Saturday, May 09, 2009

യേശുദേവൻ

യേശു ദേവനാണോ? യേശുനെന്തിനാ വേദനിയ്ക്കുന്നത്‌?
അവൾക്കൊരുപാട്‌ സംശയങ്ങളുണ്ട്‌. പക്ഷേ ആരോടും ഇതുവരെ ചോദിച്ചിട്ടില്ല.

അവിടടുത്തുള്ള ഒരു പള്ളിയിലേയ്ക്കു ആഴ്ചതോറും അച്ഛന്റെയൊപ്പം പോകാൻ അവൾക്കു വലിയ ഇഷ്ടമായിരുന്നു. ചിലപ്പോൾ അനിയൻകുട്ടനും ഒപ്പം വരും. അവിടെയുള്ള പാവപ്പെട്ട കുട്ടികളെ ചികിത്സിയ്ക്കാനാണു അച്ഛൻ പോകാറുള്ളത്‌. ആ സമയത്ത്‌ അവളേയും അവളുടെ കുഞ്ഞനിയനേയും പള്ളിയ്ക്കടുത്തുള്ള ഒരു കൊച്ചു വീട്ടിലേയ്ക്കു അവിടത്തെ സിസ്റ്റർമാർ കൊണ്ടുപോകും. ആ വീടിന്റെ ചുവരുകളിൽ നിറയേ യേശുവിന്റെ ചിത്രങ്ങൾ ഉണ്ടാകും. കത്തിത്തീർന്ന മെഴുകുണ്ടാവും. അവർ നിറയേ കേക്കു കൊടുക്കും, മിഠായി കൊടുക്കും, ഇഷ്ടമുള്ളതൊക്കെ കൊടുക്കും. അമ്മയുടെ നോട്ടത്തെയൊന്നും പേടിയ്ക്കാതെ അച്ഛൻ വരുന്നവരെ ഇഷ്ടമുള്ളത്ര എന്തും വയറുനിറച്ച്‌ കഴിയ്ക്കാം. സിസ്റ്റർമാരുടെ ഇടയിൽ അവരുടെ വാത്സല്യഭാജനങ്ങളായി, കേന്ദ്രബിന്ദുക്കളായി അവിടങ്ങനെ കൂടുമ്പോൾ അവളും അനിയൻകുട്ടനും അഭിമാനപുളകിതരാകും.

പള്ളിയിൽ നിന്നും ആ കൊച്ചു വീട്ടിലേയ്ക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ ദൂരെ അകലേയ്ക്കു നോക്കിയാൽ നീല നിറത്തിലുള്ള വലിയ മലകൾ ഉയർന്നു നിൽക്കുന്നതു കാണാം. പരന്നു നീണ്ടു കിടക്കുന്ന സ്ഥലം കാണാം. സിസ്റ്റർമാരുടെ കൂടെ നടക്കുമ്പോൾ അവരുടെ ഒരു പ്രത്യേക മണം അവളുടെ മൂക്കിലുടെ അരിച്ചു കയറും. അവരുടെ അരയിൽ തൂങ്ങികിടക്കുന്ന വലിയ കുരിശുമാലയിൽ തൊട്ടുനോക്കാൻ തോന്നും. അവരുടെ നഗ്നമായി കിടക്കുന്ന കാതുകൾ തലയിലൂടെ ഇട്ടിരിയ്ക്കുന്ന തുണിയ്ക്കിടയിലുടെ കാണാനില്ലേന്ന് എല്ലാ പ്രാവശ്യവും അവൾ പ്രത്യേകം ശ്രദ്ധിയ്ക്കും. അവരുടെ കുപ്പായത്തിന്റെ ഇറക്കം കാൽപാദം തൊടാതെ കണങ്കാലിനു ലേശം മീതെ വരെ മാത്രം കിടക്കുന്നത്‌ അവൾ കൗതുകത്തോടെ നോക്കാറുണ്ട്‌. അവർക്കെല്ലാവർക്കും ഒരേ ശബ്ദം, ഒരേ ഭാഷ, ഒരേ സ്നേഹം എന്നവൾക്കു തോന്നും.

ഇടയ്ക്ക്‌ പള്ളിയിൽ പോയാൽ ഒരു കസേരയിലിരുന്ന് അച്ഛൻ ഓരോ കുട്ടികളേയായി സ്റ്റെതസ്കോപ്പ്‌ വെച്ചു പരിശോധിയ്ക്കുന്നത്‌ കാണാം. രണ്ടു ഭാഗത്തും ഇടവിട്ടിടവിട്ട്‌ നിറയേ വാതിലുകളുള്ള ആ നീണ്ട ഹാളിന്റെ അറ്റത്തേയ്ക്കവൾ നോക്കും. അവിടെ യേശു ചുവരിൽ തൂങ്ങിക്കിടക്കുന്നുണ്ടാവും. കയ്യിലും കാലിലും ചോരത്തുള്ളികൾ. ആ യേശുവുന്റെ മുമ്പിലിരുന്നാണ്‌ അച്ഛൻ കുട്ടികളെ നോക്കുക. കുരിശിൽ കിടക്കുന്ന യേശു എങ്ങനെ ദൈവമാവും എന്നു പലവട്ടം അവൾ സംശയിച്ചിട്ടുണ്ട്‌. യേശുവിനെ കാണുമ്പോഴൊക്കെ അവൾക്കു സങ്കടമാണു തോന്നുക. യേശുവിന്റെ മുഖത്ത്‌ വേദനയാണെന്നും തോന്നും. ദൈവങ്ങൾ എപ്പോഴും ചിരിയ്ക്കുകയല്ലേ ചെയ്യുക? നല്ല കുപ്പായമൊക്കെ ഇട്ട്‌ കണ്ണെഴുതി പൊട്ടു തൊട്ട്‌ ചിരിച്ചുകൊണ്ടു നിൽക്കുന്ന ദൈവങ്ങളെ കാണാൻ എന്തു ഭംഗിയാ എന്നവൾ ഓർക്കും.
എന്നാലും യേശുവിനേയും അവൾക്കു വലിയ ഇഷ്ടമായിരുന്നു. കുരിശു വരയ്ക്കാനും അവൾ ഇഷ്ടപ്പെട്ടിരുന്നു. അവളൊരിയ്ക്കൽ സ്കൂളിൽ ഒരുച്ചയ്ക്ക്‌ യേശുവിന്റെ സിനിമ കാണുകയുണ്ടായി. അന്ന് ആ സിനിമ കണ്ട്‌ അവളും കൂട്ടുകാരും എല്ലാവരും കരഞ്ഞു. അവളുടെ ശരീരം വേദന കൊണ്ടു പുളയുന്നതായി തോന്നി. അവളുടെ മനസ്സ്‌ അന്ന് ഒരുപാട്‌ വിഷമിച്ചു. അതിനു ശേഷമാണ്‌ യേശുവിനെ അവൾക്കു വലിയ ഇഷ്ടമായത്‌.

പക്ഷേ പിന്നെ പള്ളിയിൽ ചെല്ലുമ്പോഴൊക്കെ അവിടം മുഴുവൻ എന്തൊക്കെയോ അവൾക്കറിയാത്ത കഥകളുറങ്ങികിടപ്പുണ്ടെന്നു തോന്നുമവൾക്ക്‌. പള്ളിയിലെ നിശ്ശബ്ദത തെല്ലൊന്ന് അസ്വസ്ഥമാക്കാറുണ്ട്‌ അവളെ. പള്ളിയിരിയ്ക്കുന്ന പ്രദേശമാകെ ശാന്തമൂകമാണ്‌. മൂകതയിൽ ഉയർന്നുനിൽക്കുന്ന പള്ളിയിലേയ്ക്കു വന്നും പോയുമിരിയ്ക്കുന്ന സിസ്റ്റർമാർ നിശ്ശബ്ദതയുടെ മാലാഖമാരാണെന്ന് അവളറിയാതെ അവൾക്കു തോന്നും. സിസ്റ്റർമാരെ കാണുമ്പോൾ, അവരെല്ലാമറിഞ്ഞ്‌ ചിരിയ്ക്കുന്നതാണെന്നു തോന്നും. അവൾക്കവരോട്‌ ഇഷ്ടം തോന്നാറുണ്ടെന്നു മാത്രമേ അവൾക്കറിയൂ.

കുരിശിലെ യേശുവിനേക്കാളും ഉണ്ണിയേശുവിനെയാണു അവൾക്കു കൂടുതലിഷ്ടം. ഉണ്ണിയേശു ഉണ്ണിക്കണ്ണനെപ്പോലെയാണെന്നു തോന്നും. ഉണ്ണിയേശുവിനു വേദനയില്ല. ഉണ്ണിയേശു കാലിത്തൊഴുത്തിലാണു ജനിച്ചതെന്നവൾക്കറിയാം. ക്ലാസ്സിലെ സിനു ജോസഫിന്റെ വീട്ടിൽ ക്രിസ്ത്മസിനു സ്റ്റാർ തൂക്കുക മാത്രമല്ല ചെയ്യുക ത്രേ, വീടിനു മുന്നിൽ പുൽക്കൂടുണ്ടാക്കി, അതിൽ ഉണ്ണിയേശുവിനെ കിടത്തുകയും ചെയ്യുമത്രേ! അവൾക്കതു കാണാൻ വലിയ ആഗ്രഹമായിരുന്നു. അവളുടെ വീട്ടിലും ക്രിസ്ത്മസിനു ഉള്ളിൽബൾബു കത്തി ചെറിയ ചെറിയ സുഷിരങ്ങളിലൂടെ പ്രകാശം പരത്തുന്ന സ്റ്റാർ കെട്ടിത്തൂക്കാൻ വലിയ ആഗ്രഹമായിരുന്നു. എന്നാലുമത്‌ ആരോടും അവൾ പറഞ്ഞിരുന്നില്ല. ക്രിസ്ത്മസിന്റെ തലേന്നു രാത്രി ക്രിസ്ത്മസ്‌ അപ്പൂപ്പനും കൂട്ടുകാരും വരുന്നതു അവളും അനിയൻകുട്ടനും കാത്തിരിയ്ക്കാറുണ്ട്‌. ഓരോ വീടുകളിലായി കയറിയിറങ്ങി അവർ അവളുടെ വീട്ടിലുമെത്തും, പാട്ടു പാടിക്കൊണ്ട്‌. അപ്പോഴേയ്ക്കും അവർ ഉറങ്ങിക്കഴിയും. ഉറക്കച്ചടവോടെ അച്ഛനുമമ്മയോടൊപ്പം ക്രിസ്ത്മസ്‌ അപ്പൂപ്പനെ കാണുമ്പോൾ അപ്പൂപ്പൻ അവളുടേയും അനിയൻകുട്ടന്റേയും കയ്യിൽ ഇത്തിരിപോന്ന ജീരകമിഠായികൾ വെച്ചുകൊടുക്കാറുണ്ട്‌. ക്രിസ്ത്മസ്‌ അപ്പൂപ്പൻ വരുമ്പോൾ വരവേൽക്കാൻ ഒരു ക്രിസ്ത്മസ്‌ ട്രീ മിറ്റത്ത്‌ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആശിയ്ക്കാറുണ്ട്‌; ഓണത്തിനു മിറ്റത്ത്‌ പൂവിടുന്ന പോലെ. വിഷുവിനു മിറ്റത്ത്‌ പടക്കങ്ങൾ പൊട്ടിയ്ക്കുന്നപോലെ. ഓണവും വിഷുവും ഒക്കെ വന്നാൽ മുറ്റം എന്തു ഭംഗിയാവും എന്നവൾ ഇടയ്ക്കിടയ്ക്കു ആലോചിയ്ക്കാറുണ്ട്‌. ഓണവും വിഷുവും ഒക്കെ വരാൻ കുറേ ദിവസങ്ങൾ ഇനിയും കഴിയണമായിരിയ്ക്കും എന്നും ചിന്തിയ്ക്കും. ക്രിസ്ത്മസ്‌ വരാൻ അതിലും കുറേ ദിവസങ്ങൾ കഴിയണമായിരിയ്ക്കും എന്നും.

വിഷുവാണവൾക്കു കൂടുതൽ ഇഷ്ടം. കാരണം പടക്കം പൊട്ടിയ്ക്കാലോ. അതിലും കൂടുതൽ ഇഷ്ടം കമ്പിത്തിരിയോടും പൂത്തിരിയോടും, ചക്രത്തോടും തന്നെ. ഓലപ്പടക്കം, മാലപ്പടക്കം അതൊന്നും ഒട്ടും ഇഷ്ടമല്ല. അവളുടെ ചേച്ചിമാരൊക്കെ വലിയ ധൈര്യശാലികളാണു. അവർക്കൊക്കെ പൊട്ടുന്നവയോടും വലിയ ഇഷ്ടമാണു. ഓണത്തിനു പൂവിടാം, പക്ഷേ രാവിലെ പഴനുറുക്കും പപ്പടവുമാണു ഉണ്ടാവുക. അതവൾക്കു ഇഷ്ടമല്ല. പക്ഷേ ഓണത്തിനു പഴനുറുക്കേ ഉണ്ടാവൂ എന്നറിയാവുന്നതുകൊണ്ട്‌, അവൾ വാശിപിടിയ്ക്കാൻ പോവാറില്ല. വാശിപിടിച്ചാലും കാര്യമൊന്നുമില്ല എന്നു മാത്രമല്ല അമ്മ ദേഷ്യപ്പെടുമെന്നതും ഉറപ്പാണു. എന്നാലും അവൾ ഓണവും വിഷുവും ഒക്കെ വരാൻ എപ്പോഴും കാത്തിരിയ്ക്കാറുണ്ട്‌. സ്ക്കൂൾ അടയ്ക്കും, പുതിയ ഉടുപ്പുകൾ എല്ലാവരും തരും, പിന്നെ വീടിന്റെ മുറ്റം കാണാൻ നല്ല ഭംഗിയാവും, പഠിയ്ക്കണ്ട അതൊക്കെ അവൾക്കു വലിയ ഇഷ്ടമാണ്‌. സിനു ജോസഫിന്റെ വീട്ടിലും ക്രിസ്ത്മസ്‌ വരുമ്പോൾ അങ്ങനെയാവും എന്നവൾ ചിന്തിയ്ക്കാറുണ്ട്‌.

അവൾക്കും കുഞ്ഞനിയനും പക്ഷേ പായസത്തേക്കാളും, സദ്യയേക്കാളും ഒക്കെ കൂടുതൽ ഇഷ്ടമുള്ള വേറൊരു സാധനമുണ്ട്‌-കേക്ക്‌. ക്രിസ്ത്മസ്‌ വന്നാൽ ഒരുപാട്‌ കേക്കുകൾ അവളുടെ വീട്ടിലെത്താറുണ്ട്‌. പക്ഷേ അമ്മ കൊടുക്കന്നത്രയുമേ കഴിയ്ക്കാൻ പാടുള്ളു, കൂടുതൽ കഴിച്ചാൽ വയറു കേടുവരുമത്രേ! അമ്മ അങ്ങനെയാണ്‌ എല്ലാം കുറച്ചു കുറച്ചേ തരുള്ളൂ.
പിന്നെ ഇഷ്ടം മീനും, കോഴി ഇറച്ചിയും. അടുത്ത വീട്ടിലെ കുഞ്ഞിത്ത -ഫസലിന്റെ ഉമ്മ- ആണ്‌ അവളെ മീനും കോഴിയും ഒക്കെ കഴിയ്ക്കാൻ ശീലിപ്പിച്ചത്‌. പിന്നെ ക്ലാസ്സിലെ റസിയ ഇടയ്ക്കൊക്കെ അവൾക്കു മീൻ കൊടുക്കാറുണ്ട്‌. അവളുടെ അമ്മ അതൊന്നും വീട്ടിലുണ്ടാക്കാറില്ല, പക്ഷേ അച്ഛൻ അടുത്തു വന്നിരുന്ന്, എല്ലും മുള്ളും ഒക്കെ മാറ്റിക്കൊടുത്ത്‌ എല്ലാം കഴിയ്ക്കാൻപാകമാക്കി കൊടുക്കും. അമ്മയ്ക്കു എപ്പോഴും പേടിയാണ്‌, മുള്ളു തൊണ്ടയിൽ കുടുങ്ങിയാലോ, എല്ലു ഇറങ്ങിപ്പോയാലോ എന്നൊക്കെ. അമ്മ അതൊക്കെ ശ്രദ്ധിച്ചുകൊണ്ട്‌ കയ്യിലൊരു ഗ്ലാസ്സ്‌ വെള്ളവും പിടിച്ചുകൊണ്ട്‌, എന്നാൽ പ്ലേറ്റിലുള്ളതിലൊന്നിലും തൊടാതെ അവളുടേയും കുഞ്ഞനിയന്റേയും കൂടെയിരിയ്ക്കും.

ക്ലാസ്സിലെ സിനു ജോസഫാണ്‌ അവളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി. സിനു പൊട്ടു തൊടാറില്ല. പകരം നെറ്റിയിൽ സൂക്ഷിച്ചു നോക്കിയാൽ മാത്രം മനസ്സിലാക്കാൻ പറ്റുന്ന എണ്ണമയമുള്ള ഒരു കുരിശു വരച്ചിട്ടുണ്ടാവും. സിനുവിനു അഞ്ചു ചേച്ചിമാരും ഒരു ചേട്ടനും ഉണ്ട്‌. സിനു അമ്മയെ അമ്മച്ചീന്നും, അച്ഛനെ അപ്പച്ചൻ എന്നുമായിരുന്നു വിളിച്ചിരുന്നത്‌. സിനുവിന്റെ ചേച്ചിമാർക്കും ചേട്ടനുമൊക്കെ സിനുവിനെപ്പോലെ തന്നെ s-ൽ ആണ്‌ പേരുകൾ. അവരുടെയെല്ലാം പേരുകളവൾക്കു കാണാപാഠമായിരുന്നു. സിനുവിന്റെ വീട്ടിൽ എല്ലാവരും കൂടി എന്തു രസമായിരിയ്ക്കുമെന്നവൾ സങ്കൽപ്പിച്ചു നോക്കും. സിനുവും ചേച്ചിമാരും ചേട്ടനും, അമ്മച്ചിയും അപ്പച്ചനും എല്ലാവരും കൂടി ഞായറാഴ്ച പള്ളിയിൽ പോയി മുട്ടുകുത്തി നിന്ന് യേശുവിനെ നോക്കി കുരിശു വരയ്ക്കുന്നുണ്ടാവും എന്നവൾ എല്ലാ ഞായാറാഴചകളിലും വിചാരിയ്ക്കും.
സിനുവിന്റെ അമ്മച്ചി സിനുവിനെ മോളേ എന്നു വിളിയ്ക്കാറുണ്ട്‌. അവളുടെ അമ്മ അവളെ പേരു മാത്രമേ വിളിയ്ക്കു, അവളുടെ അമ്മ മാത്രമല്ല, വല്യമ്മയും എല്ലാവരും അങ്ങനെയാണ്‌. അതെന്താ അവരൊന്നും മക്കളെ, മോളേ എന്നും മോനേ എന്നുമൊക്കെ സിനുവിന്റമ്മച്ചിയെ പോലെ വിളിയ്ക്കാത്തത്‌, മടിയിലിരുത്തി കൊഞ്ചിയ്ക്കാത്തത്‌, കവിളിൽ എപ്പോഴും ഉമ്മയൊന്നും വെയ്ക്കാത്തത്‌, എന്നൊക്കെ അവൾ ഇടയ്ക്കു ആലോചിച്ചുനോക്കും.

സിനുവിന്റെ വീട്‌ കാണാൻ അവൾക്കെന്നും മോഹമായിരുന്നു. സിനുവിന്റെ വീട്‌ വലുതാണെന്നവൾ മനസ്സിലാക്കിയിട്ടുണ്ട്‌.സിനുവിന്റെ വീട്ടിലാണ്‌ അവളുടെ വീട്ടിലെക്കാളും മുൻപെ ടി.വി വാങ്ങിയത്‌. വീടിനു മുകളിലുണ്ടാവുന്ന ആന്റിന അവൾ മനസ്സിൽ സങ്കൽപ്പിച്ചു നോക്കും. ഒരിയ്ക്കൽ അവളച്ഛനോടു പറയുകതന്നെ ചെയ്തു. ടി.വി ഇല്ലെങ്കിലും സാരല്യ അച്ഛാ, ഒരു ആന്റിനയെങ്കിലും വീടിനു മുകളിൽ വെച്ചുപിടിപ്പിയ്ക്കാൻ.
അവളുടെ അച്ഛനും തൊട്ടപ്പുറത്ത്‌ പുതിയൊരു വീട്‌ വെയ്ക്കുന്നുണ്ട്‌. അതും വലുതാണ്‌. അച്ഛന്റെ ഒപ്പം വീടുപണി നടക്കുന്നേടത്തേയ്ക്ക്‌ അവളെന്നും പോകാറുണ്ട്‌. പുതിയ വീട്‌ അവൾക്കൊരുപാടിഷ്ടമായി. അവൾക്കവിടെ താമസിയ്ക്കാൻ ധൃതിയായിരിയ്ക്കുകയാണ്‌. നിലം അച്ഛൻ മൊസൈക്‌ ചെയ്യാൻ പോവാണത്രേ-അവൾക്കു സന്തോഷായി, സിനുവിന്റെ വീട്ടിലേയും നിലം മൊസൈക്കാണെന്നവൾ ഒരിയ്ക്കൽ പറഞ്ഞിട്ടുണ്ട്‌.

അങ്ങനെ ഒരു ദിവസം സ്ക്കൂളിൽ നിന്നും സിനുവിന്റെ വീട്ടിലേയ്ക്കു പോകാൻ തന്നെ അവളും കൂട്ടുകാരി സിന്ധു.ജി.യും കൂടി ഉറപ്പിച്ചു. സിനു അവരെ വിളിയ്ക്കുകയും ചെയ്തു.
വലിയൊരു പുഴ കടന്നു വേണം സിനുവിന്റെ വീട്ടിലെത്താൻ. നെല്ലിപ്പുഴ എന്നാണാ പുഴയുടെ പേര്‌. പുഴയ്ക്കരികിലാണ്‌ സ്ക്കൂൾ. പുഴ കടന്നു കഴിഞ്ഞാൽ കുറേ ദൂരം നടക്കണം. ആ ഭാഗത്ത്‌ പുഴയിൽ വെള്ളം കുറവേ ഉണ്ടാകൂ, സുഖമായി വെള്ളത്തിലൂടെ ഉരുളൻകല്ലുകളിൽ ചവുട്ടി നടക്കാം. സ്കൂൾ വിടുന്നതിനു മുൻപേ തിരിച്ചെത്താനായിരുന്നു പരിപാടി ഇട്ടത്‌.
അവർ സ്ക്കൂളിൽ നിന്നും നേരെ നടന്നു. സംസാരിച്ച്‌, നടന്നു നടന്ന് എത്രയായിട്ടും വീടെത്താത്തതു കണ്ട്‌ അവളൊന്നു സംശയിച്ചു, ഇനി സ്ക്കൂൾ വിടുന്നതിനു മുൻപ്‌ തിരിച്ചെത്താൻ പറ്റില്ലേ? എന്നാലും സിനുവിന്റെ വീടൊന്നു കാണാതെ ഇനി എന്തായാലും തിരിച്ചു പോണ്ട എന്നവൾ നിശ്ചയിച്ചു.

സിനുവിന്റെ വീട്‌ നല്ല ഭംഗിയായിരുന്നു കാണാൻ. പക്ഷേ അവൾ വിചാരിച്ചതിലും ഇരുട്ടു മുറികളായിരുന്നു കൂടുതലും. എന്നാൽ വീടിന്റെ ഉമ്മറത്തു തന്നെ അവളൊട്ടും പ്രതീക്ഷിയ്ക്കാത്തെ ഒരു ചിത്രം കണ്ടു. അവളെ വല്ലാതെ ആകർഷ്യ്ക്കുന്ന ഒരു ചിത്രം, നീണ്ടിട്ടൊരു ചില്ലുകൂട്ടിൽ വലിയൊരു ചിത്രം - വലിയൊരു മാതാവും, മാതാവിന്റെ മടിയിലൊരു ഉണ്ണിയേശുവും. അവൾക്കതു കണ്ടുകൊണ്ടിരിയ്ക്കാൻ തോന്നി. ആ ഉണ്ണിയേശുവിനു ശരിയ്ക്കും വീട്ടിലെ പൂജാമുറിയിലെ ഉണ്ണിക്കണ്ണന്റെ അതേ ഛായ. അവളതും നോക്കിനിന്നു കുറേ നേരം-ഈയുണ്ണിയേശുവിനെ കാണാൻ നല്ല രസമുണ്ട്‌.
സിനുവും സിന്ധുവും മുറ്റത്തു എന്തൊക്കെയോ കളിയ്ക്കുന്നുണ്ടായിരുന്നു. സിനുവിന്റെ അപ്പച്ചൻ വീട്ടിലില്ല. അമ്മച്ചി അടുക്കളയിലാണ്‌, കേക്ക്‌ എന്തായാലും സിനുവിന്റെ അമ്മച്ചി തരാതിരിയ്ക്കില്ല. ചേച്ചിമാരൊക്കെ വീട്ടിലുണ്ട്‌. സിനുവിന്റെ മൂത്ത ചേച്ചിയ കാണാൻ നല്ല ഭംഗിയുണ്ടെന്നു തോന്നി അവൾക്ക്‌. ആ വീടും വലിയ തോട്ടവും എല്ലാം കണ്ട്‌, അവൾക്കു തിരിച്ചു പോകാനേ തോന്നിയില്ല, അവളുടെ വീടും ഇവിടെയായിരുന്നെങ്കിൽ എന്നോർത്തു കൊണ്ട്‌ അവൾ മിണ്ടാതെ വീടിനുള്ളിൽ അലങ്കരിയ്ക്കാൻ വെച്ചിട്ടുള്ള ഓരോ സാധനങ്ങളേയും നോക്കിക്കൊണ്ട്‌ ഉമ്മറത്തുള്ള വലിയ സോഫയിൽ ഒറ്റയ്ക്കിരുന്നു.

പെട്ടെന്നാണവൾക്കു ഓർമ്മ വന്നത്‌, തന്റെ കൊച്ചനുജൻ സ്ക്കൂൾ ബസ്സിൽ കേറിയിട്ടുണ്ടാകുമോ എന്ന്. എന്നും അവൻ കേറിയിട്ടില്ലേ, എന്നു നോക്കാറുള്ളതാണ്‌. അവൻ ചെറിയ ക്ലാസ്സിലായതുകൊണ്ട്‌ നേരത്തെ തന്നെ ബസ്സിൽ കയറിയിട്ടുണ്ടാവും. ആദ്യത്തെ ദിവസം അവൻ കുറേ നേരം അവളുടെ ക്ലാസ്സിനു മുന്നിൽ ജനാലയിൂടെ അവളേയും നോക്കി, ഒറ്റയ്ക്കു കാത്തു നിന്നിരുന്നു. അന്നവൾക്ക്‌ ക്ലാസ്സിൽ എടുക്കുന്നതൊന്നും ശ്രദ്ധിയ്ക്കാൻ കഴിഞ്ഞില്ല. അവൾക്കു അനിയനെ ക്ലാസ്സിലേയ്ക്കു കൊണ്ടുവന്ന് തന്റെ ഒപ്പം ഇരുത്തണമെന്നു തോന്നി, പക്ഷേ ടീച്ചറോടു പറയാൻ പേടി തോന്നി.
ഇപ്പോൾ അവളുടെ ഹൃദയം മിടിയ്ക്കാൻ തുടങ്ങി. അവൻ ക്ലാസ്സിൽ ഒറ്റയ്ക്കിരിയ്ക്കുകയാവുമോ? ടീച്ചർ അവനെ കാണാതിരിയ്ക്കുമോ? അവൻ ബാഗും മടിയിൽ വെച്ച്‌ ക്ലാസിലെങ്ങാനും ഉറങ്ങിപ്പോകുമോ? അവൾക്കു സ്ക്കൂളിലെത്താൻ ധൃതിയായി. ബസ്സിൽ നിന്നും അവനെ ഇറക്കിയ ശേഷമേ താൻ ഇറങ്ങാറുള്ളു. അവനൊന്നും അറിയില്ല. ബസ്സിൽ അവൻ ഉറങ്ങാറുണ്ട്‌. അവൻ ചെറിയ കുട്ടിയാണ്‌. ചോറുപാത്രം തുറക്കുമ്പോളുണ്ടാവുന്ന മോരിന്റെ മണം കേട്ടാൽ ഛർദ്ദിയ്ക്കും. ഫ്ലാസ്ക്കിലെ പാലിന്റെ മണം കേട്ടാലും ഓക്കാനിയ്ക്കും. അമ്മ അതുകൊണ്ട്‌ ഇപ്പോളവന്‌ മോരും പാലുമൊന്നും കൊടുത്തയയ്ക്കാറില്ല എന്നു പറയുന്നതു കേട്ടിട്ടുണ്ട്‌. സ്ക്കൂളിൽ വന്നുകഴിഞ്ഞാൽ അവൻ പാവമാണ്‌. പക്ഷേ വീട്ടിൽ അവൻ മഹാവികൃതിയാണ്‌. അവളെ കുറേ ഉപദ്രവിയ്ക്കും, ചിലപ്പോൾ അടിയ്ക്കും, ഇടിയ്ക്കും, അച്ഛന്റെ മുറിയിൽ പോയി ആവശ്യമില്ലാത്തതൊക്കെ വലിച്ചിടും, ശ്രധിച്ചില്ലെങ്കിൽ മരുന്നൊക്കെയെടുത്ത്‌ കുടിയ്ക്കും. അവൻ അടുക്കളയിലേയ്ക്കു വരാതിരിയ്ക്കുവാൻ അമ്മ അടുക്കളവാതിലിൽ അപ്പുആശാരിയോടു പറഞ്ഞ്‌ ഒരു 'അത്താണി' പിടിപ്പിച്ചു വെച്ചിട്ടുണ്ട്‌. അവൻ അടുക്കളയിലെത്തിയാൽ കിണറ്റിലേയ്ക്കു കയ്യിൽകിട്ടിയതൊക്കെ വലിച്ചെറിയും. അവിടെം ഇവിടെം ഒക്കെ മൂത്രമൊഴിയ്ക്കും.
അമ്മയുടെ തൊട്ടടുത്ത്‌ ഒരു കുഞ്ഞുവാവയായി അവൻ കിടന്നിരുന്നത്‌ ഇപ്പോഴും അവൾക്കോർമ്മയുണ്ട്‌. അവനെ അവൾക്കെടുക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു, അത്രയ്ക്കു തടിച്ചിട്ടായിരുന്നു അവൻ. അവനുണരുമ്പോൾ അവന്റെ തൂക്ക്‌ ആട്ടുന്ന ജോലി അവൾക്കായിരുന്നു. അമ്മ പാടുന്ന പാട്ടൊക്കെ ഓർത്തെടുത്ത്‌ അവനു പാടിക്കൊടുത്തിരുന്നു അവൾ. അവന്റെ കഴുത്തിൽ ആലിലയിൽ കാലിന്റെ പെരുവിരൽ കുടിച്ചു കിടക്കുന്ന ഉണ്ണിക്കണ്ണന്റെ ലോക്കറ്റുള്ള ഒരു മണിമാല ഇട്ടുകൊടുത്തിട്ടുണ്ടായിരുന്നു അമ്മ.

സിനുവിന്റെ അമ്മ കേക്കും ബിസ്ക്കറ്റും ഒക്കെ തന്നു. ടി.വി ഓൺ ചെയ്തു. പക്ഷേ ഒന്നും കഴിയ്ക്കാൻ തോന്നുന്നില്ല. ടി.വി യും കാണാൻ തോന്നുന്നില്ല. അവൾക്കെങ്ങനെയെങ്കിലും സ്ക്കൂളിൽ തിരിച്ചെത്താൻ ധൃതിയായി. അവളൊരു കഷ്ണം കേക്ക്‌ കയ്യിൽ തന്നെ പിടിച്ചു. എല്ലാവരും ടി.വിയിൽ നോക്കിയിരിയ്ക്കുകയാണ്‌. സിനു അവളുടെ അമ്മച്ചിടെ മടിയിൽ കയറിയിരിയ്ക്കുന്നു. അമ്മച്ചി അവളുടെ തലമുടിയിൽ തലോടിക്കൊണ്ടിരിയ്ക്കുന്നു. സിന്ധു കേക്കും ബിസ്ക്കറ്റുമൊക്കെ എടുത്തു കഴിയ്ക്കുന്നുണ്ട്‌. അവൾക്കവിടെ നിന്നും ഓടിപ്പോകാൻ തോന്നി. അനിയൻകുട്ടൻ സ്ക്കൂൾബസ്സിൽ കയറിയിട്ടുണ്ടാവില്ലേ എന്നോർത്തിട്ട്‌ അവൾക്കിരുപ്പൊറയ്ക്കാതെയായി. അവസാനം ഒരുകണക്കിന്‌ സിനുവിന്റെ വീട്ടിൽ നിന്നുമിറങ്ങി സ്ക്കൂളിലേയ്ക്കു നടക്കാൻ തുടങ്ങി. വഴിയിൽ സിന്ധുവിനൊടു പറഞ്ഞു-അപ്പോൾ അവളും ആകെ പരിഭ്രമിച്ചിരിയ്ക്കുകയാണ്‌. അവളുടെ സംശയം സ്ക്കൂൾ ബസ്സെങ്ങാനും പോയിട്ടുണ്ടാകുമോ എന്നായിരുന്നു. പിന്നീടൊന്നും ആലോചിച്ചില്ല, ഓടി. കിതച്ചുകൊണ്ടോടി. പുഴയിലുടെ ഓടി. ഓടിയും നടന്നും അവസാനം സ്ക്കൂളിലെത്തിയപ്പോൾ അവർക്കു രണ്ടുപേർക്കും വല്ലാതെ പേടി തോന്നി. ക്ലാസ്സുകളൊക്കെ അടച്ചിട്ടിരിയ്ക്കുന്നു. സ്ക്കൂളിനു ചുറ്റും പാടമായതു കൊണ്ട്‌, എല്ലാം ഒഴിഞ്ഞു നിശബ്ദമായി കിടക്കുന്നു. ഒരു കുന്നും കൂടി കയറി വേണം സ്ക്കൂൾ ബസ്‌ നിൽക്കുന്നിടത്തേയ്ക്കെത്താൻ. അവർ രണ്ടു പേരും ഒന്നും സംസാരിച്ചില്ല. അവർ ഒഴിഞ്ഞ ക്ലാസ്‌ വരാന്തയിലൂടെ പേടിച്ചു പേടിച്ചു നടന്നു. കുന്നു കയറി. ബസ്സു കിടക്കേണ്ട സ്ഥലം ഒഴിഞ്ഞു കിടക്കുന്നു. ഹൃദയമിടിപ്പ്‌ വർദ്ധിച്ചു വന്നു. എന്തു ചെയ്യണമെന്നൊരു നിശ്ചയവുമില്ല. ബസ്സ്‌ പോയിരിയ്ക്കുന്നു! ഇനിയെങ്ങനെ വീട്ടിലെത്തും? സ്ക്കൂളിൽ ആരുമില്ല. ഒഴിഞ്ഞുകിടക്കുന്ന പാടത്ത്‌ സ്ക്കൂൾ നെടുന്നനെ നിൽക്കുന്നത്‌ കുന്നുമ്പുറത്ത്ന്ന് നോക്കിയാൽ കാണാം.


സിന്ധു പറഞ്ഞു-നമുക്കു നടക്കാം. അവൾ വഴിയെല്ലാം ഓർത്തുവെച്ചു. ശരി നടക്കുക തന്നെ. അവൾ കുഞ്ഞനുജനെ പറ്റിയോർത്തു. അമ്മയെ പറ്റിയൊർത്തു. അച്ഛനോ? വീട്ടിലെത്തിയാലത്തെ സ്ഥിതി... അവൾ കയ്യിലെ കേക്കിന്റെ കഷ്ണം അപ്പോഴും സൂക്ഷിച്ചു വെച്ചിരുന്നു.
അവരുടെ നടത്തത്തിന്റെ വേഗത കൂടി. ഹൃദയം ശക്തിയായി മിടിച്ചുകൊണ്ടിരുന്നു. തൊണ്ടയിൽ എന്തോ കുരുങ്ങിക്കിടന്ന് വല്ലാതെ വേദനിപ്പിച്ചു. കാലുകൾ വിറച്ചിട്ട്‌ മുൻപോട്ട്‌ നീങ്ങുന്നില്ല.
അവസാനം പകുതിയായപ്പോൾ അവരുടെ സ്ക്കൂൾ ബസ്സിലെ സുരേഷേട്ടൻ വരുന്നതു കണ്ടു. ഒന്നും മിണ്ടാതെ സുരേഷേട്ടന്റെ കൂടെ ഓട്ടോറിക്ഷയിൽ കയറി വീട്ടിൽ വന്നിറങ്ങി. സുരേഷേട്ടൻ "ദെവിടേർന്നു?"? എന്നു ചോദിച്ചു. വീട്ടിൽ വന്നിറങ്ങിയപ്പോൾ മുന്നിലുണ്ട്‌ അനിയൻകുട്ടൻ യൂണിഫോമൊക്കെ ഊരി, ഒരു ട്രൗസർ മാത്രമിട്ട്‌ അവളേയും കാത്തു നിൽക്കുന്നു.
"ഓപ്പളെന്താ ബസ്സിൽ വരാഞ്ഞ്‌"? അവനൊരൊറ്റ ചോദ്യം. "എല്ലാവരും കൊറേ നേരം തെരഞ്ഞു ഓപ്പോളെ".

അവൾക്കൊന്നും പറയാൻ പറ്റിയില്ല. അച്ഛനുണ്ട്‌ ഓടി വരുന്നു. അമ്മ എവിടെ? അനിയന്റെ ശബ്ദം പിന്നിൽ നിന്നും-"അമ്മ ഇല്ലാത്തത്‌ നന്നായി. അല്ലെങ്കിൽ ഇപ്പോൾ ഓപ്പൾക്കു നല്ല അടി കിട്ട്യേനേ." ആരോടും ഒന്നും മിണ്ടിയില്ല. സങ്കടം പൊട്ടിയൊഴുകി. സുരേഷേട്ടൻ അച്ഛനോട്‌ എന്തൊക്കെയോ സംസാരിയ്ക്കുന്നതു കേട്ടു.കയ്യിലെ കേക്കിന്റെ കഷ്ണം എവിടെയോ വീണു പോയിരുന്നു.

അന്നു രാത്രി ജനാലച്ചോട്ടിൽ, കൊതുവലയ്ക്കുള്ളിൽ അനിയൻകുട്ടന്റെ കൂടെ കിടന്നുറങ്ങുമ്പോൾ അവളൊരു സ്വപ്നം കണ്ടു. യേശൂനെ. വലിയൊരു ആലിലയിൽ നിറഞ്ഞുനിൽക്കുന്ന യേശു. യേശു ചിരിയ്ക്കുന്നുമുണ്ടായിരുന്നു, ഉണ്ണിക്കണ്ണനെ പോലെ. യേശൂനപ്പോൾ വേദനിയ്ക്കുന്നുണ്ടായിരുന്നില്ല.

8 comments:

ഹരിത് said...

:) പോസ്റ്റ് ഇഷ്ടമായി.

ശ്രീ said...

കഥ ഇഷ്ടപ്പെട്ടു, ചേച്ചീ... കുട്ടികളുടെ നിഷ്കാങ്കമായ മനസ്സിലൂടെ സഞ്ചരിയ്ക്കുന്ന കഥ!

ചീര I Cheera said...

ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം ഹരിത്,ശ്രീ...
:)

kps said...

കുറേ നേരം ആ പഴയ കാലമൊക്കെ ആലോചിച്ച്‌ ഇരുന്നുപോയി.അപ്പുറത്തേക്കു നോക്കുമ്പൊൾ ചിലപ്പോൾ ഒരു ശൂന്യത.

കണ്ണനുണ്ണി said...

നല്ല കഥയാട്ടോ...ഹൃദ്യമായ അവതരണം..

kewlmallu said...

PR - this story was very nice...really enjoyed it...

ചീര I Cheera said...

ശ്രീ.കെ.പി.എസ്, കണ്ണനുണ്ണീ, kewlmallu...
നല്ല വാക്കുകള്‍ പ്രോത്സാഹനം തന്നെ,ഒപ്പം ഒരുപാടു സന്തോഷവും.
:)

ശ്രീ said...

കുറേ നാളായി കാണാനില്ലല്ലോ ചേച്ചീ...