Thursday, January 22, 2009

അതൊക്കെ എനിയ്ക്കറിയാം!

എന്താ എന്നോടൊരു അകൽച്ച?
ഞാനെപ്പോഴും ഓർക്കുന്നില്ല എന്നതുകൊണ്ടാണോ?
അതോ ഞാനെപ്പോഴും തിരക്കിലായതുകൊണ്ടോ?

എന്നാപിന്നെ ഞാനങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിൽ
വെറുതെ ഒന്നു നോക്കുമ്പോഴൊക്കെ
എന്നോടെന്തിനാ എപ്പോഴും ഇങ്ങിനെ ചിരിച്ചുംകൊണ്ട്‌ നിൽക്കുന്നത്‌?

അകൽച്ചയുണ്ടെന്നു എനിയ്ക്കു മനസ്സിലായത്‌ എങ്ങനെയാ എന്നല്ലേ?
അതൊക്കെ എനിയ്ക്കറിയാം.

അതോണ്ടല്ലേ എനിയ്ക്കു ചെലപ്പോ കരയാൻ തോന്നുന്നത്‌?
ചിലപ്പോ പേടി വരുന്നത്‌?
പൊട്ടിച്ചിരിയ്ക്കുമ്പോ മറന്നു പോവുന്നത്‌?

തിരക്കുകളൊക്കെ ഒഴിഞ്ഞ്‌, കുറേ ദിവസം കഴിഞ്ഞ്‌
ഇന്നലെ വിളക്കു കൊളുത്തുമ്പോൾ
ഞാൻ കണ്ടു ട്ടൊ
ആ പുഞ്ചിരിയിൽ ഒരു പുഞ്ചിരി കൂടുതൽ!

Tuesday, January 20, 2009

ചിലന്തി

ചിന്തകൾക്കു ജീവൻ വെയ്ക്കുന്നത്‌
രാത്രികളിലാണ്‌.
വരിവരിയായി ഉള്ളറകളിൽ നിന്നും
പുറത്തെത്തി
അവ സമ്മേളിയ്ക്കുന്നു ഇരുട്ടത്ത്‌.

രാത്രിയായതുകൊണ്ടാവും
അവയ്ക്കു കറുത്ത നിറം കൈവരും.
ചുറ്റും വല തീർത്ത്‌
ഇരയെ കാത്തുകിടക്കുന്ന കറുത്ത
നിറമുള്ള ഒരു പടുകൂറ്റൻ ചിലന്തിയെ പോലെ!

ചിലവയ്ക്കു നടുവിൽ
അനേകം ചിലന്തിക്കുഞ്ഞുങ്ങളെ പേറുന്ന
വെളുത്ത മുട്ടയുണ്ടാകും,
മറ്റു ചിലത്‌ നിശ്ചലമായി
വലയിൽ പറ്റിയിരിയ്ക്കും, അസ്വസ്ഥതയോടെ..
ചിലതിനു ചിറകു മുളയ്ക്കും,
കൂടെയുറങ്ങുന്നവരിൽ നിന്നും ദൂര-
ദൂരങ്ങളിലേയ്ക്കു കൂട്ടി കൊണ്ടുപോകും.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന,
വലകളിൽ ചെന്നു വീഴാതിരിയ്ക്കാൻ പാടുപെടുന്ന
മനസ്സപ്പോൾ കാണുന്ന
സ്വപ്നമാണ്‌ ഉറക്കം.

വലകളിൽ കുരുങ്ങിയും ഞെരിഞ്ഞമർന്നും,
ചിലന്തിക്കുഞ്ഞുങ്ങൾ പൊട്ടിയൊലിച്ചും
പതുക്കെ ഉയർന്നുതാഴുന്ന നിശ്വാസങ്ങൾക്കിടയിൽ
കണ്ണു തുറന്ന് മലർക്കെ കിടക്കേണ്ടി വരും,
ഒരൽപം ഉറക്കത്തിനായി കാത്തുകാത്ത്‌..

മറ്റു ചിലപ്പോൾ,
ചിന്തകളും ഉറക്കവുമില്ലാത്ത ലോകത്തുള്ളവർ എത്ര ഭാഗ്യവാന്മാർ!
എന്നാലോചിച്ചു തീരും മുൻപേ
ഒരു നിമിഷം കൊണ്ട്‌ അവ രണ്ടും ഒന്നായി തീരുന്നു.
ചിറകുമുളയ്ക്കുന്നൊരു സ്വപ്നത്തിനു കീഴടങ്ങിക്കൊണ്ട്‌.

വലകളോരോന്നായി അഴിഞ്ഞു വീഴുന്നതും
ചിലന്തികൾ ഉള്ളറകളിലേയ്ക്കു ഉൾവലിയുന്നതും
ആരുമറിയാറില്ല,
ആഴങ്ങളിലേയ്ക്കു ഊളിയിട്ട്‌
കൂടുതൽ മുട്ടകളെ പൊട്ടിച്ചൊലിപ്പിയ്ക്കാൻ
അവ തന്ത്രപൂർവ്വം
തയ്യാറെടുക്കുന്നതും ആരും അറിയാറില്ല.