Tuesday, November 04, 2008

ഒരു നിമിഷം നിശ്ശബ്ദരാവൂ!

നിശ്ശബ്ദത ചിലപ്പോളെങ്കിലും ഒരനുഗ്രഹമാകുന്നില്ലേ?

ഒരു നിശ്ശബ്ദതയില്‍ നിന്നുമൂറി വരുന്ന സംഗീതം പോലെ
ഒരു നിശ്ശബ്ദതയില്‍ വിടര്‍ന്നു കൊഴിയുന്ന സ്വപ്നം പോലെ..
ദൈവം കനിഞ്ഞരുളുന്ന അതു പോലൊരു നിശ്ശബ്ദതയില്‍
രണ്ടു വെള്ളരിപ്രാവുകള്‍ ചിറകടിച്ചുയരുന്ന ഒച്ചയ്ക്കായി
തവിയ്ക്കുന്നുണ്ടാവും നമ്മുടെ ഈ ഭൂമി. അങ്ങനെ തോന്നുന്നില്ലേ?
ദൈവത്തോട്‌ മൗനപ്രാര്‍ത്ഥനയായി അപേക്ഷിയ്ക്കുന്നുണ്ടാവും അവള്‍.
ഒരു തരി നിശ്ശബ്ദതയ്ക്കായി..
അല്ലെങ്കില്‍ ഒരുപക്ഷെ ശവശരീരങ്ങളെ ഏറ്റുവാങ്ങി മുഴുഭ്രാന്തിലേയ്ക്കു വഴുതിവീഴുമായിരിയ്ക്കും അവള്‍.

ഈ ഭൂമി പിളര്‍ക്കുമാറ്‌ ആക്രോശിച്ച്
പൊട്ടിച്ചിതറുന്ന ബോംബുകളേ.. മിസയിലുകളേ..
വെടിയുണ്ടകളേ..
നിങ്ങള്‍ക്കു കേള്‍ക്കാനാവുമോ? കാണാനാവുമോ?
അഥവാ കേള്‍ക്കണമെന്നുണ്ടോ? കാണണമെന്നുണ്ടോ?

എങ്കില്‍
ഒരു നിമിഷം..
ഒരു നിമിഷം നിശ്ശബ്ദരാവൂ.
ഒരു നിമിഷം കാതു കൂര്‍പ്പിയ്ക്കൂ.

രക്തദാഹികളേ! നിങ്ങള്‍ക്കു പോലും അതു കേള്‍ക്കാം ആ നിശ്ശബ്ദതയില്‍.
തുടിയ്ക്കുന്ന വേദനകള്‍..
കാണാം ആ നിശ്ശബ്ദതയില്‍. ഉയര്‍ന്നു വരുന്ന ഒരു സ്വര്‍ഗ്ഗം.

ഒന്നു മാത്രം, അതു മാത്രേയുള്ളു പറയാന്‍, ചെയ്യാന്‍..

മനസ്സുണ്ടെങ്കി
ഒരു നിമിഷം നിശ്ശബ്ദരാവുക!

2 comments:

ശ്രീ said...

കമന്റ് ഓപ്ഷന്‍ പഴയതു പോലാക്കിയതു നന്നായി. നേരത്തെ കുറേ ശ്രമിച്ചതാ... കമന്റിടാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഇപ്പോ വെറുതേ ഒന്നൂടെ വന്നു നോക്കിയതാ...

പോസ്റ്റ് നന്നായി, നമുക്കിങ്ങനെയൊക്കെ ചിന്തിയ്ക്കാമെന്നല്ലാതെ...
:(

ചീര I Cheera said...

പറഞ്ഞത് നന്നായി ശ്രീ.
കമന്റ് ഓപ്ഷന്‍ അങ്ങനെയായത് അറിഞ്ഞിരുന്നില്ല, തനിയേ അങ്ങനെ മാറുമോ എന്തോ.
പിന്നെ, അതില്‍ എനിയ്ക്കും കമന്റിടാന്‍ പറ്റാത്ത അനുഭവം ഉണ്ടായിരുന്നതു കൊണ്ട് അത് മാറ്റിയെന്നേ ഉണ്ടായുള്ളു. ഇനി ഏതായാലും ശ്രദ്ധിയ്ക്കാലോ.