുക്കളയിൽ കയറി പാചകം ചെയ്യുമ്പോൾ. നോക്കിയിരിയ്ക്കാൻ തോന്നും , കൗതുകം തോന്നും. അവരോടിഷ്ടം തോന്നും. എല്ലാരും കൂടി പുരികം ചുളിയ്ക്കല്ലേ... ഒന്നുമല്ല വെറും വട്ടായി എടുത്താൽ മതി. അല്ലെങ്കിൽ മനസ്സിന്റെ, എത്ര തുടച്ചാലും മാറാത്ത 'ചില' ശീലിച്ചുപോയ ബോധങ്ങളുടെ ബാക്കിപത്രങ്ങളായി കണ്ടാൽ മതി.
(എത്ര കുക്മാർ ആണുങ്ങളായുണ്ട് എന്നും ചോദിച്ചേക്കരുത്. കുക് അല്ല, ഒരു വീട്ടിലെ അടുക്കളയിൽ തെല്ലൊരു സ്വാതന്ത്ര്യത്തോടെ, ഒരു യുദ്ധം ജയിയ്ക്കാനുള്ള  ആത്മവിശ്വാസത്തോടെ കയറി, സ്ത്രീകളുടെ സിസ്റ്റമാറ്റിക്കായ പാചവഴികളെയൊക്കെ തട്ടിപ്പൊളിച്ച്, പാചകപ്പരീക്ഷണങ്ങളിൽ ഒരു പുതിയ താജമഹൽ പണിയുന്ന ആണുങ്ങളോടാണ് എന്റെ ഈ ഇഷ്ടം.. :-) അതെന്താവോ...

പിന്നെ വേറൊന്നും കൂടിയുണ്ട്, ആണുങ്ങൾ ഈ കുഞ്ഞുവാവകളെ എടുക്കുന്നത്. എത്ര ആയാലും അവരുടെ കൈകൾക്ക് കുഞ്ഞിനെ എടുക്കുന്ന വഴക്കമില്ലെന്നു തോന്നും. അപ്പോൾ മുഖം നിറയേ പരിഭ്രമമാവും, ഇത്രയും തൂവലു പോലെയുള്ള ഒരു ദേഹം എടുത്തുവൊ, എടുത്തില്ലേ എന്നു പോലും അറിയാത്തവണ്ണം ഇതളുപോലെ ഇങ്ങനെ കൈകളിൽ കുഞ്ഞ് കിടക്കുമ്പോൾ... അവരുടെ മുഖത്ത് വാൽസല്ല്യത്തേക്കാൾ ചിലപ്പോൾ ഭയമാവും! വല്ലാത്ത ശ്രദ്ധയാവും, കരുതലാവും. അത്രയും കരുതൽ അവരുടെ മുഖത്ത് വേറെ ഒരിക്കലും കാണാനാവില്ലേ എന്നു തോന്നും!
(നോ, ഒഫൻസ് മെന്റ്. ഇതും എന്റെ ഒരു ചെറിയ മാനസികപ്രശ്നം.) :)

അച്ഛനും മകളുമായ ബന്ധമൊക്കെ കുറേ കേട്ടുമടുത്തതാണ്, അച്ഛനെപ്പൊഴും മകളോട് ഇഷ്ടം കൂടുമെന്നും, അമ്മയ്ക്കെപ്പൊഴും മകനോട് ഇഷ്ടം കൂടുമെന്നും. എന്തോ അതിലൊന്നും വലിയ കാര്യമൊന്നും തോന്നാറില്ല. പക്ഷേ... ചില അച്ഛന്മാരും മക്കളും തമ്മിലുള്ള ബന്ധം ഇതുപോലെ കൗതുകം ഉണ്ടാക്കാറുണ്ട്. അമ്മയും മക്കളും തമ്മിലുള്ള ബന്ധം പുരാതനകാലം മുതലേ വാഴ്ത്തിക്കേൾക്കുന്നതാണ്. പക്ഷേ ഈയൊരു കാലത്ത് അച്ഛന്റെ റോളുകളിൽ കുറച്ചുകൂടി 'ചാം' വന്നിട്ടുള്ളതായി തോന്നിക്കും. അച്ഛന്റെ വാൽസല്ല്യം, അച്ഛൻ അറിഞ്ഞുകൊടുക്കുന്ന മകൾക്കുള്ള സ്വാതന്ത്ര്യം, മകൾക്ക് അച്ഛനോടുള്ള സ്വാതന്ത്ര്യം, ഇഷ്ടം എല്ലാം... കുട്ടിയിൽ നിന്നു തന്നെ തുടങ്ങുന്ന ഈ ബന്ധം മകൾ വലുതാകുമ്പോഴും അച്ഛൻമാർ ഇക്കാലത്ത് പിന്നോട്ടു പോകുന്നില്ല.അതെ! അച്ഛന്മാരെ വെറും സെക്യൂരിറ്റി ഗാർഡുമാരോ, ഗൃഹസംരക്ഷകനോ ഒക്കെ മാത്രമായി കരുതിയിരുന്ന 'ഗൗരവകാലമൊക്കെ' എങ്ങോ പോയ്മറഞ്ഞു. ഇപ്പോൾ അവർക്കുമുണ്ട് സ്വന്തം കുട്ടികളെ താലോലിയ്ക്കാനും, താരാട്ടു പാട്ട് പാടിക്കൊടുക്കുവാനും, കുളിപ്പിക്കാനും, ഭക്ഷണം കൊടുക്കാനും, മക്കളെ ചേർത്തുനിർത്താനും, അച്ഛനു മകളുടെ മടിയിൽ തലചായ്ച് മയങ്ങാനും ഒക്കെ ചിലപ്പോൾ, ഒരുപക്ഷേ അമ്മമാർക്കുള്ളതിൽ നിന്നും മാറി വളരെ ചാമിങായ മറ്റൊരു സ്പെയ്സ്. ഗ്രേറ്റ്!  :-)

അതുപോലെ മറ്റൊരു വട്ട്. വട്ടെന്നാൽ മുഴു വട്ട്.
വലൊയൊരു ഒരു ആൾക്കൂട്ടം. അതിന്റെ നടുവിലേയ്ക്ക് ഒരു പെൺകുട്ടി ഓടിവന്ന് പെട്ടെന്ന് നൃത്തം തുടങ്ങുന്ന ഒരു കാഴ്ച! ആ സമയത്തുള്ള അവളുടെ ആത്മവിശ്വാസം, ചങ്കൂറ്റം, നൃത്തബോധം, താളബോധം. ശരീരത്തിനും മുഖത്തിനും അഴക് വേണ്ട. മുടിയ്ക്കു നിറം വേണ്ട. വസ്ത്രം ആകർഷകമാവണ്ട. അപ്പോൾ അങ്ങനെ ചെയ്യുന്ന പ്രവൃത്തിയിൽ നിറഞ്ഞുതുളുമ്പുന്ന ആത്മവിശ്വാസത്തിന്റെ കണങ്ങൾ, ശരീരമോ മനസ്സോ അറിയാതെ സന്തോഷം ഒന്നുകൊണ്ടു മാത്രം അപ്പോളാടിപ്പോകുന്ന നൃത്തച്ചുവടുകൾ...
അങ്ങനെയുള്ള ഒരു ചാൻസ് ഉണ്ടെങ്കിൽ - ഹോ!

പക്ഷേ എന്താ കാര്യം...എന്നെക്കൊണ്ട് പറ്റില്ല! :-(

:-)

Wednesday, March 19, 2014

പൂമണം

എന്നെ ഞാനാക്കുന്ന ചിലതുണ്ട്
ഈ ജീവിതത്തിൽ എന്നതാണേക ആശ്വാസം
എന്നു ഞാനാലോചിക്കുമ്പോൾ
ഒരു ജനലിന്നപ്പുറത്ത്
മണ്ണിൽ നിരന്നുനിൽക്കുന്ന
പൂവുകൾ അറിയുന്നില്ല പലപ്പോഴും
അവയുടെ യാഥാർത്ഥ ഭംഗിയെവിടെയെന്ന്.
വിരിഞ്ഞും മന്ദഹസിച്ചും അവരീ ലോകത്തിൽ
സുഗന്ധം പടർത്തി, ശ്വാസം വിടാതെ,
മിണ്ടാതെ വാടിക്കൊഴിഞ്ഞുവീഴുന്നുവെന്ന്
ജനാലക്കിപ്പുറത്തെ ഞാനുമറിയുന്നില്ല....

ഓരോ പൂവും ഓരോ കവിതകളായി
വിരിഞ്ഞുവരുമ്പോളുണ്ടാവുന്ന
പൂക്കാലങ്ങളിലേക്ക് 
കവിത വായിക്കാൻ വന്നെത്തുന്ന കാറ്റിനോട്
മന്ദഹാസം വിടാതെ 
അവയൊക്കെ മന്ത്രിച്ചു കാണണം
അടുത്ത പൂക്കാലം വരെ വീണ്ടും കാത്തിരുന്നോളാം എന്ന്.

ജനലിന്നിപ്പുറത്ത് 
മുഷിഞ്ഞുകൊണ്ടിരിക്കുന്ന
ജീവിതത്തെ അലക്കിത്തേച്ചുകൊണ്ടിരിക്കുന്ന
ഞാൻ അതും അറിയുന്നില്ല.

അവരെ അവരാക്കുന്ന ചിലതുണ്ട്
ഈ ലോകത്തിൽ എന്ന ആശ്വാസനെടുവീർപ്പിലാവും
അവരും അവസാനം 
വെയിലത്തു വാടി
മണ്ണിലേക്കു കൊഴിഞ്ഞുവീഴുന്നത്.

നിരന്തരം
അസ്തമയങ്ങളെ
അതു കഴിഞ്ഞുള്ള ഉദയങ്ങളെ
അതിജീവിക്കാനുള്ള തത്രപ്പാടുകളിൽ 
ജനാലക്കിപ്പുറത്തെ നാലുചുമരുകൾക്കുള്ളിൽ
ഞാനതൊന്നുമറിയുന്നില്ലെന്നു പോലും ഞാനറിയാതെ...
ഞാനറിയുന്നില്ലെന്ന് അവരുമറിയാതെ...

കണ്ണുനീരിന്റെ ഒരിറ്റു പോലും പുറത്തുവരാതെയിരിക്കുന്ന
അവരുടെ കണ്ണുകൾ എവിടെയാണ്?
ഒരരികുപോലും മുറിഞ്ഞു ചോര ഇറ്റിക്കാതിരിക്കുന്ന
അവരുടെ ഹൃദയം എവിടെയാണൊളിപ്പിച്ചിരിക്കുന്നത്?
മണ്ണിലേക്കു വീണ പൂവിന്റെ ഇതളിന്നരികുകളെയിളക്കി
കാറ്റു വന്നോതുന്നതെന്താണ്?
എന്നൊരിക്കൽ മാത്രം ജനാലയിലൂടെ നോക്കി
അവരോട് ഞാൻ ചോദിച്ചിട്ടുണ്ട്.

അപ്പോൾ മാത്രം
ജനാലച്ചില്ലിൻ സുതാര്യതയിലൂടെ
ഒരു പൂവു മണ്ണിലേക്ക്
കൊഴിഞ്ഞുവീണതിന്റെ ശബ്ദം ഞാൻ കേട്ടിരുന്നു.
ഒരു കാറ്റുവന്നതിനെ തൊടുന്നതും കണ്ടിരുന്നു.
ഏതോ ഒരു പൂമണം അന്നു വന്നെന്നെ പുൽകുന്നതും അറിഞ്ഞിരുന്നു...