Saturday, November 08, 2008

കൊഴപ്പാവോ?

കുട്ടിക്കാലത്ത്‌ അമ്മേം കുട്ടീം കളിയ്ക്കാൻ എനിയ്ക്ക്‌ വല്യ ഇഷ്ടായിരുന്നു.
രണ്ടനിയന്മാരെ കിട്ടീപ്പോൾ ഞാനവോരോട്‌ പറയാറുണ്ടായിരുന്നു, ഞാനമ്മേം നിങ്ങളെന്റെ കുട്ട്യോളും ന്ന്..
അവർ രണ്ടു പേരും എന്റെ അപ്പുറത്തും ഇപ്പുറത്തുമിരുന്ന് കളിയ്ക്കുമ്പോ അമ്മേന്ന് വിളിയ്ക്കണേന്‌ പകരം അവരോർമ്മെല്യാതെ 'ഓപ്പളേ..' എന്നു തന്നെ വിളിച്ചപ്പോൾ കോണിച്ചോട്ടിലെ തുണി കൊണ്ടുണ്ടാക്കിയ ഞങ്ങളുടെ കളിവീടിനുള്ളിൽ പൊട്ടിച്ചിരികൾ ഉയർന്നു വന്നിരുന്നു. അപ്പോഴാണ്‌ ഓർമ്മയിൽ ഞാനാദ്യം അമ്മയാവുന്നത്‌!

പിന്നീടങ്ങോട്ട്‌ ഞാൻ പലപ്പോഴായി 'അമ്മ' ആയി.

ചെറ്യമ്മ, ഏട്ത്യേമ്മ, അമ്മായി, വല്യമ്മ.

പ്രസവിച്ച കുഞ്ഞുങ്ങളെ ശങ്ക കൂടാതെ ആദ്യമായി കയ്യിലെടുത്തോമനിച്ചത്‌ ഏട്തിമാരുടെ കുട്ടികളെയാണ്‌. അവർക്ക്‌ ഞാനാദ്യമായി ചെറിയമ്മയായി. അവർ വീട്ടിലേയ്ക്കു വരുമ്പോളൊക്കെ എടുത്ത്‌ കൊഞ്ചിച്ച്‌ നടക്കലായിരുന്നു പണി.

മദ്രാസിൽ പഠിയ്ക്കാൻ ചെന്നപ്പോൾ തമിഴ്‌ റ്റീച്ചേഴ്സ്‌ എന്നെ സംബോധന ചെയ്തതെങ്ങനെ ന്നോ? എന്നമ്മാ?

നാട്ടിൽ പോയപ്പോ അമ്മ ഛർദ്ദിയ്ക്കുമ്പോ മുതു ഉഴിഞ്ഞുകൊടുത്തും, അമ്മയ്ക്ക്‌ കഞ്ഞി വെച്ചു കൊടുത്തും, അനിയന്മാരേം അച്ഛനേം ഊട്ടിയും, എന്റെ വീട്ടിൽ ഞാൻ സ്വയം ഒരമ്മയായി ചമഞ്ഞു നടന്നു.
(വീട്ടിലെ കാര്യങ്ങൾ നടത്താൻ രണ്ടു ദിവസം തലങ്ങും വെലങ്ങും നടന്ന് എന്റെ കാലിൽ നീര്‌ വന്നു, രാത്രികളിൽ ക്ഷീണിച്ച്‌ വെളിച്ചാവോളം ബോധം കെട്ട്‌ കെടന്നൊറങ്ങി!)

പിന്നെ, നാഴികയ്ക്ക്‌ നാൽപത്‌ വട്ടം "അമ്മേ.." ന്ന് നീട്ടി വിളിയ്ക്കുന്ന വീട്ടിലെ രണ്ടു കുട്ട്യോള്‌..
എനിയ്ക്കു ചെലപ്പോ ദേഷ്യം വരും.
രണ്ടു പേരും കൂടി വഴക്കു കൂടുമ്പോൾ എന്റെ സ്വൈരമെല്ലാം നഷ്ടമാകുന്നതു പോലെ തോന്നും. രണ്ടു പേരേം പിടിച്ച്‌ മൂലയ്ക്കിരുത്തും ഞാൻ.
പനി പിടിച്ച്‌ ഒറക്കല്യാതെ ഇളം തൊണ്ട കീറിമുറിയ്ക്കുമാറ്‌ ചുമച്ച്‌ വശം കെടുന്നതു കാണുമ്പോൾ നെലോളിയും വരും.
സ്കൂൾ ബസ്സിൽ വാതിലിന്റെയടുത്തുള്ള സീറ്റിലിരുത്തുമ്പോൾ വെപ്രാളപ്പെടാതെ വയ്യ തന്നെ!
ഒരു കുത്തൊഴുക്ക് പോലെ.
അല്ല, കുട്ട്യോളെന്തു വിചാരിയ്ക്കും ന്ന്?

അമ്മ ആയീട്ടും
എല്ലാരും വായ നിറച്ച് പറയാറുള്ള, എഴുതാറുള്ള അമ്മയായില്ലെങ്കീ കൊഴപ്പാവോ ആവോ..

7 comments:

ഹരിത് said...

:)റൊമ്പ നല്ലായിറുക്കമ്മാ. അളകാന എളുത്ത്:)

ഉപാസന || Upasana said...

പീയാറേ,

മനസ്സിലെ ‘അമ്മ’വിചാരങ്ങള്‍, ആകുലതകള്‍ എല്ലാം നാടന്‍ ശൈലിയില്‍ തട്ടിയിരിയ്ക്കുന്നല്ലോ..?
ഇഷ്ടമായി.
:-)
ഉപാസന

തറവാടി said...

സം‌ശയിക്കണ്ട അമ്മ അമ്മയായില്ലെങ്കില്‍ കൊഴപ്പം തന്യാ :)

ഭൂമിപുത്രി said...

പെൺകുട്ടി എപ്പോളാണാദ്യമായി അമ്മയാകുന്നതു?
ആദ്യത്തെ പാവക്കുഞ്ഞിനെ തോളിലിട്ടുറക്കുമ്പോഴോ?
തനിയ്ക്കുമിളയവരെ ഓമനിയ്ക്കുമ്പോഴോ?
അലോചിയ്ക്കാനേറെയുണ്ട് പിയാറിന്റെ ഈ പോസ്റ്റിൽ!

ചീര I Cheera said...

ഹരിത്, റൊമ്പ നണ്ട്രി ങ്ക.. :)
ഉപാസനേ, ഇഷ്ടായോ?
തറവാടീ, ഇങ്ങനെ പേടിപ്പിയ്ക്കല്ലേ.. :)
ഭൂമിപുത്രീ.. വെറുതെ കുത്തിക്കുറിച്ചിട്ടൂന്നേയുള്ളു..
വളരെ സന്തോഷം.

ശ്രീ said...

ഇതൊക്കെ ഒരു രസമല്ലേ ചേച്ചീ...

എഴുത്തിന്റെ ശൈലി നന്നായി ഇഷ്ടമായീട്ടോ

നിരക്ഷരൻ said...

അമ്മ..... എത്ര എഴുതിയാലും, പറഞ്ഞാലും തീരാത്ത പ്രതിഭാസം .

നന്നായിട്ട് എഴുതിയിരിക്കുന്നു.