Sunday, November 03, 2013

ചില ചിന്തകൾ....

എഫ്.ബി.യിൽ നിറഞ്ഞുകവിഞ്ഞു വരുന്ന പോസ്റ്റുകൾ കണ്ടാൽ ശരിയ്ക്കു പറഞ്ഞാൽ മനസ്സിലാവുന്നില്ല. സത്യത്തിൽ ഏതാ ശരിയ്ക്കുള്ള പ്രശ്നം?

1) ശ്വേതാ മേനോൻ കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചതോ?
2) ശ്വേതാ മേനോൻ തന്റെ പ്രസവം ചിത്രീകരിയ്ക്കാനുള്ള അനുവാദം നൽകിയതിനോ? അതോ പൂർണ്ണ ഗർഭിണിയായും അഭിനയിയ്ക്കാൻ പോയതിനോ?
3) ഒരു രാഷ്ട്രീയ നേതാവ് ശ്വേതയോട് അപമര്യാദയായി പെരുമാറിയതിനോ?
4) അത് മാധ്യമങ്ങൾ മറ്റു വാർത്തകളേക്കാളും പ്രാധാന്യത്തോടെ മസാലക്കൂട്ടുകൾ ചേർത്ത് അതു തന്നെ പറഞ്ഞിരിയ്ക്കുന്നതിനോടോ?

ഇതിലേതൊക്കെയാണിപ്പോൾ പ്രധാന പ്രശ്നം?

എന്നാൽ ഈയവസരത്തിൽ എനിയ്ക്കു തോന്നുന്ന പ്രശ്നങ്ങൾ വേറെ ചിലതാണ്.

1)  ഇത് അടിസ്ഥാനപരമായി ഒരു സ്ത്രീപ്രശ്നം മാത്രമായി കാണണോ എന്നതാണ് എനിയ്ക്കാദ്യം തോന്നുന്ന പ്രശ്നം. ഒരു 'പീഡന' പ്രശ്നം കേൾക്കുമ്പോഴേയ്ക്കും സ്ത്രീകൾ നേരിടുന്ന ശാരീരികവും, മാനസികവുമായ പ്രശ്നങ്ങളുടെ എല്ലാം ഭാണ്ഡക്കെട്ട് തുറന്നുവെച്ച്, സ്ത്രീകൾക്കു വേണ്ടി എല്ലാ സ്ത്രീകളും കൂടി വാദിയ്ക്കേണ്ടതുണ്ടോ? അവർക്കു വേണ്ടി പൊരുതിനിൽക്കേണ്ടതുണ്ടോ സത്യത്തിൽ? യെസ്, പ്രതികരിയ്ക്കണം , അതു വേണ്ടെന്നല്ല, പക്ഷേ എന്തിനു വേണ്ടി പ്രതികരിയ്ക്കണം എന്നതിൽ ശരിയ്ക്കും ഒന്നാലോചിയ്ക്കേണ്ടതില്ലേ എന്നെനിയ്ക്കു തോന്നുന്നു.

നേരെമറിച്ച് ഇത് അതിരൂക്ഷമായ ഒരു പുരുഷപ്രശ്നായാണ് (സ്ത്രീപ്രശ്നമേയല്ല എന്നർത്ഥമില്ല) ഞാൻ കണക്കാക്കുന്നത്. ഏതെങ്കിലും ഒരു പുരുഷന് സ്ത്രീയെ ചുമ്മാ തൊടാൻ തോന്നുകയോ, സ്ഥലകാലബോധമോ, പരിസരബോധമോ എല്ലാം മറന്ന്, ബോധം പോയി flirt ചെയ്യാൻ തോന്നുന്നതൊക്കെ വലിയൊരു മാനസികപ്രശ്നമോ, പെരുമാറ്റവൈകല്യമോ ആകുന്നു. അതിനൊക്കെ ഗൗരവപരമായ തരത്തിൽ തന്നെ ചികിത്സ ആവശ്യമുണ്ട്, അതിനി എത്ര വലിയ നേതാവായാലും, എത്ര ചെറിയ കുട്ടി ആയാലും.

2)  'സ്ത്രീപീഡനം' എന്ന വലിയ ഒരു സാമൂഹികപ്രശ്നം രാജ്യം നേരിടുന്നെങ്കിൽ, അതിനെ നിർമ്മാജ്ജനം ചെയ്യാൻ, സ്ത്രീകൾ മാത്രം അഭിമുഖീകരിയ്ക്കുന്ന ഒരു പ്രശ്നായി അതിനെ കാണുന്നത് മണ്ടത്തരമാണ്. ഇത് പുരുഷന്റെ കൂടി പ്രശ്നമാണെന്ന് പുരുഷനും സ്ത്രീയും ഒരുപോലെ അംഗീകരിയ്ക്കുന്നിടത്തു നിന്നും വേണം തുടങ്ങാൻ എന്നെനിയ്ക്കു ശക്തമായി തോന്നുന്നു. കാരണം സമൂഹത്തിൽ സ്ത്രീയും പുരുഷനും ഒരുമിച്ചാണ് ജീവിയ്ക്കുന്നത്. സ്ത്രീയും പുരുഷനും പരസ്പരപൂരകങ്ങളാകുന്നു. രണ്ടുപേരും രണ്ടുപേരുടേയും നിലനില്പിന് ഈ ഭൂമിയിൽ പരസ്പരം ആവശ്യമാണെന്നിരിയ്ക്കേ, സാമൂഹികപ്രശ്നപരിഹാരമാർഗ്ഗങ്ങൾ ഒരിയ്ക്കലും ലിംഗഭേദത്തിലൂന്നിയാവരുത് എന്നു ഞാൻ വിശ്വസിയ്ക്കുന്നു.
 ഉദാഹരണത്തിന്, ഒരു പീഡനത്തിനിരയായ ഒരു സ്ത്രീ - ശാരീരികം മാത്രമല്ല, മാനസികമായി കൂടി തളർന്നുപോകുന്ന അവൾക്ക് കൊടുക്കുന്ന കൗൺസിലിങ്, അതവൾക്കു മാത്രം പോര. ആ പ്രവൃത്തി ചെയ്തയാളേ ശിക്ഷിച്ചാൽ മാത്രം പോര, ഇപ്പറയുന്ന കൗൺസിലിങ് എന്ന കാര്യം പ്രസ്തുത പുരുഷനും ആവശ്യമുള്ളതാവുന്നു. കാരണം അത് ഒരു മാനസികപ്രശ്നം കൂടിയാണ്. അങ്ങനെയൊരു സംഭവത്തിനു ശേഷം സ്ത്രിയോട് പൊതുവിൽ ഉണ്ടാവുന്ന അനുതാപം,  (അനുതാപം, സഹതാപം ഇതു രണ്ടുമല്ല അവൾക്കാവശ്യം എന്നതു വേറെ വിഷയം) അവൾക്കു കൊടുക്കുന്ന കരുതൽ, (കഴിയുന്നതും ഇങ്ങനെയൊരു സംഭവം അവൾക്കുണ്ടായി, ശരീരമേ ഒരനാവശ്യ വസ്തുവായി എന്നൊക്കെയുള്ള തരത്തിൽ പിന്നെയും പിന്നെയും ഓർമ്മിപ്പിയ്ക്കുന്ന തരത്തിലുള്ള കരുതലുകളാണോ വേണ്ടത്, അതോ എത്രയും പെട്ടെന്ന് ജീവിതത്തെ പഴയ ചിരിയോടു കൂടി നേരിടാൻ സഹായിയ്ക്കുകയാണോ അവൾക്കു നല്ലതാവുക എന്നതും ചിന്തിയ്ക്കേണ്ടുന്ന വേറൊരു വിഷയം) , ഏതായാലും ഇതിന്റെയൊക്കെ മറ്റൊരു വശത്തിലൂടെ ആ സംഭവത്തിലകപ്പെട്ട പുരുഷനും മാനസികമായ ചികിത്സകൾ കൊടുക്കേണ്ട ചുമതല ഉണ്ട് എന്നുള്ളത് വിസ്മരിച്ചുകൂടാ എന്നു പറഞ്ഞാൽ, ബാലാത്ക്കാരം നടത്തിയ പുരുഷന്റെ ലിംഗം മുറിച്ചുകളയണമെന്ന് വാദിയ്ക്കുന്നവർക്ക് ധാർമ്മികരോഷം തിളയ്ക്കുമോ എന്നെനിയ്ക്കറിയില്ല. പക്ഷേ അതൊരു യാഥാർത്ഥ്യമല്ലേ? ഇതിൽ നിന്നും എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ഇത്തരം സംഭവങ്ങൾ കൂടിവരുന്നു, എന്തുകൊണ്ട് പുരുഷ്ന്മാർ ഇത്തരം പ്രവർത്തികൾ ചെയ്തു പോകുന്നു എന്നന്വേഷിയ്ക്കേണ്ട ഒരു ബാദ്ധ്യത തീർച്ചയായും വരുന്നുണ്ട്.

3) യെസ്, ഡെൽഹി പെൺക്കുട്ടിയുടെ അതിദാരുണമായ മരണം വരെ എത്തിച്ച സംഭവം, അതിനുമുൻപെയും, അതിനു ശേഷവും നടന്നു കൊണ്ടിരിയ്ക്കുന്ന പല സംഭവങ്ങളൂം (പേരുകളെടുത്ത് സംഭവങ്ങളെ ഓരോന്നായി എടുത്തു പറയാനാഗ്രഹിയ്ക്കുന്നില്ല) ആരും മറക്കുമെന്നു തോന്നുന്നില്ല. പക്ഷേ ഒരു കൊലപാതകത്തിനു മറ്റൊരു 'കൊലപാതകം' തന്നെയാണോ ശിക്ഷ എന്നൊരു ചോദ്യം അതിന്റെ പിന്നിലുണ്ട്. പക്ഷേ നീതിപീഠത്തിനും, രാഷ്ട്രത്തിന്റെ ഉന്നതികളിലിരിയ്ക്കുന്നവർക്കും രാഷ്ട്രത്തിലെ ജനങ്ങളുടെ വൈകാരികത്കളെ ഇളക്കിവിടുന്ന തരം സംഭവങ്ങളിൽ വന്നുകൂടുന്ന ഉത്തരവാദിത്തങ്ങൾ, സമ്മർദ്ദങ്ങൾ, ഇതിനൊന്നും ഒന്നും തന്നെ പറയാനില്ല. അത്തരം സംഭവങ്ങൾ ഇനിയും ഒഴിവാക്കേണ്ടതെങ്ങനെ എന്നാലോചിയ്ക്കുക മാത്രമേ വഴിയുള്ളു.
ചുരുക്കം ഇത്രമാത്രം ഒരു പെൺക്കുട്ടി വളർന്നുവരുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ എന്നു നാം സാധാരണയായി പ്രത്യേക 'സ്റ്റഡി ക്ലാസ്' കൊടുക്കുന്നുണ്ടല്ലോ, അത്രയും പ്രധാനപ്പെട്ടതു തന്നെയാണ് ഒരു ആൺകുട്ടി വളർന്നു വരുമ്പോഴും അവന്റെയുള്ളിൽ ഉണ്ടാക്കിയെടുക്കേണ്ട സ്വത്വ ബോധം.

4) ഒരു പെൺകുട്ടി വളർന്നു വരുമ്പോൾ നാം കൊടുക്കുന്ന ഈ 'സ്റ്റഡി ക്ലാസുകൾ' എന്തെല്ലാമാവാം? അതൊരിയ്ക്കലും പുരുഷന്മാരെ പേടിയ്ക്കുന്ന തരത്തിലോ, പുരുഷന്മാരെ അവഗണിയ്ക്കുന്ന തരത്തിലോ ആയിപ്പോകരുതെന്നു തോന്നുന്നു. അതെങ്ങനെ, എപ്പൊ വേണമെന്നതൊക്കെ ആലോചിയ്ക്കേണ്ടുന്ന കാര്യങ്ങൾ. സെക്ഷ്വൽ എജ്യൂക്കേഷൻ എന്ന കാര്യങ്ങളൊക്കെ ഇപ്പോഴും എത്രത്തോളം പെൺക്കുട്ടികളിലും ആൺകുട്ടികളിലും ഒരുപോലെ നടക്കുന്നുണ്ട് എന്നതും ചിന്തിയ്ക്കേണ്ടതുണ്ട്.

5) സ്ത്രീപുരുഷ സമത്വം എന്ന ഒരു കൺസെപ്റ്റ് തീർച്ചയായും ഒരു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. പക്ഷേ, ആ കാലഘട്ടത്തിൽ നിന്നുമെത്രയോ പരിഷ്ക്കരണം നടന്ന് വളർന്നുവന്ന ഇന്നത്തെ ഈ സാമൂഹികചുറ്റുപാടിൽ ആ കൻസെപ്റ്റിനെത്രത്തോളം പ്രസക്തി വരുന്നുണ്ട്? ഇനി ഉണ്ട് എന്നു തന്നെ വെയ്ക്കുന്നു - എന്നാൽ ശരിയ്ക്കും ഈ സമത്വം എന്നതു കൊണ്ടെന്താണുദ്ദേശ്ശിയ്ക്കുന്നത്? അങ്ങിനെയെങ്കിൽ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി, അവളുടെ ഉന്നമനത്തിനു വേണ്ടി എവിടെ നിന്നുമാണ് യാഥാർത്ഥത്തിൽ പ്രവർത്തിച്ചു തുടങ്ങേണ്ടത്? എന്താണ് സ്ത്രീയുടെ സ്വാതന്ത്ര്യം? എന്നൊക്കെയുള്ള കാര്യങ്ങൾ ഇനിയും പുനരാലോചനകൾക്കു വിധേയമാകേണ്ടതുണ്ട് എന്ന് തോന്നുന്നു.

6) എനിയ്ക്കു തോന്നുന്നത് സ്ത്രീ സമത്വമല്ല കാര്യം, മറിച്ച് സ്ത്രീയ്ക്കുള്ള സ്വത്വ ബോധം വളർത്തേണ്ടതിലാവണം കാര്യങ്ങൾ. സ്ത്രീയെ സ്ത്രീയാക്കുന്ന സ്വാഭാവികതകളെന്തെന്ന് എന്നു സ്ത്രീയ്ക്കും, പുരുഷനെ പുരുഷനാക്കുന്നതെന്തെന്ന് പുരുഷനും, പരസ്പരവും ബോധമുണ്ടാവുക. സ്ത്രീയ്ക്കും പുരുഷനുമിടയ്ക്കുണ്ടാവുന്ന സ്പെയ്സ്, അത് എത്രത്തോളം വിശാലമാവുന്നുവോ, രണ്ടു പേർക്കും അവനവനിലെ സ്വത്വത്തെ എത്രത്തോളം കണ്ടെടുക്കാനാവുന്നുവോ, അതു പരസ്പരം പ്രകടിപ്പിയ്ക്കാനുമാവുന്നുവോ, അത്രത്തോളം സ്ത്രീ-പുരുഷ ബന്ധത്തിന്റെ സൗന്ദര്യം വർദ്ധിയ്ക്കുന്നു. അവിടെയാണതിന്റെ കാതൽ എന്നു തോന്നുന്നു. അത് സമൂഹം പോലും മറന്നുപോകുന്നുവോ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.
അല്ലാതെ സ്ത്രീ എന്നും പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു, എപ്പൊ വേണമെങ്കിലും ആക്രമനത്തിനിരയാവാം എന്നുള്ള തോന്നലുകൾ ജനിപ്പിയ്ക്കുന്ന തരം, പിന്നെയും പിന്നെയും ഓർമ്മപ്പെടുത്തുന്ന തരം കൗൺസിലിങ്ങുകൾ കൊണ്ടോ, ക്ലാസ്സുകൾ കൊണ്ടോ, ശരീരം മാക്സിമം മറച്ചുവെയ്ക്കാൻ ശീലിപ്പിയ്ക്കുന്നതു കൊണ്ടോ, തന്മൂലം സ്ത്രീ ശരീരം എന്നും കാത്തു സൂക്ഷിയ്ക്കേണ്ടുന്ന ഒരു വസ്തു ആണെന്ന വിശ്വാസം ഉണ്ടാക്കിയെടുക്കുന്നതുകൊണ്ടോ, സമത്വത്തെ കുറിച്ചു പറഞ്ഞു പോരാടി പുരുഷൻ ചെയ്യുന്നതെന്തും സ്ത്രീയ്ക്കും ചെയ്യാനാവുമെന്നു തെളിയിച്ചു കൊണ്ടിരിയ്ക്കുന്നതോ, വിശുദ്ധിയുടേയും, പാതിവ്രത്യത്തിന്റേയും, കന്യകാത്വത്തിന്റേയും മറ്റും കഥകൾ പറഞ്ഞുകൊണ്ടിരുന്നതു കൊണ്ടോ ഒന്നും ഇതിനൊരു പരിഹാരമാവുമെന്നും തോന്നുന്നില്ല. പ്രശ്നങ്ങളിൽ രണ്ടു പേരും ഒരുപോലെ 'ഇരകൾ' ആവുന്നുണ്ടെന്നുള്ള ബോധത്തോടെ നീങ്ങേണ്ട സമയം അതിക്രമിച്ചു.

വാൽക്കഷ്ണം
ഇത്രയും എഴുതിക്കൂട്ടിയ സ്ഥിതിയ്ക്ക് ചോദിയ്ക്കാം - നിങ്ങൾക്കാണങ്ങനെയൊരനുഭവം ഉണ്ടായത് എങ്കിൽ ഈ പറഞ്ഞ പുരുഷനേയും ചികിത്സിക്കേണ്ടതുണ്ട് എന്നൊക്കെ വാദിയ്ക്കാനോ, ചിന്തിയ്ക്കാനോ, പ്രവർത്തിയ്ക്കുവാനോ കഴിയുമോ എന്നുള്ള തികച്ചും ന്യായമായ ചോദ്യം. അതിനൊരൊറ്റ മറുപടിയേ ഉള്ളു, ഞാനെങ്ങനെ പ്രതികരിയ്ക്കും എന്ന് എനിയ്ക്കുമറിയില്ല, കാരണം അത്രയും കുരുക്കുകളിന്മേൽ കുരുക്കുകളായി തീർന്ന, രക്ഷപ്പെടാൻ ഒരു മാർഗ്ഗമേതുമില്ലാത്ത ഒരു വിഷവലയായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതികൾ!4 comments:

ajith said...

നാം ഒരു വിചിത്രസമൂഹമാണ്.

നാലുവയസ്സുള്ള കുട്ടി അടിച്ച് കൊല്ലപ്പെടുന്നു; ചര്‍ച്ചയാകുന്നില്ല

വൃദ്ധര്‍ തെരുവോരങ്ങളില്‍ ഉപേക്ഷിയ്ക്കപ്പെടുന്നു; ചര്‍ച്ചയാകുന്നില്ല

പരിസ്ഥിതി വിനാശകരമാം വിധം മലിനപ്പെടുന്നു; ചര്‍ച്ചയാകുന്നില്ല

മദ്യം സമൂഹത്തെ മുക്കിക്കൊല്ലുന്നു; ചര്‍ച്ചയാകുന്നില്ല

എല്ലാ അന്ധവിശ്വാസങ്ങളും പൂര്‍വാധികം ശക്തിയോടെ തിരിയെ വരുന്നു; ചര്‍ച്ചയാകുന്നില്ല

ഒരു കൊടി കീറിയാല്‍
ഒരു നടി കെട്ടിയാല്‍
ഒരു നേതാവ് ഛര്‍ദിച്ചാല്‍
ചര്‍ച്ചയോട് ചര്‍ച്ച

P.R said...

അജിത് സർ.. ശരിയാണ്.

അവനോൻ ചിന്തിയ്ക്കുക, അവനോൻ തന്നെ നെഞ്ഞൂക്ക് പോലെ പ്രവർത്തിച്ചു കൊൾക അത്രന്നെ. അല്ലാണ്ടെ രാഷ്ട്രീയ ചരിത്രോം, സാംസ്ക്കാരിക ചരിത്രോം, മനഃശ്ശാസ്ത്രോം ഒക്കെ വിശകലിച്ചു നോക്കി ചർച്ചിയ്ക്കാനൊക്കെ ആർക്കാ നേരം? ആരു മെനക്കെടും?
മീഡിയയിലുള്ള വിശ്വാസമൊക്കെ പിന്നെ എന്നേ നഷ്ടപ്പെട്ടുകഴിഞ്ഞിരിയ്ക്കുന്നു!

ശ്രീ said...

'കൊലപാതകത്തിന് കൊലപാതകം തന്നെയാണോ ശിക്ഷ' എന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ, ഇത്തരം കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിയ്ക്കുക തന്നെ വേണം എന്ന അഭിപ്രായമാണ് എനിയ്ക്കുള്ളത്.


ശ്വേതാ മേനോന്റെ കാര്യത്തില്‍ 'ഒരു സിനിമാ നടി' എന്നു വച്ചാല്‍ ഇങ്ങനെയൊക്കെ പെരുമാറാം എന്ന ഒരു അബദ്ധധാരണ പലര്‍ക്കും ഉള്ളതു പോലെ തോന്നുന്നു, ചര്‍ച്ചകളും മറ്റും കാണുമ്പോള്‍. അവരെ നമ്മിലൊരാളായി പരിഗണിയ്ക്കുവാന്‍ പലരും മടിയ്ക്കുന്നു. കഷ്ടം!

P.R said...

ശിക്ഷ വേണ്ടെന്നൊന്നും പറയാനുള്ള ധൈര്യം എനിയ്ക്കു പോര ശ്രീ.. :-) പക്ഷേ അതൊരു ചികിത്സ തേടേണ്ടുന്ന മാനസികപ്രശ്നായി കൂടി കണക്കാക്കേണ്ടതുണ്ടെന്നു തന്നെ ഞാൻ വിശ്വസിയ്ക്കുന്നു.
ശരിയാണ്, ശ്വേത പറഞ്ഞത് ഞാനടക്കം പലരും പറയാൻ മടിച്ചുപോകുന്ന കാര്യമാണ്. അവരുടെ ഈ ആർജ്ജവം, ഇതോടു കൂടി നഷ്ടപ്പെടാതിരുന്നാൽ മതിയായിരുന്നു.