Sunday, January 05, 2014

ഒരില, ഒരാകാശം.




അങ്ങ്...
അങ്ങകലെ നിന്നും
ഒരു മേഘത്തുളയിലൂടൊലിച്ചിറങ്ങി
വരുന്നൊരു വെയിലിൻ സ്തൂപത്തിൽ
ആരുമറിയാതെ ഒരാകാശം പാളിനോക്കാറുണ്ടെപ്പൊഴും.

ഇങ്ങ്... ഇങ്ങടുത്ത്
മണ്ണിൽ
നിറം പുതുക്കിക്കൊണ്ടിരിയ്ക്കുന്ന തളിരിലകൾക്ക്
ആ പാളിനോട്ടം തന്നെ ധാരാളമായിരുന്നു.

ഇളം ചൂടു വിരലായി,
കണ്ണെത്താദൂരത്തു നിന്നും
ആകാശവെളിച്ചം
വന്നു തൊടുമ്പോൾ 
അത് ഇലയ്ക്കൊരു നിമിഷത്തെ വളർച്ചയായിരുന്നു..
ഒരു ദിവസത്തെ സമാധാനമായിരുന്നു.

രാത്രികളിൽ
ആകാശം തന്നെയാണതുമെന്നറിയാതെ
നിലാവിന്റെ തലോടലുകളിൽ മയങ്ങി
ഇലകളായ ഇലകളൊക്കെയും
കൂമ്പി, വെയിലിനെ കാത്തുകാത്തു
തണുക്കുന്ന മണ്ണിലേയ്ക്കു നോക്കിനിൽക്കും.

അപ്പോളാകാശത്തേയ്ക്കു നോക്കിയാൽ
ആകാശം ഇലയിലേയ്ക്കു പ്രതിഫലിപ്പിയ്ക്കാറുള്ള
കടുംനീലനിറം മുഴുവൻ ഇരുട്ടിലാണ്ടുപോയിരിയ്ക്കും,
ഇരുളിന്റെയാഴങ്ങളിലേയ്ക്കാ മോഹിപ്പിയ്ക്കുന്ന
നീലനിറം, കറുത്തുപോയിരിയ്ക്കും.

പുതുമഴയ്ക്കായുള്ള കാത്തിരിപ്പുകളിലൊക്കെ
ഇലയ്ക്കും ആകാശത്തിനും
ഹൃദയം സൂക്ഷിച്ചു വെയ്ക്കാനുള്ള
ഇടനെഞ്ചാണ് ഭൂമി.

ഹൃദയങ്ങളുടെ വേദന
പൂവുകളായി വിരിഞ്ഞു ചിരി തൂകുന്ന,
അവരുടെ ഋതു -
ഭൂമിയിലെ വസന്തം!

ഇരുണ്ടും വെളുത്തും
പെയ്തും
ആകാശം അങ്ങകലെ..
കടുത്ത നീലയിൽ ദൂരെ...

ഇരുളിലും വെളിച്ചത്തും
പിന്നെ പെയ്തുതോരുമ്പോഴും
മണ്ണിലേയ്ക്കടർന്നു വീഴുന്നത്
ഇലകളിൽ പറ്റുന്ന ആകാശവെളിച്ചം,
ആകാശനീലം.

1 comment:

സൗഗന്ധികം said...

നല്ല കവിത


ശുഭാശംസകൾ....